Monday, March 30, 2009

ഗോതമ്പുദോശ

അത്രയ്ക്കു വല്യ സ്വാദൊന്നും അവകാശപ്പെടാനില്ലെങ്കിലും എളുപ്പം ഉണ്ടാക്കിയെടുക്കാവുന്ന ദോശയാണീ ഗോതമ്പുദോശ. പാചകം വല്യ പിടിയില്ലാത്തവർക്കുപോലും പറ്റും. തിരക്കുപിടിച്ച് എന്തെങ്കിലും ഉണ്ടാക്കേണ്ടിവരുമ്പോൾ ഇത് ചെയ്യാം. എളുപ്പം കഴിയും, അധികം വസ്തുക്കളൊന്നും വേണ്ടതാനും.

ഗോതമ്പുപൊടി, ഉപ്പ്, ചിരവിയ തേങ്ങ, വെള്ളം. ഇത്രേം മതി.
ഒരു കപ്പ് ഗോതമ്പുപൊടി ആണെങ്കിൽ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നിറച്ചും തേങ്ങ വേണം.

ഗോതമ്പുപൊടി ആദ്യം എടുത്ത്, അതിൽ ആവശ്യത്തിനു ഉപ്പിട്ട്, വെള്ളമൊഴിച്ച് കലക്കുക. കൈകൊണ്ട് ഇളക്കുക. കട്ടയൊന്നും ഇല്ലാതിരിക്കും. ദോശമാവിന്റെ ചേർച്ചയിൽ ആയാൽ, അതിലേക്ക് തേങ്ങ ഇട്ട് ഒന്നുകൂടെ ഇളക്കുക. അധികം അയവായാൽ ശരിയാവില്ല. മാവ് അഞ്ചുപത്ത് മിനുട്ട് വയ്ക്കാൻ പറ്റുമെങ്കിൽ വയ്ക്കാം. നിർബന്ധമൊന്നുമില്ല.

ദോശത്തട്ട് ചൂടാവുമ്പോൾ മാവ് കുറച്ചൊഴിച്ച് ദോശയുണ്ടാക്കുക. മറിച്ചിടുന്നതിനുമുമ്പ് വെളിച്ചെണ്ണ അതിനുമുകളിൽ പുരട്ടുക. മറിച്ചിട്ടാൽ തീ വളരെക്കുറച്ച് വയ്ക്കുക. അടുത്ത ദോശയ്ക്കുള്ള മാവ് ഒഴിച്ചുകഴിഞ്ഞേ തീ കൂട്ടിവയ്ക്കാവൂ. ഇല്ലെങ്കിൽ മാവൊഴിക്കുമ്പോൾ ശരിക്കും പരത്താൻ കിട്ടില്ല. ഒക്കെ ചുരുണ്ട്ചുരുണ്ട് നിൽക്കും. മാവൊഴിച്ച് പരത്തിയാൽ അടച്ചുവെച്ചാലും നന്നായിരിക്കും. ഈ മാവിൽത്തന്നെ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഒക്കെ മുറിച്ചിട്ട് ഉണ്ടാക്കിയാലും നന്നാവും. വെറും ഗോതമ്പുപൊടിയിൽ ഉപ്പ് മാത്രമിട്ടും ഉണ്ടാക്കാം.

ചമ്മന്തിയും കൂട്ടി കഴിക്കുക.

Sunday, March 29, 2009

വഴുതനങ്ങ പച്ചടി

നീണ്ട വയലറ്റ് വഴുതനങ്ങ രണ്ടെണ്ണം - (ഉണ്ട വഴുതനങ്ങയും ഉപയോഗിക്കാം).
പച്ചമുളക് രണ്ടെണ്ണം,
മുളകുപൊടി കാൽ ടീസ്പൂണിലും കുറവ്,
കടുക് കാൽ ടീസ്പൂൺ,
ചിരവിയ തേങ്ങ മൂന്ന് ടേബിൾസ്പൂൺ,
തൈർ - കാൽ ലിറ്ററിലും അല്പം കുറവ്,
ഉപ്പ്,

വറവിടാൻ ആവശ്യമായതൊക്കെ - കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.

വഴുതനങ്ങ വളരെ ചെറുതായിട്ട് കഷണങ്ങളാക്കണം. കഴുകിയെടുക്കണം. പച്ചമുളക് ചീന്തിയിട്ടതും, മുളകുപൊടിയും, ഉപ്പും, വേവാൻ മാത്രം വെള്ളവുമൊഴിച്ച് വേവിച്ച് വാങ്ങിവെക്കുക. തണുക്കണം അത്. തണുത്താൽ, തേങ്ങ, കടുകും കൂട്ടി മിനുസത്തിൽ അരച്ച് ഇതിലേക്ക് ചേർക്കുക. അരയ്ക്കുമ്പോൾ മോരുവെള്ളം ഉപയോഗിക്കണമെന്ന് ഇതുവരെയുള്ള പച്ചടിപ്പോസ്റ്റിലൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. തേങ്ങ വേവിച്ചു ചേർക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ പറയുന്നത്. വെള്ളം ഒഴിക്കേണ്ടല്ലോ വെറുതെ. തേങ്ങ ചേർത്ത് കുറച്ച് തൈരും ചേർത്ത് ഇളക്കി യോജിപ്പിച്ച് വറവിടുക.

ഇവിടെ ചുവന്ന(പഴുത്ത) പച്ചമുളകായിരുന്നു ഉള്ളത്. പച്ചമുളക് കഷണങ്ങളാക്കിയും ഇടാം. പക്ഷെ എരിവ് കൂടും. അല്ലെങ്കിൽ മുളകുപൊടി വേണ്ടെന്ന് വെച്ചാൽ മതി.

Tuesday, March 24, 2009

പാലക്ക്പരിപ്പ്കറി

ഇലകളൊക്കെ എനിക്കിഷ്ടമാണെന്ന് ഞാൻ ഇനീം പറയണോ? പാലക്ക്, ഉരുളക്കിഴങ്ങ് ചേർത്ത് കറിവെച്ചതുപോലെ പരിപ്പിട്ട് വെച്ചുനോക്കിയാൽ എന്താന്ന് വിചാരിച്ചു. ഞാൻ സാധാരണ ഉണ്ടാക്കുന്ന, ദാൽ ഫ്രൈ എന്ന് പേരിട്ട് വിളിക്കുന്ന വിഭവത്തിലേക്ക് പാലക്കും ചേർത്തു. അത്രേ ഉള്ളൂ ഇത്.

പാലക്ക് - ചെറിയ രണ്ട്കെട്ട്
തുവരപ്പരിപ്പ് - ആറ് ടേബിൾസ്പൂൺ
ഒരു തക്കാളി
രണ്ട് ചെറിയ സവാള
രണ്ട് പച്ചമുളക്
കുറച്ച് വെളുത്തുള്ളി
അര ടീസ്പൂൺ ഗരം മസാല
ഉപ്പ്
മഞ്ഞൾപ്പൊടി
എണ്ണ
ഇവയൊക്കെ അളവുപോലെ

പാലക്ക് നന്നായി കഴുകിവൃത്തിയാക്കി ചെറുതാക്കി കൊത്തിയരിഞ്ഞെടുക്കുക. പരിപ്പ് കഴുകിയെടുക്കുക. കുറച്ച്നേരം വെള്ളത്തിൽ ഇട്ടുവെച്ചാൽ വേഗം വെന്തുകിട്ടും. തക്കാളി മുറിച്ചെടുക്കുക. പാലക്ക്, തക്കാളി, പരിപ്പ് എന്നിവ മഞ്ഞൾപ്പൊടിയിട്ട്, ഒക്കെ മുങ്ങിക്കിടക്കാൻ മാത്രം വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.ഉപ്പ് ഇടുക.
വലിയ ഉള്ളി അഥവാ സവാള ചെറുതായി മുറിച്ചെടുക്കുക. പച്ചമുളകും. വെളുത്തുള്ളിയും കുഞ്ഞുകഷണങ്ങളാക്കുകയോ ചതച്ചെടുക്കുകയോ ചെയ്യുക. ഒക്കെക്കൂടെ എണ്ണ ചൂടാക്കി വഴറ്റുക. മൊരിഞ്ഞാൽ, ഗരം മസാല ഇട്ട് യോജിപ്പിക്കുക. അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന പാലക്കും പരിപ്പും ഒഴിക്കുക. തീ കുറച്ച് തിളപ്പിക്കുക. കുറച്ചുനേരം. വെള്ളം അധികം ഉണ്ടെങ്കിൽ വറ്റിക്കുക. ചോറിനാണെങ്കിൽ വെള്ളം നിന്നോട്ടെ. ചപ്പാത്തിയ്ക്കാണെങ്കിൽ അധികം വെള്ളം ഇല്ലാത്തതാണ് നല്ലത്. പാകമായാൽ വാങ്ങിവെച്ച് മല്ലിയില അരിഞ്ഞത് ഉണ്ടെങ്കിൽ ഇടാം.
ഗരം മസാലയ്ക്കു പകരം കുറച്ച് മുളകുപൊടി ഇട്ടാലും മതി. പരിപ്പൊക്കെ വേവിക്കുമ്പോൾ ഇടുന്നതാവും നല്ലത്. തക്കാളി, പരിപ്പിന്റെ കൂടെ വേവിക്കാതെ, ഉള്ളി വഴറ്റിക്കഴിഞ്ഞ്, അതിലിട്ട് വഴറ്റിയാലും മതി.


Wednesday, March 18, 2009

നേന്ത്രപ്പഴം സാമ്പാർ

പഴം കൊണ്ട് സാമ്പാർ വെച്ചിട്ടുണ്ടോ? പഴം കാളൻ പോലെ ഉണ്ടാക്കിയെടുക്കാൻ എളുപ്പമുള്ള ഒന്നാണ് പഴം സാമ്പാറും. അധികം വസ്തുക്കൾ ഒന്നും വേണ്ട.രണ്ട്, നന്നായി പഴുത്ത നേന്ത്രപ്പഴം - മുറിച്ചെടുക്കുകതുവരപ്പരിപ്പ് - മൂന്ന് ടേബിൾസ്പൂൺ
പച്ചമുളക് - രണ്ടെണ്ണം.
മല്ലി - മൂന്ന് ടീസ്പൂൺ
മുളക് - നാലെണ്ണം. (എരിവ് വേണ്ടെങ്കിൽ കുറയ്ക്കുക)
തേങ്ങ ചിരവി വറുത്തെടുത്തത് - രണ്ട് ടേബിൾസ്പൂൺ.
മല്ലിയും മുളകും വറുത്തെടുക്കുക.
തേങ്ങയും കൂട്ടി മിനുസമായി അരയ്ക്കുക.
പുളി - വല്യൊരു നെല്ലിക്കാവലുപ്പത്തിൽ എടുത്ത് കുറച്ച് വെള്ളത്തിലിട്ട് പുളി പിഴിഞ്ഞ് അതിന്റെ വെള്ളം മാത്രം എടുക്കുക.
കായം പൊടി
ഉപ്പ്
എണ്ണ
വറവിടാൻ ഒക്കെ

പരിപ്പും പഴവും മഞ്ഞൾപ്പൊടിയും പച്ചമുളക് നടുവേ ചീന്തിയിട്ടതും ചേർത്ത് വേവിക്കുക. ആദ്യം പരിപ്പ് വേവിച്ചെടുത്ത്, പഴം ഒന്ന് വേവുമ്പോൾ പരിപ്പ് ചേർത്താലും മതി. പഴം അധികം വെന്തുപോകും എന്നു തോന്നുന്നുവെങ്കിൽ.
വെന്തുകഴിഞ്ഞാൽ അതിൽ ഉപ്പും പുളിവെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക. പുളി കുറച്ച്നേരം കിടന്ന് വേവണം.
അതിലേക്ക് അരച്ച തേങ്ങയൊക്കെച്ചേർത്ത് വീണ്ടും തിളപ്പിക്കുക. കായം(പൊടി) ഇടുക. വാങ്ങിവെച്ച് വറവിടുക.പഴം സാമ്പാർ തയ്യാർ. ഞാൻ കണ്ടുപിടിച്ചതൊന്നുമല്ല. കാലാകാലങ്ങളായിട്ട് വീട്ടിൽ വയ്ക്കുന്നതാണ്. പഴത്തിന്റെ കൂടെ തക്കാളിയും ഇടാം വേണമെങ്കിൽ. മല്ലിയുടെ സ്വാദ് അധികമായാൽ ഇഷ്ടമല്ലെങ്കിൽ മല്ലിയും മുളകും കുറയ്ക്കുക. അതിനുപകരം, തേങ്ങയുടെ കൂടെ അല്പം സാമ്പാർപൊടിയുണ്ടെങ്കിൽ ചേർത്ത് അരച്ചാലും മതി.

Saturday, March 14, 2009

വത്തക്ക ഷേക്ക്/ തണ്ണീർമത്തൻ ഷേക്ക്
തണ്ണീർമത്തൻ അഥവാ ഞങ്ങളുടെ വത്തയ്ക്ക കൊണ്ട് എളുപ്പം ഉണ്ടാക്കാവുന്ന പാനീയം ആണിത്. ഉത്സവത്തിനാണ് വത്തയ്ക്ക വീട്ടിലെത്തുന്നത്. വെറുതേ തിന്നുകയാണ് പതിവ്. ഇപ്രാവശ്യം പരീക്ഷിച്ചേക്കാംന്ന് കരുതി. എന്റെ കസിൻസാണ് ഇതുണ്ടാക്കാൻ തോന്നിപ്പിച്ചത്. അവരാണ് വീട്ടിൽ ഇതൊക്കെ ഉണ്ടാക്കിക്കുടിക്കുന്നവർ. എനിക്കു വല്യ പ്രിയമില്ല. കടയിൽ കിട്ടുന്ന ഷേക്ക് ഇങ്ങനെയാണോന്ന് എനിക്കറിയില്ല. ഞാൻ കുടിച്ചിട്ടില്ല. ഇത് ഞാൻ എളുപ്പരീതിയിൽ ഒന്ന് തയ്യാറാക്കിയെന്നേയുള്ളൂ. ഞങ്ങൾക്ക് ഇഷ്ടമായി. അധികം വസ്തുക്കളൊന്നും ആവശ്യമില്ലാത്തതിനാൽ നിങ്ങൾക്കും ഉണ്ടാക്കാം.
വത്തയ്ക്ക ചിത്രത്തിൽ ഉള്ളത്രേം കഷണങ്ങൾ. കുരു കളഞ്ഞെടുത്തതാണ്. കുരുവുണ്ടാവരുത്. കുറച്ച് അധികമായാലും സാരമില്ല.
പഞ്ചസാര എട്ട് ടീസ്പൂൺ ഇടാം. പിന്നെ ഒന്ന് രുചിച്ച് നോക്കിയിട്ട് വേണമെങ്കിൽ ചേർക്കാം. വത്തയ്ക്കയ്ക്ക് മധുരമുണ്ടെങ്കിൽ വേണ്ടിവരില്ല. എന്നാലും നിങ്ങളുടെ അളവ് വ്യത്യാസം ആയിരിക്കും.

പാൽ കാൽ ലിറ്ററിൽ അല്പം കുറവ്.

പാൽ ഫ്രീസറിൽ വെച്ച് തണുപ്പിക്കുക. പാൽ ചൂടാക്കി തണുപ്പിച്ചാണ് ഫ്രീസറിൽ വെച്ചത്. പച്ചപ്പാലും പറ്റുമായിരിക്കും.
പാൽ കട്ടിയായാലും കുഴപ്പമില്ല. പൊടിച്ചിടാം.

വത്തയ്ക്ക, പഞ്ചസാരയും ഇട്ട് മിക്സിയിൽ അടിക്കുക. വെള്ളം ഒഴിക്കാനേ പാടില്ല. വത്തയ്ക്ക അലിഞ്ഞ് വെള്ളമാവും. നന്നായി കഷണങ്ങളൊക്കെ വെള്ളമാവുന്നതുവരെ കറക്കണം. അതുകഴിഞ്ഞാൽ പാലും ഒഴിച്ച് കറക്കുക. മധുരം നോക്കുക. പോരെങ്കിൽ കുറച്ചും കൂടെ ഇടുക.പിന്നെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം. അല്ലെങ്കിൽ അപ്പോത്തന്നെ കുടിക്കാം. പാലിന്റെ തണുപ്പുണ്ടാവുമല്ലോ.

Thursday, March 12, 2009

ഉരുളക്കിഴങ്ങ് പാലക്ക് കറിഞാൻ പരീക്ഷിച്ച ഒന്നാണിത്. ഉരുളക്കിഴങ്ങിന്റെ കൂടെ പലതും ഇട്ട് പരീക്ഷണം നടത്താറുണ്ട്. പാലക്ക് ഇട്ട് ആവാം കറി എന്നു കരുതി. ആദ്യം വിചാരിച്ചു, കുറുമ പോലെ വയ്ക്കാംന്ന്. തേങ്ങ ചേർത്തിട്ട്. പിന്നെ വേണ്ടെന്ന് വെച്ചു.ഉരുളക്കിഴങ്ങ് - നാലെണ്ണം തോലുകളഞ്ഞ് ചെറുതാക്കി മുറിച്ച് പുഴുങ്ങുക. അപ്പാടെ പുഴുങ്ങിയാൽ അധികം വേവാനും എല്ലാ ഭാഗങ്ങളും ഒരുപോലെ ആവാതെയിരിക്കാനും സാദ്ധ്യതയുണ്ട്.പാലക് - ഒരു കെട്ട്. ചിത്രത്തിൽ ഉള്ളത്രേം. ഒന്ന് കഴുകിവൃത്തിയാക്കി, ചൂടുള്ള വെള്ളത്തിൽ ഒരുമിനുട്ട് മുക്കിവെച്ച് എടുത്ത് വീണ്ടും പച്ചവെള്ളത്തിൽ കഴുകി തണ്ടൊക്കെ കളഞ്ഞ് അരയ്ക്കണം. ചൂടുവെള്ളത്തിൽ കൂടുതൽ സമയം മുക്കിയിട്ടാൽ പാലക് അരച്ചാൽ അതിന്റെ നിറം പച്ചയായിരിക്കില്ല. അതുകൊണ്ട് പെട്ടെന്ന് ചെയ്യുക.ഇഞ്ചി, കറുവാപ്പട്ട എന്നിവ വളരെച്ചെറിയ കഷണം. രണ്ട് കുഞ്ഞുവെളുത്തുള്ളിയല്ലിയുടെ വലുപ്പം മതി. രണ്ടും അധികമായാൽ എരിവ് കൂടും.
ഗ്രാമ്പൂ - രണ്ടെണ്ണം.
ജീരകം - അര ടീസ്പൂൺ
വെളുത്തുള്ളി - ചെറിയ അല്ലി എട്ടെണ്ണം.
എല്ലാം കൂടെ ചതച്ചെടുക്കുക.

പച്ചമുളക് - രണ്ടെണ്ണം വട്ടത്തിലരിഞ്ഞത്.

വലിയ ഉള്ളി/ സവാള - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്.

മുളകുപൊടി - കുറച്ച് - കാൽ ടീസ്പൂൺ പോലും വേണ്ട.

മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്.

പാചകയെണ്ണ - സൺഫ്ലവർ എണ്ണയാണ് നല്ലത്.

ആദ്യം എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. പച്ചമുളക് വഴറ്റുക. അതിലേക്ക് ചതച്ചുവെച്ച മസാല ഇടുക. തീ വളരെക്കുറച്ച് വയ്ക്കണം. കറിക്കാവശ്യമുള്ള ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി ഇടുക. വേവിച്ച ഉരുളക്കിഴങ്ങ് മുങ്ങാൻ വെള്ളം കണക്കാക്കി ഒഴിക്കുക. വെള്ളം തിളച്ചാൽ ഉരുളക്കിഴങ്ങ് ഇടുക. കുറച്ചുനേരം യോജിച്ചോട്ടെ. പിന്നെ പാലക്ക് അരച്ചത് ഒഴിക്കുക. അതിൽ വെള്ളം കുറച്ച് ഉണ്ടാവും. എല്ലാം കൂടെ ഒത്തുചേരുന്നതുവരെ തിളപ്പിക്കുക. വെള്ളവും വറ്റും. വെള്ളം നിങ്ങൾക്ക് വേണ്ടത്ര ആവുമ്പോൾ വാങ്ങിവയ്ക്കുക. ചപ്പാത്തിയുടെ കൂടെ കഴിക്കാം. അല്ലെങ്കിൽ പത്തിരിയോ പൂരിയോ പൊറോട്ടയോ ഒക്കെ ആവാം.

ചതച്ച മസാല ഒഴിവാക്കി, മുളകുപൊടി ഒഴിവാക്കി, ഗരം‌മസാല ഇടാം. പക്ഷേ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ഇടണം. തക്കാളിയിട്ടും ഉണ്ടാക്കാം. ഉരുളക്കിഴങ്ങ് നല്ലോണം വേവണം. എന്നാലേ യോജിച്ച് നിൽക്കൂ.

Monday, March 09, 2009

കടലപ്പരിപ്പ് പായസം

കടലപ്പരിപ്പുകൊണ്ട് പായസം ഉണ്ടാക്കുന്നത് പല തരത്തിലും കണ്ടിട്ടുണ്ട്. ചിലർ പരിപ്പ് വെന്താൽ നല്ലപോലെ ഉടച്ച് പേസ്റ്റാക്കിയുണ്ടാക്കും. ചിലർ പരിപ്പ് വേവിച്ച് ശർക്കര പാവ് കാച്ചി ഊറ്റിയെടുത്ത് അതിലേക്കിട്ട് ഉണ്ടാക്കും. ഞാനിവിടെയുണ്ടാക്കിയത് എങ്ങനെയാണെന്ന് വിശദീകരിച്ചാൽ മതിയല്ലോ ഇപ്പോ.
കടലപ്പരിപ്പ് - ഇരുന്നൂറ് ഗ്രാം എടുക്കാം.

ശർക്കര - ഏഴ് വല്യ ആണി. അല്ലെങ്കിൽ ആ അളവിൽ. അല്ലെങ്കിൽ ചെറിയ ആണി പത്തെണ്ണം.

ശർക്കര ചിലപ്പോൾ നിങ്ങളുടെ പാകത്തിനായിരിക്കില്ല. അതുകൊണ്ട് വെച്ചുനോക്കിയിട്ട് അടുത്ത പ്രാവശ്യം മാറ്റുക.

സാവൂനരി/സാഗോ/സാബൂദാന/ചൗവ്വരി - അമ്പത് ഗ്രാം

തേങ്ങാപ്പാൽ - നാനൂറ്റമ്പത് എം എൽ. (കട്ടിയുള്ളത്) അഞ്ഞൂറ് ആയാലും പ്രശ്നമില്ല.

പിന്നെ വറവിടാൻ നെയ്യും തേങ്ങാക്കഷണങ്ങളും അണ്ടിപ്പരിപ്പും മുന്തിരിയും.

വെറുതേയിടാൻ നേന്ത്രപ്പഴവും.ആദ്യം തന്നെ കടലപ്പരിപ്പ് ഒന്നു നോക്കി, വൃത്തിയിൽ കഴുകിയെടുക്കുക. സാവൂനരിയും ഒന്ന് കഴുകി കടലപ്പരിപ്പിന്റെ കൂടെ ഇടുക. വേവാനുള്ള വെള്ളം ഒഴിക്കുക. കുക്കറിൽ വേവിക്കാം. നന്നായി വെന്തോട്ടെ. വെള്ളം കുറച്ച് വേണം അതിൽ വെന്തതിനുശേഷവും. ശർക്കര അലിയാൻ എളുപ്പമാവും.

അത് കുറച്ചൊരു വല്യ പാത്രത്തിലേക്ക് മാറ്റുക. ശർക്കരയിട്ട് തിളപ്പിക്കുക. ആണിശർക്കരയാണെങ്കിൽ പത്തുമിനുട്ടോളം നിന്നോട്ടെ. തീ കുറച്ച് വയ്ക്കണം. ശർക്കര നല്ലോണം യോജിച്ചാൽ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കുക.
വെന്തുകഴിഞ്ഞാൽ വാങ്ങി വയ്ക്കുക.
നെയ്യിൽ തേങ്ങ ചെറുതായി നുറുക്കിയെടുത്തത് വറുത്ത് ഇടുക. അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തിടുക. (ഞാൻ ഇട്ടില്ല).

പഴം ചെറുതാക്കി നാലാക്കി മുറിച്ച് മുകളിൽ ഇടുക. ചുക്കുപൊടി വിതറാം.

ചൂടോടെ കുടിക്കുക. കട്ടിയുണ്ടാവും ഈ പായസത്തിന്. സാവൂനരിയും പിന്നെ കട്ടിയുള്ള തേങ്ങാപ്പാലും അല്ലേ ചേർത്തിരിക്കുന്നത്. കട്ടി വേണ്ടെങ്കിൽ തേങ്ങാപ്പാൽ നേർപ്പിച്ചൊഴിക്കാം.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]