ഒടുവിലത്തെ കാരണമാണെങ്കില്‍, എന്തുകൊണ്ട് ചിപ്സ് വീട്ടില്‍ ഉണ്ടാക്കിക്കൂടാ? സമയമൊക്കെയുണ്ട്. ഒരു കിലോ ചിപ്സ്, എടുത്തുവെച്ച്, തിന്നുതീര്‍ക്കാനുള്ള സമയം മതിയല്ലോ. അതുകഴിഞ്ഞ് പത്തുമിനുട്ട് കൊണ്ട് തിന്നുകയും ചെയ്യാം. അങ്ങനെ ശ്രമിക്കുന്നവര്‍ക്കാണ് ഈ പോസ്റ്റ്.
നേന്ത്രക്കായ തോലുകളയുക. ഒരു കായ എടുത്ത്, അതിന്റെ തലയും വാലും അല്പം മുറിച്ചുകളയുക. കായയുടെ പുറത്ത്, നീളത്തില്‍ ഇടവിട്ട്, ചുറ്റും, നാല് വര കത്തികൊണ്ട് വരയ്ക്കുക. തോല്‍ പിടിച്ച് വലിച്ചാല്‍ വൃത്തിയായി പോരും. എന്നിട്ട് വെള്ളത്തിലിടുക. തോലല്ല, കായ. ;)
അതുകഴിഞ്ഞ്, നാലാക്കിയോ, വട്ടത്തിലോ, നിങ്ങള്‍ക്ക് എങ്ങനെ വേണം അങ്ങനെ, ചെറുതായി, അധികം വണ്ണമില്ലാതെ മുറിക്കുക. അതും മുറിച്ച് വെള്ളത്തിലേക്കാണിടേണ്ടത്. നന്നായി കഴുകുക. മൂന്നാലു പ്രാവശ്യം. കായക്കറ പോകാന്‍. എന്നിട്ട്, ഒരു പാത്രത്തിലിട്ട്, പൊടിയുപ്പ് വിതറി, നന്നായി യോജിപ്പിക്കുക.
ഉപ്പ് കുറേയൊന്നും ഇടരുത്. അഥവാ അല്പം കുറഞ്ഞുപോയാലും രണ്ടാമത്തെ പ്രാവശ്യം
വറുക്കാന്‍ ഇടുമ്പോള്‍ ചേര്‍ക്കാം. സ്വാദുനോക്കിയതിനുശേഷം. മഞ്ഞള്‍ ചേര്‍ക്കണം എന്നൊക്കെ ആരെങ്കിലും പറയും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ചേര്‍ക്കാം. ഞാനൊരിക്കലും ചേര്‍ക്കാറില്ല.
വെളിച്ചെണ്ണ ചൂടാക്കാന്‍ വയ്ക്കുക. ചൂടായാല്‍, ഉപ്പുപുരട്ടിവെച്ചിരിക്കുന്നതെടുത്ത് കുറേശ്ശെക്കുറേശ്ശെയായി വെളിച്ചെണ്ണയിലേക്ക് ഇടുക. വേറെ വേറെ ആയിട്ട് ഇടാന്‍ ശ്രദ്ധിക്കുക. ഒരുമിച്ചുകൂടിനിന്നാല്‍ വേവില്ല. അല്പനേരം കഴിഞ്ഞാല്‍ ഒന്ന് തിരിച്ചും മറിച്ചുമൊക്കെ ഇടുക. ഒരുമിച്ചുനില്‍ക്കുന്നതിനെ വേര്‍തിരിക്കുക.
മൊരിഞ്ഞപോലെയായാല്‍ കോരിയെടുത്ത് പ്ലേറ്റില്‍ ഒരു പേപ്പര്‍ വച്ച് അതിലേക്കിടുക. ഒന്ന് തണുത്താല്‍ ഉപ്പ് നോക്കുക. പിന്നേയും വറുക്കാന്‍ ഇടുന്നതിനുമുമ്പ് ഉപ്പ് ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കുക. തണുക്കാതെ അടച്ചുവെക്കരുത്.
വറുത്ത കായ റെഡി. ഇത് തീരുന്നതുവരെ തിന്നുക. വീണ്ടും ഉണ്ടാക്കുക, തിന്നുക. കായ വറുക്കുന്നത് കലയാണ്. എന്നുവെച്ചാല്‍, നോക്കീം കണ്ടും വറുത്തില്ലെങ്കില്‍, എണ്ണ തെറിച്ച് കൈയില്‍ കലയാവും എന്നര്‍ത്ഥം.ഞാന്‍ വറുത്തപ്പോള്‍, ചിലത് കരിഞ്ഞുപോയിട്ടുണ്ട്. എന്നുവെച്ച് നിങ്ങള്‍ അങ്ങനെ ചെയ്യരുത്. നല്ല വൃത്തിയില്‍ ചെയ്യുക. കാരണം, എന്നെ നിങ്ങള്‍ കുറ്റം പറയില്ലെന്ന് എനിക്കറിയാം. പക്ഷെ, ഞാന്‍ പറയും. ;)
ചൂട് ചായ/കാപ്പി എടുക്കുക. വറുത്തകായയും തിന്ന്, കുടിച്ച് ഇരിക്കുക.
ഇതാണ് വറുത്തകായ വിത് സ്പെഷല്‍ ഇഫക്റ്റ്സ്!
13 comments:
ക്രിസ്തുമസിനും ന്യൂ ഈയറിനും വല്ല കേക്കും ഉണ്ടാക്കി കാണിക്കണ്ടേനു...കായ വറുത്തതാ...
ഉം..കായ വറുത്തതെങ്കില്‍ കായ വറുത്തത്...
ക്രിസ്തുമസിനു കായ വറുത്താല്‍..എന്താ വറവൂല്ലെ എന്നു ചോദിച്ചാല്‍...
ചോദിച്ചാല്‍ ഞാന്‍ പറയും എനിക്കറിഞൂടാ..
ഞാന്‍ കായ വറത്തട്ടില്ലാ...
ന്യൂ ഈയര്‍ ആശംസകള്...
സ്പെഷ്യല് ഇഫക്ടെന്താ വായില്‍കൂടി വെള്ളം വരുന്നതാണോ? ;)
കായ തൊലി കളഞ്ഞ് മഞ്ഞള്‍ ചേര്‍ത്ത വെള്ളത്തില്‍ ഇട്ടുവെച്ചാല്‍ രണ്ടുമൂന്നുതവണ വെറും വെള്ളത്തില്‍ കഴുകേണ്ട കാര്യമില്ല.കറ നന്നായി പോവുകയും ചെയ്യും.
നന്നായി ട്ടൊ ചേച്ചീ.
വറുത്തു് കോരുന്നതിന്റെ timing തെറ്റിയാല്‍ പണ്ടു് ദൈവത്തിനു് പറ്റിയപോലെ ആവും.
സായിപ്പന്മാരെ അങ്ങേരു് നേരത്തേ കോരി.
ആഫ്രിക്കക്കാരെ അല്‍പ്പം താമസിച്ചാ കോരീതു്.
രണ്ടു് പ്രാവശ്യം "പറ്റു് പറ്റീപ്പൊ" ദൈവം പഠിച്ചു.
ഭാരതീയരെ അങ്ങേരു് കൃത്യസമയത്തു് തന്നെ കോരി.
ബാബുവിന്റെ കമന്റ് കലക്കി.
സാന്‍ഡോസ്, ചോദ്യവും ഉത്തരവുമൊക്കെ സ്വയം പറഞ്ഞല്ലോ. ഭാഗ്യം.
ബിന്ദൂ :)
പ്രിയ :) മുറിച്ചിട്ട് കഴുകിയില്ലെങ്കില്‍ കറ ഉണ്ടാവും.
ബാബു :)
മുക്കുവന്‍:)
എളുപ്പത്തിലുണ്ടാക്കാവുന്ന പച്ചക്കറിസൂപ്പുകളൊന്നും കണ്ടില്ലല്ലോ...
കറിവേപ്പിലയിലുണ്ടോ?
സു എന്നാലും ആ സ്പെഷ്യല് ഇഫക്റ്റ് എങ്ങനെയൊപ്പിച്ചു? അപ്പോള് കായ വറുത്തതും ചേര്ത്ത് ന്യൂ ഇയര് അടിച്ച് പൊളിക്കുക... ആശംസകള്...
ഈ സൂ ചേച്ചിയുടെ ഒരു കാര്യം. എനിക്കു കായ വറുത്തത് 'വലിയ' ഇഷ്ടമൊന്നുമല്ല. എന്നിട്ടും ഈ പടങ്ങള്‍ ഒക്കെ കണ്ട് കൊതി വന്നു. വീട്ടിലായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു (ചുമ്മാ..-:) )
happy new year...
അനിലന്‍ :) സൂപ്പ് ഇട്ടില്ല. ഇടാം.
കുഞ്ഞന്‍സ് :)
ജയരാജന്‍ :) വല്യ ഇഷ്ടം അല്ല അല്ലേ? ഒരുകിലോയൊക്കെ മതിയാവുമായിരിക്കും. ഹിഹി.
എന്താ വീട്ടില്‍ ആയിരുന്നെങ്കില്‍ എന്ന്? ഇപ്പോ ഉള്ളിടത്ത് ഇതൊന്നും ട്രൈ ചെയ്തൂടേ?
രാജന്‍ :) സ്വാഗതം. നന്ദി.
ഒരു കിലോ മതിയാവും ചേച്ചീ, parcel അയക്കാനായിരിക്കും അല്ലേ? - അഥവാ മതിയായില്ലെങ്കില്‍ വീണ്ടും അയച്ചു തരാമല്ലോ :) ഇവിടെ കായ ഒന്നും കിട്ടാനില്ല ചേച്ചീ, അതുകൊണ്ടാ...(അല്ലെങ്കിലിപ്പോ കുറേ ഉണ്ടാക്കിയേനേ...)
പിന്നെ ഞാന്‍ ഇന്ന് ചേച്ചി ഇവിടെ പറഞ്ഞ പോലെ സാമ്പാര്‍ ഉണ്ടാക്കി - തേങ്ങ, മുരിങ്ങയ്ക്കാ, വെണ്ടയ്ക്കാ, പുളി എന്നിവ ഇല്ലായിരുന്നു:( (ഇവിടെ ചൊറി പിടിച്ച പോലത്തെ തേങ്ങ കണ്ട് വാങ്ങിക്കാന്‍ തോന്നിയില്ല- വീട്ടില്‍ മിക്സിയും ഇല്ല :(; മുരിങ്ങയ്ക്ക frozen കിട്ടും - അത് ഇതിന്റെ കൂടെ ശരിയാവില്ലെന്ന് തോന്നി; പുളി കിട്ടാനുമില്ല; ഇനി മുതല്‍ വെണ്ടയ്ക്ക വാങ്ങിക്കണം :)). അല്‍പം വെള്ളം കൂടിപ്പോയി എന്നതൊഴിച്ചാല്‍ വലിയ പ്രശ്നമൊന്നുമുണ്ടായില്ല. ഒരുപാട് നന്ദി...
അപ്പോ ഇനി സാമ്പാര്‍ 2, 3 ഒക്കെ പോരട്ടെ...
ജയരാജന്‍ :) കായ കിട്ടാത്തത് നന്നായി. ചിപ്സ് തിന്ന് ആരോഗ്യം നശിക്കില്ലല്ലോ. ;) സാമ്പാറില്‍ വെള്ളമെങ്ങനെ ആയി? വെന്താല്‍, അടുപ്പില്‍ വച്ചുതന്നെ, വെള്ളം വേഗം വറ്റിച്ചശേഷം, (ആവശ്യത്തിന് മാത്രം വെള്ളംവെച്ച്) സാമ്പാര്‍പൊടി, അല്ലെങ്കില്‍ പൊടികള്‍ ഇടുക.
Post a Comment