Monday, April 01, 2013

മുള്ളങ്കിച്ചപ്പാത്തി മുള്ളങ്കി കൊണ്ടൊരു ചപ്പാത്തി. എളുപ്പം ഉണ്ടാക്കാം. മുള്ളങ്കിയോട് ഇഷ്ടമുണ്ടെങ്കിൽ ഉണ്ടാക്കാം.
 മുള്ളങ്കി കഴുകി കത്തികൊണ്ട് മുകളിലൊക്കെ ഒന്ന് ഉരച്ചുകളയുക. ചീവിയെടുക്കുക.
ഒന്നേകാൽ ഗ്ലാസ് ഗോതമ്പുപൊടിയ്ക്ക് അരഗ്ലാസ് മുള്ളങ്കി ചീവിയത് ഇടാം. അതിന്റെ കൂടെ രണ്ടു പച്ചമുളകും ഒരു കഷണം ഇഞ്ചിയും ചതച്ചത്, ഉപ്പ്, മല്ലിയില മുറിച്ചിട്ടത്, എന്നിവ ചേർത്ത് വെള്ളവും ചേർത്ത് കുഴയ്ക്കുക. മുള്ളങ്കിയില നല്ലതുണ്ടെങ്കിൽ അതും അരിഞ്ഞ് ഇടാം. ജീരകവും ഇടാം. നിർബ്ബന്ധമില്ല. കുഴച്ചിട്ട് അല്പനേരം വയ്ക്കുക.പരത്തി (കുറച്ചു കട്ടിയിൽ പരത്താം) ദോശക്കല്ലിൽ ഇട്ട് ഉണ്ടാക്കിയെടുക്കാം. ഉണ്ടാക്കുമ്പോൾ വെണ്ണയോ നെയ്യോ എണ്ണയോ പുരട്ടാം. അച്ചാറോ ചമ്മന്തിയോ കൂടെ കൂട്ടിക്കഴിക്കാം.ഇത് മുള്ളങ്കിയുടെ കായ ആണ്.ഉപ്പേരിയുണ്ടാക്കി. ബീൻസും കൊത്തവരയും ഒക്കെ പോലെയേ ഉള്ളൂ.

Thursday, March 21, 2013

പീച്ചിങ്ങ കറിപീച്ചിങ്ങ (ridge gourd)  കൊണ്ടൊരു കൂട്ടാൻ. അഥവാ കറി. എളുപ്പം കഴിയും ഉണ്ടാക്കാൻ.
പീച്ചിങ്ങ നന്നായി കഴുകുക. 


നാലെണ്ണം ( ചിത്രത്തിൽ കാണുന്ന വലുപ്പത്തിൽ ഉള്ളത്) തോലുകളഞ്ഞ് മുറിക്കുക. അല്പം തോലുണ്ടായാലും പ്രശ്നമില്ല. മുറിച്ചു വെള്ളത്തിലിടുക.

അല്പം എണ്ണ (സൺഫ്ലവർ എണ്ണയാണ് നല്ലത്) ചൂടാക്കുക. ഒരു ടേബിൾസ്പൂൺ മതി. രണ്ട് പച്ചമുളക് നടുവിൽ മുറിച്ച് ആ എണ്ണയിൽ വഴറ്റുക. വഴറ്റിക്കഴിഞ്ഞാൽ ഒരു ടീസ്പൂൺ ജീരകം ഇടുക.  ഇളക്കുക. കരിയാതെ വാങ്ങിവെക്കുക.

പച്ചമുളകും ജീരകവും തണുത്താൽ, രണ്ടു ടേബിൾസ്പൂൺ തേങ്ങയും, കുറച്ച്  വെളുത്തുള്ളിയല്ലികളും, കുറച്ച് കറിവേപ്പില, മല്ലിയില  എന്നിവയും ചേർത്ത് അരയ്ക്കുക. മിനുസം ആവേണ്ട. ചതഞ്ഞാൽ മതി. കല്ലിൽ ചതച്ചാലും മതി. (വെളുത്തുള്ളി ഇടാതെയും ഉണ്ടാക്കാം.)

രണ്ട് ഉള്ളി/സവാള (ചെറുത് മതി)  ചെറുതായി അരിഞ്ഞു വയ്ക്കുക. പീച്ചിങ്ങക്കഷണം കഴുകി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വയ്ക്കുക.

പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക. ഉള്ളി വഴറ്റുക. തീ കുറയ്ക്കുക. തേങ്ങാക്കൂട്ട് ഇട്ട് ഇളക്കുക. ആവശ്യത്തിനു മഞ്ഞൾപ്പൊടി ഇടുക. അല്പം പുളി ഇടുക. പുളി വെള്ളത്തിലിട്ടുവെച്ചിട്ട് പിഴിഞ്ഞ് ആ വെള്ളം ഒഴിച്ചാലും മതി. പീച്ചിങ്ങ ഇട്ടിളക്കുക. ഉപ്പ് ഇടുക. ഒരു കഷണം ശർക്കരയും ഇടാം. നിർബ്ബന്ധമില്ല. അധികം എരിവ് വേണമെങ്കിൽ അല്പം മുളകുപൊടിയിടാം. അല്ലെങ്കിൽ പച്ചമുളക് അരച്ചതുണ്ടല്ലോ. നന്നായി ഇളക്കിയോജിപ്പിച്ച് ആവശ്യത്തിനു വെള്ളം ചേർക്കുക.


 വെള്ളം ഉള്ള കറി വേണമെങ്കിൽ അതിനാവശ്യമുള്ള വെള്ളം ഒഴിക്കുക. അല്ലെങ്കിൽ വേവാൻ ആവശ്യമായ വെള്ളം മാത്രം ഒഴിക്കുക. തീ കുറച്ച് അടച്ചു വേവിക്കുക. ചോറിന്റെ കൂടേം ചപ്പാത്തീന്റെ കൂടേം കഴിക്കാം.


മൊരിഞ്ഞ ചപ്പാത്തീന്റെ കൂടേം കഴിക്കാം.

Friday, March 01, 2013

നവര അരി പുട്ട്

 

നവര അരി കണ്ടിട്ടുണ്ടോ? ഇത് ആയുർവേദത്തിലൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ട് പുട്ട് ഉണ്ടാക്കാമെന്നു വെച്ചു. പുട്ടുണ്ടാക്കാൻ ഒരു പ്രയാസവുമില്ല. അരിയൊന്ന് വൃത്തിയാക്കിയെടുക്കുക. അഞ്ചാറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഞാൻ കുറച്ച് അരിയേ കുതിർത്ത് വെച്ചുള്ളൂ. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വെള്ളം കളഞ്ഞ് എടുത്തു. പാത്രം അടച്ച് കമഴ്ത്തി ചെരിച്ചുവെച്ചു. അല്ലെങ്കിൽ തുണിയിൽ നിരത്തിയിട്ടാലും മതി. വെള്ളം മുഴുവൻ പോയാൽ പുട്ടിന്റെ പാകത്തിൽ പൊടിക്കുക. പൊടി അധികം മിനുസമല്ലാതെ.  പൊടിച്ചു കഴിഞ്ഞ് വറുത്തു. ഉപ്പും അല്പം വെള്ളവും ചേർത്ത് കുഴച്ചു. തേങ്ങയുമിട്ട്,  ചിരട്ടപ്പുട്ടുകുറ്റിയിൽ ഇട്ട് വേവിച്ചെടുത്തു.


കൂടെ കൂട്ടാൻ കടലക്കറിയുണ്ടാക്കി.

Tuesday, February 26, 2013

ഉലുവയില ഉപ്പേരി

ഉലുവയില കഴിക്കുന്നത് നല്ലതാണ് എന്നെല്ലാവർക്കും അറിയാമെന്നു കരുതുന്നു. വീട്ടിൽ പൂച്ചെട്ടിയിൽ വളർത്താൻ പറ്റിയൊരു ചെടിയാണ് ഉലുവ. ഈ ഇലകൾക്ക് അല്പം കയ്പ്പുണ്ട്. എന്നാലും ഉപ്പേരിയുണ്ടാക്കാൻ തീരുമാനിച്ചു. ഒരുപാടു വിഭവങ്ങൾ ഉലുവയില കൊണ്ടുണ്ടാക്കാം.
ഇവിടെ ചിലതൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട്.

 


ഉലുവയിലയുപ്പേരിയുണ്ടാക്കാൻ വളരെക്കുറച്ച് വസ്തുക്കളേ ആവശ്യമുള്ളൂ. ഉണ്ടാക്കുന്ന വിധം പറയാം.

 

 ഉലുവയില വൃത്തിയാക്കിയെടുക്കുക. ചെറുതായി അരിയുക. വേര് കളയുക. തണ്ട് ഇട്ടാൽ കുഴപ്പമില്ല. മുറിച്ചെടുത്തു കഴിഞ്ഞും ഒന്നു കഴുകുന്നതു കൊണ്ടു കുഴപ്പമില്ല. മുറിച്ച ഇല രണ്ടു കപ്പ് വേണം. വെന്തു കഴിഞ്ഞാൽ വളരെക്കുറച്ചേ ഉണ്ടാവൂ.

 

കടലപ്പരിപ്പ് വേവിച്ചെടുക്കുക. വെന്തത് ഒരു മുക്കാൽ കപ്പ് വേണം. അധികം വെന്ത് അലിയരുത്. എന്നാൽ നന്നായി വേവുകയും വേണം. കുക്കറിൽ വേവിച്ചാൽ മതി. ചീനച്ചട്ടി, അല്ലെങ്കിൽ ഒരു പാത്രം അടുപ്പത്തുവെച്ച് അതിൽ വെളിച്ചെണ്ണയൊഴിക്കുക. ഉഴുന്നുപരിപ്പ് രണ്ട് ടീസ്പൂൺ ഇടുക. അല്പം അധികമുണ്ടെങ്കിലും സാരമില്ല. അതു ചുവന്നാൽ ഒരു ചുവന്ന മുളക് പൊട്ടിച്ചിടുക. അല്പം കടുകും ഇടുക. കടുക് പൊട്ടിയാൽ അതിലേക്ക്, ഉലുവയിലയിടുക. അല്പം മഞ്ഞൾ ഇടുക. കടലപ്പരിപ്പിനും കൂടെ ആവശ്യമായ ഉപ്പും ഇട്ട് ഇളക്കി, തീ കുറച്ച് അടച്ചുവെയ്ക്കുക. വേഗം വേവും. വെന്താൽ കടലപ്പരിപ്പും ഇട്ടിളക്കി അല്പനേരം കൂടെ ചെറിയ തീയിൽ അടച്ചുവേവിക്കുക. വാങ്ങിവെച്ച് തേങ്ങ ചിരവിയിടുക.

 

എരിവു വേണ്ടവർക്ക് തേങ്ങയ്ക്കൊപ്പം അല്പം പച്ചമുളക് ചതച്ചിടുകയോ, അല്ലെങ്കിൽ ആദ്യം തന്നെ മുളകുപൊടിയിടുകയോ ചെയ്യാം. ഞങ്ങൾ സാധാരണയായി ഉപ്പേരിയ്ക്ക് വറവിലിടുന്ന ചുവന്ന മുളകല്ലാതെ എരിവ് ചേർക്കാറില്ല.

Wednesday, January 16, 2013

റവ കാരേലപ്പം

ദിവസോം രാവിലെ, എന്താ പലഹാരം എന്നു ചിന്തിച്ച് തലപുകയ്ക്കേണ്ട കാര്യമില്ല. ദോശേം ഇഡ്ഡലീം പുട്ടും ഉപ്പുമാവും ചപ്പാത്തീം കൊഴുക്കട്ടേം ഉണ്ടാക്കുന്നതിന്റെ ഇടയ്ക്കൊരു ദിവസം ഈ എരിവുള്ള റവ കാരേലപ്പവും ഒന്നു പരീക്ഷിക്കാം.

ഉഴുന്ന് - അര ഗ്ലാസ്.

സൂജി റവ - ഒന്നര ഗ്ലാസ്. രണ്ടായാലും കുഴപ്പമില്ല. മൃദുത്വം കുറയും.

 ഉലുവ - രണ്ട് ടീസ്പൂൺ. (ഉലുവ കയ്ക്കും. ആ സ്വാദ് ഇഷ്ടമില്ലാത്തവർക്ക് കുറയ്ക്കാം.)

വല്യുള്ളി/സവാള - ഒന്ന്.

പച്ചമുളക് - രണ്ട്.

ഇഞ്ചി - ഒരു കഷണം.

മല്ലിയില, കറിവേപ്പില കുറച്ച്.

ഉപ്പ്, എണ്ണ ആവശ്യത്തിന്.

 ഉഴുന്ന് , ഉലുവ വെള്ളത്തിൽ മൂന്നു മണിക്കൂർ കുതിർത്തിടുക.

അതേ സമയം തന്നെ റവ ആവശ്യത്തിനു (എല്ലാത്തിനും കൂടെയുള്ള) ഉപ്പും ചേർത്ത് അല്പം വെള്ളവും ഒഴിച്ചു വയ്ക്കുക. റവയിൽ വെള്ളമാവണം, അത്രേ വേണ്ടൂ. കുറേ വെള്ളം ചേർത്ത് അതിനെ മുക്കിയിടരുത്.

ഉഴുന്നും ഉലുവേം അരയ്ക്കുക. അരയ്ക്കുമ്പോൾ ഒരുപാടു വെള്ളം ചേർക്കണ്ട. മിനുസമായി അരയ്ക്കുക. റവ മൃദു ആയിട്ടുണ്ടാവും. അതിലേക്ക് അരച്ചത് ചേർത്ത് ഇളക്കി വയ്ക്കുക. ഞാൻ ഒരു വൈകുന്നേരം അരച്ച് പിറ്റേന്നു രാവിലെ വരെ വെച്ചു.

കാരേലപ്പം ഉണ്ടാക്കാൻ സമയം ആയാൽ, അരച്ചുവെച്ചതിലേക്ക്, ഉള്ളി, പച്ചമുളക്, മല്ലിയില കറിവേപ്പില, ഇഞ്ചി എന്നിവയൊക്കെ മുറിച്ചിടണം. വല്യുള്ളി ഇല്ലെങ്കിൽ ചെറിയ ഉള്ളി ആയാലും മതി. തേങ്ങാക്കൊത്തും ഇടാം. കായത്തിനോട് പ്രേമമുണ്ടെങ്കിൽ അതും ഇടാം. എന്നിട്ട് നന്നായി ഇളക്കുക. ഉപ്പൊന്നു നോക്കുക. വേണമെങ്കിൽ ചേർക്കാം. അധികമുണ്ടെങ്കിൽ, വിധി എന്നു കരുതി സമാധാനിക്കുക.

കാര അടുപ്പത്തു വയ്ക്കുക. നോൺ സ്റ്റിക്ക് കാര ഉണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പമായിരിക്കും. അല്ലാത്ത സാദാ കാരയാണെങ്കിൽ അതിൽ എണ്ണയോ വെളിച്ചെണ്ണയോ ഓരോ ടീസ്പൂൺ ഒഴിക്കുക. എല്ലായിടത്തും പുരട്ടുക.
മാവൊഴിക്കുക. തീ കുറേ കൂട്ടിവയ്ക്കണ്ട. തീരെ കുറയ്ക്കുകയും ചെയ്യരുത്. മാവൊഴിച്ച് അടച്ചുവയ്ക്കുക.കുറച്ചുകഴിഞ്ഞ് അടപ്പ് എടുത്തു നോക്കുക. അപ്പോ മുകളിലും വേവ് ആയെങ്കിൽ മറിച്ചിടുക. മറിച്ച് ഇടുമ്പോഴും എണ്ണ പുരട്ടുക. സാദാ കാരയിൽ ആണെങ്കിൽ, കത്തികൊണ്ടോ, പരന്ന സ്പൂൺ കൊണ്ടോ അപ്പത്തിന്റെ സൈഡിൽ കൂടെ ഒന്നു കറക്കിയെടുത്താൽ മറിച്ചിടാൻ വേഗം കിട്ടും.
രണ്ടുഭാഗവും വെന്താൽ എടുത്തു വയ്ക്കുക.ചമ്മന്തി കൂട്ടിക്കഴിച്ചാൽ പ്രശ്നമൊന്നുമില്ല.

Wednesday, January 09, 2013

ചോളപ്പൊടി ചപ്പാത്തി

ചോളപ്പൊടി (Corn meal, Makkai ka Atta, Maize flour) കൊണ്ടുള്ള ചപ്പാത്തിയാണിത്. പഞ്ചാബികളുടെ ഇഷ്ടവിഭവം ആണിത്. ചപ്പാത്തി ഉണ്ടാക്കുന്നതുപോലെത്തന്നെയാണ് ഞാനിതുണ്ടാക്കിയത്. ഇതിൽ വേണമെങ്കിൽ ഉലുവയില, പാലക്ക്, ജീരകം അങ്ങനെ എന്തെങ്കിലുമൊക്കെ ചേർത്ത് ഉണ്ടാക്കാം. മസാലകൾ ചേർത്തും ഉണ്ടാക്കാം. പരീക്ഷണങ്ങൾ പിന്നെയൊരിക്കലാവാംന്നു വെച്ചു.ചോളപ്പൊടി അരിച്ചെടുക്കുക. ഇതിനു കടലപ്പൊടി/കടലമാവിന്റെ നിറമാണ്.

ഒരു ഗ്ലാസ് ചോളപ്പൊടിയ്ക്ക് കാൽ ഗ്ലാസ് ഗോതമ്പുപൊടി ചേർത്തു. ചേർക്കാതെയും ഉണ്ടാക്കാം. ഉപ്പ് ആവശ്യത്തിനിട്ടു. പൊടിയുപ്പ്.
അല്പം വെളിച്ചെണ്ണയൊഴിച്ചു. ഇളം ചൂടുവെള്ളം ഒഴിച്ചാണ് കുഴച്ചത്.
ഉരുളയാക്കണം. കുറച്ചു കട്ടിയിൽ പരത്താം. അതുകൊണ്ടു വല്യ ഉരുളകളാക്കി.
ചപ്പാത്തിയ്ക്കു പരത്തുന്നതുപോലെത്തന്നെ പരത്തിയെടുത്തു.
ഞാൻ ചപ്പാത്തിപ്പലകയിൽ ആദ്യം കുറച്ച് വെളിച്ചെണ്ണ പുരട്ടി. പിന്നെ ഗോതമ്പുപൊടി കുറച്ച് ഇട്ടു. എന്നിട്ട് പരത്തി.
ദോശക്കല്ല് ചൂടാക്കി (ഇരുമ്പാണ് നല്ലത്), ഉണ്ടാക്കിയെടുത്തു.
വെണ്ണ ഇട്ടാണ് ഉണ്ടാക്കിയെടുത്തത്. വെണ്ണ അമ്മ തന്നിരുന്നു. വീട്ടിലുണ്ടാക്കിയത്. അതുകൊണ്ട് ആർഭാടം ഒട്ടും കുറച്ചില്ല.

എന്തെങ്കിലും കറിയോ അച്ചാറോ ചമ്മന്തിയോ ഒക്കെ കൂട്ടിക്കഴിക്കാം.


എന്റെ ബ്ലോഗ് നോക്കാനെത്തുന്ന എല്ലാവർക്കും നന്ദി. പുതുവർഷാശംസകൾ. :)
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]