Thursday, January 19, 2012

പച്ചക്കറി ബേക്ക്കാരറ്റ് - ഒന്ന്. ചെറുത്.
മധുരക്കിഴങ്ങ് - ഒരു വലുതിന്റെ പകുതി.
കാബേജ് അരിഞ്ഞെടുത്തത് - മൂന്നു ടേബിൾസ്പൂൺ.
കാപ്സിക്കം - ഒന്ന്.
കോളിഫ്ലവർ - ഒരു ചെറുതിന്റെ പകുതി.
ബീൻസ് - പത്ത് എണ്ണം.
ബട്ടർ - രണ്ട് ടേബിൾസ്പൂൺ.
പാൽ - കാൽ ലിറ്റർ.
മൈദ - അഞ്ച് ടീസ്പൂൺ.
ചീസ് - പച്ചക്കറിയുടെ മുകളിൽ തൂവാൻ വേണ്ടത്ര.
കുരുമുളകുപൊടി - അര ടീസ്പൂൺ.മധുരക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. ഞാൻ കുക്കറിലാണ് വേവിച്ചെടുത്തത്. തോലോടെ വേവിച്ചു, എന്നിട്ട് തൊലി കളഞ്ഞ് കഷണങ്ങളാക്കി. പച്ചക്കറികളൊക്കെ മുറിച്ച് പുഴുങ്ങുക. പച്ചക്കറികളൊക്കെ കഴുകിയെടുത്ത് വെള്ളം ഒഴിച്ച് വേവിച്ചു. കോളിഫ്ലവർ ആദ്യം തന്നെ ഇട്ടില്ല. അതു വേഗം വേവും. കാബേജും ആദ്യം ഇട്ടില്ലെങ്കിൽ കുഴപ്പമില്ല. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് എടുക്കുക.
ബട്ടർ ചൂടാക്കുക. പച്ചക്കറികൾ ഒരുമിച്ച് ഇടാൻ പറ്റുന്നത്ര വലുപ്പത്തിലുള്ള പാത്രത്തിൽ ബട്ടർ ചൂടാക്കിയാൽ നന്ന്.
ബട്ടർ ചൂടാക്കി വാങ്ങിവെച്ച് അതിൽ മൈദ ഇട്ട് ഇളക്കുക. പാൽ അതിലേക്ക് ഒഴിച്ച് മൈദ കട്ടയാവാത്ത വിധത്തിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടാക്കിയിട്ട് തണുത്ത പാലാണ് ഒഴിച്ചത്.
അടുപ്പത്തു വെച്ച് ഒന്നു കുറുക്കുക.
വാങ്ങിവെച്ച് കുരുമുളകുപൊടിയും, പച്ചക്കറികൾക്കു മുഴുവൻ ആവശ്യമായ ഉപ്പും ഇട്ട് യോജിപ്പിക്കുക. മധുരക്കിഴങ്ങും പച്ചക്കറികളും അതിലേക്ക് ഇട്ട് യോജിപ്പിക്കുക.
മൈക്രോവേവിൽ വയ്ക്കാൻ പറ്റുന്ന പാത്രത്തിലേക്കു മാറ്റുക. പാത്രത്തിൽ ആദ്യം കുറച്ചു ബട്ടർ പുരട്ടണം.മുകളിൽ ചീസ് തൂവുക.
കൺവെക്ഷൻ രീതിയിൽ 200 ഡിഗ്രി C-ൽ പത്തുമിനുട്ട് ബേക്ക് ചെയ്യുക. പ്രീ-ഹീറ്റ് ചെയ്യേണ്ട.
പച്ചക്കറികൾ വേറെ ഏതെങ്കിലും വേണമെങ്കിൽ ഉപയോഗിക്കാം. കുരുമുളകുപൊടി കുറയ്ക്കണമെങ്കിൽ കുറയ്ക്കാം. മധുരക്കിഴങ്ങിനു പകരം ഉരുളക്കിഴങ്ങും ഉപയോഗിക്കാം. ഞാൻ കുറച്ചേ ചീസ് ഇട്ടിട്ടുള്ളൂ. നിങ്ങൾക്കുവേണമെങ്കിൽ ഇനീം കുറേ ഇടാം.

Tuesday, January 03, 2012

കുടവൻ ഇല ചമ്മന്തി
കുടകൻ അഥവാ കുടവൻ ( Indian Pennywort) ഒരു ഔഷധസസ്യം ആണ്. മണ്ഡൂകപർണി, സരസ്വതി, ബ്രഹ്മി എന്നൊക്കെ പല ഭാഷകളിലുമായി പല പേരുകളിൽ അറിയപ്പെടുന്നു.

വീട്ടിൽ വളർത്താൻ എളുപ്പമുള്ളൊരു ചെടിയാണ് ഇത്. കുടവൻ ഇല കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. ജ്യൂസ്, ചമ്മന്തികൾ ഒക്കെ. ഞാനുണ്ടാക്കിയത് ഒരു ചമ്മന്തിയാണ്. അഥവാ അരച്ചുകലക്കി.

കുടവനില പറിച്ച് കുറച്ചുനേരം വെള്ളത്തിലിട്ടുവെച്ചു. മണ്ണും പൊടിയുമൊക്കെ പോകണമല്ലോ.
കഴുകിയെടുത്ത്, തേങ്ങ, പച്ചമുളക്, ഉപ്പ്, മല്ലിയില, തൈര് എന്നിവ ചേർത്ത് അരച്ചെടുത്തു. കലക്കുചമ്മന്തിയിൽ വറവിടാറാണു പതിവ്.

ഇഞ്ചി, കറിവേപ്പില, പുളി എന്നിവയൊക്കെ ചേർത്തും അരയ്ക്കാം. തൈരു ചേർക്കുന്നില്ലെങ്കിൽ, ശർക്കരയും ഒരു കഷണം ഇടാം.

Sunday, January 01, 2012

മധുരം നിറയും മുട്ടായി

ചോക്ലേറ്റ് ഇഷ്ടമാണോ? നാരങ്ങമുട്ടായിയോ? രണ്ടും കൂടെ ആയാലോ? എന്തായാലും പുതുവർഷമൊക്കെയല്ലേ? “മധുരം കഴിക്കണം ഇന്നൊന്നാം തീയ്യതിയായ്” എന്നാണല്ലോ പറഞ്ഞുകേട്ടിട്ടുള്ളത്? അതുകൊണ്ട് കഴിച്ചേക്കാം അല്ലേ?

ചോക്ലേറ്റ് ബാർ മൂന്നു തരത്തിൽ (പ്രധാനമായും) കിട്ടും. ഡാർക്ക്, മിൽക്ക്, വൈറ്റ്. അതുരുക്കി പല വിഭവങ്ങളും ഉണ്ടാക്കാം. ഇവിടെയിപ്പോൾ, എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന, എല്ലാർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണുള്ളത്. നാരങ്ങമുട്ടായി ചോക്ലേറ്റ്.

ചോക്ലേറ്റ് ഉണ്ടാക്കാനുള്ള ഡിസൈൻ മോൾഡുകൾ കിട്ടും. ഇവിടെ ഐസ് ട്രേ കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല. ഇരുമ്പല്ലാത്തതുകൊണ്ടായിരിക്കും, വെറുതേയിട്ടിട്ടും തുരുമ്പു പിടിക്കാത്തത്. അതുകൊണ്ട്, നാരങ്ങമുട്ടായി ചോക്ലേറ്റിനു വേറെ പാത്രമൊന്നും വേണ്ടെന്നു ഞാൻ തീരുമാനിച്ചു. വെറുതേ (ഇല്ലാത്ത) പൈസ കളയേണ്ടല്ലോ.

ചോക്ലേറ്റ് ബാർ വാങ്ങിക്കൊണ്ടുവരിക. നാരങ്ങമുട്ടായിയും വാങ്ങിക്കൊണ്ടുവരുക. ഇവിടെയുള്ളത് സെമി- സ്വീറ്റ് ചോക്ലേറ്റ് ബാർ ആണ്.ഒരു കഷണം മുറിച്ചെടുത്ത്, ഉരുക്കുക. നോൺ - സ്റ്റിക്ക് പാത്രത്തിൽ ഉരുക്കുന്നതാണു നല്ലത്. ചോക്ക്ലേറ്റ് പാത്രത്തിൽ മുറിച്ചിട്ട് ചെറുതീയിൽ വയ്ക്കുക. ഒന്നും കൂടെച്ചേർക്കേണ്ട.
ഐസ് ട്രേ കഴുകിയുണക്കി അതിലേക്ക് (ഏകദേശം പകുതിക്കടുത്ത്) ചോക്ലേറ്റ് ഒഴിക്കുക.
നാരങ്ങമുട്ടായി വയ്ക്കുക.എല്ലാത്തിലും വച്ചുകഴിഞ്ഞാൽ മുകളിൽ വീണ്ടും ഉരുകിയ ചോക്ലേറ്റ് ഒഴിക്കുക.

മെല്ലെ ഒന്നു കുലുക്കി ടക് ടക് ടക് എന്നു ഒച്ച വരുത്തിയാൽ ഒക്കെ ഒരു നിരപ്പിലാവും.ഫ്രിഡ്ജിൽ വയ്ക്കുക. നന്നായി ഉറച്ചാൽ എടുക്കുക. ട്രേയിൽ നിന്ന് പ്ലേറ്റിലേക്കു തട്ടിമുട്ടിയിടുക.ഇതാണ് നാരങ്ങമുട്ടായി ചോക്ലേറ്റ്.

ആർക്കെങ്കിലും കൊടുക്കുമ്പോൾ പറയുക. അകത്തു നാരങ്ങമുട്ടായിയുണ്ട്. സൂക്ഷിക്കുക!

എല്ലാ കൂട്ടുകാർക്കും പുതുവർഷത്തിൽ നന്മകൾ നേരുന്നു.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]