Sunday, August 31, 2008

കറിവേപ്പിലയ്ക്കെന്താഘോഷം!


ഓണം വന്നെത്തി. കറിവേപ്പിലയിൽ ഉള്ളത് എന്റെ വീട്ടിൽ ഞാൻ പാകം ചെയ്യുന്ന വിഭവങ്ങളാണ്. പ്രാദേശികമായി പല വ്യത്യാസങ്ങളും ഉണ്ടായേക്കാം. ഒരേ സ്ഥലത്തുള്ളവർ തന്നെ ഒരുപോലെ ആയിരിക്കണമെന്നില്ല പാചകം. ഇതിലുള്ള പോസ്റ്റ് വായിച്ച് ആരെങ്കിലും പാചകം ചെയ്യണമെന്ന് ഞാൻ ആരേയും നിർബ്ബന്ധിക്കുന്നില്ല. പക്ഷെ ആർക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരമാവുന്നുണ്ടെങ്കിൽ സന്തോഷം.

കറിവേപ്പില ബ്ലോഗ് വായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും കറിവേപ്പിലയുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ. മാവേലിയും, സന്തോഷവും, സമാധാനവും എല്ലാവരുടേയും വീട്ടിലെത്തട്ടെ എന്നാശംസിക്കുന്നു.

പ്രാതൽ‌സ്

ബ്രഡ് ഉപ്പുമാവ്
മൈദ ദോശ
അവിലുപ്പുമാവ്
സിമ്പിൾ ദോശ
ഇഡ്ഡലി
ദോശ
റവ ഇഡ്ഡലി
കൊഴുക്കട്ട
പത്തിരി
മസാലദോശ
ഊത്തപ്പം
റവയുപ്പുമാവ്
സേമിയ ഉപ്പുമാവ്

പുട്ടൂസ്

സാദാ പുട്ട്
റാഗിപ്പുട്ട്
റവപ്പുട്ട്
ചിരട്ടപ്പുട്ട്
അവല്‍പ്പുട്ട്

കൂട്ടാൻസ് & ഉപ്പേരീസ്

സാദാകൂട്ടുകറി
വെള്ളരിക്ക എരിശ്ശേരി
ചെറുപയർ
രാജ്‌മാ
ഉരുളക്കിഴങ്ങ്
കുറുക്കുകാളൻ
പപ്പായത്തോരൻ
തക്കാളിക്കറി
ദാൽഫ്രൈ
മസാലക്കറി
കായ മൊളേഷ്യം
പനീർ കുറുമ
ചേമ്പ് ഓലൻ
മുളകാക്കറി
അവിയൽ
മുരിങ്ങയില
ചീര
നേന്ത്രക്കായ മോരുകറി
സാദാ ഓലൻ
ചേനയുപ്പേരി
നേന്ത്രപ്പഴം കാളൻ
ചീരമോര്
വഴുതനങ്ങക്കറി
ഇടിച്ചക്കസ്സാമ്പാർ
കടലക്കറി
മുരിങ്ങാക്കായ എരിശ്ശേരി
ചേമ്പ് സാമ്പാർ
മമ്പയർ കറി
ഇടിച്ചക്ക മോരൂട്ടാൻ
കായുപ്പേരി
അവിയൽ-2
കുമ്പളങ്ങ മൊളേഷ്യം
ചക്കക്കുരു ഉപ്പേരി
മധുരക്കിഴങ്ങ് കൂട്ടുകറി
ഓലൻ
വെള്ളരി -ചക്കക്കുരുഎരിശ്ശേരി
കയ്പ്പക്ക ഉപ്പേരി
കൊത്തവര ഉപ്പേരി

അച്ചാർസ്

ഈന്തപ്പഴം
പാവയ്ക്ക
നെല്ലിക്ക
നാരങ്ങാമധുരം
നാരങ്ങാക്കറി
ആപ്പിൾ

പച്ചടീസ്
തക്കാളിപ്പച്ചടി
കയ്പ്പക്കപ്പച്ചടി
മാങ്ങാപ്പച്ചടി
മധുരപ്പച്ചടി
വെള്ളരിപ്പച്ചടി
പൈനാപ്പിൾ


കറിവേപ്പില സ്പെഷൽ‌സ്

പാവ് - ഭാജി
പുളിയിഞ്ചി
ചന മസാല
ഇലയട
പച്ചമാങ്ങാ പഞ്ചതന്ത്രം
കപ്പപ്പുഴുക്ക്
ഗോബി മഞ്ചൂരിയൻ
സമോസ
പപ്പടം
നോമ്പ് പുഴുക്ക്
കായ വറുത്തത്
മുളപ്പിച്ചതുകൊണ്ട് കറി
ദോൿല
കമൻ
ഇലയട
മാങ്ങാമധുരം
ചക്കച്ചുള വറുത്തത്
ചക്കവരട്ടിയത്

പായസൻസ്

ചക്കപ്രഥമൻ
ഓട്സ് പായസം
ചെറുപരിപ്പ്
ശീടകപ്പായസം
മക്രോണിപ്രഥമൻ

Friday, August 29, 2008

ഓണപ്പാചകം - 9. കയ്പ്പക്ക ഉപ്പേരി



പാവക്ക അല്ലെങ്കിൽ കയ്പ്പക്ക നിങ്ങൾക്കിഷ്ടമാണോ? കയ്പ്പക്ക ജ്യൂസ് പ്രമേഹരോഗികൾക്ക് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. കയ്പ്പക്ക കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും നല്ലതുതന്നെ. എനിക്കേറ്റവും ഇഷ്ടം ഉള്ള പച്ചക്കറികളിൽ ഒന്നാണ് കയ്പ്പക്ക. എന്റെ സ്വഭാവം അങ്ങനെ ആയതുകൊണ്ടാവും. :) കയ്പ്പക്കയിൽ കയ്പ്പുണ്ടെന്ന് നമുക്ക് ആദ്യമേ അറിയാം. അതുകൊണ്ട് മനോഹരമായിരിക്കുന്ന ചില പച്ചക്കറികളെപ്പോലെ, മുറിച്ചു തിന്നുനോക്കുമ്പോഴും, വച്ചുണ്ടാക്കി കഴിക്കുമ്പോഴും കയ്ക്കുന്നു എന്നു പറയാതെ കയ്പ്പക്ക കഴിക്കാം. ഇഷ്ടമുള്ളവർ മാത്രം കഴിച്ചാൽ മതി. കടും പച്ചനിറമുള്ളതിന് കയ്പ്പ് കൂടുതലാണെന്നു തോന്നുന്നു.
കയ്പ്പക്ക മെഴുക്കുപുരട്ടിയാണ് എനിക്കിഷ്ടം. ചീനച്ചട്ടിയിലങ്ങനെ മൊരിഞ്ഞ് മൊരിഞ്ഞ് കിടക്കും. പിന്നെ പച്ചടിയും, കയ്പ വറുത്തതും ഒക്കെ ഉണ്ടാക്കും. സാമ്പാറിലും ഇടും.

ഓണത്തിനാരെങ്കിലും കയ്പ്പക്ക ഉപ്പേരി ഉണ്ടാക്കുമോന്ന് ചോദിച്ചാൽ അറിയില്ല എനിക്ക്. ഞാനുണ്ടാക്കും.
ചിത്രത്തിലുള്ള വലിയ കയ്പ്പക്ക
രണ്ട് ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ്
കുറച്ച് കടുക്
ഒരു ചുവന്ന മുളക് പൊട്ടിച്ചെടുത്തത്
ഉപ്പ്
മഞ്ഞൾപ്പൊടി
മുളകുപൊടി - കാൽ ടീസ്പൂൺ
തേങ്ങ - കുറച്ച്
വെളിച്ചെണ്ണ
കറിവേപ്പില - നാലഞ്ച് ഇല.
ഇത്രേം മതി ഉപ്പേരിയുണ്ടാക്കാൻ. കയ്പ്പക്ക കഴുകിയെടുത്ത് വളരെച്ചെറുതായി അരിയുകയാണ് ആദ്യം വേണ്ടത്. എത്ര ചെറുതാവുന്നോ അത്രയും സ്വാദ് കൂടുതൽ.

ചീനച്ചട്ടിയിലോ പാത്രത്തിലോ, വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി വറവിട്ട്, കയ്പ്പക്കയും, ഉപ്പും, മഞ്ഞളും, മുളകുപൊടിയും ഒക്കെയിട്ട് നന്നായി ഇളക്കണം. എന്നിട്ട് തീ വളരെക്കുറച്ച് അടച്ചുവയ്ക്കുക. അതങ്ങനെ മൊരിഞ്ഞുവേവും. ഇടയ്ക്കൊന്ന് ഇളക്കണം. അതിനു നിങ്ങൾക്ക് സമയം ഇല്ലെങ്കിൽ വെള്ളമൊഴിക്കാം. വെള്ളമൊഴിച്ചാൽ സ്വാദ് കുറഞ്ഞു. അങ്ങനെ വേവിച്ചെടുത്ത് അതിലേക്ക് തേങ്ങയിട്ടാൽ ഉപ്പേരി ആയി. ചോറും കൂട്ടാനും എടുക്കുക.


ഇനി കയ്പ്പക്ക കൂട്ടുകയും വേണം. കയ്പ്പും പാടില്ല എന്നാണെങ്കിൽ ഒരു സൂത്രമുണ്ട്. ഉപ്പേരിയുണ്ടാക്കുമ്പോൾ കുറച്ച് പഞ്ചസാര അതിലേക്കിടുക. കയ്പ്പും കുറഞ്ഞു. ശർക്കരയിട്ടാലും മതി. പക്ഷേ വെള്ളം പോലെയാവും.

ചീനച്ചട്ടിയിൽ ഉണ്ടാക്കിയാൽ സ്വാദു കൂടുതലാണേ.

ഓണപ്പാചകം - 8. കൊത്തവരയുപ്പേരി



കൊത്തവര ഉപ്പേരി എനിക്ക് വല്യ ഇഷ്ടമാണ്. ഇതിന് കൊത്തവരത്തോരൻ എന്നാവും പലരും പറയുന്നത്. ഇതിന് കൊത്തവര എന്നുതന്നെയാണോ നിങ്ങൾ പറയുന്നത്?
കൊത്തവര -കാൽക്കിലോയോളം വേണം. കഴുകിയിട്ട് ചെറുതാക്കുക.
ചിരവിയ തേങ്ങ രണ്ട് ടേബിൾസ്പൂണും, കാൽ ടീസ്പൂൺ ജീരകവും രണ്ട് പച്ചമുളകും ചതച്ച കൂട്ട് വേണം.
മഞ്ഞൾപ്പൊടി - കണക്കാക്കി ഇടുക
ഉപ്പ് - കണക്കാക്കി ഇടുക
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ വേണം
കടുക് - അര ടീസ്പൂൺ മതി.
ചുവന്ന മുളക് പൊട്ടിച്ചത് ഒന്ന് മതി. വെളിച്ചെണ്ണയും വെള്ളവും. നിങ്ങൾക്ക് അളവ് കൂട്ടണമെങ്കിൽ ആവാം. എല്ലാത്തിന്റേയും. പക്ഷെ സ്വാദുള്ള ഒരു ഉപ്പേരിക്ക് ഇത്രയേ വേണ്ടൂ.
ഇതൊക്കെയെടുത്ത് പറഞ്ഞതുപോലെ ചെയ്താൽ കൊത്തവരയുപ്പേരിയായി. തോരനായി.

കാൽക്കിലോ കൊത്തവരയെടുത്ത് വൃത്തിയായി കഴുകുക. എന്നിട്ട് കുഞ്ഞുകുഞ്ഞായി മുറിക്കുക.
അടുപ്പത്ത് ഒരു പാത്രത്തിൽ വെളിച്ചെണ്ണയോ നിങ്ങൾ പാചകത്തിനുപയോഗിക്കുന്ന എണ്ണയോ ഏതെങ്കിലുമൊന്നൊഴിച്ച് ആദ്യം കുറച്ച് ഉഴുന്നുപരിപ്പ് ഇടണം. രണ്ട് ടീസ്പൂൺ ആവാം. അതുകഴിഞ്ഞ് അതൊന്ന് ചുവന്നുവന്നാൽ, കുറച്ച് കടുകും, ഒരു ചുവന്ന മുളക് പൊട്ടിച്ചതും ഇടണം. അതൊക്കെ ഒന്ന് പൊട്ടിത്തെറിച്ചാൽ കറിവേപ്പില ഇടാം.
പിന്നെ കൊത്തവര ഇടണം. സാധാരണ ഞാൻ അതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കും. മുളകുപൊടി ഇവിടെ ഇടാറില്ല. നിങ്ങൾക്ക് വേണമെങ്കിൽ ഇടാം. അല്ലെങ്കിൽ ഞാൻ ഇതിൽ ചെയ്തതുപോലെ ആദ്യം മഞ്ഞൾപ്പൊടിയും ഉപ്പും മാത്രം ഇട്ട് വേവിക്കുക. മുഴുവൻ എണ്ണയിൽ വേണ്ടെന്നു കരുതി, ഞാൻ അതിൽ വെള്ളമൊഴിച്ചു. കുറച്ചേ ഒഴിക്കാവൂ. കഷണങ്ങൾ മുങ്ങാൻ വേണ്ടതിലും അല്പം കുറവ് മതി. അത് വെന്ത് വന്നപ്പോൾ അതിലേക്ക് കുറച്ച് (രണ്ട് ടേബിൾസ്പൂൺ) തേങ്ങയും രണ്ട് പച്ചമുളകും കാൽ ടീസ്പൂൺ ജീരകവും ഒന്ന് ചതച്ച് ചേർത്തു. മിക്സിയിൽ ഒറ്റ കറക്കൽ. അത്രേ വേണ്ടൂ. എന്നിട്ട് ഇതിലേക്കിട്ടിളക്കി വാങ്ങിവെച്ചു.



ഉപ്പേരിയുടെ ദോഷം എന്താണെന്നുവെച്ചാൽ ചൂട് കൂടുതൽ ഉള്ള സ്ഥലങ്ങളിലും, വേനൽക്കാലത്തും രണ്ട് നേരത്തേക്കൊക്കെ ഉപ്പേരിയുണ്ടാക്കിയാൽ അത് കേടാവും. അതുകൊണ്ട് അതിൽ ഒരു നേരത്തേക്ക് മാത്രമുള്ളതിലേ തേങ്ങ ചേർക്കാവൂ. ബാക്കിയുള്ളത് മാറ്റിവെച്ച് തേങ്ങ, അത് കഴിക്കാനാവുമ്പോൾ ചേർക്കണം. മുളകുപൊടിയാണിടുന്നതെങ്കിൽ തേങ്ങ അവസാനം ഇതിലേക്ക് വെറുതെ ഇട്ടാൽ മതി.

Monday, August 25, 2008

ഓണപ്പാചകം - 7. വെള്ളരിപ്പച്ചടി

ഒരു കഷണം വെള്ളരി മതി. ഒരു ചെറിയ വെള്ളരിക്കയുടെ കാൽഭാഗം. തോലും കുരുവും ഒക്കെക്കളഞ്ഞ് കുഞ്ഞുകുഞ്ഞായി അരിഞ്ഞെടുക്കണം. മൂന്ന് പച്ചമുളക് ചീന്തിയിടുക. മുറിച്ചും ഇടാം. മുളകുപൊടി നിങ്ങൾക്ക് വേണമെങ്കിൽ ഇടാം. ഉപ്പും ഇട്ട് വെള്ളം അല്പം മാത്രം ഒഴിച്ചാണ് വേവിക്കേണ്ടത്. വെന്തുകഴിയുമ്പോഴേക്കും വെള്ളം മുഴുവൻ പോയ്ക്കോട്ടെ. കഷണം ബാക്കി മതി. അതിലേക്ക് ഒരു കറിവേപ്പില തണ്ടോടെ ഇടണം. തേങ്ങ ഒരു മൂന്നാലു ടേബിൾസ്പൂൺ, കാൽ ടീസ്പൂൺ കടുകും കൂട്ടി മോരും വെള്ളവും ഒഴിച്ച് അരയ്ക്കണം. വെന്തത് തണുത്താൽ ഈ അരച്ചത് അതിലിട്ട് ഇളക്കുക. പിന്നെ ഒരു മൂന്ന് ടേബിൾസ്പൂൺ തൈരും ഒഴിക്കുക. പിന്നേം ഇളക്കുക. ആദ്യം തൈരൊഴിച്ചാലും കുഴപ്പമൊന്നുമില്ല കേട്ടോ. കടുകും കറിവേപ്പിലയും ചുവന്ന മുളകും വറത്തിട്ടാൽ ആയല്ലോ വെള്ളരിപ്പച്ചടി. പുളിയുള്ള തൈരാണ് നല്ലത്. അല്ലെങ്കിൽ കുറച്ച് പുളിയുള്ള മോരായാലും മതി.

ഉരുളക്കിഴങ്ങ് കൊണ്ടാട്ടം

അരിക്കൊണ്ടാട്ടം, മുളകുകൊണ്ടാട്ടം, കയ്പ്പക്കക്കൊണ്ടാട്ടം. ഒക്കെ ഉണ്ടാക്കി ഇവിടെ പോസ്റ്റ് ഇട്ടു. ഇനി ഉരുളക്കിഴങ്ങ് കൊണ്ടാട്ടം ആയാലോ? ഉരുളക്കിഴങ്ങ് പ്രിയമുള്ളവർ വീട്ടിലുണ്ടെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. ഉണ്ടാക്കുക തന്നെ. മഴക്കാലത്ത് ഉണ്ടാക്കാൻ നോക്കുകയേ വേണ്ട. ഇവിടെ നല്ല വേനൽക്കാലത്തേ പറ്റൂ. ഫിബ്രവരി, മാർച്ച്, ഏപ്രിൽ കാലത്ത്. വെയിലുള്ളിടത്താണെങ്കിൽ എപ്പോഴും ആവാം.


ഉരുളക്കിഴങ്ങ് കൊണ്ടുവന്ന് തോലു കളഞ്ഞ് എടുക്കണം. എന്നിട്ട് അത് വട്ടത്തിൽ വട്ടത്തിൽ അധികം കട്ടിയില്ലാതെയും തീരെ ചെറുതല്ലാതേയും മുറിക്കണം. കഴുകണം. ഒരു പാത്രത്തിൽ, മുറിച്ച ഉരുളക്കിഴങ്ങ് മുങ്ങിക്കിടക്കാൻ പാകത്തിൽ വെള്ളം അടുപ്പത്ത് വയ്ക്കണം. അത് ചൂടാവുമ്പോൾ, ഉരുളക്കിഴങ്ങ് കഷണങ്ങൾ അതിലേക്കിടുക. ഉപ്പും. അധികം വേവരുത്.



അപ്പുറമിപ്പുറം കാണുന്ന രീതിയിൽ, അല്ലെങ്കിൽ ഒന്ന് മൃദു ആയെന്നുതോന്നിയാൽ തീ കെടുത്തി, വെള്ളം ഊറ്റിക്കളഞ്ഞ്, ഒരു പ്ലേറ്റിലോ പാത്രത്തിലോ ഇടുക. എന്നിട്ട് അതൊന്നു തണുത്താൽ, ഏകദേശം അളവ് കണക്കാക്കി, കുറച്ച് മുളകുപൊടിയും, കുരുമുളകും ഇട്ട് നന്നായി ഇളക്കിയെടുക്കുക.



ഉപ്പും ഒന്ന് നോക്കീട്ട് വേണമെങ്കിൽ ചേർക്കുക. (ഉപ്പ് പിന്നെച്ചേർത്താൽ ഉണങ്ങിയാലും ചിലപ്പോൾ അതിനുമുകളിൽ കാണും). കൈകൊണ്ട് ഇളക്കേണ്ട. മുറിഞ്ഞുപോകേണ്ടല്ലോ. പാത്രം എടുത്ത് മറിച്ച് മറിച്ച് ഇളക്കിയാൽ മതി. നല്ല വെയിലത്തേക്ക്, ഒരു പായയിലോ പ്ലാസ്റ്റിക് കടലാസ്സിലോ നിരത്തിയിടുക. ഉണക്കുക. നല്ലോണം ഉണക്കുക. രാവിലെ വെയിലത്തിട്ടാൽ വൈകുന്നേരം എടുത്താൽ മതി. ഇടയ്ക്കൊന്നും ഉണക്കാൻ മറക്കരുത്. പൂപ്പ് വരും. നല്ല കറുമുറു ഉണക്കം ആയാൽ എടുത്ത് പാത്രത്തിൽ അടച്ച് സൂക്ഷിക്കുക.



പിന്നെ വേണംന്ന് തോന്നുന്ന സമയത്ത് വെളിച്ചെണ്ണയിൽ വറുത്ത് തിന്നുക. വേറെ പാചകയെണ്ണ ആയാലും സാരമില്ല.



ശ്രദ്ധിക്കേണ്ടത് :- ഉപ്പ് അധികം ആവരുത്. ഇവിടെ കുറച്ച് ഉപ്പ് അധികമായി. ചോറിന്റെ കൂടെ കുഴപ്പമില്ല. മുളകുപൊടിയും കുരുമുളകുപൊടിയും കണക്കു നോക്കി ഇടണം. പിന്നെ എരിഞ്ഞുതുള്ളരുത്.
കായം പൊടിയും ഇടാം. കുറച്ച് ജീരകപ്പൊടിയും. വളരെ നന്നായിരിക്കും.

Saturday, August 23, 2008

ഉണ്ണിക്കണ്ണനു പാല്‍പ്പായസം

പൂർണ്ണേ ഗർഭേ
സമസ്തത്രിഭുവനശുഭകർ-
മ്മങ്ങളേകത്ര കൂടി
പൂർണ്ണാനന്ദം വിളങ്ങീടിന ഘനപടല-
ശ്യാമധാമാഭിരാമൻമംഗല്യേ സന്മുഹൂർത്തേ
മഹിതഗുണമിയന്നഷ്ടമീ രോഹിണീഭ്യാംസംഗേ
ഭംഗ്യാ ജനിച്ചാനഴകൊടു ജഗതീ-മൂലകന്ദം മുകുന്ദൻ.

എന്നുവെച്ചാൽ, അഷ്ടമിയും രോഹിണിയും കൂടിവന്ന സമയത്ത്, മംഗളകരമായ മുഹൂർത്തത്തിൽ കൃഷ്ണൻ ജനിച്ചൂന്ന് അർത്ഥം. ഇത് കുഞ്ചൻ‌നമ്പ്യാരുടെ കൃതിയായ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ ഉള്ളതാണ്. കംസന്റെ തടവറയിൽ, വസുദേവന്റേയും, ദേവകിയുടേയും പുത്രനായി ജനിക്കുകയും, കംസനെപ്പേടിച്ച്, കംസൻ കൊല്ലുന്നത് പേടിച്ച്, ജനിച്ചപ്പോൾത്തന്നെ കുഞ്ഞിനെയെടുത്ത്, വസുദേവർ അമ്പാടിയില്‍പ്പോയി, അവിടെ യശോദയുടെ അരികിൽ കിടത്തി, യശോദയുടെ പെൺ‌കുഞ്ഞിനെയുമെടുത്ത് ദേവകിയുടെ സമീപത്തേക്ക് തന്നെ വരുന്നു. കുഞ്ഞ് ജനിച്ചതറിഞ്ഞ് വരുന്ന കംസൻ, പെൺ‌കുഞ്ഞിനെ കാണുകയും, കുഞ്ഞായി വന്ന ദേവി, കംസന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് അരുളിച്ചെയ്യുകയും ചെയ്തു.
‘അരേ! ദുരാചാര! നൃശംസ! കംസാ!
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ.
തവാന്തകൻ ഭൂമിതലേ ജനിച്ചു
ജവേന സർവ്വത്ര തിരഞ്ഞുകൊൾക. എന്ന്. പിന്നെ കംസൻ ഒരു തിരച്ചിലായിരുന്നു.

അഷ്ടമിരോഹിണിയ്ക്ക് കൃഷ്ണന്റെ ജന്മനക്ഷത്രം ആയതുകൊണ്ട് പാല്‍പ്പായസം വെയ്ക്കുന്ന പതിവുണ്ട്. ഇത്തവണ വിചാരിച്ചു, പാല്‍പ്പായസം തന്നെ. പക്ഷെ സ്പെഷൽ ആയിക്കളയാം എന്ന്. ഉണ്ണിക്കണ്ണൻ വിചാരിക്കരുതല്ലോ എപ്പോഴും ഒന്നു തന്നെയെന്ന്. “ഫിർ വഹീ പുരാനാ പാല്‍പ്പായസം’ എന്ന് കണ്ണൻ ചോദിക്കരുതല്ലോ. (കണ്ണന്റെ മാതൃഭാഷ ഹിന്ദിയാണ്). അങ്ങനെയാണ് ഈ സ്പെഷൽ. ഓണത്തിനും നിങ്ങൾക്ക് പരീക്ഷിക്കാം. എനിക്ക് വല്യ ഇഷ്ടമുള്ള ഒന്നാണ്.

ചീട തിന്നിട്ടില്ലേ? എണ്ണയിൽ വറുത്തെടുക്കുന്നത്? ഉപ്പും എരിവും ഉള്ളത്? ഇത് മധുരച്ചീട. ശീടകപ്പായസം. ഉണ്ടപ്പായസം. ഉരുളപായസം.

ആദ്യം, അരി വെള്ളത്തിലിട്ട് അരയ്ക്കണം. അത് തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി കുറുക്കിയെടുത്ത് ഉരുട്ടണം. പഞ്ചസാരയും ഇടണം. കുഞ്ഞുകുഞ്ഞ് ഉരുളകളാക്കിയുരുട്ടണം. ഇനി അരിപ്പൊടിയാണുള്ളതെങ്കിലോ? അപ്പാടെ തിളയ്ക്കുന്ന വെള്ളത്തിലേക്കിടുക. പക്ഷെ, കട്ടയില്ലാതെ ഇളക്കാൻ കഴിയണം. കുറുക്കിവേവിച്ചടുത്ത് ഉരുട്ടുക. വളരെ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഉരുള ഉണ്ടാവില്ല. രണ്ടു കൈകൊണ്ടും, ഉരുട്ടുമ്പോൾ കൈയിൽ പറ്റിപ്പിടിക്കാതിരിക്കാൻ കുറച്ചുകുറച്ച് വെള്ളം തൊട്ട് കൈപ്പത്തിയുടെ മദ്ധ്യത്തിൽ വയ്ക്കുക.
പാലെടുത്ത് കുറച്ച് വെള്ളവുമൊഴിച്ച് ഉരുളിയിൽ അല്ലെങ്കിൽ വേറെ പാത്രത്തിൽ അടുപ്പത്ത് വെയ്ക്കുക. ഇരട്ടി ആയ്ക്കോട്ടെ. തിളച്ചാൽ ഈ ഉരുളകൾ അതിലേക്കിടണം. ഇളക്കരുത് അധികം. തീ കുറച്ച് വെച്ച് ചെയ്തില്ലെങ്കിൽ അവസാനം പാലും ഉരുളയും ഉണ്ടാകില്ല. ഉരുളിയേ ഉണ്ടാകൂ. പഞ്ചസാരയും ആദ്യം ചേർക്കാം. ഒക്കെ ഒന്നു യോജിച്ചാൽ വാങ്ങിവെച്ച് ഏലയ്ക്ക പൊടിച്ചിടുക. അണ്ടിപ്പരിപ്പും മുന്തിരിയും വറത്തിട്ടാലും കുഴപ്പമില്ല.
ഇനി ഇതുതന്നെ ശർക്കരയിലായാലോ? ഉരുളയൊക്കെ അതുപോലെ തന്നെ. കുറുക്കുക, ഉരുട്ടുക. അതുകഴിഞ്ഞ് ഉരുളിയിൽ ശർക്കരയിട്ട് വെളമൊഴിച്ച് പാവ് കാച്ചി, അതിലേക്ക് ഉരുളയിട്ട്, വെന്താൽ തേങ്ങാപ്പാലൊഴിച്ച്. അങ്ങനെ തന്നെ. ഉണ്ടപ്രഥമൻ തയ്യാർ.
ഞാനുണ്ടാക്കിയ കണക്കനുസരിച്ച് 3 ടേബിൾസ്പൂൺ പൊടിയെടുത്തു. രണ്ട് - രണ്ടര ഗ്ലാസ്സ് വെള്ളം തിളപ്പിച്ചു. പൊടി വേവണം. പൊടി അതിലേക്കിട്ട് വേഗം വേഗം ഇളക്കിയിളക്കി വേവിച്ച് കുറുക്കിയെടുത്തു. കുറുക്കുമ്പോൾ കുറച്ച് പഞ്ചസാരയും ഇട്ടു. എന്നാലേ ഉരുളയ്ക്ക് മധുരം പിടിക്കൂ.
എന്നിട്ട് തണുക്കാൻ വെച്ചു. ഉരുട്ടി. 60 ഉരുളയൊക്കെയുണ്ടാവും. അത്രേം മതി. അധികം വേണ്ട. പൊടി ബാക്കി ഉണ്ടെങ്കിലും.
എന്നിട്ട് മുക്കാൽ ലിറ്റർ പാല് അല്പം വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് ഒന്ന് കുറുക്കി. ഉരുളയിട്ടു. ഭയങ്കരമായിട്ട് തിളച്ചാൽ ഉരുളയൊക്കെ തവിടുപൊടിയാവും. പറഞ്ഞേക്കാം. തീ കുറച്ചു വയ്ക്കുക. എന്നിട്ട് പഞ്ചസാരയും ഇട്ടു. 7 ടേബിൾസ്പൂൺ. കുറച്ചുംകൂടെ വേണമെങ്കിൽ ഇടാം. പക്ഷെ പിന്നീട് നോക്കിത്തീർച്ചപ്പെടുത്തിയിട്ട് മതി. തിളച്ചോട്ടെ. ഒന്ന് യോജിച്ചാൽ ആയി. ചില ഉരുളകൾ പാലിൽ അലിഞ്ഞുചേരും. സാരമില്ല.
വാങ്ങിവെച്ച് ഏലക്ക പൊടിച്ചിടണം. മധുരം നോക്കി വീണ്ടും ഇടാം. ഒരുപ്രാവശ്യം നോക്കിയിട്ട് അളവൊക്കെ അടുത്തതവണത്തേക്ക് തീർച്ചപ്പെടുത്തുക. പാലിന്റേയും പഞ്ചസാരയുടേയും ഉരുളയുടേയും ഒക്കെ അളവ് നിങ്ങൾക്ക് വേണ്ടതുപോലെയാക്കുക. കൂട്ടുക അല്ലെങ്കിൽ കുറയ്ക്കുക.
ഈ അഷ്ടമിരോഹിണിനാളിൽ ഉണ്ണിക്കണ്ണന് കറിവേപ്പിലയുടെ പാല്‍പ്പായസം. പിച്ച നടന്നു വന്നോളൂ.

കറിവേപ്പിലയിൽ പോസ്റ്റ് ഇടുന്നത് എടുകുടുക്കേ ചോറും കറിയും എന്ന രീതിയിൽ അല്ല. അതുകൊണ്ട് ബഹുമാനിക്കാൻ പഠിക്കുക. പോസ്റ്റ് ഇടുന്ന ആളെയില്ലെങ്കിലും അതിനു വേണ്ടിവരുന്ന അദ്ധ്വാനത്തെ. ഇവിടെ പോസ്റ്റ് ചെയ്യുന്നത്, വീട്ടിലുണ്ടാക്കാൻ കഴിയുന്ന ഒരു വിഭവം, ബൂലോകകൂട്ടുകാരുടെ വീട്ടിലും ഉണ്ടാക്കിക്കോട്ടെ എന്നു കരുതിയാണ്. അല്ലാതെ വേറൊന്നും ഇല്ലെന്ന് എല്ലാവർക്കും ഊഹിച്ചാൽ അറിയാം. ഇല്ലെങ്കിൽ അറിയാൻ ശ്രമിക്കുക. സ്വന്തം നില അറിയുന്നവർ മറ്റുള്ളവരെ പരിഹസിക്കില്ലെന്ന് കേട്ടിട്ടുണ്ട്.

Wednesday, August 20, 2008

ഓണപ്പാചകം - 6. കൂട്ടുകറി

കൂട്ടുകറി. എല്ലാവരും എങ്ങനെയാണുണ്ടാക്കുന്നത്? കടല കുതിർത്തുവെച്ച്, ചേനയും കായയും മുറിച്ച്... അങ്ങനെയല്ലേ? എന്നാൽ ഈ ഓണത്തിന് ചേനയും കായയും വേണ്ടെന്നുവെച്ചാലോ. കിഴങ്ങ് മതി. മധുരക്കിഴങ്ങ്.
രണ്ട് മൂന്ന് ടേബിൾസ്പൂൺ കടല വെള്ളത്തിൽ തലേന്ന് തന്നെ ഇടുക.
പിറ്റേ ദിവസം ചിത്രത്തിലെപ്പോലെ ഒരു മധുരക്കിഴങ്ങ് എടുത്ത് മുറിക്കുക.
കഴുകി, കടലയും കഴുകി, അല്പം മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ഇട്ട് വേവിക്കുക. രണ്ടിനും വേവ് വ്യത്യാസം ആയതുകൊണ്ട് രണ്ടും വേറെ വേറെ വേവിക്കുന്നതാവും നല്ലത്. അല്ലെങ്കിൽ മധുരക്കിഴങ്ങ് ചീഞ്ഞ് പോകും. നാല് ടേബിൾസ്പൂൺ തേങ്ങ, അര ടീസ്പൂൺ ജീരകവും കൂട്ടി വെള്ളം അധികമൊന്നുമില്ലാതെ അരച്ചെടുക്കുക. കഷണങ്ങൾ വെന്താൽ അതിൽ ഉപ്പും ഇട്ട്, തേങ്ങയും കൂട്ടി തിളപ്പിച്ച് വാങ്ങിവയ്ക്കുക. അധികം വെള്ളം ഉണ്ടാവരുത്. രണ്ട് ടേബിൾസ്പൂൺ തേങ്ങ നന്നായി വറുത്ത് ഇടുക. കടുകും മുളകും കറിവേപ്പിലയും വറുത്തിടണം.
നിങ്ങൾക്ക് കുറച്ചേ വേണ്ടൂ എന്നുവെച്ചാൽ എല്ലാ അളവും പകുതിയാക്കുക. അല്പം എരിവും അല്പം മധുരവും ഉള്ള ഈ കൂട്ടുകറി ഓണം സ്പെഷൽ.

Sunday, August 17, 2008

ഓണപ്പായസം - മക്രോണി

മക്രോണി (മക്കറോണിയാണോ?) കൊണ്ട് ഞാൻ ആദ്യമായിട്ടാണ് ഒരു വിഭവം ഉണ്ടാക്കുന്നത്. കസിനും ചിറ്റമ്മയും ഇതുകൊണ്ട് പായസംവെച്ചു എന്നു പറഞ്ഞെന്നെ കൊതിപ്പിച്ചപ്പോൾ വിട്ടുകൊടുക്കരുതെന്ന് ഞാനും തീരുമാനിച്ചു. എന്നാല്‍പ്പിന്നെ ചിങ്ങം ഒന്നിനു തന്നെ ആയ്ക്കോട്ടേന്ന് കരുതി. ഞാൻ പ്രഥമൻ അല്ലെങ്കിൽ പായസം വച്ചത് എങ്ങനെയെന്ന് താഴെക്കൊടുക്കുന്നു. ആർക്കെങ്കിലും വേണമെങ്കിൽ പരീക്ഷിക്കാം. എന്തായാലും കുടിക്കാൻ കൊള്ളാവുന്ന ഒന്നു തന്നെ. ഒരു മോശവുമില്ല.



മക്രോണി, തേങ്ങാപ്പാൽ, ശർക്കര, ഏലയ്ക്ക, വെള്ളം എന്നിവ വേണം.


മക്രോണി വേണം - ഏകദേശം നൂറ് ഗ്രാം. അത് വെള്ളമൊഴിച്ച് ( ഒരു കപ്പിനു ഒന്നര കപ്പ് വെള്ളം) കുക്കറിൽ വേവിക്കണം. വേവിക്കുന്നതിനു മുമ്പ് ഞാനൊന്ന് കഴുകുകയും ചെയ്തു. വെറുതെ.



ശർക്കര പന്ത്രണ്ട് ആണി വേണം. വലിയ ആണി. അത് ഉരുളിയിൽ അല്ലെങ്കിൽ വേറെ പാത്രത്തിൽ മൂന്ന് വലിയ ഗ്ലാസ്സ് വെള്ളവുമൊഴിച്ച് ഉരുകാൻ വയ്ക്കണം. ഉരുകിക്കഴിഞ്ഞ് തണുത്താൽ അരിച്ചെടുക്കുക. കരട് ഉണ്ടാവും.



അരിച്ചെടുത്ത് പിന്നേം അടുപ്പത്ത് വെച്ച് അതിലേക്ക് വേവിച്ച മക്രോണി ഇടുക. വെള്ളം ഉണ്ടെങ്കിലും സാരമില്ല. പത്തുമിനിട്ടോളം ചെറിയ തീയിൽ തിളപ്പിക്കണം. വെള്ളം പതുക്കെപ്പതുക്കെ വറ്റുകയും മക്രോണിയ്ക്ക് മധുരം പിടിക്കുകയും ചെയ്യും.
തേങ്ങാപ്പാൽ രണ്ടു തേങ്ങയുടേത്, അല്ലെങ്കിൽ 180 എം എൽ വേണം. 200 ആയാലും കുഴപ്പമില്ല. ശർക്കര വെള്ളം കുറുകുകയും മക്രോണിയും ശർക്കരയും ഒരു യോജിപ്പാവുകയും ചെയ്താൽ തേങ്ങാപ്പാൽ അതിലേക്ക് ഒഴിക്കുക. ശർക്കരവെള്ളം അധികം വറ്റരുതേ. പ്രഥമനിൽ വെള്ളം വേണമല്ലോ. ഉരുളിയാണെങ്കിൽ അഞ്ചു മിനുട്ടേ തിളയ്ക്കേണ്ടൂ. വാങ്ങിയാലും ചൂടുകൊണ്ട് ഒന്നുകൂടെ വറ്റും. തേങ്ങാപ്പാൽ ഒന്ന് വേവണം, യോജിക്കണം. അത്ര തന്നെ.
അതിലിടയ്ക്ക് ഒന്ന് മധുരം നോക്കാം. വേണമെന്നുണ്ടെങ്കിൽ കൂട്ടാം. കുറയ്ക്കാൻ പറ്റില്ല.


വാങ്ങിവെച്ചാൽ ഏലയ്ക്കാപ്പൊടി കുറച്ച് ഇടാം. ചുക്കുപൊടിയാണ് ശരിക്കും ഇടേണ്ടത്. ഇത്രേം ഉണ്ടാവും.

Saturday, August 16, 2008

സഹോദരന്മാർക്ക്


രക്ഷാബന്ധനം. രക്ഷയ്ക്കു വേണ്ടി ബന്ധിക്കുന്നത്. സഹോദരിമാർ തങ്ങളുടെ രക്ഷയ്ക്കായി സഹോദരനോട് ആവശ്യപ്പെടുന്നതാണ് രക്ഷാബന്ധനം. സ്ത്രീകൾ, പുരുഷന്മാർക്ക് കയ്യിൽ രാഖി കെട്ടിക്കൊടുത്ത് അവർ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നു. അല്ലെങ്കിൽ സഹോദരന്മാർ ഓർമ്മിക്കില്ലേ? രക്ഷിക്കില്ലേ? എന്നാലും ഇന്ത്യക്കാർക്ക് പ്രത്യേകിച്ചും ഉത്തരേന്ത്യക്കാർക്ക് അതൊരു ആഘോഷമാണ്. അവർക്കു മാത്രമല്ല, തമിഴ്‌നാട്ടിലും, കർണാടകയിലും, കേരളത്തിലും ഒക്കെ ഉണ്ട്. ചെറിയ തോതിൽ ആണെങ്കിലും. ശ്രാവണമാസത്തിലെ വെളുത്തവാവിനാണ് രക്ഷബന്ധന ദിവസം.
റാണി കർണാവതി, തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് പ്രശ്നം വന്നപ്പോൾ ഹൂമയൂൺ ചക്രവർത്തിയ്ക്ക് രാഖി അയച്ച് രക്ഷ തേടിയെന്ന് ചരിത്രം (വിക്കിയിൽ വായിച്ചത്).
സഹോദരിമാർ രാഖി കെട്ടി, സഹോദരന്മാർ സമ്മാനം കൊടുത്ത്, എല്ലാവരും മധുരം തിന്ന് ആഘോഷിക്കുന്നു.
ചെറുപരിപ്പുണ്ടയാണ് സഹോദരന്മാർക്ക് വേണ്ടി ഞാനുണ്ടാക്കിയത്. ഇതിനുവേണ്ടി ഉണ്ടാക്കിയതൊന്നുമല്ലെങ്കിലും അങ്ങനെ പറയാം. അപ്പോ ഈ ഉണ്ടയും രാഖിയും എടുക്കുന്നവരൊക്കെ എന്നെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. പിന്നെ നിഷേധിക്കരുത്. ഈ ഉണ്ടയെടുത്ത് എറിഞ്ഞാല്‍പ്പോരേ സുരക്ഷയ്ക്ക് എന്നൊന്നും പിന്നെ ചോദിക്കരുത്. ധൈര്യമുള്ളവരൊക്കെ എടുത്തോളൂ.
ചെറുപരിപ്പ് ആദ്യം നന്നായി മൊരിച്ച് വറക്കണം. അതു കഴിഞ്ഞ് മിനുസപ്പൊടിയാക്കണം. തരിയൊന്നും വേണ്ട. എന്നിട്ട് ഒന്നുകൂടെ ഒന്ന് ചീനച്ചട്ടിയിലോ പാത്രത്തിലോ ഇട്ട് ചൂടാക്കി എടുക്കുക. കരിയാതെ. കരിഞ്ഞാൽ പോയി കാര്യം. പഞ്ചസാരയും എടുത്ത് പൊടിയാക്കണം. അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി എന്നിവ വറത്തെടുക്കണം. നെയ്യിൽ. ഏലയ്ക്ക പൊടിച്ചുവയ്ക്കണം. എല്ലാം കൂടെ ഒരു പാത്രത്തിൽ എടുക്കുക. നെയ്യ് നല്ലോണം ചൂടാക്കി, ആ പൊടിയിലേക്ക്, കൂട്ടിലേക്ക് ഒഴിച്ച് ഇളക്കി, കൈകൊണ്ട് തൊടാനുള്ള തണുപ്പായാൽ ഉരുട്ടിയെടുക്കണം. ഇത്രേ ജോലിയുള്ളൂ. എന്റെ കണക്ക് ഇങ്ങനെ ആണ്.
പതിനാറ് ടേബിൾസ്പൂൺ പൊടി
പഞ്ചസാര - പതിനൊന്ന് ടേബിൾസ്പൂൺ. (പൊടിച്ചിട്ടാണേ) (അതിമധുരക്കാർക്ക് കൂട്ടാം, വേണ്ടാത്തവർക്ക് കുറയ്ക്കാം)
പത്ത് അണ്ടിപ്പരിപ്പ് - ചെറുതാക്കണം - വറുക്കണം
ആറ് ഏലക്കായ് - പൊടിക്കണം
പത്ത് മുന്തിരി - വറുക്കണം
അഞ്ച് ബദാം - വറുക്കണം
നെയ്യ് അങ്ങനെ ഒഴിക്കാൻ പറ്റില്ല. നാലു ടേബിൾസ്പൂൺ ഒഴിക്കുക. ഉണ്ടയാക്കാൻ കഴിയുന്നില്ലെങ്കിൽ കുറച്ചുംകൂടെ ഒഴിക്കുക. അധികമായാൽ ഉണ്ട, ഉണ്ടയാവില്ല പൊടിയായിപ്പോകും പറഞ്ഞേക്കാം. അങ്ങനെ ആയാൽ പഞ്ചസാരയും പൊടിയും വീണ്ടും ചേർത്താലും മതി. കുറച്ച് (നെയ്യ് ചൂടാവുമ്പോൾ അണ്ടിപ്പരിപ്പ് ഇടുക, പിന്നെ ബദാം പിന്നെ മുന്തിരി. അങ്ങനെ വറുക്കണം.)

സഹോദരിമാർക്കും ചെറുപരിപ്പുണ്ട എടുക്കാം.

എന്നിട്ട് എല്ലാവരും പാടണം. പഴയ ഹിന്ദിപ്പാട്ട്. “ഫൂലോം കാ താരോം കാ സബ് കാ കെഹ്നാ ഹേ, ഏക് ഹസാരോം മെ മേരി ബെഹ്‌നാ ഹേ... സാരേ ഉമർ ഹമേ സംഗ് രെഹ്‌നാ ഹേ” (ഇങ്ങനെ ആണോന്ന് ദൈവത്തിനറിയാം).

Friday, August 15, 2008

ഓണപ്പാചകം - 5. ഓലൻ

വത്തയ്ക്ക അല്ലെങ്കിൽ തണ്ണീർമത്തൻ കിട്ടിയാൽ അതു വെറുതെ തിന്നും, ജ്യൂസുണ്ടാക്കി കുടിക്കും. അല്ലേ? ഇനി ഓലൻ ഉണ്ടാക്കിനോക്കിയാലോ. ഓണത്തിനു പുതുവിഭവം ആയ്ക്കോട്ടെ. ഞാനൊന്ന് പരീക്ഷിച്ചേക്കാം എന്നുവച്ചു.

ചിത്രത്തിലെപ്പോലെ, ഒരു കഷണം കുമ്പളങ്ങ, ഒരു കഷണം വത്തയ്ക്ക, ഒന്നു രണ്ട് പച്ചമുളക്, ഒന്നു രണ്ട് പച്ചപ്പയർ ഒക്കെ എടുക്കുക.

ചിത്രത്തിലെപ്പോലെ ഓലനു മുറിക്കുന്നതുപോലെ മുറിക്കുക.

ആദ്യം വത്തയ്ക്ക മാറ്റിവച്ച് ബാക്കിയെല്ലാം ഉപ്പും ഇട്ട് അല്പം വെള്ളം ഒഴിച്ച് (ഒഴിച്ചു എന്നു വരുത്തുകയേ പാടുള്ളൂ. വേവാൻ മാത്രം) വേവിക്കാൻ വയ്ക്കുക. പകുതിവെന്താൽ വത്തയ്ക്കക്കഷണവും ഇടുക. വെന്തുകഴിഞ്ഞാൽ ഒട്ടും വെള്ളം വേണ്ട. വെന്താൽ വാങ്ങിവെച്ച് രണ്ടോ മൂന്നോ ടേബിൾസ്പൂൺ തേങ്ങാപ്പാൽ ഒഴിക്കുക. കട്ടിയിൽ വേണമെന്നില്ല. വെന്ത് ഉടയണമെങ്കിൽ അങ്ങനെ വേവിക്കാം. തേങ്ങാപ്പാൽ ഒഴിക്കുന്നില്ലെങ്കിൽ അല്പം വെളിച്ചെണ്ണ ചേർക്കണം.


സാധാരണയുള്ള ഓലൻ ഇവിടെയുണ്ട്

ഓണപ്പാചകം - 4. ഊത്തപ്പം

ഊത്തപ്പം ഉണ്ടാക്കാൻ വളരെ എളുപ്പം. പക്ഷെ പുളിച്ച ദോശമാവു വേണം. ഇഡ്ഡലിമാവായാലും ഒപ്പിക്കാം. ഓണത്തിനാരെങ്കിലും ഊത്തപ്പം ഉണ്ടാക്കുമോന്നു ചോദിച്ചാൽ എന്തു പറയാൻ! പത്തോണമില്ലേ? എന്നെങ്കിലും ഒരുദിവസം ഉണ്ടാക്കാം.


കുറച്ച് ദോശമാവിലേക്ക്, തക്കാളി, പച്ചമുളക്, കാരറ്റ്, സവാള, ഇഞ്ചി, കറിവേപ്പില എന്നിവ ഏകദേശം അളവുകണക്കാക്കി കുഞ്ഞുകുഞ്ഞായി മുറിച്ച് ചേർക്കണം. അല്പം ഉപ്പും. എന്നിട്ട് ദോശയുണ്ടാക്കുന്നതുപോലെ ചൂടായ ദോശക്കല്ലിലേക്ക് ഒഴിക്കണം.
അധികം വട്ടത്തിൽ വേണ്ട. വെന്തുവരുമ്പോൾ മുകളിൽ വെളിച്ചെണ്ണയൊഴിക്കാം.
മറിച്ചിട്ട് ശരിക്കും വെന്താൽ എടുത്ത് ചമ്മന്തിയും കൂട്ടി ചൂടോടെത്തന്നെ അകത്താക്കാം.


മാവൊഴിച്ചിട്ട് ചൂടാകുമ്പോൾ, മുറിച്ച കഷണങ്ങളൊക്കെ അതിനു മുകളിൽ വിതറിയും ഉണ്ടാക്കാം. ഞാൻ അങ്ങനെയല്ല ഉണ്ടാക്കുന്നത്.

ഓണപ്പാചകം - 3. എരിശ്ശേരി

വെള്ളരിക്കയും ചക്കക്കുരുവും ഉപയോഗിച്ച് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. അതു രണ്ടും കൂടെച്ചേർത്ത് ഒരു എരിശ്ശേരിയുണ്ടാക്കിയാലോ? പുളിയില്ലാതെ എരിവു ചേർത്ത് ഉണ്ടാക്കുന്നതായിരിക്കണം എരിശ്ശേരി. ചേനകൊണ്ടും കായ കൊണ്ടും ഒക്കെയാണ് സദ്യയ്ക്ക് എരിശ്ശേരി പതിവ്. ഇതൊന്നു വേറെ ആയ്ക്കോട്ടെ.


ചിത്രത്തിൽ കാണിച്ച പോലെയുള്ള വെള്ളരിക്കയുടെ ഒരു കാൽഭാഗം മതി. പത്ത് ചക്കക്കുരുവും. തോലു കളഞ്ഞ് ചെറുതായി മുറിക്കണം. ചക്കക്കുരു നല്ലപോലെ വേഗത്തിൽ വേവാത്തതുകൊണ്ട് അത് വേറെ ആദ്യം നല്ലപോലെ വേവിക്കാം. അല്ലെങ്കിൽ അത് ഒന്നു വെന്തശേഷം വെള്ളരിക്ക ഇട്ടാലും മതി. ഉപ്പും, മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇടണം. മൂന്നാലു ടേബിൾസ്പൂൺ തേങ്ങ, കാൽ ടീസ്പൂൺ ജീരകവും കൂട്ടിയരച്ചെടുക്കണം. വെള്ളരി - ചക്കക്കുരു നല്ലപോലെ വെന്താൽ, തേങ്ങ ചേർക്കുക. തിളച്ചോട്ടെ. വെള്ളം
ആവശ്യത്തിനു ചേർക്കണം. ഒരുപാട് വേണ്ട. തീരെ വെള്ളമില്ലാതെയും വേണ്ട. തിളച്ചുകഴിഞ്ഞാൽ വാങ്ങിവച്ച് വറവിടുക. ഇതിൽ തേങ്ങ വറവിട്ടില്ലെങ്കിലും സാരമില്ല. വെറും കടുകും മുളകും കറിവേപ്പിലയും മതി.

Thursday, August 14, 2008

ഓണപ്പാചകം - 2. പച്ചക്കറി ഉപ്പുമാവ്

ഉപ്പുമാവ് - മോഹൻലാൽ പഠിപ്പിച്ചതുപോലെ സോൾട്ട് മാംഗോ ട്രീ - എല്ലാവർക്കും ഇഷ്ടമാണോ? ഇവിടെ വല്യ ഇഷ്ടമില്ല. എന്നാലും പശിയേ കറി എന്നു പറഞ്ഞതുപോലെ വിശക്കുമ്പോൾ ഉപ്പുമാ‍വേ ഉള്ളൂ മുന്നിൽ എന്നുവച്ചാൽ എന്തു ചെയ്യും? അതാണിത്. ഉപ്പുമാവ് പലരും പല തരത്തിലും ഉണ്ടാക്കും. ഞാനും. ഇപ്പോ ഈ ഉണ്ടാക്കിവച്ചിരിക്കുന്നത് എങ്ങനെയെന്ന് പറയാം.
വേണ്ട സാധനങ്ങൾ താഴെയുണ്ട്. വേഗത്തിൽ നോക്കൂ.
ഗോതമ്പു റവ വേണം.
പട്ടാണിക്കടല അഥവാ ഗ്രീൻപീസ് വേണം. ഉണക്കപ്പട്ടാണി ആണെങ്കിൽ നാലഞ്ചുമണിക്കൂർ മുമ്പെങ്കിലും വെള്ളത്തിലിട്ടുവയ്ക്കണം. എന്നിട്ട് അതു വേറെ വേവിക്കുക. ചീയരുത്. വേറെ വേറെ മണിമണിയായിട്ട് നിൽക്കണം.
ഉപ്പ്,
പച്ചമുളക്,
ഇഞ്ചി,
കാരറ്റ്,
തക്കാളി,
വലിയ ഉള്ളി അഥവാ സവാള,
കറിവേപ്പില,
ചുവന്ന മുളക്,
കടുക്,
വെള്ളം,
വെളിച്ചെണ്ണ,
ചിരവിയ തേങ്ങ.
ഒരു കപ്പ് അല്ലെങ്കിൽ ഒരു മീഡിയം ഗ്ലാസ്സ് റവയ്ക്ക്, മൂന്നു പച്ചമുളക്, ഒരു കഷണം ഇഞ്ചി, ഒരു വലിയ സവാള, ഒരു ചെറിയ കാരറ്റ് എന്നിവ ചെറുതായി മുറിച്ചുവയ്ക്കണം. തക്കാളി വേറെ മുറിച്ചുവയ്ക്കണം. കുറച്ച് കറിവേപ്പിലയും കടുകും, ഉഴുന്നുപരിപ്പും, ഒന്നോ ഒന്നരയോ ചുവന്ന മുളകും വേണം. ചുവന്ന മുളക് മൂന്നാലു കഷണങ്ങളാക്കി വയ്ക്കണം.
അടുപ്പു കത്തിച്ച്, ചീനച്ചട്ടിയിലോ പാത്രത്തിലോ വെളിച്ചെണ്ണയൊഴിച്ച്, ആദ്യം ഉഴുന്നുപരിപ്പിടുക. അതു ചുവന്നൂന്ന് തോന്നുമ്പോഴേക്കും കടുകും, മുളകും ഇടണം. കടുക് പൊട്ടുമ്പോഴേക്കും കറിവേപ്പില ഇടുക. പിന്നെ സവാള, കാരറ്റ്, പച്ചമുളക്, ഇഞ്ചി എന്നീ കഷണങ്ങളും ഇടുക. തക്കാളി ഇടുക.
അതൊക്കെ ഒന്ന് ചുവന്ന് വേവുമ്പോൾ, പട്ടാണി ഇടാം. പട്ടാണി ചീഞ്ഞുപോയിട്ടുണ്ടെങ്കിൽ അപ്പോൾ ഇടരുത്. വെള്ളം തിളച്ചിട്ട് ഇട്ടാൽ മതി. ഉപ്പിടാം. വെള്ളം ഒഴിക്കുന്നത്, റവ എടുക്കുന്നതിന്റെ ഇരട്ടി ആണ്. നല്ലോണം വേവണമെങ്കിൽ കുറച്ചുംകൂടെയും ഒഴിക്കാം. ഞാനൊഴിച്ചു. വെള്ളം തിളയ്ക്കും. അപ്പോൾ റവ
പതുക്കെ ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. തീ കുറച്ചുവയ്ക്കണം. ഇളക്കിയിളക്കി വെള്ളം വറ്റും. അപ്പോൾ വാങ്ങിവയ്ക്കുക. തേങ്ങ ഇട്ടിളക്കുക. മല്ലിയില ഉണ്ടെങ്കിൽ ഇടാം.
റവ വളരെ വേവേണ്ടവർ ഒന്നിനു മൂന്ന് എന്ന കണക്കിൽ വെള്ളം ഒഴിക്കേണ്ടിവരും. ഗോതമ്പുറവയ്ക്ക് വേവാൻ വെള്ളം വേണം. വെള്ളമൊഴിക്കാതെ ഉണ്ടാക്കിയിട്ട് എന്നെ കുറ്റം പറയരുത്. ;)
ഇത്രയേ ജോലിയുള്ളൂ. ബീറ്റ്‌റൂട്ടും, ഉരുളക്കിഴങ്ങും ഇടാം വേണമെങ്കിൽ.

ഓണപ്പാചകം - 1. സേമിയ ഉപ്പുമാവ്

ഓണത്തിന് സേമിയകൊണ്ട് പായസം കുടിക്കാനാവും നിങ്ങൾക്കിഷ്ടം അല്ലേ? എന്നാൽ തിരക്കുള്ള സമയം ആണെങ്കിൽ എളുപ്പത്തിൽ ഒരു പ്രാതൽ ആണ് സേമിയ ഉപ്പുമാവ്. ഓണത്തിനു വിശദമായ പ്രാതലിനു നേരമുണ്ടാവില്ല. അപ്പോ ഇതൊക്കെ മതിയെന്നു വയ്ക്കുക.

സേമിയ നീളമുള്ളതാണെങ്കിൽ അതു പൊട്ടിച്ചെടുക്കുക. എന്നിട്ട് പായസത്തിനു വറക്കുന്നതുപോലെ നന്നായി ചുവപ്പിച്ച് വറക്കുക. നിങ്ങളുടെ പാകം പോലെ മതീട്ടോ.

കാരറ്റ്
ഇഞ്ചി,
പച്ചമുളക്,
സേമിയ,
വലിയ ഉള്ളി/സവാള
കറിവേപ്പില
ചുവന്ന മുളക്
ഉപ്പ്
വെള്ളം
നിലക്കടല
വെളിച്ചെണ്ണ
തേങ്ങ
മല്ലിയില
പാത്രം/ ചീനച്ചട്ടി
അടുപ്പ്/ സ്റ്റൗവ്
ഇവയൊക്കെ വേണം.
കാരറ്റും, ഇഞ്ചിയും, പച്ചമുളകും, വലിയ ഉള്ളിയും മുറിച്ചെടുക്കുക. ചെറുതായിട്ട്. എന്നിട്ട്, ഉഴുന്നും, കടുകും, മുളകും, ഒക്കെ വറത്ത്, ആദ്യം നിലക്കടല ഇടുക. നിലക്കടല കരിയരുത്. (ഞാൻ കുറച്ച് ജീരകവും ഇട്ടു). പെട്ടെന്നുതന്നെ അതിലേക്ക് കാരറ്റ്, ഇഞ്ചി, പച്ചമുളക്, സവാള, കറിവേപ്പില ഇവയൊക്കെ ഇട്ട്, വെന്താൽ/ മൊരിഞ്ഞാൽ വെള്ളമൊഴിക്കുക. സേമിയ എത്രയുണ്ടോ അതിന്റെ ഇരട്ടി. അതുമതി. ഉപ്പ് ആവശ്യത്തിനു ഇട്ടേക്കുക. വെള്ളം തിളച്ചോട്ടെ. അപ്പോൾ സേമിയ ഇട്ട് ഇളക്കിയിളക്കി വേവിച്ച് എടുക്കുക. എന്നിട്ട് തേങ്ങയും, ഉണ്ടെങ്കിൽ മല്ലിയില അരിഞ്ഞതും ചേർക്കുക. ചൂടോടെ ആവുമ്പോൾ വെള്ളം പോലെ ഉണ്ടാവും. പക്ഷെ ഒന്നിരുന്ന് പാകമാവുമ്പോൾ ശരിയായിക്കോളും.
ഇത്തവണ ഞങ്ങൾ ഓണമാഘോഷിക്കുന്നില്ല. അതുകൊണ്ടു തന്നെ ഈ ഓണംസ്പെഷ്യൽ പാചകങ്ങളെല്ലാം ഓണമാഘോഷിക്കുന്ന കൂട്ടുകാർക്കു വേണ്ടി. വിഭവങ്ങൾ ഓരോന്നോരോന്നായിട്ട് വരും. പലതും ഇവിടെ മുമ്പേയുണ്ട്. ഇല്ലാത്തത് ശ്രമിക്കാം. ഹരിശ്രീയാണ് വേഗം തുടങ്ങിക്കോളാൻ പറഞ്ഞത്. ഹരിശ്രീയ്ക്ക് ഒരു സ്പെഷ്യൽ നന്ദി.

Tuesday, August 05, 2008

അവല്‍പ്പുട്ട്

അവല്‍പ്പുട്ട് ആർക്കും ഉണ്ടാക്കാം. എളുപ്പമാണ്. അവൽ ഇഷ്ടമുള്ളവർക്ക് മറ്റൊരു വിഭവം കൂടെ ആവുകയും ചെയ്യും. ആദ്യം നാടൻ അവൽ/ചുവന്ന അവൽ, നോക്കി വൃത്തിയാക്കി, ഉമിയൊക്കെയുണ്ടെങ്കിൽ കളഞ്ഞ് നല്ലപോലെ വറുക്കണം. തണുത്താൽ മിനുസപ്പൊടിയാക്കണം.
പിന്നെ സാധാരണ പുട്ടുണ്ടാക്കുന്നതുപോലെ തന്നെ. വെള്ളവും ഉപ്പും ചേർത്ത് കുഴച്ച് പുട്ടുംകുറ്റിയിൽ തേങ്ങയും പൊടിയും ഇട്ട് നിറച്ച് വേവിച്ചെടുക്കുക.
പൊടിയിലും കുറച്ച് തേങ്ങ ചേർക്കാം. ഞാൻ ചേർത്തു. അവൽ വറുത്തുവയ്ക്കാറുണ്ട് ഇവിടെ. അതിൽ തേങ്ങയും ശർക്കരയും ഇട്ട് വെറുതെ തിന്നാലും സ്വാദുണ്ടാവും.

അവൽ‌പുട്ടിന്റെ കൂടെ ഗ്രീൻപീസ് കറിയാണുണ്ടാക്കിയത്. ഗ്രീൻപീസ് അഞ്ചാറ് മണിക്കൂറെങ്കിലും വെള്ളത്തിലിട്ടുവയ്ക്കണം. എന്നിട്ട് വെള്ളമൊഴിച്ച്, മഞ്ഞളിട്ട് വേവിക്കണം. വെന്തുകഴിഞ്ഞാൽ ഉപ്പു ചേർക്കാം. അതിൽ തേങ്ങയും പച്ചമുളകും കൂടെ അരച്ചു ചേർക്കണം. എരുവിന്റെ പാകം നോക്കുക. കടുകും മുളകും കറിവേപ്പിലയും വറവിട്ടാൽ കറി തയ്യാറായി.

എന്ത്? പുട്ടിനു പഴം തന്നെ വേണമെന്നോ? ഇവിടെ തൂക്കിയിട്ടുണ്ട്. ചോദിച്ചും പറഞ്ഞുമൊക്കെ എടുത്താൽ നിങ്ങൾക്ക് നല്ലത്. ഭവിഷ്യത്തുകൾക്ക് ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]