Thursday, April 30, 2009

കപ്പക്കിഴങ്ങ് കൊണ്ടാട്ടം

പൂള, കിഴങ്ങ്, കപ്പ, കൊള്ളിക്കിഴങ്ങ്, കപ്പക്കിഴങ്ങ്, എന്നൊക്കെ പല പേരും ഇട്ട് വിളിക്കുന്ന കപ്പ കൊണ്ട് ഉണ്ടാക്കുന്ന കൊണ്ടാട്ടം. വേനൽക്കാലത്ത് ഉണ്ടാക്കിവെച്ചാൽ, മഴക്കാലത്ത് വറുത്തുതിന്നാം. നല്ല സ്വാദായിരിക്കും. ഉണ്ടാക്കിവെക്കാൻ എളുപ്പം. അധികം വസ്തുക്കളൊന്നും വേണ്ട. അധികം അദ്ധ്വാനവും വേണ്ട.





കപ്പയും, ഉപ്പും, നല്ല വെയിലും പ്രധാനമായിട്ടും വേണം.




കപ്പ തോലൊക്കെക്കളഞ്ഞ്, ഒന്നു കഴുകി, കഷണങ്ങളാക്കി, വീണ്ടും ചെറിയ ചെറിയ കഷണങ്ങളാക്കുക. കഴുകുക.



മുങ്ങിക്കിടക്കാനുള്ള വെള്ളത്തിലിട്ട്, പാകത്തിന് ഉപ്പുമിട്ട്, ഒന്ന് ചൂടാക്കുക. ഒന്ന് വേവണം. പക്ഷെ, അധികം സമയം അടുപ്പത്ത് വയ്ക്കരുത്.




വെള്ളം ഊറ്റിക്കളഞ്ഞെടുക്കുക. അപ്പോത്തന്നെ ഉണക്കാൻ തുടങ്ങുക. ഒരു പ്ലാസ്റ്റിക് ഷീറ്റിലോ, പായയിലോ, കടലാസ്സിലോ ഒക്കെ നിരത്തിയിട്ട് നല്ല വെയിലത്ത്, നന്നായി മൊരിഞ്ഞുണങ്ങുന്നതുവരെ ഉണക്കുക.



വേണമെന്നു തോന്നുമ്പോൾ വറുത്തുതിന്നുക.

വേണമെങ്കിൽ മുളകുപൊടിയും ഇടാം. ഉപ്പ് അധികമാവാതെ സൂക്ഷിക്കുക. ഒരേ ആകൃതിയിലൊക്കെ നുറുക്കിയെടുത്താൽ നന്നായിരിക്കും. ഞാൻ അങ്ങനെ ചെയ്തില്ല.

Friday, April 24, 2009

പുളിച്ചോറ്

നിങ്ങൾ തിരക്കിലാകുന്ന സമയം. ഒരുപാട് വിഭവങ്ങളൊന്നും ഉണ്ടാക്കാൻ സമയമില്ല. അല്ലെങ്കിൽ ഒരു കൂട്ടാൻ വയ്ക്കാൻ പോലും സമയമില്ല. അപ്പോ ഈ പുളിച്ചോറ് ഉണ്ടാക്കാം. അല്ലെങ്കിൽ, ചോറ് വെച്ചതുണ്ട്. അതിഥികൾ ആരെങ്കിലും പെട്ടെന്ന് വന്നു. വെറും ചോറ് കൊടുക്കുന്നത് മോശമല്ലേ? അപ്പോ സൂത്രത്തിൽ ഈ ചോറുണ്ടാക്കി വിളമ്പാം.

പുളിച്ചോറിന്റെ പൊടി വാങ്ങാറുണ്ട്. ടമറിൻഡ് റൈസ് പൗഡർ എന്നും പറഞ്ഞ് കിട്ടും. പക്ഷേ, അതില്ലാത്ത ഒരുദിവസം അതില്ലാതെ സ്വന്തമായിട്ട് ഒന്നു തട്ടിക്കൂട്ടാംന്നു കരുതി. ഒന്നുമില്ല. തക്കാളിച്ചോറ്, തൈർസാദം ഒക്കെ ഉണ്ടാക്കുന്നതുപോലെ എളുപ്പത്തിൽ ഒന്നാണ് ഈ പുളിസാദവും.

ഒരു കപ്പ് പച്ചരി. ഇനി പുഴുങ്ങലരിയേ ഉള്ളൂ/ഇഷ്ടമുള്ളൂന്ന് വെച്ചാൽ അതും ആവാം. കഴുകിവയ്ക്കുക.
നിലക്കടല - അര ടേബിൾസ്പൂൺ
കടലപ്പരിപ്പ് - ഒരു ടീസ്പൂൺ
ഉഴുന്ന് - ഒരു ടീസ്പൂൺ
ചുവന്ന മുളക് - രണ്ട് (കഷണങ്ങളായി മുറിക്കുക)
കടുക് - അര ടീസ്പൂൺ
ജീരകം - കാൽ ടീസ്പൂൺ
മല്ലിപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - കാൽ ടീസ്പൂണിലും കുറവ്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണിലും കുറവ്.
പുളി - നെല്ലിക്കാവലുപ്പം. വെള്ളത്തിലിട്ട് കുതിരുമ്പോൾ പുളി പിഴിഞ്ഞ് വെള്ളം മാത്രം എടുക്കണം
ഉപ്പ് - ആവശ്യത്തിന്.
കായം - പൊടി - ലേശം.
എണ്ണ - സൂര്യകാന്തിയെണ്ണയാണ് ഞാനുപയോഗിച്ചത്.
കറിവെപ്പില - കുറച്ച്.
പരിപ്പുകളും, നിലക്കടലയുമൊന്നും ചോറ് തിന്നുമ്പോൾ വല്യ ഇഷ്ടമല്ലെങ്കിൽ കുറയ്ക്കാം. ഇല്ലാതിരിക്കരുത്. അത്രേ ഉള്ളൂ.




എണ്ണ ചൂടാക്കി, ആദ്യം ഉഴുന്നുപരിപ്പ്, അതു ചൂടാവുമ്പോൾ, കടുകും മുളകും, അതും പൊട്ടിക്കഴിയുമ്പോൾ ജീരകം, അതു ചൂടാവുമ്പോഴേക്കും നിലക്കടല, കറിവേപ്പില, അതും ചൂടായാൽ, മല്ലി, മുളക്, കായം, മഞ്ഞൾപ്പൊടികൾ, അതൊന്ന് ചൂടായാൽ, പുളിവെള്ളം. ഒക്കെയൊന്ന് യോജിച്ചാൽ, അരി വേവാൻ മാത്രം വേണ്ട വെള്ളവും ഉപ്പും. വെള്ളം തിളച്ചാൽ, കഴുകിവെച്ച അരിയെടുത്തിട്ട് ഇളക്കുക.




വെന്താൽ ആയി. ഒക്കെ തീ കുറച്ച് വെച്ച് ചെയ്യുക.



പപ്പടവും, കൊണ്ടാട്ടമുളകും, കൊണ്ടാട്ടങ്ങളും കൂട്ടിക്കഴിക്കാം. പുളി ആയതുകൊണ്ട്, പുളിയില്ലാത്ത മോരുണ്ടെങ്കിൽ കൂട്ടിക്കഴിക്കാം.

ഇനി നിങ്ങൾക്ക് ഇങ്ങനെ ചോറു വേവേണ്ടെങ്കിൽ, വേറെ വേറെ നിൽക്കണമെങ്കിൽ, അരി ഉപ്പുമിട്ട് വേവിച്ചുവയ്ക്കുക. ഒക്കെ വറത്തിട്ട് കഴിയുമ്പോൾ അതിലേക്ക് ചോറിട്ടിളക്കുക.

ഒക്കെയൊന്ന് പരീക്ഷിച്ചിട്ട്, പിന്നീട് കൂട്ടലും കിഴിക്കലും നടത്തുക. കാരണം, മുളകും മല്ലിയും ഉപ്പുമൊന്നും എല്ലാവർക്കും ഒരേപോലെയാവില്ല അളവ്. അതൊക്കെ ഇടണം എന്നു പറയാൻ മാത്രമേ ആവൂ.

Monday, April 20, 2009

പടവലങ്ങ എരിശ്ശേരി

പടവലങ്ങ ഇഷ്ടമാണോ? എനിക്കിഷ്ടമാണ്. പടവലങ്ങത്തോട്ടം കാണാനും ഇഷ്ടമുണ്ട്. പടവലങ്ങ കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം എന്ന് നിങ്ങൾക്കറിയാവുന്നതുപോലെ എനിക്കും അറിയാം. അതുകൊണ്ട് ചെറിയ തോതിൽ ഒരു സാദാ എരിശ്ശേരി വെച്ചുകളയാംന്ന് വിചാരിച്ചു.




പടവലങ്ങ ചിത്രത്തിൽ ഉള്ളതുപോലെ രണ്ട് കഷണം എടുത്ത്, അല്ലെങ്കിൽ ചെറിയൊരു പടവലങ്ങയോ, വല്യതിന്റെ പകുതിക്കഷണമോ എടുക്കുക.




തോലുരച്ച് കളഞ്ഞ് മുറിക്കുക. കഴുകുക.

പരിപ്പ്, മൂന്ന് ടേബിൾസ്പൂൺ എടുക്കുക. (കുറച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയായാൽ വല്യ കുഴപ്പമില്ല.) കഴുകുക.

ഒരു പാത്രത്തിൽ, ആദ്യം പരിപ്പിട്ട്, അത് മുങ്ങാനുള്ള വെള്ളം ഒഴിച്ച്, പടവലങ്ങക്കഷണങ്ങൾ ഇട്ട്, കുറേശ്ശെക്കുറേശ്ശെ, മുളകുപൊടിയും (കാൽ ടീസ്പൂൺ ഇടാം), മഞ്ഞൾപ്പൊടിയും ഇടുക. കുറച്ചും കൂടെ വെള്ളം അതിനു മുകളിൽ ഒഴിക്കുക. പടവലങ്ങ മുങ്ങുകയൊന്നും വേണ്ട. വെന്തുകഴിഞ്ഞ് ഒരുപാട് വെള്ളമുണ്ടെങ്കിൽ ശരിയാവില്ല. വേവിക്കുക. കുക്കറിൽ അല്ലെങ്കിൽ ആദ്യം പരിപ്പ് വേവിച്ചിട്ടേ പടവലങ്ങയും പൊടികളും ഇടേണ്ടൂ. വേറെ വേറെ ആണെങ്കിൽ ഉപ്പും ഇടാം. കുക്കറിൽ ആണെങ്കിൽ, വെന്ത് വാങ്ങിയിട്ട് ഉപ്പ് ചേർത്താൽ മതി.

തേങ്ങ മൂന്ന് ടേബിൾസ്പൂണെടുത്ത്, കാൽ ടീസ്പൂൺ ജീരകവും ഇട്ട് അരച്ചെടുക്കുക.

വെന്ത പടവലങ്ങ-പരിപ്പിലേക്ക്, തേങ്ങയരച്ചത് ചേർത്തിളക്കുക. ഉപ്പ് ഇട്ടുകഴിഞ്ഞില്ലെങ്കിൽ ഇടുക. വെള്ളം വേണ്ടതുപോലെ ഒഴിക്കുക. തിളപ്പിക്കുക. തീ കുറച്ചുവെച്ച് തിളപ്പിക്കുക.





വാങ്ങിവെച്ച് കടുകും കറിവേപ്പിലയും വറുത്തിടുക. വേണമെങ്കിൽ ചുവന്ന മുളകും.

Friday, April 17, 2009

പഴം പ്രഥമൻ

പഴം പ്രഥമൻ അത്ര എളുപ്പത്തിൽ ആവുന്ന ഒന്നല്ല. പക്ഷെ, സമയമുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല. പഴം പ്രഥമൻ ഉണ്ടാക്കാൻ പ്രധാനമായിട്ട് വേണ്ട ഒന്നാണ് നേന്ത്രപ്പഴം/ ഏത്തപ്പഴം വരട്ടിയത്. വരട്ടാൻ കുറച്ചുസമയം വേണം, അത്രേ ഉള്ളൂ. അല്ലാതെ അധികം നൂലാമാലകളൊന്നുമില്ല. ആദ്യം പഴം വരട്ടിയിട്ട് പ്രഥമനിലേക്ക് കടക്കാം.

പഴം വരട്ടാൻ

നേന്ത്രപ്പഴം നന്നായി പഴുത്തത് - ആറ് എണ്ണം.
ശർക്കര - അരക്കിലോ
നെയ്യ് - കുറച്ച്- രണ്ട് മൂന്ന് ടേബിൾസ്പൂൺ.

പഴം, ആദ്യം തോലുകളഞ്ഞ് വേവിക്കുക. കുക്കറിൽ ഒരു പാത്രത്തിൽ ഒട്ടും വെള്ളം ചേർക്കാതെ വേവിക്കാൻ വെച്ചാൽ നന്നായിരിക്കും. വെന്ത പഴം കീറി,കുരുവും നാരും കളയണം. അതു കഴിഞ്ഞാൽ മുറിച്ച്, മിക്സിപ്പാത്രത്തിലിട്ട് നന്നായി അടിച്ചെടുക്കുക.ശർക്കര, ചൂടാക്കാൻ വെച്ച്, പഴവും ഇട്ട് നന്നായി വരട്ടുക. ശർക്കരയിൽ കുറച്ച് വെള്ളമൊഴിക്കാം. പക്ഷേ, നന്നായി വരട്ടിയെടുക്കണം. ചക്ക വരട്ടുന്നതുപോലെത്തന്നെ. നെയ്യും ചേർക്കാം.

ഇനി പ്രഥമൻ





പഴം വരട്ടിയത് - ഏഴ് ടേബിൾസ്പൂൺ
ശർക്കര - ഏഴ്/ എട്ട് ആണി. (നല്ല മധുരമുണ്ടാവും. വേണ്ടെങ്കിൽ കുറയ്ക്കുക).
തേങ്ങാപ്പാൽ - കട്ടിയുള്ളത് ഒരു ഗ്ലാസ്സ് (കാൽ ലിറ്റർ വേണ്ട).
തേങ്ങാപ്പാൽ വെള്ളം ചേർത്ത് നേർപ്പിച്ചത് - ഒരു ലിറ്റർ
ചുക്കുപൊടി - കുറച്ച്
കൊട്ടത്തേങ്ങാക്കഷണങ്ങൾ - വറുത്തു ചേർക്കാൻ - കുറച്ച്.
നെയ്യ് - തേങ്ങ വറുക്കാൻ.

(മുകളിലെ ചിത്രത്തിലെ അളവും അളവ് എഴുതിയതും വ്യത്യാസമുണ്ട്).







പഴം വരട്ടിയതും, അര ലിറ്റർ തേങ്ങാപ്പാലും, കാൽ ലിറ്റർ വെള്ളവും അടുപ്പത്ത് വെച്ച് വേവിക്കുക.





കുറുകിയാൽ, ശർക്കര ഇടുക.








അതും വെന്താൽ ബാക്കി അര ലിറ്റർ തേങ്ങാപ്പാൽ ഒഴിക്കുക.





അതും ഒക്കെക്കൂടെ വെന്ത് കുറുകിയാൽ, ബാക്കിയുള്ള, കട്ടിത്തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിച്ച് വാങ്ങിവെക്കുക.

നെയ്യിൽ കൊട്ടത്തേങ്ങ വറവിടുക. ചുക്കുപൊടി മുകളിൽ വിതറുക. അണ്ടിപ്പരിപ്പും മുന്തിരിയും ഇടാം വേണമെങ്കിൽ. വാങ്ങുന്ന തേങ്ങാപ്പാൽ ആണെങ്കിൽ എളുപ്പം കഴിയും ജോലി. തേങ്ങാപ്പാൽ, നിങ്ങൾക്ക് ഇത്രയും വേണ്ടെന്ന് തോന്നുന്നെങ്കിൽ അടുത്ത പ്രാവശ്യം കുറയ്ക്കാം. ശർക്കര ഈ അളവിൽ ഇട്ടാൽ നല്ല മധുരമുണ്ടാവും. മധുരപ്രിയർക്ക് പറ്റും.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]