Tuesday, August 25, 2009

പപ്പായപ്പച്ചടി



ഞങ്ങളൊക്കെ കറുമൂസ എന്നു വിളിക്കുന്ന പപ്പായകൊണ്ട് ഒരു പച്ചടി. പപ്പായകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കിക്കഴിഞ്ഞു. ഇനിയും പല വിഭവങ്ങളും ഉണ്ടാക്കാനുണ്ട്. പപ്പായകൊണ്ട് തോരനോ ഓലനോ ഒക്കെയാണ് സ്ഥിരം പാചകം. പച്ചടിയുണ്ടാക്കുന്നത് അപൂർവ്വം. പച്ചടി എന്ന വിഭവം ഇഷ്ടമുള്ളവർക്ക് പപ്പായപ്പച്ചടിയും ഇഷ്ടമാവും എന്നു കരുതുന്നു.

അധികം പഴുക്കാത്ത അല്ലെങ്കിൽ മുഴുവൻ പച്ചയായ കറുമൂസ - ചിത്രത്തിൽ ഉള്ളപോലെ
പച്ചമുളക് - എരിവുള്ളത്. മൂന്നോ നാലോ. രണ്ടാക്കി പൊട്ടിച്ചോ, വെറുതേ ഒന്ന് ചീന്തിയോ ഇടാം
പുളിച്ച തൈര് - അര ഗ്ലാസ്സ്.
തേങ്ങ - നാല് ടേബിൾസ്പൂൺ.
കടുക് - കാൽ ടീസ്പൂൺ
തേങ്ങയും കടുകും മോരും വെള്ളം ചേർത്ത് മിനുസമായിട്ട് അരയ്ക്കണം.
മുളകുപൊടി - കാൽടീസ്പൂൺ. എരിവ് വേണ്ടെങ്കിൽ പച്ചമുളക് മാത്രം ഇട്ടാൽ മതി. മുളകുപൊടി വേറെ ഇടരുത്.
ഉപ്പ്
വറവിടാൻ ആവശ്യമുള്ളത് - കടുക്, കറിവേപ്പില, ചുവന്നമുളക്.

കറുമൂസ തോലൊക്കെക്കളഞ്ഞ്, കുരുവൊക്കെക്കളഞ്ഞ് ചെറുതാക്കി മുറിച്ച് കഴുകിയെടുക്കുക. കഷണങ്ങളും പച്ചമുളകും ഉപ്പും ഇട്ട് ആവശ്യത്തിനുമാത്രം വെള്ളമൊഴിച്ച് നന്നായി വേവിക്കണം. വെന്താൽ അതിൽ വെള്ളം വേണ്ട. അതിൽ ഒരുതണ്ട് കറിവേപ്പില രണ്ടാക്കി മുറിച്ച് ഇടുക.

വെന്തത് തണുത്താൽ കഷണങ്ങൾ ഒന്നുടച്ച് അതിൽ അരച്ചുവെച്ചത് ചേർക്കുക. ഇളക്കുക. തൈരും ഒഴിക്കുക.
വറവിടുക.

Saturday, August 22, 2009

ബീറ്റ്‌റൂട്ട് ഉപ്പേരി

ബീറ്റ്‌റൂട്ട്കൊണ്ടൊരു ഉപ്പേരി അഥവാ തോരൻ. പതിനഞ്ചുമിനുട്ടിനുള്ളിൽ കഴിയും. പല തരത്തിലും ഉണ്ടാക്കിയെടുക്കാം. ഇവിടെ എങ്ങനെയാണ് ചെയ്യുന്നതെന്ന് പറയാം.

ബീറ്റ്‌റൂട്ട് തോലുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കുകയാണ് പതിവ്. ഇത് ഞാൻ ചീകിയെടുത്തു. കുഴപ്പം എന്താണെന്നുവെച്ചാൽ കുറച്ച് വെള്ളം പോലെ ഇരിക്കും. അതുകൊണ്ട് പ്രശ്നമൊന്നുമില്ല.




ബീറ്റ്‌റൂട്ട് ചീകിയെടുത്തോ കഷണങ്ങളായി മുറിച്ചോ എടുക്കുക. ചിത്രത്തിൽ ഉള്ളത്രേം. ഒരു വല്യ ബീറ്റ്‌റൂട്ടിന്റെ പകുതിയുണ്ട്.
മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച്
കടുക് - കാൽ ടീസ്പൂൺ
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ
വറ്റൽമുളക് - രണ്ട്
കറിവേപ്പില
തേങ്ങ ചിരവിയത് - കുറച്ച്
ഉപ്പ്
വെളിച്ചെണ്ണയോ വേറെ പാചകയെണ്ണയോ

എണ്ണ ചൂടായാൽ അതിൽ ഉഴുന്നുപരിപ്പിടുക. ചുവന്നു തുടങ്ങുമ്പോൾ കടുക് ഇടുക, ചുവന്ന മുളക് പൊട്ടിച്ചിടുക.കടുക് പൊട്ടുമ്പോഴേക്കും കറിവേപ്പിലകൾ ഇടുക. ബീറ്റ്റൂട്ട് ഇടുക. മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് ഇളക്കുക. അല്പം വെള്ളമൊഴിക്കുക. അടച്ചുവയ്ക്കുക. തീ കുറച്ചുവച്ച് വേവിക്കുക. വറവിടാൻ എടുത്ത എണ്ണയിൽ, ബീറ്റ്‌റൂട്ട് കരിയാതെ വേവുമെന്ന് തോന്നുന്നെങ്കിൽ വെള്ളം ഒഴിക്കേണ്ട. വെന്താൽ വാങ്ങിവെച്ച് തേങ്ങയിട്ട് ഇളക്കുക.



എളുപ്പം കഴിയും. കഷണങ്ങളാക്കി മുറിച്ചാൽ വേവാൻ കുറച്ചും കൂടെ സമയം എടുക്കും. ചീകിയെടുക്കുമ്പോൾ വെള്ളം പോലെ ഇരിക്കും.

Saturday, August 15, 2009

കാരറ്റ് പാലക്ക് ചോറ്

“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം.
പാരതന്ത്ര്യം മാനികൾക്കോ
മൃതിയേക്കാൾ ഭയാനകം.”



വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!

സ്വാതന്ത്ര്യദിനാശംസകൾ!

-----------------------------




കാരറ്റും പാലക്കും ചേർത്തുണ്ടാക്കുന്ന നെയ്ച്ചോറ് ആണിത്.

വേണ്ടത്:-




കാരറ്റ് - ഒന്ന് വലുത് - ചീകിയെടുക്കുക.

പാലക് - ചെറിയ ഒരു കെട്ട്- ചെറുതായി മുറിച്ചെടുക്കുക.

ബസുമതിയരി - ഒരു വല്യ ഗ്ലാസ്സ് (100 ഗ്രാമെങ്കിലും വേണം).

ഇഞ്ചിവെളുത്തുള്ളിപ്പേസ്റ്റ് - ഒരു ടീസ്പൂൺ.

ഏലയ്ക്ക - മൂന്നെണ്ണം പൊടിച്ചത്.

ഉണക്കമുന്തിരി കുറച്ച്.

കുറച്ച് നെയ്യ്.

വലിയ ഉള്ളി അഥവാ സവാള - ഒന്ന് വലുത് - മുറിച്ചെടുത്തത്.

ഉപ്പ്.

അരി കഴുകിയെടുത്ത് ഉപ്പും ഇട്ട് വേവിക്കുക.

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഉള്ളി ചുവന്നുവരുന്നതുവരെ ചൂടാക്കണം. അതു കഴിഞ്ഞ് കാരറ്റ് ഇട്ട് വഴറ്റുക, പാലക് ചീരയിട്ടു വഴറ്റുക, ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ഇട്ട് വഴറ്റുക. ഒക്കെ വഴറ്റി വെന്താൽ ഏലയ്ക്കപ്പൊടിയിടുക. ഒരു നുള്ള് ഉപ്പ് ഈ കൂട്ടിലേക്ക് ചേർക്കുക. വളരെക്കുറച്ചുമതി. ചോറിൽ ഉപ്പിട്ടതല്ലേ. ചോറ് ഇട്ടിളക്കുക. ഗരം മസാലപ്പൊടി ചേർക്കാൻ ഇഷ്ടമുള്ളവർക്ക് കുറച്ച് അതും ചേർക്കാം.



ഉണക്കമുന്തിരി കുറച്ച് നെയ്യിൽ വറുത്തെടുത്ത് ചേർക്കുക. അണ്ടിപ്പരിപ്പും ഉണ്ടെങ്കിൽ വറുത്ത് ചേർക്കാം.

Friday, August 14, 2009

ചേന എരിശ്ശേരി

എരിശ്ശേരി എന്നുപറഞ്ഞാൽ പുളിയില്ലാത്തൊരു കൂട്ടാനാണ്. വെള്ളം ചേർത്ത് നീട്ടിയും, ചേർക്കാതെ, ഒന്ന് കുറുക്കിയും ഉണ്ടാക്കാം. വേറെ കറിയൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ കുറച്ച് വെള്ളമായിട്ട് വയ്ക്കുക. സദ്യയ്ക്കൊക്കെയാണെങ്കിൽ വെള്ളം അധികമില്ലാതെ വയ്ക്കുക.

എരിശ്ശേരി പല പച്ചക്കറികൾ കൊണ്ടു വയ്ക്കാം. ചേന കൊണ്ട് വയ്ക്കാമെന്നാണ് ഞാനിപ്പോ തീരുമാനിച്ചത്.

ആവശ്യമുള്ളത് ഒക്കെ ആദ്യം തന്നെ ഒരുക്കിവയ്ക്കുക.



ചേന ചിത്രത്തിൽ ഉള്ളതുപോലെ കുറച്ചു കഷണങ്ങൾ - ചെറുതാക്കി മുറിക്കണം. ഇത് വേഗം വെന്തുടയുന്നതായതുകൊണ്ട് ഞാൻ ഇങ്ങനെ മുറിച്ചതാണ്.

പരിപ്പ് - കടലപ്പരിപ്പ് 3 ടേബിൾസ്പൂൺ.

ഇവിടെ കടലപ്പരിപ്പ് ആണ് എടുത്തത്. സാധാരണയായി തുവരപ്പരിപ്പും ചെറുപരിപ്പുമാണ് എടുക്കാറുള്ളത്.

തേങ്ങ - നാല് ടേബിൾസ്പൂൺ, കാൽ ടീസ്പൂൺ ജീരകവും ചേർത്ത് അരച്ചത്.
ഉപ്പ്
മുളകുപൊടി - അര ടീസ്പൂൺ. പൊടിയിടുന്നില്ലെങ്കിൽ തേങ്ങ അരയ്ക്കുമ്പോൾ ചുവന്ന മുളക് ആവശ്യത്തിനു ചേർത്ത് അരയ്ക്കുക.
മഞ്ഞൾപ്പൊടി.
വറവിടാനുള്ള വസ്തുക്കൾ.
തേങ്ങ - ഒരു ടേബിൾസ്പൂൺ. കുറച്ച് വെളിച്ചെണ്ണയൊഴിച്ച് വറുത്തെടുക്കുക. (രണ്ട് ടേബിൾസ്പൂൺ ആയാലും കുഴപ്പമില്ല. സ്വാദു കൂട്ടാൻ ചേർക്കുന്നതാണ്. ചുവക്കെ വറുക്കണം).

ചേന മുറിച്ച് കഴുകുക. പരിപ്പ് കഴുകിയെടുക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയിട്ട് നല്ലപോലെ വേവിക്കുക. വെന്താൽ ഉപ്പിടുക. തേങ്ങയരച്ചത് ചേർത്ത് തിളപ്പിക്കുക. വെള്ളം ആവശ്യത്തിനു ചേർക്കാം. തിളച്ച് വാങ്ങിയാൽ, തേങ്ങ വറുത്തത് ഇടുക. കടുകും കറിവേപ്പിലയും വറവിടുക.




ചേന എരിശ്ശേരി തയ്യാർ. എരിശ്ശേരിയൊക്കെയുണ്ടാക്കിയാൽ വേഗം തീർക്കുക. ആവശ്യത്തിനുമാത്രം ഉണ്ടാക്കുക. അധികം നേരമൊന്നും കേടാവാതെ ഇരിക്കില്ല.

Friday, August 07, 2009

കുമ്പളങ്ങ പച്ചടി

കുമ്പളങ്ങ ഇഷ്ടമാണോ? കൃഷിസ്ഥലത്തുനിന്ന് നേരിട്ട് പറിച്ചെടുത്ത് കറികൾ ഉണ്ടാക്കിയാൽ എന്തൊരു സ്വാദായിരിക്കും അല്ലേ? തൽക്കാലം അതിനു നിവൃത്തിയില്ല. അതുകൊണ്ട് കടയിൽനിന്ന് വാങ്ങി കറികൾ ഉണ്ടാക്കുകയേ നിവൃത്തിയുള്ളൂ. മൊളേഷ്യവും എരിശ്ശേരിയും ഓലനും മോരുകറിയും ഒക്കെ വെക്കാം കുമ്പളങ്ങ കൊണ്ട്.

പച്ചടി വെക്കാൻ കുമ്പളങ്ങയും, തേങ്ങയും, ഉപ്പും മുളകുപൊടിയും പച്ചമുളകും കടുകും വേണം. പിന്നെ വറവിടാനുള്ളതും.





ചിത്രത്തിലുള്ളതുപോലെ ഒരു കഷണം കുമ്പളങ്ങ എടുക്കുക. തോലുകളഞ്ഞ് മുറിക്കുക. കഴുകുക.




വെന്താൽ ഉടച്ചെടുക്കാം എന്ന് വിചാരിച്ച് ഞാൻ കുറച്ച് വലുപ്പത്തിലാണ് മുറിച്ചത്. ചെറുതാക്കി മുറിക്കുന്നതാണ് നല്ലത്.

കഴുകിയെടുത്ത് മൂന്നോ നാലോ പച്ചമുളക് ചീന്തിയിട്ടോ മുറിച്ചിട്ടോ എടുക്കുക.

ഉപ്പും, അല്പം മുളകുപൊടിയും ഇടുക. മുളകുപൊടി ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല. എരിവ് ഇഷ്ടമെങ്കിൽ മുളകുപൊടി ചേർക്കാം.

വേവിക്കുക. നല്ലോണം വേവണം. കുക്കറിൽ ആണെങ്കിൽ വെള്ളം ഒഴിച്ചു എന്നു വരുത്തിയാൽ മതി. വെന്ത കഷണങ്ങളിൽ വെള്ളം ഉണ്ടാവരുത്. ഉണ്ടെങ്കിൽ വറ്റിച്ചെടുക്കാം.



മൂന്ന് ടേബിൾസ്പൂൺ തേങ്ങയെടുത്ത് കാൽ ടീസ്പൂൺ കടുകും കൂട്ടി മിനുസമായിട്ട് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ വെള്ളത്തിനുപകരം മോരും വെള്ളം ഉപയോഗിക്കുക.

വെന്തത് തണുത്തിട്ട് മാത്രമേ തേങ്ങയരച്ചത് അതിലേക്ക് ഇടാവൂ. അതുകൊണ്ട് പച്ചടിയുണ്ടാക്കുമ്പോൾ, എത്രയും നേരത്തെ കഷണങ്ങൾ അവിടെ വേവിച്ചുവയ്ക്കുക.

തണുത്താൽ കഷണങ്ങളൊക്കെ ഒന്നുടച്ചിട്ട് തേങ്ങയരച്ചത് ചേർക്കുക. അര ഗ്ലാസ്സ് തൈരും ചേർക്കുക. തേങ്ങയും തൈരുമൊക്കെ കുറച്ച് കൂടിപ്പോയാൽ പ്രശ്നമൊന്നുമില്ല. പക്ഷേ അധികം വെള്ളം പോലെ ആവാതെയിരിക്കുന്നതാണ് നല്ലത്.




കഷണം വെന്താൽ അതിൽ കറിവേപ്പില, തണ്ടോടെ ഇടണം. ഒരു തണ്ട് ഇല രണ്ടാക്കി മുറിച്ച് ഇട്ടാൽ മതി. കടുകും മുളകും കറിവേപ്പിലയും വറവിടുക.

എല്ലാവർക്കും കുമ്പളങ്ങപ്പച്ചടി ഇഷ്ടമാവും എന്നു കരുതുന്നു.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]