Wednesday, December 12, 2007

ഇലപ്പത്തിരി

പത്തിരി ഇഷ്ടമില്ലാത്തവരും, ഇഷ്ടമുള്ളവരും തിന്നാത്തവരും, ഒക്കെയുണ്ടാവും. ഞങ്ങളുടെ വീട്ടില്‍ പത്തിരി ഒരു സ്ഥിരം വിഭവമൊന്നുമല്ല. എന്നാലും, ഇന്ന് പത്തിരി ആയിക്കളയാം എന്നുവിചാരിച്ചാല്‍ കുഴപ്പവുമില്ല. അധികം വസ്തുക്കളൊന്നും വേണ്ട. അരിപ്പൊടി വേണം. തേങ്ങ വേണം, ഉപ്പ് വേണം. ഇതിനു ഇലയും വേണം. അരച്ച് പുളിയ്ക്കാനൊന്നും കാത്തിരിക്കേണ്ട ജോലിയില്ല. പുളി ഇഷ്ടമില്ലാത്തവര്‍ക്കും, പറ്റാത്തവര്‍ക്കും, പുട്ടുപോലെയുള്ള ഒരു വിഭവമാണിത്. ചട്ണിയോ, കറിയോ വെച്ച് കഴിക്കുകയും ചെയ്യാം. നന്നായി, മിനുസമായി പൊടിച്ച്, വറുത്ത, അരി രണ്ട് ഗ്ലാസ്സ്/രണ്ട് കപ്പ് എടുത്ത് അല്‍പ്പം ഉപ്പും ഇട്ട്, വല്യ തേങ്ങയുടെ, അര മുറി തേങ്ങയും ഇട്ട്, നല്ല ചൂടുവെള്ളത്തില്‍ കുഴയ്ക്കുക. വെള്ളമായി ഒഴുകിനടക്കരുത്. ഉരുട്ടിവയ്ക്കാന്‍ പറ്റണം.

ഇല കഷണം കഷണമായി മുറിച്ച് കഴുകിത്തുടച്ച് അതില്‍ വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട്, കുഴച്ചുവെച്ചിരിക്കുന്നതില്‍ നിന്ന് ഓരോ ഉരുളയെടുത്ത് പരത്തുക. ഉരുളയുടെ വലുപ്പം, ഇലയില്‍ നേര്‍മ്മയായി പരത്താന്‍ പറ്റുന്ന വട്ടത്തിന് അനുസരിച്ച് മതി. പരത്തുമ്പോള്‍, കൈയില്‍ അല്‍പ്പം വെള്ളമോ, വെളിച്ചെണ്ണയോ തൊട്ടുകൊണ്ടിരുന്നാല്‍, വേഗം പരത്താം.

ദോശക്കല്ലോ ചപ്പാത്തിക്കല്ലോ ചൂടാക്കി വെളിച്ചെണ്ണ പുരട്ടി, ഇലയോടുകൂടെ അതിലേക്കിടുക.
ചൂടായാല്‍ ഇല എടുത്തുകളയുക. (കളയരുത്, അതില്‍ ഇനിയും പരത്താം.) വെന്താല്‍, ഇല എടുക്കുമ്പോള്‍ വേഗം കിട്ടും. വെന്തില്ലെങ്കില്‍ പറ്റിപ്പിടിക്കും. ഇല എടുത്തുകഴിഞ്ഞ് ഒരു പ്ലേറ്റ് കൊണ്ട് അടച്ചുവെയ്ക്കുക.
തീ കുറച്ച് താഴ്ത്തിവെക്കുക. അതുകഴിഞ്ഞ് പ്ലേറ്റ് നീക്കി മറിച്ചിട്ട്, പ്ലേറ്റ് കൊണ്ട് അടച്ച് ഒന്നുകൂടെ വേവിക്കുക. ഇലപ്പത്തിരി റെഡി.
തേങ്ങാപ്പാലും ചേര്‍ക്കാവുന്നതാണ്. നോണ്‍-സ്റ്റിക്ക് ആവുമ്പോള്‍, വെളിച്ചെണ്ണ ഒഴിക്കേണ്ട ആവശ്യവുമില്ലല്ലോ.

എന്നിട്ട് നന്നായെങ്കില്‍, തിന്നുകഴിഞ്ഞ് പാട്ട് പാടുക.
പത്തു പത്തിരി ചുട്ടമ്മ,
പത്തായത്തില്‍ വെച്ചമ്മ.
എന്നപാട്ടോ,
അപ്പം ചുടുചുടു പാത്തുമ്മാ,
ഇപ്പം വരും പുയ്യാപ്ല,
കൂടെ വരുന്നൊരു കൂട്ടര്‍ക്കെല്ലാം,
പത്തിരിയൊത്തിരി ചുട്ടോളൂ.
(ഇതൊന്നും ഞാനെഴുതിയതല്ല;) പണ്ടേയുള്ളതാണ്. മുഴുവന്‍ ഓര്‍മ്മയില്ല.)
ഇനി നന്നായില്ലെങ്കില്‍ പാടുപെടുക. ;)

8 comments:

ശ്രീ said...

ശരി, ഇന്നു പത്തിരി ആയ്ക്കോട്ടെ.

:)


[വീട്ടില്‍‌ ചെന്നിട്ടു വേണം അമ്മയോട് ഇതൊന്നു പരീക്ഷിക്കാന്‍‌ പറയാന്‍‌]

യാരിദ്‌|~|Yarid said...

ഈ പാട്ടുകൂടി പാടിക്കൊ.. ചുമ്മാ ഇരിക്കുവല്ലെ
“പത്തിരിചുട്ടുവിളമ്പി വിളിച്ചൊരു മുത്തൊളി പാത്തുമ്മാ....
അവളുടെ നെന്‍ചിലുണര്‍ന്ന കിനാവിലൊളിച്ചോരു
റംസാന്‍ പിറയുമ്മാ....“ (ശരിയാണൊ എന്തൊ?)

പത്തിരിമാ‍ത്രം പോരാ.. മട്ടണും വേണം.....പിന്നെ പത്തിരിയുടെ ഷേപ്പ് ശരിയായില്ല.കല്ലില്‍ വെച്ചാണൊ പത്തിരിപരത്തിയെ..

R. said...

ങ്യാ !!!! :'(

ഇങ്ങനെ പോയാ ഞാനീ ബ്ലോഗ് ബ്ലോക്ക് ചെയ്തു വെക്കേണ്ടി വരും; അല്ലേല്‍ ലീവെടുക്കേണ്ടി വരും !

അപര്‍ണ്ണ said...

ari adyam varakkano? puttinu cheyyunna pole?

സു | Su said...

ശ്രീ :) അവിടേയും പരീക്ഷിക്കാം.

വഴിപോക്കന്‍ :) ചുമ്മാ ഇരുന്ന് പാട്ട് പാടിയാല്‍ പത്തിരി ആരുണ്ടാക്കും? ഷേപ്പ്, ശരിയല്ലാത്തിടത്ത് നിന്ന് ആദ്യം പൊട്ടിച്ചുതിന്നും. അപ്പോ ഷേപ്പ് ശരിയാകും. ഹിഹി.

രജീഷ് :) രണ്ടാമത്തേത് മതി.

അപര്‍ണ്ണ :) അയ്യോ! ചോദിച്ചത് നന്നായി. ഇവിടെ എപ്പഴും വറുക്കും. പൊടിച്ചാല്‍. പെട്ടെന്ന് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേടാവില്ലല്ലോ. പിന്നെ വാങ്ങുന്നപൊടി ആണെങ്കില്‍ വറുത്തതും ഉണ്ടാവും. വറുത്തിട്ട് ഉണ്ടാക്കുക. പിന്നെ, ചൂടുവെള്ളം കൂട്ടുന്നതുകൊണ്ട്, വറുത്തില്ലെങ്കിലും കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു.

Jayarajan said...

സൂ ചേച്ചിക്ക്,
ഇവിടെ വിവരിച്ച പ്റകാരം ദാല്‍ ഉണ്ടാക്കി. നന്നായിരുന്നു. ഞാന്‍ ദാല്‍ ഫ്രൈ -യ്ക്കു പകരം ദാല്‍ കറിയാണുണ്ടാക്കിയതെന്നു മാത്രം (ദാല്‍ തിളപ്പിച്ചപ്പോള്‍ കുറച്ചു വെള്ളം അധികം ഒഴിച്ചു! ഹല്ല പിന്നെ -:). ഇനിയും നല്ല നല്ല റിസിപ്പികള്‍ പ്രതീക്ഷിക്കുന്നു. നന്ദി. നമോവാകം.

ഫസല്‍ ബിനാലി.. said...

hmmmmmmm, kothippikkalle

സു | Su said...

ജയരാജന്‍ :)

ഫസല്‍ :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]