
ഞാൻ പരീക്ഷിച്ച ഒന്നാണിത്. ഉരുളക്കിഴങ്ങിന്റെ കൂടെ പലതും ഇട്ട് പരീക്ഷണം നടത്താറുണ്ട്. പാലക്ക് ഇട്ട് ആവാം കറി എന്നു കരുതി. ആദ്യം വിചാരിച്ചു, കുറുമ പോലെ വയ്ക്കാംന്ന്. തേങ്ങ ചേർത്തിട്ട്. പിന്നെ വേണ്ടെന്ന് വെച്ചു.

ഉരുളക്കിഴങ്ങ് - നാലെണ്ണം തോലുകളഞ്ഞ് ചെറുതാക്കി മുറിച്ച് പുഴുങ്ങുക. അപ്പാടെ പുഴുങ്ങിയാൽ അധികം വേവാനും എല്ലാ ഭാഗങ്ങളും ഒരുപോലെ ആവാതെയിരിക്കാനും സാദ്ധ്യതയുണ്ട്.

പാലക് - ഒരു കെട്ട്. ചിത്രത്തിൽ ഉള്ളത്രേം. ഒന്ന് കഴുകിവൃത്തിയാക്കി, ചൂടുള്ള വെള്ളത്തിൽ ഒരുമിനുട്ട് മുക്കിവെച്ച് എടുത്ത് വീണ്ടും പച്ചവെള്ളത്തിൽ കഴുകി തണ്ടൊക്കെ കളഞ്ഞ് അരയ്ക്കണം. ചൂടുവെള്ളത്തിൽ കൂടുതൽ സമയം മുക്കിയിട്ടാൽ പാലക് അരച്ചാൽ അതിന്റെ നിറം പച്ചയായിരിക്കില്ല. അതുകൊണ്ട് പെട്ടെന്ന് ചെയ്യുക.

ഇഞ്ചി, കറുവാപ്പട്ട എന്നിവ വളരെച്ചെറിയ കഷണം. രണ്ട് കുഞ്ഞുവെളുത്തുള്ളിയല്ലിയുടെ വലുപ്പം മതി. രണ്ടും അധികമായാൽ എരിവ് കൂടും.
ഗ്രാമ്പൂ - രണ്ടെണ്ണം.
ജീരകം - അര ടീസ്പൂൺ
വെളുത്തുള്ളി - ചെറിയ അല്ലി എട്ടെണ്ണം.
എല്ലാം കൂടെ ചതച്ചെടുക്കുക.
പച്ചമുളക് - രണ്ടെണ്ണം വട്ടത്തിലരിഞ്ഞത്.
വലിയ ഉള്ളി/ സവാള - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്.
മുളകുപൊടി - കുറച്ച് - കാൽ ടീസ്പൂൺ പോലും വേണ്ട.
മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്.
പാചകയെണ്ണ - സൺഫ്ലവർ എണ്ണയാണ് നല്ലത്.
ആദ്യം എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. പച്ചമുളക് വഴറ്റുക. അതിലേക്ക് ചതച്ചുവെച്ച മസാല ഇടുക. തീ വളരെക്കുറച്ച് വയ്ക്കണം. കറിക്കാവശ്യമുള്ള ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി ഇടുക. വേവിച്ച ഉരുളക്കിഴങ്ങ് മുങ്ങാൻ വെള്ളം കണക്കാക്കി ഒഴിക്കുക. വെള്ളം തിളച്ചാൽ ഉരുളക്കിഴങ്ങ് ഇടുക. കുറച്ചുനേരം യോജിച്ചോട്ടെ. പിന്നെ പാലക്ക് അരച്ചത് ഒഴിക്കുക. അതിൽ വെള്ളം കുറച്ച് ഉണ്ടാവും. എല്ലാം കൂടെ ഒത്തുചേരുന്നതുവരെ തിളപ്പിക്കുക. വെള്ളവും വറ്റും. വെള്ളം നിങ്ങൾക്ക് വേണ്ടത്ര ആവുമ്പോൾ വാങ്ങിവയ്ക്കുക. ചപ്പാത്തിയുടെ കൂടെ കഴിക്കാം. അല്ലെങ്കിൽ പത്തിരിയോ പൂരിയോ പൊറോട്ടയോ ഒക്കെ ആവാം.
ചതച്ച മസാല ഒഴിവാക്കി, മുളകുപൊടി ഒഴിവാക്കി, ഗരംമസാല ഇടാം. പക്ഷേ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ഇടണം. തക്കാളിയിട്ടും ഉണ്ടാക്കാം. ഉരുളക്കിഴങ്ങ് നല്ലോണം വേവണം. എന്നാലേ യോജിച്ച് നിൽക്കൂ.

18 comments:
aaloo palak ennu paranju kadayil kittunnathu ithu thanneyalle... nannaayittundu su chechi.
ഇതൊന്നു പരീക്ഷിച്ചു നോക്കണം. കിഴങ്ങ് എന്റെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ്.
ആ ചപ്പാത്തി എനിക്കങ്ങു വല്ലാതെ ഇഷ്ടപ്പെട്ടു...എണ്ണമയം ഒട്ടുമില്ല..
അടി പൊളി ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം.
ഡൽഹിയിൽ താമസിക്കുന്ന എനിക്ക് തണുപ്പുകാലമായാൽ എല്ലാ ആഴ്ചയും ഒരു ദിവസം ഈ ഐറ്റം ഉണ്ട്. ആലൂ പാലക് എന്നാണിവിടത്തെ പേര്. ഞാനിത്രയും ഉരുളക്കിഴങ്ങ് ചേർക്കില്ല, പാലക്കാണ് കൂടുതൽ. റ്റുമാറ്റോയും കൂടി വഴറ്റിചേർക്കാറുണ്ട്. എന്റെ ഉത്തരേന്ത്യൻ കൂട്ടുകാരികൾ പറഞ്ഞ് തന്നതാണിത്. ഉരുളക്കിഴങ്ങിനു പകരം പനീർ ചേർത്തും ഉണ്ടാക്കാറുണ്ട്. അപ്പോൾ പാലക് പനീർ. ഇതാണ് കുട്ടികൾക്ക് കൂടുതൽ ഇഷ്ടം. അതു കൂടി ഒന്ന് പരീക്ഷിക്കൂ.
ജെസ്സ് :) ആലുവും പാലക്കും തന്നെ. പക്ഷെ ഹോട്ടലിലൊക്കെ മസാല ഇതാണോയെന്ന് അറിയില്ല. ഞാൻ പാലക് പനീർ ഉണ്ടാക്കുന്നതിൽ നിന്ന് അല്പം മാറ്റം വരുത്തി ഉണ്ടാക്കുന്നു ഇത്.
മേരിക്കുട്ടീ :) ഉണ്ടാക്കൂ. എണ്ണമയം കുറച്ചതാണ്.
ജോക്കർ :) പരീക്ഷിക്കൂ.
പാറുക്കുട്ടീ :) തക്കാളി ചേർത്താൽ കൂടുതൽ സ്വാദുണ്ടാവുമെന്ന് തോന്നുന്നു. പോസ്റ്റിൽ എഴുതിയിട്ടുണ്ട്. പാലക് പനീറും ഇതുപോലെ ഉണ്ടാക്കാറുണ്ട്. കുറച്ച് മാറ്റം ഉണ്ട്.
ഉണ്ടാക്കി നോക്കാം ട്ടോ..
അത് കലക്കി.....ഉരുളക്കിയങ്ങുകൊണ്ട് എന്തു വിഭവമുണ്ടെങ്കിലും പഠിക്കുന്നത് നല്ലതല്ലെ...എപ്പൊയും സ്റ്റോക് ഉണ്ടാവുന്ന സാധനമല്ലെ...........:)
സൂവേച്ചീ, പറയാന്‍ മറന്നു.
മൊത്തം വിഭവങ്ങളെ ഇങ്ങനെ ചില്ലു കൂടുകളിലാക്കി ഇനം തിരിച്ച് വച്ചത് ഒരുപാട് നന്നായി, കേട്ടോ. തപ്പിയെടുക്കാന്‍ എളുപ്പമായല്ലോ. :)
[അഭിപ്രായം പറഞ്ഞാല്‍ ഇഷ്ടപ്പെടില്ലെങ്കിലോ എന്നു കരുതി പറയാതിരിയ്ക്കുകയായിരുന്നു]
സ്മിത :) വന്നു തിരിച്ചുപോയല്ലേ? ജോലിക്കു പോയിത്തുടങ്ങിയില്ലേ? സുഖമായിരിക്കുന്നോ?
ശ്രീ :) അഭിപ്രായത്തിനു നന്ദി. കുറേയെണ്ണത്തിനു ലേബൽ ഇട്ടില്ലായിരുന്നു പണ്ട്. പലരും പറഞ്ഞിരുന്നു തരം തിരിച്ചിട്ടാൽ നന്നാവുംന്ന്. സമയം കിട്ടിയപ്പോൾ ചെയ്തു.
ലുലു :) അതെ. ഉരുളക്കിഴങ്ങ് എളുപ്പം കിട്ടുന്ന ഒന്നല്ലേ.
ഒരു ആക്ഷേപം പറയട്ടെ
ഉരുളക്കിഴങ്ങ് വലാണ്ട് അങ്ങ് വേണ്ടാ ഗ്യാസ് ......ഗ്യാസ് സൂക്ഷിക്കണം
അഭിനന്ദനങ്ങള്‍
സുഖമായിരിക്കുന്നു ചേച്ചി..
ജോലിയ്ക്ക് പോകുന്നില്ല.
സിംഗിള്‍ ഷിഫ്റ്റ് ലായിരുന്നു,ജോലി ചെയ്തു കൊണ്ടിരുന്നത്.
രണ്ടു ഷിഫ്റ്ലും കൂടി വര്‍ക്ക് ചെയ്യണം എന്നൊരു കണ്ടീഷന്‍..
മോള് ചെറിയ കുട്ടിയായത് കൊണ്ട്,ബുദ്ധിമുട്ടാണ്.
അവളെ ഡേ കെയറില്‍ ആക്കുന്നത് എനിക്ക് തീരെ ഇഷ്ടമേയല്ല.
അതുകൊണ്ട്...തല്ക്കാലം ജോലി ഉപേക്ഷിച്ചു.
സമയം വരുമ്പോള്‍,മറ്റൊന്ന് കിട്ടുമായിരിക്കും.
നന്ദി,ഈ അന്വേഷണത്തിന്
ivide vannite thirichu pokkan thonnunilla...Naatil aarodo samsariche irikkunna pole...Mumbe eppozho vannitunde .Nannayirikkunnu ellam..palaharangal ellam kande kothi moothe evide irikkukaya..iniyum varam..Snehathode
പാവപ്പെട്ടവൻ :) ഉരുളക്കിഴങ്ങ് പ്രിയർ അതൊക്കെ നോക്കുമോ?
സ്മിത :) വേറെ കിട്ടുമോന്ന് നോക്കുക. അല്ലെങ്കിൽ അടുത്തത് കിട്ടുന്നത് വരെ വായിക്കുകയോ പഠിക്കുകയോ ഒക്കെ ചെയ്യുക.
കെ. എഫ് :) സ്വാഗതം.
മുൻപ് നേപ്പാളീസിന്റെ കൂടെ താമസിച്ചിരുന്നപ്പോഴാണു ആലുപാലക്ക് കഴിച്ചിട്ടുള്ളത്. പക്ഷെ അവരുടെ ആലു വലിയ കഷ്ണങ്ങളായി ഇങ്ങിനെ കണ്ണ് മിഴിച്ച് കിടക്കും. ഇത് കൊള്ളാല്ലോ. ഒന്നു പരീക്ഷിക്കട്ടേട്ടൊ
ലക്ഷ്മീ :) പരീക്ഷിക്കൂ. സുഖല്ലേ?
എനിയ്ക്കും ഉരുളക്കിഴങ്ങ് വലിയ കഷണങ്ങളായി കിടക്കുന്നതാണിഷ്ടം. മുഴുവനോടെ വേവിച്ച് ഉടയ്ക്കുന്നതാണോ അത്?
അനിലൻ :) അങ്ങനെ ചെയ്യുന്നതാവും.
Post a Comment