Monday, November 10, 2014

ചൌ ചൌ മോരൂട്ടാൻ

 ചൌ ചൌ കിട്ടി. എളുപ്പമുള്ള എന്തെങ്കിലും ഉണ്ടാക്കാമെന്നു വിചാരിച്ചു. അതാണ് ചൌ ചൌ മോരു കറി അഥവാ മോരു കൂട്ടാൻ. എല്ലാ പച്ചക്കറികളേയും ചെയ്യുന്നതുപോലെ ആദ്യം ഇതിനേയും കുളിപ്പിക്കാൻ വെള്ളത്തിലിട്ടുവെച്ചു.

 
 അതുകഴിഞ്ഞ് ഇതിന്റെ തോലുകളഞ്ഞ് എനിക്ക് തോന്നിയപോലെയൊക്കെ മുറിച്ചു. ഏകദേശം ഒരു കപ്പ്.  അതുകഴിഞ്ഞ് ഒന്നൂടെ വെള്ളത്തിൽ ഇട്ടു കഴുകിയെടുത്ത്, കാൽ ടീസ്പൂണിലും കുറവ് മഞ്ഞളും, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, കുറച്ച് ഉപ്പും ഇട്ട്, കുറച്ചുമാത്രം വെള്ളവും ഒഴിച്ച് വേവിച്ചെടുത്തു. വെന്തുകഴിഞ്ഞാൽ വെള്ളമില്ലെങ്കിൽ നല്ലത്. മൂന്നു നാലു ടേബിൾസ്പൂൺ തേങ്ങ, അര ടീസ്പൂൺ ജീരകം, രണ്ട് പച്ചമുളക് എന്നിവയിട്ട് മിനുസമായി അരച്ചെടുത്തു. കുരുമുളക് ഇട്ടില്ലെങ്കിൽ പച്ചമുളകിന്റെ എണ്ണം കൂട്ടുക. പച്ചമുളക് വേണ്ടെങ്കിൽ, മുളകുപൊടി ഇടുകയോ ചുവന്ന മുളക് അരയ്ക്കുകയോ ചെയ്യുക. വെന്ത കഷണം കുറച്ച് മോരും ഒഴിച്ച് തിളയ്ക്കാൻ വെച്ചു. തിളച്ച്
കുറച്ചുകഴിഞ്ഞപ്പോൾ തേങ്ങയരച്ചത്  കൂട്ടി തിളപ്പിച്ചു.

 
വാങ്ങിവെച്ചു വറവിട്ടു. ചോറിന്റെ കൂടെ  കൂട്ടി.

Tuesday, November 04, 2014

ബാർലി ദോശ


ബാർലി കൊണ്ട് ദോശ. ബാർലിപ്പൊടിയിട്ടും ബാർലി അപ്പാടെയിട്ടും ഉള്ള കുറുക്ക്/കഞ്ഞി ഒക്കെ നല്ലതാണ്. അപ്പോപ്പിന്നെ ബാർലി ദോശയും നന്നായിരിക്കുമല്ലോ എന്നു വിചാരിച്ചാണ് ബാർലി ദോശയുണ്ടാക്കാൻ തീരുമാനിച്ചത്. വളരെ എളുപ്പത്തിൽ ജോലി കഴിയും. ദോശയ്ക്ക് നല്ല സ്വാദും ഉണ്ട്.
ഒരു പാത്രത്തിൽ ബാർലി ഒരു ഗ്ലാസ്സ്, പുഴുങ്ങലരി ഒരു ഗ്ലാസ്സ്, ഉഴുന്ന് അര ഗ്ലാസ്സ്  എടുക്കുക. അര റ്റീസ്പൂൺ ഉലുവയും അതിൽ ഇടുക. ഉലുവയുടെ കയ്പ് പ്രശ്നമല്ലാത്തവർ കുറച്ചും കൂടെ എടുക്കുക. കാരണം ഉലുവ ആരോഗ്യത്തിനു നല്ലതാണ്. എല്ലാം കഴുകിക്കഴിഞ്ഞ്  വെള്ളത്തിൽ കുതിർക്കുക. അല്ലെങ്കിൽ ഏഴ് മണിക്കൂറെങ്കിലും കുതിർത്തശേഷം കഴുകിയെടുത്ത് മിനുസമായി അരച്ച് ഉപ്പും ചേർത്ത് വെയ്ക്കുക. ഒന്നു പുളി വന്നിട്ട് ദോശയുണ്ടാക്കുന്നതാണ് നല്ലത്. ഇവിടെ ഗ്രൈൻഡറിലാണ് അരച്ചത്.
ദോശയുണ്ടാക്കി എന്തെങ്കിലുമൊക്കെ കൂട്ടിക്കഴിക്കുക.
ബാർലി തീർന്നോ എന്നല്ലേ? ഇല്ല തീർന്നില്ല... ഇനീം ഉണ്ടല്ലോ ഉണ്ടാക്കാൻ വിഭവങ്ങൾ.
 ബാർലി ദോശ വേണ്ടാത്തോർക്ക് ഇതാ...ഗുജറാത്തിയാ...തീരുമ്പോ തീരുമ്പോ വന്നോണ്ടിരിക്കും. ;)
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]