പഴം വരട്ടാൻ
നേന്ത്രപ്പഴം നന്നായി പഴുത്തത് - ആറ് എണ്ണം.
ശർക്കര - അരക്കിലോ
നെയ്യ് - കുറച്ച്- രണ്ട് മൂന്ന് ടേബിൾസ്പൂൺ.
പഴം, ആദ്യം തോലുകളഞ്ഞ് വേവിക്കുക. കുക്കറിൽ ഒരു പാത്രത്തിൽ ഒട്ടും വെള്ളം ചേർക്കാതെ വേവിക്കാൻ വെച്ചാൽ നന്നായിരിക്കും. വെന്ത പഴം കീറി,കുരുവും നാരും കളയണം. അതു കഴിഞ്ഞാൽ മുറിച്ച്, മിക്സിപ്പാത്രത്തിലിട്ട് നന്നായി അടിച്ചെടുക്കുക.ശർക്കര, ചൂടാക്കാൻ വെച്ച്, പഴവും ഇട്ട് നന്നായി വരട്ടുക. ശർക്കരയിൽ കുറച്ച് വെള്ളമൊഴിക്കാം. പക്ഷേ, നന്നായി വരട്ടിയെടുക്കണം. ചക്ക വരട്ടുന്നതുപോലെത്തന്നെ. നെയ്യും ചേർക്കാം.
ഇനി പ്രഥമൻ

പഴം വരട്ടിയത് - ഏഴ് ടേബിൾസ്പൂൺ
ശർക്കര - ഏഴ്/ എട്ട് ആണി. (നല്ല മധുരമുണ്ടാവും. വേണ്ടെങ്കിൽ കുറയ്ക്കുക).
തേങ്ങാപ്പാൽ - കട്ടിയുള്ളത് ഒരു ഗ്ലാസ്സ് (കാൽ ലിറ്റർ വേണ്ട).
തേങ്ങാപ്പാൽ വെള്ളം ചേർത്ത് നേർപ്പിച്ചത് - ഒരു ലിറ്റർ
ചുക്കുപൊടി - കുറച്ച്
കൊട്ടത്തേങ്ങാക്കഷണങ്ങൾ - വറുത്തു ചേർക്കാൻ - കുറച്ച്.
നെയ്യ് - തേങ്ങ വറുക്കാൻ.
(മുകളിലെ ചിത്രത്തിലെ അളവും അളവ് എഴുതിയതും വ്യത്യാസമുണ്ട്).


പഴം വരട്ടിയതും, അര ലിറ്റർ തേങ്ങാപ്പാലും, കാൽ ലിറ്റർ വെള്ളവും അടുപ്പത്ത് വെച്ച് വേവിക്കുക.

കുറുകിയാൽ, ശർക്കര ഇടുക.


അതും വെന്താൽ ബാക്കി അര ലിറ്റർ തേങ്ങാപ്പാൽ ഒഴിക്കുക.

അതും ഒക്കെക്കൂടെ വെന്ത് കുറുകിയാൽ, ബാക്കിയുള്ള, കട്ടിത്തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിച്ച് വാങ്ങിവെക്കുക.
നെയ്യിൽ കൊട്ടത്തേങ്ങ വറവിടുക. ചുക്കുപൊടി മുകളിൽ വിതറുക. അണ്ടിപ്പരിപ്പും മുന്തിരിയും ഇടാം വേണമെങ്കിൽ. വാങ്ങുന്ന തേങ്ങാപ്പാൽ ആണെങ്കിൽ എളുപ്പം കഴിയും ജോലി. തേങ്ങാപ്പാൽ, നിങ്ങൾക്ക് ഇത്രയും വേണ്ടെന്ന് തോന്നുന്നെങ്കിൽ അടുത്ത പ്രാവശ്യം കുറയ്ക്കാം. ശർക്കര ഈ അളവിൽ ഇട്ടാൽ നല്ല മധുരമുണ്ടാവും. മധുരപ്രിയർക്ക് പറ്റും.
8 comments:
കാണുമ്പോഴേ ആ മധുരം ഫീല്‍ ചെയ്യുന്നുണ്ട്
:)
ശ്രീ :) മധുരപ്രിയരുടെ കൂടെക്കൂടിയാൽ ഇതുതന്നെ ഫലം.
ഇതു കൊള്ളാല്ലോ. വായിച്ചിട്ട് തന്നെ കൊതി വരുന്നു :)
അപ്പൊ ബാക്കിയുള്ള പഴം വരട്ടിയത് എന്തു ചെയ്യും? കേടാകുമോ? ഫ്രിഡ്ജില്‍ കുറേ നാളിരിക്കുമോ?
ലക്ഷ്മി :)
അനിലൻ :) ഫ്രിഡ്ജിൽ വയ്ക്കാം. അല്ലെങ്കിൽ ദോശയ്ക്കും ചപ്പാത്തിയ്ക്കുമൊക്കെ തേച്ചുതിന്നാം. “രണ്ട് അദ്ധ്യായങ്ങളുള്ള നഗരം” തപ്പിപ്പിടിച്ച് സ്വന്തമാക്കി. വായിച്ചു. പിന്നേം വായിക്കുന്നു.
പഴം വരട്ടിയത്, എത്ര നാള്‍ ഇരിക്കും കേടാകാതെ?? ചക്ക വരട്ടിയത് പോലെ സൂക്ഷിച്ചു വയ്ക്കാന്‍ പറ്റുമോ?
പഴം , ആവിയില്‍് പുഴുങ്ങി എടുത്താല്‍ മതിയോ ?
സൂ
എവിടന്ന് കിട്ടി!!!
വായിച്ച് പറയണം ട്ടാ.
പഴം ഒരു വിധം വരട്ടി വന്നപ്പൊ സമയം കഴിഞ്ഞു. വെള്ളിയാഴ്ചവരെ കേടാകാതെ ഇരുന്നാല്‍ അതിനുകൊള്ളാം.
മേരിക്കുട്ടീ :) നന്നായി വരട്ടിയെങ്കിൽ കുറച്ചുകാലം ഫ്രിഡ്ജിൽ ഇരിക്കും. ചക്കപോലെ ഒരു വർഷത്തേക്കൊന്നും ഇരിക്കുകയുണ്ടാവില്ല. ഞാൻ അത്രയ്ക്കൊന്നും ദിവസം വെച്ചില്ല. പഴം കിട്ടാത്തതൊന്നുമല്ലല്ലോ. പുഴുങ്ങിയാലും മതി. വരട്ടുമ്പോൾ പിന്നേം വേവുമല്ലോ.
അനിലൻ :) പുസ്തകക്കടയിൽനിന്ന് കിട്ടി. കോഴിക്കോട്. ചിലതൊക്കെ ബ്ലോഗിൽ ഇട്ടിരുന്നല്ലേ?
Post a Comment