Thursday, February 28, 2008

ചായയോ കാപ്പിയോ?

ആരുടെയെങ്കിലും വീട്ടില്‍ ചെല്ലുമ്പോഴും, ഹോട്ടലില്‍ ചെല്ലുമ്പോഴുമൊക്കെ ചോദ്യം കേള്‍ക്കും. ചായയോ കാപ്പിയോ എന്ന്. എനിക്കിഷ്ടം കാപ്പിയാണ്. പണ്ടുമുതല്‍ക്കേ രാവിലെ കാപ്പി, വൈകുന്നേരം ചായ എന്നൊരു ശീലമായിരുന്നു. അതങ്ങനെ തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു. ചായയും കാപ്പിയും കുടിക്കാത്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇഷ്ടമില്ലാത്തതും, ശീലമില്ലാത്തതും, ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടുമൊക്കെ ചായയും കാപ്പിയും വേണ്ടാന്ന് വെച്ചവര്‍.
കാപ്പിയേയും ചായയേയും കുറിച്ച് പലയിടത്തും വായിക്കാം. കഴിക്കരുതെന്ന് ചിലര്‍. ആരോഗ്യത്തിനു നല്ലതെന്ന് ചിലര്‍. ഇതൊന്നും ശ്രദ്ധിക്കാതെ കാപ്പിയും ചായയും കുടിക്കുന്നവര്‍ പലരും.
മഴക്കാലത്ത് ചൂടുകാപ്പിയും കുടിച്ച് ഇരിക്കാന്‍ എനിക്കിഷ്ടമാണ്.
ഇത് ചായ കാപ്പി പുരാണമൊന്നുമല്ല. ഇത് വെറും കരുപ്പട്ടിക്കഥയാണ്. കരുപ്പട്ടിയെക്കുറിച്ച് വിശദമായി ഒന്നും അറിയില്ല. കരുപ്പട്ടി കുറച്ചു കിട്ടി.



അതുകൊണ്ട് അതിന്റെ കാപ്പി പരീക്ഷിച്ചുകളയാം എന്നു കരുതി. തിരയാനുള്ളിടത്തൊക്കെപ്പോയി തിരഞ്ഞു. കാര്യമായി ഒന്നും കിട്ടിയില്ല. ഇവിടെ കുറച്ച് വിവരം ഉണ്ട്.


ശര്‍ക്കരക്കാപ്പി പോലെയാണ് കരുപ്പട്ടിക്കാപ്പിയും. പാലൊഴിക്കാതെ. ഇനി പാലൊഴിച്ച് ഉണ്ടാക്കുമോയെന്തോ. അറിവുള്ളവര്‍ പറഞ്ഞുതരിക.

വെള്ളം വെച്ച് ഇത് ഒരു കഷണം പൊടിച്ചിട്ട്, തിളച്ചാല്‍ കാപ്പിപ്പൊടിയും ഇടുക. മധുരം ഇല്ലെങ്കില്‍ വീണ്ടും ഇടുക. എനിക്കിതിന്റെ സ്വാദ് അത്ര ഇഷ്ടമൊന്നുമായില്ല.

മസാലച്ചായ

ഏലയ്ക്കയിട്ട് ചായ ഉണ്ടാക്കാറുണ്ട്. ഇത് ഇഞ്ചിയും ഏലയ്ക്കായും ചതച്ചിട്ടാണ് ഉണ്ടാക്കിയത്. നല്ലതാണ്.
അരക്കപ്പ് വെള്ളം വയ്ക്കുക. ഒരു ചെറിയ കഷണം ഇഞ്ചിയും മൂന്നാലു തരി ഏലയ്ക്കായും കൂടെ ചതച്ച് ഇതിലിടുക. അരക്കപ്പ് പാലൊഴിക്കുക. ചായപ്പൊടിയും പഞ്ചസാരയും ഇടുക. നിങ്ങളുടെ അളവില്‍. കുറഞ്ഞുപോകരുത്. കുറച്ചുനേരം തിളച്ച് വറ്റിക്കുക. ഒക്കെ ചെറിയ തീയില്‍ ചെയ്യുക. മസാലച്ചായ റെഡി. നല്ല ചൂടോടെ കുടിക്കുക.

Wednesday, February 27, 2008

ചിരട്ടപ്പുട്ട്

ചിരട്ടപ്പുട്ട് എന്ന് പറയുന്ന പുട്ട് ഞാന്‍ കണ്ടുപിടിച്ചതൊന്നുമല്ലെന്ന് എനിക്ക് നന്നായിട്ടറിയാം. പക്ഷെ ഇതുണ്ടാക്കിയ ചിരട്ട ഞാന്‍ വൃത്തിയാക്കിയെടുത്തതാണ്. ;) ചിരട്ടപ്പുട്ട്, ചിരട്ടപ്പുട്ട് എന്ന് കേട്ടതല്ലാതെ ഇതുവരെ ഉണ്ടാക്കിയൊന്നുമില്ല. തിന്നുമില്ല. ഇപ്പോ ഒരാളുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ നല്ലൊരു പുട്ടുംകുറ്റിയിരിക്കുന്നു. ചിരട്ടപ്പുട്ട് ഉണ്ടാക്കുന്നത്. അതുപോലെയൊന്ന് നേരം കിട്ടുമ്പോള്‍ ഉണ്ടാക്കും. ഇപ്പോ തല്‍ക്കാലം ചിരട്ട മാത്രം മതിയെന്ന് വെച്ചു. പുട്ടെന്ന് പറയുന്നത് മലയാളിക്കിഷ്ടമുള്ള ഒരു വിഭവമാണ്. അധികം പുളിയില്ല. അധികം ജോലിയെന്ന് പറയാന്‍ ഇല്ല. അരിയും തേങ്ങയും ഉണ്ട്. ആവിയില്‍ വേവുന്നതായതുകൊണ്ട് ആരോഗ്യപരമായും കുഴപ്പമില്ല.
വലുപ്പമുള്ളൊരു ചിരട്ടയെടുക്കുക. കണ്ണുള്ളത്. പുറത്തെ നാരൊക്കെ കത്തികൊണ്ടോ വേറെന്തെങ്കിലും കൊണ്ടോ കളഞ്ഞ് നന്നായി മൊട്ടയാക്കിയെടുക്കുക. ഞാനത്ര മിനുക്കിയൊന്നുമില്ല. ഉള്ളിലും നന്നായി തേച്ചുകഴുകുക. എന്നിട്ട് ഒരു കണ്ണുമാത്രം തുളയ്ക്കുക. ചിരട്ടപ്പുട്ടിന്‍ കുറ്റി തയ്യാര്‍. ഈ പുട്ടിന്‍ കുറ്റിയിലേക്ക് സാധാരണ പുട്ടിന്‍ കുറ്റിയുടെ ചില്ല് ഇടുക, തേങ്ങ ഇടുക, അരിപ്പൊടി കുഴച്ചത് ഇടുക, പിന്നേം തേങ്ങയിടുക.
അതും റെഡി. ഇനി കുക്കറിനു മുകളില്‍ വയ്ക്കുന്ന പുട്ടിന്‍ കുറ്റി ആണ് ഉള്ളതെങ്കില്‍ അത് ആവിവരുന്ന കുക്കറിനു മുകളില്‍ ഉറപ്പിക്കുക. അതിന്റെ ചില്ല് ഇതില്‍ ഇട്ടു. അതുകൊണ്ട് ചില്ലിനെക്കുറിച്ച് ബേജാറാവരുത്. അതിന്റെ അടപ്പെടുത്ത് അടയ്ക്കുകയും ചെയ്യരുത്. പിന്നെ ആവി എവിടുന്ന് വരും? ആ കുക്കര്‍പുട്ടുകുറ്റിയുടെ മുകളില്‍ ചിരട്ടപ്പുട്ടുകുറ്റി ഉറപ്പിക്കുക. പുട്ടുകുറ്റിയും പുട്ടുകുറ്റിയും തമ്മില്‍ യോജിക്കുന്ന സ്ഥലത്ത് ആവി പുറമേക്ക് പോകാതിരിക്കാന്‍ ഒരു തുണി വട്ടത്തില്‍, വേണമെങ്കില്‍ കെട്ടാം. കാരണം ചിരട്ടപ്പുട്ടുകുറ്റിയുടെ ഷേപ്പ് നമ്മള്‍ ഉണ്ടാക്കുന്നതല്ലല്ലോ. അത് ചിലപ്പോള്‍‍ പൊങ്ങിയൊക്കെയിരിക്കും. വച്ചുകഴിഞ്ഞാല്‍ ഒരു പാകമുള്ള പ്ലേറ്റെടുത്ത് ചിരട്ടപ്പുട്ടുകുറ്റി അടയ്ക്കുക. ഇനി ആവി വരുന്നതും നോക്കിയിരിക്കുക. നന്നായി ആവി വന്നിട്ടേ വാങ്ങാവൂ. ആവി അടപ്പിന്റെ സൈഡില്‍ക്കൂടെ വന്നോളും. പേടിക്കേണ്ട. ഇനി കുക്കര്‍ പുട്ടുകുറ്റി അല്ലെങ്കിലും ആ പുട്ടുകുറ്റിയുടെ മുകളിലും ഇപ്പറഞ്ഞതുപോലെ വയ്ക്കുക. ആവി വന്ന് തീ കെടുത്തിയാല്‍ ഒന്നുരണ്ടു മിനുട്ട് കഴിയട്ടെ. ആക്രാന്തം കാണിക്കരുത്. ;)
അടപ്പെടുത്ത് മാറ്റി, മെല്ലെ ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക.
അല്ലെങ്കില്‍ പ്ലേറ്റ് ഇതിനുമുകളിലേക്ക് വച്ച് തിരിച്ച് എടുക്കുക. പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഒരു സ്പൂണിന്റെ വാലോ, എന്തെങ്കിലും ഉപയോഗിച്ച് ഒരു കുത്തുകൊടുക്കുക.
ചിരട്ടപ്പുട്ട് തയ്യാര്‍! ഇങ്ങനെയൊക്കെയാണ് ആരും പറഞ്ഞുതരാതെ ഞാന്‍ പരീക്ഷിച്ചത്. അരിപ്പൊടി, തേങ്ങ, ഉപ്പ്, വെള്ളം, കുഴയ്ക്കുന്ന കൈ എന്നിവയിലൊന്നും മാറ്റമില്ലാഞ്ഞതുകൊണ്ട് ഈ പുട്ട്
പതിവുപോലെ നന്നായി. ;) അരിപ്പൊടി കുഴച്ചശേഷം, മിക്സിപ്പാത്രത്തിലിട്ട് ഒന്ന് തിരിച്ച്, കുറ്റിയില്‍ ഇട്ടാല്‍ വളരെ മൃദുവായിരിക്കും പുട്ട്.
ഈ പുട്ടിനു ഒരു പ്രത്യേകത കൂടെയുണ്ട്. ഉണക്കലരി/ഉണങ്ങലരി പൊടിച്ച് വറുത്താണ് ഇതുണ്ടാക്കിയിരിക്കുന്നത്. കറിയും കൂട്ടി കഴിക്കുക. കറിയില്ലെങ്കില്‍ പഴവും പഞ്ചസാരയും. അതുമില്ലെങ്കില്‍ വെറുതെ.
ഈ പുട്ടാണ് എന്നുകണ്ടപ്പോള്‍ ചേട്ടന്‍ ഒരു പാട്ടു പാടി. ജയന്റെ ഏതോ സിനിമയില്‍ എന്നാണ് പറഞ്ഞത്. വിശദവിവരവും മുഴുവന്‍ പാട്ടും അറിയില്ല. എന്നാലും ഇതുണ്ടാക്കുമ്പോള്‍ ഈ പാട്ട് പാടണം.
"വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കി പാത്തുമ്മാ,
നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദ് നോക്കണ ദിവസമെന്നാണ്,
പൊന്നേ ദിവസമെന്നാണ്.”
ഈ പാട്ട് മുഴുവന്‍ കിട്ടിയിരുന്നെങ്കില്‍..........
വെറുതെ ഒന്നു പാടിനോക്കാമായിരുന്നു..........

Monday, February 25, 2008

തക്കാളിപ്പച്ചടി


തക്കാളി കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍ കുറേയുണ്ട്. അതിലൊന്നാണ് തക്കാളിപ്പച്ചടി. സദ്യയ്ക്കൊക്കെ പച്ചടി ഉണ്ടാവും. തക്കാളി കൊണ്ട് അല്ലെങ്കില്‍ വേറെ പച്ചക്കറി കൊണ്ട്.
മൂന്ന് തക്കാളിയെടുത്ത്, കഴുകി, വളരെച്ചെറുതായി മുറിക്കുക. മൂന്ന് നാലു പച്ചമുളക് ഒന്ന് ചീന്തി എടുക്കുക. അരമുറിത്തേങ്ങ, മിനുസമായി അരയ്ക്കുക. അരടീസ്പൂണ്‍ കടുകും ഇട്ട് അരയ്ക്കുക. വെള്ളത്തിനുപകരം മോരുവെള്ളം എടുത്ത് അരയ്ക്കുമ്പോള്‍ ഒഴിക്കുക.
തക്കാളി വേവാന്‍ മാത്രം വെള്ളമെടുത്ത്, പച്ചമുളകും, ഉപ്പും ഇട്ട് വേവിക്കാന്‍ വയ്ക്കുക. വേണമെങ്കില്‍ അല്‍പ്പം മുളകുപൊടിയും ഇടാം. നന്നായി വെന്ത് വെള്ളം വറ്റിയാല്‍, വാങ്ങിവെച്ച് നന്നായി തണുത്ത ശേഷം, തേങ്ങയരച്ചതും, തൈരും യോജിപ്പിക്കുക. തൈരു കുറേയൊന്നും വേണ്ട. കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും വറുത്തിടുക. കറിവേപ്പില, ഒരു തണ്ട്, വെന്ത് വാങ്ങുമ്പോള്‍‌ ഇടുക. വേവിയ്ക്കാന്‍ അല്ലാതെ വേറെ വെള്ളം ഒഴിക്കരുത്.

Friday, February 22, 2008

കയ്പ്പക്കപ്പച്ചടി

കയ്പ്പക്ക അഥവാ പാവയ്ക്ക എന്ന് പറയുമ്പോള്‍ മുഖം ചുളിയരുത്. ഔഷധഗുണം ഉള്ള ഒരു വസ്തുവാണ് കയ്പ്പക്ക. അല്‍പ്പം കയ്പ്പാണെന്ന് മാത്രം. ആരോഗ്യം മധുരിക്കും എന്ന് കരുതി കഴിക്കുക. കയ്പ്പക്ക കൊണ്ട്
പച്ചടി. അതായത് പാവയ്ക്കാപ്പച്ചടി.
പാവയ്ക്ക കഴുകിവൃത്തിയാക്കി കൊത്തിയരിഞ്ഞ് കുഞ്ഞുകുഞ്ഞു കഷണങ്ങളാക്കണം. കുരു കളയണം. ഒരു വലിയത് മതി.
പച്ചമുളക് മൂന്നെണ്ണം വട്ടത്തില്‍ അരിയണം. സാധാരണ പച്ചടികളില്‍ മുളക് ഒന്ന് ചീന്തിയിടുകയേ ഉള്ളൂ. ഇതിനു കയ്പ്പല്ലേ കുറച്ച് എരിഞ്ഞോട്ടെ എന്ന് കരുതി.
പിന്നെ ഇത് രണ്ടും കൂടെ വേവിയ്ക്കാന്‍ മാത്രം വെള്ളമെടുത്ത്, ഉപ്പും ഇട്ട് നന്നായി വേവിയ്ക്കുക. ഉടയ്ക്കുക.
വെന്തുകഴിഞ്ഞാല്‍ വെള്ളം വേണ്ടേ വേണ്ട.
ഇതിലേക്ക് ഒരു കപ്പ് പുളിയുള്ള തൈരോ മോരോ ഒഴിക്കുക.
അരമുറിത്തേങ്ങ മിനുസമായി അരയ്ക്കുക. കുറച്ച് കുറഞ്ഞാലും പ്രശ്നമൊന്നുമില്ല. തേങ്ങ ഒന്ന് അരഞ്ഞാല്‍ അരടീസ്പൂണ്‍ കടുകും ഇട്ട് അരയ്ക്കുക.
അരയ്ക്കുമ്പോള്‍‌ വെള്ളത്തിനുപകരം മോരുംവെള്ളം ഒഴിയ്ക്കണം.
ഈ അരച്ചത് കൂട്ടിലേക്ക് യോജിപ്പിക്കുക. പച്ചടി തയ്യാര്‍. കഷണങ്ങള്‍ മാത്രമേ വേവിക്കൂ.
മോരും തേങ്ങയും ചൂടാക്കില്ല.
വറവിടുക. കടുക്, കറിവേപ്പില, ചുവന്ന മുളക്.
വേണമെങ്കില്‍ അല്‍പ്പം മുളകുപൊടിയും ഇടാം. വേവിക്കുമ്പോള്‍.



ഇവിടെ പൈനാപ്പിള്‍‌ പച്ചടി

Wednesday, February 20, 2008

ഡോക്‍ല/ദോക്‍ല/dhokla

ഇതും ഗുജറാത്ത് വിഭവം തന്നെ. ഇതും അവരുടെ ഒരു പലഹാരം. ഉണ്ടാക്കുന്നത് കമന്‍ പോലെ അത്ര എളുപ്പമല്ല. കുറച്ച് ജോലിയുണ്ടാവും. ഇതിന് അരിയും കുറച്ച് പരിപ്പുകളും വേണം. അവയൊക്കെ വെള്ളത്തിലിട്ട് കുതിര്‍ത്തി അഞ്ചാറ് മണിക്കൂറിന് ശേഷം അരച്ച് എടുക്കണം.
അരി - പന്ത്രണ്ട് ടേബിള്‍സ്പൂണ്‍ (പച്ചരി)
കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, ചെറുപരിപ്പ് എന്നിവ ഓരോ ടേബിള്‍സ്പൂണ്‍.
അരിയും പരിപ്പുകളും ഒരുമിച്ച് വെള്ളത്തിലിടാം. ആറ് മണിക്കൂര്‍ കഴിഞ്ഞ് തരുതരുപ്പായി അരയ്ക്കുക. ഉപ്പിട്ടശേഷം എട്ട് മണിക്കൂറോളം വയ്ക്കുക. എട്ട് മണിക്കൂറിനുശേഷം, ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ അതിലേക്ക് മൂന്ന് പച്ചമുളകും, മല്ലിയിലയും, കറിവേപ്പിലയും കൊത്തിയരിഞ്ഞ് നന്നായി ചെറുതാക്കിയിടുക. കുറച്ച് ഇഞ്ചി പേസ്റ്റാക്കിയിടുക. പച്ചമുളകും അരച്ചുചേര്‍ക്കുന്നത് നല്ലതാണ്. ഉപ്പും ഈ സമയം ഇട്ടാലും മതി. അരടീസ്പൂണ്‍ ജീരകം, അല്‍പ്പം മഞ്ഞള്‍പ്പൊടി, അല്‍പ്പം കായം പൊടി എന്നിവയും ഇടുക. ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഇടുക. അല്‍പ്പം കുറഞ്ഞാലും പ്രശ്നമില്ല. അരക്കപ്പ് അല്ലെങ്കില്‍ അരഗ്ലാസ്സ് മോരൊഴിക്കുക.


നന്നായി ഇളക്കിയോജിപ്പിച്ചശേഷം ഉണ്ടാക്കിയെടുക്കാനുള്ള പാത്രത്തിലേക്കൊഴിച്ച് കമന്‍ചെയ്യുന്നതുപോലെ ചെയ്യുക.

ഇത്രയും കൂട്ട് രണ്ട് പ്രാവശ്യം വയ്ക്കുന്നതാവും നല്ലത്.
തയ്യാറായാല്‍ കടുക് വറുത്തിടുക. പഞ്ചസാരവെള്ളം വേണ്ട. കറിവേപ്പില ഇടണമെന്ന് എഴുതിയിട്ടുണ്ട്. സാധാരണ, ഇടാറില്ലെന്ന് തോന്നുന്നു.

Saturday, February 16, 2008

പച്ചമാങ്ങാക്കുഞ്ഞുള്ളിച്ചമ്മന്തി

ഞാന്‍ ടൌണില്‍ പോയി. പച്ചക്കറിക്കടയില്‍ നോക്കുമ്പോള്‍ എന്തിരിക്കുന്നു? മാവില്‍ നിന്ന് അപ്പോപ്പറിച്ചതുപോലെയുള്ള മാങ്ങ. അതുകണ്ടപ്പോള്‍ ഒന്നു മനസ്സിലായി. എന്ത്? ഇനി സെപ്റ്റംബര്‍ വരെ ഈ വീട്ടില്‍ എന്നുമൊരു മാങ്ങാക്കറിയുണ്ടാവും എന്ന്. മാവില്‍ നിന്ന് എറിഞ്ഞിടുന്നതും, അന്നന്നേരം തിന്നുന്നതും ഒക്കെയോര്‍ത്താല്‍ ഇത് വെറും പുല്ല്. എന്നാലും ഇതൊക്കെയല്ലേ ഇപ്പോ തല്‍ക്കാലം കഴിയൂ. പഴയ മാങ്ങാക്കാലം ഓര്‍ത്താല്‍ എവിടേം നില്‍ക്കില്ല. അതുകൊണ്ട് തല്‍ക്കാലം മുന്നോട്ട് പോകാം.

എന്തുണ്ടാക്കും എന്നു വിചാരിച്ചപ്പോഴാ പച്ചമാങ്ങാപഞ്ചതന്ത്രം ഓര്‍മ്മവന്നത്. അതില്‍ ഇല്ലാത്തത് തന്നെ ആയിക്കോട്ടെ. പുരാവസ്തുശേഖരത്തിലേക്ക് പോകാന്‍ കാത്തിരിക്കുന്ന പാവം കുറച്ച് ചെറിയ ഉള്ളികള്‍‌. അതിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ? അങ്ങനെയാണ് ഈ പച്ചമാങ്ങാ കുഞ്ഞുള്ളിച്ചമ്മന്തി പിറക്കുന്നത്‌.



കറിവേപ്പില വേണം.
ചുവന്നമുളക് വേണം. ഇനി അതില്ലെങ്കില്‍ മുളകുപൊടി ആയാലും മതി.
ചുവന്നുള്ളി/ചെറിയ ഉള്ളി/കുഞ്ഞുള്ളി വേണം.
ഉപ്പ് എന്തായാലും വേണം.
ചിരവിയ തേങ്ങയും വേണം.
ഇതൊക്കെ അരമുറിത്തേങ്ങ, ഒരു മാ‍ങ്ങ തോലു കളഞ്ഞത്, അഞ്ചെട്ട് ചുവന്നുള്ളി, കറിവേപ്പില ഒരു തണ്ടിലെ ഇല അല്ലെങ്കില്‍‌ എട്ട്- പത്ത് ഇല, മൂന്നാലു മുളക്, ഉപ്പ് എന്ന കണക്കില്‍‌ എടുക്കുക‌. അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം കണക്കിലെടുക്കുക.
ഇതൊക്കെ ആയാല്‍ അരയ്ക്കാം എന്ന് അല്ലേ? അരയ്ക്കാനോ? നോ അരയ്ക്കല്‍ ഓണ്‍ലി ചതയ്ക്കല്‍‌. അമ്മിക്കല്ലില്‍ ആയാല്‍ ബഹുകേമം. മിക്സിയില്‍ ആദ്യം തേങ്ങ ചതയ്ക്കുക. പിന്നെ ബാക്കിയെല്ലാം ഇട്ട് ചതയ്ക്കുക.
തയ്യാര്‍. ഇനി ചോറെടുത്തോ. അല്ലെങ്കില്‍ വേണ്ട. കഞ്ഞിയാ നല്ലത്.

Monday, February 11, 2008

കമന്‍

ഖമന്‍, കമന്‍, ഘമന്‍ എന്നൊക്കെ ഇതിനെപ്പറയും എന്നെനിക്കു തോന്നുന്നു. ഇതൊരു ഗുജറാത്തിവിഭവം ആണ്. നമ്മള്‍ ദോശയും ഇഡ്ഡലിയും പത്തിരിയും ഒക്കെ കഴിക്കുന്നതുപോലെ, അവര്‍ കഴിക്കുന്ന പലഹാരം. ഇത് ചായയുടെ കൂടെയും, ചോറിന്റെ കൂടെയും ഒക്കെ കഴിക്കും. എളുപ്പമാണ് ഉണ്ടാക്കിയെടുക്കാന്‍. തിന്നാനും എളുപ്പം.

കടലപ്പൊടി/ബേസന്‍/കടലമാവ് - 24 ടീസ്പൂണ്‍. (ഒരു കപ്പ്, ഒന്നരക്കപ്പ് ഒക്കെ ആവാം.)
ബേക്കിംഗ് സോഡ/ ബേക്കിംഗ് പൌഡര്‍ - ഒരു ടീസ്പൂണ്‍.
സിട്രിക് ആസിഡ് - അര ടീസ്പൂണ്‍.ഉപ്പ് - അര/ ഒന്ന് ടീസ്പൂണ്‍. നോക്കിയിട്ട് ചേര്‍ക്കുക.
പഞ്ചസാര - നാല് ടീസ്പൂണ്‍.
കടലപ്പൊടിയില്‍ സോഡയൊഴിച്ച് എല്ലാം ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് ദോശമാവുപോലെ കൈകൊണ്ട് കുഴയ്ക്കുക.
ഒരു വശത്തേക്ക് മാത്രമേ കൈ തിരിച്ച് കുഴയ്ക്കാവൂ. ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നതുപോലെ, തോന്നിയപോലെ ചെയ്യരുത്.

കുഴച്ച്, സോഡയും ചേര്‍ത്ത് കുഴയ്ക്കുക. പതഞ്ഞുവരും. ഇതിനായി വെച്ച പ്ലേറ്റിലേക്ക് ഒഴിക്കുക. അലൂമിനിയം പ്ലേറ്റാണ് നല്ലത്. ബേക്കിംഗ് ട്രേ ഉണ്ടങ്കില്‍ നല്ലത്.

ആദ്യം അടുപ്പത്ത് വല്യൊരു പാത്രത്തില്‍ അല്‍പ്പം വെള്ളം വയ്ക്കുക. അതില്‍ എന്തെങ്കിലും ഒരു പാത്രമോ, പ്ലേറ്റോ ഇടുക. കൂട്ട് ഒഴിക്കുന്ന പ്ലേറ്റില്‍ വെള്ളം കയറാതിരിക്കാനാണ്.


വെള്ളം തിളയ്ക്കുമ്പോള്‍, കൂട്ടൊഴിച്ച പ്ലേറ്റ്, പാത്രത്തില്‍ ഇറക്കിവയ്ക്കുക.

എന്നിട്ട് നന്നായി അടച്ചുവയ്ക്കുക. (അടച്ചുവെച്ചതില്‍ ജനല്‍ കയറി.) പത്തുമിനുട്ട്. അതിനുവേണ്ട വെള്ളം അടിയില്‍ ഉണ്ടാവണം.

തീ കുറച്ച്, അടപ്പെടുത്ത്, കത്തികൊണ്ടോ, പപ്പടംകുത്തി കൊണ്ടോ തൊട്ടു നോക്കുക. വെന്താല്‍ പറ്റിപ്പിടിക്കില്ല. വെന്തില്ലെങ്കില്‍ തൊട്ടുനോക്കിയാല്‍ അതില്‍ മാവ് പറ്റിപ്പിടിയ്ക്കും. ആയിട്ടുണ്ടെങ്കില്‍ തീ കെടുത്തി വാങ്ങുക. അല്ലെങ്കില്‍ അഞ്ചുമിനുട്ട് കൂടെ വയ്ക്കുക. ആയി.

വാങ്ങിവെച്ച് മുറിയ്ക്കുക. ചതുരമായിട്ട്.


ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പാചകയെണ്ണ ചൂടാക്കി, അതില്‍ കുറച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. അരഗ്ലാസ്സ്. അതില്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാര ഇടുക. പഞ്ചസാര അലിഞ്ഞാല്‍ ആ കടുകുവെള്ളം, തയ്യാറാക്കിവെച്ചിരിക്കുന്ന അപ്പത്തിനുമുകളിലേക്ക് ഒഴിക്കുക. മല്ലിയില തൂവുക. കമന്‍ റെഡി.


ഇതിന് മധുരം, അല്പം പുളി (സിട്രിക് ആസിഡിന്റെ) എന്നിവ ഉണ്ടാവും.
നല്ല പതുപതുങ്ങനെ ഉണ്ടാവും ഇത്. അലിഞ്ഞുപോകും വായില്‍.
മൈക്രോവേവിലും, ഇഡ്ഡലിപ്പാത്രത്തിലും ഇത് ഉണ്ടാക്കിയെടുക്കാം.
നന്ദി:- വിലപ്പെട്ട സമയം കളഞ്ഞ് ഇതുണ്ടാക്കിക്കാണിച്ചു തന്ന, എന്റെ
അനിയത്തിക്കുട്ടിയുടെ കൂട്ടുകാരിക്ക്. ഞാന്‍ സ്വയം ചെയ്തു, നന്നായിരുന്നു, കാണൂ എന്ന് അവളോട് പറയാന്‍ എനിക്ക് സന്തോഷം. വളരെയധികം.

Wednesday, February 06, 2008

അരിക്കൊണ്ടാട്ടം

വേനല്‍ക്കാലം വന്നു. ഇപ്പോഴാണ് വെയിലത്തുണക്കിയെടുത്ത് കൊണ്ടാട്ടങ്ങളും, പപ്പടങ്ങളും ഒക്കെ ഉണ്ടാക്കിക്കരുതിവയ്ക്കാന്‍ കഴിയുന്നത്. കൊണ്ടാട്ടങ്ങളിലെ ഒന്നാണ് അരിക്കൊണ്ടാട്ടവും. നല്ല വേനല്‍ക്കാലത്ത് വെയിലത്തുണക്കിവെച്ചാല്‍ എപ്പോ വേണമെങ്കിലും വറുത്ത് കഴിക്കാം. അരിപൊടിച്ചാണുണ്ടാക്കുന്നത് ഇത്. ചോറുകൊണ്ടും ഉണ്ടാക്കിയെടുക്കാം. കുറേ ചോറ് ബാക്കിയായാല്‍ ഇങ്ങനെ വല്ലതും ഉണ്ടാക്കി, ചോറ് പാഴാക്കാതിരിക്കാം.

വീട്ടില്‍ ഉണ്ടാക്കുന്ന കൊണ്ടാട്ടത്തിന്റെ രീതി ഇങ്ങനെയാണ്.
നന്നായിപ്പൊടിച്ച അരി
മുളകുപൊടി
ഉപ്പ്
ജീരകം
എള്ള് ആവശ്യമെങ്കില്‍
‍കായം

അരിപ്പൊടിയ്ക്ക് ആവശ്യമായ രീതിയില്‍ ഇതൊക്കെ നിങ്ങളുടെ രുചിയ്ക്ക് അനുസരണമായി ചേര്‍ക്കുക. ഒരു ഗ്ലാസ്സ് അരിപ്പൊടി കൊണ്ട് ആദ്യം നന്നായി ഉണ്ടാക്കി നോക്കിയിട്ട് വലിയ തോതില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക.
ഒരു പാത്രത്തില്‍ വെള്ളം തിളയ്ക്കാന്‍ വയ്ക്കുക. ഒരുഗ്ലാസ്സിന് നാലഞ്ച് ഗ്ലാസ്സ് വെള്ളം വേണ്ടിവരും. തിളയ്ക്കുന്ന വെള്ളത്തിലേക്ക് അരിപ്പൊടി ഇട്ട് കുറുക്കുക. നന്നായി കുറുകിക്കഴിഞ്ഞ് വാങ്ങിയാല്‍, ബാക്കിയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് കുഴയ്ക്കുക.


മുറുക്ക് പിഴിയുന്ന നാഴിയിലിട്ട് പ്ലാസ്റ്റിക് കടലാസ്സിലേക്കോ, തുണിയിലേക്കോ പിഴിയുക. നക്ഷത്രച്ചില്ലോ, വേറെ ചില്ലോ ഇട്ട് പിഴിയുക.




ആകൃതിയൊന്നും നോക്കേണ്ട. നീളത്തില്‍ നീളത്തില്‍ നിങ്ങള്‍ക്കാവുന്നതുപോലെ പിഴിഞ്ഞാല്‍ മതി. നാഴിയിലൂടെ പിഴിയാന്‍ പാകത്തിനുള്ള കൂട്ട് ആവണം. കുറുക്കിക്കഴിഞ്ഞ് ബാക്കിയൊക്കെ ഇട്ടതിനുശേഷം വെള്ളം പോരെന്നുണ്ടെങ്കില്‍ ചൂടുവെള്ളം ചേര്‍ത്ത് കുഴയ്ക്കുക. മിക്കവാറും ആവശ്യം വരില്ല.



പിഴിയുമ്പോള്‍ ഇങ്ങനെയൊന്ന് പരീക്ഷിച്ചു.
പിഴിഞ്ഞതിനുശേഷം നല്ല വെയിലത്തുവെച്ച് നന്നായി ഉണങ്ങുന്നതുവരെ ഉണക്കുക. ഇടയ്ക്ക് വെയിലത്ത് വയ്ക്കാതെയൊന്നും ഇരിക്കരുത്. നന്നായി ഉണങ്ങിയാല്‍ കുറേക്കാലം ഇരിക്കും.


വറുത്ത് കഴിക്കുക.

ഇവിടെ ഉണ്ടാക്കിയത് നന്നായിരുന്നു. നിങ്ങളുണ്ടാക്കിയാല്‍ അതിനേക്കാള്‍ നന്നാവും. ശരിക്കും വെളുത്തനിറം ആവും. ഞാന്‍ നന്നായി എണ്ണയിലിട്ട് അല്‍പ്പം ചോപ്പിച്ചു.
സാബൂദന/സാഗോ ചേര്‍ത്തും ഉണ്ടാക്കും. പപ്പടവും കൊണ്ടാട്ടവുമൊക്കെ. പല രീതിയിലും ഉണ്ട്. ഇവിടെപ്പറഞ്ഞിരിക്കുന്നത് ഞാന്‍ ചെയ്തിരിക്കുന്നതുപോലെ അരി മാത്രം ഉള്ളതാണ്. എളുപ്പരീതിയില്‍.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]