Wednesday, April 04, 2007

ചേമ്പ് ഓലന്‍





















ചേമ്പ്, കിഴങ്ങുവര്‍ഗ്ഗത്തില്‍ ഉള്ള ഒന്നാണ്. ചെറുതും വലുതും ഉണ്ട്. വീട്ടിലും വളര്‍ത്തിയെടുക്കാം. പലതരം കറികളും ഉണ്ടാക്കാം. പല കറികളിലും, വേറെ, പച്ചക്കറികളുടെ കൂടെ ഇടുകയും ചെയ്യാം.

ചേമ്പ് ഓലന്‍ വളരെ എളുപ്പത്തില്‍ ഉള്ള ഒരു കറിയാണ്. ചേമ്പ് ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടപ്പെടും.

ചേമ്പിന്റെ തോലുകളഞ്ഞ്, ഒന്ന് കഴുകുക. തൊലി കളയുമ്പോള്‍ മണ്ണ് പറ്റിയിട്ടുണ്ടെങ്കില്‍, അത് പോകും. അതിനുശേഷം ചെറുതായി മുറിച്ച്, നല്ലപോലെ കഴുകിയെടുക്കുക. കുറച്ച് പച്ചമുളക് നീളത്തില്‍ മുറിച്ചിടുക. എരിവ് വരാന്‍ മാത്രം. ഉപ്പും പാകം പോലെ ഇട്ട് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധികം വെള്ളമില്ലാതെ ഇരിക്കണം. തീരെ ഇല്ലാതെയും ആവരുത്. വെന്ത് കഴിഞ്ഞാല്‍, കുറച്ച് തേങ്ങ ചിരവിയിടുക. കുറച്ച് വെളിച്ചെണ്ണയും, ഒഴിക്കുക. നിര്‍ബ്ബന്ധമില്ല.




12 comments:

കുടുംബംകലക്കി said...

പാചകം ആരു ചെയ്യണമെന്നു കൂടി, പ്ലീസ്...
ഭാര്യക്കൊരു മനം മാറ്റം വന്നാലോ!!!

നന്ദു said...

സൂ മദ്ധ്യ തിരുവിതാംകൂറില്‍ അസ്ത്രം എന്നു പറയുന്നതു ഈ കറിയല്ലേ?.

ഈയിടെ ഒരു സുഹൃത്ത് നാട്ടില്‍ നിന്നും വന്ന്പ്പോള്‍ ചേമ്പ് കൊണ്ടുള്ള ചിപ്സ് കൊണ്ടു വന്നിരുന്നു. ആദ്യമായി കഴിച്ചതു കൊണ്ടാണോ എന്നറിയില്ല നല്ല ടേസ്റ്റായിരുന്നു!!!

asdfasdf asfdasdf said...

സൂ.. ഒരു സംശയം. ഇതിനെ ഓലന്‍ എന്നു വിളിക്കാമോ ? തേങ്ങാപ്പാല്‍ ചേര്‍ത്തതിനെയാണ് ഓലനായി കൂട്ടുള്ളൂ എന്നാണ് എന്റെ പരിമിതമായ അറിവ്.
തേങ്ങ ചതച്ചോ നേരിട്ടോ ചേര്‍ത്ത ഈ കറി ചേമ്പ് പുഴുക്കായിരിക്കണം. ചേമ്പു പോലെ തന്നെ കാവത്തും ഇങ്ങനെ വെക്കുന്നതായി അറിയാം. കൂടെ ഒരു ടീസ്പൂണ്‍ നല്ല ജീരകം വറുത്ത് ചേര്‍ക്കാറുണ്ട്.

സു | Su said...

കുടുംബം കലക്കി :)

നന്ദൂ :) ആവും. അങ്ങനെ കേട്ടിട്ടുണ്ട്. ഇതിനെ വീട്ടില്‍ പറയുന്നത് ചേമ്പ് ഓലന്‍ എന്നാണ്.

കുട്ടമ്മേനോന്‍ :) ഇതിനെ കാലാകാലങ്ങളാ‍യിട്ട് ഓലന്‍ എന്നാണ് വിളിക്കുന്നത്. പിന്നെ, കുമ്പളങ്ങ, മത്തന്‍, എന്നിവയെക്കൊണ്ടൊക്കെ ഓലന്‍ വെക്കുമ്പോള്‍, സാധാരണ, ഞങ്ങളുടെ വീട്ടിലൊന്നും തേങ്ങാപ്പാല്‍ ചേര്‍ക്കാറില്ല. വെന്താല്‍ മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുകയേ ഉള്ളൂ. സദ്യയ്ക്കൊക്കെയാണ് തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത്. പിന്നെ, പുഴുക്ക് ഉണ്ടാക്കുമ്പോള്‍, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇടും. തേങ്ങ, മുളക് ചേര്‍ത്ത് അരച്ച് ചേര്‍ക്കും.

qw_er_ty

ശാലിനി said...

ഞങ്ങള്‍ ഇതില്‍ കുറച്ച് ചെറിയ ഉള്ളി ചതച്ചതും കുടമ്പുളിയും കൂടി ചേര്‍ത്ത് പറ്റിച്ച് വേറൊരുകറിയാക്കും.

ഇതാദ്യമാണ് ഇങ്ങനൊരു കറിയെകുറിച്ചറിയുന്നത്. നന്ദു, ഞാനും കഴിച്ചിട്ടുണ്ട് ചേമ്പുകൊണ്ടുള്ള ഉപ്പേരി, പക്ഷേ അത് വലിയചേമ്പുകൊണ്ടാണ് ഉണ്ടാക്കുന്നതെന്നു തോന്നുന്നു.

മിടുക്കന്‍ said...

കുട്ടന്‍ മേനൊന്‍,
തേങ്ങാപാല്‍ ചേര്‍ത്താല്‍ കേമാ‍യി..
അല്ലേലും ഓലന്‍ തന്നെ,

വേറൊരു ഓലന്‍ ഉണ്ട്..
തക്കാളി ഒപ്പും പച്ചമുളകും ഇട്ട് വേവിക്കുക (കൊറച്ച് മഞ്ഞപൊടി കൂടെ ചേര്‍ത്താല്‍ ദോഷങ്ങള്‍ ഒക്കെ മാറികിട്ടും )
എന്നിട്ട് വാങ്ങാറാകുമ്പോള്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക..
എന്താ സ്വാദെന്നൊ...

ഓലന്‍ അങ്ങനെയാ... ഒന്നുമില്ലേലും നല്ല സ്വാദാ..
:)

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ,
ഇഷ്ടായീ. ഉണ്ടാക്കിനോക്കണം, പേരെന്തായാലും കൂട്ടാനായാല്‍ മതീലോ :)

bijuneYYan said...

അതേയ്..
വയനാടന്‍ ബ്ലോഗ് വായിച്ചു കമന്റടിച്ചില്ലേ.. അതെഴുതിയ നെയ്യനാ ഞാന്‍.
അതിനകത്തു ഞാന്‍ തിന്നെന്നു പറഞ്ഞ ആ പത്തിരി എങ്ങിനെയാണുണ്ടാക്കുന്നതെന്നറിയാമോ??

ഉണ്ടെങ്കില്‍ ഒരു പാചകവിധി?? :) പ്ലീസ്.
യാഹൂക്കാരു കാണാതെ ഞാന്‍ പാചകം ചെയ്തോളാം :)

ശ്രീ said...

സൂവേച്ചി....
ചേമ്പ് ഓലന്‍‌ കലക്കി..... ചിത്രം കണ്ടാല്‍‌ തന്നെ അറിയാം അതിന്റെ സ്വാദ്!

പുള്ളി said...

ഉരുളക്കിഴങ്ങുകൊണ്ട് സ്റ്റൂ വെച്ചപോലെ... പെട്ടെന്ന് ഉണ്ടാക്കി കഴിഞ്ഞുല്ലേ..ഇതൊന്നു ശ്രമിക്കണം

കണ്ണുനീര്‍ തുള്ളി said...

ooom, good

Prashanth said...

ഈ ബ്ളോഗിലെ 5 പോസ്റ്റ്കള്‍ എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ്‌ ചെയ്തിരിക്കുന്നു... മര്യാദക്ക്‌ മായ്ച്ചു കളയുക...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]