Thursday, April 07, 2011

ഈന്തപ്പഴം മാങ്ങാച്ചമ്മന്തി

ഈന്തപ്പഴം ചമ്മന്തിയുണ്ടാക്കിക്കഴിഞ്ഞാൽ അടുത്തത് ഇതാണ്. ഈന്തപ്പഴത്തിനൊപ്പം മാങ്ങയും കൂട്ടിയൊരു ചമ്മന്തി. മാങ്ങാക്കാലത്ത് മാങ്ങ കൊണ്ടൊരു വിഭവം വേണ്ടേ?

വേണ്ടത് :-മാങ്ങ - ഒന്ന് ചെറുത്.
ഈന്തപ്പഴം - പത്തു പന്ത്രണ്ട്. കുരുവില്ലാത്തതോ, കുരു കളഞ്ഞതോ.
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ.
കായം പൊടി - കുറച്ച്.
ഉപ്പ് - വേണ്ടതനുസരിച്ച്.
വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ.
കറിവേപ്പില - പത്തില.
ചുവന്ന മുളക് - നാല്.
മാങ്ങ തോലു കളഞ്ഞ് കഷണങ്ങളാക്കുക. ഈന്തപ്പഴം നന്നായി ചെറുതാക്കുകയോ ചതയ്ക്കുകയോ ചെയ്യുക. അപ്പാടെ ഇട്ടാൽ മിക്സിയ്ക്ക് കേടാണ്.

വെളിച്ചെണ്ണ ചൂടാക്കി ഉഴുന്നുപരിപ്പ് ചുവക്കെ വറുക്കുക. കരിയരുത്. അതിനുമുമ്പേ മുളകും ഇട്ട് മൊരിക്കുക. അതിൽ കറിവേപ്പിലയും ഇട്ട് മൊരിച്ചെടുക്കുക.

ഉഴുന്നും മുളകും കായവും ഉപ്പും മാങ്ങയും കറിവേപ്പിലയും കൂടെ അരയ്ക്കുക. അധികം മിനുസം ആവണമെന്നില്ല. ഈന്തപ്പഴം ചേർക്കുക. ഒന്ന് അരഞ്ഞാൽ ഉപ്പ് നോക്കുക. വേണമെങ്കിൽ ചേർക്കുക. അധികം ആയിട്ടുണ്ടെങ്കിൽ, കാര്യമില്ലെങ്കിലും, അയ്യോ എന്നു പറയുക. എല്ലാം കൂടെ നന്നായരച്ച് എടുക്കുക. ഇത്രേ ഉള്ളൂ പണി.
ആദ്യം ഈന്തപ്പഴം അരച്ചാലും കുഴപ്പമില്ല. ഉഴുന്നുപരിപ്പ് ശരിക്കും അരയുന്നതാണ് നല്ലത്. ഈന്തപ്പഴം ഇട്ടാൽ എല്ലാം കൂടെ പറ്റിപ്പിടിക്കും.

മുളക് ഇത്രേം വേണ്ടെങ്കിൽ ചേർക്കേണ്ട.

Wednesday, April 06, 2011

ഈന്തപ്പഴം ചമ്മന്തി

ഈന്തപ്പഴം ഇഷ്ടമാണോ? ആണെങ്കിലും അല്ലെങ്കിലും ഈ ചമ്മന്തി ഒന്നു പരീക്ഷിയ്ക്കൂ. ഇഷ്ടമാവും.

വേണ്ടത്:-

ഈന്തപ്പഴം - കുരുവില്ലാത്തത്/കുരു കളഞ്ഞത് - പത്ത് എണ്ണം.
കുഞ്ഞുള്ളി അഥവാ ചെറിയ ഉള്ളി - പതിനഞ്ച്.
ചുന്നമുളക്/വറ്റൽ മുളക്/ ഉണക്കമുളക് - വലുത് മൂന്ന്.
കറിവേപ്പില - പന്ത്രണ്ട് ഇല.
കായം - രണ്ട് നുള്ള്.
പുളി - അല്പം. (രണ്ടു പുളിങ്കുരുവിന്റെ അത്രേം പുളി).
ഉപ്പ് - തോന്നിയപോലെ.
വെളിച്ചെണ്ണ - ഒന്നോ രണ്ടോ ടേബിൾസ്പൂൺ.

ഉള്ളി തോലുകളഞ്ഞ് കഴുകിയെടുക്കുക. കഷണങ്ങളാക്കുകയൊന്നും വേണ്ട. ഈന്തപ്പഴം മിക്സി ജാറിൽ ഇടാൻ പാകത്തിനു കുറച്ച് ചെറുതാക്കുക. അരയ്ക്കുന്ന കല്ല് ഉണ്ടെങ്കിൽ ചതച്ചുവയ്ക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. ചെറിയ ഉള്ളി ഇടുക. ഒന്നു വഴറ്റിയിട്ട് മുളക് ഇടുക. രണ്ടും കൂടെ അല്പനേരം വഴറ്റുക. ഉള്ളി ചുവക്കുകയൊന്നും വേണ്ട. അതിലേക്ക് കറിവേപ്പിലയും ഇട്ട് അതും മൊരിഞ്ഞാൽ വാങ്ങിവയ്ക്കുക. തണുത്തോട്ടെ.

ഈന്തപ്പഴം, ആവശ്യത്തിനു ഉപ്പിട്ട്, പുളിയും, കുറച്ച് കായവും ഇട്ട് മിക്സിയിൽ അരയ്ക്കുക. അതു പറ്റിപ്പിടിക്കും. അതുകൊണ്ട് സ്പൂൺ കൊണ്ട് ഇളക്കിക്കൊടുക്കണം ഇടയ്ക്ക് (മിക്സി ഓഫ് ചെയ്തിട്ട്).

അത് അരഞ്ഞാൽ, അതിലേക്ക് വറുത്തുവെച്ചിരിക്കുന്ന ഉള്ളി മുതലായ വസ്തുക്കൾ ഇട്ട് അരയ്ക്കുക. വറുത്ത വെളിച്ചെണ്ണ (ഉണ്ടെങ്കിൽ) ബാക്കിവയ്ക്കേണ്ട. അതും ഇതിലേക്ക് ഒഴിക്കുക. അരച്ചുകഴിഞ്ഞാൽ എടുക്കുക.
ഒട്ടും വെള്ളം ചേർക്കരുത്. അതുകൊണ്ടുതന്നെ ഈന്തപ്പഴം നന്നായി ചതച്ചിട്ടോ, അരിഞ്ഞിട്ടോ മാത്രം മിക്സിയിൽ അരയ്ക്കുക. എരിവിനു മുളക് നിങ്ങളുടെ പാകം പോലെ ചേർക്കാം. അരയ്ക്കുമ്പോൾത്തന്നെ ഉപ്പുനോക്കി പാകത്തിനു ചേർക്കുക. കുറഞ്ഞുപോയിട്ട് പിന്നെച്ചേർത്താൽ അത് അത്രയ്ക്കു യോജിക്കില്ല. ഈന്തപ്പഴത്തിനു മധുരമായതുകൊണ്ട് പുളി കുറച്ചുകൂടെ ചേർത്താലും കുഴപ്പമൊന്നുമില്ല.

Tuesday, April 05, 2011

റവക്കൊഴുക്കട്ട

കൊഴുക്കട്ടയുണ്ടാക്കാറില്ലേ? അരികൊണ്ടാണ് സാധാരണയായി ഉണ്ടാക്കാറുള്ളത്. അതിനു കുറച്ച് ജോലിയുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ഒരു കൊഴുക്കട്ടയായാലോ? അതാണ് റവക്കൊഴുക്കട്ട. അധികം വസ്തുക്കളൊന്നും ആവശ്യമില്ല. ഉണ്ടാക്കാനും അധികം ജോലിയൊന്നുമില്ല. അല്പം സമയം വേണം.

വേണ്ടത് :-
സൂജി റവ/ ചെറിയ റവ - ഒരു ഗ്ലാസ്സ്
തേങ്ങ ചിരവിയത് - മുക്കാൽ ഗ്ലാസ്സ്.
തിളച്ച വെള്ളം - ഒന്നേകാൽ ഗ്ലാസ്സ്.
ഉപ്പ് - പാകം നോക്കിയിടുക.

റവയെടുക്കുന്ന അതേ ഗ്ലാസ്സിൽത്തന്നെ വെള്ളവും, തേങ്ങയും അളവ് എടുക്കുക.

റവയിൽ ആവശ്യത്തിനു ഉപ്പിടുക. റവ വറുക്കണമെന്നില്ല.
വെള്ളം തിളപ്പിക്കുക. തിളച്ച ഉടനെത്തന്നെ റവയിൽ ഒഴിക്കുക. വലിയ സ്പൂൺ കൊണ്ട് നന്നായി കുഴയ്ക്കുക.

അടച്ച് അരമണിക്കൂർ വയ്ക്കുക. റവ മൃദു ആവാനാണത്.അതുകഴിഞ്ഞാൽ തേങ്ങ ചേർക്കുക. പിന്നേം നന്നായി കുഴയ്ക്കുക. തണുത്തിട്ടുണ്ടാവും എന്നുള്ളതുകൊണ്ട് കൈകൊണ്ടു തന്നെ കുഴയ്ക്കുക.ഉരുട്ടുക. ഒരു പാത്രത്തിൽ വയ്ക്കുക. ഇവിടെ കുക്കറിന്റെ തട്ടിൽത്തന്നെയാണ് വെച്ചത്. കുക്കർ തട്ട് ഇല്ലെങ്കിൽ തീരെച്ചെറുതല്ലാത്ത ഒരു പാത്രത്തിൽ വയ്ക്കുക. കുക്കറിലെ വെള്ളം കൊഴുക്കട്ടയിലേക്ക് കയറാതിരിക്കും. ഉരുട്ടിക്കഴിഞ്ഞ് നല്ല പാകമുള്ള ഒരു പ്ലേറ്റുകൊണ്ട് അടയ്ക്കുക. കുക്കറിൽ നല്ലപോലെ വെള്ളം ഒഴിച്ച്, പാത്രം കുക്കറിൽ വയ്ക്കുക. മൂന്നു വിസിൽ വന്നാൽ തീ താഴ്ത്തിവെച്ച് വേവിക്കുക. എല്ലാം കൂടെ ഒരു ഇരുപത് ഇരുപത്തഞ്ച് മിനുട്ട് ആവും. കുക്കർ വാങ്ങിവയ്ക്കുക.തണുത്താൽ തുറന്ന് എടുക്കുക.

റവക്കൊഴുക്കട്ടയും മാങ്ങാച്ചമ്മന്തിയും. (കറിയൊന്നുമില്ലെങ്കിൽ‌പ്പിന്നെ അതുമതീന്നു വയ്ക്കുക!)

ചെറുപയർ കറി, ഉരുളക്കിഴങ്ങ് കറി (സ്റ്റ്യൂ) എന്നിവയൊക്കെ കൂടെ കൂട്ടാം.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]