Monday, December 29, 2008

പച്ചത്തക്കാളിച്ചമ്മന്തി

പച്ചത്തക്കാളികൊണ്ട് ചമ്മന്തിയുണ്ടാക്കിയാൽ കഞ്ഞിയ്ക്കും ചോറിനും ചപ്പാത്തിയ്ക്കും ഒക്കെ പറ്റും. കഞ്ഞിക്കാണെങ്കിൽ, കൂടെ വല്ല തോരനോ മറ്റോ ഉണ്ടായാല്‍പ്പിന്നെ വേറൊന്നും വേണ്ട.
പച്ചത്തക്കാളിച്ചമ്മന്തി എളുപ്പത്തിലുണ്ടാക്കിയെടുക്കാം. പല വിധത്തിലുമുണ്ട്. ഞാനുണ്ടാക്കിയത് എങ്ങനെയെന്നു പറയാം.

പച്ചത്തക്കാളി മൂന്നെണ്ണം കഴുകിയെടുത്ത് ഓരോന്നും എട്ട് പത്ത് കഷണങ്ങളാക്കി മുറിച്ചു.

എന്നിട്ട് ചെറിയ വെളുത്തുള്ളിയല്ലി ആറെണ്ണവും, രണ്ട് എരിവുള്ള പച്ചമുളകും, കുറച്ച് മല്ലിയിലയും, കുറച്ച് കറിവേപ്പിലയും എടുത്തു.

തക്കാളിയും ബാക്കിയുള്ളതും ഒക്കെക്കൂടെ കുറച്ച് പാചകയെണ്ണയൊഴിച്ച് വഴറ്റി. വെള്ളമൊക്കെ ഒന്ന് പൊട്ടിത്തെറിച്ചുപോകണം, അത്ര തന്നെ. വേവുകയൊന്നും വേണ്ട.

അത് തണുത്തപ്പോൾ ഉപ്പും, രണ്ട് ടേബിൾസ്പൂൺ തേങ്ങയും ഇട്ട് അരച്ചു.
ആദ്യം തേങ്ങയും ഉപ്പും ഒന്നു അരച്ചിട്ട് തക്കാളിക്കൂട്ട് ഇട്ട് അരച്ചാൽ മതി.

നല്ല പുളിയുണ്ട്, പച്ചത്തക്കാളിയ്ക്ക്. ഇഷ്ടമില്ലാത്തവർ, തക്കാളിയുടെ അളവ് കുറച്ച്, തേങ്ങയുടെ അളവ് കൂട്ടുക.

പച്ചമുളകില്ലെങ്കിൽ ചുവന്ന മുളകിടാം. ഇനി വേറൊരു രീതിയിൽ വേണമെങ്കിൽ ചെറിയ ഉള്ളിയും ഇടാം. വഴറ്റിത്തന്നെ ഇടുന്നതാണ് നല്ലത്.

വെള്ളം ഒട്ടും ഒഴിക്കരുത് അരയ്ക്കുമ്പോൾ.

Saturday, December 27, 2008

നൂല്‍പ്പുട്ട്

നൂല്‍പ്പിട്ട് അഥവാ നൂല്‍പ്പുട്ട് അഥവാ ഇടിയപ്പം ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്നു വിചാരിക്കരുത്. കുറച്ചു ജോലിയുണ്ട്. സമയം വേണം.

ഇതുണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ എല്ലാവരുടേം വീട്ടിൽ എളുപ്പത്തിൽ കിട്ടും.

ഞാൻ ഇവിടെ എളുപ്പത്തിൽ നൂല്‍പ്പിട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറയാം.

അരിപ്പൊടി വേണം - വളരെ മിനുസപ്പൊടി ആയിരിക്കണം. വറുത്തെടുത്താൽ സ്വാദ് കൂടും. (കാൽക്കിലോ അരിപ്പൊടി ഉണ്ടെങ്കിൽ രണ്ടാൾക്കും രണ്ടുകുട്ടികൾക്കും ഇഷ്ടം പോലെ കഴിക്കാം.)
ഉപ്പ് വേണം
നന്നായി തിളച്ച നല്ല ചൂടുള്ള വെള്ളം വേണം.
കുറച്ച് ചിരവിയെടുത്ത തേങ്ങയും വേണം.
പിഴിയാനുള്ള നാഴി വേണം. ഇവിടെ അഞ്ജലി പ്രസ്സർ ആണുള്ളത്. വേറൊന്നുള്ളത് ഒരു പ്ലാസ്റ്റിക്ക് ആണ്.
ആദ്യം എടുക്കുന്ന അരിപ്പൊടിയ്ക്കാവശ്യമായ ഉപ്പ് കുറച്ച് വെള്ളത്തിൽ അലിയിക്കുക. പച്ചവെള്ളം മതി.
അരിപ്പൊടിയെടുത്ത് ഉപ്പുവെള്ളം ഒഴിക്കുക. ചൂടുള്ള വെള്ളം കുറച്ച് കുറച്ച് ചേർത്ത് കട്ടിയുള്ള ഒരു വലിയ സ്പൂൺ കൊണ്ട് നല്ലപോലെ തേച്ചുകുഴയ്ക്കുക. കുഴഞ്ഞുകഴിഞ്ഞാൽ കട്ടയൊന്നും ഉണ്ടാവരുത്. പിഴിയുമ്പോൾ ശരിയാവില്ല. ഒന്നു തണുത്താൽ കൈകൊണ്ടും ഒന്നു കുഴച്ച് കട്ടയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം.ചപ്പാത്തിമാവിനേക്കാളും ഒരു സ്വല്പം കൂടെ അയവിൽ മതി. ദോശമാവിനും ഇഡ്ഢലിമാവിനും അടുത്തേക്ക് പോകരുത്.എന്നിട്ട് പ്രെസ്സറിലോ നാഴിയിലോ നൂല്‍പ്പിട്ടിന്റെ/ഇടിയപ്പത്തിന്റെ ചില്ലിട്ട് (ഏറ്റവും ചെറിയ തുളകൾ ഉള്ള ചില്ല്) അതിന്റെ നാഴിയിൽ നിറച്ച് ഏത് പാത്രത്തിലേക്കാണ് വേണ്ടതെന്നുവെച്ചാൽ പിഴിയുക.ഒരു പ്ലേറ്റിലായാല്‍പ്പോലും കുഴപ്പമില്ല. പക്ഷെ, അടുപ്പത്ത് ആവി കയറ്റാനുള്ള പാത്രത്തിൽ വയ്ക്കാൻ കഴിയണം.ഇവിടെ ഇടിയപ്പത്തിന്റെ തട്ട് ഇല്ലാത്തതുകൊണ്ട് ഞാൻ ഇഡ്ഢലിത്തട്ടിലാണ് നിറയ്ക്കുക.ഇഡ്ഢലിത്തട്ടിലേക്ക് അല്പം വെളിച്ചെണ്ണ പുരട്ടി, പിഴിഞ്ഞിട്ട് മുകളിൽ തേങ്ങ വിതറുക. ഇഡ്ഢലി വേവിക്കുന്നതുപോലെ വേവിച്ചെടുക്കുക.എളുപ്പജോലി ഞാൻ ചെയ്യുന്നത്, കുക്കറിന്റെതട്ടിലേക്ക് ഒരുമിച്ച് പിഴിഞ്ഞിട്ടാണ്. വേവാൻ കുറച്ചുകൂടെ സമയം എടുക്കും.കുക്കറിന്റെ വെയിറ്റ് ഇടേണ്ട കാര്യമില്ല. നല്ലപോലെ അടിയിൽവെള്ളം ഒഴിക്കുക. ഒരു പാത്രത്തിലും കൂടെ വെള്ളമൊഴിച്ച് ബാലൻസ് ഒപ്പിച്ച് അതിനുമുകളിൽ കുക്കറിന്റെ തട്ട് വയ്ക്കുക. അടിയിൽ ഒരു പാത്രം വെച്ചാൽ കുക്കറിന്റെ അടിയിൽനിന്ന് വെള്ളം തട്ടിലേക്ക് കയറാതിരിക്കും. എന്തായാലും ആവിയിൽ വേവിക്കുക. വെന്താൽ ഒട്ടിപ്പിടിക്കില്ല. വേഗം എടുത്തുപോരും.

കറിയും കൂട്ടി കഴിക്കുക.ഒരുമിച്ചുവെച്ചാൽ ഇങ്ങനെയിരിക്കും.
ഇനി വേറെ ഒരു തരത്തിലും കൂടെ ഉണ്ട്. കുഴയ്ക്കുമ്പോൾ തേങ്ങാപ്പാലും ചേർത്ത് കുഴയ്ക്കുക. ബാക്കിയൊക്കെ ഇതുപോലെത്തന്നെ. സ്വാദ് കൂടും. പായ്ക്കറ്റിൽ വാങ്ങുന്ന തേങ്ങാപ്പാലല്ലെങ്കിൽ കുറച്ചു ജോലിയും കൂടും.

Sunday, December 21, 2008

റൊട്ടി

റൊട്ടി എന്നു ഞങ്ങൾ വിളിക്കുന്ന വിഭവം എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ കഴിയുന്ന ഒന്നാണ്. റൊട്ടി എന്നാണ് ഞങ്ങൾ ബ്രഡിനും പറയുന്നത്. ഈ റൊട്ടിയ്ക്ക് പല സ്ഥലത്തും പല പേരുണ്ടാവും. എനിക്കറിയില്ല. എണ്ണപ്പലഹാരങ്ങൾ ഒഴിവാക്കാൻ മിക്കവാറും ശ്രമിക്കാറുണ്ടെങ്കിലും എണ്ണയിൽ മുക്കിപ്പൊരിക്കാതെ എന്തു വിഭവം എന്നാണ് ചിലപ്പോൾ കരുതുക. അമ്മായിയാണ് ഇതിന്റെ പാചകവിധി പറഞ്ഞുതന്നത്. അവിടെനിന്നാണ് അധികം കഴിച്ചിട്ടുള്ളതും. ഒരിക്കൽ ഫോൺ ചെയ്തപ്പോൾ റൊട്ടി ഉണ്ടാക്കാറില്ലേന്ന് ചോദിച്ചിരുന്നു. അപ്പോഴൊന്നും ഇത് തയ്യാറാക്കാനുള്ള മനസ്സിലായിരുന്നു. അടുത്തൊരിക്കൽ വീണ്ടും വിളിച്ച് ഇതിന്റെ സംശയങ്ങളൊക്കെ തീർത്തു. എല്ലാവരും സൗകര്യം പോലെ ശ്രമിക്കുക. ഇഷ്ടമാവുമായിരിക്കും. ഇതിനാവശ്യമായ വസ്തുക്കൾ എല്ലാവരുടേം വീട്ടിൽ ഉണ്ടാവുകയും ചെയ്യും.

അരിപ്പൊടിയും ഉഴുന്നും നാലിനൊന്ന് എന്ന കണക്കിലാണ്. അരിപ്പൊടി നാലു കപ്പാണെങ്കിൽ ഉഴുന്ന് ഒരു കപ്പെടുക്കണം.
കുരുമുളകുപൊടി - എരുവിനാവശ്യമായത്.
ജീരകം
ഉപ്പ്
വെളിച്ചെണ്ണ
കായം.

ഇവിടെ ഞാൻ അളവെടുത്തത് :-

ആറു ടേബിൾസ്പൂൺ നിറച്ചും അരിപ്പൊടി.
ഒന്നര ടേബിൾസ്പൂൺ നിറച്ചും ഉഴുന്നരച്ചത്.
ജീരകം അധികം പൊടിയാവാതെ പൊടിച്ചത് - അര ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂണിലല്പം അധികം ഇട്ടു. എരുവുണ്ട്. വേണ്ടെങ്കിൽ കുറയ്ക്കുക. ഇനി കൂട്ടണമെങ്കിൽ അതും ആവാം.
ഉപ്പ് ആവശ്യത്തിന്.
കായം പൊടി - കുറച്ച്


ഉഴുന്ന് വെള്ളത്തിൽ കുതിർത്തി മൂന്നുനാലു മണിക്കൂർ കഴിഞ്ഞ് അരച്ചെടുക്കണം. രണ്ട് മണിക്കൂറായാലും കുഴപ്പമൊന്നുമില്ല. കുതിരണം. അത്രയേ ഉള്ളൂ. വളരെക്കുറവേ വെള്ളം വേണ്ടൂ. എന്നിട്ട് ഉപ്പും കുരുമുളക്, ജീരകം, കായം എന്നീ പൊടികളൊക്കെ ഇട്ട് അരിപ്പൊടിയുമായി കൂട്ടിക്കുഴച്ച് എടുക്കുക.വെള്ളം ഉഴുന്നിൽ ഉള്ളതു പോരെങ്കിൽ വേറെ കൂട്ടിയാൽ മതി. ചപ്പാത്തിമാവിനേക്കാളും അല്പം കൂടെ അയഞ്ഞിട്ട് മതി. കുഴച്ച്, കുറച്ച് കൈയിൽ എടുത്ത് കൈകൊണ്ടു തന്നെ പരത്തി നടുവിലൊരു തുളയും വച്ച് ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കുക. പരത്തിയിട്ട് ഒരു പ്ലാസ്റ്റിക് കടലാസ്സിൽ നിരത്തിവയ്ക്കാം. അധികം വെള്ളമില്ലെങ്കിലേ ശരിയാവൂ. അല്ലെങ്കിൽ എടുക്കാൻ കിട്ടിയെന്നുവരില്ല. ഉള്ളം കൈയിൽ എണ്ണയോ വെള്ളമോ തൊട്ട് പരത്തുക.
ഒരുപാട് ചൂടാക്കി, വെളിച്ചെണ്ണ വച്ചിട്ട്, അതിലേക്ക് പ്ടേ എന്നു പറഞ്ഞ് ഇടരുത്. എണ്ണപ്പലഹാരം ഉണ്ടാക്കുമ്പോൾ നല്ല ശ്രദ്ധ വേണം. പതുക്കെ സൂക്ഷിച്ച് ചെയ്യണം, എല്ലാവരും. നന്നായി മൊരിച്ചെടുക്കണം. വളരെ നേർമ്മയായിട്ട് പരത്തിയാൽ കൂടുതൽ നന്നാവും. ഉള്ളിൽ വേവു കുറയുമെന്ന് പേടിക്കുകയും വേണ്ട. ചൂടോടെയാണ് തിന്നാൻ നല്ലത്. തണുക്കുമ്പോൾ കട്ടിയാവും.

ഉഴുന്നുപൊടി കിട്ടാറുണ്ട്. അതാണെങ്കിൽ ഒന്നുകൂടെ എളുപ്പമായി. അളവ് നോക്കി കുഴച്ചെടുത്താൽ മതി.
ചായയുടെ കൂടെ നല്ലൊരു പലഹാരമല്ലേ ഇത്?

ചിത്രം മുഴുവൻ ചേട്ടനെടുത്തത്. എനിക്കു തീരെ സമയമില്ലായിരുന്നു. (ഉണ്ടാക്കുന്നതിനും തിന്നുന്നതിനുമിടയിൽ കൈ ഒഴിവു വേണ്ടേ ;))

Monday, December 15, 2008

പച്ചക്കറി ഖിച്‌ടി

വടക്കേയിന്ത്യക്കാരുടെ ഒരു ഭക്ഷണമാണ് ഖിച്‌ടി എന്ന് അവരും കിച്ചടി എന്ന് മലയാളത്തിൽ നമ്മളും പറയുന്ന വിഭവം. കേരളത്തിൽത്തന്നെ പച്ചടി എന്ന് ചില നാട്ടിൽ പറയുന്നതിനെ കിച്ചടി എന്ന് മറ്റു ചില നാട്ടിൽ പറയും. ആ വിഭവമല്ല ഇത്. ഇത് പുലാവുപോലെയുള്ള ഒരു വിഭവം ആണ്. അരികൊണ്ടാണ് മിക്കവാറും ഉണ്ടാക്കുക. എന്നാലും വേറെ തരത്തിലും ഉണ്ടാക്കും.


ഖിച്‌ടി ഒരുപാടുതരത്തിൽ ഉണ്ട്. വെറും പരിപ്പും അരിയും അല്പം എരിവും ചേർത്തിട്ടുള്ളത്, അരിയും പരിപ്പും കൂടാതെ പച്ചക്കറികളും മസാലകളും ഇട്ടിട്ടുണ്ടാക്കുന്നത്, കട്ടിയിൽ ഇരിക്കാതെ അല്പം വെള്ളം പോലെ ഇരിക്കുന്നത് ഒക്കെ. ഞാനുണ്ടാക്കിയിരിക്കുന്നത് വെള്ളം അധികം ഇല്ലാതെ കട്ടിയായിട്ടാണ്. കഞ്ഞിപോലെയും ഉണ്ടാക്കാം. എനിക്ക് വെള്ളം പോലെയുള്ള ഖി‌ച്ടി ആണിഷ്ടം. കഞ്ഞിപോലെയായാൽ ഞാൻ മാത്രം കഴിക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് കട്ടിയിൽ ഉണ്ടാക്കി.

പച്ചക്കറി ഖിച്ടി ഉണ്ടാക്കാൻ എളുപ്പം കഴിയും.
ഉരുളക്കിഴങ്ങ് ഒന്ന്
കാരറ്റ് ഒന്ന്
തക്കാളി ഒന്ന്
ബീൻസ് - നാലഞ്ചെണ്ണം
സവാള വലുതൊന്ന് അല്ലെങ്കിൽ ചെറുത് രണ്ട്
വെള്ളത്തിൽ കുതിർത്ത ഉണങ്ങിയ ഗ്രീൻപീസോ, പച്ച ഗ്രീൻപീസോ ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുത് - എട്ട് അല്ലി
പച്ചമുളക് അധികം എരിവില്ലാത്തത് രണ്ട്
ഇഞ്ചി ചിത്രത്തിലെപ്പോലെ ഒരു കഷണം.ഏലയ്ക്ക - രണ്ടെണ്ണം
പട്ട - ചെറിയ കഷണം
ഗ്രാമ്പൂ നാലെണ്ണം
ഉപ്പ്
ഗരം മസാല ഒരു ടീസ്പൂൺ
ജീരകം കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി അല്പം
നെയ്യ് മൂന്ന് ടീസ്പൂൺ അല്ലെങ്കിൽ മൂന്ന് ടേബിൾസ്പൂൺ
അരി രണ്ട് കപ്പ് അല്ലെങ്കിൽ മീഡിയം ഗ്ലാസ്സിനു രണ്ട് ഗ്ലാസ്സ്
ചെറുപരിപ്പ് (ചെറുപയർ പരിപ്പ് - മൂംഗ് ദാൽ) അരക്കപ്പ്
മല്ലിയില നിങ്ങൾക്കിഷ്ടമാണെങ്കിൽ കുറച്ച്


ഇത്രയും കൊണ്ടുണ്ടാക്കിയാൽ നാല് പേർക്ക് നല്ലോണം കഴിക്കാം എന്ന് എന്റെ കണക്ക്. കഴിക്കുന്ന കണക്കൊക്കെ വ്യത്യാസമല്ലേ. അതുകൊണ്ട് കൃത്യം പറയാൻ പറ്റില്ല.

പച്ചക്കറികളൊക്കെ ചെറുതായി നുറുക്കുക. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കിയെടുക്കുക. ഞാൻ പട്ടയും ഗ്രാമ്പൂവും അതിന്റെ കൂടെ അരച്ചു. വെറുതെയിട്ടാലും കുഴപ്പമില്ല. ഏലയ്ക്കയും പൊടിക്കുക.

ഞാൻ കുക്കറിലാണുണ്ടാക്കിയത്. വലിയ കുക്കർ. അടുപ്പത്ത് വച്ച് ചൂടായാൽ നെയ്യ് രണ്ട് ടീസ്പൂൺ ഒഴിച്ചു. നിങ്ങൾക്ക് തടികൂടുന്നതിലൊന്നും വിഷമമില്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ നെയ്യും ഒഴിക്കാം. ജീരകം ഇട്ടു. ചൂടായപ്പോൾ സവാള ഇട്ട് മൊരിച്ചു. ഇഞ്ചി പച്ചമുളക് വെളുത്തുള്ളി മസാലപ്പേസ്റ്റ് ഇട്ട് വഴറ്റി. ഏലയ്ക്കപ്പൊടിയിട്ടു. പച്ചക്കറികളൊക്കെ ഇട്ടു. അരിയും പരിപ്പും ഇട്ടു. ഗരം മസാല ഇട്ടു. മഞ്ഞൾപ്പൊടി ഇട്ടു. മുകളിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ചു. ആവശ്യത്തിനു വെള്ളം ഒഴിച്ചു. അരിയും പച്ചക്കറികളും പരിപ്പും വേവാൻ വേണ്ടത്ര വെള്ളം ഒഴിച്ചാ‍ല്‍പ്പിന്നെ ഉപ്പും ഇട്ട് അടച്ചു വേവിക്കാം. വെള്ളം പോലെയുള്ള ഖിച്‌ടി വേണമെങ്കിൽ കുറച്ചും കൂടെ വെള്ളമൊഴിക്കുക. തയ്യാറായാൽ മല്ലിയില ഇടാം. സാലഡും അച്ചാറും പപ്പടവും ഒക്കെക്കൂട്ടി കഴിക്കുക.
മാറ്റം വരുത്തണമെങ്കിൽ ഗരം മസാല ഒഴിവാക്കുക. പകരം മുളകുപൊടിയും മല്ലിപ്പൊടിയും ഇടുക. മസാല അധികം ഇഷ്ടമല്ലെങ്കിൽ പേസ്റ്റിന്റെ കൂടെ ഇടുന്ന ഗ്രാമ്പൂവും പട്ടയും ഒഴിവാക്കുക. ഒട്ടും എരിവും മസാലയും ഒന്നും വേണ്ടെങ്കിൽ എരിവിനുപയോഗിച്ച എല്ലാ ചേരുവകളും മാറ്റുക. ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ഉണ്ടാവുന്നതാണ് നല്ലത്. ഇനി കുറേ എരിവ് വേണമെങ്കിൽ ഇതൊരുപ്രാവശ്യം നോക്കിയിട്ട് പിന്നെയുണ്ടാക്കുമ്പോൾ കൂടുതൽ ചേർക്കുക.

ഈ ഖിച്‌ടിയും പുലാവും തമ്മിൽ വളരെക്കുറച്ച് വ്യത്യാസമേ ഉള്ളൂ. ചെറുപരിപ്പാണ് ഖിച്‌ടിയുടെ ഒരു മുഖ്യ ചേരുവ. പച്ചക്കറികളൊക്കെ പലതും ഇടാം.

Friday, December 12, 2008

നെല്ലിക്കച്ചമ്മന്തിനെല്ലിക്ക സീസൺ ആയി. വിറ്റാമിൻ സി അടങ്ങിയതാണ് നെല്ലിക്ക. ച്യവനപ്രാശം പോലുള്ള ലേഹ്യങ്ങളിലും മരുന്നുകളിലുമൊക്കെ നെല്ലിക്ക ഒരു ചേരുവയാണ്. നെല്ലിക്ക പച്ച തിന്നു വെള്ളം കുടിച്ചാൽ എന്തൊരു സ്വാദാണല്ലേ? സൗന്ദര്യത്തിനും നെല്ലിക്ക ഉപയോഗിക്കാം. തലയിൽ തേക്കാൻ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് നന്നായിരിക്കും. നെല്ലിക്ക കൊണ്ട് പല വിഭവങ്ങളും ഉണ്ട്. ഉപ്പിലിട്ടത്, അച്ചാർ, മുറബ്ബ, ചമ്മന്തി. നെല്ലിക്ക എന്തൊക്കെയോ ചേരുവകളിട്ട് ഉണക്കിയിട്ട്, അടയ്ക്ക പോലെ വിൽക്കുന്നതു കണ്ടിട്ടുണ്ട്. അതിനെക്കുറിച്ചൊക്കെ ഗവേഷണം നടത്തിയിട്ട് പറഞ്ഞുതരാം.

നെല്ലിക്കച്ചമ്മന്തി ഞാനുണ്ടാക്കിയത് ഇങ്ങനെയാണ്.

നെല്ലിക്ക കഴുകിയെടുത്തു.

വെള്ളം തിളപ്പിച്ച് അതിൽ കുറച്ചുനേരം വേവിച്ച് എടുത്തു.നെല്ലിക്കയെടുത്ത് കുരുകളഞ്ഞ് തേങ്ങയും ഉപ്പും മുളകും കൂട്ടി അരച്ചു. അരയ്ക്കുമ്പോൾ വെള്ളമൊഴിച്ചില്ലെങ്കിൽ അത്രയും നല്ലത്.വലിയ നെല്ലിക്ക ആയതുകൊണ്ട് മൂന്നെണ്ണം എടുത്തു.
നാലു ചുവന്ന മുളകെടുത്തു. (എരിവ് ഉണ്ട്).
അഞ്ച് ടേബിൾസ്പൂൺ ചിരവിയ തേങ്ങയെടുത്തു.
പാകത്തിനുള്ള ഉപ്പിട്ടു.
ആദ്യം തേങ്ങയും മുളകും ഉപ്പും കൂടെ ഒന്ന് മിക്സിയിൽ അടിച്ചു.
നെല്ലിക്ക കുരുകളഞ്ഞ് ചെറുതാക്കി (കൈ കൊണ്ട് അമർത്തി) മിക്സിയിലേക്കിട്ടു. അരച്ചു.നെല്ലിക്ക വേവിച്ചിട്ട് ഞാനൊരു പാത്രത്തിലാക്കി വെച്ചിട്ടുണ്ട്. അതിൽനിന്ന് ഇടയ്ക്കെടുത്ത്, മുളകുപൊടിയൊക്കെ ഇട്ട് എടുക്കും. അല്ലെങ്കിൽ വെറുതേ തിന്നും. ഏകാദശി കഴിഞ്ഞ് ദ്വാദശി ആയപ്പോൾ, അമ്മ പറഞ്ഞു, നോമ്പ് കഴിഞ്ഞാൽ നെല്ലിക്ക കഴിക്കണം എന്ന്. എന്നോടങ്ങ് മറന്നുപോയിരുന്നു അക്കാര്യം. അപ്പോ വീണ്ടും പാത്രം തുറന്നു.

നെല്ലിക്ക കണ്ടില്ലേ? കാണാത്തവരൊക്കെ വേഗം പോയിക്കാണൂ. (പരസ്യത്തിന് കാശ് കിട്ടുമോയെന്തോ!) ;)

Sunday, December 07, 2008

ശർക്കരപ്പയർ

ശർക്കരപ്പയർ ചില അമ്പലങ്ങളിൽ പ്രസാദം പോലെ ഉണ്ടാക്കാറുണ്ട്. എളുപ്പം കഴിയുന്ന ഒരു ജോലിയാണ്. പക്ഷെ സ്വാദിനു കുറവില്ല. പയറും അതിന്റെകൂടെ അല്പം മധുരവും ആവാം എന്നുള്ളവർക്ക് ഇഷ്ടമാവും തീർച്ച.

പയർ ചിത്രത്തിലുള്ളത്രേം എടുത്താൽ, അര ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ഗ്ലാസ്സിൽ നിറച്ചും ഉണ്ടാവും. വലിയ ആണി ആണെങ്കിൽ നാലോ അഞ്ചോ, ചെറിയ ആണി ആണെങ്കിൽ ആറേഴ് ആണി ശർക്കര എടുക്കുക. ഈ അളവിൽ നല്ല മധുരം ഉണ്ടാവും. അത്ര വേണ്ടെങ്കിൽ കുറയ്ക്കാം. ചിരവിയ തേങ്ങ ഈ അളവ് പയറിന് അഞ്ച് ടേബിൾസ്പൂൺ വേണം. തേങ്ങ കുറഞ്ഞാലും കൂടിയാലും വല്യ കുഴപ്പമില്ല.ആദ്യം പയർ, കല്ലൊക്കെയുണ്ടെങ്കിൽ എടുത്തുകളഞ്ഞ് കഴുകി വേവിക്കുക. പയർ കുറച്ചുനേരം വെള്ളത്തിലിട്ടാൽ വേഗം വേവും. ആവശ്യത്തിനുമാത്രം വെള്ളമൊഴിച്ച് വേവിക്കുക. കുക്കറിൽ വേവിക്കുന്നതാണ് നല്ലത്. വെന്താൽ പിന്നേം അടുപ്പത്ത് വച്ച് അതിലേക്ക് ശർക്കര ഇട്ടിളക്കുക. തീ കുറച്ചുവെച്ചില്ലെങ്കിൽ അടി കരിയും, അതുകണ്ട് നിങ്ങൾ കരയും. ;) ശർക്കര യോജിച്ചാൽ തേങ്ങയും ഇട്ടിളക്കുക. അതിൽ വെള്ളമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ തീ കെടുത്തുന്നതിനുമുമ്പ് അടച്ചുവച്ച് തീ കെടുത്തുക. കുറച്ചുനേരം കഴിഞ്ഞ് തുറക്കുക. വെന്തു കഴിഞ്ഞാൽ പയറിൽ വെള്ളമില്ലാതിരിക്കുന്നതാണ് നല്ലത്. തിന്നുന്ന ശർക്കരപ്പയറാണു നല്ലത്. വെള്ളമായാൽ കുടിക്കേണ്ടിവരും. അത് അത്ര സുഖമുള്ള കാര്യമല്ല.
എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും, അധികം വസ്തുക്കളൊന്നും ആവശ്യമില്ല എന്നതാണ് ശർക്കരപ്പയറിന്റെ പ്രത്യേകത.

Wednesday, December 03, 2008

ചേമ്പ് മൊളേഷ്യം

എളുപ്പമുള്ളതും സ്വാദുള്ളതും ആരോഗ്യത്തിന് കേടുവരുത്താത്തതും ആയ ഒന്നാണ് മൊളേഷ്യം.

ചേമ്പ് കൊണ്ടുണ്ടാക്കാൻ, ചേമ്പ് കഷണങ്ങളാക്കുക, കഴുകുക, മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഇടുക. ആവശ്യത്തിനുമാത്രം വെള്ളം ഒഴിക്കുക. വേവിക്കുക.വെന്താൽ ഒന്നുകിൽ തേങ്ങ വെറുതേ ചിരവിയിടുക. അല്ലെങ്കിൽ കടുകും ഉഴുന്നും കറിവേപ്പിലയും വറത്തിടുക. എത്രയോ എളുപ്പം കഴിയും.
മുളകുപൊടിയ്ക്ക് പകരം എന്ന നിലയിലാണ് കുരുമുളകുപൊടി ചേർക്കുന്നത്. മൊളേഷ്യം കഞ്ഞിക്കും ചോറിനും നല്ലതാണ്. അധികം വെള്ളം ഉണ്ടാവാത്തതാണ് നല്ലത്. പനി പിടിക്കുമ്പോൾ നല്ലതാണ് അല്പം കുരുമുളകൊക്കെയുള്ള മൊളേഷ്യം.

കായ മൊളേഷ്യവും , കുമ്പളങ്ങ മൊളേഷ്യവും ഇവിടെയുണ്ട്.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]