Tuesday, March 24, 2009

പാലക്ക്പരിപ്പ്കറി

ഇലകളൊക്കെ എനിക്കിഷ്ടമാണെന്ന് ഞാൻ ഇനീം പറയണോ? പാലക്ക്, ഉരുളക്കിഴങ്ങ് ചേർത്ത് കറിവെച്ചതുപോലെ പരിപ്പിട്ട് വെച്ചുനോക്കിയാൽ എന്താന്ന് വിചാരിച്ചു. ഞാൻ സാധാരണ ഉണ്ടാക്കുന്ന, ദാൽ ഫ്രൈ എന്ന് പേരിട്ട് വിളിക്കുന്ന വിഭവത്തിലേക്ക് പാലക്കും ചേർത്തു. അത്രേ ഉള്ളൂ ഇത്.

പാലക്ക് - ചെറിയ രണ്ട്കെട്ട്
തുവരപ്പരിപ്പ് - ആറ് ടേബിൾസ്പൂൺ
ഒരു തക്കാളി
രണ്ട് ചെറിയ സവാള
രണ്ട് പച്ചമുളക്
കുറച്ച് വെളുത്തുള്ളി
അര ടീസ്പൂൺ ഗരം മസാല
ഉപ്പ്
മഞ്ഞൾപ്പൊടി
എണ്ണ
ഇവയൊക്കെ അളവുപോലെ

പാലക്ക് നന്നായി കഴുകിവൃത്തിയാക്കി ചെറുതാക്കി കൊത്തിയരിഞ്ഞെടുക്കുക. പരിപ്പ് കഴുകിയെടുക്കുക. കുറച്ച്നേരം വെള്ളത്തിൽ ഇട്ടുവെച്ചാൽ വേഗം വെന്തുകിട്ടും. തക്കാളി മുറിച്ചെടുക്കുക. പാലക്ക്, തക്കാളി, പരിപ്പ് എന്നിവ മഞ്ഞൾപ്പൊടിയിട്ട്, ഒക്കെ മുങ്ങിക്കിടക്കാൻ മാത്രം വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.ഉപ്പ് ഇടുക.
വലിയ ഉള്ളി അഥവാ സവാള ചെറുതായി മുറിച്ചെടുക്കുക. പച്ചമുളകും. വെളുത്തുള്ളിയും കുഞ്ഞുകഷണങ്ങളാക്കുകയോ ചതച്ചെടുക്കുകയോ ചെയ്യുക. ഒക്കെക്കൂടെ എണ്ണ ചൂടാക്കി വഴറ്റുക. മൊരിഞ്ഞാൽ, ഗരം മസാല ഇട്ട് യോജിപ്പിക്കുക. അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന പാലക്കും പരിപ്പും ഒഴിക്കുക. തീ കുറച്ച് തിളപ്പിക്കുക. കുറച്ചുനേരം. വെള്ളം അധികം ഉണ്ടെങ്കിൽ വറ്റിക്കുക. ചോറിനാണെങ്കിൽ വെള്ളം നിന്നോട്ടെ. ചപ്പാത്തിയ്ക്കാണെങ്കിൽ അധികം വെള്ളം ഇല്ലാത്തതാണ് നല്ലത്. പാകമായാൽ വാങ്ങിവെച്ച് മല്ലിയില അരിഞ്ഞത് ഉണ്ടെങ്കിൽ ഇടാം.
ഗരം മസാലയ്ക്കു പകരം കുറച്ച് മുളകുപൊടി ഇട്ടാലും മതി. പരിപ്പൊക്കെ വേവിക്കുമ്പോൾ ഇടുന്നതാവും നല്ലത്. തക്കാളി, പരിപ്പിന്റെ കൂടെ വേവിക്കാതെ, ഉള്ളി വഴറ്റിക്കഴിഞ്ഞ്, അതിലിട്ട് വഴറ്റിയാലും മതി.


11 comments:

മേരിക്കുട്ടി(Marykutty) said...

ഇലക്കറികള്‍ കഴിക്കുന്നത്‌ ആരോഗ്യത്തിന് നല്ലതാ അല്ലേ. എനിക്ക് മുരിങ്ങയിലയും പൂവും വല്യ ഇഷ്ടമാ. ചീര തോരന്‍ ആണ് കൂടുതല്‍ ഇഷ്ടം. ഇവിടെ, നല്ല ഫ്രെഷ് ഇലകള്‍ കിട്ടും വാങ്ങാന്‍..ഒരു ദിവസം ഇനി പാലക് കറി ഉണ്ടാക്കി നോക്കണം.

ഞാന്‍ കൂര്‍ക്ക കട് ലറ്റ് ഉണ്ടാക്കി. ആദ്യം ഉണ്ടാക്കിയത് കരിഞ്ഞു പോയി. പിന്നത്തേതു ശരിയായി. :))

ജെസ്സ് said...

Hai.. daal palak. ithu njangal ellaa aazhchayilum undaakkaarundu..

ശ്രീ said...

ഇലക്കറികള്‍ വളരെ നല്ലതു തന്നെ. ചീര/മുരിങ്ങ എല്ലാം എനിയ്ക്കും ഇഷ്ടമാണ്.

സുനീഷ് said...

Spinach എന്നു പറയുന്ന സാധനം ഇതു തന്നെയാണോ ആവോ? ഞാന്‍ സ്പിനാച്ച് ഇട്ട് പരിപ്പ് കറി ഉണ്ടാക്കുറുണ്ട്.

സു | Su said...

മേരിക്കുട്ടീ :) കട്‌ലറ്റ് പരീക്ഷിച്ചതിന് നന്ദി.

ജെസ്സ് :) ഇങ്ങനെ തന്നെയാണോ? വ്യത്യാസമുണ്ടെങ്കിൽ പറയണേ.

ശ്രീ :) ഇത് എളുപ്പമാണല്ലോ.

സുനീഷ് :) അതെ. ഇതുപോലെയാണോ ഉണ്ടാക്കാറ്?

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

കൊള്ളാം, നന്നായിരിക്കുന്നു പാലക്ക്-പരിപ്പ് കറി. ഞാനും ഒരു പാലക്ക് പ്രേമിയാണ്. അവസാനത്തെ ചിത്രം കണ്ടപ്പോള്‍ അറിയാതെ നാവു നനഞ്ഞു പോയി.

പാവപ്പെട്ടവന്‍ said...

സ്വാദുറൂന്ന കറികളുടെ ചിത്രങ്ങളും ചേരുവകളും പരിചയ പെടുത്തുന്ന ഈ ബ്ലോഗ് മനോഹരം
ആശംസകള്‍

lakshmy said...

പാലക്ക് പരിപ്പിട്ട് മസാലയില്ലാതെ ഡ്രൈ ആയും, അൽ‌പ്പം തേങ്ങ ജീരകം കൂട്ടി അരച്ച് ചേർത്ത് കുഴമ്പ് പരുവത്തിലും ഉണ്ടാക്കാറുണ്ട്.[നാട്ടിൽ അതു പോലെ ചീരയും വയ്ക്കാറുണ്ട്] ഈ കറി പുതിയതാ. പരീക്ഷിക്കാട്ടോ

സു | Su said...

ചാത്തങ്കേരിലെ കുട്ടിച്ചാത്തൻ :)

പാവപ്പെട്ടവൻ :)

ലക്ഷ്മി :) ലക്ഷ്മി പറഞ്ഞതുപോലെ ഞാനും ചെയ്തുനോക്കും. തോരൻ വെച്ചിട്ടുണ്ട് ഇവിടെ.

Sapna Anu B.George said...

ഉഗ്രന്‍ ചിത്രങ്ങളും കറിയും, എപ്പോ ഞാന്‍ ഉണ്ടാക്കി കഴിച്ചു എന്നു ചോദിച്ചാ മതി...
ഫോളൊ അപ്പ്ലിങ്ക് കൂടി ഇടുന്നെ,പ്ലീസ്

കുഞ്ഞന്ന said...

സൂവേ,

തന്റെ ബ്ളോഗിലെ പാചകവിധി ഒക്കെ വളരെ ഇഷ്ടപ്പെട്ടതുകൊണ്ട്‌ ഞാന്‍ ഇത്‌ ഒന്നു ഉണ്ടാക്കിനോക്കി. ഒരു സംശയം - ഇതിലെന്താ കടുകോ ജീരകമോ താളിച്ചിടാത്തത്‌ (ഹിന്ദിക്കാര്‌ 'തട്‌ക' എന്നു പറയുന്ന സംഭവം)?? ... താന്‍ എഴുതിയപോലെയെ ഉണ്ടാക്കൂന്ന്‌ വാശി പിടിച്ചാണ്‌ തുടങ്ങിയത്‌. ഉണ്ടാക്കി ഒരു വഴിയായേനേ, പക്ഷെ കണവന്‌ സാമാന്യം പാചകബോധമുള്ളതുകൊണ്ട്‌ അവസാനം ഒരു തട്‌ക കൂടി ചെയ്തിട്ടു. നല്ല രുചിയായിരുന്നു. രസിച്ചു രണ്ടു ദിവസം കൂട്ടി (പരിപ്പൊന്നുറങ്ങി എഴുന്നേല്‍ക്കുന്നതു നല്ലതാണെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാ ഞാന്‍). കണവനൊരുകുട്ടകം ചോറും ഞാനരക്കുട്ടകം ചോറും - കുശാലേകുശാല്‍!

നന്നായിവരട്ടെ.

കുഞ്ഞന്ന.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]