Showing posts with label മാങ്ങ. Show all posts
Showing posts with label മാങ്ങ. Show all posts

Monday, April 02, 2012

ചുരയ്ക്ക മാങ്ങാക്കൂട്ടാൻ




Bottle gourd ആണിത്. ചുരയ്ക്ക എന്നും ചുരങ്ങ എന്നുമാണ് ഇതിനെ മലയാളത്തിൽ വിളിക്കുന്നത്. കുമ്പളങ്ങ പോലെയൊക്കെയുള്ള ഒന്നാണിത്. ദൂധി അല്ലെങ്കിൽ ലൌകി എന്നു ഹിന്ദിയിലും സോറേക്കായി (സൊറെക്കായി) എന്നു കന്നടയിലും, തുംബീ, അലാബൂ എന്നു സംസ്കൃതത്തിലും ഇത് അറിയപ്പെടുന്നു. (വിക്കിപ്പീഡിയയോടു കുറച്ചു കടപ്പാട്).

ചുരങ്ങ ഉണങ്ങിയാൽ വെള്ളത്തിൽ താഴാത്തതിനാലാണ് അലാബു: എന്ന അർത്ഥം വന്നതെന്ന് അമരകോശത്തിൽ പറയുന്നു. (മലയാളത്തിലുള്ള അമരകോശമാണിവിടെയുള്ളത്.)


ചുരയ്ക്കയും ഇട്ടൊരു മാങ്ങാക്കൂട്ടാൻ അതാണിവിടെ ഉണ്ടാക്കിയത്. ഒരു സാദാ കൂട്ടാൻ.




ചുരയ്ക്ക തോലും കുരുവും കളഞ്ഞ് കഷണങ്ങളാക്കിയത് - ഒരു കപ്പ്. (ചിത്രത്തിൽ ഉള്ള ചുരയ്ക്കയുടെ പകുതി എടുത്താൽ മതി)
മാങ്ങ ചെറുത് - രണ്ട്. തോലുകളഞ്ഞ് നുറുക്കിയത് അഥവാ മുറിച്ചത്.
തേങ്ങ - അഞ്ചോ ആറോ ടേബിൾസ്പൂൺ.
ജീരകം - ഒരു ടീസ്പൂൺ. അര ടീസ്പൂൺ ആയാലും മതി.
ചുവന്ന മുളക്/വറ്റൽ മുളക് - നാല്. (എരിവു പാകം നോക്കി കൂട്ടുക).
മഞ്ഞൾപ്പൊടി, ഉപ്പ്.
വറവിടാനുള്ളത് - കടുക്, കറിവേപ്പില, ചുവന്ന മുളക്, വെളിച്ചെണ്ണ.

തേങ്ങയും ജീരകവും മുളകും മിനുസമായി അരയ്ക്കുക. ചുരയ്ക്കയും മാങ്ങയും ഉപ്പും മഞ്ഞളുമിട്ട് വേവിക്കുക. അധികം വെള്ളം വേണ്ട. രണ്ടും വേഗം വേവും എന്നതും ഓർമ്മിക്കുക. വെന്താൽ അതിൽ തേങ്ങയരച്ചത് കൂട്ടുക/ചേർക്കുക. തിളപ്പിക്കുക. ആവശ്യമനുസരിച്ചു വെള്ളവും ചേർക്കുക. തിളച്ചാൽ വാങ്ങിവെച്ച് വറവിടുക.




വറ്റൽ മുളകിനു പകരം മുളകുപൊടിയിട്ടാലും മതി. വേവിക്കുമ്പോൾ പാകത്തിന് ഇടുക. മാങ്ങ തോലോടെയാണ് ഇട്ടത്. കുഴപ്പമൊന്നും തോന്നിയില്ല.

Thursday, August 18, 2011

ചേമ്പ് മാങ്ങാക്കൂട്ടാൻ

ചേമ്പും മാങ്ങയും മോരും. കേൾക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമാവുന്നുണ്ടോ? എന്നാൽ‌പ്പിന്നെ കൂട്ടാൻ വയ്ക്കാൻ തയ്യാറായിക്കോളീൻ. നല്ല സ്വാദുള്ളൊരു കൂട്ടാനാണിത്. ഉണ്ടാക്കാനും വല്യ പ്രയാസം ഒന്നുമില്ല.



ചേമ്പ് - ചിത്രത്തിൽ ഉള്ളതുപോലെ, അല്ലെങ്കിൽ അധികം വലുപ്പമില്ലാത്തതും വളരെ ചെറുതല്ലാത്തതും ആയ ചേമ്പ് മൂന്നെണ്ണം.

മാങ്ങ - ചെറുത് രണ്ടെണ്ണം. പഴുത്തതാണിവിടെ എടുത്തത്. പച്ച ആയാലും കുഴപ്പമില്ല. അധികം പുളി വേണമെന്നില്ല.

മോര് - കാൽ ലിറ്റർ. മോര് ചേർക്കാൻ ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി.

തേങ്ങയും ജീരകവും - നാല് ടേബിൾസ്പൂൺ തേങ്ങയും ഒരു ടീസ്പൂൺ ജീരകവും. തേങ്ങയുടെ അളവിത്തിരി കൂടിയാലും കുഴപ്പമൊന്നും ഇല്ല.

പച്ചമുളക് - രണ്ടോ മൂന്നോ.

മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും നിങ്ങളുടെ സൌകര്യത്തിനിടുന്നതാവും നല്ലത്. ഏകദേശം കണക്കാക്കിയിട്ടാൽ മതി.

വറവിടാൻ, വെളിച്ചെണ്ണ, കടുക്, കറിവേപ്പില, ചുവന്ന മുളക്.

തേങ്ങയും ജീരകവും മിനുസമായി അരയ്ക്കുക. അധികം വെള്ളം ചേർക്കരുത്.




ചേമ്പും മാങ്ങയും തോലുകളഞ്ഞ് എടുക്കുക. കഷണങ്ങളാക്കുക.



ചേമ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക് ചീന്തിയിട്ടത് എന്നിവ ചേർത്ത് വേവാനുള്ള വെള്ളം മാത്രം ഒഴിച്ച് ആദ്യം വേവിക്കുക. ഇവിടെ കുക്കറിലാണ് വേവിച്ചത്.




വെന്തുകഴിഞ്ഞാൽ മാങ്ങാക്കഷണങ്ങൾ ചേർത്ത്, വെള്ളം വേണമെങ്കിൽ ഒഴിച്ച് ഒന്നു വേവിക്കുക. മാങ്ങയ്ക്ക് വേവാൻ വളരെക്കുറച്ചേ സമയം വേണ്ടൂ. അപ്പോൾത്തന്നെ ഉപ്പും മുളകുമൊക്കെ മാങ്ങയിലും പിടിച്ചോളും. പിന്നെ മോരൊഴിച്ച് തിളപ്പിക്കാം. വേണ്ടെങ്കിൽ ഒഴിക്കേണ്ട.





പിന്നെ തേങ്ങയരച്ചത് ചേർത്ത് തിളപ്പിച്ച് വാങ്ങിവെച്ച് വറവിടുക. തേങ്ങ കൂട്ടിക്കഴിഞ്ഞാൽ ഉപ്പ് പാകം നോക്കി വേണമെങ്കിൽ ചേർക്കുക.

മുളകുപൊടിയ്ക്കു പകരം തേങ്ങയരയ്ക്കുമ്പോൾ ചുവന്ന മുളകോ പച്ചമുളകോ പാകത്തിനു ചേർത്ത് അരയ്ക്കാം.

Tuesday, May 24, 2011

മാങ്ങാത്തെര

മാങ്ങാത്തെര അഥവാ മാങ്ങാക്കച്ച് എന്ന് അറിയപ്പെടുന്ന വിഭവം, മാങ്ങാക്കാലത്ത്, നല്ല വെയിലുള്ള കാലത്ത് ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റിയ ഒന്നാണ്. എന്റെ കസിൻ സഹോദരന്റെ ഭാര്യ എല്ലാ വേനലവധിക്കും സ്വന്തം വീട്ടിൽ പോയിട്ട് ഇതുകൊണ്ടുവരും. അവിടെ അമ്മയുണ്ടാക്കിയത്. ഇവിടെയും എല്ലാവർക്കും അറിയാമെങ്കിലും ഉള്ള മാങ്ങയൊക്കെ തിന്നുതീർക്കുന്നതുകൊണ്ട് ആരും ഉണ്ടാക്കാൻ ശ്രമിക്കാറില്ലായിരുന്നു. ഇത്തവണ ഞാൻ ആ അമ്മയെ ഫോൺ ചെയ്ത് ഇതിന്റെ എല്ലാ ഗുട്ടൻസുകളും ചോദിച്ചറിഞ്ഞു. ഉണ്ടാക്കാനും തുടങ്ങി. അത് ഇങ്ങനെയൊക്കെ ആയിക്കിട്ടി. ഇനി നിങ്ങൾക്കും ഇതൊക്കെ ഒന്നു പരീക്ഷിച്ചൂടേ?

ഇത് ചെയ്യാൻ നന്നായി പഴുത്ത മാങ്ങകൾ വേണം. മൂവാണ്ടൻ മാങ്ങയുണ്ടെങ്കിൽ നല്ലത്. ഇവിടെ വാങ്ങിക്കൊണ്ടുവന്ന മാങ്ങയാണ് ഉപയോഗിച്ചിരിക്കുന്നത്.

ചെയ്യേണ്ട വിധം :-




പഴുത്ത മാങ്ങ തോലു കളയുക.



അതിന്റെ ചാറ് നന്നായി പിഴിഞ്ഞെടുക്കുക. കഷണങ്ങളും ഉണ്ടെന്നു തോന്നുന്നെങ്കിൽ മിക്സിയിൽ അടിച്ചെടുക്കുക.

ഒരു പായയിലോ, പ്ലാസ്റ്റിക്ക് കടലാസ്സിലോ ഇത് നേർമ്മയിൽ തേച്ചുപിടിപ്പിക്കുക.




ഉണക്കാൻ വയ്ക്കുക. നല്ല വെയിൽ ഉണ്ടെങ്കിൽ വേഗം ഉണങ്ങും.





പിറ്റേ ദിവസം ആ ഉണങ്ങിയതിനു മുകളിൽ മാങ്ങാച്ചാറ് വീണ്ടും തേയ്ക്കുക. വേണമെങ്കിൽ ശർക്കര കൂട്ടാം. അഥവാ മാങ്ങയ്ക്ക് പുളിയുണ്ടെങ്കിൽ അതു പോയിക്കിട്ടും.

കട്ടിയിൽ തേയ്ക്കരുത്. എന്നാൽ ഓരോ ദിവസം തേയ്ക്കുന്നതും അന്നന്നു തന്നെ ഉണങ്ങിക്കിട്ടും.



അങ്ങനെ നിങ്ങൾക്കാവശ്യമുള്ള കട്ടിയിൽ തേച്ചുപിടിപ്പിച്ച് ഉണക്കി തെര ഉണ്ടാക്കിയെടുക്കുക.




ഇത്രേം കട്ടിയിൽ ഒന്നും വേണമെന്നില്ല കേട്ടോ. ശരിക്കും ഉണങ്ങിയാൽ കറുപ്പുനിറമാവും.



സൂക്ഷിച്ചുവച്ച് പഴുത്ത മാങ്ങ ഇല്ലാത്ത കാലത്ത് ചോറിനൊപ്പം കഴിക്കുക. കറികളിൽ ഇടുകയും ചെയ്യാം. വെറുതെ തിന്നാനും നല്ലതുതന്നെ.

Wednesday, May 11, 2011

കയ്പ്പക്കയും മാങ്ങയും കൂട്ടാൻ

കയ്പ്പക്ക അഥവാ പാവയ്ക്ക ഇഷ്ടമുള്ളവർ മാത്രം ഇതുണ്ടാക്കിയാൽ മതി എന്നാണ് എന്റെ അഭിപ്രായം. കുറച്ച് കയ്പ്പൊക്കെ ഉണ്ടാവും കൂട്ടാന്. ഇത് വളരെ എളുപ്പമുള്ള ഒരു കൂട്ടാനാണ്.



കയ്പ്പക്ക - ഒന്ന്.
മാങ്ങ - ഒന്ന്. അധികം പുളിയില്ലാത്തതാവും നല്ലത്.
ജീരകം - കാൽ ടീസ്പൂൺ.
തേങ്ങ - മൂന്ന്/ നാലു ടേബിൾസ്പൂൺ.
മുളകുപൊടി - അര ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വറവിടാൻ, വെളിച്ചെണ്ണയും, കടുകും, മുളകും, കറിവേപ്പിലയും.



കയ്പ്പക്കയും മാങ്ങയും കഷണങ്ങളാക്കി മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് വേവിക്കുക. ആദ്യം കയ്പ്പക്ക വേവിച്ച് പിന്നെ മാങ്ങയിട്ടാൽ നല്ലത്. കയ്പ്പയ്ക്ക് കുറച്ച് വേവുണ്ട്. മാങ്ങയ്ക്ക് അത്രയില്ലല്ലോ. ഒരുമിച്ച് വെച്ചാലും കുഴപ്പമില്ല. തേങ്ങ, ജീരകം ഇട്ട് അരയ്ക്കുക. കയ്പ്പക്കയും മാങ്ങയും വെന്താൽ അതിലേക്ക് തേങ്ങ കൂട്ടുക. തിളപ്പിക്കുക. വാങ്ങിവയ്ക്കുക. വറവിടുക.




മാങ്ങയ്ക്ക് പുളി തീരെയില്ലെങ്കിൽ, കൂട്ടാനു പുളിയുള്ളതാണ് നിങ്ങൾക്കിഷ്ടമെങ്കിൽ കുറച്ച് മോരു ചേർക്കുക. എരിവ് നിങ്ങളുടെ പാകത്തിനു ചേർക്കുക.

Thursday, April 07, 2011

ഈന്തപ്പഴം മാങ്ങാച്ചമ്മന്തി

ഈന്തപ്പഴം ചമ്മന്തിയുണ്ടാക്കിക്കഴിഞ്ഞാൽ അടുത്തത് ഇതാണ്. ഈന്തപ്പഴത്തിനൊപ്പം മാങ്ങയും കൂട്ടിയൊരു ചമ്മന്തി. മാങ്ങാക്കാലത്ത് മാങ്ങ കൊണ്ടൊരു വിഭവം വേണ്ടേ?

വേണ്ടത് :-



മാങ്ങ - ഒന്ന് ചെറുത്.
ഈന്തപ്പഴം - പത്തു പന്ത്രണ്ട്. കുരുവില്ലാത്തതോ, കുരു കളഞ്ഞതോ.
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ.
കായം പൊടി - കുറച്ച്.
ഉപ്പ് - വേണ്ടതനുസരിച്ച്.
വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ.
കറിവേപ്പില - പത്തില.
ചുവന്ന മുളക് - നാല്.




മാങ്ങ തോലു കളഞ്ഞ് കഷണങ്ങളാക്കുക. ഈന്തപ്പഴം നന്നായി ചെറുതാക്കുകയോ ചതയ്ക്കുകയോ ചെയ്യുക. അപ്പാടെ ഇട്ടാൽ മിക്സിയ്ക്ക് കേടാണ്.

വെളിച്ചെണ്ണ ചൂടാക്കി ഉഴുന്നുപരിപ്പ് ചുവക്കെ വറുക്കുക. കരിയരുത്. അതിനുമുമ്പേ മുളകും ഇട്ട് മൊരിക്കുക. അതിൽ കറിവേപ്പിലയും ഇട്ട് മൊരിച്ചെടുക്കുക.

ഉഴുന്നും മുളകും കായവും ഉപ്പും മാങ്ങയും കറിവേപ്പിലയും കൂടെ അരയ്ക്കുക. അധികം മിനുസം ആവണമെന്നില്ല. ഈന്തപ്പഴം ചേർക്കുക. ഒന്ന് അരഞ്ഞാൽ ഉപ്പ് നോക്കുക. വേണമെങ്കിൽ ചേർക്കുക. അധികം ആയിട്ടുണ്ടെങ്കിൽ, കാര്യമില്ലെങ്കിലും, അയ്യോ എന്നു പറയുക. എല്ലാം കൂടെ നന്നായരച്ച് എടുക്കുക. ഇത്രേ ഉള്ളൂ പണി.




ആദ്യം ഈന്തപ്പഴം അരച്ചാലും കുഴപ്പമില്ല. ഉഴുന്നുപരിപ്പ് ശരിക്കും അരയുന്നതാണ് നല്ലത്. ഈന്തപ്പഴം ഇട്ടാൽ എല്ലാം കൂടെ പറ്റിപ്പിടിക്കും.

മുളക് ഇത്രേം വേണ്ടെങ്കിൽ ചേർക്കേണ്ട.

Monday, June 14, 2010

ഉള്ളിത്തണ്ട് ചമ്മന്തി

ഉള്ളിത്തണ്ടുകൊണ്ട് ചമ്മന്തിയുണ്ടാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉണ്ടാക്കിക്കഴിക്കുക. എളുപ്പത്തിലാവും, സ്വാദും ഉണ്ട്. പലവിധത്തിലും ഉണ്ടാക്കാം. ഇപ്പോൾ ഉള്ളിത്തണ്ടും മാങ്ങയും കൂടെ ചമ്മന്തിയുണ്ടാക്കിയത് എങ്ങനെയെന്ന് പറയാം.






ഉള്ളിത്തണ്ട് എടുത്ത് കഴുകുക - ആറേഴെണ്ണം ആവാം.
വേരു മാത്രം കളയുക. ബാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.



മാങ്ങയും കഴുകി തോലുകളഞ്ഞ് മുറിച്ചെടുക്കുക. മാങ്ങയുടെ ഒരു ഭാഗം കഷണങ്ങളാക്കിയത് മതി.
ചുവന്ന മുളക്/വറ്റൽ മുളക് - ഒന്ന്.
ഉപ്പ് - ആവശ്യത്തിന്.
തേങ്ങ ചിരവിയത് - കുറച്ച് - ഏകദേശം 4 ടീസ്പൂൺ.

ആദ്യം, മാങ്ങ, തേങ്ങ, മുളക്, ഉപ്പ് അരയ്ക്കുക. അതിലേക്ക് ഉള്ളിത്തണ്ട് ഇട്ട് അരയ്ക്കുക. അധികം മിനുസമൊന്നും അരയേണ്ട കാര്യമില്ല. വെള്ളം ഒട്ടും ചേർക്കരുത്. അരഞ്ഞുകഴിഞ്ഞാൽ വെള്ളം ഉണ്ടാവും.




പച്ചമുളകും ഇഞ്ചിയും ചേർത്തും അരയ്ക്കാം. ചുവന്ന മുളകും നിങ്ങളുടെ ഇഷ്ടം‌പോലെ ചേർക്കാം. പക്ഷെ എരിവ് അധികം ചേർക്കാത്തതാണ് നല്ലത്.

Tuesday, April 20, 2010

മാങ്ങ ചക്കക്കുരു കൂട്ടാൻ

മാങ്ങാചക്കക്കുരു കൂട്ടാൻ. നാടൻ കറിയാണിത്. മാങ്ങയും ചക്കയും ഇഷ്ടം പോലെ ഉണ്ടാവുന്ന കാലത്ത് വയ്ക്കാൻ പറ്റിയത്. എളുപ്പത്തിലുണ്ടാക്കുകയും ചെയ്യാം. ഇതിനാവശ്യമായ വസ്തുക്കളൊക്കെ എല്ലാ വീട്ടിലും ഉണ്ടാവുകയും ചെയ്യും.




മാങ്ങ - അധികം പുളിയില്ലാത്തത് രണ്ടെണ്ണം. പുളിയുണ്ടെങ്കിലും കുഴപ്പമൊന്നുമില്ല. കൂട്ടാനു പുളിയുണ്ടാവും, അത്രതന്നെ.
ചക്കക്കുരു - ഒരു പത്തുപതിനഞ്ചെണ്ണം.
തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മുളകുപൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വറവിടാനുള്ളത്.
കറിവേപ്പില.




മാങ്ങ തോലുകളഞ്ഞ് മുറിച്ചുവയ്ക്കുക.
തേങ്ങയും ജീരകവും ചേർത്ത് അരയ്ക്കുക.



ചക്കക്കുരു, ആദ്യം വേവിച്ച് തോലുകളഞ്ഞെടുക്കാം. അല്ലെങ്കിൽ തോലുകളഞ്ഞ് വേവിയ്ക്കാനിടാം. നിങ്ങൾക്ക് എളുപ്പം എങ്ങനെയാണോ അങ്ങനെ. കുക്കറിൽ കുറച്ചുനേരം വേവിച്ചാൽ അത് വേഗം തോലുകളഞ്ഞ് എടുക്കാം.

ചക്കക്കുരു ആദ്യം വേവിച്ചിട്ടുണ്ടെങ്കിൽ, അതും മാങ്ങാക്കഷണങ്ങളും ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവാൻ വയ്ക്കുക.

അല്ലെങ്കിൽ, ചക്കക്കുരു, വെള്ളവുമൊഴിച്ച് വേവിയ്ക്കാൻ ഇടുക. അതു വെന്താൽ മാങ്ങയും ബാക്കിയുള്ളതൊക്കെയും ചേർക്കുക. മാങ്ങ പെട്ടെന്ന് വേവും.

ഒക്കെ വെന്താൽ തേങ്ങയരച്ചത് ചേർക്കുക. ആവശ്യത്തിനു വെള്ളവും ചേർക്കുക. വെന്തതിൽ വെള്ളമില്ലെങ്കിൽ മാത്രം വീണ്ടും വെള്ളം ചേർത്താൽ മതി.



തിളപ്പിക്കുക. തിളച്ചാൽ ഒന്നോ രണ്ടോ തണ്ട് കറിവേപ്പില ഇടുക. വാങ്ങിവച്ച് വറവിടുക. പച്ചമുളക് രണ്ടെണ്ണം, കഷണങ്ങൾ വേവിക്കുമ്പോൾ ചീന്തിയിടുകയും ചെയ്യാം. മുളകുപൊടി ഇടാതെ, തേങ്ങയരയ്ക്കുമ്പോൾ രണ്ട് - മൂന്ന് ചുവന്ന മുളക് ചേർത്ത് അരയ്ക്കുകയും ചെയ്യാം.

Friday, April 09, 2010

മാങ്ങാക്കാളൻ

മാങ്ങാക്കാളൻ, മാമ്പഴക്കാളൻ, മാമ്പഴപ്പുളിശ്ശേരി, മധുരക്കാളൻ എന്നിങ്ങനെയൊക്കെയുള്ള പേരിട്ട് ഇതിനെ വിളിക്കാം. എന്തായാലും ഈ കൂട്ടാൻ അടിപൊളിയാണ്. ഉണ്ടാക്കിവെച്ചാൽ പെട്ടെന്ന് തീർന്നുപോകും. പഴുത്ത മാങ്ങ എന്നു പറഞ്ഞാൽത്തന്നെ മിക്കവർക്കും പ്രിയം. അപ്പോപ്പിന്നെ അതു വെറുതെ തിന്നുതീർക്കുന്നതിനു പകരം കൂട്ടാൻ വയ്ക്കാം. എന്നാൽ മാങ്ങയും തിന്നാം, കൂട്ടാനും കൂട്ടാം.

മാങ്ങാക്കാളൻ എളുപ്പത്തിലുണ്ടാക്കാം.





നല്ല പഴുത്ത മാങ്ങ വേണം - നാലെണ്ണം. ചിത്രത്തിൽ ഉള്ളതുപോലെ വലുതാണെങ്കിൽ നാലു മതി. അല്ലെങ്കിൽ നല്ല ചെറിയ നാടൻ മാങ്ങയാണെങ്കിൽ എട്ടെണ്ണം എടുക്കാം. നന്നായി പഴുത്തിട്ടുണ്ടെങ്കിൽ തോലു വലിച്ചുകളയാൻ പറ്റും. അല്ലെങ്കിൽ തോല് ചെത്തിക്കളയണം.

തേങ്ങ - ഒരു മുറി. അധികം വലുതും അധികം ചെറുതുമല്ലാത്ത തേങ്ങ ഒരു മുറി ചിരവിയെടുക്കുക. ഏതു കാളൻ ആയാലും തേങ്ങ നല്ലോണം വേണം.

ജീരകം - അര ടീസ്പൂൺ.

ചുവന്ന മുളക്/ വറ്റൽ മുളക് - 3 എണ്ണം.

തേങ്ങയും ജീരകവും മുളകും കൂടെ നന്നായി അരച്ചെടുക്കുക.

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മോര്/ തൈര് - ഏകദേശം കാൽ ലിറ്റർ. മാങ്ങയ്ക്ക് പുളിയുണ്ടെങ്കിൽ പുളിയുള്ളത് ചേർക്കണ്ട. പുളി ഇഷ്ടമല്ലെങ്കിലും പുളിയില്ലാത്ത മോരോ തൈരോ ചേർക്കുന്നതാവും നല്ലത്. പക്ഷേ, കാളൻ എന്നു പറയുമ്പോൾ അതിന് കുറച്ച് പുളിയുണ്ടാവുന്നതാണ് നല്ലത്.

പച്ചമുളക് - മൂന്ന്. നീളത്തിൽ മുറിയ്ക്കുക.

വറവിടാൻ കടുക്, കറിവേപ്പില, മുളക്.

ഉലുവ വറുത്തുപൊടിച്ചത് - രണ്ടു നുള്ള്.

ഉപ്പ് - വേണ്ടതുപോലെ ചേർക്കാൻ.




ആദ്യം മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ മാങ്ങയുടെ കൂടെ ഇട്ട്, കുറച്ച് വെള്ളവും ഒഴിച്ച് മാങ്ങ വേവിക്കുക.




കുക്കറിലാണ് വയ്ക്കുന്നതെങ്കിൽ മാങ്ങയിൽ വെള്ളം വേണ്ട. കൽച്ചട്ടിയിലോ പാത്രത്തിലോ വയ്ക്കുമ്പോൾ വെള്ളമില്ലാതെ പറ്റില്ല.



വെന്താൽ മോരു ചേർക്കുക.





മോരു തിളച്ചു യോജിച്ചാൽ തേങ്ങയരച്ചത് ചേർക്കുക.

തേങ്ങയും തിളച്ചാൽ ഒരു തണ്ട് കറിവേപ്പില ഇടുക.




വാങ്ങിവെച്ച് വറവിടുക.

ഉലുവപ്പൊടിയും ഇടുക.




അരയ്ക്കുമ്പോൾ പച്ചമുളക് ചേർക്കാം. അല്ലെങ്കിൽ മുളകുപൊടി ചേർക്കാം. മുളകു ചേർത്തരയ്ക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത്. മുളക് ഓരോരുത്തരുടെ ഇഷ്ടം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. വേവിക്കുമ്പോൾ പച്ചമുളക് ഇടുന്നത് മാത്രമായാലും മതി, നിങ്ങൾ എരിവ് പ്രിയർ അല്ലെങ്കിൽ.

Wednesday, May 27, 2009

മുരിങ്ങക്കായ് മാങ്ങ മോരുകൂട്ടാൻ

മാങ്ങാക്കാലം. മാങ്ങയിഷ്ടമുള്ളവർക്ക്, മുരിങ്ങക്കോൽ/മുരിങ്ങാക്കായ് ഇഷ്ടമുള്ളവർക്ക് ഒരു കൂട്ടാൻ. അമ്മ പറഞ്ഞു, മാങ്ങയും മുരിങ്ങക്കോലും, മോരും ഇട്ട് ഒരു കൂട്ടാനൊന്നും വച്ചിട്ടില്ലെന്ന്. അവിയലിൽ, മാങ്ങയും മോരും മുരിങ്ങയും ഇടുമെങ്കിൽ അതുമാത്രമൊരു കൂട്ടാൻ എന്തുകൊണ്ടായിക്കൂടെന്ന് ഞാൻ. വെച്ചുനോക്കിയപ്പോൾ നന്നായിട്ടുണ്ട്.



മാങ്ങ, അധികം പച്ചയും, അധികം പഴുത്തതുമല്ലാത്തത്. രണ്ടെണ്ണം, കഴുകി തോലുകളഞ്ഞ് മുറിച്ചത്.
മുരിങ്ങാക്കോൽ - രണ്ടെണ്ണം കഴുകി മുറിച്ചത്
ചിരവിയ തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.(ഇഷ്ടമല്ലെങ്കിൽ തീരെ കുറയ്ക്കുക).
മോര് - കാൽ ലിറ്റർ. മാങ്ങയ്ക്കു പുളിയുണ്ടെങ്കിൽ അധികം പുളിച്ചത് വേണ്ട. മാങ്ങയ്ക്ക് മധുരമാണെങ്കിൽ കുറച്ച് പുളി ആയ്ക്കോട്ടെ.
മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും പാകം നോക്കി ഇടുക.
മുളകുപൊടി ഇടുന്നില്ലെങ്കിൽ, തേങ്ങയുടെ കൂടെ ചുവന്ന മുളക് അരയ്ക്കുക.
തേങ്ങയും ജീരകവും ആവശ്യത്തിനു വെള്ളം കൂട്ടി അരയ്ക്കുക.



മുരിങ്ങാക്കോൽ, മാങ്ങ എന്നിവ ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയുമിട്ട് വേവിക്കുക. വേവാനുള്ള വെള്ളം ഒഴിച്ചാൽ മതി. ഞാൻ കുക്കറിലാണ് വേവിച്ചത്. എന്നിട്ട് കൽച്ചട്ടിയിലിട്ടു. വെന്തുടഞ്ഞുപോകരുത്.





അതിലേക്ക് മോരൊഴിച്ച് തിളപ്പിക്കുക.
തേങ്ങയരച്ചത് ഇട്ട് തിളപ്പിക്കുക.
ആവശ്യത്തിനു വെള്ളവും ചേർക്കുക. തിളപ്പിക്കുക.
കുറച്ച് കറിവേപ്പില ഇടുക.
വറവിടുക.



മുരിങ്ങക്കായ് മാങ്ങാ മോരുകൂട്ടാൻ തയ്യാർ.

Friday, May 01, 2009

പഴുത്തമാങ്ങ വെള്ളരിക്കൂട്ടാൻ

പഴുത്ത മാങ്ങകളുടെ കാലം. വെറുതേ തിന്നിട്ടും തിന്നിട്ടും തീരുന്നില്ല. അപ്പോപ്പിന്നെ കൂട്ടാൻ വയ്ക്കുക തന്നെ നല്ലത്. ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം പഴുത്ത മാങ്ങ കൊണ്ട്. പച്ചടി, മധുരപ്പച്ചടി, പുളിശ്ശേരി ഒക്കെ. വെള്ളരിക്കയുടെ കൂടെ പച്ചയായാലും പഴുത്തതായാലും, മാങ്ങയിട്ട് കൂട്ടാൻ വെച്ചാൽ നല്ല സ്വാദായിരിക്കും. അതുകൊണ്ട് പഴുത്ത മാങ്ങാക്കാലത്തിൽ ഒരു പഴുത്തമാങ്ങ വെള്ളരിക്കൂട്ടാൻ.




പഴുത്ത മാങ്ങ, കുറച്ചൊരു പുളിയുള്ളത് വലുത് മൂന്നെണ്ണം

വെള്ളരിക്ക - ഇടത്തരം വെള്ളരിക്കയുടെ പകുതി

അരവിന് - നാലു ചുവന്ന മുളക് , അര ടീസ്പൂൺ ജീരകം, 5 ടേബിൾസ്പൂൺ തേങ്ങ

ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന്.

വറവിടാൻ, കറിവേപ്പില, മുളക്, കടുക്. ഇത്രയും വസ്തുക്കൾ വേണം.





മാങ്ങ കഴുകി, തോലുകളഞ്ഞ് അതിന്റെ പുറത്ത് കത്തികൊണ്ട് വരയുക. വേവാനും, അത് കൂട്ടാനിലേക്ക് നന്നായി യോജിക്കാനും വേണ്ടിയാണ് വരയുന്നത്. വെള്ളരിക്ക, മുറിച്ച് കഴുകിയെടുക്കുക. രണ്ടും കൂടെ, ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക.

തേങ്ങ, മുളക്, ജീരകം എന്നിവ നന്നായി അരയ്ക്കുക.





വെന്ത, മാങ്ങാവെള്ളരിയിലേക്ക് തേങ്ങയരച്ചത് ഇട്ട്, ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് തിളപ്പിക്കുക.

വാങ്ങിവെച്ച് വറവിടുക.




ചുവന്ന മുളക് അരയ്ക്കുന്നതിനുപകരം, ആവശ്യമനുസരിച്ച് മുളകുപൊടിയിടാം. മാങ്ങയ്ക്ക് പുളിയില്ലെങ്കിൽ, കൂട്ടാനു പുളി വേണമെങ്കിൽ, അല്പം പുളിച്ച മോരൊഴിച്ചാൽ മതി.

Sunday, February 08, 2009

മാങ്ങാക്കൂട്ടാൻ

മാങ്ങാക്കാലം വന്നു. ഇനി കറികളെല്ലാം മാങ്ങമയം. അതുകൊണ്ട് മാങ്ങാക്കൂട്ടാൻ വയ്ക്കാം എന്നു കരുതി.

മാങ്ങ രണ്ടെണ്ണം പുളിയില്ലാത്തത്. കുറച്ച് പുളിയുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല. അധികം പുളി ആയാൽ ശരിയാവില്ല. കഴുകി, തോലു കളഞ്ഞ് മുറിച്ചെടുക്കുക.




നാലോ അഞ്ചോ ടേബിൾസ്പൂൺ തേങ്ങ കാൽ ടീസ്പൂൺ ജീരകവും ചേർത്ത് അരച്ചെടുക്കുക. മിനുസമായിട്ട്.
ഒരു പാത്രത്തിൽ ഏകദേശം അരലിറ്റർ വെള്ളത്തിലേക്ക് മാങ്ങയും കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഉപ്പും ഇടുക.
വേവാൻ വയ്ക്കുക.
അഞ്ച് പത്ത് മിനുട്ടിനുള്ളിൽ വേവും.
തേങ്ങ അതിലേക്ക് ചേർക്കുക.
വറവിടുക. കടുകും മുളകും കറിവേപ്പിലയും.




മാങ്ങാക്കൂട്ടാൻ തയ്യാ‍റായി. മാങ്ങയും മാങ്ങയുടെ അല്പം പുളിയും ഇഷ്ടം ഉള്ളവർ ഉണ്ടാക്കിയാൽ മതി. നല്ലൊരു തോരനും വയ്ക്കുക. ചോറും.

Thursday, November 27, 2008

ഉപ്പുമാങ്ങാച്ചമ്മന്തി

ഉപ്പുമാങ്ങയ്ക്കൊരു കഥ

പാണ്ടമ്പറമ്പത്ത് എന്നൊരു ഇല്ലത്ത്, ദാരിദ്ര്യമായിരുന്നു. ഒരിക്കൽ, ഒരു ചീനക്കാരൻ കച്ചവടക്കാരൻ, കപ്പൽ യാത്രയ്ക്കിടയിൽ അപകടം പറ്റിയപ്പോൾ, എങ്ങനെയൊക്കെയോ രക്ഷപ്പെട്ട്. കൈയിൽ കിട്ടിയ പത്തു ചീനഭരണികളും എടുത്ത് ചെന്നുപെട്ടത് പാണ്ടമ്പറമ്പത്തേക്കായിരുന്നു. ആ വീട്ടിലുള്ള ഭട്ടതിരി, ഉണ്ടായിരുന്ന കഞ്ഞി എടുത്ത് ചീനക്കാരനു കൊടുത്തു. കഴിച്ചുകഴിഞ്ഞപ്പോൾ വ്യാപാരി പറഞ്ഞു, “ഞാൻ സ്വദേശത്തേക്ക് തിരിച്ചുപോകുകയാണ്. അതുകൊണ്ട് ഈ ഭരണികൾ ഇവിടെ സൂക്ഷിക്കണം, തുവരപ്പരിപ്പ് നിറച്ചതാണ്” എന്ന്. അങ്ങനെ ഭരണികൾ അവിടെ വച്ചിട്ട് വ്യാപാരി തിരിച്ചുപോയി. ഒരു ദിവസം ഒരു ഭക്ഷണവും കുട്ടികൾക്ക് കൊടുക്കാനില്ലാതെ വന്നപ്പോൾ, അന്തർജ്ജനം പറഞ്ഞു “അല്പം തുവരപ്പരിപ്പെങ്കിലും എടുത്ത് വേവിച്ചുകൊടുക്കാം കുഞ്ഞുങ്ങൾക്ക്. പിന്നെ വ്യാപാരി വരുമ്പോഴേക്കും തിരികെ വയ്ക്കാം. വിശപ്പുണ്ടായിട്ടാണെന്നു പറഞ്ഞാൽ ആർക്കും മനസ്സിലാവില്ലേ”ന്ന്. കുറേ പറഞ്ഞപ്പോൾ, ഭട്ടതിരി, ഒരു ഭരണിയെടുത്ത് കെട്ടൊക്കെയഴിച്ച് തുവരപ്പരിപ്പ് വാരിയെടുത്തു. അതിൽ തുവരപ്പരിപ്പ് മാത്രമല്ലല്ലോന്ന് കരുതുകയും ചെയ്തു.
നോക്കുമ്പോൾ, എല്ലാ ഭരണികളിലും മുകളിൽ കുറച്ച് പരിപ്പും, ബാക്കി സ്വർണ്ണനാണ്യങ്ങളുമായിരുന്നു. പിന്നെ ഭട്ടതിരി, കുറേ നാൾ കഴിഞ്ഞപ്പോൾ, ആ ഭരണിയിൽനിന്നുതന്നെ നാ‍ണയങ്ങളെടുത്ത് ചെലവാക്കിത്തുടങ്ങി. പിന്നെ പണക്കാരനായപ്പോൾ, അദ്ദേഹം, ആ ഭരണികളൊക്കെ തിരികെ നിറച്ചുവെച്ചു. പലിശയായിട്ട് പത്തു ചെറിയ ഭരണികളിലും നാണയങ്ങൾ നിറച്ചു വച്ചു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ, പഴയ കച്ചവടക്കാരൻ വീണ്ടും വന്നു. ഭട്ടതിരി, ഭരണി തുറന്നതും നാണയങ്ങൾ എടുത്തുപയോഗിച്ചതും ഒക്കെയുള്ള സംഭവങ്ങളൊക്കെ പറഞ്ഞു. മാപ്പും അപേക്ഷിച്ചു. ഭരണികളും പലിശഭരണികളും വ്യാപാരിക്കു കൊടുത്തു. പക്ഷേ പലിശഭരണികൾ, കച്ചവടക്കാരൻ വാങ്ങിയില്ല. വലിയ ഭരണിയിൽ നിന്ന് ഒരു ഭരണി ഭട്ടതിരിക്കു സമ്മാനമായി കൊടുക്കുകയും ചെയ്തു. ആ ഭരണിയാണ് കോടൻഭരണി. കൊടുത്തുകഴിഞ്ഞ് വ്യാപാരി പറഞ്ഞു “ഈ ഭരണിയിരിക്കുന്ന ദിക്കിൽ ദാരിദ്ര്യം ഉണ്ടാവില്ല. ഇതിൽ മാങ്ങ ഉപ്പിലിട്ടാൽ നല്ല സ്വാദുണ്ടാവുകയും ചെയ്യും” എന്ന്. അങ്ങനെ ആ വീട്ടിൽ എല്ലാക്കൊല്ലവും, ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടുതുടങ്ങി. അതിന്റെ സ്വാദും കേമം. എത്രനാൾ കഴിഞ്ഞാലും മാങ്ങയുടെ പച്ചനിറം മാറില്ലത്രേ. ഇതാണ് പാണ്ടമ്പറമ്പത്തു കോടൻ ഭരണിയിലെ ഉപ്പുമാങ്ങ.
(കഥ വായിച്ചതും, കടപ്പെട്ടിരിക്കുന്നതും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്ക്)

എല്ലാ വർഷവും മാങ്ങ ഉപ്പിലിടാറുണ്ട്. വേനൽക്കാലത്ത് ഉപ്പിലിട്ടുവെച്ചാൽ, നല്ല മഴക്കാലത്ത് കഴിക്കാം. മാങ്ങ കഴുകിയെടുത്ത്, ഉപ്പും ഇട്ട് വയ്ക്കുക. നന്നായി തിളപ്പിച്ച്, നന്നായി തണുത്ത വെള്ളം അതിലേക്ക് ഒഴിച്ചുവയ്ക്കും ഞാൻ. വെറും ഉപ്പുമാത്രം ഇട്ടാൽ നന്നാവുമോന്ന് അറിയില്ല. ഇപ്രാവശ്യം അപ്രതീക്ഷിതകാരണങ്ങൾ കൊണ്ട് മാങ്ങ ഉപ്പിലിടാൻ സാധിച്ചില്ല. എന്നാലും എന്റെ തീറ്റഭാഗ്യം കൊണ്ട് ഉപ്പുമാങ്ങയെത്തി. ;) ഈ ഭരണി നിറയെ ഉണ്ട്.




പ്ലാസ്റ്റിക് പാത്രത്തിലും ഇട്ടുവെച്ചാൽ കുഴപ്പമൊന്നുമില്ല. എന്നാലും സ്വാദിന് ഭരണിതന്നെ വേണം. നിറയെ വെള്ളം വേണം. നല്ലപോലെ അടച്ചുവയ്ക്കുകയും വേണം. ചിലപ്പോൾ വെള്ളത്തിനുമുകളിൽ പൂപ്പൽ പോലെ ഉണ്ടാവും. അതെടുത്തുകളയുക, മാങ്ങ കഴുകിയെടുക്കുക. മാങ്ങകൊണ്ട് വിഭവം ഉണ്ടാക്കുന്നതിലും ഇഷ്ടം അതു വെറുതേ ചോറിനു കൂട്ടിക്കഴിക്കുന്നതാണ്. വീണുകിട്ടുന്ന കുഞ്ഞുകുഞ്ഞുമാങ്ങകൾ ഉപ്പിലിട്ടുവെച്ചത് കൂട്ടിക്കഴിക്കാൻ എനിക്കെന്തിഷ്ടമാണെന്നോ.
ഇക്കൊല്ലം മാങ്ങ ഉപ്പിലിട്ടതില്ലെങ്കിൽ ആരും വിഷമിക്കേണ്ട. മാങ്ങാക്കാലം അടുത്തുവരുന്നുണ്ട്. മടിക്കാതെ ഉപ്പിലിട്ടുവയ്ക്കുക.





ഒരു ഉപ്പുമാങ്ങയുണ്ടെങ്കിൽ ഒരുമുറിത്തേങ്ങ എടുക്കാം. കഷണം മാങ്ങകളും, കുറച്ച് തേങ്ങയും, ചുവന്ന മുളകും, കറിവേപ്പിലയും ഉപ്പും. ഇത്രയും ഉണ്ടായാൽ, അരച്ചെടുത്താൽ, ഉപ്പുമാങ്ങാച്ചമ്മന്തിയായി. തേങ്ങ കുറച്ച് അധികമായാൽ കുഴപ്പമൊന്നുമില്ല.

മൂന്ന് ടേബിൾസ്പൂൺ തേങ്ങ.
മാങ്ങയുടെ അപ്പുറമിപ്പുറം ഉള്ള വലിയ കഷണങ്ങൾ.
മൂന്ന് ചുവന്ന മുളക്. കുറച്ച് കറിവേപ്പില. ഉപ്പ്.




ഇവിടെ മാങ്ങ തോലോടെതന്നെ കഷണമാക്കി.
തൊലി വേണമെങ്കിൽ കളയാം.
തേങ്ങ കുറച്ചും കൂടെ ഇടാം. എന്നാൽ മാങ്ങയുടെ പുളി കുറയ്ക്കാം.
ചുവന്ന മുളകിനു പകരം പച്ചമുളകിട്ടും ഉണ്ടാക്കിനോക്കാം.
മിനുസമായിട്ട് അരയണം എന്നില്ല.

Sunday, June 29, 2008

മധുരപ്പച്ചടി

പച്ചടി, മോരുമൊഴിച്ചേ വയ്ക്കാവൂ എന്ന് ധരിക്കരുത്. പുളിപ്പച്ചടിയല്ലാതെ മധുരപ്പച്ചടിയും ഉണ്ടാക്കാം.

പഴുത്ത മാങ്ങ വേണം, (നാടന്‍ മാങ്ങ ആയാല്‍ നല്ലത്.) ശര്‍ക്കര വേണം, തേങ്ങ, പച്ചമുളക്, കടുക്, ചുവന്ന മുളക്, ഉപ്പ് എന്നിവയും വേണം. വറവിടാന്‍ വെളിച്ചെണ്ണയും.




പഴുത്ത നാലഞ്ച് ചെറിയ മാങ്ങ കഴുകി തോലൊക്കെക്കളഞ്ഞ് വയ്ക്കുക.
തിന്നരുത്.



അടുപ്പത്ത് അഥവാ തീയ്ക്കു മുകളില്‍, പാകത്തിനു ഉപ്പും, മൂന്നാല് പച്ചമുളക് ചീന്തിയിട്ടതും ചേര്‍ത്ത് വയ്ക്കുക. കുറച്ച് മുളകുപൊടിയും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇടാം. വെള്ളവുമൊഴിച്ച് വയ്ക്കുക. അതൊന്ന് തിളച്ചാല്‍ മൂന്ന് നാല് ആണി ശര്‍ക്കര അഥവാ അതിനു തുല്യം ശര്‍ക്കര ഇടുക. വെന്താല്‍ വാങ്ങിവയ്ക്കുക. തണുക്കട്ടെ. മൂന്ന് ടേബിള്‍സ്പൂണ്‍ ചിരവിയ തേങ്ങ നന്നായി അരയ്ക്കുക. അര ടീസ്പൂണ്‍ കടുകും ഇട്ട് അരയ്ക്കുക. വെന്ത മാങ്ങ തണുത്താല്‍ അരച്ചത് കൂട്ടിച്ചേര്‍ക്കുക. കടുകും കറിവേപ്പിലയും മുളകുമൊക്കെ വറവിടുക.




മാങ്ങയും തേങ്ങയും കറിവേപ്പിലയും വീട്ടുവളപ്പില്‍. അതിനു പ്രത്യേക സ്വാദു തന്നെ. അടുപ്പത്ത് കല്‍ച്ചട്ടിയില്‍ വെച്ചാല്‍പ്പിന്നെ പറയേണ്ടല്ലോ.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]