എരിശ്ശേരി പല പച്ചക്കറികൾ കൊണ്ടു വയ്ക്കാം. ചേന കൊണ്ട് വയ്ക്കാമെന്നാണ് ഞാനിപ്പോ തീരുമാനിച്ചത്.
ആവശ്യമുള്ളത് ഒക്കെ ആദ്യം തന്നെ ഒരുക്കിവയ്ക്കുക.

ചേന ചിത്രത്തിൽ ഉള്ളതുപോലെ കുറച്ചു കഷണങ്ങൾ - ചെറുതാക്കി മുറിക്കണം. ഇത് വേഗം വെന്തുടയുന്നതായതുകൊണ്ട് ഞാൻ ഇങ്ങനെ മുറിച്ചതാണ്.
പരിപ്പ് - കടലപ്പരിപ്പ് 3 ടേബിൾസ്പൂൺ.
ഇവിടെ കടലപ്പരിപ്പ് ആണ് എടുത്തത്. സാധാരണയായി തുവരപ്പരിപ്പും ചെറുപരിപ്പുമാണ് എടുക്കാറുള്ളത്.
തേങ്ങ - നാല് ടേബിൾസ്പൂൺ, കാൽ ടീസ്പൂൺ ജീരകവും ചേർത്ത് അരച്ചത്.
ഉപ്പ്
മുളകുപൊടി - അര ടീസ്പൂൺ. പൊടിയിടുന്നില്ലെങ്കിൽ തേങ്ങ അരയ്ക്കുമ്പോൾ ചുവന്ന മുളക് ആവശ്യത്തിനു ചേർത്ത് അരയ്ക്കുക.
മഞ്ഞൾപ്പൊടി.
വറവിടാനുള്ള വസ്തുക്കൾ.
തേങ്ങ - ഒരു ടേബിൾസ്പൂൺ. കുറച്ച് വെളിച്ചെണ്ണയൊഴിച്ച് വറുത്തെടുക്കുക. (രണ്ട് ടേബിൾസ്പൂൺ ആയാലും കുഴപ്പമില്ല. സ്വാദു കൂട്ടാൻ ചേർക്കുന്നതാണ്. ചുവക്കെ വറുക്കണം).
ചേന മുറിച്ച് കഴുകുക. പരിപ്പ് കഴുകിയെടുക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയിട്ട് നല്ലപോലെ വേവിക്കുക. വെന്താൽ ഉപ്പിടുക. തേങ്ങയരച്ചത് ചേർത്ത് തിളപ്പിക്കുക. വെള്ളം ആവശ്യത്തിനു ചേർക്കാം. തിളച്ച് വാങ്ങിയാൽ, തേങ്ങ വറുത്തത് ഇടുക. കടുകും കറിവേപ്പിലയും വറവിടുക.

ചേന എരിശ്ശേരി തയ്യാർ. എരിശ്ശേരിയൊക്കെയുണ്ടാക്കിയാൽ വേഗം തീർക്കുക. ആവശ്യത്തിനുമാത്രം ഉണ്ടാക്കുക. അധികം നേരമൊന്നും കേടാവാതെ ഇരിക്കില്ല.
4 comments:
വേഗം തീര്ക്കുന്ന കാര്യമാണോ പ്രയാസം
;)
ഇടക്കുണ്ടാക്കാറുണ്ട്. ഇതു തന്നെയല്ലേ കൂട്ടുകറി എന്നു പറയുന്നതും?
ശ്രീ :)
എഴുത്തുകാരിച്ചേച്ചീ :) കൂട്ടുകറിയിൽ വേറെയും കൂട്ടുണ്ടല്ലോ. കായയും കടലയും ഒക്കെ. ഇത് വെറും ചേനയായതുകൊണ്ട് എരിശ്ശേരി.
hi su chechi, thanks for this. i made this and got compliments from my roomates.
Post a Comment