Friday, January 07, 2011

ചക്കയുപ്പേരി

ചക്കയുപ്പേരിയുണ്ടാക്കാൻ എളുപ്പമാണ്. ഇടിച്ചക്കയുപ്പേരിയുണ്ടാക്കാൻ എടുക്കുന്ന ചക്കയേക്കാൾ അല്പം കൂടെ മൂത്ത ചക്ക വേണം.




ഇടിച്ചക്കയുപ്പേരിയുണ്ടാക്കുമ്പോൾ, അതിൽ കുരു മൂത്തിട്ടുണ്ടാവില്ല. ഇതിൽ അല്പം കുരു ഉണ്ടാവും.




ചക്ക - നടുവേ മുറിച്ച്, നാലാക്കി മുറിച്ച്, തോലുകളഞ്ഞ്, ഉള്ളിലുള്ള കൂഞ്ഞ് കളഞ്ഞ്, ചെറുതാക്കി അരിഞ്ഞെടുക്കുക. എത്രയും ചെറുതാവുന്നോ അത്രയും നല്ലത്.
ഉഴുന്നുപരിപ്പ് - കുറച്ച്.
കടുക് - കുറച്ച്.
കറിവേപ്പില.
ഉപ്പ്.
മഞ്ഞൾപ്പൊടി.
തേങ്ങ.
വെളിച്ചെണ്ണ.
ഇത്രയും വസ്തുക്കളേ ആവശ്യമുള്ളൂ. പിന്നെ കുറച്ചു വെള്ളവും.

മുറിച്ചെടുത്ത ചക്കയ്ക്ക് ആവശ്യമായ വറവിടുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ ആദ്യം ഉഴുന്ന് ഇടുക, ചുവന്നു വരുമ്പോൾ കടുകും, ചുവന്ന മുളകും, ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാൽ കറിവേപ്പിലയും ഇടുക. അതിലേക്ക് മുറിച്ചുവെച്ചിരിക്കുന്ന ചക്കയിടണം. ഇളക്കി, ഉപ്പും മഞ്ഞളും ഇട്ട് വീണ്ടും ഇളക്കി അല്പം വെള്ളം ഒഴിച്ച്, അടച്ചുവെച്ച് വേവിക്കുക.




വെള്ളം, ചക്ക വേവാനുള്ളത് മാത്രമേ ഒഴിക്കാവൂ. വെന്ത്, വാങ്ങിയാൽ തേങ്ങയിട്ടിളക്കുക.





ചക്ക കുക്കറിൽ വെച്ചും വേവിക്കാം. ചക്കയിൽ വെള്ളമൊഴിക്കേണ്ട. ഉപ്പും മഞ്ഞളുമിട്ട് വേവിക്കണം. അതു കഴിഞ്ഞ് വറവിലേക്ക് ഇട്ടാൽ മതി.


ഈ ബ്ലോഗ് നോക്കുകയും, പാചകക്കുറിപ്പുകൾ പരീക്ഷിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി.

പുതുവത്സരാശംസകൾ!
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]