Tuesday, December 29, 2009

കൈതച്ചക്ക മോരുകറി

കൈതച്ചക്ക മോരുകറിയാണ് ഇത്. ഇതിനു വേണമെങ്കിൽ കൈതച്ചക്ക പുളിശ്ശേരി, കൈതച്ചക്ക കാളൻ, കൈതച്ചക്ക മോരുകൂട്ടാൻ എന്നൊക്കെ വിളിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിക്കാം.

കൈതച്ചക്ക/പൈനാപ്പിൾ
മോര്/ തൈര്
ഉപ്പ്
പച്ചമുളക്
മുളകുപൊടി
മഞ്ഞൾപ്പൊടി
തേങ്ങ
കടുക് കറിവേപ്പില, ചുവന്ന മുളക് - വറവിടാൻ. ഇതൊക്കെയാണ് വേണ്ടത്.

ചിത്രത്തിലേതുപോലെയുള്ള കൈതച്ചക്കയുണ്ടെങ്കിൽ എടുക്കുക. അത് രണ്ടു ദിവസം ഫ്രിഡ്ജിൽ വ്ച്ചിരുന്നു. നിങ്ങൾ അങ്ങനെ ചെയ്യരുത്. ;) കടയിൽ നിന്ന് അധികം പുളിയില്ലാത്ത, അധികം പഴുക്കാത്ത കൈതച്ചക്ക വാങ്ങിക്കൊണ്ടുവരിക. പുളിയുണ്ടാവില്ല എന്ന് കടക്കാരൻ പറയുന്നത് വിശ്വസിക്കണം.

കൈതച്ചക്കയുടെ പകുതി നന്നായി കഴുകി, തോലുകളഞ്ഞ് ചെറുതായി മുറിക്കുക. കൂഞ്ഞുപോലെയുള്ള ഭാഗം എടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ പഴുക്കാറായ ഭാഗത്തിനും, ആ ഭാഗത്തിനും വേറെ വേറെ വേവ് ആണ്.
മുറിച്ചുകഴിഞ്ഞാൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ മുളകുപൊടിയും, ഉപ്പും ഇട്ട് ആവശ്യത്തിനുമാത്രം വെള്ളമൊഴിച്ച് വേവിക്കുക.

നാലു ടേബിൾസ്പൂൺ (അഞ്ച് ആയാലും മോരുകറിയ്ക്ക് കുഴപ്പമൊന്നുമില്ല) തേങ്ങയും അര ടീസ്പൂൺ ജീരകവും ഒന്നോ രണ്ടോ പച്ചമുളകും ഇട്ട് നന്നായി അരച്ചെടുക്കുക. പച്ചമുളക് കൂട്ടുമ്പോൾ ആദ്യം മുളകുപൊടി ഇട്ടത് ഓർക്കുക. എരിവ് വേണ്ടെങ്കിൽ പച്ചമുളക് അധികം ഇടരുത്.

വെന്തതിൽ, കാൽ ലിറ്റർ മോരൊഴിക്കുക. തൈരായാലും മതി. നന്നായി യോജിപ്പിക്കണം. തേങ്ങയും അതോടൊപ്പം ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. അധികം വെള്ളം ചേർക്കണമെന്നില്ല. ആവശ്യമുള്ളത് മാത്രം ചേർക്കുക. തീ കുറച്ചു വച്ച് തിളപ്പിക്കുക.

ഒക്കെ തിളച്ച് യോജിച്ചാൽ വാങ്ങിവയ്ക്കുക. കുറച്ച് തൈർ കൂടെ ചേർക്കാം വേണമെങ്കിൽ.

വറവിടുക.
കൈതച്ചക്ക പുളിയുള്ളതാണെങ്കിൽ അധികം പുളിയില്ലാത്ത മോരും തൈരും ചേർക്കാം. കൈതച്ചക്ക പഴുത്തത് ആയാലും കുഴപ്പമൊന്നുമില്ല.

മുളകുപൊടിക്കു പകരം കുരുമുളകുപൊടിയും ചേർക്കാം.

Friday, December 04, 2009

കയ്പ്പക്കപ്രിയരേ ഇതിലേ

കയ്പ്പക്കച്ചമ്മന്തി

ഇത് കയ്പ്പക്ക അഥവാ പാവയ്ക്ക ഇഷ്ടമുള്ളവർക്കുള്ളൊരു ചമ്മന്തിയാണ്. കയ്പ്പക്ക ഇഷ്ടമില്ലാത്തവരും ഇത് കഴിച്ചുനോക്കിയാൽ ഇഷ്ടപ്പെടുമായിരിക്കും.

വേണ്ട വസ്തുക്കൾ :-

കയ്പ്പക്ക
കറിവേപ്പില
ഉപ്പ്
കായം പൊടി/ കഷണമായാലും മതി.
ചുവന്ന/ഉണക്ക/വറ്റൽ മുളക്
വെളിച്ചെണ്ണ
ശർക്കര
ചെറുതോ വലുതോ ഉള്ളി


കയ്പ്പക്ക ഒന്നെടുത്ത് കഴുകി, കുരുവൊക്കെ കളഞ്ഞ്, ചെറുതായി മുറിക്കുക.
പത്ത് പന്ത്രണ്ട് കറിവേപ്പിലയും,
അഞ്ചാറ് ചെറിയ ഉള്ളിയും,
നാലു ചുവന്ന/വറ്റൽ മുളകും
എടുത്ത്
എല്ലാം കൂടെ ചീനച്ചട്ടിയിലിട്ട് വെളിച്ചെണ്ണയൊഴിച്ച് നന്നായി വഴറ്റി മൊരിച്ചെടുക്കുക. കയ്പ്പക്കയുടെ പച്ചനിറം മാറണം.എന്നിട്ട്, കുറച്ച് ഉപ്പും, കായം പൊടിയും, അല്പം പുളിയും, ഒരാണി ശരക്കര പൊടിച്ചതും, വഴറ്റിവെച്ചതും ഒക്കെക്കൂടെ മിക്സിയിലിട്ട് അരച്ചെടുക്കുക.
ഒട്ടും വെള്ളമൊഴിക്കരുത്. വഴറ്റിയ വെളിച്ചെണ്ണയിൽ അരയുന്നില്ലെങ്കിൽ അല്പം കൂടെ വെളിച്ചെണ്ണ ഒഴിക്കാം.
ചെറിയ ഉള്ളികൾക്കു പകരം വലിയ ഉള്ളി/ സവാള അരിഞ്ഞിട്ടാലും മതി. ചെറിയ ഉള്ളി മുറിച്ചിടണം എന്നൊന്നുമില്ല. തൊലി കളഞ്ഞ് അപ്പാടെ ഇട്ടാൽ മതി. കയ്പ്പക്ക എണ്ണയിൽ ഒന്നു വാടിയശേഷം മറ്റു വസ്തുക്കൾ ചേർത്താലും മതി.
എരിവും കയ്പ്പും പുളിയും മധുരവും ഒക്കെച്ചേർന്ന കയ്പ്പക്കച്ചമ്മന്തി തയ്യാറായി.
വെളുത്തുള്ളി ഇഷ്ടമുണ്ടെങ്കിൽ/കഴിക്കാറുണ്ടെങ്കിൽ അതും കുറച്ച് ചേർക്കാം.
നാലു വറ്റൽ മുളകിൽ നല്ല എരിവുണ്ടാവും ചമ്മന്തി. അതുകൊണ്ട് എരിവിഷ്ടമില്ലാത്തവർക്ക് മുളക് കുറയ്ക്കണമെങ്കിൽ കുറയ്ക്കുക. കറുത്ത ശർക്കരയ്ക്ക് നല്ല മധുരമുള്ളതുകൊണ്ട് ഞാൻ പകുതിശർക്കരയേ ഇട്ടുള്ളൂ.

Wednesday, December 02, 2009

റാഗിദോശ

റാഗി കൊണ്ടുണ്ടാക്കാവുന്ന അനേകം വിഭവങ്ങളിൽ ഒന്നാണ് റാഗി ദോശ. അതുതന്നെ പലതരത്തിലുണ്ടാക്കാം. ഇവിടെ ഉണ്ടാക്കിയെടുത്തത് എങ്ങനെയെന്ന് പറയാം.

റാഗിപ്പൊടി മൂന്നു കപ്പ് വേണം
ഉഴുന്ന് ഒരു കപ്പ് എടുത്ത് നാല് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് മിനുസമായി അരയ്ക്കണം
ഒരു ടീസ്പൂൺ അല്ലെങ്കിൽ അര ടീസ്പൂൺ ഉലുവയും ഉഴുന്നിന്റെ കൂടെ വെള്ളത്തിലിട്ട് അരയ്ക്കണം.
അരച്ചത് റാഗിപ്പൊടിയിലേക്ക് ചേർക്കണം.
ആവശ്യത്തിനു ഉപ്പും ചേർക്കണം.
വെള്ളം ദോശമാവിന്റെ പാകത്തിലൊഴിച്ച് ഒക്കെ നന്നായി യോജിപ്പിച്ച് വയ്ക്കണം.
അഞ്ചാറ് മണിക്കൂറ് കഴിഞ്ഞാൽ ദോശയുണ്ടാക്കാം. പുളി വേണ്ടാത്തവർക്ക് അതനുസരിച്ച് വേണ്ടത്ര നേരം വച്ച് ഉണ്ടാക്കിയെടുക്കാം. തീരെ പുളിയില്ലെങ്കിലും, അധികം പുളിച്ചാലും ദോശയ്ക്ക് സ്വാദ് കുറവാണെന്ന് തോന്നുന്നു.ചമ്മന്തിയും കൂട്ടി കഴിക്കാം. ഉണ്ടാക്കുമ്പോൾ ദോശമാവിലേക്ക് തേങ്ങ ചിരവിയിടണമെങ്കിൽ അതും ആവാം.

Monday, November 30, 2009

കിഴങ്ങ് ചെറുപയർ

പൂളക്കിഴങ്ങ്, കിഴങ്ങ്, കപ്പ, കപ്പക്കിഴങ്ങ് ...എന്തുപേരിട്ടുവിളിച്ചാലും ഇതിന്റെ സ്വാദൊന്ന് വേറെ തന്നെ. പുഴുങ്ങിയും പുഴുക്കുവെച്ചും വെറുതേ വേവിച്ചും...അങ്ങനെ പലതരത്തിലുണ്ടാക്കാം. അതുകൊണ്ട് കപ്പയും/കിഴങ്ങും ചെറുപയറും പുഴുക്ക് അല്ലെങ്കിൽ കറിയാണ് ഇവിടെയുണ്ടാക്കിയത്.
കിഴങ്ങ് ഒന്ന് - ഇടത്തരം.
ചെറുപയർ - നൂറ് ഗ്രാം.
പച്ചമുളക് - മൂ‍ന്ന്
തേങ്ങ വലിയ തേങ്ങയുടെ അരമുറി.
വറവിടാൻ കറിവേപ്പില, ചുവന്ന മുളക്, കടുക്, വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞൾപ്പൊടി.

ആദ്യം ചെറുപയർ കുറച്ചുനേരം വെള്ളത്തിലിട്ട് വെക്കുക. പിന്നെ ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിക്കുക.
തേങ്ങയും പച്ചമുളകും ചതച്ചുവെയ്ക്കുക. അധികം അരയേണ്ട കാര്യമില്ല.
കിഴങ്ങ് മൂന്നാലു കഷണമാക്കി മുറിച്ച്, തോലുകളഞ്ഞ് കഴുകി, മുറിച്ച്, വീണ്ടും കഴുകി വെള്ളമൊഴിച്ച് വേവിക്കുക. വെന്താൽ വെള്ളം ഊറ്റിക്കളഞ്ഞ് എടുക്കുക. അടുപ്പത്ത് വീണ്ടും വെച്ച് ആവശ്യത്തിനു ഉപ്പും മഞ്ഞളും വെള്ളവും ഒഴിച്ച് ഒന്ന് വേവിക്കാൻ വയ്ക്കുക. ഒന്ന് തിളച്ചാൽ വെന്ത ചെറുപയർ ഇടുക. മഞ്ഞൾ വെന്ത് യോജിക്കുന്നതുവരെ ചെറിയ തീയിൽ തിളപ്പിക്കുക. തേങ്ങയരച്ചത് ചേർക്കുക. തിളച്ചാൽ വാങ്ങിവെക്കുക.
വറവിടുക.
വെള്ളം കുറേയുണ്ടെങ്കിൽ കറിയാവും. വെള്ളമില്ലെങ്കിൽ, പുഴുക്ക്. ഉപ്പുമാവിനൊപ്പം ഏറ്റവും ചേരും. ദോശയ്ക്കും ചപ്പാത്തിയ്ക്കും ചോറിനൊപ്പവും ആവാം. വെറുതേ തിന്നാലും കുഴപ്പമില്ല. മഞ്ഞൾ ഇട്ടു വേവിക്കുമ്പോൾ പച്ചമുളകിനു പകരം, മുളകുപൊടി ആവശ്യത്തിനു ഇടാം. ഇഷ്ടമാണെങ്കിൽ, ചെറിയ ഉള്ളി കുറച്ചെണ്ണം വറത്തിടുകയും ചെയ്യാം. കൂടുതൽ സ്വാദുണ്ടാവും.

Thursday, October 29, 2009

ഓട്സ് പുട്ട്
ഓട്സ് ആരോഗ്യത്തിനു നല്ലതാണെന്ന് പറയാറുണ്ട്. ഓട്സ് കൊണ്ട് കഞ്ഞിയുണ്ടാക്കിക്കുടിക്കുകയാണ് വേണ്ടത്. മധുരമിട്ടും, മധുരമിടാതെയും. അങ്ങനെയൊക്കെയാണ് ഇവിടെ സ്ഥിരം ചെയ്യാറുള്ളത്. വീട്ടുകാർ മിക്കവരും ദിവസവും ഓട്സ് കഴിക്കുന്നവരാണ്. ഓട്സ് കഞ്ഞിയല്ലാതെ, ആരും ഓട്സ് കൊണ്ട് വേറെയൊന്നും ഉണ്ടാക്കാറില്ല. ഇവിടെ പായസം ഉണ്ടാക്കിയിട്ടുണ്ട്. ഓട്സ് കൊണ്ട് പുട്ടുണ്ടാക്കിയാൽ എന്തായെന്ന് തോന്നിയതുകൊണ്ട് ഒന്ന് പരീക്ഷിച്ചേക്കാംന്ന് കരുതി. ഓട്സിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് ഈ പുട്ടും ഇഷ്ടമാവും.

ഓട്സ് കുറച്ചെടുത്ത് പൊടിക്കണം. കരിഞ്ഞുപോവാതെ വറുക്കണം. പുട്ടിനു അരിപ്പൊടി വറുക്കുന്നതുപോലെത്തന്നെ. പക്ഷേ അത്രയും നേരം വേണ്ട.
വറുത്ത പൊടി തണുക്കാനിടുക.

തണുത്ത പൊടിയിൽ ആവശ്യത്തിനു ഉപ്പിടുക. ഉപ്പു കുറച്ചുകുറഞ്ഞാൽ സാരമില്ല. പുട്ട്, കറിയും കൂട്ടി കഴിക്കുമ്പോൾ കുഴപ്പമുണ്ടാവില്ല. അധികമാവരുത്.

അതിലേക്ക് കുറച്ചുകുറച്ചായി വെള്ളം ചേർത്ത് പുട്ടുണ്ടാക്കാൻ പാകത്തിൽ കുഴയ്ക്കണം. കുഴയ്ക്കാൻ കുറച്ചു വിഷമം ഉണ്ടാവും. കൈയിൽ പറ്റിപ്പിടിക്കും. ഒന്ന് വെള്ളം കൂട്ടി കുഴച്ചുകഴിഞ്ഞ്, പൊടി മുഴുവൻ വെള്ളം നനഞ്ഞാൽ, അത് എടുത്ത് മിക്സിയുടെ ഏതെങ്കിലും ഒരു പാത്രത്തിൽ ഇട്ട് ഒന്ന് തിരിക്കുക. അധികം പ്രാവശ്യം തിരിക്കരുത്. ഒരു പ്രാവശ്യം മതി. ഇപ്പോ നല്ല പാകത്തിനുള്ള പൊടി ആയിട്ട് കിട്ടും. വെള്ളം ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.

തേങ്ങയും പൊടിയും തേങ്ങയും പൊടിയും ആയി, പുട്ടുകുറ്റിയിലേക്ക് നിറയ്ക്കുക. ഉണ്ടാക്കിയെടുക്കുക. കുഴച്ച പൊടിയിൽ തേങ്ങ കുറച്ചിട്ട് കുഴയ്ക്കുകയും ചെയ്യാം.ഓട്സ് ആയതുകൊണ്ടും ആവിയിൽ വേവിക്കുന്നതായതുകൊണ്ടും ആരോഗ്യത്തിന് കുഴപ്പമില്ലാത്തൊരു പലഹാരമാണ് ഇതെന്ന് കരുതാം. തേങ്ങയും ഉപ്പും മാത്രമല്ലേ ചേരുന്നുള്ളൂ. ചെറുപയർ കറിയുണ്ടാക്കിയാൽ ഇതിനു കൂട്ടിക്കഴിക്കാൻ നല്ലത്. പഴം ആയാലും മതി.

Wednesday, October 21, 2009

മധുരക്കിഴങ്ങ് ബജ്ജി

മറ്റെല്ലാ ബജ്ജികളും ഉണ്ടാക്കുന്നതുപോലെ, വളരെ എളുപ്പമുള്ളൊരു പലഹാരമാണ് മധുരക്കിഴങ്ങ് ബജ്ജി. മധുരക്കിഴങ്ങ് വാങ്ങിക്കൊണ്ടുവെച്ചിട്ടുണ്ടെങ്കിൽ അതിഥികൾ ആരെങ്കിലും വന്നാൽ, അല്ലെങ്കിൽ കൂട്ടുകാർ ആരെങ്കിലും വന്നാലുടനെ ഇത് തയ്യാറാക്കി കൊടുക്കാം. സ്വാദുമുണ്ട്.

ഇത് ഉണ്ടാക്കാൻ

കടലമാവ്
അരിപ്പൊടി
ഉപ്പ്
മധുരക്കിഴങ്ങ്
മുളകുപൊടി
കായം (പൊടി)
വെളിച്ചെണ്ണ (ഏതെങ്കിലും പാചകയെണ്ണയായാലും മതി).
രണ്ട് മധുരക്കിഴങ്ങ് എടുത്ത് ആദ്യം വൃത്തിയായി കഴുകുക. ചിത്രത്തിൽ ഉള്ളതുപോലെ മിക്കവാറും മണ്ണ് കാണും അതിൽ.
കഴുകിക്കഴിഞ്ഞാൽ തോലു കളയുക. പെട്ടെന്ന് കളയാൻ പറ്റിയെന്നുവരില്ല.
തോലു കളഞ്ഞിട്ട് ഒന്നുകൂടെ കഴുകാം.
എന്നിട്ട് വട്ടത്തിലോ ചിത്രത്തിലുള്ളപോലെ ഒരു വശത്തുനിന്ന് ചെത്തിയോ മുറിക്കണം.
മുറിച്ച് വീണ്ടും കഴുകണം. കറയുണ്ടെങ്കിൽ പോകും.

അഞ്ച് ടേബിൾസ്പൂൺ കടലപ്പൊടി (കടലമാവ്) എടുക്കുക. ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും. കുറച്ച് കൂടിയാലും കുഴപ്പമില്ല.
കാൽ ടീസ്പൂൺ മുളകുപൊടിയിടുക. കുറച്ച് ഉപ്പും. അല്പം കായവും (പൊടി).
വെള്ളമൊഴിച്ച് അധികം വെള്ളം പോലെയാവാതെ കുഴയ്ക്കുക.
അഞ്ചുമിനുട്ട് വയ്ക്കുക.
അതിൽ ഓരോ മധുരക്കിഴങ്ങ് കഷണങ്ങളും ഇട്ട് മുക്കിയെടുത്ത് ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുക.അധികം തണുക്കുന്നതിനുമുമ്പ് കഴിക്കുക.

Monday, October 12, 2009

മസാലപ്പൊരി

പൊരി കണ്ടിട്ടില്ലേ? എല്ലാവരും തിന്നിട്ടുമുണ്ടാവും. പണ്ടൊക്കെ ഉത്സവച്ചന്തയിൽ വരുമായിരുന്നു പൊരി. വാങ്ങിക്കൊണ്ടുവന്ന് തേങ്ങയും ശർക്കരയുമൊക്കെക്കൂട്ടി കഴിക്കുമായിരുന്നു. ഇപ്പോ എല്ലായിടത്തും കടകളിൽ കാണാം. മസാലപ്പൊരിയുണ്ടാക്കിയാൽ, യാത്രയ്ക്കൊക്കെ കൊണ്ടുപോകാം. വെറുതേ പൊരി തിന്നുന്നതിനേക്കാൾ സ്വാദുമുണ്ടാവും. എരിവ് ഇഷ്ടമുള്ളവർക്കേ ഇത് പറ്റൂ. എളുപ്പം തയ്യാറാക്കിയെടുക്കാം.
പൊരി - നൂറ്റമ്പത് ഗ്രാം.

വെളുത്തുള്ളി ചെറിയ അല്ലി - പത്ത്/പന്ത്രണ്ട്.

പാചകയെണ്ണ (സൂര്യകാന്തിയെണ്ണയാണ് വെളിച്ചെണ്ണയേക്കാൾ ഇതിന് നല്ലത്) - രണ്ടോ മൂന്നോ ടേബിൾസ്പൂൺ.

മുളകുപൊടി - എരിവ് ഇഷ്ടമാണെങ്കിൽ അര ടീസ്പൂൺ ചേർക്കുക. അല്ലെങ്കിൽ വളരെക്കുറച്ച്.

നിലക്കടല - രണ്ട് ടേബിൾസ്പൂൺ.

കറിവേപ്പില കുറച്ച്.

പൊരിയിൽ ഉപ്പുണ്ടാവും മിക്കവാറും. ഇല്ലെങ്കിൽ മാത്രം ആവശ്യത്തിനു ചേർക്കുക.

എണ്ണ ചൂടാക്കുക. ഒരു വല്യ പാത്രം തന്നെ എടുക്കണം. അല്ലെങ്കിൽ ഇളക്കാൻ കഴിയില്ല. എണ്ണ ചൂടായാൽ നിലക്കടല പൊരിക്കുക. അതിലേക്ക് വെളുത്തുള്ളിയിട്ട് വറുക്കുക. പിന്നെ കറിവേപ്പിലയിടുക. തീ നന്നായി കുറച്ചുവേണം ഒക്കെ ചെയ്യാൻ. അതിലേക്ക് മുളകുപൊടിയിടുക. പൊരിയിട്ട് നന്നായി ഇളക്കിയോജിപ്പിച്ച് വാങ്ങിവയ്ക്കുക.
മസാലപ്പൊരി തയ്യാർ. മുളകുപൊടി വേണ്ടെങ്കിൽ ചുവന്നമുളക് ചെറുതാക്കി മുറിച്ചിട്ടാലും മതി.

തേങ്ങയോ സേവയോ മിക്സ്ചറോ ഒക്കെ ഇതിലിട്ട് തിന്നാം. വേണ്ടതിൽ മാത്രമേ ഇടാവൂ. ഉണ്ടാക്കിയതിൽ മുഴുവൻ തേങ്ങയിട്ടാല്‍പ്പിന്നെ അത് പിന്നേയ്ക്ക് എടുത്തുവയ്ക്കാൻ പറ്റില്ല. അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിലാക്കി നന്നായി അടച്ചുവച്ചാൽ കുറച്ചുനാൾ ഇരിക്കും.

Monday, September 07, 2009

കാരറ്റ് ബീറ്റ്‌റൂട്ട് കൂട്ടുകറി

ചേനയും കായയും ആണ് കൂട്ടുകറിയ്ക്ക് സാധാരണയായി എടുക്കുന്നത്. കടലയും. തേങ്ങയും ജീരകവും അരച്ചുചേർത്ത്, തേങ്ങ വറുത്തിട്ട കൂട്ടുകറിയ്ക്ക് പ്രത്യേക സ്വാദു തന്നെയുണ്ട്. കൂട്ടുകറി പല തരത്തിലും വയ്ക്കാം. കാരറ്റും ബീറ്റ്‌റൂട്ടും കൊണ്ടൊരു കൂട്ടുകറി ആയ്ക്കോട്ടേന്ന് വിചാരിച്ചു.

കാരറ്റും ബീറ്റ്‌റൂട്ടും കടലയും ചിത്രത്തിൽ ഉള്ളത്രേം. അല്ലെങ്കിൽ കാരറ്റും ബീറ്റ്‌റൂട്ടും മൂന്നോ നാലോ ടേബിൾസ്പൂൺ. കുതിർന്ന കടല രണ്ട് ടേബിൾസ്പൂണും.
കടല തലേദിവസം വെള്ളത്തിൽ ഇടണം. കുതിരണം
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ.
തേങ്ങ - നാലു ടേബിൾസ്പൂൺ
ജീരകം - അരയോ ഒന്നോ ടീസ്പൂൺ.
തേങ്ങയും ജീരകവും അരയ്ക്കുക
രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേങ്ങ - വറവിടാൻ
ഉപ്പ്
കടുക്, ചുവന്ന ഉണക്ക മുളക്, കറിവേപ്പില - വറവിടാനുള്ളത്

കാരറ്റും ബീറ്റ്‌റൂട്ടും ചെറിയ കഷണങ്ങളായി മുറിക്കുക. മുറിക്കുന്നതിനുമുമ്പ് കഴുകുകയോ മുറിച്ചിട്ട് കഴുകുകയോ ചെയ്യുക.
കടല കഴുകിയെടുക്കുക.
പാത്രത്തിൽ ആദ്യം കടല ഇടുക.
പിന്നെ ബീറ്റ്‌റൂട്ടും കാരറ്റും ഇടുക.
മഞ്ഞൾപ്പൊടി, മുളകുപൊടി ഇടുക.
കടല മാത്രം മുങ്ങാൻ ആവശ്യമുള്ള വെള്ളം കണക്കാക്കി ഒഴിക്കുക. പൊടികൾ ഇട്ടശേഷം വെള്ളമൊഴിച്ചാൽ പൊടികൾ മുകളിൽത്തന്നെ നിൽക്കില്ല. അലിഞ്ഞുചേരും. അങ്ങനെയാണു വേണ്ടത്.
കുക്കറിൽ വയ്ക്കുക. കുക്കറിലല്ലെങ്കിൽ കടല വെന്തതിനു ശേഷം മാത്രം കാരറ്റും ബീറ്റ്‌റൂട്ടും ഇടുക.
കഷണങ്ങൾ വെന്താൽ അതിൽ ഉപ്പിട്ട് ഒന്നുടയ്ക്കുക
തേങ്ങയരച്ചത് ചേർക്കുക. നന്നായി ഇളക്കിയോജിപ്പിക്കണം. അധികം വെള്ളം ഉണ്ടാവില്ലല്ലോ.
തിളച്ചാൽ വാങ്ങിവയ്ക്കുക.

തേങ്ങ,ചുവപ്പുനിറം വരുന്നതുവരെ അല്പം വെളിച്ചെണ്ണയിൽ വറുത്ത് കറിയിൽ ഇടുക. കടുകും മുളകും കറിവേപ്പിലയും വറവിടുക.കടല മുങ്ങാൻ മാത്രം വെള്ളമാണ് ഒഴിക്കുന്നതെങ്കിൽ തേങ്ങ ചേർക്കുമ്പോൾ അല്പം വെള്ളം ചേർക്കാം. അല്ലെങ്കിൽ കഷണങ്ങളിലെ വെള്ളം മതിയാവും. കൂട്ടുകറി വെള്ളമായിട്ടല്ല വേണ്ടത്. മുളകുപൊടി വേണ്ടെങ്കിൽ, ചുവന്ന മുളക് മൂന്നാലെണ്ണം, തേങ്ങയരയ്ക്കുമ്പോൾ ചേർക്കുക. കുറയ്ക്കണമെങ്കിൽ കുറയ്ക്കുക. അധികം എരിവില്ലാത്തതാവും നല്ലത്.

Tuesday, August 25, 2009

പപ്പായപ്പച്ചടിഞങ്ങളൊക്കെ കറുമൂസ എന്നു വിളിക്കുന്ന പപ്പായകൊണ്ട് ഒരു പച്ചടി. പപ്പായകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കിക്കഴിഞ്ഞു. ഇനിയും പല വിഭവങ്ങളും ഉണ്ടാക്കാനുണ്ട്. പപ്പായകൊണ്ട് തോരനോ ഓലനോ ഒക്കെയാണ് സ്ഥിരം പാചകം. പച്ചടിയുണ്ടാക്കുന്നത് അപൂർവ്വം. പച്ചടി എന്ന വിഭവം ഇഷ്ടമുള്ളവർക്ക് പപ്പായപ്പച്ചടിയും ഇഷ്ടമാവും എന്നു കരുതുന്നു.

അധികം പഴുക്കാത്ത അല്ലെങ്കിൽ മുഴുവൻ പച്ചയായ കറുമൂസ - ചിത്രത്തിൽ ഉള്ളപോലെ
പച്ചമുളക് - എരിവുള്ളത്. മൂന്നോ നാലോ. രണ്ടാക്കി പൊട്ടിച്ചോ, വെറുതേ ഒന്ന് ചീന്തിയോ ഇടാം
പുളിച്ച തൈര് - അര ഗ്ലാസ്സ്.
തേങ്ങ - നാല് ടേബിൾസ്പൂൺ.
കടുക് - കാൽ ടീസ്പൂൺ
തേങ്ങയും കടുകും മോരും വെള്ളം ചേർത്ത് മിനുസമായിട്ട് അരയ്ക്കണം.
മുളകുപൊടി - കാൽടീസ്പൂൺ. എരിവ് വേണ്ടെങ്കിൽ പച്ചമുളക് മാത്രം ഇട്ടാൽ മതി. മുളകുപൊടി വേറെ ഇടരുത്.
ഉപ്പ്
വറവിടാൻ ആവശ്യമുള്ളത് - കടുക്, കറിവേപ്പില, ചുവന്നമുളക്.

കറുമൂസ തോലൊക്കെക്കളഞ്ഞ്, കുരുവൊക്കെക്കളഞ്ഞ് ചെറുതാക്കി മുറിച്ച് കഴുകിയെടുക്കുക. കഷണങ്ങളും പച്ചമുളകും ഉപ്പും ഇട്ട് ആവശ്യത്തിനുമാത്രം വെള്ളമൊഴിച്ച് നന്നായി വേവിക്കണം. വെന്താൽ അതിൽ വെള്ളം വേണ്ട. അതിൽ ഒരുതണ്ട് കറിവേപ്പില രണ്ടാക്കി മുറിച്ച് ഇടുക.

വെന്തത് തണുത്താൽ കഷണങ്ങൾ ഒന്നുടച്ച് അതിൽ അരച്ചുവെച്ചത് ചേർക്കുക. ഇളക്കുക. തൈരും ഒഴിക്കുക.
വറവിടുക.

Saturday, August 22, 2009

ബീറ്റ്‌റൂട്ട് ഉപ്പേരി

ബീറ്റ്‌റൂട്ട്കൊണ്ടൊരു ഉപ്പേരി അഥവാ തോരൻ. പതിനഞ്ചുമിനുട്ടിനുള്ളിൽ കഴിയും. പല തരത്തിലും ഉണ്ടാക്കിയെടുക്കാം. ഇവിടെ എങ്ങനെയാണ് ചെയ്യുന്നതെന്ന് പറയാം.

ബീറ്റ്‌റൂട്ട് തോലുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കുകയാണ് പതിവ്. ഇത് ഞാൻ ചീകിയെടുത്തു. കുഴപ്പം എന്താണെന്നുവെച്ചാൽ കുറച്ച് വെള്ളം പോലെ ഇരിക്കും. അതുകൊണ്ട് പ്രശ്നമൊന്നുമില്ല.
ബീറ്റ്‌റൂട്ട് ചീകിയെടുത്തോ കഷണങ്ങളായി മുറിച്ചോ എടുക്കുക. ചിത്രത്തിൽ ഉള്ളത്രേം. ഒരു വല്യ ബീറ്റ്‌റൂട്ടിന്റെ പകുതിയുണ്ട്.
മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച്
കടുക് - കാൽ ടീസ്പൂൺ
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ
വറ്റൽമുളക് - രണ്ട്
കറിവേപ്പില
തേങ്ങ ചിരവിയത് - കുറച്ച്
ഉപ്പ്
വെളിച്ചെണ്ണയോ വേറെ പാചകയെണ്ണയോ

എണ്ണ ചൂടായാൽ അതിൽ ഉഴുന്നുപരിപ്പിടുക. ചുവന്നു തുടങ്ങുമ്പോൾ കടുക് ഇടുക, ചുവന്ന മുളക് പൊട്ടിച്ചിടുക.കടുക് പൊട്ടുമ്പോഴേക്കും കറിവേപ്പിലകൾ ഇടുക. ബീറ്റ്റൂട്ട് ഇടുക. മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് ഇളക്കുക. അല്പം വെള്ളമൊഴിക്കുക. അടച്ചുവയ്ക്കുക. തീ കുറച്ചുവച്ച് വേവിക്കുക. വറവിടാൻ എടുത്ത എണ്ണയിൽ, ബീറ്റ്‌റൂട്ട് കരിയാതെ വേവുമെന്ന് തോന്നുന്നെങ്കിൽ വെള്ളം ഒഴിക്കേണ്ട. വെന്താൽ വാങ്ങിവെച്ച് തേങ്ങയിട്ട് ഇളക്കുക.എളുപ്പം കഴിയും. കഷണങ്ങളാക്കി മുറിച്ചാൽ വേവാൻ കുറച്ചും കൂടെ സമയം എടുക്കും. ചീകിയെടുക്കുമ്പോൾ വെള്ളം പോലെ ഇരിക്കും.

Saturday, August 15, 2009

കാരറ്റ് പാലക്ക് ചോറ്

“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം.
പാരതന്ത്ര്യം മാനികൾക്കോ
മൃതിയേക്കാൾ ഭയാനകം.”വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!

സ്വാതന്ത്ര്യദിനാശംസകൾ!

-----------------------------
കാരറ്റും പാലക്കും ചേർത്തുണ്ടാക്കുന്ന നെയ്ച്ചോറ് ആണിത്.

വേണ്ടത്:-
കാരറ്റ് - ഒന്ന് വലുത് - ചീകിയെടുക്കുക.

പാലക് - ചെറിയ ഒരു കെട്ട്- ചെറുതായി മുറിച്ചെടുക്കുക.

ബസുമതിയരി - ഒരു വല്യ ഗ്ലാസ്സ് (100 ഗ്രാമെങ്കിലും വേണം).

ഇഞ്ചിവെളുത്തുള്ളിപ്പേസ്റ്റ് - ഒരു ടീസ്പൂൺ.

ഏലയ്ക്ക - മൂന്നെണ്ണം പൊടിച്ചത്.

ഉണക്കമുന്തിരി കുറച്ച്.

കുറച്ച് നെയ്യ്.

വലിയ ഉള്ളി അഥവാ സവാള - ഒന്ന് വലുത് - മുറിച്ചെടുത്തത്.

ഉപ്പ്.

അരി കഴുകിയെടുത്ത് ഉപ്പും ഇട്ട് വേവിക്കുക.

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഉള്ളി ചുവന്നുവരുന്നതുവരെ ചൂടാക്കണം. അതു കഴിഞ്ഞ് കാരറ്റ് ഇട്ട് വഴറ്റുക, പാലക് ചീരയിട്ടു വഴറ്റുക, ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ഇട്ട് വഴറ്റുക. ഒക്കെ വഴറ്റി വെന്താൽ ഏലയ്ക്കപ്പൊടിയിടുക. ഒരു നുള്ള് ഉപ്പ് ഈ കൂട്ടിലേക്ക് ചേർക്കുക. വളരെക്കുറച്ചുമതി. ചോറിൽ ഉപ്പിട്ടതല്ലേ. ചോറ് ഇട്ടിളക്കുക. ഗരം മസാലപ്പൊടി ചേർക്കാൻ ഇഷ്ടമുള്ളവർക്ക് കുറച്ച് അതും ചേർക്കാം.ഉണക്കമുന്തിരി കുറച്ച് നെയ്യിൽ വറുത്തെടുത്ത് ചേർക്കുക. അണ്ടിപ്പരിപ്പും ഉണ്ടെങ്കിൽ വറുത്ത് ചേർക്കാം.

Friday, August 14, 2009

ചേന എരിശ്ശേരി

എരിശ്ശേരി എന്നുപറഞ്ഞാൽ പുളിയില്ലാത്തൊരു കൂട്ടാനാണ്. വെള്ളം ചേർത്ത് നീട്ടിയും, ചേർക്കാതെ, ഒന്ന് കുറുക്കിയും ഉണ്ടാക്കാം. വേറെ കറിയൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ കുറച്ച് വെള്ളമായിട്ട് വയ്ക്കുക. സദ്യയ്ക്കൊക്കെയാണെങ്കിൽ വെള്ളം അധികമില്ലാതെ വയ്ക്കുക.

എരിശ്ശേരി പല പച്ചക്കറികൾ കൊണ്ടു വയ്ക്കാം. ചേന കൊണ്ട് വയ്ക്കാമെന്നാണ് ഞാനിപ്പോ തീരുമാനിച്ചത്.

ആവശ്യമുള്ളത് ഒക്കെ ആദ്യം തന്നെ ഒരുക്കിവയ്ക്കുക.ചേന ചിത്രത്തിൽ ഉള്ളതുപോലെ കുറച്ചു കഷണങ്ങൾ - ചെറുതാക്കി മുറിക്കണം. ഇത് വേഗം വെന്തുടയുന്നതായതുകൊണ്ട് ഞാൻ ഇങ്ങനെ മുറിച്ചതാണ്.

പരിപ്പ് - കടലപ്പരിപ്പ് 3 ടേബിൾസ്പൂൺ.

ഇവിടെ കടലപ്പരിപ്പ് ആണ് എടുത്തത്. സാധാരണയായി തുവരപ്പരിപ്പും ചെറുപരിപ്പുമാണ് എടുക്കാറുള്ളത്.

തേങ്ങ - നാല് ടേബിൾസ്പൂൺ, കാൽ ടീസ്പൂൺ ജീരകവും ചേർത്ത് അരച്ചത്.
ഉപ്പ്
മുളകുപൊടി - അര ടീസ്പൂൺ. പൊടിയിടുന്നില്ലെങ്കിൽ തേങ്ങ അരയ്ക്കുമ്പോൾ ചുവന്ന മുളക് ആവശ്യത്തിനു ചേർത്ത് അരയ്ക്കുക.
മഞ്ഞൾപ്പൊടി.
വറവിടാനുള്ള വസ്തുക്കൾ.
തേങ്ങ - ഒരു ടേബിൾസ്പൂൺ. കുറച്ച് വെളിച്ചെണ്ണയൊഴിച്ച് വറുത്തെടുക്കുക. (രണ്ട് ടേബിൾസ്പൂൺ ആയാലും കുഴപ്പമില്ല. സ്വാദു കൂട്ടാൻ ചേർക്കുന്നതാണ്. ചുവക്കെ വറുക്കണം).

ചേന മുറിച്ച് കഴുകുക. പരിപ്പ് കഴുകിയെടുക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയിട്ട് നല്ലപോലെ വേവിക്കുക. വെന്താൽ ഉപ്പിടുക. തേങ്ങയരച്ചത് ചേർത്ത് തിളപ്പിക്കുക. വെള്ളം ആവശ്യത്തിനു ചേർക്കാം. തിളച്ച് വാങ്ങിയാൽ, തേങ്ങ വറുത്തത് ഇടുക. കടുകും കറിവേപ്പിലയും വറവിടുക.
ചേന എരിശ്ശേരി തയ്യാർ. എരിശ്ശേരിയൊക്കെയുണ്ടാക്കിയാൽ വേഗം തീർക്കുക. ആവശ്യത്തിനുമാത്രം ഉണ്ടാക്കുക. അധികം നേരമൊന്നും കേടാവാതെ ഇരിക്കില്ല.

Friday, August 07, 2009

കുമ്പളങ്ങ പച്ചടി

കുമ്പളങ്ങ ഇഷ്ടമാണോ? കൃഷിസ്ഥലത്തുനിന്ന് നേരിട്ട് പറിച്ചെടുത്ത് കറികൾ ഉണ്ടാക്കിയാൽ എന്തൊരു സ്വാദായിരിക്കും അല്ലേ? തൽക്കാലം അതിനു നിവൃത്തിയില്ല. അതുകൊണ്ട് കടയിൽനിന്ന് വാങ്ങി കറികൾ ഉണ്ടാക്കുകയേ നിവൃത്തിയുള്ളൂ. മൊളേഷ്യവും എരിശ്ശേരിയും ഓലനും മോരുകറിയും ഒക്കെ വെക്കാം കുമ്പളങ്ങ കൊണ്ട്.

പച്ചടി വെക്കാൻ കുമ്പളങ്ങയും, തേങ്ങയും, ഉപ്പും മുളകുപൊടിയും പച്ചമുളകും കടുകും വേണം. പിന്നെ വറവിടാനുള്ളതും.

ചിത്രത്തിലുള്ളതുപോലെ ഒരു കഷണം കുമ്പളങ്ങ എടുക്കുക. തോലുകളഞ്ഞ് മുറിക്കുക. കഴുകുക.
വെന്താൽ ഉടച്ചെടുക്കാം എന്ന് വിചാരിച്ച് ഞാൻ കുറച്ച് വലുപ്പത്തിലാണ് മുറിച്ചത്. ചെറുതാക്കി മുറിക്കുന്നതാണ് നല്ലത്.

കഴുകിയെടുത്ത് മൂന്നോ നാലോ പച്ചമുളക് ചീന്തിയിട്ടോ മുറിച്ചിട്ടോ എടുക്കുക.

ഉപ്പും, അല്പം മുളകുപൊടിയും ഇടുക. മുളകുപൊടി ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല. എരിവ് ഇഷ്ടമെങ്കിൽ മുളകുപൊടി ചേർക്കാം.

വേവിക്കുക. നല്ലോണം വേവണം. കുക്കറിൽ ആണെങ്കിൽ വെള്ളം ഒഴിച്ചു എന്നു വരുത്തിയാൽ മതി. വെന്ത കഷണങ്ങളിൽ വെള്ളം ഉണ്ടാവരുത്. ഉണ്ടെങ്കിൽ വറ്റിച്ചെടുക്കാം.മൂന്ന് ടേബിൾസ്പൂൺ തേങ്ങയെടുത്ത് കാൽ ടീസ്പൂൺ കടുകും കൂട്ടി മിനുസമായിട്ട് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ വെള്ളത്തിനുപകരം മോരും വെള്ളം ഉപയോഗിക്കുക.

വെന്തത് തണുത്തിട്ട് മാത്രമേ തേങ്ങയരച്ചത് അതിലേക്ക് ഇടാവൂ. അതുകൊണ്ട് പച്ചടിയുണ്ടാക്കുമ്പോൾ, എത്രയും നേരത്തെ കഷണങ്ങൾ അവിടെ വേവിച്ചുവയ്ക്കുക.

തണുത്താൽ കഷണങ്ങളൊക്കെ ഒന്നുടച്ചിട്ട് തേങ്ങയരച്ചത് ചേർക്കുക. അര ഗ്ലാസ്സ് തൈരും ചേർക്കുക. തേങ്ങയും തൈരുമൊക്കെ കുറച്ച് കൂടിപ്പോയാൽ പ്രശ്നമൊന്നുമില്ല. പക്ഷേ അധികം വെള്ളം പോലെ ആവാതെയിരിക്കുന്നതാണ് നല്ലത്.
കഷണം വെന്താൽ അതിൽ കറിവേപ്പില, തണ്ടോടെ ഇടണം. ഒരു തണ്ട് ഇല രണ്ടാക്കി മുറിച്ച് ഇട്ടാൽ മതി. കടുകും മുളകും കറിവേപ്പിലയും വറവിടുക.

എല്ലാവർക്കും കുമ്പളങ്ങപ്പച്ചടി ഇഷ്ടമാവും എന്നു കരുതുന്നു.

Friday, July 31, 2009

പൊട്ടുകടലപ്പൊടി

പൊട്ടുകടല കൊണ്ട് വെള്ളവും ചേർത്ത് ചമ്മന്തിയുണ്ടാക്കുകയാണ് പലയിടത്തും പതിവ്. പൊട്ടുകടല കൊണ്ട് ചമ്മന്തിപ്പൊടിയുണ്ടാക്കി വെച്ചാലോ? ചോറിനും ദോശയ്ക്കും ചപ്പാത്തിയ്ക്കും ഒക്കെ കൂട്ടിക്കഴിക്കാം. യാത്രയിൽ കൊണ്ടുപോകാം. കുറച്ച് തൈരും ഒഴിച്ചാൽ നല്ല ചമ്മന്തിയായി.
പൊട്ടുകടല - ചിത്രത്തിൽ ഉള്ളതുപോലെ.
മുളകുപൊടി -മുക്കാൽ ടീസ്പൂൺ (വേണമെങ്കിൽ കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം).
വെളുത്തുള്ളി - എട്ട് ചെറിയ അല്ലി.
ഉപ്പ്.

പൊട്ടുകടല ആദ്യം തന്നെ നന്നായി വറുക്കണം. എണ്ണയൊന്നും ഒഴിക്കരുത്. വറുത്തെടുത്താൽ തണുക്കാൻ വയ്ക്കുക. നന്നായി മൊരിയണം. ഇല്ലെങ്കിൽ പച്ചസ്വാദ് വരും. കരിയാനും പാടില്ല. ഒക്കെച്ചേർത്ത് പൊടിക്കുക. ആദ്യം കടലയും മുളകുപൊടിയും ഉപ്പും ഇട്ട് ഒന്ന് പൊടിച്ചതിനുശേഷം വെളുത്തുള്ളി ഇട്ട് പൊടിച്ചാലും മതി.

വെളുത്തുള്ളിയുടെ സ്വാദും പൊട്ടുകടലയുടെ സ്വാദും ഒക്കെ ഇഷ്ടപ്പെടുന്നവർക്കു മാത്രമേ ഇത് ഇഷ്ടപ്പെടാൻ സാദ്ധ്യതയുള്ളൂ എന്നു തോന്നുന്നു.

Thursday, July 30, 2009

ഗോതമ്പ് അപ്പം

അപ്പം അഥവാ പാലപ്പം പോലെ ഒരു വിഭവമാണ് ഗോതമ്പ് അപ്പം. അരിപ്പൊടികൊണ്ട് പാലപ്പം ഉണ്ടാക്കുന്നതുപോലെത്തന്നെ ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കുന്ന അപ്പം.

വേണ്ടതെന്തൊക്കെയാണെന്നു വെച്ചാൽ :‌-

തേങ്ങാവെള്ളം - കുറച്ചു വല്യ ഒരു ഗ്ലാസ്സ് നിറയെ.
പഞ്ചസാര - രണ്ട് ടീസ്പൂൺ.
ഗോതമ്പുപൊടി - രണ്ട് ഗ്ലാസ്സ്.
തേങ്ങ ചിരവിയത് - അര മുറിത്തേങ്ങ. മിനുസമായിട്ട് അരയ്ക്കുക.
യീസ്റ്റ് - ആറ് മണി.
ഉപ്പ്
റവ/ അരിപ്പൊടി - ഒരു ടേബിൾസ്പൂൺ.

തേങ്ങാവെള്ളത്തിൽ പഞ്ചസാരയിട്ട് ഒരു പത്ത് മണിക്കൂറെങ്കിലും വയ്ക്കണം.
അപ്പം ഉണ്ടാക്കുന്നതിന്റെ തലേദിവസം തന്നെ, ഗോതമ്പുപൊടിയിൽ, പുളിപ്പിച്ച തേങ്ങാവെള്ളം, ഉപ്പ്, തേങ്ങ അരച്ചത്, എന്നിവയൊഴിച്ച് ആവശ്യത്തിനു വെള്ളവും ചേർത്ത് അപ്പത്തിന്റെ മാവിന്റെ രീതിയിൽ കുഴച്ചുവയ്ക്കുക.
ഉണ്ടാക്കുന്നതിനു മുമ്പ് അതിൽ റവയോ അരിപ്പൊടിയോ, അടുപ്പത്ത് തിളയ്ക്കുന്ന വെള്ളത്തിലിട്ട് കുറുക്കി ഇതിൽ ചേർക്കുക.അപ്പച്ചട്ടി ചൂടായാൽ കുറച്ച് കോരിയൊഴിച്ച് അപ്പമുണ്ടാക്കിയെടുക്കുക. കറിയും കൂട്ടി കഴിക്കുക. ചമ്മന്തി കൂട്ടിയാലും മതി.
കൂട്ടിൽ തേങ്ങാപ്പാലും വേണമെങ്കിൽ ചേർക്കാം.

Friday, July 17, 2009

സൂചിറവപ്പായസം

ഒന്നും വയ്യെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഒരു മ്ലാനത. അപ്പോഴാണ് പാട്ട് കേട്ടത്. അല്ല പരസ്യം കേട്ടത്. മധുരം കഴിക്കണം ഇന്നൊന്നാംതീയ്യതിയായ് എന്ന പരസ്യം. ഇന്ന് കർക്കടകം ഒന്നല്ലേ. അപ്പോ മധുരം തന്നെ ആവാംന്ന് വിചാരിച്ചു. അല്ലെങ്കിലും അല്പം മധുരത്തിന്റെ ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് ഈ പായസം ഉണ്ടാക്കാൻ തീരുമാനിച്ചത്.

പായസം എന്നൊക്കെപ്പറയാമെങ്കിലും ഇത് വല്യ ഒരു പായസമൊന്നുമല്ല. ഉണ്ടാക്കാനും കഴിക്കാനും എളുപ്പം. ആർക്കും ഉണ്ടാക്കിയെടുക്കാം.

സൂചി റവ വേണം - കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഗ്ലാസ്സിൽ അര ഗ്ലാസ്സ്.
ശർക്കര - 6 ആണി. (കൂട്ടുകയോ കുറയ്ക്കുകയോ നിങ്ങളുടെ ഇഷ്ടം പോലെ.
ചെറുപഴം - 2. അല്പം പുളിയുള്ളതായാലും കുഴപ്പമില്ല. ഇനി നേന്ത്രപ്പഴം ആയാലും പ്രശ്നമില്ല.
തേങ്ങ - അരമുറി ചിരവിയത്.

ആദ്യം തന്നെ കുറച്ചു വല്യ പാത്രത്തിൽ റവ അളന്നെടുത്ത ഗ്ലാസ്സിന് ഏഴെട്ട് ഗ്ലാസ്സ് വെള്ളം അടുപ്പത്ത് വയ്ക്കുക.
അതു തിളച്ചാൽ തീ കുറച്ച്, റവ കുറച്ചുകുറച്ചായിട്ട് വെള്ളത്തിലേക്കിട്ട് ഇളക്കിക്കൊണ്ടിരിക്കണം.പിന്നെ റവ വെന്തോട്ടെ. ഇടയ്ക്ക് ഇളക്കണം. ഇല്ലെങ്കിൽ കരിഞ്ഞുപിടിക്കാൻ സാദ്ധ്യതയുണ്ട്.വെന്താൽ, ശർക്കരയിടുക. ഇളക്കുക. അതു തിളച്ചു യോജിച്ചോട്ടെ. തീ കുറേ കൂട്ടിവയ്ക്കരുത്. ഒക്കെക്കൂടെ വെള്ളം വറ്റിപ്പോവുകയേ ഉള്ളൂ.

ശരക്കരയും ഇളകി വെന്ത് യോജിച്ചാൽ തേങ്ങയിട്ടിളക്കുക. പിന്നെ കുറച്ചുനേരം വെച്ചാൽ മതി. വാങ്ങിവെച്ച് പഴം മുറിച്ചിടുക. സൂചിറവപ്പായസം തയ്യാർ.തണുത്താൽ കട്ടിയാവും. അങ്ങനെ ആവേണ്ടെങ്കിൽ, കുറച്ചു വെള്ളം തിളപ്പിച്ച്, ശർക്കരയിടുമ്പോൾ ചേർക്കുക. റവ് വെന്ത് കഴിയുമ്പോൾ വെള്ളം കുറവാണെന്നു തോന്നിയാലും വെള്ളമൊഴിക്കാം. പക്ഷേ തിളപ്പിച്ച വെള്ളമായാൽ നല്ലത്. പുളിയുള്ള പഴം ആയാൽ മധുരത്തിനിടയ്ക്ക് അല്പം പുളിയും വരും. ഇനി അണ്ടിപ്പരിപ്പ്, മുന്തിരി ഒക്കെ വറവിടണമെങ്കിൽ അങ്ങനെ ആവാം. തേങ്ങയ്ക്കു പകരം തേങ്ങാപ്പാൽ ഒഴിക്കണമെങ്കിൽ അതും ആവാം. റവ വറുത്തില്ല ഞാൻ. വറുത്താലും ഇല്ലെങ്കിലും കുഴപ്പമില്ല.

Tuesday, July 14, 2009

തുവരക്കൂട്ടാൻ
തുവര കൊണ്ട് കറി വെക്കാറുണ്ടോ? തുവരപ്പരിപ്പ് കൊണ്ട് പലവിഭവങ്ങളും ഉണ്ടാക്കാറില്ലേ? ആ പരിപ്പുണ്ടാക്കുന്നത് ഈ തുവരകൊണ്ടാണ്. ഇത് ഒരു പ്രാവശ്യം വെച്ചുനോക്കിയാൽ അറിയാം ഇഷ്ടമാണോ അല്ലയോ എന്ന്. എല്ലാവർക്കും ഇഷ്ടമാവും. സാധാരണയായി തുവരക്കൂട്ടാൻ അല്ലെങ്കിൽ തുവരക്കറി അല്ലെങ്കിൽ തോരക്കൂട്ടാൻ വെക്കുന്നതാണ് ഞാൻ ഇവിടെ പറയുന്നത്. നിങ്ങൾക്ക് ഇഷ്ടം‌പോലെ പിന്നീട് മസാലകൾ ചേർത്തും വേറെ രീതിയിൽ പരീക്ഷിച്ചും ഒക്കെ നോക്കാവുന്നതാണ്.

തുവര - നൂറ് ഗ്രാം.
തേങ്ങ - അഞ്ച് ടേബിൾസ്പൂൺ.
ചുവന്ന മുളക് - മൂന്നെണ്ണം (കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം).
മഞ്ഞൾപ്പൊടി
ഉപ്പ്
തേങ്ങയും മുളകും അരയ്ക്കുക. മുളക് അരയ്ക്കുന്നതിനുപകരം മുളകുപൊടി ആവശ്യത്തിനു ചേർത്താലും മതി. അരയ്ക്കുമ്പോൾ, അല്പം ജീരകവും ഇഷ്ടമുണ്ടെങ്കിൽ ചേർക്കാം.
തുവരയിൽ കല്ലും പുല്ലും ഒക്കെയുണ്ടെങ്കിൽ അതൊക്കെ കളഞ്ഞുവൃത്തിയാക്കി, തലേന്ന് വെള്ളത്തിലിട്ടു വയ്ക്കുക. എന്നാൽ നന്നായി വേവും.
തുവര കഴുകിയെടുത്ത്, അതിൽ മഞ്ഞൾപ്പൊടിയിട്ട് വെള്ളവുമൊഴിച്ച് വേവിക്കുക. നന്നായി വെന്താലേ സ്വാദുണ്ടാവൂ.
വെന്താൽ, ആദ്യം തന്നെ അതിലെ വെള്ളം വേറൊരു പാത്രത്തിലേക്ക് ഊറ്റിവയ്ക്കുക.എന്നിട്ട്, തുവര, നല്ലവണ്ണം ഒരു സ്പൂൺകൊണ്ട് ഉടയ്ക്കുക.
വെന്ത തുവര, കല്ലിലോ മിക്സിയിലോ ഇട്ട് ഒന്ന് ചതച്ചെടുക്കുന്നതാണ് പതിവ്. അങ്ങനെ പറ്റുമെങ്കിൽ ചെയ്യുക. പകുതി തുവര ചതച്ചാൽ മതി.
ഉപ്പിടുക. തേങ്ങയരച്ചതും ആവശ്യത്തിനു വെള്ളവും (ഊറ്റിവെച്ച വെള്ളം ആദ്യം ചേർക്കുക. അതു പോരെങ്കിൽ പച്ചവെള്ളം ചേർക്കുക.) ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കണം.
തിളച്ചുയോജിച്ചാൽ വാങ്ങിവെച്ച് വറവിടുക.

Friday, July 03, 2009

ചൂ ചൂ ചുണ്ടങ്ങ

ചുണ്ടങ്ങ എന്നു കേട്ടിട്ടില്ലേ? ചുണ്ടങ്ങ കണ്ടിട്ടില്ലേ? ഇതാണു ചുണ്ടങ്ങ മരം/ ചെടി.നിങ്ങളുടെയൊക്കെ വീട്ടിലോ പറമ്പിലോ ഉണ്ടോ? ആദ്യം ഞാൻ വിചാരിച്ചത് അതുകൊണ്ടൊരു ഗുണമില്ല, അതു വെറുതേ വേലിപ്പടർപ്പിനു നിൽക്കുന്നതെന്നായിരുന്നു. അനിയത്തിക്കുട്ടിയോട് ചോദിച്ചപ്പോൾ അവളു പറഞ്ഞു, ചുണ്ടങ്ങ കൊണ്ട് ഉപ്പേരി വെക്കാംന്ന്. എന്നാല്‍പ്പിന്നെ ഒരുകൈ അല്ല, രണ്ടുകൈയും നോക്കാംന്ന് ഞാനും കരുതി.ഇത് ഒടിഞ്ഞ കൊമ്പ്

ഇത് പൂവ്. കാറ്റുള്ളതുകാരണം ഫോട്ടോ ശരിയായില്ല. (അല്ലെങ്കിൽ കുറേ ശരിയായി. ;))
ഇത് ചുണ്ടങ്ങ.
ചുണ്ടങ്ങ ചെടിയിൽ നിന്ന് പറിച്ചെടുക്കുക. നിറയെ മുള്ളുണ്ടാവും കുത്തും. വേദനിക്കും. സൂക്ഷിക്കുക. പിന്നെ ചുണ്ടങ്ങ എടുത്ത് അമ്മിക്കല്ലുകൊണ്ട് കുത്തിച്ചതയ്ക്കുക. അപ്പോ അതിനുള്ളിലെ അരി അഥവാ കുരു പോകും. പിന്നെ കഴുകുക. കുരു മുഴുവനായിട്ടും പോകും.
കുരുവിന് കയ്പുണ്ടാവുമെന്ന് വിശ്വാസം. കഴുകിക്കഴിഞ്ഞ് വാരിയെടുത്ത് വയ്ക്കുക.

പാത്രത്തിലോ ചീനച്ചട്ടിയിലോ ആദ്യം കുറച്ച് പാചകയെണ്ണ ഏതെങ്കിലും ഒഴിക്കുക. കുറച്ച് ഉഴുന്നുപരിപ്പിടുക. ചുവന്നുവരുമ്പോഴേക്കും, കടുകും, ചുവന്ന മുളക് പൊട്ടിച്ചെടുത്തതും ഇടുക. കടുക് പൊട്ടുമ്പോഴേക്കും കറിവേപ്പിലയും ഇടുക. തീ കുറച്ച്, ചുണ്ടങ്ങ ഇടുക. മഞ്ഞളും ഉപ്പും ഇടുക. വേവിക്കാൻ വേണ്ട വെള്ളം ഒഴിക്കുക. എരിവ് വേണ്ടവർ മുളകുപൊടിയും ഇടുക. വേവിക്കുക. വാങ്ങിവെച്ച് ചിരവിയ തേങ്ങ കുറച്ചിടുക. ഉപ്പേരി തയ്യാർ.
ഇനി സ്പെഷൽ വേണമെങ്കിൽ ഉള്ളിയും വെളുത്തുള്ളിയും ഒക്കെ വഴറ്റാം. എന്നിട്ട് ചുണ്ടങ്ങയിട്ട് ഉപ്പേരിയുണ്ടാക്കാം. തിന്നുമ്പോൾ അതിന്റെ തോലു മാത്രം വേറെ കടിക്കുന്നതുപോലെ തോന്നും. നന്നായി വേവിക്കുക.

ചിത്രങ്ങളൊക്കെ ക്ലിക്ക് ചെയ്താൽ വലുതായിട്ട് കാണാം എന്നു പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ അല്ലേ?
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]