Thursday, August 25, 2011

സേമിയ ഊത്തപ്പം

സേമിയ അഥവാ വെർമിസെല്ലി ഇഷ്ടമാണോ? ആണെങ്കിൽ‌പ്പിന്നെ വേറൊന്നും നോക്കാനില്ല. സേമിയ ഊത്തപ്പം ഉണ്ടാക്കുക തന്നെ. വളരെ എളുപ്പമുള്ളൊരു കാര്യം. ഇതിനുവേണ്ടതെല്ലാം വീട്ടിൽത്തന്നെ ഉണ്ടാവും.
സേമിയ - ഒരു വലിയ ഗ്ലാസ്സിൽ നിറച്ചും എടുക്കുക. അല്ലെങ്കിൽ നൂറു ഗ്രാം എടുക്കുക. വറുത്ത സേമിയ ആണെടുത്തത്. അവിടെ വറുത്ത സേമിയ ഇല്ലെങ്കിൽ സേമിയ എടുത്ത് അല്പം നെയ്യൊഴിച്ച് വറുക്കുക.

അരിപ്പൊടി - സേമിയ എടുത്ത ഗ്ലാസ്സിൽ ഒന്നേ കാൽ ഗ്ലാസ്. അല്ലെങ്കിൽ നൂറ്റമ്പത് ഗ്രാം. ഇവിടെ പുട്ടുപൊടിയാണെടുത്തത്. പുട്ടിനുവേണ്ടി വറുത്ത അരിപ്പൊടി. സാദാ അരിപ്പൊടി ആയാലും മതി.

വലിയ ഉള്ളി/സവാള - ഒന്ന്. ചെറുതായി അരിയുക.
പച്ചമുളക് - മൂന്ന്. വട്ടത്തിൽ, ചെറുതായി അരിയുക.
മല്ലിയില - കുറച്ച്, ചെറുതായി അരിയുക.
കറിവേപ്പില - കുറച്ച്, ചെറുതായി അരിയുക.
ഇഞ്ചി - ഒരു കഷണം, ചെറുതായി മുറിച്ചെടുക്കുക.
ജീരകം - കാൽ ടീസ്പൂൺ.
കായം (പൊടി) - കുറച്ച്.
തൈര് - ഒരു ഗ്ലാസ്.
തേങ്ങ - തേങ്ങാക്കഷണങ്ങൾ ചെറുതായി അരിഞ്ഞത് കുറച്ച്.
കുരുമുളകുപൊടി - അല്പം.
തക്കാളി - ഒന്ന്.
ഉപ്പ്.
നെയ്യ്/വെളിച്ചെണ്ണ.

എല്ലാം കൂടെ ഒരുമിച്ച് ചേർക്കുക. യോജിപ്പിക്കുക. അല്പം വെള്ളം ചേർത്താലേ ശരിയാവൂ. വെള്ളം ചേർത്ത് ഒഴുകിനടക്കാത്ത പാകത്തിൽ, കുറച്ചു കട്ടിയിൽ കലക്കിവയ്ക്കുക. വെളുത്തുള്ളിയുടെ സ്വാദ് ഇഷ്ടമുള്ളവർക്ക് അതും കൂട്ടാം.കുറച്ചുനേരം വച്ചാലും കുഴപ്പമില്ല. അപ്പോത്തന്നെ ഉണ്ടാക്കിയാലും കുഴപ്പമില്ല.
ദോശക്കല്ല് ചൂടാക്കി മാവൊഴിക്കുക.
വെളിച്ചെണ്ണയോ നെയ്യോ മുകളിൽ പുരട്ടുക.
വെന്തുവന്നാൽ മറിച്ചിടുക.
തീ അധികം കൂട്ടിവയ്ക്കേണ്ട. ഉള്ളിൽ നല്ലപോലെ വേവണം.

വെന്താൽ എടുത്തുവയ്ക്കുക.
തിന്നുക. ചമ്മന്തി, ചമ്മന്തിപ്പൊടി, സ്റ്റ്യൂ, എന്നിങ്ങനെ എന്തുവേണമെങ്കിലും കൂട്ടിക്കഴിക്കാം. പുളീഞ്ചി വരെ കൂട്ടിക്കഴിക്കാം. അല്ല പിന്നെ!


Thursday, August 18, 2011

ചേമ്പ് മാങ്ങാക്കൂട്ടാൻ

ചേമ്പും മാങ്ങയും മോരും. കേൾക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമാവുന്നുണ്ടോ? എന്നാൽ‌പ്പിന്നെ കൂട്ടാൻ വയ്ക്കാൻ തയ്യാറായിക്കോളീൻ. നല്ല സ്വാദുള്ളൊരു കൂട്ടാനാണിത്. ഉണ്ടാക്കാനും വല്യ പ്രയാസം ഒന്നുമില്ല.ചേമ്പ് - ചിത്രത്തിൽ ഉള്ളതുപോലെ, അല്ലെങ്കിൽ അധികം വലുപ്പമില്ലാത്തതും വളരെ ചെറുതല്ലാത്തതും ആയ ചേമ്പ് മൂന്നെണ്ണം.

മാങ്ങ - ചെറുത് രണ്ടെണ്ണം. പഴുത്തതാണിവിടെ എടുത്തത്. പച്ച ആയാലും കുഴപ്പമില്ല. അധികം പുളി വേണമെന്നില്ല.

മോര് - കാൽ ലിറ്റർ. മോര് ചേർക്കാൻ ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി.

തേങ്ങയും ജീരകവും - നാല് ടേബിൾസ്പൂൺ തേങ്ങയും ഒരു ടീസ്പൂൺ ജീരകവും. തേങ്ങയുടെ അളവിത്തിരി കൂടിയാലും കുഴപ്പമൊന്നും ഇല്ല.

പച്ചമുളക് - രണ്ടോ മൂന്നോ.

മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും നിങ്ങളുടെ സൌകര്യത്തിനിടുന്നതാവും നല്ലത്. ഏകദേശം കണക്കാക്കിയിട്ടാൽ മതി.

വറവിടാൻ, വെളിച്ചെണ്ണ, കടുക്, കറിവേപ്പില, ചുവന്ന മുളക്.

തേങ്ങയും ജീരകവും മിനുസമായി അരയ്ക്കുക. അധികം വെള്ളം ചേർക്കരുത്.
ചേമ്പും മാങ്ങയും തോലുകളഞ്ഞ് എടുക്കുക. കഷണങ്ങളാക്കുക.ചേമ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക് ചീന്തിയിട്ടത് എന്നിവ ചേർത്ത് വേവാനുള്ള വെള്ളം മാത്രം ഒഴിച്ച് ആദ്യം വേവിക്കുക. ഇവിടെ കുക്കറിലാണ് വേവിച്ചത്.
വെന്തുകഴിഞ്ഞാൽ മാങ്ങാക്കഷണങ്ങൾ ചേർത്ത്, വെള്ളം വേണമെങ്കിൽ ഒഴിച്ച് ഒന്നു വേവിക്കുക. മാങ്ങയ്ക്ക് വേവാൻ വളരെക്കുറച്ചേ സമയം വേണ്ടൂ. അപ്പോൾത്തന്നെ ഉപ്പും മുളകുമൊക്കെ മാങ്ങയിലും പിടിച്ചോളും. പിന്നെ മോരൊഴിച്ച് തിളപ്പിക്കാം. വേണ്ടെങ്കിൽ ഒഴിക്കേണ്ട.

പിന്നെ തേങ്ങയരച്ചത് ചേർത്ത് തിളപ്പിച്ച് വാങ്ങിവെച്ച് വറവിടുക. തേങ്ങ കൂട്ടിക്കഴിഞ്ഞാൽ ഉപ്പ് പാകം നോക്കി വേണമെങ്കിൽ ചേർക്കുക.

മുളകുപൊടിയ്ക്കു പകരം തേങ്ങയരയ്ക്കുമ്പോൾ ചുവന്ന മുളകോ പച്ചമുളകോ പാകത്തിനു ചേർത്ത് അരയ്ക്കാം.

Wednesday, August 17, 2011

ബിസ്ക്കറ്റ് പഴം ഗാത്തോ

ഗാത്തോ (Gateau) എന്നു കേട്ടാൽ നിങ്ങൾ പേടിക്കരുത്. സംഗതി വളരെ ലളിതമായ ഒരു കാര്യമാണ്. പക്ഷെ അതിന്റെ പേര് അങ്ങനെ ആയിപ്പോയി. അതിനെക്കുറിച്ച് വലുതായൊന്നും അറിയുകയുമില്ല. എന്നാലും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് എന്നു മനസ്സിലായി. പഴങ്ങളും മധുരവും ഇഷ്ടമുണ്ടെങ്കിൽ വേഗം ഉണ്ടാക്കിക്കോളീൻ.

പലതരം പഴങ്ങൾ.
അല്പം പഞ്ചാരപ്പൊടി.
ക്രീം.
ഓറഞ്ച്നീര്.
പഞ്ചാരബിസ്കറ്റ്.

ഇത്രേം സാധനങ്ങൾ വേണം.

കദളിപ്പഴം, ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, പേരയ്ക്ക, സപ്പോട്ട എന്നിങ്ങനെയൊക്കെയുള്ള പലതരം പഴങ്ങൾ, നിങ്ങൾക്കിഷ്ടമുള്ളത്, കൊണ്ടുവന്ന് വളരെച്ചെറുതാക്കി അരിഞ്ഞുവയ്ക്കുക.

തോലും കുരുവും കളയേണ്ടതൊക്കെ കളയണം.

ക്രീം അല്പം പഞ്ചാരപ്പൊടിയും ചേർത്ത് അടിച്ചുപതപ്പിച്ച് വയ്ക്കുക.
ഒരു പരന്ന പാത്രം എടുത്തുവച്ച്, ബിസ്ക്കറ്റ് ഓരോന്നായി ഓറഞ്ചുനീരിൽ മുക്കി, അടുക്കിവയ്ക്കുക.

അതിനുമുകളിൽ ക്രീം ഒഴിച്ചുതേച്ചു വയ്ക്കുക.
അതിനുമുകളിൽ പഴങ്ങൾ അരിഞ്ഞത് നിരത്തുക.

പിന്നേം ബിസ്ക്കറ്റ് ഓറഞ്ചുനീരിൽ മുക്കി വയ്ക്കുക. പിന്നേം ക്രീം, പിന്നേം പഴങ്ങൾ. അങ്ങനെ വെച്ചുവെച്ച് അവസാനം പഴം വരുന്ന വിധത്തിൽ അടുക്കിക്കൊണ്ടിരിക്കുക. കഴിഞ്ഞാൽ കുറച്ചുനേരം ഫ്രിഡ്ജിൽ വയ്ക്കുക.
പിന്നെ എടുത്തുതിന്നുക. ഓരോ ബിസ്ക്കറ്റിന്റേം അടുത്തുനിന്ന് സ്പൂൺ കൊണ്ട് അടിയിൽ നിന്നു മുകളിൽ വരെ ഒരുമിച്ചു കോരിയെടുക്കുക.

ഇത്രേയുള്ളൂ പണി. ക്രീമിനു പകരം ചോക്ലേറ്റ് വേണമെങ്കിൽ അതും അലിയിച്ച് നിരത്താം. പലവിധത്തിൽ ഗാത്തോ ഉണ്ടാക്കാം. അതൊക്കെ പരീക്ഷിച്ചിട്ടു പറയാം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]