Saturday, March 24, 2012

സോയാബീൻ മസാലക്കറി

സോയാബീൻ(soyabean) ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. സോയാബീൻസ് പൊടിച്ചുണ്ടാക്കുന്ന പൊടി കൊണ്ടു ചപ്പാത്തിയുണ്ടാക്കാം. സോയാബീൻസിൽ നിന്നുണ്ടാക്കുന്ന പാലാണ് സോയാ മിൽക്ക് (soy milk). സാദാ പാലുകൊണ്ടു പനീർ ഉണ്ടാക്കുന്നതുപോലെ, സോയ് മിൽക്കിൽ നിന്നുണ്ടാക്കുന്ന പനീർ പോലെയുള്ള വസ്തുവാണ് തോഫു (ടോഫു - Tofu). പിന്നെ സോയാബീനുകൊണ്ടുതന്നെ ഉണ്ടാക്കിക്കിട്ടുന്ന ഒരു വസ്തുവാണ് സോയ ചങ്ക്സ്. സോയാബീനിന്റെ അവശിഷ്ടം ആണെന്നു തോന്നുന്നു. അതു ബിരിയാണിയിലും പുലാവിലും ഒക്കെ ഇടും. (എനിക്കറിയാവുന്നത്(ഞാൻ മനസ്സിലാക്കിയത്) പറഞ്ഞതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തുക.)




സോയാബീൻസ് കൊണ്ടൊരു കറിയാണ് ഞാനുണ്ടാക്കിയത്. സാദാ മസാലക്കറി.

സോയാബീൻ - ഒരു കപ്പ് (കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഒരു കപ്പു നിറച്ചും ഉണ്ടാവും.)
വലിയ ഉള്ളി അഥവാ സവാള - രണ്ടെണ്ണം.
തക്കാളി - ഒന്ന്.
പച്ചമുളക് - രണ്ട്.
വെജിറ്റബിൾ മസാല - രണ്ടു ടീസ്പൂൺ. (അതില്ലെങ്കിൽ ഗരം മസാലയോ, മുളകുപൊടിയും മല്ലിപ്പൊടിയും ചേർന്നതോ, ഏതെങ്കിലും ഒന്നു ചേർത്താലും മതി.)
ജീരകം - ഒരു ടീസ്പൂൺ.
മഞ്ഞൾപ്പൊടി, ഉപ്പ്, പാചകയെണ്ണ, കടുക് എന്നിവ ആവശ്യത്തിന്.
കുറച്ചു മല്ലിയിലയും കറിവേപ്പിലയും.

സോയാബീൻ ഒരു മൂന്നു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവയ്ക്കണം എന്നാണെന്റെ അഭിപ്രായം. ഞാൻ രാത്രി കുതിർത്തുവെച്ചിട്ട് രാവിലെയാണുണ്ടാക്കിയത്.

അതു കഴിഞ്ഞ് മഞ്ഞൾപ്പൊടിയും ആവശ്യത്തിനുമാത്രം വെള്ളവുമൊഴിച്ചു വേവിക്കുക. നന്നായി വേവും. മുകളിലുള്ള തൊലി വേറെയാവും ചിലപ്പോൾ. വെന്തു വാങ്ങിവെച്ചാൽ ഉപ്പിട്ടിളക്കി വയ്ക്കുക.

പാചകയെണ്ണ (ഏതുമാവാം) ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ജീരകം ഇട്ട്, പിന്നെ കറിവേപ്പിലയും ഉള്ളിയും പച്ചമുളകും ഇട്ട് നന്നായി വഴറ്റുക. ഉള്ളി വെന്താൽ തക്കാളിയും ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും ഇഷ്ടമുണ്ടെങ്കിൽ അതിന്റെ പേസ്റ്റും ചേർക്കാം.

അതിലേക്ക് മസാലപ്പൊടി ഏതാണുള്ളതെന്നുവെച്ചാൽ ഇടുക. അതും ഒന്നു വഴറ്റിയശേഷം അല്പം വെള്ളമൊഴിക്കുക. സോയാബീൻ വെന്തതിൽ വെള്ളമുണ്ടെങ്കിൽ അത് ഒഴിച്ചാൽ മതി.

പച്ചവെള്ളമാണ് ഒഴിക്കുന്നതെങ്കിൽ അതു തിളച്ചശേഷം സോയാബീൻ വേവിച്ചത് ഇട്ടിളക്കുക. അല്ലെങ്കിൽ സോയാബീനും വെള്ളവും ഒരുമിച്ചൊഴിക്കാം. നന്നായി ഇളക്കിയോജിപ്പിച്ചിട്ട് അല്പനേരം അടച്ചുവെച്ച് കുറച്ചു തീയിൽ വേവിക്കുക. ഉപ്പും മസാലയുമൊക്കെ എല്ലാത്തിനും പിടിക്കണമല്ലോ. വെള്ളം അധികം ഉണ്ടെങ്കിൽ പാകം നോക്കി വറ്റിക്കുക. ചിലർക്ക് വെള്ളം ഉള്ള കറിയാവും ഇഷ്ടം. ചിലർക്ക് ഡ്രൈ കറിയാവും ഇഷ്ടം. അതിനനുസരിച്ചു ചെയ്യുക. വാങ്ങിവെച്ചാൽ മല്ലിയില തൂവുക. ഇവിടെ ഇലയുടെ കൂടെ മല്ലിപ്പൂവും ഉണ്ടായിരുന്നു.



ചോറിന്റേയോ ചപ്പാത്തിയുടേയോ കൂടെയോ ഒക്കെ കഴിക്കാം. ചൂടുകാലത്ത് കുറേ നേരത്തേക്കൊന്നും ഈ കറി ഇരിക്കില്ല. കുറച്ചുണ്ടാക്കുക. ഇത് കുറേപ്പേർക്കുണ്ടാവും. അളവു നോക്കിയിട്ട് ഉണ്ടാക്കുക.




ഇതെനിക്കു വിളമ്പിവെച്ചതാണോന്നോ? ഹും...പെണ്ണുങ്ങളായാൽ അല്പസ്വല്പം തടിയൊക്കെ ആവാമെന്ന് വിദ്യാബാലൻ പറഞ്ഞിട്ടുണ്ട്.




ഇതാണ് സോയാബീൻ ചങ്ക്സ്/ചംഗ്സ്. (Soya Nuggets). കുറച്ചുകൂടെ വലുപ്പത്തിലും ഇതു കിട്ടും. ബിരിയാണിയിൽ ഇട്ടിരുന്നു ഞാൻ.




ഇത് സോയാബീൻ ഗ്രാന്യൂൾസ് (Granules) ആണ്. റവ പോലെയുണ്ട്. ഇതുകൊണ്ടും പല വിഭവങ്ങൾ ഉണ്ടാക്കാം. സോയാ ചങ്ക്സ് പൊടിച്ചുവെച്ചതാണെന്നു വിചാരിക്കേണ്ട. ഗ്രാന്യൂൾസ് തന്നെ വാങ്ങിയതാണ്. അതിന്റെ പായ്ക്കറ്റിനു മുകളിൽ കൊടുത്തിരിക്കുന്നത് - അടങ്ങിയിരിക്കുന്നത്- സോയ ഡിഫാറ്റഡ് (soya (defatted)) എന്നാണ്. എന്തെങ്കിലും വിഭവം ഉണ്ടാക്കിയിട്ട് വേറെ പോസ്റ്റ് ഇടാം.





ഇത് സോയാപ്പാൽ. ഇതിൽ ഫ്ലേവറുകളും, വേറെ എന്തൊക്കെയോ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. പല ഫ്ലേവറുകളിലും കിട്ടും.

തോഫു/ടോഫു കിട്ടിയില്ല. എവിടെയെങ്കിലും യാത്ര പോകുമ്പോൾ വാങ്ങിക്കൊണ്ടുവരാം.

Tuesday, March 20, 2012

ശതകുപ്പ അഥവാ ചതകുപ്പ




ശതകുപ്പ അഥവാ ചതകുപ്പ എന്നാണ് ഈ ഇല/ ചെടി അറിയപ്പെടുന്നത്. Dill (Anethum graveolens) എന്നു ഇംഗ്ലീഷിൽ. (കട. വിക്കി.) ഔഷധഗുണമുള്ള ഒന്നാണിത്. ഷെപ്പി ഭാജി എന്നു കൊങ്കിണിയിലും, സൊവ്വാ സബ്ജി എന്നു ഹിന്ദിയിലും സബ്സിഗെ സൊപ്പ് എന്നു കന്നടയിലും ഇതിനെ പറയുന്നു.




കാരവീ മധുരാ ദീപ്യത്വക്പത്രീ കൃഷ്ണജീരകേ - ഇവയെല്ലാം ചതകുപ്പയുടെ പേരാണെന്ന് അമരകോശം.

ശത്വാഹാ ശതപുഷ്പാ മിസിഗ്‌ഘോഷാ ച പോതികാ/ അഹിച്ഛത്രാപ വാക്പുഷ്പീ മാധവീ കാരവീ ശിഫാ/ സംഘാതപത്രികാച്ഛത്രാ വജ്രപുഷ്പാ സുഗന്ധാ സൂക്ഷ്മപത്രികാ/ ഗന്ധാരികാതിച്ഛത്രാ ച ചതുർവ്വിംശതിനാമികാ എന്നു പര്യായങ്ങൾ എന്ന് അമരകോശത്തിൽ പറയുന്നു.





വിദേശത്തും ഇന്ത്യയിലും ഇത് ഔഷധങ്ങളിൽ അല്ലാതെ ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നുണ്ട്. ഇതിനു ഒരു കണ്ണിമാങ്ങയുടേയും, മാവിന്റെ ഇലയുടേയും ഒക്കെ മണമാണ് എനിക്കു തോന്നിയത്. വെറും തോന്നലാണോ എന്തോ!

ഇതുകൊണ്ടു വിവിധതരം കൂട്ടാ‍നുകൾ/കറികൾ ഉണ്ടാക്കാം.




ഇല തണ്ടുകളഞ്ഞ് നുള്ളിയെടുക്കണം. എന്തെങ്കിലുമൊക്കെ അതിൽ വസിക്കുന്നുണ്ടോന്നു നോക്കുന്നത് നല്ലതാണ്. നല്ലതുപോലെ നോക്കിയിട്ട് കഴുകിയെടുത്തു തണ്ടുകളഞ്ഞ് എടുത്താലും മതി.


ശതകുപ്പ സാമ്പാർ




തുവരപ്പരിപ്പ് കുറച്ചു വേവിച്ചു. ശതകുപ്പയിലയും, ഉപ്പും, മഞ്ഞൾപ്പൊടിയും, പുളി പിഴിഞ്ഞെടുത്ത വെള്ളവും കൂടെ വേവിച്ചു. അല്പം വെള്ളം ചേർക്കാം. വെന്തപ്പോൾ തുവരപ്പരിപ്പ് അതിലേക്കിട്ടു. അല്പം തേങ്ങയും സാമ്പാറുപൊടിയും കൂടെ അരച്ച് ഇതിൽ ചേർത്തു. കായം, സാമ്പാർ പൊടിയിൽ ഇല്ലെങ്കിൽ ഇതിലേക്ക് അല്പം ചേർക്കണം. നന്നായി തിളച്ചപ്പോൾ വാങ്ങിവെച്ച് വറവിട്ടു.


ശതകുപ്പച്ചപ്പാത്തി




ഗോതമ്പുപൊടി, ഉപ്പ്, ജീരകം, മുളകുപൊടി, കായം, അല്പം എണ്ണ, ശതകുപ്പയില പൊടിയായി അരിഞ്ഞത് എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ചു. അല്പനേരം വെച്ചു. ഉരുട്ടിപ്പരത്തി ചപ്പാത്തിയുണ്ടാക്കി. മല്ലിയിലയും, പച്ചമുളകും, വെളുത്തുള്ളിയും ഒക്കെ വേണമെങ്കിൽ ചേർക്കാവുന്നതാണ്.

ശതകുപ്പ കൊണ്ടുള്ള വിഭവങ്ങൾ ഇനിയും വരും.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]