Thursday, November 27, 2008

ഉപ്പുമാങ്ങാച്ചമ്മന്തി

ഉപ്പുമാങ്ങയ്ക്കൊരു കഥ

പാണ്ടമ്പറമ്പത്ത് എന്നൊരു ഇല്ലത്ത്, ദാരിദ്ര്യമായിരുന്നു. ഒരിക്കൽ, ഒരു ചീനക്കാരൻ കച്ചവടക്കാരൻ, കപ്പൽ യാത്രയ്ക്കിടയിൽ അപകടം പറ്റിയപ്പോൾ, എങ്ങനെയൊക്കെയോ രക്ഷപ്പെട്ട്. കൈയിൽ കിട്ടിയ പത്തു ചീനഭരണികളും എടുത്ത് ചെന്നുപെട്ടത് പാണ്ടമ്പറമ്പത്തേക്കായിരുന്നു. ആ വീട്ടിലുള്ള ഭട്ടതിരി, ഉണ്ടായിരുന്ന കഞ്ഞി എടുത്ത് ചീനക്കാരനു കൊടുത്തു. കഴിച്ചുകഴിഞ്ഞപ്പോൾ വ്യാപാരി പറഞ്ഞു, “ഞാൻ സ്വദേശത്തേക്ക് തിരിച്ചുപോകുകയാണ്. അതുകൊണ്ട് ഈ ഭരണികൾ ഇവിടെ സൂക്ഷിക്കണം, തുവരപ്പരിപ്പ് നിറച്ചതാണ്” എന്ന്. അങ്ങനെ ഭരണികൾ അവിടെ വച്ചിട്ട് വ്യാപാരി തിരിച്ചുപോയി. ഒരു ദിവസം ഒരു ഭക്ഷണവും കുട്ടികൾക്ക് കൊടുക്കാനില്ലാതെ വന്നപ്പോൾ, അന്തർജ്ജനം പറഞ്ഞു “അല്പം തുവരപ്പരിപ്പെങ്കിലും എടുത്ത് വേവിച്ചുകൊടുക്കാം കുഞ്ഞുങ്ങൾക്ക്. പിന്നെ വ്യാപാരി വരുമ്പോഴേക്കും തിരികെ വയ്ക്കാം. വിശപ്പുണ്ടായിട്ടാണെന്നു പറഞ്ഞാൽ ആർക്കും മനസ്സിലാവില്ലേ”ന്ന്. കുറേ പറഞ്ഞപ്പോൾ, ഭട്ടതിരി, ഒരു ഭരണിയെടുത്ത് കെട്ടൊക്കെയഴിച്ച് തുവരപ്പരിപ്പ് വാരിയെടുത്തു. അതിൽ തുവരപ്പരിപ്പ് മാത്രമല്ലല്ലോന്ന് കരുതുകയും ചെയ്തു.
നോക്കുമ്പോൾ, എല്ലാ ഭരണികളിലും മുകളിൽ കുറച്ച് പരിപ്പും, ബാക്കി സ്വർണ്ണനാണ്യങ്ങളുമായിരുന്നു. പിന്നെ ഭട്ടതിരി, കുറേ നാൾ കഴിഞ്ഞപ്പോൾ, ആ ഭരണിയിൽനിന്നുതന്നെ നാ‍ണയങ്ങളെടുത്ത് ചെലവാക്കിത്തുടങ്ങി. പിന്നെ പണക്കാരനായപ്പോൾ, അദ്ദേഹം, ആ ഭരണികളൊക്കെ തിരികെ നിറച്ചുവെച്ചു. പലിശയായിട്ട് പത്തു ചെറിയ ഭരണികളിലും നാണയങ്ങൾ നിറച്ചു വച്ചു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ, പഴയ കച്ചവടക്കാരൻ വീണ്ടും വന്നു. ഭട്ടതിരി, ഭരണി തുറന്നതും നാണയങ്ങൾ എടുത്തുപയോഗിച്ചതും ഒക്കെയുള്ള സംഭവങ്ങളൊക്കെ പറഞ്ഞു. മാപ്പും അപേക്ഷിച്ചു. ഭരണികളും പലിശഭരണികളും വ്യാപാരിക്കു കൊടുത്തു. പക്ഷേ പലിശഭരണികൾ, കച്ചവടക്കാരൻ വാങ്ങിയില്ല. വലിയ ഭരണിയിൽ നിന്ന് ഒരു ഭരണി ഭട്ടതിരിക്കു സമ്മാനമായി കൊടുക്കുകയും ചെയ്തു. ആ ഭരണിയാണ് കോടൻഭരണി. കൊടുത്തുകഴിഞ്ഞ് വ്യാപാരി പറഞ്ഞു “ഈ ഭരണിയിരിക്കുന്ന ദിക്കിൽ ദാരിദ്ര്യം ഉണ്ടാവില്ല. ഇതിൽ മാങ്ങ ഉപ്പിലിട്ടാൽ നല്ല സ്വാദുണ്ടാവുകയും ചെയ്യും” എന്ന്. അങ്ങനെ ആ വീട്ടിൽ എല്ലാക്കൊല്ലവും, ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടുതുടങ്ങി. അതിന്റെ സ്വാദും കേമം. എത്രനാൾ കഴിഞ്ഞാലും മാങ്ങയുടെ പച്ചനിറം മാറില്ലത്രേ. ഇതാണ് പാണ്ടമ്പറമ്പത്തു കോടൻ ഭരണിയിലെ ഉപ്പുമാങ്ങ.
(കഥ വായിച്ചതും, കടപ്പെട്ടിരിക്കുന്നതും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്ക്)

എല്ലാ വർഷവും മാങ്ങ ഉപ്പിലിടാറുണ്ട്. വേനൽക്കാലത്ത് ഉപ്പിലിട്ടുവെച്ചാൽ, നല്ല മഴക്കാലത്ത് കഴിക്കാം. മാങ്ങ കഴുകിയെടുത്ത്, ഉപ്പും ഇട്ട് വയ്ക്കുക. നന്നായി തിളപ്പിച്ച്, നന്നായി തണുത്ത വെള്ളം അതിലേക്ക് ഒഴിച്ചുവയ്ക്കും ഞാൻ. വെറും ഉപ്പുമാത്രം ഇട്ടാൽ നന്നാവുമോന്ന് അറിയില്ല. ഇപ്രാവശ്യം അപ്രതീക്ഷിതകാരണങ്ങൾ കൊണ്ട് മാങ്ങ ഉപ്പിലിടാൻ സാധിച്ചില്ല. എന്നാലും എന്റെ തീറ്റഭാഗ്യം കൊണ്ട് ഉപ്പുമാങ്ങയെത്തി. ;) ഈ ഭരണി നിറയെ ഉണ്ട്.
പ്ലാസ്റ്റിക് പാത്രത്തിലും ഇട്ടുവെച്ചാൽ കുഴപ്പമൊന്നുമില്ല. എന്നാലും സ്വാദിന് ഭരണിതന്നെ വേണം. നിറയെ വെള്ളം വേണം. നല്ലപോലെ അടച്ചുവയ്ക്കുകയും വേണം. ചിലപ്പോൾ വെള്ളത്തിനുമുകളിൽ പൂപ്പൽ പോലെ ഉണ്ടാവും. അതെടുത്തുകളയുക, മാങ്ങ കഴുകിയെടുക്കുക. മാങ്ങകൊണ്ട് വിഭവം ഉണ്ടാക്കുന്നതിലും ഇഷ്ടം അതു വെറുതേ ചോറിനു കൂട്ടിക്കഴിക്കുന്നതാണ്. വീണുകിട്ടുന്ന കുഞ്ഞുകുഞ്ഞുമാങ്ങകൾ ഉപ്പിലിട്ടുവെച്ചത് കൂട്ടിക്കഴിക്കാൻ എനിക്കെന്തിഷ്ടമാണെന്നോ.
ഇക്കൊല്ലം മാങ്ങ ഉപ്പിലിട്ടതില്ലെങ്കിൽ ആരും വിഷമിക്കേണ്ട. മാങ്ങാക്കാലം അടുത്തുവരുന്നുണ്ട്. മടിക്കാതെ ഉപ്പിലിട്ടുവയ്ക്കുക.

ഒരു ഉപ്പുമാങ്ങയുണ്ടെങ്കിൽ ഒരുമുറിത്തേങ്ങ എടുക്കാം. കഷണം മാങ്ങകളും, കുറച്ച് തേങ്ങയും, ചുവന്ന മുളകും, കറിവേപ്പിലയും ഉപ്പും. ഇത്രയും ഉണ്ടായാൽ, അരച്ചെടുത്താൽ, ഉപ്പുമാങ്ങാച്ചമ്മന്തിയായി. തേങ്ങ കുറച്ച് അധികമായാൽ കുഴപ്പമൊന്നുമില്ല.

മൂന്ന് ടേബിൾസ്പൂൺ തേങ്ങ.
മാങ്ങയുടെ അപ്പുറമിപ്പുറം ഉള്ള വലിയ കഷണങ്ങൾ.
മൂന്ന് ചുവന്ന മുളക്. കുറച്ച് കറിവേപ്പില. ഉപ്പ്.
ഇവിടെ മാങ്ങ തോലോടെതന്നെ കഷണമാക്കി.
തൊലി വേണമെങ്കിൽ കളയാം.
തേങ്ങ കുറച്ചും കൂടെ ഇടാം. എന്നാൽ മാങ്ങയുടെ പുളി കുറയ്ക്കാം.
ചുവന്ന മുളകിനു പകരം പച്ചമുളകിട്ടും ഉണ്ടാക്കിനോക്കാം.
മിനുസമായിട്ട് അരയണം എന്നില്ല.

Monday, November 24, 2008

കൊട്ടത്തേങ്ങച്ചമ്മന്തി
കൊട്ടത്തേങ്ങകൊണ്ടൊരു ചമ്മന്തി. കഞ്ഞിക്കും ചോറിനും ഒക്കെ നല്ലത്. ചപ്പാത്തിക്കും ദോശയ്ക്കും കൂട്ടാം. എളുപ്പം ജോലിയും കഴിയും. എങ്ങനെയുണ്ടാക്കാം?
കൊട്ടത്തേങ്ങ ഒന്ന് വേണം. മുറിച്ച്, ചെറുതായി മുറിച്ചെടുക്കുക. മിക്സിയിൽ ഇടേണ്ടതാണ്. അതുകൊണ്ട് കട്ടി വേണ്ട.
നാലോ അഞ്ചോ ചുവന്ന മുളക്. നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് മാത്രം കണക്കാക്കി ചേർക്കുക.
പുളി - ഒരു വലിയ നെല്ലിക്കാവലുപ്പത്തിൽ എടുത്ത് വെള്ളത്തിലിട്ട്. കുറച്ചുസമയം കുതിർന്നാൽ നാരും, കുരുവും ഒന്നുമില്ലാതെ വെള്ളം മാത്രം പിഴിഞ്ഞെടുത്തുവയ്ക്കുക.
ഉപ്പ് - ആവശ്യത്തിന്.
കറിവേപ്പില - മൂന്ന് തണ്ടിലെ ഇല.
ചെറിയ ഉള്ളി - അഞ്ചെട്ടെണ്ണം. കൂടിയാലും സാരമില്ല.
കൊട്ടത്തേങ്ങ, ചെറുതായി മുറിച്ച്, മുളകും ഇട്ട്, വെറുതെ, വറുത്തെടുക്കുക. എണ്ണയൊന്നും വേണ്ട. നന്നായി മൊരിഞ്ഞാൽ കറിവേപ്പിലയും ചേർക്കുക. വാങ്ങിവയ്ക്കുക. ചെറിയ ഉള്ളി, വെളിച്ചെണ്ണയിലിട്ട് ഒന്ന് വഴറ്റിയെടുക്കണം. അധികം മൊരിയുകയൊന്നും വേണ്ട.കൊട്ടത്തേങ്ങ തണുത്താൽ ഉപ്പും ഇട്ട് മിക്സിയുടെ പാത്രത്തിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക. ഇത്രയും ഉണ്ടെങ്കിൽ രണ്ടുപ്രാവശ്യമായിട്ട് ഇടേണ്ടിവരും. തേങ്ങയൊക്കെ ചെറുതായാൽ ചെറിയ ഉള്ളി ഇടുക. പുളിവെള്ളം ഒഴിച്ച് അരച്ചെടുക്കുക. തയ്യാർ. വേറെ വെള്ളം ചേർക്കരുത്.ഒരു കൊട്ടത്തേങ്ങ എടുത്തിട്ടാണ് ഇത്രയും ആയത്. നിങ്ങൾ അളവു വേണ്ടതനുസരിച്ച് മാത്രം എടുക്കുക. പിന്നേയ്ക്ക് പിന്നേയ്ക്ക് വച്ച് തിന്നാതിരിക്കാൻ വേണ്ടപ്പോൾ വേണ്ടത്ര മാത്രം ഉണ്ടാക്കുന്നതാണ് നല്ലത്. തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കൂടിക്കലർന്ന ഒരു സ്വാദാണ് ഇതിന്.

Sunday, November 16, 2008

കൂർക്ക കട്‌ലറ്റ്അച്ചുവിന്റെ അമ്മയിലെ വനജയെപ്പോലെയൊന്നുമില്ലെങ്കിലും അതിന്റെയൊരു ചെറുപതിപ്പാണ് വീട്ടിലെല്ലാവരും, കൂർക്കയുടെ കാര്യത്തിൽ. കൂർക്കിൽ എന്നാണു ഞങ്ങളൊക്കെ പറയുന്നത്. മെഴുക്കുപുരട്ടിയാണ് എപ്പോഴും ഉണ്ടാക്കാറുള്ളത്. വലിയ വലിയ കൂർക്ക (അച്ഛനാണ് വാങ്ങിയത്) കണ്ടപ്പോൾ എനിക്കു തോന്നി, കട്‌ലറ്റ് ആയാലെന്തെന്ന്. എന്നാല്‍പ്പിന്നെ പരീക്ഷിച്ചുകളയാം എന്നുവച്ചു. പനി പമ്പ കടന്നു എന്ന മട്ടിൽ കട്‌ലറ്റ് ഉണ്ടാക്കാനുള്ള പരിശ്രമം തുടങ്ങി.

കട്‌ലറ്റ്, തിന്നാൻ ഇഷ്ടമുള്ള ആർക്കും ഉണ്ടാക്കാം. എളുപ്പം.കൂർക്ക വേണം - ചിത്രത്തിലെപ്പോലെ വലുതാണെങ്കിൽ 12- 14 ചെറുതാണെങ്കിൽ ഒരു പത്തു പതിനെട്ട് ഇരുപത് ആയ്ക്കോട്ടെ. കൂർക്ക തോലു കളഞ്ഞ് വേവിച്ചെടുക്കണം. അല്ലെങ്കിൽ വൃത്തിയായി കഴുകിക്കഴുകി, മണ്ണിന്റെ അംശം പോലുമില്ലാതെയാക്കി, വേവിച്ച്
തോലുകളയണം.

ഉരുളക്കിഴങ്ങ് - രണ്ട് ചെറുത്. മൂന്നായാലും കുഴപ്പമില്ല.

വലിയ ഉള്ളി/ സവാള - ഒന്ന് വലുത്/ അല്ലെങ്കിൽ രണ്ട് ചെറുത്. സവാള പൊടിപൊടിയായി അരിഞ്ഞെടുക്കണം.

പച്ചമുളക് - എരുവുള്ളത് മൂന്ന്.

ഇഞ്ചി - ഒരു പച്ചമുളകിന്റത്രേം വലുപ്പത്തിൽ കഷണം.

വെളുത്തുള്ളി - കുഞ്ഞുകുഞ്ഞ് ഒരു പത്തെണ്ണം.

ഉപ്പ് - ആവശ്യത്തിന്.

കറിവേപ്പില, മല്ലിയില - കുറച്ച് ചെറുതായി അരിഞ്ഞെടുക്കണം.

കടലപ്പൊടി അഥവാ കടലമാവ് - 5 ടേബിൾസ്പൂൺ.

റവ അല്ലെങ്കിൽ ബ്രഡ് പൊടി അല്ലെങ്കിൽ റസ്ക് പൊടി കുറച്ച്.

വെളിച്ചെണ്ണ/ പാചകയെണ്ണ ആവശ്യത്തിന്.

ഗരം മസാല/ വെജിറ്റബിൾ മസാല - ഒരു ടീസ്പൂൺ.


ആദ്യം അരിയേണ്ടതൊക്കെ അരിഞ്ഞും, വേവിക്കേണ്ടതൊക്കെ വേവിച്ചുമെടുക്കണം. ഉരുളക്കിഴങ്ങും കൂർക്കയും പുഴുങ്ങണം. ഉരുളക്കിഴങ്ങ് നന്നായി പൊടിച്ചുകുഴയ്ക്കാം. കൂർക്ക കഷണങ്ങളായി മുറിക്കണം. പച്ചമുളകും ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചെടുക്കണം. അല്ലെങ്കിൽ റെഡിമെയ്ഡ് പേസ്റ്റ് ആണെങ്കിൽ അതും ഉപയോഗിക്കാം.


ഉള്ളി കുറച്ച് പാചകയെണ്ണയിലിട്ട് വഴറ്റി മൊരിച്ചെടുക്കുക. ഒന്നു വെന്താൽ, പച്ചമുളക് ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ഇട്ടിളക്കുക. കറിവേപ്പിലയും മല്ലിയിലയും ഇട്ടിളക്കുക. മസാലപ്പൊടി ഇടുക. ഉരുളക്കിഴങ്ങ് പൊടി ഇടുക. കൂർക്ക ഇടുക. ഉപ്പ് ഇടുക. അല്പംനേരം വഴറ്റി യോജിപ്പിച്ചിട്ട്
വാങ്ങിവയ്ക്കുക.കടലപ്പൊടി ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. വേണമെങ്കിൽ അല്പം ഉപ്പിടാം. കുഴച്ചിട്ട്, കൂർക്കക്കൂട്ടിന്റെ കൂടെ കുഴച്ച് ചേർക്കുക. ഉരുട്ടുക. കൈയിലോ പ്ലാസ്റ്റിക്കിലോ ഒന്നു പരത്തുക.
ഏതു പൊടിയാണുള്ളത് എന്നുവച്ചാൽ അതിൽ അപ്പുറമിപ്പുറം മുക്കി, ചൂടായ പാചകയെണ്ണ/ വെളിച്ചെണ്ണയിൽ വറുത്തുകോരുക.ശ്രദ്ധിക്കേണ്ടത്:-
ഉപ്പ് അധികമാവരുത്.

കടലമാവിൽ വെള്ളമാവരുത്. കൂട്ട് വെള്ളം പോലെയിരിക്കരുത്.

കൂർക്ക ഉടയേണ്ട. കഷണം പോലെ ഇരുന്നോട്ടെ.

ഒക്കെക്കൂടി വഴറ്റുന്നതും അധികം സമയമൊന്നും വേണ്ട. ഒന്നു വഴറ്റിയെടുക്കുക.

മസാലപ്പൊടിയ്ക്കു പകരം, മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്താലും കുഴപ്പമില്ല.

നിങ്ങൾ ഒരു എരിവുപ്രേമിയാണെങ്കിൽ പച്ചമുളക് പേസ്റ്റ് കൂടാതെ, ഒന്നു രണ്ടെണ്ണം വട്ടത്തിൽ ചെറുതായി അരിഞ്ഞ് കൂട്ടിന്റെ കൂടെ ഇടാം.

അവസാനം മുക്കിപ്പൊക്കുന്നത്, റവ ആയാൽ ചിത്രത്തിലെപ്പോലെ മുകളിൽ കാണും. ബ്രഡോ റസ്കോ, പൊടിച്ചത് ആവുമ്പോൾ അത്ര അറിയില്ല.

എന്തായാലും കൂർക്ക കട്‌ലറ്റ് അടിപൊളിയാണേ. (ഞാൻ തന്നെ പറയട്ടെ) ;)

Tuesday, November 11, 2008

നാരങ്ങാക്കറി


ആദ്യം നാരങ്ങ വാങ്ങണം. അല്ലെങ്കിൽ നിങ്ങളുടെ പറമ്പിൽനിന്ന് പറിച്ചെടുക്കണം. നാരങ്ങ മുറിച്ച് മുഖത്തുരച്ചാലും, തലയിൽ തേച്ചാലുമൊക്കെ നല്ലതാണെന്നു നിങ്ങൾ കേട്ടിരിക്കും. പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ല. വെറുതേ സമയം കളയാതെ നാരങ്ങാക്കറിയുണ്ടാക്കൂ. എന്നിട്ട് നാരങ്ങാവെള്ളം കുറച്ച് കുടിക്കാം. വിറ്റാമിൻ സി ഉണ്ടെന്ന് പറയപ്പെടുന്നു, നാരങ്ങയിൽ. തടി കുറയ്ക്കണമെങ്കിൽ, അതിരാവിലെ, ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിച്ചാൽ മതി. കുറച്ച് തേനും ചേർക്കാം. തടി കൂട്ടാൻ പഞ്ചസാരയുമിട്ട് കുറേ നാരങ്ങവെള്ളം കുടിച്ചാൽ മതി. തടിയുടെ കൂടെ ഫ്രീ ആയിട്ട് പ്രമേഹവും കിട്ടും. ;)

നാരങ്ങഅച്ചാർ എന്നു പലരും പറയുന്നതിനു ഞങ്ങളൊക്കെ നാരങ്ങാക്കറി എന്നാണ് പറയുന്നത്. അതുപോലെ ഇവിടെ ഉണ്ടാക്കുന്ന രീതിയും എളുപ്പം തന്നെ.

നാരങ്ങ കഴുകിയെടുത്ത്, ഒരു പാത്രത്തിലിട്ട്, കുറച്ച്, എണ്ണയോ വെളിച്ചെണ്ണയോ, പാചകയെണ്ണയോ ഒഴിച്ച് നല്ലോണം ഇളക്കിയിളക്കി വഴറ്റിയെടുക്കണം.നീരൊക്കെ ഒന്നു വലിയും. നാരങ്ങ ഒന്ന് വേവും. വാങ്ങിവെച്ച് തണുക്കാൻ വിടുക. തണുത്തുകഴിഞ്ഞാൽ നല്ല വൃത്തിയുള്ള ഒരു തുണിയെടുത്ത് നാരങ്ങയുടെ പുറത്തെ എണ്ണ തുടച്ചുകളയുക. പണ്ട്, അമ്മ, നാരങ്ങ തുടയ്ക്കാൻ ഏല്‍പ്പിക്കുമായിരുന്നു.തുടച്ചുകഴിഞ്ഞാൽ, അത് നാലും എട്ടും പന്ത്രണ്ടും ഒക്കെയാക്കി മുറിക്കുക. കുരു കളയുക. ഉപ്പ് ഇടുക. ഉപ്പ് കുറച്ച് നല്ലപോലെ വേണം.
ഉപ്പിട്ടിളക്കിവെച്ച് അല്പം കഴിഞ്ഞാൽ അതിലേക്ക് ആവശ്യത്തിനു മുളകുപൊടിയും, കായവും ഇട്ടിളക്കുക. വളരെക്കുറച്ച്, ഉലുവപ്പൊടിയും ഇടുക.
അല്ലെങ്കിൽ വെറുതേ കടയിൽക്കിട്ടുന്ന അച്ചാറുപൊടി ഇടുക. സകല അച്ചാറുപൊടിയിലും ഉപ്പ് ആദ്യമേ ഉള്ളതുകൊണ്ട് ഉപ്പ് വേറെ ഇടരുത്.
അതൊക്കെയിട്ട് യോജിച്ചാൽ നല്ലെണ്ണ ചൂടാക്കി തണുക്കാൻ വയ്ക്കണം. തണുത്താൽ ഇതിലേക്കൊഴിച്ച് ഇളക്കി കുപ്പിയിലോ ഭരണിയിലോ ഇട്ട് പത്തുപതിനഞ്ച് ദിവസം വയ്ക്കുക.നല്ലെണ്ണ, പകുതി, ആദ്യം ചേർക്കുക. ബാക്കി അച്ചാർ കുപ്പിയിൽ ഇട്ടതിനുശേഷം മുകളിൽക്കൂടെ ഒഴിക്കുക. ആറു നാരങ്ങയ്ക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിക്കാം.
ശ്രദ്ധിക്കേണ്ടത് :-
വെള്ളം ഉള്ള സ്പൂൺ കൊണ്ട് തൊടരുത്. വഴറ്റിക്കഴിഞ്ഞാൽ പിന്നെ.
വെള്ളം ഉള്ള പാത്രത്തിൽ ഇടരുത്.
വെള്ളമൊക്കെ തുടച്ചുവൃത്തിയാക്കണം.
പിന്നെ, കുപ്പിയിലും വെള്ളമൊന്നും ഉണ്ടാവരുത്.
ഇടയ്ക്കിടയ്ക്ക് ആയോ ആയോന്നൊന്നും നോക്കേണ്ട, വെറുതേ ഇളക്കിയിട്ട്. അങ്ങനെയൊക്കെ ആയാൽ പൂപ്പൽ വരും.
അച്ചാർപൊടിയിൽ എന്തൊക്കെ മസാലകളുണ്ടെന്ന് അറിയില്ല. ഞങ്ങൾ ഇങ്ങനെയാണുണ്ടാക്കാറുള്ളത്.
ഉലുവപ്പൊടി (ഉലുവ വറുത്തുപൊടിച്ചിടുന്നത്) വളരെക്കുറച്ചേ പാടുള്ളൂ. ഇല്ലെങ്കിൽ കയ്ക്കും. ആറു നാരങ്ങയ്ക്ക് ഒരു നുള്ളുപൊടിയേ ഇടാവൂ.
പിന്നെ, പതിനഞ്ച് ദിവസം എന്നൊക്കെപ്പറഞ്ഞത് നിങ്ങൾക്കാണ്. ഞാനത്രേം ക്ഷമിച്ചുനിൽക്കാറില്ല. ;)
കുറേ ദിവസം കഴിഞ്ഞാൽ, ഉപ്പും എരിവും നല്ലപോലെ പിടിക്കും, നാരങ്ങയുടെ തൊലി നല്ല മൃദു ആവും.

Saturday, November 08, 2008

പപ്പായ മോരുകറി


ചിത്രത്തിലെ ചെറിയ ഒരു പപ്പായയുടെ പകുതി, തോലുകളഞ്ഞ് കഷണങ്ങളാക്കിയെടുത്ത് കഴുകുക. പപ്പായ ആദ്യവും ഒന്നും കഴുകണം. കറ പോവും.
നാലു ടേബിൾ‌സ്പൂൺ ചിരവിയ തേങ്ങ വേണം.
കാൽ ടീസ്പൂൺ ജീരകം വേണം.
മൂന്ന് പച്ചമുളക് വേണം. (അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം). പച്ചമുളകില്ലെങ്കിൽ എരിവ് വേണ്ടത് അനുസരിച്ച് മുളകുപൊടി ചേർക്കാം.
മഞ്ഞൾപ്പൊടി വേണം.
കാൽ ലിറ്റർ തൈരോ കലക്കിയ മോരോ വേണം. പുളിച്ചത്. തൈരിന്റെ അളവ് വേണമെങ്കിൽ കുറയ്ക്കാം. പകുതി ചേർത്താലും മതി.
ഉപ്പ് ആവശ്യത്തിനു വേണം. വറവിടാൻ കുറച്ച് വെളിച്ചെണ്ണയോ പാചകയെണ്ണയോ വേണം. പിന്നെ കറിവേപ്പിലയും ചുവന്ന മുളകും, കടുകും വേണം.
തേങ്ങ, ജീരകവും പച്ചമുളകും ചേർത്ത് നന്നായി അരയ്ക്കണം.
കഷണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടി, (പച്ചമുളകല്ല ചേർക്കുന്നതെങ്കിൽ മുളകുപൊടിയും) ഇട്ട് വേവിക്കുക. ആവശ്യത്തിനേ വെള്ളം വേണ്ടൂ. വെന്തതിലേക്ക് തേങ്ങയരച്ചത് ചേർത്ത് തിളപ്പിക്കുക. വാങ്ങിവെച്ച് തൈരൊഴിക്കുക. വറവിടുക.ഞാൻ, വെന്ത കഷണങ്ങളിൽ മോരൊഴിച്ച് നന്നായി തിളപ്പിച്ചതിനുശേഷം തേങ്ങ ചേർത്ത് തിളപ്പിച്ചു വാങ്ങുകയേ ഉള്ളൂ. എന്നിട്ട് വറവിടും.

Wednesday, November 05, 2008

അപ്പം

അപ്പം ഞങ്ങളുടെ വീട്ടിലെ സ്ഥിരം പലഹാരമൊന്നുമല്ല. വല്ലപ്പോഴും ഒരിക്കൽ മാത്രം. അമ്മായിയാണ് ഇതിന്റെ പാചകം പറഞ്ഞുതന്നത്. എന്നാലും ഇടയ്ക്കൊക്കെ ഉണ്ടാക്കുമ്പോൾ വീണ്ടും ചോദിക്കും. എന്റെ കസിനെ വിളിച്ചും ഇടയ്ക്ക് ചോദിക്കും. അവൾ ഇടയ്ക്കൊക്കെ സുഹൃത്തുക്കളൊക്കെ പുതിയ പുതിയ രീതിയിൽ ചെയ്യുന്നത് പറഞ്ഞുതരും. ചോറ് ഞങ്ങൾ ചേർക്കാറൊന്നുമില്ല. കസിന്റെ കൂട്ടുകാരികളൊക്കെ ചോറ് ചേർത്തിട്ടാണ് അപ്പമുണ്ടാക്കുന്നതെന്ന് അവൾ പറഞ്ഞിരുന്നു. ഉണ്ടാക്കാൻ വിഷമമൊന്നുമില്ല. ഉണ്ടാക്കിക്കഴിഞ്ഞാൽ തിന്നാൻ ഒട്ടും വിഷമമില്ല. പഞ്ഞിപോലെ ഇരിക്കും. കൂട്ടൊക്കെ നന്നായാൽ.

അപ്പച്ചട്ടി നിർലെപ് ആണ് ഇവിടെയുള്ളത്.

പച്ചരി - സാധാരണ ഗ്ലാസ്സിന് (കാൽ ലിറ്റർ കൊള്ളുന്നതിന്) രണ്ട് ഗ്ലാസ്സ്.
തേങ്ങ - ഒരു വലിയ മുറി.
തേങ്ങവെള്ളം - രണ്ട് തേങ്ങയുടേതോ അല്ലെങ്കിൽ ഒരു ചെറിയ ഗ്ലാസ്സ് നിറച്ചും.
പഞ്ചസാര - രണ്ട്/ മൂന്ന് ടീസ്പൂൺ.
യീസ്റ്റ് - 3 മണി.
ഉപ്പ് - പാകത്തിനെടുക്കുക.

തേങ്ങവെള്ളം പഞ്ചസാരയിട്ടിളക്കി ഒരുദിവസം മുഴുവൻ പുളിപ്പിക്കാൻ വയ്ക്കണം. വേഗം പുളിച്ചാൽ ഭാഗ്യം. അതു കുടിച്ച് സ്വാദ് നോക്കി തീ ർക്കരുത്. ആകെ അത്രയേ ഉള്ളൂ.

തേങ്ങ കഷണങ്ങളൊന്നുമില്ലാതെ ചിരവിയെടുക്കണം. അടിഭാഗത്തെ കറുത്തുചുവന്നത് ഇടാതെ അത്രയും അളവിൽ വേറൊരു തേങ്ങയിൽ നിന്ന് നല്ല ഭാഗം ചിരവിച്ചേർത്താലും മതി.

പച്ചരി വെള്ളത്തിലിട്ട് ആറു മണിക്കൂർ കഴിയുമ്പോൾ ചിരവിയ തേങ്ങയും ഇട്ട്, പുളിപ്പിച്ച തേങ്ങവെള്ളം, യീസ്റ്റ്, ഉപ്പ് എന്നിവയിട്ട് വെള്ളവും ചേർത്ത് നല്ല മിനുസമായിട്ട് അരയ്ക്കണം. അരഞ്ഞുകഴിഞ്ഞാൽ വെണ്ണയേതാ അരച്ച മാവേതാന്ന് മനസ്സിലാവരുത്. ദോശമാവിനേക്കാളും വെള്ളം വേണം അരവ് കഴിഞ്ഞാൽ. എന്നുവെച്ച് കടൽ കയറ്റിയാൽ സ്ട്രോ വെച്ച് കുടിക്കേണ്ടിവരും. ;)
ഒരു ടേബിൾസ്പൂൺ റവ അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ, വളരെ മിനുസമായി പൊടിച്ച അരി അല്ലെങ്കിൽ അരച്ച മാവിൽ നിന്ന് അല്പം, അടുപ്പത്തു ചൂടുവെള്ളത്തിൽ കുറുക്കി മാവിലേക്ക് ചേർക്കണം. ഞാൻ അരിപ്പൊടിയാണ് ചേർത്തത്.

എന്നിട്ട് പുളിപ്പിക്കാൻ വയ്ക്കണം. രാവിലേ നേരത്തേ അരച്ചാൽ രാത്രി തയ്യാറാവും. വൈകുന്നേരം അരച്ചാൽ രാവിലെ ഉണ്ടാക്കാം. പുളിക്കണം ഏതായാലും.അപ്പച്ചട്ടി ചൂടാക്കി അതിൽ കുറച്ച് മാവൊഴിച്ച് പെട്ടെന്നുതന്നെ അപ്പച്ചട്ടിയെടുത്ത് കറക്കി മാവ് വട്ടത്തിൽ അപ്പച്ചട്ടി മുഴുവൻ പരത്തുക.അപ്പച്ചട്ടിയുടെ കാതിൽ പിടിച്ചാൽ മതി. സ്പൂണുകൊണ്ടൊന്നും പരത്തരുത്. എന്നിട്ട് അടച്ചുവെക്കുക. കുറച്ചുകഴിഞ്ഞുനോക്കുമ്പോൾ നടുഭാഗം പൊന്തിയിട്ടുണ്ടാവും. വെന്തിട്ടുണ്ടാവും. മറിച്ചിടാറില്ല. എടുത്തുവയ്ക്കുക. അടുത്തതിനു ഒഴിക്കുക. തീ കുറച്ചു വയ്ക്കണം. ഒന്നു വെന്താൽ. ആദ്യം തുറന്നുനോക്കിയാൽ മനസ്സിലാവും. എടുത്തുകഴിഞ്ഞാൽ തീ കുറച്ചാലും മതി. ഒഴിച്ച് വേഗം തന്നെ പരത്തണം. ഇല്ലെങ്കിൽ നടുവിൽ മാത്രം ആവും.ഇന്നുണ്ടാക്കിയത് വളരെ പതുപതുങ്ങനെ ആയി. പണ്ട് അലൂമിനിയം ചീനച്ചട്ടിയിലായിരുന്നു ഉണ്ടാക്കാറ്. അത് എടുത്തുകിട്ടാൻ പ്രയാസം ആയിരുന്നു. നോൺ - സ്റ്റിക്കിൽ നിന്ന് വേഗം എടുക്കാം. കൈകൊണ്ട് വലിച്ചാൽ മതി. കൈ പൊള്ളിയാൽ എന്നെ കുറ്റം പറയരുത്. ;)

സത്യത്തിൽ ഒരു ബ്ലോഗറെന്നല്ലാതെ എനിക്കു മേരിക്കുട്ടിയെ അറിയില്ല. പലരേയുംഅറിയുന്നതുപോലെത്തന്നെയേ അറിയൂ. മേരിക്കുട്ടി കാര്യമായിട്ടാണോ ചോദിച്ചത് എന്നും അറിയില്ല. പക്ഷേ, ചാവാൻ കിടക്കുമ്പോൾ മേരിക്കുട്ടിയാണ് അടുത്തുള്ളതെങ്കിൽ, നിങ്ങളോടന്ന് അപ്പം ചോദിച്ചിട്ട് ഉണ്ടാക്കിത്തന്നില്ലല്ലോ, ഒരിറ്റു വെള്ളം ഞാൻ തരില്ല എന്നെങ്ങാൻ മേരിക്കുട്ടി പറഞ്ഞാലോ? (സീരിയസ്).


എന്തായാലും അപ്പം ഉണ്ടാക്കി. ഇനി തിന്നേക്കാം. കൂട്ടിക്കഴിക്കാൻ കുറുമയാണുണ്ടാക്കിയത്.
ചോറു ചേർത്തും കള്ളുചേർത്തും തേങ്ങാപ്പാലൊഴിച്ചും ഒക്കെ ഉണ്ടാക്കുമെന്ന് കേട്ടിട്ടേയുള്ളൂ. അപ്പം ഞങ്ങളുണ്ടാക്കുന്നത് ഇങ്ങനെയാണ്. ഇത് നന്നായിട്ടുവരും. ശരിക്കും ചെയ്താൽ.

Tuesday, November 04, 2008

ചീരപ്പച്ചടി

കുറേ തരം പച്ചടികളുണ്ടാക്കിക്കഴിച്ചു. ഇലക്കറികളെല്ലാം എനിക്കിഷ്ടമാണ് എന്നെപ്പോഴും പറഞ്ഞാൽ ബാക്കിയുള്ളവർക്ക് ബോറടിക്കും. ചീര വീട്ടിലുണ്ടാക്കാൻ എളുപ്പമുള്ള ഒന്നാണ്. ഞാനിവിടെ ചീരത്തോട്ടം നോക്കിനടത്തുന്നുണ്ടോന്നൊന്നും ചോദിക്കരുത്. ;) ഞാൻ ചമ്മും.


കുറച്ചുകാലം മുമ്പ് ടെറസ്സിൽ, അമ്മ നട്ടുവളർത്തിയ ചീരയിലൊന്നാണ് ചിത്രത്തിൽ. എന്നും ഒന്നോ രണ്ടോ രണ്ട് തണ്ട് പറിച്ചെടുത്ത് കറി വെച്ചാൽ നന്നായിരിക്കും അല്ലേ?
എന്തായാലും ചീരപ്പച്ചടിയെക്കുറിച്ച് പറയാം. ചീര കുറച്ച് കഴുകിവൃത്തിയാക്കി കുഞ്ഞുകുഞ്ഞായി മുറിച്ചെടുക്കണം. തണ്ടും കിടന്നോട്ടെ.
ചിത്രത്തിലുള്ള അത്രേം ആണെങ്കിൽ മൂന്ന് പച്ചമുളക് ചീന്തിയിടാം. എന്നിട്ട് ഉപ്പും ഇട്ട് വേവിക്കണം. വെന്തുകഴിയുമ്പോൾ അത് വളരെക്കുറച്ചേ ഉണ്ടാകൂ. അതുകൊണ്ട് ഉപ്പിടുമ്പോൾ സൂക്ഷിക്കുക. കുറേ വെള്ളം ഒഴിക്കരുത്. വെന്താൽ വെള്ളം ഇല്ലാത്തതാണ് നല്ലത്. വെന്ത് തണുക്കാൻ വയ്ക്കണം.
തേങ്ങ രണ്ട് ടേബിൾസ്പൂൺ, കാൽ ടീസ്പൂൺ കടുകും ചേർത്ത് മിനുസമായി അരയ്ക്കുക.
വെന്ത ചീര തണുത്താൽ അതിലേക്ക് തേങ്ങയും, മൂന്ന് ടേബിൾസ്പൂൺ തൈരും ചേർക്കണം. എല്ലാം ചേർത്തതിനുശേഷം വറവിടുക.


കുറച്ച് മോരുമൊഴിച്ചതുകൊണ്ട് വെള്ളം പോലെ ആയി ഇത്. കട്ടിയിൽ ഇരിക്കുന്നതാണ് പച്ചടി നല്ലത്. തേങ്ങ മൂന്ന് ടേബിൾസ്പൂൺ ആയിപ്പോയാലും കുഴപ്പമൊന്നുമില്ല. വേവിക്കുമ്പോൾ മുളകുപൊടിയിടാം. പതിവില്ല. പിന്നെ പച്ചമുളക് ചീന്തിയിടുന്നതിനുപകരം മുറിച്ചുമുറിച്ചും ഇടാം.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]