Showing posts with label ഇലക്കറികള്‍. Show all posts
Showing posts with label ഇലക്കറികള്‍. Show all posts

Tuesday, February 26, 2013

ഉലുവയില ഉപ്പേരി

ഉലുവയില കഴിക്കുന്നത് നല്ലതാണ് എന്നെല്ലാവർക്കും അറിയാമെന്നു കരുതുന്നു. വീട്ടിൽ പൂച്ചെട്ടിയിൽ വളർത്താൻ പറ്റിയൊരു ചെടിയാണ് ഉലുവ. ഈ ഇലകൾക്ക് അല്പം കയ്പ്പുണ്ട്. എന്നാലും ഉപ്പേരിയുണ്ടാക്കാൻ തീരുമാനിച്ചു. ഒരുപാടു വിഭവങ്ങൾ ഉലുവയില കൊണ്ടുണ്ടാക്കാം.
ഇവിടെ ചിലതൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട്.

 


ഉലുവയിലയുപ്പേരിയുണ്ടാക്കാൻ വളരെക്കുറച്ച് വസ്തുക്കളേ ആവശ്യമുള്ളൂ. ഉണ്ടാക്കുന്ന വിധം പറയാം.

 

 ഉലുവയില വൃത്തിയാക്കിയെടുക്കുക. ചെറുതായി അരിയുക. വേര് കളയുക. തണ്ട് ഇട്ടാൽ കുഴപ്പമില്ല. മുറിച്ചെടുത്തു കഴിഞ്ഞും ഒന്നു കഴുകുന്നതു കൊണ്ടു കുഴപ്പമില്ല. മുറിച്ച ഇല രണ്ടു കപ്പ് വേണം. വെന്തു കഴിഞ്ഞാൽ വളരെക്കുറച്ചേ ഉണ്ടാവൂ.

 

കടലപ്പരിപ്പ് വേവിച്ചെടുക്കുക. വെന്തത് ഒരു മുക്കാൽ കപ്പ് വേണം. അധികം വെന്ത് അലിയരുത്. എന്നാൽ നന്നായി വേവുകയും വേണം. കുക്കറിൽ വേവിച്ചാൽ മതി. ചീനച്ചട്ടി, അല്ലെങ്കിൽ ഒരു പാത്രം അടുപ്പത്തുവെച്ച് അതിൽ വെളിച്ചെണ്ണയൊഴിക്കുക. ഉഴുന്നുപരിപ്പ് രണ്ട് ടീസ്പൂൺ ഇടുക. അല്പം അധികമുണ്ടെങ്കിലും സാരമില്ല. അതു ചുവന്നാൽ ഒരു ചുവന്ന മുളക് പൊട്ടിച്ചിടുക. അല്പം കടുകും ഇടുക. കടുക് പൊട്ടിയാൽ അതിലേക്ക്, ഉലുവയിലയിടുക. അല്പം മഞ്ഞൾ ഇടുക. കടലപ്പരിപ്പിനും കൂടെ ആവശ്യമായ ഉപ്പും ഇട്ട് ഇളക്കി, തീ കുറച്ച് അടച്ചുവെയ്ക്കുക. വേഗം വേവും. വെന്താൽ കടലപ്പരിപ്പും ഇട്ടിളക്കി അല്പനേരം കൂടെ ചെറിയ തീയിൽ അടച്ചുവേവിക്കുക. വാങ്ങിവെച്ച് തേങ്ങ ചിരവിയിടുക.

 

എരിവു വേണ്ടവർക്ക് തേങ്ങയ്ക്കൊപ്പം അല്പം പച്ചമുളക് ചതച്ചിടുകയോ, അല്ലെങ്കിൽ ആദ്യം തന്നെ മുളകുപൊടിയിടുകയോ ചെയ്യാം. ഞങ്ങൾ സാധാരണയായി ഉപ്പേരിയ്ക്ക് വറവിലിടുന്ന ചുവന്ന മുളകല്ലാതെ എരിവ് ചേർക്കാറില്ല.

Tuesday, March 20, 2012

ശതകുപ്പ അഥവാ ചതകുപ്പ




ശതകുപ്പ അഥവാ ചതകുപ്പ എന്നാണ് ഈ ഇല/ ചെടി അറിയപ്പെടുന്നത്. Dill (Anethum graveolens) എന്നു ഇംഗ്ലീഷിൽ. (കട. വിക്കി.) ഔഷധഗുണമുള്ള ഒന്നാണിത്. ഷെപ്പി ഭാജി എന്നു കൊങ്കിണിയിലും, സൊവ്വാ സബ്ജി എന്നു ഹിന്ദിയിലും സബ്സിഗെ സൊപ്പ് എന്നു കന്നടയിലും ഇതിനെ പറയുന്നു.




കാരവീ മധുരാ ദീപ്യത്വക്പത്രീ കൃഷ്ണജീരകേ - ഇവയെല്ലാം ചതകുപ്പയുടെ പേരാണെന്ന് അമരകോശം.

ശത്വാഹാ ശതപുഷ്പാ മിസിഗ്‌ഘോഷാ ച പോതികാ/ അഹിച്ഛത്രാപ വാക്പുഷ്പീ മാധവീ കാരവീ ശിഫാ/ സംഘാതപത്രികാച്ഛത്രാ വജ്രപുഷ്പാ സുഗന്ധാ സൂക്ഷ്മപത്രികാ/ ഗന്ധാരികാതിച്ഛത്രാ ച ചതുർവ്വിംശതിനാമികാ എന്നു പര്യായങ്ങൾ എന്ന് അമരകോശത്തിൽ പറയുന്നു.





വിദേശത്തും ഇന്ത്യയിലും ഇത് ഔഷധങ്ങളിൽ അല്ലാതെ ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നുണ്ട്. ഇതിനു ഒരു കണ്ണിമാങ്ങയുടേയും, മാവിന്റെ ഇലയുടേയും ഒക്കെ മണമാണ് എനിക്കു തോന്നിയത്. വെറും തോന്നലാണോ എന്തോ!

ഇതുകൊണ്ടു വിവിധതരം കൂട്ടാ‍നുകൾ/കറികൾ ഉണ്ടാക്കാം.




ഇല തണ്ടുകളഞ്ഞ് നുള്ളിയെടുക്കണം. എന്തെങ്കിലുമൊക്കെ അതിൽ വസിക്കുന്നുണ്ടോന്നു നോക്കുന്നത് നല്ലതാണ്. നല്ലതുപോലെ നോക്കിയിട്ട് കഴുകിയെടുത്തു തണ്ടുകളഞ്ഞ് എടുത്താലും മതി.


ശതകുപ്പ സാമ്പാർ




തുവരപ്പരിപ്പ് കുറച്ചു വേവിച്ചു. ശതകുപ്പയിലയും, ഉപ്പും, മഞ്ഞൾപ്പൊടിയും, പുളി പിഴിഞ്ഞെടുത്ത വെള്ളവും കൂടെ വേവിച്ചു. അല്പം വെള്ളം ചേർക്കാം. വെന്തപ്പോൾ തുവരപ്പരിപ്പ് അതിലേക്കിട്ടു. അല്പം തേങ്ങയും സാമ്പാറുപൊടിയും കൂടെ അരച്ച് ഇതിൽ ചേർത്തു. കായം, സാമ്പാർ പൊടിയിൽ ഇല്ലെങ്കിൽ ഇതിലേക്ക് അല്പം ചേർക്കണം. നന്നായി തിളച്ചപ്പോൾ വാങ്ങിവെച്ച് വറവിട്ടു.


ശതകുപ്പച്ചപ്പാത്തി




ഗോതമ്പുപൊടി, ഉപ്പ്, ജീരകം, മുളകുപൊടി, കായം, അല്പം എണ്ണ, ശതകുപ്പയില പൊടിയായി അരിഞ്ഞത് എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ചു. അല്പനേരം വെച്ചു. ഉരുട്ടിപ്പരത്തി ചപ്പാത്തിയുണ്ടാക്കി. മല്ലിയിലയും, പച്ചമുളകും, വെളുത്തുള്ളിയും ഒക്കെ വേണമെങ്കിൽ ചേർക്കാവുന്നതാണ്.

ശതകുപ്പ കൊണ്ടുള്ള വിഭവങ്ങൾ ഇനിയും വരും.

Friday, February 24, 2012

വള്ളിച്ചീര

ഇന്ത്യൻ സ്പിനാച്ച് (Indian spinach) എന്നറിയപ്പെടുന്ന ചീരയാണിത്. Basella rubra എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ഇത് ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്ന ഒരു ഇലവർഗ്ഗമാണ്. വള്ളിച്ചീര എന്നാണ് ഇതിന്റെ മലയാളത്തിലെ പേര്. വീട്ടിൽ വളർത്താൻ വളരെ എളുപ്പമാണ്. ഇതിന്റെ തണ്ടിന്റെ ഒരു കഷണം മുറിച്ച് നടുകയേ വേണ്ടൂ. ഇതിന്റെ പാകം വന്ന തണ്ട് മുരിങ്ങാക്കോലുപോലെയാണ്. ഉള്ളിൽ മാംസളമായ ഭാഗവും, പുറത്ത് കുറച്ചു കട്ടിയിൽ തോലും. സ്വാദ്, സാദാ ചീരയുടെ സ്വാദ് തന്നെയാണ്. ഉപോദിക എന്നാണ് സംസ്കൃതത്തിൽ ഇതിന്റെ പേരെന്ന് ഒരു പുസ്തകത്തിൽ കണ്ടു. അമരകോശത്തിൽ, ഉപോദകീ എന്നതിനു വശളച്ചീര എന്നു കൊടുത്തിട്ടുണ്ട്. അത് ഇതാവാനാണ് സാദ്ധ്യത. (അല്ലെങ്കിൽ എന്നെ ഒന്നും പറയരുത്. ഞാനൊരു പാവമാണ്.)





ഇത് വള്ളിപോലെ വളരും. ഇതുകൊണ്ട് വളരെയധികം വിഭവങ്ങളുണ്ടാക്കാം. ചീര കൊണ്ടുണ്ടാക്കുന്നതുപോലെത്തന്നെ. പിന്നെ പാലക്ക് കൊണ്ടുണ്ടാക്കുന്നതുപോലെയും അനവധി വിഭവങ്ങൾ തയ്യാറാ‍ക്കാം.



അതിന്റെ ഇലകൾ.




തണ്ടുകൾ.






വള്ളിച്ചീര പുളിങ്കറി.

കുറച്ചു തുവരപ്പരിപ്പും ചീരത്തണ്ടും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് വേവിച്ചു. അല്പം പുളിവെള്ളവും, ചീര ഇലകളും ഉപ്പിട്ട് വേവിച്ചു. അത് പാതി വേവായപ്പോൾ ആദ്യം വേവിച്ചതും ഇതിന്റെ കൂടെ ഇട്ടു. നന്നായി വെന്തപ്പോൾ, തേങ്ങയരച്ചത് ചേർത്തു. തിളച്ചപ്പോൾ വാങ്ങിവെച്ച് വറവിട്ടു. തേങ്ങയുടെ കൂടെ ജീരകവും കൂട്ടാം.



വള്ളിച്ചീര ഇഡ്ഡലി

സാദാ ഇഡ്ഡലിമാവിൽ ചീരയില, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞിട്ടു. എന്നിട്ട് ഇഡ്ഡലിയുണ്ടാക്കി.




വള്ളിച്ചീര ബജ്ജി.

കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, എന്നിവ അല്പം വെള്ളത്തിൽ കുഴച്ച് അതിൽ ചീരയില ചെറുതായി മുറിച്ചിട്ടു. ചൂടായ വെളിച്ചെണ്ണയിൽ കുറേശ്ശെ ഒഴിച്ച് ബജ്ജിയുണ്ടാക്കിയെടുത്തു.

ചീരത്തണ്ട് ഞാനിവിടെ നട്ടിട്ടുണ്ട്. ശരിയാവുകയാണെങ്കിൽ ഇനിയും വിഭവങ്ങൾ പ്രതീക്ഷിക്കാം. എല്ലാർക്കും വീട്ടിൽ നടാൻ ഓരോ ചീരത്തണ്ടും തരാം.

(വിക്കിപീഡിയയോട് കുറച്ചു കടപ്പാട്.)

Tuesday, January 03, 2012

കുടവൻ ഇല ചമ്മന്തി




കുടകൻ അഥവാ കുടവൻ ( Indian Pennywort) ഒരു ഔഷധസസ്യം ആണ്. മണ്ഡൂകപർണി, സരസ്വതി, ബ്രഹ്മി എന്നൊക്കെ പല ഭാഷകളിലുമായി പല പേരുകളിൽ അറിയപ്പെടുന്നു.

വീട്ടിൽ വളർത്താൻ എളുപ്പമുള്ളൊരു ചെടിയാണ് ഇത്. കുടവൻ ഇല കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. ജ്യൂസ്, ചമ്മന്തികൾ ഒക്കെ. ഞാനുണ്ടാക്കിയത് ഒരു ചമ്മന്തിയാണ്. അഥവാ അരച്ചുകലക്കി.





കുടവനില പറിച്ച് കുറച്ചുനേരം വെള്ളത്തിലിട്ടുവെച്ചു. മണ്ണും പൊടിയുമൊക്കെ പോകണമല്ലോ.




കഴുകിയെടുത്ത്, തേങ്ങ, പച്ചമുളക്, ഉപ്പ്, മല്ലിയില, തൈര് എന്നിവ ചേർത്ത് അരച്ചെടുത്തു. കലക്കുചമ്മന്തിയിൽ വറവിടാറാണു പതിവ്.

ഇഞ്ചി, കറിവേപ്പില, പുളി എന്നിവയൊക്കെ ചേർത്തും അരയ്ക്കാം. തൈരു ചേർക്കുന്നില്ലെങ്കിൽ, ശർക്കരയും ഒരു കഷണം ഇടാം.

Thursday, June 09, 2011

പാഞ്ചാലിച്ചീര

പാണ്ഡവന്മാരുടെ വനവാസകാലത്ത് പാഞ്ചാലിയ്ക്ക് സൂര്യനിൽ നിന്ന് അക്ഷയപാത്രം കിട്ടുന്നു. അക്ഷയപാത്രത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും. പക്ഷെ, പാഞ്ചാലി കഴിച്ചുകഴിഞ്ഞാൽ അതിൽ ആ ദിവസം പിന്നെ ആഹാരം ഒന്നും ആ പാത്രത്തിൽ ഉണ്ടാവില്ല. അങ്ങനെയിരിക്കെ ഒരിക്കൽ, ദുർവ്വാസാവ് മഹർഷി, കൌരവരുടെ കൊട്ടാരത്തിൽ വന്നു താമസിക്കുകയും, ദുര്യോധനൻ, മുനിയ്ക്കും കൂടെയുള്ള ശിഷ്യന്മാർക്കും വേണ്ടതൊക്കെ ഒരുക്കിക്കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അപ്പോ മുനി, ദുര്യോധനനോട് വരം ചോദിക്കാൻ പറയുന്നു. അപ്പോ പാണ്ഡവരെ ഒന്നു പറ്റിയ്ക്കാമെന്നു കരുതി, ദുര്യോധനൻ പറയും, പാണ്ഡവന്മാരെക്കാണാൻ അങ്ങ് ശിഷ്യന്മാരോടു കൂടെ പോകണം എന്ന്. അതും അവരുടെ ഭക്ഷണശേഷം. അവർ അങ്ങനെ, പാണ്ഡവരുടെ അടുക്കൽ ചെന്ന സമയത്ത്, എല്ലാവരുടേം, പാഞ്ചാലിയുടേയും, ഭക്ഷണം കഴിഞ്ഞിരുന്നു. മുനിയും ശിഷ്യന്മാരും കുളിക്കാനും ജപിക്കാനും പോയി. അവർ എത്തുമ്പോഴേക്കും ഭക്ഷണം വേണം. അല്ലെങ്കിൽ മുനിക്ക് കോപം വന്നു ശപിച്ചേക്കും എന്ന് പാണ്ഡവന്മാർ കരുതി. പാഞ്ചാലി വിഷമിച്ച്, ശ്രീകൃഷ്ണനെ വിളിച്ച് പ്രാർത്ഥിയ്ക്കും. ശ്രീകൃഷ്ണൻ അവിടെയെത്തും. എന്തെങ്കിലും ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, ഭക്ഷണം കഴിഞ്ഞുവെന്നും ഇനി ഒന്നുമില്ലെന്നും പാഞ്ചാലി പറയുന്നു. അപ്പോ, അക്ഷയപാത്രം കൊണ്ടുവരാൻ ശ്രീകൃഷ്ണൻ പറയുന്നു. പാഞ്ചാലി, പാത്രം കൊണ്ടുവന്നുകൊടുത്തപ്പോൾ അതിന്റെ വക്കിൽ ഒരു ചീരയില കാണുകയും ശ്രീകൃഷ്ണൻ അതു കഴിക്കുകയും ചെയ്യുന്നു. പിന്നെ, മുനിയേയും ശിഷ്യന്മാരേയും ഭക്ഷണം തയ്യാറായി എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുവരാൻ പറയുന്നു. പക്ഷേ, ദുർവ്വാസാവിനും ശിഷ്യന്മാർക്കും ഭക്ഷണം വേണ്ടായിരുന്നു. പാണ്ഡവരുടെ അടുക്കലേക്ക് ചെന്ന് ഭക്ഷണം വേണ്ടെന്ന് പറയാനും മടിയായി. ശ്രീകൃഷ്ണനോടും പാണ്ഡവരോടും ശത്രുത കാണിക്കുന്നത് പന്തിയാവില്ലെന്നു കണ്ട് അവർ വേഗം സ്ഥലം വിട്ടു. അങ്ങനെ ഒരു ചീരയില കൊണ്ട് പാഞ്ചാലി വല്യൊരു ശാപത്തിൽ നിന്ന് രക്ഷപ്പെട്ടു.

കഥ കഴിഞ്ഞു. ഇനി കാര്യം.

പാഞ്ചാലിച്ചീര എന്ന് അറിയപ്പെടുന്ന ചീര കൊണ്ട് ഉപ്പേരി അഥവാ തോരൻ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. അമ്മാമന്റേം അമ്മായിയുടേം വീട്ടിൽ പറമ്പിലാണ് ഈ ചീരകൾ നിൽക്കുന്നത്. നട്ടുവളർത്തേണ്ട ആവശ്യമൊന്നുമില്ല. ഇഷ്ടം പോലെ ഉണ്ടാവും. അമ്മായി പണ്ടേ പറഞ്ഞിരുന്നു, ഇതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കോന്ന്. പക്ഷേ അപ്പോ എനിക്കു സൌകര്യമില്ലായിരുന്നു. ഇപ്പോ അവിടെപ്പോയപ്പോൾ സൌകര്യം കിട്ടി. എന്റെ ബ്ലോഗിനുവേണ്ടിയുള്ള ഉപ്പേരിവയ്ക്കലായതുകൊണ്ടും, അവിടെത്തന്നെയുള്ള കായ മെഴുക്കുപുരട്ടി ഉണ്ടാക്കിയതുകൊണ്ടും ആരും എന്നെ സഹായിച്ചില്ല. വെറുതെ, പ്രോത്സാഹിപ്പിച്ചു.




ചീര ഇതാ പറമ്പിൽ.




അതിന്റെ പൂവ്. മൊട്ടും.




അത് സാധാരണ എല്ലാ ചീരകളും പൊട്ടിച്ചെടുക്കുന്നതുപോലെ വേരിനു കുറച്ചു മുകളിൽ വെച്ച് പൊട്ടിച്ചെടുത്തത്. കൈ കൊണ്ട് പൊട്ടിക്കുകയേ വേണ്ടൂ.





കഴുകി, അരിഞ്ഞത്. നല്ല ഇലകളായിരുന്നു മിക്കതും. അതുകൊണ്ട് അധികം തരം തിരിയ്ക്കൽ വേണ്ടിവന്നില്ല. പൂവും മൊട്ടും കളയാം.

അടുപ്പത്ത് ചീനച്ചട്ടി വെച്ച്, വെളിച്ചെണ്ണ ഒഴിയ്ക്കുക. ഉഴുന്നുപരിപ്പ് അല്പം ഇടുക്കുക. ചുവക്കുമ്പോഴേക്കും കടുകും ചുവന്ന മുളകും ഇടുക. കറിവേപ്പിലയും ഇട്ടാൽ പ്രശ്നമൊന്നുമില്ല. മുറിച്ചുവെച്ച ചീര ഇടുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ഇടുക. വെള്ളം ഒഴിക്കാനേ പാടില്ല. ചൂടാവുന്നതിനനുസരിച്ച് ചീരയിൽ വെള്ളം കയറും. നല്ല തീയുണ്ടെങ്കിൽ വറ്റും. വാങ്ങിവെച്ച് ചിരവിയ തേങ്ങ ഇടുക.




ഉപ്പേരി തയ്യാർ.

സാമ്പാറും, ചക്കക്കുരു ഇട്ട്, ഓലനും ഒക്കെ വയ്ക്കാം എന്നു പറഞ്ഞു. ഉപ്പേരിയ്ക്ക് നല്ല സ്വാദുണ്ട്.

ഈ ചീരയ്ക്ക് പാഞ്ചാലിച്ചീര എന്ന പേരു വന്നത് മുകളിൽ‌പ്പറഞ്ഞ കഥ കൊണ്ടാണെന്നും പറഞ്ഞു. കഥയും പറഞ്ഞു. പുസ്തകത്തിൽ എവിടെയെങ്കിലും നോക്കുന്നത് നല്ലതാണെന്നും പറഞ്ഞു. നോക്കിയതുകൊണ്ട്, കഥയ്ക്ക് കടപ്പാട് :- പുരാണിക് എൻസൈക്ലോപീഡിയ- വെട്ടം മാണി.

Tuesday, March 24, 2009

പാലക്ക്പരിപ്പ്കറി

ഇലകളൊക്കെ എനിക്കിഷ്ടമാണെന്ന് ഞാൻ ഇനീം പറയണോ? പാലക്ക്, ഉരുളക്കിഴങ്ങ് ചേർത്ത് കറിവെച്ചതുപോലെ പരിപ്പിട്ട് വെച്ചുനോക്കിയാൽ എന്താന്ന് വിചാരിച്ചു. ഞാൻ സാധാരണ ഉണ്ടാക്കുന്ന, ദാൽ ഫ്രൈ എന്ന് പേരിട്ട് വിളിക്കുന്ന വിഭവത്തിലേക്ക് പാലക്കും ചേർത്തു. അത്രേ ഉള്ളൂ ഇത്.

പാലക്ക് - ചെറിയ രണ്ട്കെട്ട്
തുവരപ്പരിപ്പ് - ആറ് ടേബിൾസ്പൂൺ
ഒരു തക്കാളി
രണ്ട് ചെറിയ സവാള
രണ്ട് പച്ചമുളക്
കുറച്ച് വെളുത്തുള്ളി
അര ടീസ്പൂൺ ഗരം മസാല
ഉപ്പ്
മഞ്ഞൾപ്പൊടി
എണ്ണ
ഇവയൊക്കെ അളവുപോലെ

പാലക്ക് നന്നായി കഴുകിവൃത്തിയാക്കി ചെറുതാക്കി കൊത്തിയരിഞ്ഞെടുക്കുക. പരിപ്പ് കഴുകിയെടുക്കുക. കുറച്ച്നേരം വെള്ളത്തിൽ ഇട്ടുവെച്ചാൽ വേഗം വെന്തുകിട്ടും. തക്കാളി മുറിച്ചെടുക്കുക. പാലക്ക്, തക്കാളി, പരിപ്പ് എന്നിവ മഞ്ഞൾപ്പൊടിയിട്ട്, ഒക്കെ മുങ്ങിക്കിടക്കാൻ മാത്രം വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.



ഉപ്പ് ഇടുക.




വലിയ ഉള്ളി അഥവാ സവാള ചെറുതായി മുറിച്ചെടുക്കുക. പച്ചമുളകും. വെളുത്തുള്ളിയും കുഞ്ഞുകഷണങ്ങളാക്കുകയോ ചതച്ചെടുക്കുകയോ ചെയ്യുക. ഒക്കെക്കൂടെ എണ്ണ ചൂടാക്കി വഴറ്റുക. മൊരിഞ്ഞാൽ, ഗരം മസാല ഇട്ട് യോജിപ്പിക്കുക. അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന പാലക്കും പരിപ്പും ഒഴിക്കുക. തീ കുറച്ച് തിളപ്പിക്കുക. കുറച്ചുനേരം. വെള്ളം അധികം ഉണ്ടെങ്കിൽ വറ്റിക്കുക. ചോറിനാണെങ്കിൽ വെള്ളം നിന്നോട്ടെ. ചപ്പാത്തിയ്ക്കാണെങ്കിൽ അധികം വെള്ളം ഇല്ലാത്തതാണ് നല്ലത്. പാകമായാൽ വാങ്ങിവെച്ച് മല്ലിയില അരിഞ്ഞത് ഉണ്ടെങ്കിൽ ഇടാം.




ഗരം മസാലയ്ക്കു പകരം കുറച്ച് മുളകുപൊടി ഇട്ടാലും മതി. പരിപ്പൊക്കെ വേവിക്കുമ്പോൾ ഇടുന്നതാവും നല്ലത്. തക്കാളി, പരിപ്പിന്റെ കൂടെ വേവിക്കാതെ, ഉള്ളി വഴറ്റിക്കഴിഞ്ഞ്, അതിലിട്ട് വഴറ്റിയാലും മതി.


Thursday, September 25, 2008

ഉലുവയിലച്ചപ്പാത്തി

ഇലക്കറികളൊക്കെ എനിക്കിഷ്ടമാണ്. ഉണ്ടാക്കാനും കഴിക്കാനും. ഉലുവയുടെ ഇലയ്ക്ക് കയ്പുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അതിനോട് വലുതായ താല്പര്യം തോന്നിയില്ല. ഇലക്കറികൾ കഴിക്കുന്നത് നല്ലതായതുകൊണ്ട് ഉലുവയിലകൊണ്ട് എന്തെങ്കിലും ഉണ്ടാക്കിയേക്കാം എന്നുവെച്ചു. കൂട്ടുകാരികളൊക്കെ ഉലുവച്ചീരകൊണ്ട് ചപ്പാത്തിയുണ്ടാക്കുന്നത് പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്കതിൽ താല്പര്യം ഇല്ലാഞ്ഞതുകൊണ്ട്, ഉലുവയില കയ്ക്കും എന്നൊരു വാശിയിൽ ഞാനിരുന്നു. അതിനുശേഷമാണ് കട്‌ലറ്റ് ഉണ്ടാക്കുന്നത്. അതിന്റെ വിജയത്തിന്റെ ചുവടുപിടിച്ച് എന്റേതായ രീതിയിൽ ഒരു പരീക്ഷണവും കൂടി നടത്തിക്കളയാം എന്നു കരുതി.




ഉലുവയില നന്നായി കഴുകിയെടുത്ത് ചെറുതായി മുറിക്കണം/അരിയണം. ചിത്രത്തിൽ കാണുന്നതുകൊണ്ട് ഏകദേശം മൂന്ന് ചപ്പാത്തിക്കേ ഉള്ളൂ. അതു കണക്കാക്കി, ഗോതമ്പുപൊടിയും, അരിഞ്ഞ ഇലയും, ഉപ്പും, കുഞ്ഞുകുഞ്ഞായി അരിഞ്ഞ രണ്ട് പച്ചമുളകും എടുത്ത് വെള്ളവും കൂട്ടി ചപ്പാത്തിമാവ് ഉണ്ടാക്കുക.
പരത്തിയെടുക്കുക. ചൂടായ ചപ്പാത്തിക്കല്ലിലിട്ട് ഉണ്ടാക്കിയെടുക്കുക. എളുപ്പം.
കലോറിയിൽ ശ്രദ്ധിക്കുന്ന ആളാണെങ്കിൽ ഒട്ടും എണ്ണയില്ലാതെ ചുട്ടെടുക്കാം.
കുറച്ച് ശ്രദ്ധയുള്ള ആളാണെങ്കിൽ അല്പം എണ്ണയൊഴിച്ച് ചുട്ടെടുക്കാം.
കലോറിയോ? കൂടിക്കോട്ടേന്നേ എന്ന മട്ടാണെങ്കിൽ നെയ്യൊഴിച്ച് ചുട്ടെടുക്കുക.
ഇതിൽ വേണമെങ്കിൽ കുറച്ച് ജീരകം പൊടിച്ചിടാം. മുളകുപൊടിയിടാം. പച്ചമുളകിനുപകരം. പിന്നെ കടലപ്പൊടി/ബേസൻ കൂട്ടാം കുറച്ച്.



എന്തെങ്കിലും ചമ്മന്തി മതി കൂട്ടിക്കഴിക്കാൻ. അല്ലെങ്കിൽ അച്ചാർ. കറിയൊന്നും ഇല്ലെങ്കിലും സാരമില്ല.
ഈ പോസ്റ്റിലെ ഉലുവയിലച്ചപ്പാത്തിയ്ക്ക് ഒരു പ്രത്യേകതയെന്താണെന്നുവെച്ചാൽ, ഞാൻ വീട്ടിൽ ഉണ്ടാക്കിയെടുത്ത ഉലുവയിലയാണ് ഉപയോഗിച്ചിരിക്കുന്നത്.

Tuesday, October 09, 2007

മുരിങ്ങയിലപ്പാചകം

മുരിങ്ങയിലയെക്കുറിച്ച് വിശദമായി

ദേവന്‍ജി എഴുതിയത് വായിക്കുക.


എരിശ്ശേരി

മുരിങ്ങയില, തണ്ടോടെ കഴുകിയിട്ട്, ഇലമാത്രമായി നുള്ളിയെടുക്കുക. വേവിച്ച പരിപ്പില്‍ ചേര്‍ത്ത് വേവിക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കണം. തേങ്ങ അരച്ചു ചേര്‍ക്കുക. വറവിടുക. കടുക്, കറിവേപ്പില, മുളക്, എന്നിവ. ഇലക്കറികളില്‍ കറിവേപ്പില ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ഇടണം. ;)


മുരിങ്ങയിലത്തോരന്‍

വെളിച്ചെണ്ണയില്‍, ഉഴുന്നുപരിപ്പ്, കറിവേപ്പില, കടുക്, മുളക്, ഒക്കെയിട്ട്, മൊരിച്ച്, മുരിങ്ങയില ചേര്‍ക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി (വേണമെങ്കില്‍)വെന്താല്‍, വാങ്ങിവച്ച് തേങ്ങ ചിരവിയിടുക. വെള്ളം ചേര്‍ക്കേണ്ട.
മുരിങ്ങയില, വെള്ളരിക്ക, പരിപ്പ് എന്നിവയുടെ കൂടെച്ചേര്‍ത്തും കറി വയ്ക്കാം.

വറവിടുമ്പോഴും, തേങ്ങയരയ്ക്കുമ്പോഴും, അരിമണികള്‍ ചേര്‍ക്കാറുണ്ട്. കറിക്ക് കൊഴുപ്പും സ്വാദും കൂടും.
മുരിങ്ങയില കട്‌ലറ്റും, മുരിങ്ങയില ചക്കക്കുരു എരിശ്ശേരിയും ഉണ്ടാക്കാം. (ചീര വയ്ക്കുന്നതുപോലെ)

ചീരക്കറികള്‍

ആരോഗ്യത്തിനു നല്ലതെന്ന് എല്ലാവരും സമ്മതിക്കുന്ന ഇലക്കറികള്‍. ചുവന്ന ചീരയും, പച്ചച്ചീരയും ഉപയോഗിച്ച് പാകം ചെയ്യാവുന്ന കറികളാണ് ഈ പോസ്റ്റില്‍.


ചീര എരിശ്ശേരി

ചീര കഴുകിയെടുത്ത്, ചെറുതായി അരിഞ്ഞെടുക്കുക. കുറച്ച് പരിപ്പ്, കഴുകിയെടുത്ത്, വേവിക്കുക. കുറച്ച് തേങ്ങ ചിരവി, അരച്ചെടുക്കുക. വെന്ത പരിപ്പില്‍, ചീരയും, ഉപ്പും, മഞ്ഞളും, മുളകുപൊടിയും ഇടുക. പെട്ടെന്ന് വേവും. വെന്തു കഴിഞ്ഞാല്‍ തേങ്ങയരച്ചുവച്ചത് ചേര്‍ക്കുക. അധികം വെള്ളം ഒഴിക്കാനേ പാടില്ല. പരിപ്പ് കുക്കറില്‍ വേവിക്കുന്നതാവും എളുപ്പം. ചെറുപയര്‍ പരിപ്പും, കടലപ്പരിപ്പും, തുവരപ്പരിപ്പും ഇടാം. വറവിടണമെന്നില്ല.

ഇതുപോലെതന്നെ, വേവിച്ച്, വെള്ളമില്ലാതെ, തേങ്ങ വെറുതെ, അരയ്ക്കാതെ, ചിരവിയിട്ടും കറി വെക്കാം. തോരന്‍ പോലെ.

ചീരത്തോരന്‍

ചീര ചെറുതായി അരിഞ്ഞെടുക്കുക. ആദ്യം കഴുകുന്നതാണ് നല്ലത്. ഇല മാത്രമല്ല അതിന്റെ കുഞ്ഞുതണ്ടൊക്കെ എടുക്കാം. നന്നായി ചെറുതാക്കി അരിഞ്ഞാല്‍ മതി. ഉഴുന്നുപരിപ്പ്, വെളിച്ചണ്ണയില്‍ ഇട്ട്, ചൂടായി വരുമ്പോള്‍, കടുകും, ചുവന്ന മുളക് പൊട്ടിച്ചതും, കറിവേപ്പിലയും ചേര്‍ക്കുക. മൊരിഞ്ഞാല്‍, അരിഞ്ഞുവച്ച ചീര ഇടുക. ഉപ്പ്, മഞ്ഞള്‍, ചേര്‍ക്കുക. മുളകുപൊടിയും, വേണമെങ്കില്‍. ഇവയൊക്കെ വളരെക്കുറച്ചേ ചേര്‍ക്കാവൂ. അരിഞ്ഞുവെച്ചിരിക്കുന്ന ചീര കണ്ട്, ഇവയൊക്കെ ധാരാളമായി പ്രയോഗിക്കരുത്. ചീര വെന്താല്‍, വളരെക്കുറച്ചേ ഉണ്ടാവൂ. ചീര ചേര്‍ത്ത്, വറവും, കൂടെ നന്നായി ഇളക്കിയോജിപ്പിച്ച ശേഷം അടച്ചുവയ്ക്കുക. തീ വളരെക്കുറയ്ക്കുക. തോരനില്‍ വെള്ളം ഒട്ടും ഒഴിക്കരുത്. അല്‍പ നേരം അടച്ച് വേവിച്ചതിനുശേഷം, തുറന്ന്, ഒന്നുകൂടെ ഇളക്കി, തുറന്നുവച്ച് വേവിക്കുക. അപ്പോഴേക്കും വെന്തിട്ടുണ്ടാവും. മിക്കവാറും. വാങ്ങിവച്ച് തേങ്ങ ചിരവിയിടുക.



കടലപ്പരിപ്പ് വെള്ളമില്ലാതെ വേവിച്ച് (വെള്ളം ചേര്‍ക്കാതെ വേവിച്ച് എന്നല്ല, വെന്തുകഴിഞ്ഞാല്‍, വെള്ളമില്ലാതെ വേറെ വേറെ നില്‍ക്കണം.) തോരനു വേവിച്ച ചീരയില്‍ ചേര്‍ത്തും എടുക്കാം. ചപ്പാത്തിയ്ക്ക് പറ്റും.

തോരന്‍ വയ്ക്കുമ്പോള്‍, സവാളയും ചെറുതായി അരിഞ്ഞ് മൊരിച്ച്, ചീരയിട്ട് വേവിക്കാം.


ചീര- ചക്കക്കുരു എരിശ്ശേരി

ചക്കക്കുരു വേവിക്കുക. കുക്കറില്‍ ഇട്ട്. കുക്കറില്‍, വേറെ എന്തെങ്കിലും വേവിക്കുന്നുണ്ടെങ്കില്‍, കുക്കറിലെ വെള്ളത്തില്‍ വെറുതെ ഇട്ടാല്‍ മതി, ചക്കക്കുരു. എന്നിട്ട് എടുത്താല്‍ തോല് വേഗം പൊളിഞ്ഞുകിട്ടും. കഷണങ്ങളാക്കുക.
എന്നിട്ട്, ചീരക്കറി പോലെ വയ്ക്കുക. പരിപ്പിനു പകരം ചക്കക്കുരു.


അടുത്തത്,

ചീരപ്പുളിങ്കറി.

പരിപ്പ് വേവിച്ച് ചീര വേവിച്ച് തേങ്ങയരച്ചത് ചേര്‍ക്കുന്നതിനുമുമ്പ്, അല്‍പ്പം, പുളി വെള്ളത്തിലിട്ട്, വെള്ളം പിഴിഞ്ഞ് കറിയില്‍ ചേര്‍ത്ത്, നന്നായി തിളച്ചതിനുശേഷം, തേങ്ങ ചേര്‍ക്കുക.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]