Monday, December 31, 2007

തൈരുചോറ്/Curd Rice

തയ്യാറാക്കാന്‍ എളുപ്പം. തിന്നാന്‍ അതിലും എളുപ്പം. ഇതാണ് തൈരുചോറിന്റെ അല്ലെങ്കില്‍ തൈരുസാദത്തിന്റെ ഗുണം. പാചകം അധികം അറിയാത്തവര്‍ക്കും ഇതുണ്ടാക്കിയെടുക്കാന്‍ ഒരു വിഷമവുമില്ല.
കുറച്ച് പച്ചരിച്ചോറുണ്ടാക്കുക. അത് തണുത്തിട്ട്, അതിലേക്ക്, കുറച്ച് പച്ചമുളകും, ഇഞ്ചിയും, കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിടുക. ഉപ്പും ആവശ്യത്തിനു ചേര്‍ക്കുക. കുറച്ച് തൈര്‍ അതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാകം നോക്കി യോജിപ്പിക്കുക. അധികം വെള്ളം പോലെ വേണമെന്നില്ല. തീരെ തൈര്‍ ഇല്ലാതെയും പറ്റില്ല. അതുകഴിഞ്ഞ്, അതിലേക്ക്, അല്പം, ഉഴുന്നുപരിപ്പും, കടുകും,
ചുവന്ന മുളകും വറുത്തിടുക. പിന്നേം ഇളക്കി യോജിപ്പിക്കുക. തൈരുചോറു റെഡി.

എന്തെങ്കിലും അച്ചാറും പപ്പടവും കൂട്ടിക്കഴിക്കുക.

തൈരിനു നല്ല പുളിയുണ്ടെങ്കില്‍ അല്പം തണുത്ത പാല്‍ ചേര്‍ക്കാം. ഒരു കപ്പ് തൈരിനു അരക്കപ്പ് പാല്‍. യാത്രക്കൊക്കെ പോകുമ്പോള്‍, പാലും തൈരും സമാസമം ചേര്‍ത്ത് എടുക്കുന്നതാണ് നല്ലത്.
വെളുത്തുള്ളിയും മല്ലിയിലയും വേണമെങ്കില്‍ അരിഞ്ഞിടാം.

Thursday, December 27, 2007

കായ വറുക്കൂ, കറുമുറെ തിന്നൂ!

കായവറുത്തത്, അഥവാ കായ ചിപ്സ് കടയില്‍ നിന്നു വാങ്ങുന്നതിനു പല കാരണങ്ങളും ഉണ്ടെന്ന് എനിക്കറിയാം. ഒന്ന്, അത് ചില്ലുകൂട്ടില്‍ കാണുമ്പോഴുണ്ടാവുന്ന കൊതി, അതിന്റെ വിവിധ അളവില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന കവറുകള്‍, വീട്ടില്‍ ഇതൊന്നും ഉണ്ടാക്കിയെടുത്ത് കളയാന്‍ സമയമില്ലായ്മ, പിന്നെ, കടക്കാരന്‍ പാവം, ഇതൊക്കെ ഉണ്ടാക്കിയിട്ട് വാങ്ങിയില്ലെങ്കില്‍പ്പിന്നെ നമ്മളൊക്കെ എന്തിനു ജീവിക്കുന്നു എന്ന വിചാരം. ഏറ്റവും ഒടുവില്‍, വറുത്ത കായയോടുള്ള ഇഷ്ടം, അത് തിന്നാനിഷ്ടം.

ഒടുവിലത്തെ കാരണമാണെങ്കില്‍, എന്തുകൊണ്ട് ചിപ്സ് വീട്ടില്‍ ഉണ്ടാക്കിക്കൂടാ? സമയമൊക്കെയുണ്ട്. ഒരു കിലോ ചിപ്സ്, എടുത്തുവെച്ച്, തിന്നുതീര്‍ക്കാനുള്ള സമയം മതിയല്ലോ. അതുകഴിഞ്ഞ് പത്തുമിനുട്ട് കൊണ്ട് തിന്നുകയും ചെയ്യാം. അങ്ങനെ ശ്രമിക്കുന്നവര്‍ക്കാണ് ഈ പോസ്റ്റ്.

നേന്ത്രക്കായ തോലുകളയുക. ഒരു കായ എടുത്ത്, അതിന്റെ തലയും വാലും അല്പം മുറിച്ചുകളയുക. കായയുടെ പുറത്ത്, നീളത്തില്‍ ഇടവിട്ട്, ചുറ്റും, നാല് വര കത്തികൊണ്ട് വരയ്ക്കുക. തോല്‍ പിടിച്ച് വലിച്ചാല്‍ വൃത്തിയായി പോരും. എന്നിട്ട് വെള്ളത്തിലിടുക. തോലല്ല, കായ. ;)

അതുകഴിഞ്ഞ്, നാലാക്കിയോ, വട്ടത്തിലോ, നിങ്ങള്‍ക്ക് എങ്ങനെ വേണം അങ്ങനെ, ചെറുതായി, അധികം വണ്ണമില്ലാതെ മുറിക്കുക. അതും മുറിച്ച് വെള്ളത്തിലേക്കാണിടേണ്ടത്. നന്നായി കഴുകുക. മൂന്നാലു പ്രാവശ്യം. കായക്കറ പോകാന്‍. എന്നിട്ട്, ഒരു പാത്രത്തിലിട്ട്, പൊടിയുപ്പ് വിതറി, നന്നായി യോജിപ്പിക്കുക.
ഉപ്പ് കുറേയൊന്നും ഇടരുത്. അഥവാ അല്പം കുറഞ്ഞുപോയാലും രണ്ടാമത്തെ പ്രാവശ്യം
വറുക്കാന്‍ ഇടുമ്പോള്‍ ചേര്‍ക്കാം. സ്വാദുനോക്കിയതിനുശേഷം. മഞ്ഞള്‍ ചേര്‍ക്കണം എന്നൊക്കെ ആരെങ്കിലും പറയും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ചേര്‍ക്കാം. ഞാനൊരിക്കലും ചേര്‍ക്കാറില്ല.
വെളിച്ചെണ്ണ ചൂടാക്കാന്‍ വയ്ക്കുക. ചൂടായാല്‍, ഉപ്പുപുരട്ടിവെച്ചിരിക്കുന്നതെടുത്ത് കുറേശ്ശെക്കുറേശ്ശെയായി വെളിച്ചെണ്ണയിലേക്ക് ഇടുക. വേറെ വേറെ ആയിട്ട് ഇടാന്‍ ശ്രദ്ധിക്കുക. ഒരുമിച്ചുകൂടിനിന്നാല്‍ വേവില്ല. അല്പനേരം കഴിഞ്ഞാല്‍ ഒന്ന് തിരിച്ചും മറിച്ചുമൊക്കെ ഇടുക. ഒരുമിച്ചുനില്‍ക്കുന്നതിനെ വേര്‍തിരിക്കുക.
മൊരിഞ്ഞപോലെയായാല്‍ കോരിയെടുത്ത് പ്ലേറ്റില്‍ ഒരു പേപ്പര്‍ വച്ച് അതിലേക്കിടുക. ഒന്ന് തണുത്താല്‍ ഉപ്പ് നോക്കുക. പിന്നേയും വറുക്കാന്‍ ഇടുന്നതിനുമുമ്പ് ഉപ്പ് ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കുക. തണുക്കാതെ അടച്ചുവെക്കരുത്.
വറുത്ത കായ റെഡി. ഇത് തീരുന്നതുവരെ തിന്നുക. വീണ്ടും ഉണ്ടാക്കുക, തിന്നുക. കായ വറുക്കുന്നത് കലയാണ്. എന്നുവെച്ചാല്‍, നോക്കീം കണ്ടും വറുത്തില്ലെങ്കില്‍, എണ്ണ തെറിച്ച് കൈയില്‍ കലയാവും എന്നര്‍ത്ഥം.

ഞാന്‍ വറുത്തപ്പോള്‍, ചിലത് കരിഞ്ഞുപോയിട്ടുണ്ട്. എന്നുവെച്ച് നിങ്ങള്‍ അങ്ങനെ ചെയ്യരുത്. നല്ല വൃത്തിയില്‍ ചെയ്യുക. കാരണം, എന്നെ നിങ്ങള്‍ കുറ്റം പറയില്ലെന്ന് എനിക്കറിയാം. പക്ഷെ, ഞാന്‍ പറയും. ;)
ചൂട് ചായ/കാപ്പി എടുക്കുക. വറുത്തകായയും തിന്ന്, കുടിച്ച് ഇരിക്കുക.

ഇതാണ് വറുത്തകായ വിത് സ്പെഷല്‍ ഇഫക്റ്റ്സ്!

Monday, December 17, 2007

ഓലന്‍

ഓലോലനൊന്നുമതിയെന്തിനു നൂറുകൂട്ടാന്‍, എന്നോ, നൂറുകൂട്ടം എന്നോ ആരോ പറഞ്ഞിട്ടുണ്ട്. ഓലന്‍ എന്നു പറയുന്നത് നല്ലൊരു വിഭവമാണെന്ന് കണക്കാക്കുക. അല്പം, കുമ്പളങ്ങ, അല്‍പ്പം വെള്ളരിക്ക, അല്‍പ്പം മത്തങ്ങ, അല്‍പ്പം മമ്പയര്‍. ഉപ്പ്, പച്ചമുളക്, വെളിച്ചെണ്ണ. ഓലനു വേണ്ടത് ആയി.

കുറച്ച് മമ്പയര്‍ തലേന്ന് വെള്ളത്തിലിട്ട് വെച്ചത്, ആദ്യം കുക്കറില്‍ വേവിച്ചെടുക്കുക.
വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്.

മമ്പയര്‍ വളരെക്കുറച്ച് മതി. കഷണങ്ങള്‍ കഴുകിയെടുത്ത്, രണ്ടോ മൂന്നോ പച്ചമുളകും ഇട്ട്, ഉപ്പിട്ട് വേവിച്ച്, മമ്പയറും ചേര്‍ത്ത് ഒന്നുകൂടെ വേവിച്ച് യോജിപ്പിക്കുക. വേവാന്‍, അതും വളരെക്കുറച്ച് മാത്രം വെള്ളമൊഴിക്കുക. (കുക്കറില്‍ വെച്ചാല്‍ വെന്ത് ചീഞ്ഞുപോകും.) വെന്താല്‍, അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് വാങ്ങുക.


അല്‍പ്പം വെള്ളമൊക്കെയുണ്ടാവും. ഫോട്ടോയില്‍ ഇല്ല.
വെന്തുടഞ്ഞതാണിഷ്ടമെങ്കില്‍ അങ്ങനേയും ഉണ്ടാക്കാം.
വഴുതനങ്ങയോ, നേന്ത്രക്കായയോ വട്ടത്തില്‍ മുറിച്ചും ഓലനില്‍ ഇടാം. വെള്ളരിക്ക ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പച്ചപ്പപ്പായയും ഇടാം. പച്ചപ്പയറും പൊട്ടിച്ചിടാം.
പിന്നെ, തേങ്ങാപ്പാലൊഴിച്ചും ഉണ്ടാക്കാം. പക്ഷെ ഒരു കാര്യം നിങ്ങളോര്‍ക്കണം. തേങ്ങയ്ക്കൊക്കെ ഇപ്പോ എന്താ വില!

Wednesday, December 12, 2007

ഇലപ്പത്തിരി

പത്തിരി ഇഷ്ടമില്ലാത്തവരും, ഇഷ്ടമുള്ളവരും തിന്നാത്തവരും, ഒക്കെയുണ്ടാവും. ഞങ്ങളുടെ വീട്ടില്‍ പത്തിരി ഒരു സ്ഥിരം വിഭവമൊന്നുമല്ല. എന്നാലും, ഇന്ന് പത്തിരി ആയിക്കളയാം എന്നുവിചാരിച്ചാല്‍ കുഴപ്പവുമില്ല. അധികം വസ്തുക്കളൊന്നും വേണ്ട. അരിപ്പൊടി വേണം. തേങ്ങ വേണം, ഉപ്പ് വേണം. ഇതിനു ഇലയും വേണം. അരച്ച് പുളിയ്ക്കാനൊന്നും കാത്തിരിക്കേണ്ട ജോലിയില്ല. പുളി ഇഷ്ടമില്ലാത്തവര്‍ക്കും, പറ്റാത്തവര്‍ക്കും, പുട്ടുപോലെയുള്ള ഒരു വിഭവമാണിത്. ചട്ണിയോ, കറിയോ വെച്ച് കഴിക്കുകയും ചെയ്യാം. നന്നായി, മിനുസമായി പൊടിച്ച്, വറുത്ത, അരി രണ്ട് ഗ്ലാസ്സ്/രണ്ട് കപ്പ് എടുത്ത് അല്‍പ്പം ഉപ്പും ഇട്ട്, വല്യ തേങ്ങയുടെ, അര മുറി തേങ്ങയും ഇട്ട്, നല്ല ചൂടുവെള്ളത്തില്‍ കുഴയ്ക്കുക. വെള്ളമായി ഒഴുകിനടക്കരുത്. ഉരുട്ടിവയ്ക്കാന്‍ പറ്റണം.

ഇല കഷണം കഷണമായി മുറിച്ച് കഴുകിത്തുടച്ച് അതില്‍ വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട്, കുഴച്ചുവെച്ചിരിക്കുന്നതില്‍ നിന്ന് ഓരോ ഉരുളയെടുത്ത് പരത്തുക. ഉരുളയുടെ വലുപ്പം, ഇലയില്‍ നേര്‍മ്മയായി പരത്താന്‍ പറ്റുന്ന വട്ടത്തിന് അനുസരിച്ച് മതി. പരത്തുമ്പോള്‍, കൈയില്‍ അല്‍പ്പം വെള്ളമോ, വെളിച്ചെണ്ണയോ തൊട്ടുകൊണ്ടിരുന്നാല്‍, വേഗം പരത്താം.

ദോശക്കല്ലോ ചപ്പാത്തിക്കല്ലോ ചൂടാക്കി വെളിച്ചെണ്ണ പുരട്ടി, ഇലയോടുകൂടെ അതിലേക്കിടുക.
ചൂടായാല്‍ ഇല എടുത്തുകളയുക. (കളയരുത്, അതില്‍ ഇനിയും പരത്താം.) വെന്താല്‍, ഇല എടുക്കുമ്പോള്‍ വേഗം കിട്ടും. വെന്തില്ലെങ്കില്‍ പറ്റിപ്പിടിക്കും. ഇല എടുത്തുകഴിഞ്ഞ് ഒരു പ്ലേറ്റ് കൊണ്ട് അടച്ചുവെയ്ക്കുക.
തീ കുറച്ച് താഴ്ത്തിവെക്കുക. അതുകഴിഞ്ഞ് പ്ലേറ്റ് നീക്കി മറിച്ചിട്ട്, പ്ലേറ്റ് കൊണ്ട് അടച്ച് ഒന്നുകൂടെ വേവിക്കുക. ഇലപ്പത്തിരി റെഡി.
തേങ്ങാപ്പാലും ചേര്‍ക്കാവുന്നതാണ്. നോണ്‍-സ്റ്റിക്ക് ആവുമ്പോള്‍, വെളിച്ചെണ്ണ ഒഴിക്കേണ്ട ആവശ്യവുമില്ലല്ലോ.

എന്നിട്ട് നന്നായെങ്കില്‍, തിന്നുകഴിഞ്ഞ് പാട്ട് പാടുക.
പത്തു പത്തിരി ചുട്ടമ്മ,
പത്തായത്തില്‍ വെച്ചമ്മ.
എന്നപാട്ടോ,
അപ്പം ചുടുചുടു പാത്തുമ്മാ,
ഇപ്പം വരും പുയ്യാപ്ല,
കൂടെ വരുന്നൊരു കൂട്ടര്‍ക്കെല്ലാം,
പത്തിരിയൊത്തിരി ചുട്ടോളൂ.
(ഇതൊന്നും ഞാനെഴുതിയതല്ല;) പണ്ടേയുള്ളതാണ്. മുഴുവന്‍ ഓര്‍മ്മയില്ല.)
ഇനി നന്നായില്ലെങ്കില്‍ പാടുപെടുക. ;)

Monday, December 10, 2007

മസാല്‍ ദോശ്...ശ്ശ് ...ശ്ശ് ....മസാലദോശ/Masaladosa

ദോശയുണ്ടാക്കുന്നതെങ്ങനെയെന്ന് ഇവിടെ പറഞ്ഞിട്ടുണ്ട്. അതിനരച്ചമാവുതന്നെ ഇതിനും. പിന്നെ വേണ്ടത് മസാലയാണ്. കറി.

അതുണ്ടാക്കാന്‍, ഉരുളക്കിഴങ്ങ് 3-4 എണ്ണം പുഴുങ്ങി തൊലികളയുക. മുറിയ്ക്കുക.
ഗ്രീന്‍ പീസ് ഒരു കപ്പ് തലേന്ന് വെള്ളത്തിലിട്ട് വെച്ചത് വേവിച്ചെടുക്കുക.
ഉരുളക്കിഴങ്ങും പീസും കുക്കറില്‍ വേറെ വേറെ വേവിച്ചാല്‍ മതി. വേറെ വേറെ നിക്കണമെങ്കില്‍ അധികം വേവിക്കേണ്ട. അല്ലെങ്കില്‍, നിങ്ങള്‍ക്ക് നന്നായി വെന്തതാണിഷ്ടമെങ്കില്‍ നന്നായി വേവിക്കുക.
സവാള രണ്ടെണ്ണം തോലു കളഞ്ഞ് നടുവെ മുറിച്ച്, നീളത്തില്‍ നേര്‍മ്മയായി ചീന്തുക.
പച്ചമുളക് ഒന്നോ രണ്ടോ എടുത്ത് ചെറുതായി വട്ടത്തില്‍ അരിയുകയോ നീളത്തില്‍ ചീന്തുകയോ ചെയ്യുക.
പാത്രം, ഫ്രൈയിംഗ് പാന്‍, ചീനച്ചട്ടി, ഏതെങ്കിലുമൊന്ന് ചൂടാക്കി, വെളിച്ചെണ്ണ അല്ലെങ്കില്‍, പാചകയെണ്ണ ഒഴിച്ച്, ഉഴുന്നും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. സവാള വേവുന്നതുവരെ. മഞ്ഞളും, ബാക്കി
കഷണങ്ങള്‍ക്കു കൂടെ ആവശ്യമായ ഉപ്പും ചേര്‍ക്കുക. പിന്നേം അല്പം വഴറ്റുക.
ഗ്രീന്‍പീസും, ഉരുളക്കിഴങ്ങ് വേവിച്ച് മുറിച്ചതും, ചേര്‍ക്കുക. ഏതെങ്കിലും വെജിറ്റബിള്‍ മസാലപൌഡര്‍ ചേര്‍ക്കുക. മുളകുപൊടി മാത്രമേ ഉള്ളൂവെങ്കില്‍ അതു ചേര്‍ക്കുക. അല്പം മതി. ഞാന്‍ മുളകും, മല്ലിയും, ഉലുവയും, കായവും ഒന്നിച്ച് പൊടിച്ചതാണ് ചേര്‍ക്കാറ്. വാങ്ങിവെക്കുക. മസാല റെഡി.

ഇനി ദോശക്കല്ല്, ദോശച്ചട്ടി, അടുപ്പത്ത് വെച്ച് മാവൊഴിച്ച് പരത്തുക.


വേവുന്നതുവരെ കാക്കുക.








എണ്ണ പുരട്ടി മറിച്ചിടുക.


അതിനുശേഷം വീണ്ടും തിരിച്ചിട്ട്, അല്‍പ്പം മസാലക്കറി എടുത്ത്, നടുവിലോ
ഒരു സൈഡിലോ വച്ച് നിരത്തുക.


ദോശ മടക്കുക.

മസാലദോശ റെഡി.



ചട്ണിയോ സാമ്പാറോ കൂട്ടി കഴിക്കുക.

ദോശ, മാവൊഴിച്ച് പരത്തി വെന്തുകഴിഞ്ഞാല്‍പ്പിന്നെ, തീ ഏറ്റവും കുറവില്‍ ആയിരിക്കേണം. മറിച്ചിടുമ്പോള്‍ പോലും.
ഗ്രീന്‍പീസ് ഇടുന്നില്ലെങ്കിലും കുഴപ്പമില്ല. വെറും ഉരുളക്കിഴങ്ങ്, സവാള മതി. പിന്നെ
കാരറ്റോ, നിങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള മറ്റുവസ്തുക്കളോ ഇട്ടാലും പ്രശ്നവുമില്ല.


ഇങ്ങനേയും മടക്കി, മസാല വയ്ക്കാം.

എന്റെ വീട്ടിലോ, അമ്മയുടെ വീട്ടിലോ ഒക്കെ ആയിരുന്നെങ്കില്‍........ഹോട്ടലില്‍ കിട്ടുന്നതുപോലെ വല്യൊരു ദോശയുണ്ടാക്കാമായിരുന്നൂ........

ഇവിടെയുള്ള പഴയ നോണ്‍-സ്റ്റിക്കില്‍ ഇത്രേ വലുപ്പം വരൂ.

Saturday, December 08, 2007

ചേനയുപ്പേരി

ചേനയുപ്പേരി അഥവാ ചേനത്തോരന് നല്ല സ്വാദാണെന്ന് കഴിച്ചവരൊക്കെ സമ്മതിക്കുമോന്ന് എനിക്കറിയില്ല. എന്നാലും കഴിക്കാത്തവര്‍ കഴിക്കുക. ചേന, കായ വറുത്തത് പോലെയും വറുത്തെടുക്കാം.
ചേന തോല്/തൊലി ചെത്തിക്കളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക. കഷണങ്ങളൊക്കെ ഒരുപോലെ കുഞ്ഞുകുഞ്ഞായാലേ വെച്ചെടുത്താല്‍ ഒരു ഭംഗിയുണ്ടാവൂ. ഭംഗിക്കുവേണ്ടിയാണോ കറിയ്ക്ക് മുറിയ്ക്കുന്നത് എന്ന് ചോദിക്കരുത്. അങ്ങനെയല്ലെങ്കില്‍പ്പിന്നെ എല്ലാത്തിനും ഒരുപോലെയാണോ മുറിക്കുന്നത്? ഞാന്‍ കൈകൊണ്ട്, കത്തികൊണ്ട് മാത്രം മുറിക്കുന്നതുകൊണ്ട്, കഷണങ്ങള്‍ കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ പോകും. പക്ഷെ പലകയില്‍ വെച്ച് മുറിക്കുന്നവര്‍ വൃത്തിയായി, കൃത്യമായി മുറിക്കുക. ;)
ചേന മുറിച്ചെടുത്ത് കഴുകുക. ചൊറിഞ്ഞാലും പേടിക്കാനൊന്നുമില്ല.
ഒരു പാത്രം, അഥവാ ചീനച്ചട്ടിയെടുത്ത് തീയുടെ മുകളില്‍ വയ്ക്കുക.
അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വറവിടാന്‍ മാത്രം.
ഉഴുന്ന്, ഒരു ടീസ്പൂണോ, അല്പം അധികമോ അതിലേക്ക് ഇടുക.
ഉഴുന്ന് അല്പം ചൂടായാല്‍ കടുക് ഇടുക. ചുവന്നമുളകും പൊട്ടിച്ചിടാം വേണമെങ്കില്‍.
കറിവേപ്പില ഇടാന്‍ മറക്കരുത്. ;)
അതൊക്കെ ഇട്ട് പൊട്ടിത്തെറിച്ച് ഒരുവിധമായാല്‍ ചേനക്കഷണങ്ങള്‍ ഇടുക.
മഞ്ഞള്‍ & ഉപ്പ് ഇടുക. മഞ്ഞളിട്ട് നല്ലപോലെ വെന്താല്‍പ്പിന്നെ ചേന ചൊറിയാനുള്ള സാദ്ധ്യത കുറവാണ്. മുളകുപൊടി ഇടുക. ഞാന്‍ ഇടാറില്ല.
വേവിക്കാന്‍ മാത്രം വെള്ളമൊഴിക്കുക. അല്ലെങ്കില്‍ പുഴുക്കാവും.
ചേനക്കഷണങ്ങള്‍, മഞ്ഞള്‍, ഉപ്പ് ഒക്കെയിട്ട് കുക്കറിലിട്ട് വേവിച്ചാലും മതി. അതിലാവുമ്പോള്‍ വെള്ളം വളരെക്കുറച്ച് മതി. പിന്നെ വറവിട്ടാല്‍ മതി.

വെന്തുകഴിഞ്ഞ്, വെള്ളം വറ്റിക്കഴിഞ്ഞാല്‍ തേങ്ങ ചിരവിയിടുക. വാങ്ങിവെച്ചിട്ടായാലും മതി.
വെന്തുകഴിയലും, വെള്ളം വറ്റലും ഒരേ സമയത്തായാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. ചിത്രത്തില്‍ കാണുന്നപോലെ ഉപ്പേരി കിട്ടും.
ഇതാണ് ചേനയുപ്പേരി അഥവാ ചേനത്തോരന്‍.

ചേനയെക്കുറിച്ച് വിക്കിയില്‍ വായിക്കുക.

Monday, December 03, 2007

നേന്ത്രപ്പഴം കാളന്‍

വേണ്ടത്:-
നേന്ത്രപ്പഴം,
കുരുമുളകുപൊടി,
ഉപ്പ്, മഞ്ഞള്‍,
പച്ചമുളക്,
തേങ്ങ,
പുളിയുള്ള തൈര്‍ - കാല്‍ ലിറ്റര്‍,
കടുകും, മുളകും, കറിവേപ്പിലയും, വറവിടാന്‍.
ഒരു നേന്ത്രപ്പഴം, ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കുക. അതില്‍, അര ടീസ്പൂണ്‍ കുരുമുളകുപൊടിയും, ഉപ്പും, മഞ്ഞളും ഇട്ട് വേവിക്കുക. വേവാനുള്ള വെള്ളമേ വേണ്ടൂ. വെന്തുകഴിഞ്ഞാല്‍ വെള്ളമില്ലെങ്കില്‍ അത്രയും നല്ലത്. അധികം പഴുത്തത് അല്ലെങ്കില്‍ സ്പൂണ്‍ കൊണ്ട്, ഒന്ന് ഉടയ്ക്കുക. കാല്‍മുറിയില്‍ അല്‍പ്പം അധികം തേങ്ങ ചിരവി, രണ്ട് പച്ചമുളകും, കുറച്ച് ജീരകവും (അര ടീസ്പൂണ്‍) ചേര്‍ത്ത് നന്നായി അരയ്ക്കുക. വെള്ളത്തിനു പകരം, മോരും വെള്ളം ചേര്‍ത്ത് അരച്ചാല്‍ നല്ലത്. അരച്ചത്, വെന്ത കഷണങ്ങളില്‍ ചേര്‍ക്കുക. നന്നായി തിളച്ച് യോജിച്ച ശേഷം, തൈര്‍ ചേര്‍ത്ത് വാങ്ങിവെച്ച് വറവിടുക. തൈരിനു പകരം മോരായാലും കുഴപ്പമില്ല. പക്ഷെ വെള്ളമൊഴിച്ചത് ആവരുത്. എരിവ്, നിങ്ങളുടെ അളവിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.

Wednesday, November 28, 2007

റവപ്പുട്ടും വെജ് കറിയും



റവപ്പുട്ട്
ഗോതമ്പ് റവ ചൂടാക്കുക/വറുക്കുക. അതില്‍, പൊടിയുപ്പും, വെള്ളവും ചേര്‍ത്ത്, പുട്ടിനുകുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. വെള്ളം, അല്പം ചേര്‍ക്കുമ്പോഴേക്കും, കുഴഞ്ഞപോലെ ആവും. പക്ഷെ, വീണ്ടും വെള്ളം ചേര്‍ത്ത് എല്ലാതരിയും ചേര്‍ത്ത് കുഴയ്ക്കണം. ചിരവിയ തേങ്ങയുംവെച്ച് പുട്ടുണ്ടാക്കിയെടുക്കുക. നല്ലപോലെ വെന്തില്ലെങ്കില്‍, റവപോലെ ഇരിക്കും. കറിയും കൂട്ടി കഴിക്കുക. റവ ആദ്യം ആവികയറ്റിയെടുത്ത് ഉണ്ടാക്കിയാലും നന്നാവും.

വെജ് കറി


വെജ് കറി എന്നുകേട്ട് വല്യ കാര്യം എന്തോ ആണെന്ന് വിചാരിക്കരുത്. ;) ഇത് സ്റ്റ്യൂ, സ്റ്റൂ എന്നൊക്കെപ്പറയുന്നതിന്റെ വകഭേദം ആണ്. തേങ്ങാപ്പാലിന് പകരം, തേങ്ങയരച്ച് ചേര്‍ത്ത്.
ഉരുളക്കിഴങ്ങ്- 3 എണ്ണം, സവാള - രണ്ട്, കാരറ്റ് - ഒന്ന് ചെറുതായി മുറിച്ചശേഷം, അതില്‍ കുറച്ച് പച്ചമുളകും മുറിച്ച്, മുറിച്ചിടുക. എരിവിന്റെ പാകത്തില്‍. അല്പം കുരുമുളകുപൊടിയും, ഉപ്പും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക. കാല്‍ മുറി തേങ്ങ ചിരവി, മിനുസമായി അരച്ച് ചേര്‍ത്ത് തിളപ്പിക്കുക. വാങ്ങിവെച്ച്
വറവിടുക.

Thursday, November 22, 2007

നോമ്പ് പുഴുക്ക്

ദൈവത്തെ സോപ്പിടാന്‍ ആണ് വ്രതമെടുക്കുന്നതെന്ന് പലര്‍ക്കും ഒരു വിചാരമുണ്ട്. ദൈവത്തിനിപ്പോ നമ്മളെന്ത് കഴിച്ചാലും ഒന്നുമില്ല. ഉപവസിക്കുന്നത്, നമ്മുടെ ശരീരത്തിന് നല്ലതാണ്. വെട്ടിവിഴുങ്ങിയിരിക്കുമ്പോള്‍, ഇടയ്ക്കൊരു ബ്രേക്ക്. അമിതാഹാരത്തില്‍ നിന്ന് അല്‍പ്പാഹാരത്തിലേക്ക്. കഴിക്കാതിരിക്കുകയാണെങ്കില്‍ അതും നല്ലത്. അങ്ങനെയാണ് നോമ്പുകള്‍ എടുക്കേണ്ടത്. മനസ്സില്‍ നന്മ വിചാരിച്ച്, ശരീരത്തിനും നല്ലത് കൊടുത്ത് ഇരിക്കുക. നന്മ വിചാരിക്കുന്നതും ചെയ്യുന്നതും എന്നും ആവാം. പക്ഷെ, ഉപവാസം എന്നുമായാല്‍ പലര്‍ക്കും ശരിയാവില്ല.
ഏകാദശിയ്ക്ക് നോമ്പാണെന്ന് ഞാനും ഉറപ്പിച്ചു. ഒന്നും തിന്നാതെയൊന്നുമല്ലെന്ന് എനിക്കു പണ്ടേയറിയാം. അരിഭക്ഷണം കഴിക്കില്ല, അത്ര തന്നെ. ബാക്കിയൊക്കെ കഴിക്കും. പിന്നെ
മത്സ്യമാംസാഹാരങ്ങളും കഴിക്കില്ല. പഴങ്ങള്‍ കഴിക്കാം. കാപ്പി- ചായ കുടിക്കാം.
പുറമെനിന്ന് റെഡിമെയ്ഡ് ആയി കൊണ്ടുവരുന്നതൊന്നും കഴിക്കരുത്. (പഴങ്ങളുടെ
കാര്യമല്ല.)


അങ്ങനെ ഞാന്‍ പുഴുക്കുണ്ടാക്കി.

വേണ്ടത്, കായ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചെറുപയര്‍ എന്നിവയൊക്കെയാണ്.
ഒക്കെ മുറിച്ച്, ചെറുപയറിന്റെ കൂടെ, മഞ്ഞള്‍പ്പൊടിയിട്ട്, മുളകുപൊടിയിട്ട് വേവിക്കുക.
പച്ചമുളക് ഒന്നു രണ്ടെണ്ണം നീളത്തില്‍ ചീന്തിയിടാം.
വെന്താല്‍ ഉപ്പും ചേര്‍ക്കുക.
തേങ്ങ കുറച്ച് ചിരവിയെടുത്ത്, അരയ്ക്കുന്ന പാത്രത്തില്‍ ഇട്ട്, ഒറ്റത്തിരിക്കല്‍.
അതായത്, വെറുമൊരു ചതയ്ക്കല്‍. അരച്ചുമിനുസമായി വെണ്ണപോലെ വേണ്ട.
കഷണങ്ങള്‍ വേവിക്കുമ്പോള്‍ മുളകുപൊടി ഇടുന്നില്ലെങ്കില്‍, ചതയ്ക്കുമ്പോള്‍, പച്ചമുളകും
ചേക്കുക. എരിവിന്റെ ആവശ്യത്തിന്.
കഷണങ്ങള്‍, വെന്ത് ഉപ്പും ഇട്ടുകഴിഞ്ഞാല്‍, തേങ്ങയും ചേര്‍ത്ത്, ഒന്നുകൂടെ വേവിക്കുക.
എന്നിട്ട് വറവിടുക. കുറച്ച് വെളിച്ചെണ്ണയും ഒഴിക്കുക.
തേങ്ങ വെറുതെ ചിരവിയിട്ടാലും മതി പുഴുക്കിന്.
വന്‍പയര്‍, മറ്റു കിഴങ്ങുകള്‍, ഒക്കെയിട്ടും പുഴുക്കുണ്ടാക്കാം.
ഇത്, കായ, ചേമ്പ്, ചേനപ്പുഴുക്കാണ്.






പിന്നെ, എന്തു തിന്നും? ചോറു വേണ്ടേ, പുഴുക്കിന്റെ കൂടെ? ഗോതമ്പച്ചോറു വെയ്ക്കുക. ഗോതമ്പ് റവ, വെള്ളം തിളപ്പിച്ച്, അതിലിട്ട്, ചോറുപോലെ വയ്ക്കുക.

പച്ചടിയുണ്ടാക്കാം. തക്കാളിയോ, വഴുതനങ്ങയോ കൊണ്ട്. നോമ്പാണെന്ന് ഓര്‍മ്മവേണം. ;)
ഞാന്‍ നല്ല തേങ്ങാച്ചമ്മന്തിയും ഉണ്ടാക്കി. നല്ല ചുവന്ന മുളകിട്ട്, അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടിവയ്ക്കുന്നതുപോലെയുള്ള ചമ്മന്തി. ചിത്രത്തില്‍ കാണുന്നില്ലേ? :)





അങ്ങനെ ഏകാദശി നോറ്റു. എന്നിട്ട് ഒരു പാട്ടും പാടി.

“കോലക്കുഴല്‍ വിളി കേട്ടോ, രാധേ എന്‍ രാധേ,
കണ്ണനെന്നെ വിളിച്ചോ, രാവില്‍ ഈ രാവില്‍” എന്ന സിനിമാപ്പാട്ടല്ല. ;)

“എന്നാലും ഞാനറിയുന്നൂ, കണ്ണനെന്നെയാണെന്നെയാണിഷ്ടം” എന്ന പാട്ട്.

Wednesday, November 21, 2007

നേന്ത്രക്കായ മോരുകറി


വേണ്ടത്:-
നേന്ത്രക്കായ - ഒന്ന്, നാലാക്കി, ചീന്തി അധികം വലുപ്പവും, അധികം ചെറുപ്പവും അല്ലാതെ കഷണങ്ങളാക്കിയത്. തൊലി കളയേണ്ട കാര്യമില്ല.
അധികം വലുപ്പമില്ലാത്ത ഒരു തേങ്ങയുടെ അര മുറി ചിരവിയത്.
ജീരകം, കുറച്ച്. കാല്‍ ടീസ്പൂണ്‍ മുഴുവന്‍ വേണ്ട.
(തേങ്ങയും ജീരകവും ചേര്‍ത്ത് മിനുസമായി അരച്ചുവെയ്ക്കുക.)
മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ആവശ്യത്തിന്
നല്ല പുളിയുള്ള മോര്, കാല്‍ ലിറ്റര്‍.
വറവിടാന്‍, കടുകും, കറിവേപ്പിലയും, ചുവന്ന മുളകും.

നേന്ത്രക്കായ, ഉപ്പും, മഞ്ഞളും മുളകുപൊടിയുമിട്ട് വേവിക്കുക. വെന്താല്‍, മോരു ചേര്‍ത്ത് തിളപ്പിക്കുക. തേങ്ങയും ജീരകവും, നന്നായി അരച്ച് വെച്ചത്, അതില്‍ ചേര്‍ക്കുക. അതും നന്നായി തിളച്ചാല്‍, വാങ്ങിവെച്ച്, വറവിടുക. വറവിട്ട ഉടനെ ഇളക്കിമറിച്ചുവയ്ക്കരുത്. അല്‍പ്പം കഴിഞ്ഞശേഷം ഇളക്കുക. എല്ലാ കറികളും.
മറ്റു കാര്യങ്ങള്‍:-
മുളകുപൊടിയ്ക്കുപകരം, പച്ചമുളക്, തേങ്ങയുടെ കൂടെച്ചേര്‍ത്ത് അരച്ച് ചേര്‍ക്കാം. കുരുമുളകുപൊടി ചേര്‍ക്കുകയും ചെയ്യാം.
തേങ്ങ ചേര്‍ത്ത് നന്നായി വെന്തതിനുശേഷം, തൈര്‍ ഒഴിച്ച് ഒന്നു പതപ്പിച്ച് വാങ്ങിവെക്കുകയും ചെയ്യാം.
മോരു കുറവോ കൂടുതലോ ഉപയോഗിക്കാം, നിങ്ങളുടെ ഇഷ്ടം പോലെ. പക്ഷെ, വെള്ളം അധികം ചേര്‍ക്കാത്തതാണ് നല്ലത്.
ഉലുവ വറുത്തുപൊടിച്ച് ചേര്‍ക്കാം വേണമെങ്കില്‍.
ശരിക്കുള്ള കാളനില്‍ വേവാനുള്ള വെള്ളമേ പാടുള്ളൂ. ഇത് അങ്ങനെ വേണമെന്നില്ല. എന്നാലും കുറേ വേണ്ട.

Tuesday, November 20, 2007

അന്നും ഇന്നും

അരിയും, മറ്റു വസ്തുക്കളും, ആട്ടുകല്ലില്‍ അരച്ച്, ദോശയും ഇഡ്ഡലിയും ഉണ്ടാക്കിയെടുത്ത്, അമ്മിക്കല്ലില്‍ അരച്ച ചമ്മന്തിയും കൂട്ടി കഴിക്കുന്ന ഒരു കാലമുണ്ടായിരുന്നു എന്നെഴുതാന്‍ സമയമായോ? ഇന്നും ഇതൊക്കെയുള്ള വീടുകള്‍ ഉണ്ട് എന്നെഴുതണോ?

കറന്റ് പോകുന്ന സമയത്ത്, ആട്ടുകല്ലും, അമ്മിക്കല്ലും ഉപയോഗിക്കാറുണ്ടായിരുന്നു. ഇന്ന് അതും ഇല്ല. സമയം ലാഭിക്കുക എന്നത് മാത്രമാവും കാരണം എന്ന് തോന്നുന്നു, ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്.

ചിരവ പോലും മാറിയിരിക്കുന്നു. ചിരവിയെടുത്ത തേങ്ങയും, മേശമേല്‍ വെച്ച്, ചിരവിയെടുക്കുന്ന ഉപകരണവും വന്നെത്തിയിട്ട് കാലം കുറേയായി. കല്യാണവീടുകളില്‍, രാവ് പകലോളം, തേങ്ങ ചിരവുന്ന ജോലി ഇന്നില്ല. ഗ്രൈന്‍ഡറിനു മുകളില്‍ പിടിപ്പിച്ചിരിക്കുന്ന തേങ്ങ ചിരവല്‍ യന്ത്രത്തില്‍ പിടിച്ചുകൊടുക്കുകയേ വേണ്ടൂ.
മിക്സിയും ഗ്രൈന്‍ഡറും പല പല രൂപത്തിലാണ് കിട്ടാനുള്ളത്. അതുകൊണ്ട്, ആട്ടുകല്ലും, അമ്മിക്കല്ലും, ചില വീടുകളില്‍ ഇല്ലേയില്ല.

കല്‍ച്ചട്ടികളും, മണ്‍ചട്ടികളും, സ്റ്റീല്‍പ്പാത്രങ്ങള്‍ക്കും, നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ക്കും വഴിമാറിയിരിക്കുന്നു.

അരച്ചും പൊടിച്ചുമെടുത്ത്, ദോശയും, ഇഡ്ഡലിയും, പുട്ടും, അപ്പവും ഉണ്ടാക്കുന്നിടത്ത്, ഒക്കെ പായ്ക്കറ്റുകളില്‍, വാങ്ങി, പെട്ടെന്ന് തയ്യാറാക്കുന്നു.
ഇന്ന് മിക്കതും ഡിസൈനര്‍ അടുക്കളകളാണ്. അവിടെ ആധുനിക ഉപകരണങ്ങള്‍ക്കേ പ്രവേശനമുള്ളൂ.
അങ്ങനെയുള്ള വസ്തുക്കളും ഉപകരണങ്ങളും ഉണ്ടായിരുന്നു, ഉപയോഗിച്ചിരുന്നു, എന്ന് നമ്മള്‍ അറിയുമ്പോള്‍, വരും തലമുറ, ഇതൊക്കെ വെറും ചിത്രങ്ങളിലൂടേയും, മറ്റുള്ളവരുടെ വാക്കുകളിലൂടേയും മാത്രം അറിയുന്നു.

അതുകൊണ്ട്, അവയൊക്കെ പുരാവസ്തുക്കളായി മാറ്റി പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ഒരു നിമിഷം.
അമ്മിക്കല്ലും ആട്ടുകല്ലും, സിമന്റില്‍ ഉറപ്പിച്ചുവെച്ചിരിക്കുകയാണ്. ആരും കടത്തിക്കൊണ്ടുപോവുമെന്ന് പേടിക്കേണ്ടല്ലോ. ;)
എന്നാലും ഇനിയും ബാക്കിയുണ്ട് എന്ന് കാണിക്കാന്‍, ഇന്നും നമ്മോടൊപ്പം ചിലത്കൂടെ. ചെറിയ രൂപത്തില്‍.

Wednesday, October 31, 2007

റാഗിപ്പുട്ട്


റാഗിപ്പൊടി കുറച്ചെടുത്ത്, നന്നായി വറുക്കുക. അരി പൊടിച്ച് വറുക്കുന്ന അത്രയും സമയം വേണ്ട. എന്നാലും കുറച്ചുനേരം വറുക്കുക. വറുത്തുകഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ, വേറെ, ഒരു ചൂടില്ലാത്ത പാത്രത്തിലോ, ഒരു പേപ്പറിലോ ഇടുക.

വറുത്ത റാഗിപ്പൊടിയെടുത്ത്, പൊടിയുപ്പിട്ട്, പച്ചവെള്ളവും കൂട്ടി കുഴയ്ക്കുക. പുട്ടിന്റെ പാകത്തില്‍. കട്ട കട്ടയായി നില്‍ക്കുന്നുണ്ടെങ്കില്‍, അരയ്ക്കുന്ന പാത്രത്തിലിട്ട്, മിക്സിയില്‍ ഒറ്റത്തവണ തിരിച്ചെടുക്കുക.
ചിരവിയ തേങ്ങയും എടുത്ത്, പുട്ടുണ്ടാക്കുന്ന പാത്രത്തിലിട്ട് വേവിച്ചെടുക്കുക.


പുട്ട് ആവി വന്നു കഴിഞ്ഞാല്‍, കുക്കറിനുമുകളില്‍ നിന്നോ, പുട്ടിന്റെ പാത്രത്തിനു മുകളില്‍ നിന്നോ, അതിന്റെ പാത്രം എടുത്തുകഴിഞ്ഞാല്‍, രണ്ട്- മൂന്ന് മിനുട്ട് കഴിഞ്ഞ്, പ്ലേറ്റിലേക്കോ പാത്രത്തിലേക്കോ ഇടുക. ഒട്ടും പൊടിയില്ല.


ഇത് കുക്കറിനു മുകളില്‍ വെക്കുന്ന പാത്രത്തില്‍ വേവിച്ചെടുത്തതാണ്.
റാഗിയില്‍, അരിപ്പൊടിയോ, അല്ലെങ്കില്‍ റവയോ, സമാസമം ചേര്‍ത്തും പുട്ടുണ്ടാക്കാവുന്നതാണ്.

പുട്ടിനു കുഴയ്ക്കുമ്പോള്‍, അതില്‍ കുറച്ച് പഞ്ചസാരയും, തേങ്ങയും ചേര്‍ക്കാം. ഡയറ്റിംഗ് ഇല്ലാത്തവര്‍. അല്ലെങ്കില്‍, ഓരോ കഷണത്തിലും വെക്കുന്ന തേങ്ങ തന്നെ അധികം. ;)


കടലക്കറിയോ, ചെറുപയര്‍ കറിയോ, പഴമോ, ഉരുളക്കിഴങ്ങ് കറിയോ, എന്തെങ്കിലും കൂട്ടി കഴിക്കുക.
പുട്ടുണ്ടാക്കുന്ന വിധം ഇവിടെയുണ്ട്

Tuesday, October 30, 2007

കടലപ്പരിപ്പ് വട



വേണം:‌-


കടലപ്പരിപ്പ്


സവാള


ഇഞ്ചി


പച്ചമുളക്


കായം


മുളകുപൊടി

ഉപ്പ്


വെളിച്ചെണ്ണ



കുറച്ച് കടലപ്പരിപ്പെടുത്ത് ഒരു മൂന്ന്-നാലുമണിക്കൂര്‍ വെള്ളത്തിലിട്ടുവെയ്ക്കുക. അത് കുതിരുന്ന സമയത്ത്, കുറച്ച്, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായിച്ചെറുതായി അരിഞ്ഞെടുക്കുക. ഒരു കപ്പിന് രണ്ട് സവാള മതി. വലുതാണെങ്കില്‍ അത്രയും വേണമെന്നും ഇല്ല. ഇത് ഉള്ളിവടയല്ലല്ലോ. ;) ഒക്കെ ചെറുതായി അരിയാന്‍ മടിയ്ക്കരുത്. മടിച്ചാല്‍ തിന്നുമ്പോള്‍ മനസ്സിലാവും.


കടലപ്പരിപ്പ് വെള്ളം കഴുകി, വെള്ളം പൂര്‍ണ്ണമായി കളഞ്ഞ്, അരയ്ക്കുക. ഒട്ടും വെള്ളം വേണ്ട. പേസ്റ്റുപോലെ അരയ്ക്കരുത്. വെറുതെ ഒന്ന് അരയ്ക്കുക. കുറച്ച് പരിപ്പ് അപ്പാടെ കിടക്കണം. അരച്ചാല്‍, ആദ്യം, കുറച്ച് കായം പൊടി, കുറച്ച് മുളകുപൊടി, ഉപ്പുപൊടി (കല്ലുപ്പ് ചേര്‍ക്കരുതെന്ന്. വേറെ ഒന്നുമല്ല.) എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കൈകൊണ്ടാണ് നല്ലത്. അതിനുശേഷം, അരിഞ്ഞുവെച്ചിരിക്കുന്ന എല്ലാ വസ്തുക്കളും, പരിപ്പിലേക്ക് ഇട്ട്, പിന്നേം യോജിപ്പിക്കുക. യോജിപ്പിക്കുന്നത് കൈകൊണ്ടാണെങ്കില്‍ പെട്ടെന്ന് കൈ കഴുകാന്‍ മറക്കരുത്. മുളകുപൊടിയും, പച്ചമുളകും കൊണ്ട് എരിഞ്ഞിട്ട് നില്‍ക്കാന്‍ പറ്റില്ല. ;)


മുളകുപൊടിയും പച്ചമുളകും കൂടുതലൊന്നും ചേര്‍ക്കരുത്. മല്ലിയിലയും ചേര്‍ക്കണമെങ്കില്‍ ആവാം.


ഇതൊക്കെ യോജിപ്പിച്ച് വെച്ചതിനുശേഷം, വെളിച്ചെണ്ണ ചൂടാക്കാന്‍ വയ്ക്കുക. ഈ കൂട്ടില്‍ നിന്ന് കുറച്ചെടുത്ത് ഓരോ ഉരുളയുണ്ടാക്കി, കൈയില്‍ത്തന്നെ പരത്തി മിനുക്കി, വെളിച്ചെണ്ണയിലേക്ക് ഇടുക. തിരിച്ചും മറിച്ചും ഇട്ട്, വേവിച്ച് കോരിയെടുക്കുക. നിങ്ങള്‍ക്കിഷ്ടമുള്ള വലുപ്പത്തില്‍ ഉണ്ടാക്കാം. പക്ഷെ, അധികം കനത്തിലായാല്‍ ഉള്ളില്‍ വേവില്ല. ഓര്‍മ്മിക്കുക. കഴിഞ്ഞ ഉടനെ കൈ കഴുകുക.


എന്നിട്ട് ചട്ണിയിലോ സോസിലോ മുക്കിത്തിന്നുക. അല്ലെങ്കില്‍ വെറുതെ തിന്നുക. തിന്നുമ്പോള്‍ എന്നെ ഓര്‍ക്കണം. ;)

Monday, October 15, 2007

ഫ്രൈ പത്തിരി

കുറച്ച്, ഏകദേശം രണ്ട് കപ്പ്, പുഴുങ്ങലരി, നാലഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
കുറച്ച് തേങ്ങ (ഒരു വല്യ മുറിത്തേങ്ങയുടെ പകുതി) ചിരവിയെടുക്കുക.


തേങ്ങയും, അരിയും, അഞ്ച്- ആറ് ചെറിയ ഉള്ളി(ചുവന്ന ഉള്ളി) യും, ഒരു ടീസ്പൂണ്‍ നിറച്ചും, ജീരകവും, ഉപ്പും ചേര്‍ത്ത് നന്നായി, അരച്ചെടുക്കുക. കുറേ വെള്ളം ആവരുത്.

അരച്ചുകഴിഞ്ഞ്, അതില്‍, കറുത്തതോ വെളുത്തതോ എള്ള് കുറച്ച് ഇടുക. യോജിപ്പിക്കുക.
അതുകഴിഞ്ഞ്, കൂട്ട് അടുപ്പത്ത് വെച്ച് ഇളക്കുക. വെള്ളം വറ്റുമ്പോള്‍, വാങ്ങി വയ്ക്കുക.
അടുപ്പത്ത് വച്ചാല്‍ ഇളക്കിക്കൊണ്ടിരിക്കണം.

വാങ്ങി, അല്‍പ്പം തണുത്താല്‍, കൈകൊണ്ട് തൊടാന്‍ പാകത്തില്‍ ആയാല്‍, എടുത്ത് ഉരുട്ടി, ഒരു പ്ലാസ്റ്റിക് പേപ്പറില്‍, അല്‍പ്പം എണ്ണ പുരട്ടി, അതില്‍ വട്ടത്തില്‍, വേണ്ട വലുപ്പത്തില്‍ പരത്തുക. പരത്തുമ്പോള്‍, അല്‍പ്പം എണ്ണ, വിരലില്‍ തൊട്ടാല്‍, കൈയിലേക്ക്, മാവ് വീണ്ടും ഒട്ടിപ്പിടിക്കില്ല. പരത്തിയിട്ട്, അധികം നേരം വച്ച് എടുക്കുമ്പോള്‍, അതൊക്കെ മുറിഞ്ഞുമുറിഞ്ഞുപോകാന്‍ സാദ്ധ്യതയുണ്ട്.
അതുകൊണ്ട്, ഒറ്റയ്ക്കാണ് പാചകമെങ്കില്‍, കൈകൊണ്ട്, കയ്യിലിട്ട് പരത്തുക. നേരിട്ട് വറുക്കാനിടുക.

ചൂടായ വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുക. വറുക്കാനിടുമ്പോള്‍, എണ്ണയില്‍ നിന്ന് പൊട്ടിത്തെറിയൊക്കെ ഉണ്ടാവും. സൂക്ഷിക്കുക. ഒരു സ്പൂണ്‍ കൊണ്ടോ മറ്റോ, ഒന്ന് അമര്‍ത്തിവിട്ടാല്‍, പൊള്ളച്ചു വരും. (ചിലപ്പോള്‍) ;)




മിനുസമായി അരയണം, അരയ്ക്കുമ്പോള്‍. അല്ലെങ്കില്‍, നേര്‍മ്മയായി പരത്താന്‍ കിട്ടില്ല.
ഉള്ളില്‍ വേവും കുറവാകും. വെള്ളുള്ളി, ഉപയോഗിക്കുന്നവര്‍ക്ക്, അരയ്ക്കുമ്പോള്‍ അതും ചേര്‍ക്കാം. അല്‍പ്പം.

Wednesday, October 10, 2007

നിലക്കടലപ്പൊടി


നിലക്കടല, ഉപ്പ്, വെള്ളുള്ളി, മുളകുപൊടി എന്നിവ വേണം. പുട്ടാണിയും വേണമെങ്കില്‍ ആവാം.
നിലക്കടല, നന്നായി വറുത്തെടുക്കുക. അതുകഴിഞ്ഞ്, ഒന്ന് തണുത്താല്‍, തൊലി
കളഞ്ഞെടുക്കുക. തൊലി കളയുമ്പോള്‍ വായിലേക്കിടരുത്. പിന്നെ ചട്ണിയുണ്ടാക്കേണ്ടിവരില്ല. അതുപോലെ, നല്ലപോലെ വറുക്കണം. നിലക്കടലയ്ക്കു വേദനിക്കാതെ, അതിന്റെ നിറം പോകാതെ വറുത്താല്‍ ചട്ണി കഴിക്കേണ്ടിവരില്ല.

തൊലിയൊക്കെ കളഞ്ഞ്, അതില്‍ പാകത്തിന് ഉപ്പിടുക, മുളകുപൊടി ഇടുക, എട്ട്- പത്ത് അല്ലി, വെള്ളുള്ളി, തൊലി കളഞ്ഞ് ഇടുക. മിക്സിയില്‍ ഇട്ട് പൊടിച്ചെടുക്കുക. തരുതരുപ്പായിട്ട് മതി.




ചിത്രത്തില്‍ കാണുന്നതുപോലെ, എണ്ണയുള്ളതുപോലെ ഉണ്ടാവാന്‍ ഇത്രയും മതി. അത് എണ്ണമയത്തില്‍ ഒട്ടിപ്പിടിച്ചിരിക്കും. ഇനി പൊടിയായി, ഊതിയാല്‍ പറക്കുന്ന രീതിയില്‍ ആവണമെങ്കില്‍, കുറച്ച്, പുട്ടാ‍ണിക്കടല ചേര്‍ക്കുക.

വെള്ളുള്ളി, കുഞ്ഞുകുഞ്ഞാണെങ്കിലേ കുറേ അല്ലികള്‍ ചേര്‍ക്കാവൂ. വലിയ സവാള പോലെയുള്ളതാണെങ്കില്‍ വളരെക്കുറച്ചെണ്ണം മതിയാവും.
ഈ ചട്ണിപ്പൊടി, ചപ്പാത്തിയോടൊപ്പം വളരെ നന്നായിരിക്കും. അല്‍പ്പം തൈരുമൊഴിച്ച്, ചപ്പാത്തി പൊട്ടിച്ച് ഇതുകൂട്ടി കഴിക്കുക. തൈരില്ലാതേയും കഴിക്കാം. പുട്ടാണി ചേര്‍ക്കാത്തതിനാണ് സ്വാദ് കൂടുതല്‍.

Tuesday, October 09, 2007

മുരിങ്ങയിലപ്പാചകം

മുരിങ്ങയിലയെക്കുറിച്ച് വിശദമായി

ദേവന്‍ജി എഴുതിയത് വായിക്കുക.


എരിശ്ശേരി

മുരിങ്ങയില, തണ്ടോടെ കഴുകിയിട്ട്, ഇലമാത്രമായി നുള്ളിയെടുക്കുക. വേവിച്ച പരിപ്പില്‍ ചേര്‍ത്ത് വേവിക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കണം. തേങ്ങ അരച്ചു ചേര്‍ക്കുക. വറവിടുക. കടുക്, കറിവേപ്പില, മുളക്, എന്നിവ. ഇലക്കറികളില്‍ കറിവേപ്പില ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ഇടണം. ;)


മുരിങ്ങയിലത്തോരന്‍

വെളിച്ചെണ്ണയില്‍, ഉഴുന്നുപരിപ്പ്, കറിവേപ്പില, കടുക്, മുളക്, ഒക്കെയിട്ട്, മൊരിച്ച്, മുരിങ്ങയില ചേര്‍ക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി (വേണമെങ്കില്‍)വെന്താല്‍, വാങ്ങിവച്ച് തേങ്ങ ചിരവിയിടുക. വെള്ളം ചേര്‍ക്കേണ്ട.
മുരിങ്ങയില, വെള്ളരിക്ക, പരിപ്പ് എന്നിവയുടെ കൂടെച്ചേര്‍ത്തും കറി വയ്ക്കാം.

വറവിടുമ്പോഴും, തേങ്ങയരയ്ക്കുമ്പോഴും, അരിമണികള്‍ ചേര്‍ക്കാറുണ്ട്. കറിക്ക് കൊഴുപ്പും സ്വാദും കൂടും.
മുരിങ്ങയില കട്‌ലറ്റും, മുരിങ്ങയില ചക്കക്കുരു എരിശ്ശേരിയും ഉണ്ടാക്കാം. (ചീര വയ്ക്കുന്നതുപോലെ)

ചീരക്കറികള്‍

ആരോഗ്യത്തിനു നല്ലതെന്ന് എല്ലാവരും സമ്മതിക്കുന്ന ഇലക്കറികള്‍. ചുവന്ന ചീരയും, പച്ചച്ചീരയും ഉപയോഗിച്ച് പാകം ചെയ്യാവുന്ന കറികളാണ് ഈ പോസ്റ്റില്‍.


ചീര എരിശ്ശേരി

ചീര കഴുകിയെടുത്ത്, ചെറുതായി അരിഞ്ഞെടുക്കുക. കുറച്ച് പരിപ്പ്, കഴുകിയെടുത്ത്, വേവിക്കുക. കുറച്ച് തേങ്ങ ചിരവി, അരച്ചെടുക്കുക. വെന്ത പരിപ്പില്‍, ചീരയും, ഉപ്പും, മഞ്ഞളും, മുളകുപൊടിയും ഇടുക. പെട്ടെന്ന് വേവും. വെന്തു കഴിഞ്ഞാല്‍ തേങ്ങയരച്ചുവച്ചത് ചേര്‍ക്കുക. അധികം വെള്ളം ഒഴിക്കാനേ പാടില്ല. പരിപ്പ് കുക്കറില്‍ വേവിക്കുന്നതാവും എളുപ്പം. ചെറുപയര്‍ പരിപ്പും, കടലപ്പരിപ്പും, തുവരപ്പരിപ്പും ഇടാം. വറവിടണമെന്നില്ല.

ഇതുപോലെതന്നെ, വേവിച്ച്, വെള്ളമില്ലാതെ, തേങ്ങ വെറുതെ, അരയ്ക്കാതെ, ചിരവിയിട്ടും കറി വെക്കാം. തോരന്‍ പോലെ.

ചീരത്തോരന്‍

ചീര ചെറുതായി അരിഞ്ഞെടുക്കുക. ആദ്യം കഴുകുന്നതാണ് നല്ലത്. ഇല മാത്രമല്ല അതിന്റെ കുഞ്ഞുതണ്ടൊക്കെ എടുക്കാം. നന്നായി ചെറുതാക്കി അരിഞ്ഞാല്‍ മതി. ഉഴുന്നുപരിപ്പ്, വെളിച്ചണ്ണയില്‍ ഇട്ട്, ചൂടായി വരുമ്പോള്‍, കടുകും, ചുവന്ന മുളക് പൊട്ടിച്ചതും, കറിവേപ്പിലയും ചേര്‍ക്കുക. മൊരിഞ്ഞാല്‍, അരിഞ്ഞുവച്ച ചീര ഇടുക. ഉപ്പ്, മഞ്ഞള്‍, ചേര്‍ക്കുക. മുളകുപൊടിയും, വേണമെങ്കില്‍. ഇവയൊക്കെ വളരെക്കുറച്ചേ ചേര്‍ക്കാവൂ. അരിഞ്ഞുവെച്ചിരിക്കുന്ന ചീര കണ്ട്, ഇവയൊക്കെ ധാരാളമായി പ്രയോഗിക്കരുത്. ചീര വെന്താല്‍, വളരെക്കുറച്ചേ ഉണ്ടാവൂ. ചീര ചേര്‍ത്ത്, വറവും, കൂടെ നന്നായി ഇളക്കിയോജിപ്പിച്ച ശേഷം അടച്ചുവയ്ക്കുക. തീ വളരെക്കുറയ്ക്കുക. തോരനില്‍ വെള്ളം ഒട്ടും ഒഴിക്കരുത്. അല്‍പ നേരം അടച്ച് വേവിച്ചതിനുശേഷം, തുറന്ന്, ഒന്നുകൂടെ ഇളക്കി, തുറന്നുവച്ച് വേവിക്കുക. അപ്പോഴേക്കും വെന്തിട്ടുണ്ടാവും. മിക്കവാറും. വാങ്ങിവച്ച് തേങ്ങ ചിരവിയിടുക.



കടലപ്പരിപ്പ് വെള്ളമില്ലാതെ വേവിച്ച് (വെള്ളം ചേര്‍ക്കാതെ വേവിച്ച് എന്നല്ല, വെന്തുകഴിഞ്ഞാല്‍, വെള്ളമില്ലാതെ വേറെ വേറെ നില്‍ക്കണം.) തോരനു വേവിച്ച ചീരയില്‍ ചേര്‍ത്തും എടുക്കാം. ചപ്പാത്തിയ്ക്ക് പറ്റും.

തോരന്‍ വയ്ക്കുമ്പോള്‍, സവാളയും ചെറുതായി അരിഞ്ഞ് മൊരിച്ച്, ചീരയിട്ട് വേവിക്കാം.


ചീര- ചക്കക്കുരു എരിശ്ശേരി

ചക്കക്കുരു വേവിക്കുക. കുക്കറില്‍ ഇട്ട്. കുക്കറില്‍, വേറെ എന്തെങ്കിലും വേവിക്കുന്നുണ്ടെങ്കില്‍, കുക്കറിലെ വെള്ളത്തില്‍ വെറുതെ ഇട്ടാല്‍ മതി, ചക്കക്കുരു. എന്നിട്ട് എടുത്താല്‍ തോല് വേഗം പൊളിഞ്ഞുകിട്ടും. കഷണങ്ങളാക്കുക.
എന്നിട്ട്, ചീരക്കറി പോലെ വയ്ക്കുക. പരിപ്പിനു പകരം ചക്കക്കുരു.


അടുത്തത്,

ചീരപ്പുളിങ്കറി.

പരിപ്പ് വേവിച്ച് ചീര വേവിച്ച് തേങ്ങയരച്ചത് ചേര്‍ക്കുന്നതിനുമുമ്പ്, അല്‍പ്പം, പുളി വെള്ളത്തിലിട്ട്, വെള്ളം പിഴിഞ്ഞ് കറിയില്‍ ചേര്‍ത്ത്, നന്നായി തിളച്ചതിനുശേഷം, തേങ്ങ ചേര്‍ക്കുക.

Sunday, September 23, 2007

കക്കിരിക്കപ്പെരക്ക്



കക്കിരിക്ക, വെറുതെ തിന്നാന്‍ രസമാണല്ലേ? കക്കിരിക്കപ്പെരക്കും സ്വാദുണ്ടാവും. എല്ലാവരുടേയും നാട്ടില്‍ എന്താണ് പറയുന്നതെന്നറിയില്ല. ഞങ്ങള്‍, ഇതിനെ കക്കിരിക്കപ്പെരക്ക് എന്നാണ് പറയുന്നത്.

ഇതിന്, കക്കിരിക്ക, പച്ചമുളക്, മുളകുപൊടി, ഉപ്പ്, തൈര്‍- പുളിയുള്ളത്, എന്നിവ വേണം.
കക്കിരിക്ക, കഴുകിയെടുത്ത്, മുറിച്ച്, ഒരു കഷണമെടുത്ത് കയ്പ്പുണ്ടോന്ന് നോക്കുക. ചിലപ്പോള്‍, രണ്ടറ്റത്തും ഉള്ള ഭാഗത്തിന് കയ്പ്പ് കാണും. ചിലപ്പോള്‍, മുഴുവനും കയ്ക്കും. അതുകൊണ്ട് തിന്നുനോക്കിയിട്ട് ബാക്കി പരിപാടി. തൊലി കളയേണ്ട. കുരുവും, കട്ടിയില്ലെങ്കില്‍ കളയേണ്ട. തീരെ ഇളയ കക്കിരിക്ക കിട്ടിയാല്‍ നല്ലത്.

അതുകഴിഞ്ഞ് കുഞ്ഞുകുഞ്ഞായി അരിയുകയോ, അരിയുന്ന പ്ലേറ്റില്‍ ഉരച്ചെടുക്കുകയോ ചെയ്യുക. കുറേ വെള്ളം ഉണ്ടാവും. അരിഞ്ഞുകഴിഞ്ഞാല്‍. കൈകൊണ്ട്, അമര്‍ത്തി വെള്ളം കളഞ്ഞ്, വേറെ ഒരു പാത്രത്തിലേക്കിടുക. ഉപ്പും, മുളകുപൊടിയും ചേര്‍ക്കുക. മുളകുപൊടി അല്‍പ്പം മതി. ഒന്നോ രണ്ടോ പച്ചമുളക്, വട്ടത്തില്‍ ചെറുതായി അരിഞ്ഞ് ഇടുക. കുറച്ച് തേങ്ങ, അരയ്ക്കുക. അല്‍പ്പം അരയുമ്പോള്‍, വളരെക്കുറച്ച് കടുക് ചേര്‍ക്കുക. കാല്‍ ടീസ്പൂണ്‍, അല്ലെങ്കില്‍, അതിലും കുറച്ച് കുറവ്. നന്നായി, മിനുസമായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍, വെള്ളം ഒട്ടും ചേര്‍ക്കരുത്. മോരുവെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.

ആദ്യം തയ്യാറാക്കി വെച്ചതില്‍, അരച്ചെടുത്തതും, തൈരും ചേര്‍ക്കുക. സ്വാദ് നോക്കുക. ഉപ്പ് വീണ്ടും വേണമെങ്കില്‍ ചേര്‍ക്കുക. തൈര് കുറേയൊന്നും ചേര്‍ക്കേണ്ട. പക്ഷെ, അല്‍പ്പം പുളിത്തൈര്‍ ആയിരിക്കണം. പുളി വേണ്ടാത്തവര്‍, പുളിയില്ലാത്ത തൈരും ഉപയോഗിക്കാം.


ചിത്രത്തില്‍ ഉള്ളതിന്റെ പകുതിയേ കക്കിരിക്ക എടുത്തുള്ളൂ. അതുകൊണ്ടുള്ളതാണ് ചിത്രത്തില്‍ ഉള്ള പെരക്ക്.

Friday, September 21, 2007

കൊഴുക്കട്ട


പുഴുങ്ങലരി 4-5 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെക്കുക.
തേങ്ങ കുറച്ച് ചിരവിയെടുക്കുക.
ഏകദേശം 3 കപ്പ് അരിയും, ഒരു മുറി തേങ്ങയും. പാകത്തിന് ഉപ്പും.

അരി, നന്നായി കഴുകിയെടുക്കുക. അതിനുശേഷം കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്ത് വെച്ച് ഒന്ന് തിളപ്പിക്കുക. വാങ്ങിവെച്ച് കുറച്ച് തണുത്തതിനുശേഷം, വെള്ളം കളഞ്ഞതിനുശേഷം ഉപ്പുമിട്ട് അരയ്ക്കുക. അരവ് പകുതി ആവുമ്പോള്‍ തേങ്ങ ചേര്‍ക്കുക. പരിപ്പ് വടയിലെ പകുതി അരവ്പോലെ, ഇതിനും പകുതി അരവേ വേണ്ടൂ. മിനുസമായിട്ട് അരയ്ക്കരുത്. അരയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കരുത്. തിളപ്പിച്ചതുകൊണ്ട് അരയ്ക്കാന്‍ വിഷമം ഉണ്ടാകില്ല. നന്നായി യോജിപ്പിച്ചതിനുശേഷം ഉരുളകളാക്കി ഉരുട്ടി വെച്ച് കുക്കറില്‍ വേവിച്ചെടുക്കുക.

മറ്റൊരു വിധം.

അരിപ്പൊടി- 2 കപ്പ്
തേങ്ങ - ഒരു മുറി ചിരവിയത്.
ഉപ്പ്
ചൂടുവെള്ളം
അരിപ്പൊടിയില്‍ ഉപ്പും തേങ്ങയും ഇട്ട് ചൂടുവെള്ളത്തില്‍ യോജിപ്പിച്ച് ഉരുട്ടിവെച്ച് വേവിച്ചെടുക്കുക.
അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്നത്, നല്ല കട്ടിയില്‍ ഇരിക്കും.
ഇതിനുള്ളില്‍, തേങ്ങയും, പഞ്ചസാരയുമോ, തേങ്ങയും ശര്‍ക്കരയുമോ നിറച്ച്, മധുരത്തിലും ഉണ്ടാക്കാം. മോദകം പോലെ.
ചെറുപയര്‍ കറിയോ, ഉരുളക്കിഴങ്ങ് കറിയോ വെച്ച്, കൊഴുക്കട്ടയോടൊപ്പം കഴിക്കുക.
കൊഴുക്കട്ട, തണുത്തതിനുശേഷം, ഒരേപോലെ കഷണങ്ങളാക്കി മുറിച്ച്, ഉഴുന്നും, കടുകും, കറിവേപ്പിലയും, എണ്ണയില്‍ മൊരിച്ച്, അതിലിട്ട് യോജിപ്പിച്ചെടുത്തും കഴിക്കാം.

Friday, September 14, 2007

വലിയ നാരങ്ങ അച്ചാര്‍



നിങ്ങളൊരു മധുരപ്രിയ/പ്രിയന്‍ ആണോ? എന്നാല്‍ നിങ്ങളോടിത് പറഞ്ഞിട്ട് കാര്യമില്ല. ആദ്യം കയ്ക്കും പിന്നെ മധുരിക്കുമായിരിക്കും എന്നാണോ നിങ്ങളുടെ ചിന്താഗതി? അല്ലെങ്കില്‍, അല്‍പ്പം കയ്ച്ചാലെന്താ എന്നാണോ? എങ്കില്‍ പറയാം.

ചിത്രത്തില്‍ ഉള്ളതുപോലെയുള്ള വലിയ കറിനാരങ്ങ വാങ്ങുക. അതിനെ വടുകാപ്പുളിയെന്നാണ് പറയുന്നതെന്ന് തോന്നുന്നു.

അതിന്റെ തോലും കുരുവും കളഞ്ഞ്, ചെറുതായി മുറിച്ചെടുക്കുക. തിന്നു നോക്കൂ. പുളി കൊണ്ട് മുഖം ചുളിയുന്നുണ്ടോ? ഉണ്ടല്ലേ?

അല്‍പ്പം പുളി പിഴിഞ്ഞെടുക്കുക. മൂന്നു കുരു പുളി.

പച്ചമുളക് ആറേഴെണ്ണം വട്ടത്തില്‍ അരിഞ്ഞെടുക്കുക.

ഒരു വല്യ കഷണം ഇഞ്ചിയും.

ഒരു പാത്രത്തില്‍, പുളി വെള്ളവും, ഇഞ്ചി, പച്ചമുളകും, ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും(അര ടീസ്പൂണ്‍ മതിയെങ്കില്‍ മതി.) അല്‍പ്പം വെള്ളവും ഒഴിച്ച്, നാരങ്ങ മുറിച്ചതും, അടുപ്പത്ത് വെച്ച് നന്നായി വേവിക്കുക. കുറച്ച് കായം പൊടി ചേര്‍ക്കുക. വെന്ത് കുറുകി വരുമ്പോള്‍, ശര്‍ക്കര ചേര്‍ക്കുക. നല്ലപോലെ ചേര്‍ക്കേണ്ടി വരും. കയ്പ്പ് ഉണ്ടാവും. വെള്ളമൊഴിക്കാതെ പുളിവെള്ളത്തില്‍ മാത്രം വേവിച്ചെടുക്കാന്‍ പറ്റുമെങ്കില്‍ നല്ലത്. ശര്‍ക്കരയും ചേര്‍ത്ത്, നന്നായി യോജിച്ച് കുറുകുമ്പോള്‍ വാങ്ങി വെച്ചോ വെക്കാതെയോ, കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, ചുവന്ന മുളക് മൊരിച്ചിടുക. കുറച്ചേ ഉണ്ടാക്കാവൂ. ഫ്രിഡ്ജില്‍ വെക്കുന്നില്ലെങ്കില്‍ വേഗം തീര്‍ക്കുക. ശര്‍ക്കര ചേര്‍ത്തതുകൊണ്ട് വേഗം ചീത്തയാവാന്‍ ഇടയില്ല. എന്നാലും.



Saturday, August 18, 2007

കറിവേപ്പിലയിലെ ഓണം


മാവേലിത്തമ്പുരാന്‍ വരാറായി. ഒക്കെ ഒരുങ്ങിയില്ലേ? പൂക്കളമിട്ട്, പുത്തനുടുപ്പിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട്, സമയംകുറേ ആയോ? സദ്യയൊരുക്കങ്ങളൊക്കെ ആയോ? ഓണത്തിന് ഒന്നും കുറയ്ക്കരുത്. ഇഡ്ഡലിയും, സാമ്പാറും തന്നെ ആയ്ക്കോട്ടെ, പ്രാതലിന്. ചട്ണിയില്ലെങ്കില്‍ സാരമില്ല. ചട്ണിപ്പൊടി
മതിയല്ലോ. അല്ലെങ്കില്‍ എന്തിനാ വേണ്ടെന്ന് വയ്ക്കുന്നത്? അല്‍പ്പം തേങ്ങ ചിരവിയെടുത്ത്, ചുവന്നമുളകും, ഉപ്പുമിട്ട്, നന്നായി അരച്ച്, വെള്ളം ചേര്‍ത്ത്, കടുകും, പൊട്ടിച്ച ചുവന്ന മുളകും, കറിവേപ്പിലയും വറുത്ത് ഇട്ടാല്‍, ചട്ണി ആയില്ലേ? നേന്ത്രപ്പഴം പുഴുങ്ങിയതും തയ്യാറാക്കി വെച്ചില്ലേ? നേന്ത്രപ്പഴം മുറിച്ച് പുഴുങ്ങുമ്പോള്‍, അതില്‍ അല്‍പ്പം ശര്‍ക്കര കൂടെ ഇട്ടു നോക്കൂ.

ഊണിനോ? സാമ്പാര്‍, രാവിലെ വെച്ചത് തന്നെ മതി. കൊത്തമല്ലിയും, ചുവന്നമുളകും, അല്‍പ്പം ഉലുവയും, അല്‍പ്പം കായവും വറുത്ത്,ചിരവിയ തേങ്ങയും, വറുത്തരച്ചുവെക്കുന്ന സാമ്പാര്‍ തന്നെ കേമന്‍. അത്രയ്ക്കൊന്നും ഇല്ലെങ്കിലും സാരമില്ലെന്നേ. കാളന്‍, തയ്യാറാക്കിവെച്ചിട്ടുണ്ടല്ലോ. പുളിയിഞ്ചിയില്‍ ശര്‍ക്കര ഇടാന്‍ മറക്കരുത്.

പച്ചടി,പൈനാപ്പിള്‍
തന്നെ ആയ്ക്കോട്ടെ. അതല്ലേ ഇപ്പോ ഫാഷന്‍? വേണ്ടെങ്കില്‍ വേണ്ട. വഴുതനങ്ങയോ, തക്കാളിയോ എടുത്ത്, പൈനാപ്പിളിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചാല്‍പ്പോരേ?

കൂട്ടുകറിയില്‍ വെള്ളം ഒട്ടുംവേണ്ട. വെറുതേ സ്വപ്നം കണ്ടുനിന്നാല്‍, അത് കരിഞ്ഞുപിടിക്കും. അതില്‍ത്തന്നെ ശ്രദ്ധിച്ച് നില്‍ക്കണം. മാങ്ങാക്കറികളൊക്കെ റെഡിയായില്ലേ? മാങ്ങാപ്പെരക്കിന്റെ ആവശ്യം ഇല്ല. എന്തിനാ വെറുതേ? പച്ചടി ഉണ്ടല്ലോ. ചട്ണിയും വേണ്ട. കൂട്ടുകറിയില്ലെങ്കില്‍
എരിശ്ശേരി
ആയ്ക്കോട്ടെ. ചേനയും കായയും, കടലപ്പരിപ്പും ഇട്ട് വെക്കുന്നതാവും, ഓണസ്സദ്യയ്ക്ക് നല്ലത്.

ഓലന്‍, ചൂടോടെ തന്നെ ഇരുന്നോട്ടെ. വെള്ളരിക്കയും കുമ്പളങ്ങയും, മത്തനും അല്‍പ്പം, നീളവും വീതിയും വലുതാക്കി, പക്ഷെ കട്ടി, നന്നായി കുറച്ച്, മുറിയ്ക്കുക. ഉപ്പും, പച്ചമുളക്, ചീന്തിയിട്ടതും കൂടെ വേവിക്കുക. വന്‍പയര്‍ ആദ്യം തന്നെ വേവിച്ച് വയ്ക്കണം. വെന്താല്‍ വന്‍പയറും ഇട്ട്, അല്‍പ്പം വെളിച്ചണ്ണയും ഒഴിച്ച് എടുക്കുക. വെള്ളം അധികമാവാതെ നോക്കണം. ഇനി തേങ്ങാപ്പാല്‍ നിര്‍ബന്ധം ആണെങ്കില്‍ അതും ആവാം. തോരന്‍ വേണ്ടേ? കാബേജ് ആയ്ക്കോട്ടെ. വറവ് ചേര്‍ക്കുമ്പോള്‍, ഉഴുന്ന് പരിപ്പും ഇടണം. കടുകും, മുളകും, കറിവേപ്പിലയും ഇടുന്നതിനുമുമ്പ്. ഉള്ളിയൊന്നും വേണമെന്നില്ല.

അവിയല്‍ വേണം എന്തായാലും.

ശര്‍ക്കയുപ്പേരിയും, കായ വറുത്തതും, പപ്പടത്തിന്റെ കൂടെ വിളമ്പാന്‍ മറക്കരുത്. രസവും മറക്കരുത്. അല്‍പ്പം പുളിപിഴിഞ്ഞെടുത്ത വെള്ളത്തില്‍, തക്കാളി, ഉപ്പും, മഞ്ഞളും, ഇട്ട് വേവിച്ച്, ശര്‍ക്കരയും ഇട്ട്, രസം പൌഡറും ചേര്‍ത്താല്‍ രസം, രസമായില്ലേ? വേവിച്ച തുവരപ്പരിപ്പും വേണമെങ്കില്‍ ഇടാം. റെഡിമേയ്ഡ് പൊടികളില്‍ മഞ്ഞളും ഉണ്ടാവും. അതുകൊണ്ട് ചേര്‍ക്കുന്നതിനുമുമ്പ് നോക്കുക.
തുവരപ്പരിപ്പ് വേവിച്ച്, അത് വിളമ്പി, നെയ്യും വിളമ്പാന്‍ മറക്കരുത്. ചോറു വിളമ്പിയാല്‍ ഉടന്‍ വിളമ്പണം.
പായസമോ? കേമമായിക്കളയാം.ചക്കപ്രഥമന്‍ തന്നെ ആയ്ക്കോട്ടെ. പിന്നെ ഒരു ഓണം സ്പെഷലും ആയ്ക്കോട്ടെ ഇത്തവണ.

ഇടയ്ക്ക്, വിശക്കുമ്പോള്‍, ഇതും, പിന്നെ ഇതും,ഓണത്തിനുമുമ്പ് തയ്യാറാക്കിവെച്ചിരുന്നത് കഴിക്കാന്‍ മടിയ്ക്കരുത്.

ഇല വച്ചാല്‍, ആദ്യം കറികളൊക്കെ വിളമ്പണം. ചോറ്, ആദ്യം തന്നെ വിളമ്പിവയ്ക്കരുത്.

എല്ലാ മലയാളികള്‍ക്കും കറിവേപ്പിലയുടെ ഓണാശംസകള്‍. !

Friday, August 17, 2007

ചക്കപ്രഥമന്‍

വിശേഷദിവസങ്ങളില്‍, പായസം ഒന്നാമന്‍ തന്നെ ആയ്ക്കോട്ടെ. പ്രഥമന്‍. അതും ചക്കപ്രഥമന്‍. ചക്ക വരട്ടിയത്, വീട്ടില്‍ ഇല്ലെങ്കില്‍, റെഡിമേയ്ഡ് കിട്ടുമല്ലോ ഇപ്പോള്‍.

തേങ്ങ ചിരവി, അതില്‍ നിന്ന് പാലെടുക്കുക. ആദ്യമെടുക്കുന്നത് മാറ്റിവെക്കുക. രണ്ടാമതെടുക്കുമ്പോള്‍, തേങ്ങാപ്പീരയില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. അതും എടുത്ത് മാറ്റിവെച്ച്, അല്‍പ്പംകൂടെ വെള്ളം ചേര്‍ത്ത് നന്നായി പിഴിഞ്ഞെടുക്കുക.









അല്‍പ്പം ചക്ക വരട്ടിയതെടുത്ത്, മൂന്നാം പാലും ചേര്‍ത്ത് വേവിക്കുക. ശര്‍ക്കര, കുറച്ച് ഇടണം. അത് കഴിഞ്ഞ് ശര്‍ക്കരയും വെന്ത് യോജിച്ചുകഴിഞ്ഞാല്‍, രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. അതുകഴിഞ്ഞ് വാങ്ങി, ആദ്യം മാറ്റിവെച്ചപാല്‍ ഒഴിക്കുക.

തേങ്ങ, ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത്, നെയ്യില്‍ മൂപ്പിച്ച്, പായസത്തിലേക്കിടുക. ഇതില്‍ ഞാന്‍ തേങ്ങ കുറേ ചേര്‍ത്തിട്ടുണ്ടെന്ന് സൂക്ഷിച്ചുനോക്കാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും. ;)

ഏലയ്ക്കായും പൊടിച്ചിടുക. അല്‍പ്പം ചുക്കുപൊടിയും ചേര്‍ക്കണം.
ചക്കപ്രഥമന്‍ തയ്യാര്‍!







വരട്ടുന്നത് ശര്‍ക്കര ചേര്‍ത്ത് ആയതുകൊണ്ട്, അല്‍പ്പം ചേര്‍ത്താല്‍ മതിയാവും പിന്നെ.

ചിത്രത്തില്‍ ഉള്ള ചക്കപ്പേസ്റ്റിന്റെ പകുതിയും, ഒരു തേങ്ങയില്‍ നിന്ന് പാലും എടുത്താല്‍, ചിത്രത്തില്‍ ഉള്ള പായസം ആകും. മുക്കാല്‍ ഭാഗവും എടുക്കാം. തേങ്ങാപ്പാല്‍ കുറച്ചുകൂടെ വേണമെങ്കില്‍ ചേര്‍ക്കാം.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]