Thursday, February 26, 2009

ചേമ്പ് കുറുക്കുകാളൻ

ചേമ്പ് കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം. കാളൻ, ഓലൻ, മൊളേഷ്യം, സാമ്പാർ ഒക്കെ. ബാക്കിയൊക്കെ ഉണ്ടാക്കിക്കഴിഞ്ഞതുകൊണ്ട് കാളൻ വെച്ചേക്കാംന്ന് കരുതി. കുറുക്കുകാളൻ. കാളൻ, കുറുക്കിയുണ്ടാക്കിക്കഴിഞ്ഞാൽ അതിൽനിന്ന് അല്പാല്പമായിട്ട് കുറച്ചു നാളോളം എടുത്തുകൂട്ടാം. കേടാവില്ല.





ചേമ്പ് ചിത്രത്തിൽ ഉള്ളത്രേം വേണം.



കഷണങ്ങളാക്കുക. നന്നായി കഴുകുക. മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും (അര ടീസ്പൂൺ), ആവശ്യത്തിന് ഉപ്പും ഇട്ട് വേവാൻ ആവശ്യമായത്ര വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. കുക്കറിൽ വേവിച്ചെടുക്കാം.





കുറച്ചുവലുപ്പമുള്ള ഒരു മുറിത്തേങ്ങയുടെ മുക്കാൽഭാഗം ചിരവിയെടുത്ത് ഒന്നോ ഒന്നരയോ ടീസ്പൂൺ ജീരകവും മൂന്ന് പച്ചമുളകും (എരിവ് വേണമെങ്കിൽ കൂടുതൽ ചേർക്കാം) ചേർത്ത് നല്ല മിനുസമായി അരയ്ക്കുക. അധികം വെള്ളം ആവരുത് അരഞ്ഞുകഴിഞ്ഞാൽ.




ചേമ്പ് വെന്തു കഴിഞ്ഞാൽ അതിൽ അര ലിറ്റർ, നന്നായി പുളിച്ച മോരും ഒഴിച്ച് തിളപ്പിക്കുക. വറ്റിക്കുക. വലിയൊരു പാത്രം എടുക്കുന്നതാവും നല്ലത്. അല്ലെങ്കിൽ മോര് തിളയ്ക്കുമ്പോൾ താഴേക്ക് തെറിക്കും. ഉപ്പും കുറച്ചും കൂടെ ഇടാം. വറ്റാറായാൽ അതിലേക്ക് തേങ്ങ ചേർത്ത് തിളപ്പിക്കുക. തേങ്ങയും കൂടെ ചേർത്തുകഴിഞ്ഞാല്‍പ്പിന്നെ അതിൽ വെള്ളം മിക്കവാറും ഉണ്ടാവില്ല. തേങ്ങ തിളയ്ക്കാൻ ആവശ്യമായതേ ഉണ്ടാവൂ. തേങ്ങയും ചേർന്നുകഴിഞ്ഞാൽ അതിലേക്ക് കറിവേപ്പില വെറുതേ ഇടുക.




വാങ്ങിവെച്ച് വറവിടുക. ഉലുവപ്പൊടി വളരെ സ്വല്പം വേണമെങ്കിൽ ഇടാം. കുറേയിട്ടാൽ കയ്ക്കും.




കൽച്ചട്ടിയാണെങ്കിൽ കാളൻ തണുക്കുമ്പോഴേക്കും ഒരിറ്റുപോലും വെള്ളം കാണില്ല. മറ്റു പാത്രങ്ങളാണെങ്കിൽ വറ്റിക്കുന്നതുപോലിരിക്കും.

കുറുക്കുകാളൻ ഉണ്ടാക്കിയിട്ട് രണ്ടു പാത്രങ്ങളിൽ എടുത്തുവയ്ക്കുക. ഒന്നിലുള്ളത് കൂട്ടിക്കഴിക്കാൻ എടുക്കുക. ഒന്നിലുള്ളത് പിന്നേയ്ക്ക് വയ്ക്കുക. എടുത്തതിൽനിന്നു തന്നെ എടുത്ത് അടച്ചുവെച്ചു പിന്നേം എടുത്തുകൊണ്ടിരിക്കുന്നത് ശരിയല്ല.

വലിയ ചേമ്പ് കിട്ടാനില്ലെങ്കിൽ, കുട്ടിച്ചേമ്പുകൊണ്ടും കാളൻ ഉണ്ടാക്കാം.

Sunday, February 22, 2009

ഉഴുന്നുവട

മിക്കവാറും എല്ലാ ചടങ്ങുകൾക്കും ഞങ്ങളുടെ വീട്ടിൽ ഉഴുന്നുവടയുണ്ടാക്കും. ഇഡ്ഢലിയുടെ കൂടെയാണ് ഉഴുന്നുവട പതിവ്. വലിയ പാത്രം വെച്ച് എണ്ണ ചൂടാക്കി അതിലേക്ക് മാവിട്ട് കുറേയെണ്ണം ഒരുമിച്ചിട്ട് വറുത്തുകോരിയെടുക്കുന്നതുകാണാൻ ഒരു രസം തന്നെ. അഥവാ ഇഡ്ഡലി മാത്രമേ ഉള്ളൂ എന്നു പറഞ്ഞാൽ ഞങ്ങൾ പറയും പാവം ഇഡ്ഡലി വിഷമിച്ച് പാട്ടുപാടും എന്ന്. “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ” എന്ന പാട്ട്.

ഉഴുന്നുവടയുണ്ടാക്കാൻ എളുപ്പമാണ്. അല്പം ചേരുവകളേ വേണ്ടൂ. വേഗം കിട്ടുകയും ചെയ്യും.

ഉഴുന്ന്
പച്ചമുളക്
കറിവേപ്പില
ഇഞ്ചി
കുരുമുളക്
വെളിച്ചെണ്ണ
ഉപ്പ്
ബേക്കിംഗ് പൗഡർ (നിർബ്ബന്ധമില്ല).


ഒരു കപ്പ് ഉഴുന്ന് രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിലിടുക.
സമയം ആയാൽ ഒട്ടും വെള്ളമില്ലാതെ അരയ്ക്കുക.
അരയ്ക്കുമ്പോൾ അതിൽ ഉപ്പും പത്ത് - പന്ത്രണ്ട് മണി കുരുമുളകും ഇടുക.
ഉഴുന്ന് ഒന്ന് അരഞ്ഞിട്ടേ കുരുമുളക് ഇടാവൂ. കുരുമുളക് മുഴുവൻ അരഞ്ഞുപോകരുത്. തരിതരിയായി കിടക്കണം. തിന്നുമ്പോൾ കടിക്കണം.
അഞ്ച് പച്ചമുളക് ചെറുതായി വട്ടത്തിൽ മുറിച്ചെടുക്കുക.
കുറച്ച് കറിവേപ്പിലയും ചെറുതായി അരിഞ്ഞെടുക്കുക.
ഒരു കഷണം ഇഞ്ചിയും ചെറുതായി മുറിച്ചെടുക്കണം.



ഒക്കെ ഉഴുന്നുകൂട്ടിലേക്ക് ഇടുക. അല്പം കായം (പൊടി) ചേർക്കുക. വളരെ സ്വല്പം ബേക്കിംഗ് പൗഡറും ചേർക്കുക. വീട്ടിൽ ചേർക്കാറില്ല.
ഉള്ളിയും തേങ്ങ ചെറുതായി അരിഞ്ഞതും ചേർക്കുന്നതു കണ്ടിട്ടുണ്ട്. ഞാൻ ചേർത്തിട്ടില്ല.



ഒക്കെ യോജിപ്പിച്ച്, കൈയിൽ അല്പം വെള്ളം പുരട്ടി കൂട്ട് എടുത്തുവെച്ച് തുളയുണ്ടാക്കി ചൂടുള്ള വെളിച്ചെണ്ണയിലേക്ക് ഇടുക. ശ്രദ്ധിച്ചില്ലെങ്കിൽ ഉഴുന്നുകൂട്ടിനുപകരം വിരലും കൈയും ഒക്കെ വെളിച്ചെണ്ണയിൽ മുങ്ങും. ഞാൻ പറഞ്ഞില്ലെന്ന് പിന്നെപ്പറയരുത്.




നന്നായി മൊരിച്ച് വറുത്തെടുക്കുക. വെറുതേ തിന്നുക. ചമ്മന്തിയും സാമ്പാറും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതു കൂട്ടിത്തിന്നുക.

പരിപ്പുവടയും

സാബൂദനവടയും

കടലപ്പരിപ്പ് വടയും ഇവിടെയുണ്ട്.


ഉഴുന്നുവട, ഹോട്ടലിൽ കിട്ടുന്നതുപോലെ ആകൃതിയിൽ കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ചിലപ്പോളതിൽ, തലേന്നത്തെ ചോറോ അല്ലെങ്കിൽ അരിപ്പൊടിയോ, റവയോ ഒക്കെ കൂട്ടിയിട്ടുണ്ടാകും. നമ്മളുണ്ടാക്കുമ്പോൾ ഉഴുന്ന് മാത്രം ഉപയോഗിച്ചാൽ മതി. ഉണ്ടാക്കിയുണ്ടാക്കി ശരിയാവും.

പണ്ടൊരു ചടങ്ങിന് വീട്ടിലുണ്ടാക്കിയത്.


Saturday, February 21, 2009

പഴുത്തപപ്പായസാമ്പാർ

കർമൂസ എന്ന് ഞങ്ങളുടെ നാട്ടിൽ വിളിക്കുന്ന പപ്പായകൊണ്ട് കുറേയേറെ വിഭവങ്ങളുണ്ടാക്കാം. കുറച്ച് സ്ഥലമുണ്ടെങ്കിൽ വീടുകളിൽത്തന്നെ അധികം അധ്വാനമില്ലാതെയുണ്ടാക്കാൻ പറ്റിയൊരു മരമാണ് പപ്പായ മരം. പപ്പായ പച്ച തിന്നാം, പഴുത്താലും തിന്നാം.

പഴുത്ത പപ്പായകൊണ്ടൊരു സാമ്പാർ. നിങ്ങളാരെങ്കിലും കഴിച്ചിട്ടുണ്ടോ? ഇവിടെ ഉണ്ടാക്കാറുണ്ട്.



പഴുത്ത പപ്പായ
തേങ്ങ ചിരവിയത്
മല്ലി
മുളക്
തുവരപ്പരിപ്പ്
പച്ചമുളക്
കായം പൊടി
പുളി
മഞ്ഞൾപ്പൊടി
ഉപ്പ്
പിന്നെ വറവിടാൻ ആവശ്യമായതും വേണം.




പപ്പായ ചിത്രത്തിൽ ഉള്ളതിൽ ചെറിയ കഷണം എടുക്കുക. തോലു കളയുക, മുറിക്കുക. കഴുകുക.

പുളി വലിയ നെല്ലിക്കാവലുപ്പത്തിൽ വെള്ളമൊഴിച്ച് വെച്ച് കുതിർന്നാൽ അതിന്റെ വെള്ളം മാത്രം എടുക്കുക.

തേങ്ങ രണ്ട് രണ്ടര ടേബിൾസ്പൂൺ വറുത്തെടുക്കുക.

മല്ലി രണ്ട് ടീസ്പൂണും, മുളക് മൂന്നെണ്ണവും വറുത്തെടുക്കുക. അതിൽ നാലോ അഞ്ചോ എണ്ണം ഉലുവമണികൾ ഇട്ട് വറുക്കുക.



തേങ്ങയും മല്ലിക്കൂട്ടും തണുത്തുകഴിഞ്ഞാൽ അരയ്ക്കുക.

തുവരപ്പരിപ്പ് മൂന്ന് ടേബിൾസ്പൂൺ ആദ്യം വേവിക്കുക. കുക്കറിൽ ആയാൽ നല്ലത്.




ഒരു പാത്രത്തിൽ പുളിവെള്ളവും പപ്പായ/കർമൂസക്കഷണങ്ങളും ഇട്ട്, മൂന്ന് പച്ചമുളകും ചീന്തിയിട്ട്, ഉപ്പും, മഞ്ഞൾപ്പൊടിയും ഇട്ട് വേവാൻ വയ്ക്കുക. ഞാൻ കൽച്ചട്ടിയിൽ വേവിക്കാമെന്നുവച്ചു.

വെന്താൽ, അതിലേക്ക് പരിപ്പ് വേവിച്ചത് ഇടുക.

അല്പനേരം തിളച്ച് ഒക്കെ ഒന്ന് യോജിച്ചാൽ, തേങ്ങ കൂട്ടുക. കായം പൊടിയും ഇടുക.

കറിവേപ്പില ഇടുക.



മുളകു പൊട്ടിച്ചതും, കടുകും, കറിവേപ്പിലയും വറുത്തിടുക.



പഴുത്ത പപ്പായസാമ്പാർ തയ്യാർ. രാവിലെ ഇഡ്ഡലിയ്ക്കൊപ്പം കഴിക്കുക. ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കുക. എരിവ് ഇനിയും വേണമെന്നുണ്ടെങ്കിൽ, അടുത്ത തവണ കൂട്ടുക.


മോരുകൂട്ടാനും,

പച്ചപ്പപ്പായസ്സാമ്പാറും ഇവിടെ.

Friday, February 20, 2009

മുതിര കായത്തോൽ ഉപ്പേരി

കായ വറുക്കാനെടുത്തുകഴിഞ്ഞാൽ അതിന്റെ തോലു ബാക്കിയുണ്ടാവും. അത്എറിഞ്ഞുകളയുകയാണോ നിങ്ങൾ ചെയ്യാറ്? എന്നാൽ ഇനി മുതൽ അങ്ങനെ ചെയ്യരുത്. ഞങ്ങളൊക്കെച്ചെയ്യുന്നത്, ഒന്നുകിൽ അത് മുറിച്ച് തോരൻ വയ്ക്കും, അല്ലെങ്കിൽ കുറച്ച് നീളത്തിലരിഞ്ഞ് ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കും.

കായത്തോൽ അല്ലെങ്കിൽ കായത്തൊലി, കായത്തോട് എന്നൊക്കെപ്പറയുന്നുണ്ടാവും. എന്തായാലും കായയുടെ തൊലി തന്നെ.

അതുകൊണ്ട് ഇപ്പോഴൊരു കായത്തോൽ/ കായത്തൊലി - മുതിരത്തോരൻ/ഉപ്പേരി വയ്ക്കാം. മുതിരയിഷ്ടമുള്ളവർക്ക് നന്നായി ഇഷ്ടപ്പെടും. അല്ലാത്തവർക്കും ഇഷ്ടപ്പെടും.




മുതിര
കായത്തോൽ
ഉപ്പ്
ചുവന്ന മുളക്
മഞ്ഞൾപ്പൊടി, മുളകുപൊടി
വറവിടാൻ ആവശ്യമായത് .
ഇവയൊക്കെ വേണം.

മുതിര തലേന്ന് വെള്ളത്തിലിട്ട് വയ്ക്കണം.

പിറ്റേദിവസം, കായത്തോൽ കുഞ്ഞുകുഞ്ഞായി നുറുക്കിയെടുക്കണം. കഴുകി കറയൊക്കെപ്പോക്കണം. മുതിര കഴുകിയെടുക്കണം. ചിലപ്പോൾ നല്ലോണം കല്ലുണ്ടാവും അതിൽ. അതൊക്കെക്കളഞ്ഞെടുക്കണം. കായത്തോൽ നല്ല പച്ചയായിരിക്കുമ്പോളെടുക്കണം. വാടിപ്പോകാൻ നിൽക്കരുത്. ഇവിടെ കുറച്ച് പച്ച കുറഞ്ഞു.



മുതിര ആദ്യം ഒരുപാത്രത്തിൽ ഇട്ട്, അത് മുങ്ങിക്കിടക്കുന്ന വെള്ളം ഒഴിക്കുക. തോരന് ആവശ്യമുള്ള മഞ്ഞൾപ്പൊടി ഇടുക. മുളകുപൊടിയും ഇടുക (ഞാൻ ഇടാറില്ല). എന്നിട്ട് കഴുകിയ കായത്തോൽ അതിനു മുകളിൽ ഇടുക. കുക്കറിൽ നന്നായി വേവിക്കുക. മുതിരയിൽ ഒഴിച്ച വെള്ളംകൊണ്ട് കായത്തോലും വെന്തോളും. അതിന് അധികം വേവൊന്നും ഇല്ലല്ലോ. വെന്താൽ അതിൽ ഉപ്പ് ഇടുക. നന്നായി ഇളക്കിയോജിപ്പിക്കുക. വെള്ളം ഉണ്ടെങ്കിൽ നിന്നോട്ടെ.

വറവിടുമ്പോൾ ഒക്കെ പോയിക്കോളും. ഉപ്പ് പിടിക്കുകയും വേണമല്ലോ.

വറവിടാൻ ഒരുക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ ആദ്യം ഉഴുന്നുപരിപ്പ് ഇടുക. അത് ചുവന്നാൽ കടുകും ചുവന്ന മുളക് പൊട്ടിച്ചതും ഇടുക. അത് പൊട്ടിത്തെറിക്കുമ്പോൾ കറിവേപ്പിലയും ഇടുക. അതിലേക്ക് മുതിര കായത്തോൽ കൂട്ട് ഇടുക. അടച്ച് വെള്ളം വറ്റുന്നതുവരെ വേവിക്കുക. വെള്ളമില്ലെങ്കിൽ വറവിലേക്കിട്ട് വഴറ്റിയെടുത്ത്, അടുപ്പിൽ നിന്നു വാങ്ങി, തേങ്ങ ചിരവിയത് ഇടുക.



വറവിടുമ്പോളും വെള്ളം വറ്റിക്കുമ്പോഴും തീ കുറച്ച് വയ്ക്കുക.

നല്ല സ്വാദുണ്ടാവും ഈ ഉപ്പേരിക്ക് അഥവാ തോരന്.

Thursday, February 19, 2009

മൂന്നാം കൂട്ടുകറി

കൂട്ടുകറി സദ്യകളിലൊക്കെ സ്ഥിരമായുണ്ടാവും. പുളിയില്ലാത്ത, നല്ല സ്വാദുള്ള ഒരു കറി. സാധാരണയായി, കായ, കടല, ചേന എന്നിവയാണ് കൂട്ടുകറിയ്ക്ക് ഉപയോഗിക്കുന്നത്. ആ കൂട്ടുകറി ഇവിടെയുണ്ട്. എന്നാൽ അതുകൊണ്ടേ കൂട്ടുകറി ഉണ്ടാക്കാൻ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ. ചേനയും കായയും പറ്റാത്തവർക്കായൊരു കൂട്ടുകറിയാണ് ഇത്.




ഇതിൽ വെള്ളരിക്ക, കുമ്പളങ്ങ, കടല, കാരറ്റ് എന്നിവയാണ്. കാരറ്റ് ചേർത്തിരിക്കുന്നത് കുറച്ച് കട്ടിയായിക്കോട്ടെ എന്നു കരുതിയാണ്. വെള്ളരിക്കയും കുമ്പളങ്ങയും “വെള്ളക്കഷണങ്ങൾ” അല്ലേ.

കടല - കുറച്ച് തലേന്ന് വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കണം

വെള്ളരിക്ക

കുമ്പളങ്ങ

തേങ്ങ - കുറച്ച് ചിരവിവയ്ക്കുക. അരയ്ക്കാനും വറവിടാനും വേണം.

ജീരകം

ഉപ്പ്

മഞ്ഞൾപ്പൊടി

മുളകുപൊടി

കടല കുതിർന്നത് നാല് ടേബിൾ സ്പൂൺ എടുക്കുക. വെള്ളരിക്കയുടേയും കുമ്പളങ്ങയുടേയും ഓരോ ചെറിയ കഷണങ്ങൾ എടുത്ത് ചെറുതായി കൂട്ടുകറിയ്ക്കുള്ള പാകത്തിൽ കഷണങ്ങളാക്കുക. കാരറ്റ് ഒന്ന് മതി. അതും കഷണങ്ങളാക്കുക.

ഒക്കെ കഴുകിയെടുക്കുക.

കാരറ്റും കടലയും കുക്കറിൽ വേവിക്കുക. അതിനു നല്ല വേവ് വേണം. അതിൽ കറിക്കാവശ്യമുള്ള അളവിൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇടണം.

പിന്നെ കുമ്പളങ്ങയും വെള്ളരിക്കയും വേവിക്കുക. കുക്കറിൽ വേണമെന്നില്ല. വേവിക്കുമ്പോൾ ഉപ്പിടണം.

വെള്ളരിക്ക കുമ്പളങ്ങ കഷണങ്ങൾ ഒരുവിധം വേവ് ആയാൽ, കടലയും കാരറ്റും വേവിച്ചത് ചേർക്കുക. അതിലെ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇതിനും ചേരണമല്ലോ.

ഒക്കെ വെന്തു യോജിച്ചാൽ, നാലോ അഞ്ചോ ടേബിൾസ്പൂൺ തേങ്ങ(കുറച്ച് കൂടിയാലും കുഴപ്പമില്ല), അര ടീസ്പൂൺ ജീരകം ചേർത്തരച്ച്, ഇതിലേക്ക് ചേർക്കുക. കൂട്ടുകറിയിൽ അധികം വെള്ളം പാടില്ല. അതുകൊണ്ട് വെന്തു കഴിഞ്ഞാൽ കഷണങ്ങളിലും, അരച്ചെടുക്കുന്ന തേങ്ങയിലും അധികം വെള്ളം ഇല്ലാത്തതാണ് നല്ലത്. വിളമ്പിയാൽ വിളമ്പുന്നിടത്തിരിക്കണം.

തേങ്ങ ചേർത്ത് നന്നായി തിളച്ച് ഒക്കെ നല്ലപോലെ യോജിച്ചാൽ അതിലേക്ക് കടുകും മുളകും കറിവേപ്പിലയും വറവിടുക.

രണ്ട് ടേബിൾസ്പൂൺ തേങ്ങയും നന്നായി വറുത്ത് ഇടുക.




ഇത് മധുരക്കിഴങ്ങ് കൂട്ടുകറി

(താഴെയുള്ള കൂട്ടുകറി ലേബലിൽ ക്ലിക്ക് ചെയ്താൽ മൂന്നും കാണാം)

Saturday, February 14, 2009

സേമിയ ഇഡ്ഡലി

സേമിയപ്പായസം ഇഷ്ടമല്ലേ? സേമിയ ഉപ്പുമാവ് ഇഷ്ടമാണോ? ഈ ബ്ലോഗിൽ ഉണ്ടാക്കിയിട്ടിട്ടുണ്ട്.
ഇനി സേമിയ ഇഡ്ഡലി ആയിക്കോട്ടെ. എളുപ്പമാണ്. സ്വാദും ഉണ്ട്. നല്ലൊരു ചമ്മന്തിയും ഉണ്ടെങ്കിൽ ഉഷാർ.






ഉണ്ടാക്കിയത് എങ്ങനെയെന്ന് പറയാം.

ഉഴുന്നരച്ചത് വേണം. ഉഴുന്ന് മൂന്നോ നാലോ മണിക്കൂർ വെള്ളത്തിലിട്ട ശേഷം മിനുസമായി അരച്ചെടുത്തത്. വെള്ളം അധികം പാടില്ല. അത്യാവശ്യത്തിനു മതി.

സേമിയ എത്രയാണെന്നുള്ളത് നോക്കിയാണ് ഉഴുന്ന് എടുക്കേണ്ടത്. സേമിയയുടെ നേർപകുതി ഉഴുന്നരച്ചത് ചേർക്കണം. സേമിയ ഒരു ഗ്ലാസ്സ് ഉണ്ടെങ്കിൽ ഉഴുന്ന് അരച്ചത് അര ഗ്ലാസ് ചേർക്കണം. അര ഗ്ലാസ്സ് മുഴുവൻ ഇല്ലെങ്കിലും സാരമില്ല. അധികം കുറയ്ക്കരുത്.

സേമിയ കഴുകുക. ഒന്ന് വെറുതേ വെള്ളത്തിലിട്ട് കഴുകിയാൽ മതി.

അതു കഴിഞ്ഞ് അല്പം വെള്ളത്തിൽ ഇടുക. സേമിയ നനയാൻ മാത്രം വെള്ളം മതി. കുറേ വെള്ളമൊഴിച്ച് മുക്കിയിടുകയൊന്നും വേണ്ട. പത്തുമിനുട്ട് ഇട്ടാൽ, ഉഴുന്നരച്ചതും ഉപ്പും ചേർത്ത് കുഴച്ചുവയ്ക്കുക. ഇന്നു കുഴച്ചുവെച്ചാൽ നാളെ ഇഡ്ഡലിയുണ്ടാക്കിയെടുക്കാം. വെള്ളം ഉഴുന്നിലും സേമിയയിലും ഉള്ളത് പോരാതെ വരില്ല. അതുകൊണ്ട് വേറെ ചേർക്കേണ്ട. ഇഡ്ഡലിപ്പാകത്തിനേ മാവിൽ വെള്ളം ഉണ്ടാകാവൂ.




കുഴച്ചുവെച്ചാൽ സേമിയയൊക്കെ അലിഞ്ഞു ചേർന്നിട്ടുണ്ടാവും. ഇഡ്ഡലിയുണ്ടാക്കുക. ചമ്മന്തി കൂട്ടിക്കഴിക്കുക. ഈ അളവിൽ മൃദു ആയിട്ടാണ്. കട്ടി വേണമെങ്കിൽ ഉഴുന്നിന്റെ അളവ് കുറയ്ക്കുക.

Friday, February 13, 2009

ചീട

ചീട അഥവാ ശീട എന്നൊക്കെ അറിയപ്പെടുന്ന പലഹാരം പല വിധത്തിൽ തയ്യാറാക്കാം.

1

അരിപ്പൊടിയിൽ, ഉഴുന്നരച്ചതും മുളകുപൊടിയും ഉപ്പും ജീരകവും ഇട്ട് കൂട്ടിക്കുഴച്ച്.

2

അരിപ്പൊടിയിൽ, ഉഴുന്നുപൊടി ചേർത്ത്, മറ്റു ചേരുവകളും ചേർത്ത്.

3
അരിപ്പൊടിയിൽ, തേങ്ങയും മറ്റുള്ളവയുമൊക്കെച്ചേർത്ത്.

അരിപ്പൊടിയുടെ കൂടെ, തേങ്ങയും എള്ളും ചേർത്ത് ഉണ്ടാക്കുന്നതാണ് കൂടുതൽ സ്വാദ്. എരിവില്ലാതെ.
തേങ്ങ ചിരവിയിട്ട് ഒന്ന് ചൂടാക്കി അതിലെ വെള്ളം കളഞ്ഞെടുത്താൽ നന്നായിരിക്കും.

മുളകുപൊടിക്കു പകരം കുരുമുളകും കൂട്ടാം. എരുവ് വേണ്ടെങ്കിൽ എല്ലാ വിധത്തിൽ നിന്നും ഒഴിവാക്കാം.

കായം എല്ലാ തരത്തിലും ചേർക്കാം. എള്ളും ചേർക്കാം.



ഞാനിവിടെ തയ്യാറാക്കിയത് വളരെ എളുപ്പത്തിലാണ്. അതിനാവശ്യമുള്ളത് :-
അരിപ്പൊടി - ആറ് ടേബിൾസ്പൂൺ
ഉഴുന്ന് വറുത്ത് പൊടിച്ചത് - ഒരു ടേബിൾസ്പൂൺ. (ആറിനൊന്ന് എന്ന കണക്കാണ്)
കുറച്ച് ജീരകം, കുറച്ച് മുളകുപൊടി, ഉപ്പ്, കായം.



ഒക്കെക്കൂടെ തേച്ചു കുഴച്ച് ഒരു പത്തുമിനുട്ട് വെച്ച് ഉരുട്ടി വെളിച്ചെണ്ണയിലിട്ട് വറുത്തെടുത്തു. ഇത് റൊട്ടിയുടെ പോലെയുള്ള കൂട്ടാണ്. തേങ്ങ കൂട്ടാതെയുണ്ടാക്കുന്നത് അധികനേരം കഴിഞ്ഞാൽ തിന്നാൻ പാടാണ്. കട്ടിയിൽ ഇരിക്കും.



നിങ്ങൾക്ക് മുകളിൽ പറഞ്ഞിരിക്കുന്ന വിധത്തിൽ എല്ലാം ശ്രമിച്ചുനോക്കാം.

ചീടയ്ക്ക് ഉറപ്പ് അധികം ഇഷ്ടമല്ലെങ്കിൽ, ഉഴുന്ന് കുറച്ചും കൂടെ കൂട്ടിയാൽ മതി. മുറുക്കുപോലെ കറുമുറാന്ന് ഇരിക്കുന്നതാണ് ചീട. കടിച്ചാൽ വേഗം പൊട്ടരുത്.

വറുത്തെടുക്കുമ്പോൾ ഉള്ളിൽ നല്ലപോലെ വേവാൻ ശ്രദ്ധിക്കണം. തീ കൂട്ടിവെച്ച് വറുത്താൽ ഉള്ളിൽ പെട്ടെന്ന് വേവില്ല.

Sunday, February 08, 2009

മാങ്ങാക്കൂട്ടാൻ

മാങ്ങാക്കാലം വന്നു. ഇനി കറികളെല്ലാം മാങ്ങമയം. അതുകൊണ്ട് മാങ്ങാക്കൂട്ടാൻ വയ്ക്കാം എന്നു കരുതി.

മാങ്ങ രണ്ടെണ്ണം പുളിയില്ലാത്തത്. കുറച്ച് പുളിയുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല. അധികം പുളി ആയാൽ ശരിയാവില്ല. കഴുകി, തോലു കളഞ്ഞ് മുറിച്ചെടുക്കുക.




നാലോ അഞ്ചോ ടേബിൾസ്പൂൺ തേങ്ങ കാൽ ടീസ്പൂൺ ജീരകവും ചേർത്ത് അരച്ചെടുക്കുക. മിനുസമായിട്ട്.
ഒരു പാത്രത്തിൽ ഏകദേശം അരലിറ്റർ വെള്ളത്തിലേക്ക് മാങ്ങയും കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഉപ്പും ഇടുക.
വേവാൻ വയ്ക്കുക.
അഞ്ച് പത്ത് മിനുട്ടിനുള്ളിൽ വേവും.
തേങ്ങ അതിലേക്ക് ചേർക്കുക.
വറവിടുക. കടുകും മുളകും കറിവേപ്പിലയും.




മാങ്ങാക്കൂട്ടാൻ തയ്യാ‍റായി. മാങ്ങയും മാങ്ങയുടെ അല്പം പുളിയും ഇഷ്ടം ഉള്ളവർ ഉണ്ടാക്കിയാൽ മതി. നല്ലൊരു തോരനും വയ്ക്കുക. ചോറും.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]