Friday, March 25, 2011

കുമ്പളങ്ങ മുരിങ്ങാക്കായ പുളിങ്കറി

ആ കുമ്പളങ്ങ ഇനീം തീർന്നില്ലേന്ന് നിങ്ങളു ചോദിക്കും. ഇല്ല, തീർന്നിട്ടില്ല. അതുകൊണ്ട് ഒരു കൂട്ടാൻ ഇനീം വെയ്ക്കാംന്ന് വിചാരിച്ചു. ആ കൂട്ടാനാണ് കുമ്പളങ്ങ മുരിങ്ങാക്കായ പുളിങ്കറി.

വേണ്ടത്:-
കുമ്പളങ്ങ - ഒരു കഷണം - നൂറ്റമ്പത് ഗ്രാം.
മുരിങ്ങാക്കോല്/മുരിങ്ങാക്കായ - രണ്ട്. വലുത്.
പുളി - ചെറിയ നെല്ലിക്ക വലുപ്പമുള്ളത്.
തേങ്ങ - നാലു ടേബിൾസ്പൂൺ. (കുറച്ച് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ആയാലും കുഴപ്പമൊന്നുമില്ല).
ജീരകം - കാൽ ടീസ്പൂൺ. (നിങ്ങൾക്ക് ജീരകത്തിന്റെ സ്വാദ് ഇഷ്ടമല്ലെങ്കിൽ വേണ്ടെന്നും വയ്ക്കാം).
മുളകുപൊടി - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കുറച്ച്.
ഉപ്പ്.
വറവിടാൻ, വെളിച്ചെണ്ണ, കറിവേപ്പില, ചുവന്നമുളക്, കടുക്.






കുമ്പളങ്ങയും മുരിങ്ങാക്കോലും കഷണങ്ങളാക്കുക. പുളി അല്പം വെള്ളത്തിൽ ഇട്ടുവയ്ക്കുക. തേങ്ങയും ജീരകവും അരയ്ക്കുക. മുളകുപൊടി ഇഷ്ടമല്ലെങ്കിൽ രണ്ട് ചുവന്ന മുളക്, തേങ്ങയോടൊപ്പം അരയ്ക്കുക. മുരിങ്ങാക്കായയും, കുമ്പളങ്ങയും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയിട്ട് വേവിയ്ക്കുക. വെന്താൽ പുളി വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേവണം. വെന്താൽ തേങ്ങ ചേർക്കുക. വെള്ളവും ആവശ്യത്തിനു ചേർക്കുക. തിളപ്പിക്കുക. തിളച്ചാൽ വാങ്ങിവെച്ച് വറവിടുക.

Wednesday, March 23, 2011

മത്തങ്ങ ചെറുപയർ കൂട്ടാൻ

മത്തങ്ങ/മത്തൻ കൊണ്ടൊരു കൂട്ടാനാണിത്. ചെറുപയറും അതിന്റെ കൂടെക്കൂടി. സാദാ കൂട്ടാനാണിത്. സ്വാദുള്ളതും.

വേണ്ടത്:-

മത്തങ്ങ - ഇരുനൂറ് ഗ്രാം. (ചിത്രത്തിൽ ഉള്ളത്രേം.)
ചെറുപയർ - അമ്പത് ഗ്രാം.
തേങ്ങ - മൂന്ന് ടേബിൾസ്പൂൺ. കുറച്ച് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ആവാം.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്.
മുളകുപൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വെളിച്ചെണ്ണ.
കറിവേപ്പില - ഒരു തണ്ട്.



മത്തങ്ങ വേഗം വേവും. ചെറുപയർ കുറച്ചു താമസിക്കും. ചെറുപയർ കുറച്ചുനേരം വെള്ളത്തിൽ കുതിർത്തിട്ട ശേഷം കഴുകിയെടുക്കുക. മത്തങ്ങ തോലു കളഞ്ഞ് കഷണങ്ങളാക്കി കഴുകിയെടുക്കുക. തേങ്ങ അരയ്ക്കുക. അരയ്ക്കുമ്പോൾ കുറേ വെള്ളം ഒഴിക്കേണ്ട. പേസ്റ്റുപോലെ മതി.

ചെറുപയർ കുക്കറിൽ വേവിക്കുക. അല്ലെങ്കിൽ ആദ്യം വേറെ വേവിക്കുക. മത്തങ്ങ ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളം ഒഴിച്ച്, ഉപ്പും, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഇട്ട് വേവിക്കുക.

വെന്താൽ, ആദ്യം വേവിച്ച ചെറുപയർ അതിലിടുക. കുറച്ചുനേരം തീ കുറച്ചു വയ്ക്കുക. അഞ്ചുമിനുട്ട്. അതുകഴിഞ്ഞാൽ തേങ്ങയരച്ചത് ചേർക്കുക. തിളപ്പിക്കുക. കറിവേപ്പില തണ്ടോടെ ഇടുക. വാങ്ങിവയ്ക്കുക. മുകളിൽ അല്പം വെളിച്ചെണ്ണ ഒഴിക്കുക. നിങ്ങൾക്ക് നിർബ്ബന്ധമാണെങ്കിൽ വറവിടുക.



എല്ലാത്തിലും കൂടെ വെള്ളം അധികമാവാതിരിക്കാൻ ശ്രദ്ധിക്കണം. ചെറുപയറിനുള്ള ഉപ്പും കൂടെ മത്തങ്ങ വേവിക്കുമ്പോൾ ഇടണം.

ഇനി പഴഞ്ചൊല്ല്. ‘മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ’ എന്നതല്ല. ‘മത്തങ്ങ പോകുന്നതറിയില്ല; കടുകു പോകുന്നത് കണ്ടിരിയ്ക്കും’ എന്നത്. എന്നുവെച്ചാൽ, നിസ്സാരനഷ്ടം ശ്രദ്ധിയ്ക്കും; വലിയ നഷ്ടം കാണാതെ പോകും എന്ന്.



ഇനി ചോറെടുക്കൂ; കറിയൊഴിക്കൂ.

Tuesday, March 22, 2011

കുമ്പളങ്ങ തക്കാളി പുളിങ്കറി

കുമ്പളങ്ങയും തക്കാളിയും കൊണ്ട് ഒരു സാദാ കൂട്ടാനാണിത്. കുമ്പളങ്ങതക്കാളി പുളിങ്കറി എന്നും ഇതിനെ വിളിക്കാം. എളുപ്പം കഴിയും പരിപാടി. അതുകൊണ്ട് ഇടയ്ക്ക് ഇതൊക്കെയൊന്ന് പരീക്ഷിക്കാം. കുമ്പളങ്ങ ഇത്തവണ ആരും തന്നില്ല. വാങ്ങേണ്ടിവന്നു. പാവം ഞാൻ!




വേണ്ടത് :‌-

കുമ്പളങ്ങ - ഒരു കഷണം. നൂറ് നൂറ്റമ്പത് ഗ്രാം.
തക്കാളി - രണ്ട്. അധികം വലുത് വേണ്ട. ചിത്രത്തിൽ കാണുന്നില്ലേ?
പച്ചമുളക് - രണ്ടോ മൂന്നോ.
തേങ്ങ - നാല് ടേബിൾസ്പൂൺ. കുറച്ച് കൂടിയാലും കുറഞ്ഞാലും കുഴപ്പമൊന്നുമില്ല.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
മുളകുപൊടി - കാൽ ടീസ്പൂൺ. അല്ലെങ്കിൽ നിങ്ങളുടെ പാകത്തിന്.
വറവിടാൻ, കടുക്, ചുവന്നമുളക്/വറ്റൽമുളക്/ഉണക്കമുളക്, കറിവേപ്പില, വെളിച്ചെണ്ണ.
പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ. അല്പം വെള്ളത്തിൽ ഇട്ടുവയ്ക്കുക.





കുമ്പളങ്ങ തോലു കളഞ്ഞ്, കുരുവൊക്കെക്കളഞ്ഞ് കഷണങ്ങളാക്കുക. കഴുകുക. കഴുകിയ തക്കാളിയും മുറിച്ചെടുക്കുക. കഴുകിയ പച്ചമുളക് നീളത്തിൽ ചീന്തിയാൽ മതി. മൂന്നും കൂടെ ഒരുമിച്ചെടുത്ത്, ഉപ്പും, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവയും ഇട്ട് അല്പം വെള്ളവും ഒഴിച്ച് വേവാൻ വയ്ക്കുക. രണ്ടും വേഗം വേവും. തേങ്ങയും ജീരകവും അരയ്ക്കുക. പുളി പിഴിഞ്ഞ് വെള്ളം എടുക്കുക. കഷണങ്ങൾ വെന്താൽ അതിൽ പുളിവെള്ളം ചേർക്കുക. തിളപ്പിക്കുക. അല്പനേരം വയ്ക്കണം. പുളി വെന്താൽ, തേങ്ങയരച്ചതും ചേർത്ത് യോജിപ്പിച്ച് തിളപ്പിക്കുക. വെള്ളം ഇനിയും ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക. നന്നായി തിളച്ചുയോജിച്ചാൽ വാങ്ങിവച്ച് വറവിടുക.




വറവിടുക എന്നുപറഞ്ഞാൽ അല്പം വെളിച്ചെണ്ണ ചൂടാക്കി അതിൽ ചുവന്ന മുളക് ഒന്നോ രണ്ടോ പൊട്ടിച്ചതും കുറച്ച് കടുകും ഇട്ട് പൊട്ടിക്കഴിഞ്ഞാൽ കറിവേപ്പില ഇലകളും ഇട്ട് അത് കൂട്ടാനിലേക്ക് ഒഴിക്കുക. വറവ് ഇട്ടയുടനെ കൂട്ടാൻ ഇളക്കരുത്. അടച്ചുവയ്ക്കുക. കഷണങ്ങൾ വേവിക്കുമ്പോൾ മുളകുപൊടിയിടുന്നതിനു പകരം, ചുവന്നമുളക് പാകത്തിന്, തേങ്ങയുടെ കൂടെ അരച്ചാലും മതി.

Thursday, March 03, 2011

ഗുജറാത്തി കൂട്ടാൻ

ഇതു ഗുജറാത്തികളുടെ ഒരു കൂട്ടാനാണ്. കഡി എന്നാണ് ഇതിന്റെ പേര്. അവരുടെ ഭക്ഷണത്തിൽ ഇത് ഒഴിച്ചുകൂടാത്ത ഒന്നാണ്. എന്റെ അനിയത്തിക്കുട്ടിയുടെ കൂട്ടുകാരിയുണ്ടാക്കുന്നത് നോക്കിയിരുന്നു ഒരിക്കൽ. ചിലയിടത്തുനിന്നൊക്കെ കഴിച്ചിട്ടുമുണ്ട്. നമ്മുടെ മോരു കാച്ചിയതുപോലെ ഒരു കൂട്ടാനായതുകൊണ്ട് ഇതുണ്ടാക്കിയേക്കാമെന്നുവെച്ചു. എളുപ്പത്തിൽ തയ്യാറാക്കാം.

വേണ്ടത് :-




തൈര് - കാൽ ലിറ്റർ.
പഞ്ചസാര - ഒരു ടീസ്പൂൺ.
വെളുത്തുള്ളി - നാലഞ്ച് അല്ലി.
പച്ചമുളക് - ഒന്ന്.
ഇഞ്ചി - ഒരു കഷണം.
കടലമാവ്/ കടലപ്പൊടി - രണ്ട് ടീസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
ഗ്രാമ്പൂ - മൂന്നാലെണ്ണം.
കുരുമുളക് - എട്ട്.
മല്ലിയില, കറിവേപ്പില, ഒരു നുള്ള് മഞ്ഞൾപ്പൊടി - മൂന്നും നിർബ്ബന്ധമില്ല. ഇലകൾ ഇട്ടില്ലെങ്കിൽ കുടിക്കാൻ എളുപ്പമാകും.
ഉപ്പ്.
കുറച്ച് നെയ്യ്.

പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കിയെടുക്കണം. തൈരിൽ കടലമാവും ഉപ്പും പഞ്ചസാരയും ഇട്ട് കലക്കണം. കുറച്ച് വെള്ളവും ചേർക്കാം. അത് അടുപ്പത്തുവെച്ച്, അതിൽ പേസ്റ്റാക്കിവെച്ചിരിക്കുന്നത് ഇട്ട് ഇളക്കുക. കറി ഇളക്കിക്കൊണ്ടിരിക്കണം. ചെറുതീയിലേ വയ്ക്കാവൂ. മഞ്ഞൾ ഒരു നുള്ള് വേണമെങ്കിൽ ഇടാം. മല്ലിയില ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഇടാം. പച്ചമുളക് രണ്ടെണ്ണം അരച്ചാലും കുഴപ്പമില്ല.






ഒക്കെയിട്ട് നന്നായി തിളച്ച് എല്ലാം നന്നായി വെന്താൽ വാങ്ങിവെച്ച്, ജീരകം, ഗ്രാമ്പൂ, കുരുമുളക് എന്നിവ നെയ്യിൽ വറവിടുക. അച്ചുവിന്റെ അമ്മയിലെ വനജ കറി റെഡി, ഗോ എന്നു പറഞ്ഞില്ലേ?
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]