Showing posts with label കറിവേപ്പില സ്പെഷൽ. Show all posts
Showing posts with label കറിവേപ്പില സ്പെഷൽ. Show all posts

Wednesday, July 11, 2012

കുരുമുളകുകാപ്പി

അമ്മയാണ് കുരുമുളകുകാപ്പിയുണ്ടാക്കാൻ പറഞ്ഞുതന്നത്. ഞങ്ങളിപ്പോ രാവിലെ കുടിക്കുന്ന സാദാ കാപ്പിക്കു പകരം ഇതും ഇടയ്ക്കു കുടിക്കാറുണ്ട്. നിങ്ങൾക്കും വേണമെങ്കിൽ പരീക്ഷിക്കാം.


കുരുമുളക് രണ്ട് ടേബിൾസ്പൂൺ, ഏലക്കായ അഞ്ചെണ്ണം തോലുകളഞ്ഞെടുത്തത്, ജീരകം ഒരു ടീസ്പൂൺ, കാൽ ടീസ്പൂൺ ചുക്കുപൊടി എന്നിവ ഒരുമിച്ചുപൊടിക്കുക. കുരുമുളകുകാപ്പിപ്പൊടി തയ്യാർ.


ഒരു ഗ്ലാസ് കാപ്പിക്കുവേണ്ടി ഒന്നേകാൽ ഗ്ലാസ് വെള്ളം ചൂടാക്കാൻ വയ്ക്കുക. സ്പൂണിന്റെ അറ്റത്ത് മാത്രം അല്പം കുരുമുളകുകാപ്പിപ്പൊടിയെടുത്ത് ഇടുക. ശർക്കര ഒരു കഷണം ഇടുക. അല്പനേരം തിളച്ചു കുറുകണം. കുറുകിയാൽ സാദാ കാപ്പിപ്പൊടി അളവു നോക്കി ഇടുക. തിളച്ചാൽ വാങ്ങുക. അല്പനേരം വെച്ചിട്ട് അരിച്ചെടുത്താൽ കുടിക്കാം.


കാപ്പിപ്പൊടിയും, കുരുമുളകുകാപ്പിപ്പൊടിയും ശർക്കരയും ഒക്കെ നിങ്ങളുടെ അളവനുസരിച്ച് ഇടുക. പാൽ കഴിക്കാൻ പറ്റാത്തവർക്കും, ജലദോഷം ഉള്ളവർക്കും, കഫക്കെട്ട് ഉള്ളവർക്കും ഒക്കെ നല്ലതായിരിക്കും ഈ കാപ്പി. കഫം ഇളകിപ്പോകാൻ സാദ്ധ്യതയുണ്ട്.

Sunday, January 01, 2012

മധുരം നിറയും മുട്ടായി

ചോക്ലേറ്റ് ഇഷ്ടമാണോ? നാരങ്ങമുട്ടായിയോ? രണ്ടും കൂടെ ആയാലോ? എന്തായാലും പുതുവർഷമൊക്കെയല്ലേ? “മധുരം കഴിക്കണം ഇന്നൊന്നാം തീയ്യതിയായ്” എന്നാണല്ലോ പറഞ്ഞുകേട്ടിട്ടുള്ളത്? അതുകൊണ്ട് കഴിച്ചേക്കാം അല്ലേ?

ചോക്ലേറ്റ് ബാർ മൂന്നു തരത്തിൽ (പ്രധാനമായും) കിട്ടും. ഡാർക്ക്, മിൽക്ക്, വൈറ്റ്. അതുരുക്കി പല വിഭവങ്ങളും ഉണ്ടാക്കാം. ഇവിടെയിപ്പോൾ, എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന, എല്ലാർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണുള്ളത്. നാരങ്ങമുട്ടായി ചോക്ലേറ്റ്.

ചോക്ലേറ്റ് ഉണ്ടാക്കാനുള്ള ഡിസൈൻ മോൾഡുകൾ കിട്ടും. ഇവിടെ ഐസ് ട്രേ കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല. ഇരുമ്പല്ലാത്തതുകൊണ്ടായിരിക്കും, വെറുതേയിട്ടിട്ടും തുരുമ്പു പിടിക്കാത്തത്. അതുകൊണ്ട്, നാരങ്ങമുട്ടായി ചോക്ലേറ്റിനു വേറെ പാത്രമൊന്നും വേണ്ടെന്നു ഞാൻ തീരുമാനിച്ചു. വെറുതേ (ഇല്ലാത്ത) പൈസ കളയേണ്ടല്ലോ.





ചോക്ലേറ്റ് ബാർ വാങ്ങിക്കൊണ്ടുവരിക. നാരങ്ങമുട്ടായിയും വാങ്ങിക്കൊണ്ടുവരുക. ഇവിടെയുള്ളത് സെമി- സ്വീറ്റ് ചോക്ലേറ്റ് ബാർ ആണ്.



ഒരു കഷണം മുറിച്ചെടുത്ത്, ഉരുക്കുക. നോൺ - സ്റ്റിക്ക് പാത്രത്തിൽ ഉരുക്കുന്നതാണു നല്ലത്. ചോക്ക്ലേറ്റ് പാത്രത്തിൽ മുറിച്ചിട്ട് ചെറുതീയിൽ വയ്ക്കുക. ഒന്നും കൂടെച്ചേർക്കേണ്ട.




ഐസ് ട്രേ കഴുകിയുണക്കി അതിലേക്ക് (ഏകദേശം പകുതിക്കടുത്ത്) ചോക്ലേറ്റ് ഒഴിക്കുക.




നാരങ്ങമുട്ടായി വയ്ക്കുക.







എല്ലാത്തിലും വച്ചുകഴിഞ്ഞാൽ മുകളിൽ വീണ്ടും ഉരുകിയ ചോക്ലേറ്റ് ഒഴിക്കുക.

മെല്ലെ ഒന്നു കുലുക്കി ടക് ടക് ടക് എന്നു ഒച്ച വരുത്തിയാൽ ഒക്കെ ഒരു നിരപ്പിലാവും.



ഫ്രിഡ്ജിൽ വയ്ക്കുക. നന്നായി ഉറച്ചാൽ എടുക്കുക. ട്രേയിൽ നിന്ന് പ്ലേറ്റിലേക്കു തട്ടിമുട്ടിയിടുക.



ഇതാണ് നാരങ്ങമുട്ടായി ചോക്ലേറ്റ്.

ആർക്കെങ്കിലും കൊടുക്കുമ്പോൾ പറയുക. അകത്തു നാരങ്ങമുട്ടായിയുണ്ട്. സൂക്ഷിക്കുക!

എല്ലാ കൂട്ടുകാർക്കും പുതുവർഷത്തിൽ നന്മകൾ നേരുന്നു.

Tuesday, June 14, 2011

മുത്താറിക്കുറുക്ക്

മുത്താറി അഥവാ പഞ്ഞപ്പുല്ല് അഥവാ റാഗി കൊച്ചുകുട്ടികൾക്കുമാത്രമല്ല വല്യവർക്കും കഴിക്കാം. പ്രമേഹരോഗികൾക്ക് ഇടയ്ക്ക് ഇത് കഴിക്കാം. മധുരം ഇടരുതെന്നു മാത്രം. കുട്ടികൾക്കാവുമ്പോ മധുരം വേണം.
മുത്താറിപ്പൊടിയാണ് വാങ്ങുന്നതെങ്കിൽ കുറുക്ക് ഉണ്ടാക്കൽ വേഗം കഴിയും.




ഇനി മുത്താറി അപ്പാടെയാണെങ്കിലോ? അത് വീട്ടിൽത്തന്നെ അരച്ചെടുക്കുന്നതല്ലേ ആരോഗ്യത്തിനു ശരിക്കും നല്ലത്?

ആദ്യം തന്നെ മുത്താറി കുറച്ചെടുത്ത് വെള്ളത്തിൽ ഇട്ടുവയ്ക്കുക. വെള്ളത്തിൽ മുങ്ങിക്കിടക്കണം. ഒന്നോ രണ്ടോ മണിക്കൂർ. അത്രയില്ലെങ്കിലും സാരമില്ല.

അത് കഴുകിയെടുത്ത് അരയ്ക്കുക. വെള്ളം കുറച്ച് ഒഴിയ്ക്കണം. അരഞ്ഞാൽ അരിപ്പയിൽ അരിച്ചെടുക്കുക. കിട്ടുന്ന കരട് ഒന്നുകൂടെ വെള്ളം ചേർത്ത് അരയ്ക്കുക. പിന്നേം അരിയ്ക്കുക.



അരിപ്പയിൽ അരിച്ച കരട് ആണിത്. അരച്ച്, അരിച്ച് എടുത്തത്. കളയാനുള്ളത്.


അരച്ചെടുത്തതിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് അടുപ്പത്തുവച്ച് കുറുക്കുക. കുറച്ച് പാൽ ചേർക്കാം. കുറുക്ക് പാകമാവുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.




കുറുക്ക് തയ്യാർ. ഇത് മധുരമില്ലാത്ത കുറുക്ക്.

കുട്ടികൾക്കാണെങ്കിൽ കൽക്കണ്ടം പൊടിച്ചിട്ടതും, പാലും ചേർത്ത് കുറുക്കുക. അല്ലെങ്കിൽ ശർക്കര മാത്രം ചേർത്ത് കുറുക്കുക. വല്യവർക്ക് വേണമെങ്കിൽ പഞ്ചസാരയും പാലുംചേർത്ത് കുറുക്കുക.

അമ്മയാണ് മുത്താറി കാച്ചിയത്. അച്ഛൻ കഴിച്ചോളും എന്നു ഞങ്ങൾ വിചാരിച്ചു. ഇത്രയൊന്നും എനിക്കുവേണ്ടെന്ന് അച്ഛൻ. കുറച്ച് അച്ഛൻ കഴിച്ചു. ബാക്കിയുള്ളതിൽ മധുരം ചാർത്തി ഞങ്ങളും.

Tuesday, May 24, 2011

മാങ്ങാത്തെര

മാങ്ങാത്തെര അഥവാ മാങ്ങാക്കച്ച് എന്ന് അറിയപ്പെടുന്ന വിഭവം, മാങ്ങാക്കാലത്ത്, നല്ല വെയിലുള്ള കാലത്ത് ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റിയ ഒന്നാണ്. എന്റെ കസിൻ സഹോദരന്റെ ഭാര്യ എല്ലാ വേനലവധിക്കും സ്വന്തം വീട്ടിൽ പോയിട്ട് ഇതുകൊണ്ടുവരും. അവിടെ അമ്മയുണ്ടാക്കിയത്. ഇവിടെയും എല്ലാവർക്കും അറിയാമെങ്കിലും ഉള്ള മാങ്ങയൊക്കെ തിന്നുതീർക്കുന്നതുകൊണ്ട് ആരും ഉണ്ടാക്കാൻ ശ്രമിക്കാറില്ലായിരുന്നു. ഇത്തവണ ഞാൻ ആ അമ്മയെ ഫോൺ ചെയ്ത് ഇതിന്റെ എല്ലാ ഗുട്ടൻസുകളും ചോദിച്ചറിഞ്ഞു. ഉണ്ടാക്കാനും തുടങ്ങി. അത് ഇങ്ങനെയൊക്കെ ആയിക്കിട്ടി. ഇനി നിങ്ങൾക്കും ഇതൊക്കെ ഒന്നു പരീക്ഷിച്ചൂടേ?

ഇത് ചെയ്യാൻ നന്നായി പഴുത്ത മാങ്ങകൾ വേണം. മൂവാണ്ടൻ മാങ്ങയുണ്ടെങ്കിൽ നല്ലത്. ഇവിടെ വാങ്ങിക്കൊണ്ടുവന്ന മാങ്ങയാണ് ഉപയോഗിച്ചിരിക്കുന്നത്.

ചെയ്യേണ്ട വിധം :-




പഴുത്ത മാങ്ങ തോലു കളയുക.



അതിന്റെ ചാറ് നന്നായി പിഴിഞ്ഞെടുക്കുക. കഷണങ്ങളും ഉണ്ടെന്നു തോന്നുന്നെങ്കിൽ മിക്സിയിൽ അടിച്ചെടുക്കുക.

ഒരു പായയിലോ, പ്ലാസ്റ്റിക്ക് കടലാസ്സിലോ ഇത് നേർമ്മയിൽ തേച്ചുപിടിപ്പിക്കുക.




ഉണക്കാൻ വയ്ക്കുക. നല്ല വെയിൽ ഉണ്ടെങ്കിൽ വേഗം ഉണങ്ങും.





പിറ്റേ ദിവസം ആ ഉണങ്ങിയതിനു മുകളിൽ മാങ്ങാച്ചാറ് വീണ്ടും തേയ്ക്കുക. വേണമെങ്കിൽ ശർക്കര കൂട്ടാം. അഥവാ മാങ്ങയ്ക്ക് പുളിയുണ്ടെങ്കിൽ അതു പോയിക്കിട്ടും.

കട്ടിയിൽ തേയ്ക്കരുത്. എന്നാൽ ഓരോ ദിവസം തേയ്ക്കുന്നതും അന്നന്നു തന്നെ ഉണങ്ങിക്കിട്ടും.



അങ്ങനെ നിങ്ങൾക്കാവശ്യമുള്ള കട്ടിയിൽ തേച്ചുപിടിപ്പിച്ച് ഉണക്കി തെര ഉണ്ടാക്കിയെടുക്കുക.




ഇത്രേം കട്ടിയിൽ ഒന്നും വേണമെന്നില്ല കേട്ടോ. ശരിക്കും ഉണങ്ങിയാൽ കറുപ്പുനിറമാവും.



സൂക്ഷിച്ചുവച്ച് പഴുത്ത മാങ്ങ ഇല്ലാത്ത കാലത്ത് ചോറിനൊപ്പം കഴിക്കുക. കറികളിൽ ഇടുകയും ചെയ്യാം. വെറുതെ തിന്നാനും നല്ലതുതന്നെ.

Tuesday, January 20, 2009

വത്തയ്ക്ക

വത്തക്ക അഥവാ വത്തയ്ക്ക അഥവാ തണ്ണീർമത്തൻ വിറ്റാമിൻ സി അടങ്ങിയ ഒന്നാണ്. വെള്ളം കുറേ ഉണ്ട് ഇതിനകത്ത്. വത്തയ്ക്കകൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ട്. ലസ്സിയുണ്ട്, ഷേക്ക് ഉണ്ട്, ജ്യൂസ് ഉണ്ട്, പിന്നെ കറികളും. വെറുതേ തിന്നാനും വത്തയ്ക്ക നല്ലതുതന്നെ. ഞങ്ങളുടെ നാട്ടിൽ ഉത്സവക്കാലത്താണ് വത്തയ്ക്ക വന്നുതുടങ്ങുന്നത്. ഉത്സവം കണ്ടുമടങ്ങുമ്പോൾ വത്തയ്ക്കയും ഉണ്ടാവും കൈയിൽ. വേനൽക്കാലമാവുമ്പോൾ തിന്നാൻ പറ്റിയ നല്ലൊരു വസ്തുവാണ് വത്തയ്ക്ക.




മത്തനും കുമ്പളവും ഉണ്ടാവുന്നതുപോലെ വത്തക്കയും വള്ളികളിൽ നിലത്ത് പടർന്നങ്ങനെ കിടക്കും. നല്ല മണ്ണാണെങ്കിൽ വെള്ളം നനച്ചാൽ മാത്രം മതി. മഞ്ഞപ്പൂവുണ്ടാവും. പതിനഞ്ചുദിവസത്തിനുള്ളിൽ ചിത്രത്തിൽ കാണുന്നപോലെയുള്ള കുഞ്ഞുവത്തയ്ക്കകൾ ഉണ്ടാകും. ചട്ടികളിലും വളർത്താം. ടെറസ്സിലോ വീട്ടുമുറ്റത്തോ ഒക്കെ. (ഞാനിതൊന്നും ചെയ്യുന്നില്ല. എന്നോട് ഒന്നും ചോദിക്കരുത്).




നല്ല പച്ചനിറത്തിലുമുണ്ട്, ഇളം പച്ചനിറത്തിലുമുണ്ട് വത്തക്കയുടെ തൊലി. എനിക്കിഷ്ടം ഇളം പച്ചയാ (ആരെങ്കിലും ചോദിച്ചോ അതിപ്പോ). വത്തയ്ക്കയുടെ വിളവെടുപ്പ് കാലമാവുമ്പോൾ അധിക ജ്യൂസ് കടകളിലും പഴക്കടകളിലും വത്തക്ക, സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഇപ്പോ മിക്ക സമയത്തും വത്തയ്ക്ക കിട്ടാനുണ്ട്.





എന്തെങ്കിലും പുതിയ വിഭവം ഉണ്ടാക്കണംന്ന് വിചാരിച്ചു. അതിശക്തമായ തലവേദന (തല പുകച്ചിട്ട് വരുന്ന വേദന) കാരണം പിന്നേയ്ക്ക് വച്ചു. ;) (വളരെ നന്നായി - കോറസ്).

പണ്ടുണ്ടാക്കിയിട്ട വത്തയ്ക്ക ഓലൻ ഇവിടെ.



മുറിച്ച് കുരുവൊക്കെക്കളഞ്ഞു വെച്ചാൽ പെട്ടെന്ന് തീരില്ലേ?

കൂടുതൽ അറിയണമെങ്കിൽ വിക്കിപീഡിയയിൽ മലയാളത്തിലും ,

ഇംഗ്ലീഷിലും വായിക്കാം.

Sunday, August 31, 2008

കറിവേപ്പിലയ്ക്കെന്താഘോഷം!


ഓണം വന്നെത്തി. കറിവേപ്പിലയിൽ ഉള്ളത് എന്റെ വീട്ടിൽ ഞാൻ പാകം ചെയ്യുന്ന വിഭവങ്ങളാണ്. പ്രാദേശികമായി പല വ്യത്യാസങ്ങളും ഉണ്ടായേക്കാം. ഒരേ സ്ഥലത്തുള്ളവർ തന്നെ ഒരുപോലെ ആയിരിക്കണമെന്നില്ല പാചകം. ഇതിലുള്ള പോസ്റ്റ് വായിച്ച് ആരെങ്കിലും പാചകം ചെയ്യണമെന്ന് ഞാൻ ആരേയും നിർബ്ബന്ധിക്കുന്നില്ല. പക്ഷെ ആർക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരമാവുന്നുണ്ടെങ്കിൽ സന്തോഷം.

കറിവേപ്പില ബ്ലോഗ് വായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും കറിവേപ്പിലയുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ. മാവേലിയും, സന്തോഷവും, സമാധാനവും എല്ലാവരുടേയും വീട്ടിലെത്തട്ടെ എന്നാശംസിക്കുന്നു.

പ്രാതൽ‌സ്

ബ്രഡ് ഉപ്പുമാവ്
മൈദ ദോശ
അവിലുപ്പുമാവ്
സിമ്പിൾ ദോശ
ഇഡ്ഡലി
ദോശ
റവ ഇഡ്ഡലി
കൊഴുക്കട്ട
പത്തിരി
മസാലദോശ
ഊത്തപ്പം
റവയുപ്പുമാവ്
സേമിയ ഉപ്പുമാവ്

പുട്ടൂസ്

സാദാ പുട്ട്
റാഗിപ്പുട്ട്
റവപ്പുട്ട്
ചിരട്ടപ്പുട്ട്
അവല്‍പ്പുട്ട്

കൂട്ടാൻസ് & ഉപ്പേരീസ്

സാദാകൂട്ടുകറി
വെള്ളരിക്ക എരിശ്ശേരി
ചെറുപയർ
രാജ്‌മാ
ഉരുളക്കിഴങ്ങ്
കുറുക്കുകാളൻ
പപ്പായത്തോരൻ
തക്കാളിക്കറി
ദാൽഫ്രൈ
മസാലക്കറി
കായ മൊളേഷ്യം
പനീർ കുറുമ
ചേമ്പ് ഓലൻ
മുളകാക്കറി
അവിയൽ
മുരിങ്ങയില
ചീര
നേന്ത്രക്കായ മോരുകറി
സാദാ ഓലൻ
ചേനയുപ്പേരി
നേന്ത്രപ്പഴം കാളൻ
ചീരമോര്
വഴുതനങ്ങക്കറി
ഇടിച്ചക്കസ്സാമ്പാർ
കടലക്കറി
മുരിങ്ങാക്കായ എരിശ്ശേരി
ചേമ്പ് സാമ്പാർ
മമ്പയർ കറി
ഇടിച്ചക്ക മോരൂട്ടാൻ
കായുപ്പേരി
അവിയൽ-2
കുമ്പളങ്ങ മൊളേഷ്യം
ചക്കക്കുരു ഉപ്പേരി
മധുരക്കിഴങ്ങ് കൂട്ടുകറി
ഓലൻ
വെള്ളരി -ചക്കക്കുരുഎരിശ്ശേരി
കയ്പ്പക്ക ഉപ്പേരി
കൊത്തവര ഉപ്പേരി

അച്ചാർസ്

ഈന്തപ്പഴം
പാവയ്ക്ക
നെല്ലിക്ക
നാരങ്ങാമധുരം
നാരങ്ങാക്കറി
ആപ്പിൾ

പച്ചടീസ്
തക്കാളിപ്പച്ചടി
കയ്പ്പക്കപ്പച്ചടി
മാങ്ങാപ്പച്ചടി
മധുരപ്പച്ചടി
വെള്ളരിപ്പച്ചടി
പൈനാപ്പിൾ


കറിവേപ്പില സ്പെഷൽ‌സ്

പാവ് - ഭാജി
പുളിയിഞ്ചി
ചന മസാല
ഇലയട
പച്ചമാങ്ങാ പഞ്ചതന്ത്രം
കപ്പപ്പുഴുക്ക്
ഗോബി മഞ്ചൂരിയൻ
സമോസ
പപ്പടം
നോമ്പ് പുഴുക്ക്
കായ വറുത്തത്
മുളപ്പിച്ചതുകൊണ്ട് കറി
ദോൿല
കമൻ
ഇലയട
മാങ്ങാമധുരം
ചക്കച്ചുള വറുത്തത്
ചക്കവരട്ടിയത്

പായസൻസ്

ചക്കപ്രഥമൻ
ഓട്സ് പായസം
ചെറുപരിപ്പ്
ശീടകപ്പായസം
മക്രോണിപ്രഥമൻ

Saturday, July 26, 2008

ദേ ഇങ്ങോട്ടു നോക്കിയേ

മലയാളം ഇംഗ്ലീഷ് ഹിന്ദി കന്നട
കൂവപ്പൊടി Arrowroot powder -- --
കായം Asafoetida ഹിംഗ് ഹിംഗു/ഇംഗു
തുളസി Basil തുൾസി തുൾസി
കടല Bengal Gram ചന കഡ്‌ലേ കാളു
അണ്ടിപ്പരിപ്പ് Cashewnut കാജൂ ഗോഡംബി
അയമോദകം Celery അജ്‌വയൻ അജ്‌വാസ്
വെള്ളക്കടല Chik peas (Chana ) കാബൂളി ചന കാബൂളി കഡ്‌ലേ(കട്‌ലേ)
മുളക് Chilly മിർച്ച് മെണസിന കായ്
കറുവപ്പട്ട Cinnamon ദാൽചീനി ദാൽചീനി
ഗ്രാമ്പൂ Clove ലോംഗ് (ലവംഗ്) ലവംഗ
തേങ്ങ Coconut നാരിയൽ തെങ്ങിൻ‌കായ്
മല്ലി Coriander ധനിയാ കൊത്തംബരി
ജീരകം Cumin ജീരാ ജീരിഗെ
കറിവേപ്പില Curryleaves കടി പത്തി കറിബേവു
കൊട്ടത്തേങ്ങ Dry copra കൊപ്രാ കൊബ്രെ
ചുക്ക് Dry ginger -- ഒണ ശുണ്ഠി/ശുണ്ടി/ശും‌ഠി
പെരുംജീരകം Fennel സോംഫ് കലൗംജി ബഡേസൊപ്പു
ഉലുവ Fenugreek മേത്തി മെന്തെ (മെംതെ)
വെളുത്തുള്ളി Garlic ലഹ്സുൻ (ലസുൻ) ബെള്ളുള്ളി
നെയ്യ് Ghee ഘീ തുപ്പ
ഇഞ്ചി Ginger അദ്രക് ശുണ്ടി
കടലപ്പരിപ്പ് Gram Dal ചന ദാൽ കഡ്‌ലേ ബേളെ
പച്ചപ്പട്ടാണി Greenpeas മട്ടർ പുട്ടാണി
നിലക്കടല Groundnut മൂംഗ്‌ഫലി ശേംഗാ
തേന്‍ Honey മധു/ ഷഹീദ് ജേനു തുപ്പ
ശര്‍ക്കര Jaggery ഗുഡ് ബെല്ല
വന്‍പയര്‍ Lobo -- അലസന്തി
പുതിന Mint പുദിനാ പുദിന
ചെറുപയര്‍ Moong Bean മൂംഗ് ഹെസറു കാളെ
ചെറുപരിപ്പ് Moong Dal മൂംഗ് ദാൽ ഹസറു ബേളെ
കടുക് Mustard സർസോം/ റായ് സാസ്‌വി
ജാതിക്ക Nutmeg ജാ ഫൽ ജാതിക്കായ്
കുരുമുളക് Pepper കാലിമിർച്ച് കരിമെണസ്
കശകശ Poppyseed ഖസ്‌ഖസ് കസ്‌കസ്
പഞ്ഞപ്പുല്ല് Ragi റാഗി റാഗി
അരി Rice ചാവൽ അക്കി
അവൽ Rice Flake പോഹ അവലക്കി
കുങ്കുമപ്പൂവ് Saffron കേസർ കേസരീ
ചൌവ്വരി Sago സാബൂദന സാബൂദാനെ
എള്ള് Sesame തിൽ എള്ളു
പഞ്ചസാര Sugar ചീനി സക്രി
പുളി Tamarind ഇമ്‌ലി ഹുണിസെ കായ്
തുവരപ്പരിപ്പ് Tuar Dal തുവർ ദാൽ തൊഗരേ ബേളെ
മഞ്ഞള്‍ Turmeric ഹൽദി അർസിന
ഉഴുന്ന് Udad Dal (Black gram) ഉഡിദ് ദാൽ ഉദ്ദിൻ ബേളെ
സേമിയ Vermicelli സേവയാം ശാവഗേ (ശേവ്ഗി)
ഗോതമ്പ് Wheat ഗേഹു ഗോധി
. . . .




ഇതിൽ ചിലതൊക്കെ എനിക്കു സംശയം ഉണ്ട്. തിരുത്തലുകളും മറ്റു ഭാഷകളും പിറകെ വരും, വരുമായിരിക്കും (എനിക്കു തോന്നണ്ടേ.). എല്ലാവരും അതുവരെ ക്ഷമിച്ചേക്കുമല്ലോ. ഫയർഫോക്സ് 3 യിൽ കൂടുതൽ വ്യക്തമായി കാണുംട്ടോ.

Monday, July 21, 2008

കൂട്ടുകാർ



കറുവപ്പട്ട എന്ന് മലയാളത്തിലും, ദാൽചീനി എന്ന് ഹിന്ദിയിലും കന്നടത്തിലും Cinnamon എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. കറുവ എന്ന മരത്തിന്റെ തോലാണ് കടകളിൽ കിട്ടുന്ന കറുവപ്പട്ട. പ്രധാനമായും മസാലക്കൂട്ടുകളിൽ ഉപയോഗിക്കുന്നു.



ഗ്രാമ്പൂ എന്ന് മലയാളത്തിലും, Clove എന്ന് ഇംഗ്ലീഷിലും, ലോംഗ് (ലവംഗ്) എന്ന് ഹിന്ദിയിലും, ലവംഗ എന്ന് കന്നടത്തിലും അറിയപ്പെടുന്നു.
clou, എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണത്രേ ക്ലോവ് എന്ന പേരു കിട്ടിയത്. ഇന്തോനേഷ്യയിലാണ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്. (വിവരത്തിനു കടപ്പാട് :- ഇംഗ്ലീഷ് വിക്കിപീഡിയ)
മിക്കവാറും എല്ലായിടത്തും ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. ബിരിയാണിയിലും, ഗരം മസാലകളിലും, മറ്റു മസാലപ്പൊടികളിലും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്. ഗ്രാമ്പൂ പൊടിച്ചും, പൊടിക്കാതെയും ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ഗ്രാമ്പൂ മരുന്നിലും എണ്ണയിലും ഉപയോഗിക്കുന്നുണ്ട്. പല്ലുവേദന കളയാനും ആൾക്കാർ ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്.


മുളക്/ വറ്റൽ മുളക് എന്ന് മലയാളത്തിലും, Chilli എന്ന് ഇംഗ്ലീഷിലും മിർച് എന്ന് ഹിന്ദിയിലും, മെണസിൻ കായ് എന്ന് കന്നടയിലും അറിയപ്പെടുന്നു. മുളക് പല നിറത്തിലും ഉണ്ട്. നീണ്ട് ഉണങ്ങിയ ചുവന്ന മുളകാണ് മസാലപ്പൊടികളിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.

ഏലക്കായ, ഏലയ്ക്ക, ഇന്ത്യയിൽ, അതിൽത്തന്നെ കേരളത്തിൽ കൂടുതലായിട്ട് ഉത്പാദിപ്പിക്കുന്നു. കറികൾക്ക് സ്വാദുകൂട്ടാനും, മസാലക്കൂട്ടുകളിലും ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്. ഹിന്ദിയിൽ ഇലായ്ചി എന്നും കന്നടയിൽ ഏലക്കി എന്നും ഇംഗ്ലീഷിൽ Cardamom എന്നും അറിയപ്പെടുന്നു. ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായയ്ക്ക് സുഗന്ധം നൽകുന്നു. ഏലയ്ക്കയുടെ തൊലി ജീരകവെള്ളത്തിൽ ഇടാം. പായസത്തിലും, മറ്റു മധുരപദാർത്ഥങ്ങളിലും ഏലയ്ക്ക ഉപയോഗിക്കുന്നുണ്ട്.

മിക്കവാറും പലതരം മസാലകളിലും മുകളിലുള്ളതൊക്കെ ഒരു കൂട്ടാവുന്നു.

Tuesday, July 08, 2008

ചക്ക വരട്ടൂ

ചക്ക വരട്ടിയെടുക്കാന്‍ വളരെ എളുപ്പമാണ് എന്നു പറയാം. വേറെ ആരെങ്കിലും ആണ് ഉണ്ടാക്കിത്തരുന്നതെങ്കില്‍. ഇനി സ്വയം ഉണ്ടാക്കണമെങ്കിലോ. നിങ്ങള്‍ക്കൊക്കെ സാധിക്കും. വേണമെങ്കില്‍ച്ചക്ക (അങ്ങന്യൊരു ചക്കേണ്ടോ? ;) വേരിലും കായ്ക്കും എന്നല്ലേ.
ആദ്യം തന്നെ വേണ്ടത് ക്ഷമയാണ്. അതില്ലെങ്കില്‍ ചക്ക വരട്ടാന്‍ നില്‍ക്കരുത്. അതിന്റെ കൂടെ വേണ്ടത് സമയമാണ്.
പിന്നെ വേണ്ടത് ദാ...ഇതുപോലൊരു ചക്കയാണ്.

ചക്ക കടയില്‍ നിന്ന് വാങ്ങുകയോ, വീട്ടില്‍ നിന്ന് പറിച്ചെടുക്കുകയോ, അയല്‍‌പക്കത്തുനിന്ന് തരുന്നത് സന്തോഷത്തോടെ വാങ്ങുകയോ ഒക്കെ ചെയ്യാം. ഒറ്റ കാര്യം ശരിയായിരിക്കണം. നന്നായി പഴുത്തിരിക്കണം. വളരെ നന്നായി പഴുത്തിരുന്നാല്‍ നല്ലത്.

അത് മുറിയ്ക്കുക. അല്ലെങ്കില്‍ ഇങ്ങനെ വിടര്‍ത്തുക.
ഓരോ ചുളയായി വൃത്തിയായി, അതിന്റെ ചകിണിയും, കുരുവും ഒക്കെക്കളഞ്ഞ് എടുക്കുക.
ഒക്കെ വൃത്തിയായി എടുത്തശേഷം, മിക്സിയില്‍ ഇട്ട് നന്നായി അരയ്ക്കുക. മിക്സിയില്‍ ഇടുമ്പോള്‍, കുരുവും, ചകിണിയും ഒന്നുമില്ലെന്ന് ഉറപ്പോടുറപ്പ് വരുത്തണം. കുറച്ച് കുറച്ചേ ഇടാനും പാടുള്ളൂ.
അരച്ചുകഴിഞ്ഞാല്‍, ഉരുളി അടുപ്പത്തോ സ്റ്റൌവിലോ ഒക്കെ വയ്ക്കുക. തീ കത്തിയ്ക്കുക. അല്ലെങ്കില്‍ നല്ല അടിഭാഗം കട്ടിയുള്ള പാത്രം വയ്ക്കുക. അതില്‍ നെയ്യൊഴിക്കുക. കുറച്ച്. ഒന്ന് രണ്ട് ടേബിള്‍സ്പൂണ്‍ ഒഴിക്കാം. കൂടുതല്‍ ഒഴിച്ചാലും ഒന്നുമില്ല. ആ നെയ്യിലേക്ക് അരച്ചെടുത്തത് ഒഴിക്കുക.
അത് വേവാനുള്ള വെള്ളവും ഒഴിക്കുക.
പിന്നെ ശര്‍ക്കര അഥവാ വെല്ലം ഇതിലേക്ക് ഇടുക. ഇത്രേം വലിയ ചക്കയ്ക്ക് ഒന്നര - രണ്ട് കിലോ ഇടാം. കൂടുതല്‍ ആയാലും കുഴപ്പമില്ല. പായസമോ അടയോ ഉണ്ടാക്കുമ്പോള്‍ എന്തായാലും അതിന്റെ കൂടെ വേറെ ശര്‍ക്കര ചേര്‍ക്കാമല്ലോ. ഇനി വെറും ചക്കപ്പേസ്റ്റ് തിന്നാന്‍ ആണെങ്കില്‍ നന്നായി ചേര്‍ക്കാം.

ഇനിയാണ് ജോലി. ഇളക്കിക്കൊണ്ടിരിക്കണം. താഴെപ്പോവാതെ. കുറേക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മടുത്താല്‍ തീയൊക്കെ അണച്ച് പാത്രം ഇറക്കിവയ്ക്കാം. ഇളക്കാതിരുന്നാല്‍ കരിഞ്ഞുപോവും. ഇനിയിന്നു വയ്യ എന്നു തോന്നിയാല്‍ നാളേയ്ക്ക് വയ്ക്കാം. സൌകര്യം പോലെ അടുപ്പത്ത് വച്ച് ഇളക്കിക്കൊണ്ടിരിക്കുക.

തിള വന്ന് കൈയിലൊക്കെ തെറിക്കും. അതുകൊണ്ട് സൂക്ഷിക്കുക. തീ കുറയ്ക്കുക.
കട്ടിയാവും. പിന്നേം കട്ടിയാവും.
ഒടുവില്‍, ഇളക്കുന്ന ചട്ടുകത്തിലോ സ്പൂണിലോ എടുത്തു മുകളില്‍ പിടിച്ചാല്‍ താഴെ വീഴാത്തിടം വരെയാണ് ഇതിന്റെ പാചകം. അതാണ് പാകം. (തലയ്ക്കു മുകളില്‍ പിടിച്ച് പാകം നോക്കരുത്. ;))
അവസാനം ഇങ്ങനെയാവും.
നല്ലപോലെ തണുത്തിട്ട്, കുപ്പികളില്‍ അടച്ച് വയ്ക്കുക.
പിന്നീട് വേണ്ടപ്പോള്‍ വേണ്ടപ്പോള്‍ എടുത്ത് തിന്നുകയോ വിഭവങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുക. ആദ്യം, ചുള വേവിച്ച് തണുത്ത ശേഷം അരച്ചാലും മതി.
(നന്നായി പാകമായില്ലെങ്കില്‍ പൂപ്പല്‍ വരും എന്ന് ഓര്‍മ്മിക്കുക).

Friday, May 02, 2008

ചക്കച്ചുള വറുക്കേണ്ടേ?

ചക്ക വറുത്തിട്ട്, കറുമുറെ തിന്നാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടോ? വിഷുവൊക്കെ കഴിഞ്ഞ് അച്ഛനേയും അമ്മയേയും സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെയിരിക്കുന്നു ഒരു പകുതിച്ചക്ക.

അതെങ്കില്‍ അത്. അമ്മ പറഞ്ഞു, അത്രയ്ക്ക് മൂത്തിട്ടൊന്നുമില്ല, എന്നാലും വേണമെങ്കില്‍ വറുക്കാം. വേണ്ടതുകൊണ്ടാണല്ലോ വേരിലും കായ്ക്കുന്നത്.
അങ്ങനെ എല്ലാരും കൂടെ വെട്ടിക്കീറി.
ചുളയെടുത്ത് വേറെയിട്ടു.
ചുളയുടെ മുകളിലും താഴെയും കുറച്ച് കളഞ്ഞ്, കുരുകളഞ്ഞ് മുറിച്ചു. നീളവും വീതിയുമൊക്കെ കൃത്യം കൃത്യം ആവണം. അല്ലെങ്കില്‍ വറവ് ഒരുപോലെ ആകില്ല. എന്നാലും ടേപ്പ് വെച്ച് അളക്കുകയൊന്നും വേണ്ട.
അരിഞ്ഞു പകുതിയായപ്പോ അമ്മ അടുപ്പത്ത് ഉരുളി വെച്ചു. വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കാന്‍ വെച്ചു.
വലിയ ചീനച്ചട്ടി ഉണ്ടെങ്കിലും അതിലും കുറച്ചുകൂടെ ഇട്ടുവറുക്കാന്‍ ഉരുളിയല്ലേ സൌകര്യം.
ഉപ്പും പുരട്ടി, ചൂടായ വെളിച്ചെണ്ണയിലേക്കിട്ടു.

കുറേ മൊരിഞ്ഞപ്പോള്‍ തിരിച്ചും മറിച്ചുമിട്ടു.

പാകമായപ്പോള്‍ എടുത്തും വച്ചു.

ഇനി തിന്നാന്‍ ആരുണ്ടെന്ന് ചോദിക്കേണ്ടല്ലോ. വേറെ അരിഞ്ഞുവെച്ചിരിക്കുന്ന, ചുളയുടെ മുകളിലുള്ള മൂക്ക് എന്നു പറയുന്ന ഭാഗവും വറുക്കും.
അങ്ങനെ അമ്മയുടെ അടുക്കളയില്‍ നിന്ന് കറിവേപ്പിലയിലേക്ക് ചക്ക വറുത്തിട്ടു.

Wednesday, February 27, 2008

ചിരട്ടപ്പുട്ട്

ചിരട്ടപ്പുട്ട് എന്ന് പറയുന്ന പുട്ട് ഞാന്‍ കണ്ടുപിടിച്ചതൊന്നുമല്ലെന്ന് എനിക്ക് നന്നായിട്ടറിയാം. പക്ഷെ ഇതുണ്ടാക്കിയ ചിരട്ട ഞാന്‍ വൃത്തിയാക്കിയെടുത്തതാണ്. ;) ചിരട്ടപ്പുട്ട്, ചിരട്ടപ്പുട്ട് എന്ന് കേട്ടതല്ലാതെ ഇതുവരെ ഉണ്ടാക്കിയൊന്നുമില്ല. തിന്നുമില്ല. ഇപ്പോ ഒരാളുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ നല്ലൊരു പുട്ടുംകുറ്റിയിരിക്കുന്നു. ചിരട്ടപ്പുട്ട് ഉണ്ടാക്കുന്നത്. അതുപോലെയൊന്ന് നേരം കിട്ടുമ്പോള്‍ ഉണ്ടാക്കും. ഇപ്പോ തല്‍ക്കാലം ചിരട്ട മാത്രം മതിയെന്ന് വെച്ചു. പുട്ടെന്ന് പറയുന്നത് മലയാളിക്കിഷ്ടമുള്ള ഒരു വിഭവമാണ്. അധികം പുളിയില്ല. അധികം ജോലിയെന്ന് പറയാന്‍ ഇല്ല. അരിയും തേങ്ങയും ഉണ്ട്. ആവിയില്‍ വേവുന്നതായതുകൊണ്ട് ആരോഗ്യപരമായും കുഴപ്പമില്ല.
വലുപ്പമുള്ളൊരു ചിരട്ടയെടുക്കുക. കണ്ണുള്ളത്. പുറത്തെ നാരൊക്കെ കത്തികൊണ്ടോ വേറെന്തെങ്കിലും കൊണ്ടോ കളഞ്ഞ് നന്നായി മൊട്ടയാക്കിയെടുക്കുക. ഞാനത്ര മിനുക്കിയൊന്നുമില്ല. ഉള്ളിലും നന്നായി തേച്ചുകഴുകുക. എന്നിട്ട് ഒരു കണ്ണുമാത്രം തുളയ്ക്കുക. ചിരട്ടപ്പുട്ടിന്‍ കുറ്റി തയ്യാര്‍. ഈ പുട്ടിന്‍ കുറ്റിയിലേക്ക് സാധാരണ പുട്ടിന്‍ കുറ്റിയുടെ ചില്ല് ഇടുക, തേങ്ങ ഇടുക, അരിപ്പൊടി കുഴച്ചത് ഇടുക, പിന്നേം തേങ്ങയിടുക.
അതും റെഡി. ഇനി കുക്കറിനു മുകളില്‍ വയ്ക്കുന്ന പുട്ടിന്‍ കുറ്റി ആണ് ഉള്ളതെങ്കില്‍ അത് ആവിവരുന്ന കുക്കറിനു മുകളില്‍ ഉറപ്പിക്കുക. അതിന്റെ ചില്ല് ഇതില്‍ ഇട്ടു. അതുകൊണ്ട് ചില്ലിനെക്കുറിച്ച് ബേജാറാവരുത്. അതിന്റെ അടപ്പെടുത്ത് അടയ്ക്കുകയും ചെയ്യരുത്. പിന്നെ ആവി എവിടുന്ന് വരും? ആ കുക്കര്‍പുട്ടുകുറ്റിയുടെ മുകളില്‍ ചിരട്ടപ്പുട്ടുകുറ്റി ഉറപ്പിക്കുക. പുട്ടുകുറ്റിയും പുട്ടുകുറ്റിയും തമ്മില്‍ യോജിക്കുന്ന സ്ഥലത്ത് ആവി പുറമേക്ക് പോകാതിരിക്കാന്‍ ഒരു തുണി വട്ടത്തില്‍, വേണമെങ്കില്‍ കെട്ടാം. കാരണം ചിരട്ടപ്പുട്ടുകുറ്റിയുടെ ഷേപ്പ് നമ്മള്‍ ഉണ്ടാക്കുന്നതല്ലല്ലോ. അത് ചിലപ്പോള്‍‍ പൊങ്ങിയൊക്കെയിരിക്കും. വച്ചുകഴിഞ്ഞാല്‍ ഒരു പാകമുള്ള പ്ലേറ്റെടുത്ത് ചിരട്ടപ്പുട്ടുകുറ്റി അടയ്ക്കുക. ഇനി ആവി വരുന്നതും നോക്കിയിരിക്കുക. നന്നായി ആവി വന്നിട്ടേ വാങ്ങാവൂ. ആവി അടപ്പിന്റെ സൈഡില്‍ക്കൂടെ വന്നോളും. പേടിക്കേണ്ട. ഇനി കുക്കര്‍ പുട്ടുകുറ്റി അല്ലെങ്കിലും ആ പുട്ടുകുറ്റിയുടെ മുകളിലും ഇപ്പറഞ്ഞതുപോലെ വയ്ക്കുക. ആവി വന്ന് തീ കെടുത്തിയാല്‍ ഒന്നുരണ്ടു മിനുട്ട് കഴിയട്ടെ. ആക്രാന്തം കാണിക്കരുത്. ;)
അടപ്പെടുത്ത് മാറ്റി, മെല്ലെ ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക.
അല്ലെങ്കില്‍ പ്ലേറ്റ് ഇതിനുമുകളിലേക്ക് വച്ച് തിരിച്ച് എടുക്കുക. പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഒരു സ്പൂണിന്റെ വാലോ, എന്തെങ്കിലും ഉപയോഗിച്ച് ഒരു കുത്തുകൊടുക്കുക.
ചിരട്ടപ്പുട്ട് തയ്യാര്‍! ഇങ്ങനെയൊക്കെയാണ് ആരും പറഞ്ഞുതരാതെ ഞാന്‍ പരീക്ഷിച്ചത്. അരിപ്പൊടി, തേങ്ങ, ഉപ്പ്, വെള്ളം, കുഴയ്ക്കുന്ന കൈ എന്നിവയിലൊന്നും മാറ്റമില്ലാഞ്ഞതുകൊണ്ട് ഈ പുട്ട്
പതിവുപോലെ നന്നായി. ;) അരിപ്പൊടി കുഴച്ചശേഷം, മിക്സിപ്പാത്രത്തിലിട്ട് ഒന്ന് തിരിച്ച്, കുറ്റിയില്‍ ഇട്ടാല്‍ വളരെ മൃദുവായിരിക്കും പുട്ട്.
ഈ പുട്ടിനു ഒരു പ്രത്യേകത കൂടെയുണ്ട്. ഉണക്കലരി/ഉണങ്ങലരി പൊടിച്ച് വറുത്താണ് ഇതുണ്ടാക്കിയിരിക്കുന്നത്. കറിയും കൂട്ടി കഴിക്കുക. കറിയില്ലെങ്കില്‍ പഴവും പഞ്ചസാരയും. അതുമില്ലെങ്കില്‍ വെറുതെ.
ഈ പുട്ടാണ് എന്നുകണ്ടപ്പോള്‍ ചേട്ടന്‍ ഒരു പാട്ടു പാടി. ജയന്റെ ഏതോ സിനിമയില്‍ എന്നാണ് പറഞ്ഞത്. വിശദവിവരവും മുഴുവന്‍ പാട്ടും അറിയില്ല. എന്നാലും ഇതുണ്ടാക്കുമ്പോള്‍ ഈ പാട്ട് പാടണം.
"വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ,
നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കണ ദിവസമെന്നാണ്,
പൊന്നേ ദിവസമെന്നാണ്.”
ഈ പാട്ട് മുഴുവന്‍ കിട്ടിയിരുന്നെങ്കില്‍..........
വെറുതെ ഒന്നു പാടിനോക്കാമായിരുന്നു..........
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]