Monday, November 05, 2012

മൂന്നുള്ളിച്ചമ്മന്തി

ഈ ചമ്മന്തി എളുപ്പത്തിലുണ്ടാക്കാം.  സ്വാദൊക്കെയുണ്ട്. യാത്രയിലൊക്കെ കൊണ്ടുപോകാം.


വേണ്ടത്:-

വല്യുള്ളി രണ്ട്,
കുഞ്ഞുള്ളി പന്ത്രണ്ട്,
വെളുത്തുള്ളി പതിനെട്ട് അല്ലി
ചുവന്ന മുളക്/ വറ്റൽ മുളക് - അഞ്ചോ ആറോ,
കറിവേപ്പില - കുറച്ച് ഇല,
കായം - പൊടിയോ കഷ്ണമോ കുറച്ച്,
പുളി - നെല്ലിക്കാവലുപ്പം,
ഉഴുന്നുപരിപ്പ് -  മൂന്ന് ടീസ്പൂൺ,
കടലപ്പരിപ്പ് -  മൂന്ന് ടീസ്പൂൺ,
വെളിച്ചെണ്ണയും കുറച്ചുപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും.

ഉള്ളികളുടെ തോലു കളയുക, കഴുകുക. വല്യുള്ളിയും കുഞ്ഞുള്ളിയും കഷണങ്ങളാക്കുക. അധികം ചെറുതൊന്നുമാക്കേണ്ട. വെളിച്ചെണ്ണ ചൂടാക്കി പരിപ്പുകൾ വഴറ്റുക. വാങ്ങി മാറ്റുക.
ഉള്ളികളും മുളകും വഴറ്റുക. കറിവേപ്പില ഇടുക. മൊരിഞ്ഞാൽ പുളിയും കായവും ഇടുക. ഇളക്കി വാങ്ങുക. പരിപ്പ് ആദ്യം ഒന്നു മിക്സിയിൽ തിരിക്കാം. പിന്നെ ബാക്കിയെല്ലാം കൂടെ ഇടുക. ഉപ്പും പഞ്ചസാരയും ഇടുക. നന്നായി അരയ്ക്കുക.പഞ്ചസാര വേണ്ടെങ്കിൽ ഒഴിവാക്കാം. അളവ് കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ മാറിയാലും കുഴപ്പമില്ല.

Saturday, November 03, 2012

തിന മുറുക്ക്

തിനയും ചാമയെപ്പോലെതന്നെയുള്ള ഒരു ധാന്യമാണ്. പണ്ടത്തെക്കാലത്തുതന്നെയാണ് അതും കൂടുതലായിട്ട് നമ്മുടെ നാട്ടുകാർ കഴിച്ചിരുന്നത് എന്നു തോന്നുന്നു.  തിന കൊണ്ട് ഉപ്പുമാവാണ്
കേട്ടിട്ടുള്ളത്. ഉപ്പുമാവിനോട് വല്യ പ്രിയം ഇല്ലാത്തതുകൊണ്ട് ഞാൻ ഉപ്പുമാവ് പരീക്ഷിച്ചില്ല. അമ്മ പരീക്ഷിച്ചു. തിനയ്ക്ക് നല്ല വേവുണ്ട് എന്നു കണ്ടുപിടിച്ചു. അതായത് തിന വേവാൻ സമയം
എടുക്കും. അല്ലെങ്കിൽ കുക്കറിൽ വയ്ക്കേണ്ടിവരും. ഇനി ഞാൻ പരീക്ഷിച്ചാൽ പറയാം. ഇപ്പോ, തിന കൊണ്ട് മുറുക്കു മതി എന്നുവെച്ചു. അതാവുമ്പോൾ കറുമുറെ ശബ്ദം ഉണ്ടാക്കി തിന്നാലോ.ഇതാണ് തിന (Foxtail Millet) (Setaria Italica). തമിഴിൽ തിനൈ എന്നും തെലുങ്കിൽ കൊറല്ലു/കൊറാലു  എന്നും കന്നടയിൽ നവനെ (നവണെ) എന്നും പറയും (വിക്കിപീഡിയയോടു കടപ്പാട്).

മുറുക്കുണ്ടാക്കിയത് എങ്ങനെയെന്നു പറയാം. സാദാ മുറുക്കുണ്ടാക്കുന്നതുപോലെത്തന്നെ. തിന വെള്ളത്തിൽ നാലു മണിക്കൂർ കുതിർത്തിട്ടു. അരിച്ചുകഴുകി വെള്ളം ഉണങ്ങാൻ വെച്ചു. തുണിയിൽ
ഇടുകയോ അടച്ചു കമഴ്ത്തിയിടുകയോ ചെയ്യാം.

ഒന്ന് ഉണങ്ങിക്കഴിഞ്ഞ് പൊടിച്ചു. അരിപ്പയിൽ അരിച്ചു മിനുസപ്പൊടി എടുത്തു. ഉഴുന്നു വറുത്തുപൊടിച്ചു.

തിനപ്പൊടി രണ്ടു ഗ്ലാസും, ഉഴുന്നുപൊടി അര ഗ്ലാസും എടുത്തു. അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ കറുത്ത എള്ള്, അല്പം കായം പൊടി, അല്പം ചൂടാക്കിയ വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ്, അല്പം അജ്വൈയ്ൻ/ഓമം/അയമോദകം ചേർത്തു.  നോർത്തിന്ത്യയിലൊക്കെ മിക്സ്ചറിലും മുറുക്കിലുമൊക്കെ ആ സംഗതി ചേർക്കും.
വെള്ളവും ചേർത്തു കുഴച്ചു.

മുറുക്കിന്റെ നാഴിയിൽ ഇട്ട് പ്ലാസ്റ്റിക് ഷീറ്റിലേക്കു പിഴിഞ്ഞു. വെളിച്ചെണ്ണയിൽ വറുത്തെടുത്തു.


അളവൊക്കെ കുറച്ച് മാറിയാലും പ്രശ്നമൊന്നുമില്ല. മുളകുപൊടി അധികമാക്കാം.  വേണ്ടെങ്കിൽ
ചേർത്തില്ലെങ്കിലും സാരമില്ല. അങ്ങനെ എല്ലാം കുറച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റണമെങ്കിൽ മാറ്റാം. ഈ അളവിൽ മുറുക്കു നന്നായിരുന്നു.

തിന വെള്ളത്തിലിടാതെ പൊടിച്ചും മുറുക്കുണ്ടാക്കിയാൽ കുഴപ്പമില്ലെന്നു തോന്നുന്നു.

Friday, November 02, 2012

ചാമ ദോശ


ചാമ പണ്ടുകാലത്ത് ആൾക്കാർ ഇഷ്ടം‌പോലെ കഴിച്ചിരുന്ന ഒന്നാണ്. ചാമച്ചോറും ചാമക്കഞ്ഞിയും പണ്ടുകാലത്ത് ഉണ്ടാക്കിക്കഴിച്ചിരുന്നു എന്ന് പലരിൽ നിന്നും കേട്ടും പലയിടത്തുനിന്നും വായിച്ചും അറിഞ്ഞു. എന്നാൽ‌പ്പിന്നെ ചാമ തന്നെ ആയ്ക്കോട്ടെ എന്നുവിചാരിച്ചു. ഞാൻ ചാമകൊണ്ട് ദോശയുണ്ടാക്കാൻ തീരുമാനിച്ചു.ഇത്  ചാമ നന്നായി വൃത്തിയാക്കുന്നതിനുമുമ്പേയുള്ളതാണ്. ഇതിൽ പുല്ലും പൊടിയും കല്ലും ഒക്കെയുണ്ടാവും.ഇത് വൃത്തിയാക്കിയ ചാമ.

സാമൈ എന്നും തമിഴിലും, സാവക്കി എന്നു കന്നടയിലും , Little Millet എന്നു ഇംഗ്ലീഷിലും ചാമ അറിയപ്പെടുന്നു എന്നാണു ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്. Panicum Sumatrence എന്നാണിതിന്റെ ശാസ്ത്രീയനാമം.

ചാമകൊണ്ടു ദോശയുണ്ടാക്കാ‍ൻ വല്യ എളുപ്പമാണ്.  ചാമ ഒരു ഗ്ലാസ്, പുഴുങ്ങലരി ഒരു ഗ്ലാസ്, ഉഴുന്ന് കാൽ ഗ്ലാസ്, ഉലുവ ഒരു ടീസ്പൂൺ എന്നിവ വെള്ളത്തിൽ നാലഞ്ചുമണിക്കൂർ കുതിർത്തു വയ്ക്കണം. കഴുകി മിനുസമായിട്ട് അരയ്ക്കണം. ഉപ്പും ചേർത്തു വയ്ക്കണം. അരയ്ക്കുമ്പോൾ അല്പം വെള്ളം ചേർത്താൽ മതി. തലേദിവസം അരച്ച് പിറ്റേന്ന് ദോശയുണ്ടാക്കുന്നതാണ് ഇവിടെ പതിവ്. പുളിച്ചത് ഇഷ്ടമില്ലാത്തവർക്ക് അരച്ചപാടേ ദോശയുണ്ടാക്കാം. ഉഴുന്നു കുറയ്ക്കണമെങ്കിൽ കുറയ്ക്കാം. അരിയില്ലാതെയും, ചാമ  ദോശയുണ്ടാക്കാം. എനിക്കത്ര ഇഷ്ടമായില്ല.ചാമദോശയും ചമ്മന്തിയും.

 പഴഞ്ചൊല്ല് :- ചാമച്ചോറുണ്ടു ചെടിച്ചവനുണ്ടോ, ചെന്നേടത്തെ ചാമപ്പുത്തരിയ്ക്കു കൊതി?

Wednesday, July 11, 2012

കുരുമുളകുകാപ്പി

അമ്മയാണ് കുരുമുളകുകാപ്പിയുണ്ടാക്കാൻ പറഞ്ഞുതന്നത്. ഞങ്ങളിപ്പോ രാവിലെ കുടിക്കുന്ന സാദാ കാപ്പിക്കു പകരം ഇതും ഇടയ്ക്കു കുടിക്കാറുണ്ട്. നിങ്ങൾക്കും വേണമെങ്കിൽ പരീക്ഷിക്കാം.


കുരുമുളക് രണ്ട് ടേബിൾസ്പൂൺ, ഏലക്കായ അഞ്ചെണ്ണം തോലുകളഞ്ഞെടുത്തത്, ജീരകം ഒരു ടീസ്പൂൺ, കാൽ ടീസ്പൂൺ ചുക്കുപൊടി എന്നിവ ഒരുമിച്ചുപൊടിക്കുക. കുരുമുളകുകാപ്പിപ്പൊടി തയ്യാർ.


ഒരു ഗ്ലാസ് കാപ്പിക്കുവേണ്ടി ഒന്നേകാൽ ഗ്ലാസ് വെള്ളം ചൂടാക്കാൻ വയ്ക്കുക. സ്പൂണിന്റെ അറ്റത്ത് മാത്രം അല്പം കുരുമുളകുകാപ്പിപ്പൊടിയെടുത്ത് ഇടുക. ശർക്കര ഒരു കഷണം ഇടുക. അല്പനേരം തിളച്ചു കുറുകണം. കുറുകിയാൽ സാദാ കാപ്പിപ്പൊടി അളവു നോക്കി ഇടുക. തിളച്ചാൽ വാങ്ങുക. അല്പനേരം വെച്ചിട്ട് അരിച്ചെടുത്താൽ കുടിക്കാം.


കാപ്പിപ്പൊടിയും, കുരുമുളകുകാപ്പിപ്പൊടിയും ശർക്കരയും ഒക്കെ നിങ്ങളുടെ അളവനുസരിച്ച് ഇടുക. പാൽ കഴിക്കാൻ പറ്റാത്തവർക്കും, ജലദോഷം ഉള്ളവർക്കും, കഫക്കെട്ട് ഉള്ളവർക്കും ഒക്കെ നല്ലതായിരിക്കും ഈ കാപ്പി. കഫം ഇളകിപ്പോകാൻ സാദ്ധ്യതയുണ്ട്.

Sunday, July 01, 2012

കൂട്ടുപെരക്ക്

പെരക്ക് പച്ചടിപോലെയുള്ള ഒരു വിഭവമാണ്. പെരക്കിനു കഷണങ്ങൾ വേവിയ്ക്കില്ല. പച്ചടിയ്ക്കു വേവിയ്ക്കും. പുളിയില്ലാത്ത കറി വെയ്ക്കുമ്പോൾ പച്ചടിയോ പെരക്കോ സലാഡോ ഒക്കെ ഉണ്ടാക്കുന്നതു നല്ലതാണ്.

 കൂട്ടുപെരക്കിനു വേണ്ടത് ഇവയൊക്കെയാണ്:-


ഒരു തക്കാളി.
ഒരു വലിയ മാങ്ങ.
ഒരു വലിയ ഉള്ളി (സവാള).
രണ്ടു പച്ചമുളക്.
അര ടീസ്പൂൺ മുളകുപൊടി.
 കാൽ ടീസ്പൂൺ കടുക്.
അഞ്ചു ടേബിൾസ്പൂൺ തേങ്ങ.
കാൽ കപ്പ് തൈര്.
ഉപ്പ്.


തക്കാളിയും മാങ്ങയും ഉള്ളിയും വളരെച്ചെറുതാക്കി മുറിച്ചെടുക്കുക.മാങ്ങയുടെ തോലു കളയണം. പച്ചമുളകും ചെറുതാക്കി വട്ടത്തിൽ മുറിയ്ക്കുക.

തേങ്ങയിൽ കടുകുമിട്ട് അരയ്ക്കുക. അരയ്ക്കുമ്പോൾ പച്ചവെള്ളം ചേർക്കാതെ, മോരും വെള്ളം ചേർത്ത് അരയ്ക്കുക.

തക്കാളി, ഉള്ളി, മാങ്ങ, ഉപ്പ്, മുളകുപൊടി, പച്ചമുളക് എന്നിവ യോജിപ്പിച്ച്, തേങ്ങയരച്ചതും യോജിപ്പിച്ച്, തൈരും ചേർത്ത് യോജിപ്പിക്കുക.


മുളകുപൊടി നിങ്ങളുടെ ഇഷ്ടം‌പോലെ കൂട്ടിയോ കുറച്ചോ ഉപയോഗിക്കുക. നല്ല പുളിയുള്ള മാങ്ങയാണെങ്കിൽ പുളി അധികം ഇല്ലാത്ത തൈര് ഉപയോഗിക്കുക. മുളകുപൊടിയ്ക്കു പകരം, ചുവന്ന മുളക്, തേങ്ങയുടെ കൂടെ അരച്ചും ചേർക്കാം.

Thursday, May 24, 2012

അടമധുരം

അടപ്പായസം - പ്രഥമനും പാലടയും - ഇഷ്ടമല്ലേ? അടകൊണ്ടുണ്ടാക്കാമെന്ന് ഞാൻ മനസ്സിലാക്കിയെടുത്ത മറ്റൊരു വിഭവമാണ് ഇത്. ഇതിന് അടമധുരം എന്ന പേരിട്ടു. പായസം ഉണ്ടാക്കുന്നതുപോലെയുള്ള ജോലിയേ ഉള്ളൂ. അധികം വസ്തുക്കളൊന്നും വേണ്ട താനും.


അട - അര കപ്പ് - കഴുകിയശേഷം നല്ല ചൂടുവെള്ളത്തിൽ ഇട്ടു അടച്ചുവയ്ക്കണം. തിളച്ച വെള്ളത്തിൽ. പതിനഞ്ച് - ഇരുപതു മിനുട്ട്. അല്ലെങ്കിൽ അടയുടെ പായ്ക്കറ്റിനു പുറത്തു കാണുന്നതുപോലെ തയ്യാറാക്കി വയ്ക്കുക. വലിയ അടയാണെങ്കിൽ അളവ് അല്പം കുറച്ചെടുക്കുക.

പഞ്ചസാര - അര കപ്പ് + രണ്ട് ടേബിൾസ്പൂൺ. (മധുരം നിങ്ങളുടെ അളവിൽ ഇടുക).

അണ്ടിപ്പരിപ്പ്, മുന്തിരി, എന്നിവ കുറച്ച്. ബദാമും പിസ്തയും ഒക്കെയുണ്ടെങ്കിൽ അതും ആവാം.

കസ്റ്റാർഡ് പൊടി (custard powder) - ഇരുപതു ഗ്രാം. (ഒന്നൊന്നര ടേബിൾസ്പൂൺ). വാനില രുചിയുള്ളത്. (Vanilla Flavour)

പാൽ - അര ലിറ്റർ + കസ്റ്റാർഡ് പൊടി കലക്കാൻ കുറച്ച്.

പാൽ തിളപ്പിക്കുക. പാടയുണ്ടെങ്കിൽ എടുത്തുകളയേണ്ട ആവശ്യമില്ല. അതിലേക്ക് ചൂടുവെള്ളത്തിലിട്ട അട ഊറ്റിയെടുത്ത് ഇടുക. തീ കുറച്ചുവെച്ച് നന്നായി വേവിക്കുക. നല്ലോണം വേവണം. ഇളക്കിക്കൊടുക്കയും വേണം. പാൽ കുറച്ചുകൂടെ വേണമെങ്കിൽ എടുക്കാം. പക്ഷേ, അട വെന്താൽ പാൽ കുറുകണം. അത്രയ്ക്കുള്ള പാലേ എടുക്കേണ്ടൂ. അട നന്നായി വെന്താൽ പഞ്ചസാര ഇട്ടിളക്കുക. അതും നന്നായി യോജിപ്പിക്കുക. കസ്റ്റാർഡ് പൊടി അല്പം പാലിൽ കലക്കി അടക്കൂട്ടിലേക്ക് ഒഴിക്കുക. ഇളക്കി കുറുക്കുക. കസ്റ്റാർഡ് പൊടിക്കുള്ള പഞ്ചസാര കൂടെ ആദ്യം ഇടണം. കുറുകിയാൽ വാങ്ങിവെയ്ക്കുക.


തണുത്താൽ അണ്ടിപ്പരിപ്പ്, മുന്തിരി തുടങ്ങിയവയൊക്കെ ഇട്ട് ഇളക്കിവയ്ക്കുക. ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. തണുത്താൽ കഴിക്കുക.

എന്ത്? പായസം അങ്ങനെതന്നെ കുടിച്ചാൽ പോരേ, എന്തിനാ കസ്റ്റാർഡ് പൊടിയൊക്കെ ഇട്ടു തിളപ്പിച്ചു തണുപ്പിക്കുന്നത് എന്നോ?

 “എന്താ...അതെന്താ..അല്ലിക്ക് ആഭരണമെടുക്കാൻ ഞാൻ കൂടെ പോയാല്?”

Sunday, April 29, 2012

പുതിനച്ചോറ്

പുതിനയിലച്ചോറ്. ഇത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. പുതിനയില വേണം. പിന്നെക്കുറച്ചു സാധനങ്ങളും. അതൊക്കെ മിക്കവാറും വീട്ടിലുണ്ടാവും.


പുതിനയില - അര കപ്പ്. ചെറുതായി മുറിച്ചുവയ്ക്കുക.
മല്ലിയില - അര കപ്പ്. ചെറുതായി മുറിച്ചുവയ്ക്കുക.
അരി - പച്ചരിയാണു നല്ലത്. ബസ്മതിയുമാവാം. പിന്നെ അതൊന്നുമില്ലെങ്കിൽ പുഴുങ്ങലരി - അര കപ്പ്.
ജീരകം - കാൽ ടീസ്പൂൺ.
പുലാവ് മസാലപ്പൊടി - ഒരു ടീസ്പൂൺ.
വലിയ ഉള്ളി - ഒന്ന്. ചെറുതായി മുറിയ്ക്കുക.
നിലക്കടല - ഒരു ടേബിൾസ്പൂൺ.
ഉണക്ക മുന്തിരി - ഒരു ടേബിൾസ്പൂൺ.
നെയ്യ്, ഉപ്പ് എന്നിവ ആവശ്യത്തിന്. അല്പം മഞ്ഞൾപ്പൊടിയും.

അരി, പാകത്തിനു ഉപ്പുമിട്ടു വേവിച്ചുവയ്ക്കുക. നെയ്യ് ചൂടാക്കി, ആദ്യം ജീരകം ഇടുക. നിലക്കടലയും, മുന്തിരിയും ഇടുക. മൊരിഞ്ഞാൽ ഉള്ളി ഇടുക.
ഉള്ളി വേവുന്നതുവരെ/മൊരിയുന്നതുവരെ വഴറ്റിക്കൊണ്ടിരിക്കുക. മല്ലിയിലയും പുതിനയിലയും ചേർക്കുക. വഴറ്റുക. അല്പം മഞ്ഞൾപ്പൊടിയിടുക. പുലാവ് മസാലയും ഇടുക. നന്നായി യോജിപ്പിക്കുക. അല്പം ഉപ്പിടാം. അല്പനേരം ഇളക്കിക്കൊണ്ടിരിക്കുക. അതിലേക്ക്, വേവിച്ച് ചോറ് ഇട്ടിളക്കുക. നന്നായി ചേർന്നശേഷം വാങ്ങിവയ്ക്കുക.

ഒക്കെ തീ കുറച്ചുവെച്ചിട്ട് വഴറ്റുക.
എല്ലാം വഴറ്റിയശേഷം നെയ്യ് കുറച്ചും കൂടെ വേണമെങ്കിൽ ചേർക്കാം. ചോറ് ചേർക്കുന്നതിനുമുമ്പ്.
നിലക്കടലയ്ക്കു പകരം അണ്ടിപ്പരിപ്പും ചേർക്കാം.

സാലഡ്/സലാഡ് കൂട്ടിക്കഴിക്കാം.

Monday, April 02, 2012

ചുരയ്ക്ക മാങ്ങാക്കൂട്ടാൻ
Bottle gourd ആണിത്. ചുരയ്ക്ക എന്നും ചുരങ്ങ എന്നുമാണ് ഇതിനെ മലയാളത്തിൽ വിളിക്കുന്നത്. കുമ്പളങ്ങ പോലെയൊക്കെയുള്ള ഒന്നാണിത്. ദൂധി അല്ലെങ്കിൽ ലൌകി എന്നു ഹിന്ദിയിലും സോറേക്കായി (സൊറെക്കായി) എന്നു കന്നടയിലും, തുംബീ, അലാബൂ എന്നു സംസ്കൃതത്തിലും ഇത് അറിയപ്പെടുന്നു. (വിക്കിപ്പീഡിയയോടു കുറച്ചു കടപ്പാട്).

ചുരങ്ങ ഉണങ്ങിയാൽ വെള്ളത്തിൽ താഴാത്തതിനാലാണ് അലാബു: എന്ന അർത്ഥം വന്നതെന്ന് അമരകോശത്തിൽ പറയുന്നു. (മലയാളത്തിലുള്ള അമരകോശമാണിവിടെയുള്ളത്.)


ചുരയ്ക്കയും ഇട്ടൊരു മാങ്ങാക്കൂട്ടാൻ അതാണിവിടെ ഉണ്ടാക്കിയത്. ഒരു സാദാ കൂട്ടാൻ.
ചുരയ്ക്ക തോലും കുരുവും കളഞ്ഞ് കഷണങ്ങളാക്കിയത് - ഒരു കപ്പ്. (ചിത്രത്തിൽ ഉള്ള ചുരയ്ക്കയുടെ പകുതി എടുത്താൽ മതി)
മാങ്ങ ചെറുത് - രണ്ട്. തോലുകളഞ്ഞ് നുറുക്കിയത് അഥവാ മുറിച്ചത്.
തേങ്ങ - അഞ്ചോ ആറോ ടേബിൾസ്പൂൺ.
ജീരകം - ഒരു ടീസ്പൂൺ. അര ടീസ്പൂൺ ആയാലും മതി.
ചുവന്ന മുളക്/വറ്റൽ മുളക് - നാല്. (എരിവു പാകം നോക്കി കൂട്ടുക).
മഞ്ഞൾപ്പൊടി, ഉപ്പ്.
വറവിടാനുള്ളത് - കടുക്, കറിവേപ്പില, ചുവന്ന മുളക്, വെളിച്ചെണ്ണ.

തേങ്ങയും ജീരകവും മുളകും മിനുസമായി അരയ്ക്കുക. ചുരയ്ക്കയും മാങ്ങയും ഉപ്പും മഞ്ഞളുമിട്ട് വേവിക്കുക. അധികം വെള്ളം വേണ്ട. രണ്ടും വേഗം വേവും എന്നതും ഓർമ്മിക്കുക. വെന്താൽ അതിൽ തേങ്ങയരച്ചത് കൂട്ടുക/ചേർക്കുക. തിളപ്പിക്കുക. ആവശ്യമനുസരിച്ചു വെള്ളവും ചേർക്കുക. തിളച്ചാൽ വാങ്ങിവെച്ച് വറവിടുക.
വറ്റൽ മുളകിനു പകരം മുളകുപൊടിയിട്ടാലും മതി. വേവിക്കുമ്പോൾ പാകത്തിന് ഇടുക. മാങ്ങ തോലോടെയാണ് ഇട്ടത്. കുഴപ്പമൊന്നും തോന്നിയില്ല.

Saturday, March 24, 2012

സോയാബീൻ മസാലക്കറി

സോയാബീൻ(soyabean) ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. സോയാബീൻസ് പൊടിച്ചുണ്ടാക്കുന്ന പൊടി കൊണ്ടു ചപ്പാത്തിയുണ്ടാക്കാം. സോയാബീൻസിൽ നിന്നുണ്ടാക്കുന്ന പാലാണ് സോയാ മിൽക്ക് (soy milk). സാദാ പാലുകൊണ്ടു പനീർ ഉണ്ടാക്കുന്നതുപോലെ, സോയ് മിൽക്കിൽ നിന്നുണ്ടാക്കുന്ന പനീർ പോലെയുള്ള വസ്തുവാണ് തോഫു (ടോഫു - Tofu). പിന്നെ സോയാബീനുകൊണ്ടുതന്നെ ഉണ്ടാക്കിക്കിട്ടുന്ന ഒരു വസ്തുവാണ് സോയ ചങ്ക്സ്. സോയാബീനിന്റെ അവശിഷ്ടം ആണെന്നു തോന്നുന്നു. അതു ബിരിയാണിയിലും പുലാവിലും ഒക്കെ ഇടും. (എനിക്കറിയാവുന്നത്(ഞാൻ മനസ്സിലാക്കിയത്) പറഞ്ഞതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തുക.)
സോയാബീൻസ് കൊണ്ടൊരു കറിയാണ് ഞാനുണ്ടാക്കിയത്. സാദാ മസാലക്കറി.

സോയാബീൻ - ഒരു കപ്പ് (കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഒരു കപ്പു നിറച്ചും ഉണ്ടാവും.)
വലിയ ഉള്ളി അഥവാ സവാള - രണ്ടെണ്ണം.
തക്കാളി - ഒന്ന്.
പച്ചമുളക് - രണ്ട്.
വെജിറ്റബിൾ മസാല - രണ്ടു ടീസ്പൂൺ. (അതില്ലെങ്കിൽ ഗരം മസാലയോ, മുളകുപൊടിയും മല്ലിപ്പൊടിയും ചേർന്നതോ, ഏതെങ്കിലും ഒന്നു ചേർത്താലും മതി.)
ജീരകം - ഒരു ടീസ്പൂൺ.
മഞ്ഞൾപ്പൊടി, ഉപ്പ്, പാചകയെണ്ണ, കടുക് എന്നിവ ആവശ്യത്തിന്.
കുറച്ചു മല്ലിയിലയും കറിവേപ്പിലയും.

സോയാബീൻ ഒരു മൂന്നു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവയ്ക്കണം എന്നാണെന്റെ അഭിപ്രായം. ഞാൻ രാത്രി കുതിർത്തുവെച്ചിട്ട് രാവിലെയാണുണ്ടാക്കിയത്.

അതു കഴിഞ്ഞ് മഞ്ഞൾപ്പൊടിയും ആവശ്യത്തിനുമാത്രം വെള്ളവുമൊഴിച്ചു വേവിക്കുക. നന്നായി വേവും. മുകളിലുള്ള തൊലി വേറെയാവും ചിലപ്പോൾ. വെന്തു വാങ്ങിവെച്ചാൽ ഉപ്പിട്ടിളക്കി വയ്ക്കുക.

പാചകയെണ്ണ (ഏതുമാവാം) ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ജീരകം ഇട്ട്, പിന്നെ കറിവേപ്പിലയും ഉള്ളിയും പച്ചമുളകും ഇട്ട് നന്നായി വഴറ്റുക. ഉള്ളി വെന്താൽ തക്കാളിയും ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും ഇഷ്ടമുണ്ടെങ്കിൽ അതിന്റെ പേസ്റ്റും ചേർക്കാം.

അതിലേക്ക് മസാലപ്പൊടി ഏതാണുള്ളതെന്നുവെച്ചാൽ ഇടുക. അതും ഒന്നു വഴറ്റിയശേഷം അല്പം വെള്ളമൊഴിക്കുക. സോയാബീൻ വെന്തതിൽ വെള്ളമുണ്ടെങ്കിൽ അത് ഒഴിച്ചാൽ മതി.

പച്ചവെള്ളമാണ് ഒഴിക്കുന്നതെങ്കിൽ അതു തിളച്ചശേഷം സോയാബീൻ വേവിച്ചത് ഇട്ടിളക്കുക. അല്ലെങ്കിൽ സോയാബീനും വെള്ളവും ഒരുമിച്ചൊഴിക്കാം. നന്നായി ഇളക്കിയോജിപ്പിച്ചിട്ട് അല്പനേരം അടച്ചുവെച്ച് കുറച്ചു തീയിൽ വേവിക്കുക. ഉപ്പും മസാലയുമൊക്കെ എല്ലാത്തിനും പിടിക്കണമല്ലോ. വെള്ളം അധികം ഉണ്ടെങ്കിൽ പാകം നോക്കി വറ്റിക്കുക. ചിലർക്ക് വെള്ളം ഉള്ള കറിയാവും ഇഷ്ടം. ചിലർക്ക് ഡ്രൈ കറിയാവും ഇഷ്ടം. അതിനനുസരിച്ചു ചെയ്യുക. വാങ്ങിവെച്ചാൽ മല്ലിയില തൂവുക. ഇവിടെ ഇലയുടെ കൂടെ മല്ലിപ്പൂവും ഉണ്ടായിരുന്നു.ചോറിന്റേയോ ചപ്പാത്തിയുടേയോ കൂടെയോ ഒക്കെ കഴിക്കാം. ചൂടുകാലത്ത് കുറേ നേരത്തേക്കൊന്നും ഈ കറി ഇരിക്കില്ല. കുറച്ചുണ്ടാക്കുക. ഇത് കുറേപ്പേർക്കുണ്ടാവും. അളവു നോക്കിയിട്ട് ഉണ്ടാക്കുക.
ഇതെനിക്കു വിളമ്പിവെച്ചതാണോന്നോ? ഹും...പെണ്ണുങ്ങളായാൽ അല്പസ്വല്പം തടിയൊക്കെ ആവാമെന്ന് വിദ്യാബാലൻ പറഞ്ഞിട്ടുണ്ട്.
ഇതാണ് സോയാബീൻ ചങ്ക്സ്/ചംഗ്സ്. (Soya Nuggets). കുറച്ചുകൂടെ വലുപ്പത്തിലും ഇതു കിട്ടും. ബിരിയാണിയിൽ ഇട്ടിരുന്നു ഞാൻ.
ഇത് സോയാബീൻ ഗ്രാന്യൂൾസ് (Granules) ആണ്. റവ പോലെയുണ്ട്. ഇതുകൊണ്ടും പല വിഭവങ്ങൾ ഉണ്ടാക്കാം. സോയാ ചങ്ക്സ് പൊടിച്ചുവെച്ചതാണെന്നു വിചാരിക്കേണ്ട. ഗ്രാന്യൂൾസ് തന്നെ വാങ്ങിയതാണ്. അതിന്റെ പായ്ക്കറ്റിനു മുകളിൽ കൊടുത്തിരിക്കുന്നത് - അടങ്ങിയിരിക്കുന്നത്- സോയ ഡിഫാറ്റഡ് (soya (defatted)) എന്നാണ്. എന്തെങ്കിലും വിഭവം ഉണ്ടാക്കിയിട്ട് വേറെ പോസ്റ്റ് ഇടാം.

ഇത് സോയാപ്പാൽ. ഇതിൽ ഫ്ലേവറുകളും, വേറെ എന്തൊക്കെയോ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. പല ഫ്ലേവറുകളിലും കിട്ടും.

തോഫു/ടോഫു കിട്ടിയില്ല. എവിടെയെങ്കിലും യാത്ര പോകുമ്പോൾ വാങ്ങിക്കൊണ്ടുവരാം.

Tuesday, March 20, 2012

ശതകുപ്പ അഥവാ ചതകുപ്പ
ശതകുപ്പ അഥവാ ചതകുപ്പ എന്നാണ് ഈ ഇല/ ചെടി അറിയപ്പെടുന്നത്. Dill (Anethum graveolens) എന്നു ഇംഗ്ലീഷിൽ. (കട. വിക്കി.) ഔഷധഗുണമുള്ള ഒന്നാണിത്. ഷെപ്പി ഭാജി എന്നു കൊങ്കിണിയിലും, സൊവ്വാ സബ്ജി എന്നു ഹിന്ദിയിലും സബ്സിഗെ സൊപ്പ് എന്നു കന്നടയിലും ഇതിനെ പറയുന്നു.
കാരവീ മധുരാ ദീപ്യത്വക്പത്രീ കൃഷ്ണജീരകേ - ഇവയെല്ലാം ചതകുപ്പയുടെ പേരാണെന്ന് അമരകോശം.

ശത്വാഹാ ശതപുഷ്പാ മിസിഗ്‌ഘോഷാ ച പോതികാ/ അഹിച്ഛത്രാപ വാക്പുഷ്പീ മാധവീ കാരവീ ശിഫാ/ സംഘാതപത്രികാച്ഛത്രാ വജ്രപുഷ്പാ സുഗന്ധാ സൂക്ഷ്മപത്രികാ/ ഗന്ധാരികാതിച്ഛത്രാ ച ചതുർവ്വിംശതിനാമികാ എന്നു പര്യായങ്ങൾ എന്ന് അമരകോശത്തിൽ പറയുന്നു.

വിദേശത്തും ഇന്ത്യയിലും ഇത് ഔഷധങ്ങളിൽ അല്ലാതെ ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നുണ്ട്. ഇതിനു ഒരു കണ്ണിമാങ്ങയുടേയും, മാവിന്റെ ഇലയുടേയും ഒക്കെ മണമാണ് എനിക്കു തോന്നിയത്. വെറും തോന്നലാണോ എന്തോ!

ഇതുകൊണ്ടു വിവിധതരം കൂട്ടാ‍നുകൾ/കറികൾ ഉണ്ടാക്കാം.
ഇല തണ്ടുകളഞ്ഞ് നുള്ളിയെടുക്കണം. എന്തെങ്കിലുമൊക്കെ അതിൽ വസിക്കുന്നുണ്ടോന്നു നോക്കുന്നത് നല്ലതാണ്. നല്ലതുപോലെ നോക്കിയിട്ട് കഴുകിയെടുത്തു തണ്ടുകളഞ്ഞ് എടുത്താലും മതി.


ശതകുപ്പ സാമ്പാർ
തുവരപ്പരിപ്പ് കുറച്ചു വേവിച്ചു. ശതകുപ്പയിലയും, ഉപ്പും, മഞ്ഞൾപ്പൊടിയും, പുളി പിഴിഞ്ഞെടുത്ത വെള്ളവും കൂടെ വേവിച്ചു. അല്പം വെള്ളം ചേർക്കാം. വെന്തപ്പോൾ തുവരപ്പരിപ്പ് അതിലേക്കിട്ടു. അല്പം തേങ്ങയും സാമ്പാറുപൊടിയും കൂടെ അരച്ച് ഇതിൽ ചേർത്തു. കായം, സാമ്പാർ പൊടിയിൽ ഇല്ലെങ്കിൽ ഇതിലേക്ക് അല്പം ചേർക്കണം. നന്നായി തിളച്ചപ്പോൾ വാങ്ങിവെച്ച് വറവിട്ടു.


ശതകുപ്പച്ചപ്പാത്തി
ഗോതമ്പുപൊടി, ഉപ്പ്, ജീരകം, മുളകുപൊടി, കായം, അല്പം എണ്ണ, ശതകുപ്പയില പൊടിയായി അരിഞ്ഞത് എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ചു. അല്പനേരം വെച്ചു. ഉരുട്ടിപ്പരത്തി ചപ്പാത്തിയുണ്ടാക്കി. മല്ലിയിലയും, പച്ചമുളകും, വെളുത്തുള്ളിയും ഒക്കെ വേണമെങ്കിൽ ചേർക്കാവുന്നതാണ്.

ശതകുപ്പ കൊണ്ടുള്ള വിഭവങ്ങൾ ഇനിയും വരും.

Friday, February 24, 2012

വള്ളിച്ചീര

ഇന്ത്യൻ സ്പിനാച്ച് (Indian spinach) എന്നറിയപ്പെടുന്ന ചീരയാണിത്. Basella rubra എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ഇത് ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്ന ഒരു ഇലവർഗ്ഗമാണ്. വള്ളിച്ചീര എന്നാണ് ഇതിന്റെ മലയാളത്തിലെ പേര്. വീട്ടിൽ വളർത്താൻ വളരെ എളുപ്പമാണ്. ഇതിന്റെ തണ്ടിന്റെ ഒരു കഷണം മുറിച്ച് നടുകയേ വേണ്ടൂ. ഇതിന്റെ പാകം വന്ന തണ്ട് മുരിങ്ങാക്കോലുപോലെയാണ്. ഉള്ളിൽ മാംസളമായ ഭാഗവും, പുറത്ത് കുറച്ചു കട്ടിയിൽ തോലും. സ്വാദ്, സാദാ ചീരയുടെ സ്വാദ് തന്നെയാണ്. ഉപോദിക എന്നാണ് സംസ്കൃതത്തിൽ ഇതിന്റെ പേരെന്ന് ഒരു പുസ്തകത്തിൽ കണ്ടു. അമരകോശത്തിൽ, ഉപോദകീ എന്നതിനു വശളച്ചീര എന്നു കൊടുത്തിട്ടുണ്ട്. അത് ഇതാവാനാണ് സാദ്ധ്യത. (അല്ലെങ്കിൽ എന്നെ ഒന്നും പറയരുത്. ഞാനൊരു പാവമാണ്.)

ഇത് വള്ളിപോലെ വളരും. ഇതുകൊണ്ട് വളരെയധികം വിഭവങ്ങളുണ്ടാക്കാം. ചീര കൊണ്ടുണ്ടാക്കുന്നതുപോലെത്തന്നെ. പിന്നെ പാലക്ക് കൊണ്ടുണ്ടാക്കുന്നതുപോലെയും അനവധി വിഭവങ്ങൾ തയ്യാറാ‍ക്കാം.അതിന്റെ ഇലകൾ.
തണ്ടുകൾ.


വള്ളിച്ചീര പുളിങ്കറി.

കുറച്ചു തുവരപ്പരിപ്പും ചീരത്തണ്ടും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് വേവിച്ചു. അല്പം പുളിവെള്ളവും, ചീര ഇലകളും ഉപ്പിട്ട് വേവിച്ചു. അത് പാതി വേവായപ്പോൾ ആദ്യം വേവിച്ചതും ഇതിന്റെ കൂടെ ഇട്ടു. നന്നായി വെന്തപ്പോൾ, തേങ്ങയരച്ചത് ചേർത്തു. തിളച്ചപ്പോൾ വാങ്ങിവെച്ച് വറവിട്ടു. തേങ്ങയുടെ കൂടെ ജീരകവും കൂട്ടാം.വള്ളിച്ചീര ഇഡ്ഡലി

സാദാ ഇഡ്ഡലിമാവിൽ ചീരയില, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞിട്ടു. എന്നിട്ട് ഇഡ്ഡലിയുണ്ടാക്കി.
വള്ളിച്ചീര ബജ്ജി.

കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, എന്നിവ അല്പം വെള്ളത്തിൽ കുഴച്ച് അതിൽ ചീരയില ചെറുതായി മുറിച്ചിട്ടു. ചൂടായ വെളിച്ചെണ്ണയിൽ കുറേശ്ശെ ഒഴിച്ച് ബജ്ജിയുണ്ടാക്കിയെടുത്തു.

ചീരത്തണ്ട് ഞാനിവിടെ നട്ടിട്ടുണ്ട്. ശരിയാവുകയാണെങ്കിൽ ഇനിയും വിഭവങ്ങൾ പ്രതീക്ഷിക്കാം. എല്ലാർക്കും വീട്ടിൽ നടാൻ ഓരോ ചീരത്തണ്ടും തരാം.

(വിക്കിപീഡിയയോട് കുറച്ചു കടപ്പാട്.)

Tuesday, February 14, 2012

സ്ട്രോബെറി ചീസ് കേക്ക്

അങ്ങനെയിരിക്കുമ്പോഴാണല്ലോ പലതും സംഭവിക്കുന്നത്. അങ്ങനെയിരിക്കുമ്പോൾ ഞാൻ ഒരു കേക്കുണ്ടാക്കാൻ തീരുമാനിച്ചു. ഇതിനു കേക്ക് എന്ന പേരുണ്ടെങ്കിലും ഇതിനു ബേക്ക് ഇല്ല. വെറുതേ ഒരു കേക്ക് എന്നൊന്നും പറയാൻ പറ്റുകയുമില്ല. അതാണ് ചീസ് കേക്കുകൾ. ഇതൊക്കെ ആർക്കും ഉണ്ടാക്കാം.ചീസ് കേക്ക് ഉണ്ടാക്കുന്ന പാത്രമാണിത്.
ഇതിന്റെ അടിഭാഗത്തെ തട്ട് മുകളിലേക്ക് എടുക്കാം.
ആദ്യം കേക്കിന്റെ അടിഭാഗം ഉണ്ടാക്കണം. അതിനു പറ്റിയ ഏതെങ്കിലും സ്പോഞ്ച് കേക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ചീസ് കേക്ക് പാത്രത്തിന്റെ അടിയിൽ വയ്ക്കുക. കേക്ക് മുഴുവൻ വേണ്ട. രണ്ടാക്കിയോ മൂന്നാക്കിയോ വട്ടത്തിൽ മുറിച്ച് അതിന്റെ ഒരു ഭാഗം ഇട്ടാൽ മതി. അതു കുറച്ച് പഞ്ചാരപ്പാനി ഉണ്ടാക്കി കുതിർക്കണം. ഇനി കേക്കില്ലാത്തവർക്കു വേണ്ടിയാണ് ബിസ്ക്കറ്റ്. ഞാൻ ഒരു പത്തൊമ്പത് ബിസ്ക്കറ്റ് പൊടിച്ച് അതിന്റെ കൂടെ അല്പം ബട്ടറും, അല്പം പാലും ഒഴിച്ച് കുഴച്ച് ഇതിലിട്ടു. കുഴയ്ക്കുന്നത് ചപ്പാത്തിമാവിന്റെ പരുവത്തിലൊന്നും വേണ്ട. ബിസ്ക്കറ്റ് ഒന്നു മയത്തിൽ അടിയിൽ ഉറച്ചിരിക്കണം. ബട്ടർ മാത്രം ഉപയോഗിച്ചാൽ പ്രശ്നമൊന്നുമില്ലെങ്കിൽ അങ്ങനെയും ആവാം.

അത്രേ വേണ്ടൂ. എന്നിട്ടു ഒരു പതിനഞ്ച് ഇരുപതു മിനുട്ട് ഫ്രിഡ്ജിൽ വയ്ക്കുക.പിന്നെ സ്ട്രോബെറി എടുത്ത് കുഞ്ഞുകുഞ്ഞായി അരിയുക. പുളി പോകാൻ മാത്രം പഞ്ചസാര കണക്കാക്കി ഇട്ട്, അല്പം വെള്ളവും ഒഴിച്ച് അടുപ്പത്തുവെച്ച് ഇളക്കി പ്യൂരി ഉണ്ടാക്കുക. സ്ട്രോബെറി ക്രഷ് വാങ്ങാൻ കിട്ടും. സ്ട്രോബെറി പ്യൂരി വീട്ടിൽ ഉണ്ടാക്കുന്നതിനുപകരം അതുപയോഗിക്കാം.സ്ട്രോബെറി പ്യൂരി അഥവാ പൾപ്പ് ഒരു കപ്പ് വേണം. പ്യൂരി ഉണ്ടാക്കാൻ ശരിക്കും കണ്ടൻസ്ഡ് മിൽക്കും ചേർക്കാം. ഇവിടെ ചേർത്തില്ല.

ചീസ് കേക്കിൽ അധികവും ഉപയോഗിക്കുന്നത് ക്രീം ചീസ് ആണ്. അതില്ലെങ്കിൽ പനീറോ മസ്കാപോൺ ചീസോ എടുക്കുക.

ഇവിടെയുണ്ടായിരുന്നത് മസ്കാപോൺ ചീസ് ആണ്. ഞാനതെടുത്തു. അതും ഒരു കപ്പ്. പിന്നെ അല്പം കട്ടത്തൈര്. കട്ടത്തൈരുണ്ടാക്കാൻ, തൈര് ഒരു തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കി അതിലെ വെള്ളം മുഴുവൻ കളയണം. തൈര് ഒന്നര അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ മതി.

പിന്നെ ക്രീം. ക്രീം അടിച്ചുപതപ്പിച്ചത് ഒന്നേ കാൽ കപ്പ്. ക്രീം ഫ്രിഡ്ജിൽ നിന്നെടുത്ത് കുറേ നേരം കഴിഞ്ഞ് അടിച്ചുപതപ്പിച്ചാലേ ശരിയാവൂ എന്നോർക്കുക.

ഇനി വേണ്ടത് കുറച്ച് പഞ്ചസാരപ്പൊടി ആണ്. നാലു ടേബിൾസ്പൂൺ. കുറച്ച് കൂടിയാലും ഈ കേക്കിനൊരു ചുക്കും സംഭവിക്കില്ല.(ആർക്കറിയാം!)

സ്ട്രോബെറി പ്യൂരിയും മസ്കാപോണും തൈരും ആദ്യം നന്നായി യോജിപ്പിക്കുക. പിന്നെ ക്രീമും പഞ്ചസാരയും ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. പുളി നോക്കുക. പഞ്ചസാരപ്പൊടി കുറച്ചുകൂടെ ആവാമെന്നു തോന്നുന്നെങ്കിൽ ഇടുക.ഫ്രിഡിജിൽ വെച്ച ബിസ്ക്കറ്റുപാത്രം എടുത്ത് അതിലേക്ക് ഈ കൂട്ട് ഒഴിക്കുക. വീണ്ടും കുറേ നേരം ഫ്രിഡ്ജിൽത്തന്നെ വയ്ക്കുക.അഞ്ചാറു മണിക്കൂർ കഴിഞ്ഞെടുത്താൽ ഇങ്ങനെ കിട്ടും.
ശരിക്കും ഇത്ര കട്ടിയിൽ അല്ല ചീസ് കേക്കുകൾ ഉണ്ടാവുക. കേക്ക് ഉറച്ചുകിട്ടാൻ, വെജിറ്റേറിയൻ അല്ലാത്തവർക്ക് ജലാറ്റിൻ ചേർക്കാം. ജലാറ്റിൻ രണ്ടു ടേബിൾസ്പൂൺ എടുത്ത് വെള്ളത്തിൽ കലക്കി അടുപ്പത്തുവെച്ച് ഒന്നു കുറുക്കി ഇതിൽ ചേർക്കാം. വെജിറ്റേറിയൻസിന് ജലാറ്റിനുപകരം ചൈനാഗ്രാസ്സ് ചേർക്കാം. ഞാൻ ചേർത്തില്ല. അതുകൊണ്ടാണ് ഫ്രീസറിൽ വെച്ചത്. നിങ്ങളാരും ഫ്രീസറിൽ വയ്ക്കരുത്.

ഐസിംഗ് ചെയ്യുക. ക്രീമും ഐസിംഗ് ഷുഗറും ചേർത്ത്. എസ്സൻസുകളും ചേർക്കാം.
ഐസിംഗ് എന്ന മഹാപാതാളത്തിനു മുന്നിൽ പകച്ചു പ്രാന്തായി നിൽക്കുന്ന ഒരു പാവമാണു ഞാൻ. ചില്ലുമേടയിലിരുന്നെന്നെ ചീമുട്ടയെറിയരുത്.

അപ്പോ എല്ലാവർക്കും പൂവാലന്റൈൻസ് ദിനാശംസകൾ!

Thursday, January 19, 2012

പച്ചക്കറി ബേക്ക്കാരറ്റ് - ഒന്ന്. ചെറുത്.
മധുരക്കിഴങ്ങ് - ഒരു വലുതിന്റെ പകുതി.
കാബേജ് അരിഞ്ഞെടുത്തത് - മൂന്നു ടേബിൾസ്പൂൺ.
കാപ്സിക്കം - ഒന്ന്.
കോളിഫ്ലവർ - ഒരു ചെറുതിന്റെ പകുതി.
ബീൻസ് - പത്ത് എണ്ണം.
ബട്ടർ - രണ്ട് ടേബിൾസ്പൂൺ.
പാൽ - കാൽ ലിറ്റർ.
മൈദ - അഞ്ച് ടീസ്പൂൺ.
ചീസ് - പച്ചക്കറിയുടെ മുകളിൽ തൂവാൻ വേണ്ടത്ര.
കുരുമുളകുപൊടി - അര ടീസ്പൂൺ.മധുരക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. ഞാൻ കുക്കറിലാണ് വേവിച്ചെടുത്തത്. തോലോടെ വേവിച്ചു, എന്നിട്ട് തൊലി കളഞ്ഞ് കഷണങ്ങളാക്കി. പച്ചക്കറികളൊക്കെ മുറിച്ച് പുഴുങ്ങുക. പച്ചക്കറികളൊക്കെ കഴുകിയെടുത്ത് വെള്ളം ഒഴിച്ച് വേവിച്ചു. കോളിഫ്ലവർ ആദ്യം തന്നെ ഇട്ടില്ല. അതു വേഗം വേവും. കാബേജും ആദ്യം ഇട്ടില്ലെങ്കിൽ കുഴപ്പമില്ല. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് എടുക്കുക.
ബട്ടർ ചൂടാക്കുക. പച്ചക്കറികൾ ഒരുമിച്ച് ഇടാൻ പറ്റുന്നത്ര വലുപ്പത്തിലുള്ള പാത്രത്തിൽ ബട്ടർ ചൂടാക്കിയാൽ നന്ന്.
ബട്ടർ ചൂടാക്കി വാങ്ങിവെച്ച് അതിൽ മൈദ ഇട്ട് ഇളക്കുക. പാൽ അതിലേക്ക് ഒഴിച്ച് മൈദ കട്ടയാവാത്ത വിധത്തിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടാക്കിയിട്ട് തണുത്ത പാലാണ് ഒഴിച്ചത്.
അടുപ്പത്തു വെച്ച് ഒന്നു കുറുക്കുക.
വാങ്ങിവെച്ച് കുരുമുളകുപൊടിയും, പച്ചക്കറികൾക്കു മുഴുവൻ ആവശ്യമായ ഉപ്പും ഇട്ട് യോജിപ്പിക്കുക. മധുരക്കിഴങ്ങും പച്ചക്കറികളും അതിലേക്ക് ഇട്ട് യോജിപ്പിക്കുക.
മൈക്രോവേവിൽ വയ്ക്കാൻ പറ്റുന്ന പാത്രത്തിലേക്കു മാറ്റുക. പാത്രത്തിൽ ആദ്യം കുറച്ചു ബട്ടർ പുരട്ടണം.മുകളിൽ ചീസ് തൂവുക.
കൺവെക്ഷൻ രീതിയിൽ 200 ഡിഗ്രി C-ൽ പത്തുമിനുട്ട് ബേക്ക് ചെയ്യുക. പ്രീ-ഹീറ്റ് ചെയ്യേണ്ട.
പച്ചക്കറികൾ വേറെ ഏതെങ്കിലും വേണമെങ്കിൽ ഉപയോഗിക്കാം. കുരുമുളകുപൊടി കുറയ്ക്കണമെങ്കിൽ കുറയ്ക്കാം. മധുരക്കിഴങ്ങിനു പകരം ഉരുളക്കിഴങ്ങും ഉപയോഗിക്കാം. ഞാൻ കുറച്ചേ ചീസ് ഇട്ടിട്ടുള്ളൂ. നിങ്ങൾക്കുവേണമെങ്കിൽ ഇനീം കുറേ ഇടാം.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]