Monday, September 07, 2009

കാരറ്റ് ബീറ്റ്‌റൂട്ട് കൂട്ടുകറി

ചേനയും കായയും ആണ് കൂട്ടുകറിയ്ക്ക് സാധാരണയായി എടുക്കുന്നത്. കടലയും. തേങ്ങയും ജീരകവും അരച്ചുചേർത്ത്, തേങ്ങ വറുത്തിട്ട കൂട്ടുകറിയ്ക്ക് പ്രത്യേക സ്വാദു തന്നെയുണ്ട്. കൂട്ടുകറി പല തരത്തിലും വയ്ക്കാം. കാരറ്റും ബീറ്റ്‌റൂട്ടും കൊണ്ടൊരു കൂട്ടുകറി ആയ്ക്കോട്ടേന്ന് വിചാരിച്ചു.





കാരറ്റും ബീറ്റ്‌റൂട്ടും കടലയും ചിത്രത്തിൽ ഉള്ളത്രേം. അല്ലെങ്കിൽ കാരറ്റും ബീറ്റ്‌റൂട്ടും മൂന്നോ നാലോ ടേബിൾസ്പൂൺ. കുതിർന്ന കടല രണ്ട് ടേബിൾസ്പൂണും.
കടല തലേദിവസം വെള്ളത്തിൽ ഇടണം. കുതിരണം
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ.
തേങ്ങ - നാലു ടേബിൾസ്പൂൺ
ജീരകം - അരയോ ഒന്നോ ടീസ്പൂൺ.
തേങ്ങയും ജീരകവും അരയ്ക്കുക
രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേങ്ങ - വറവിടാൻ
ഉപ്പ്
കടുക്, ചുവന്ന ഉണക്ക മുളക്, കറിവേപ്പില - വറവിടാനുള്ളത്

കാരറ്റും ബീറ്റ്‌റൂട്ടും ചെറിയ കഷണങ്ങളായി മുറിക്കുക. മുറിക്കുന്നതിനുമുമ്പ് കഴുകുകയോ മുറിച്ചിട്ട് കഴുകുകയോ ചെയ്യുക.
കടല കഴുകിയെടുക്കുക.
പാത്രത്തിൽ ആദ്യം കടല ഇടുക.
പിന്നെ ബീറ്റ്‌റൂട്ടും കാരറ്റും ഇടുക.
മഞ്ഞൾപ്പൊടി, മുളകുപൊടി ഇടുക.
കടല മാത്രം മുങ്ങാൻ ആവശ്യമുള്ള വെള്ളം കണക്കാക്കി ഒഴിക്കുക. പൊടികൾ ഇട്ടശേഷം വെള്ളമൊഴിച്ചാൽ പൊടികൾ മുകളിൽത്തന്നെ നിൽക്കില്ല. അലിഞ്ഞുചേരും. അങ്ങനെയാണു വേണ്ടത്.
കുക്കറിൽ വയ്ക്കുക. കുക്കറിലല്ലെങ്കിൽ കടല വെന്തതിനു ശേഷം മാത്രം കാരറ്റും ബീറ്റ്‌റൂട്ടും ഇടുക.
കഷണങ്ങൾ വെന്താൽ അതിൽ ഉപ്പിട്ട് ഒന്നുടയ്ക്കുക
തേങ്ങയരച്ചത് ചേർക്കുക. നന്നായി ഇളക്കിയോജിപ്പിക്കണം. അധികം വെള്ളം ഉണ്ടാവില്ലല്ലോ.
തിളച്ചാൽ വാങ്ങിവയ്ക്കുക.

തേങ്ങ,ചുവപ്പുനിറം വരുന്നതുവരെ അല്പം വെളിച്ചെണ്ണയിൽ വറുത്ത് കറിയിൽ ഇടുക. കടുകും മുളകും കറിവേപ്പിലയും വറവിടുക.



കടല മുങ്ങാൻ മാത്രം വെള്ളമാണ് ഒഴിക്കുന്നതെങ്കിൽ തേങ്ങ ചേർക്കുമ്പോൾ അല്പം വെള്ളം ചേർക്കാം. അല്ലെങ്കിൽ കഷണങ്ങളിലെ വെള്ളം മതിയാവും. കൂട്ടുകറി വെള്ളമായിട്ടല്ല വേണ്ടത്. മുളകുപൊടി വേണ്ടെങ്കിൽ, ചുവന്ന മുളക് മൂന്നാലെണ്ണം, തേങ്ങയരയ്ക്കുമ്പോൾ ചേർക്കുക. കുറയ്ക്കണമെങ്കിൽ കുറയ്ക്കുക. അധികം എരിവില്ലാത്തതാവും നല്ലത്.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]