Saturday, December 18, 2010

കോളി മസാല

കോളിഫ്ലവർ കൊണ്ടൊരു സാദാ മസാലക്കറിയാണിത്. ആർക്കും പരീക്ഷിക്കാം. വളരെക്കുറച്ച് വസ്തുക്കൾ, മിക്കവാറും എല്ലാവരുടേം വീട്ടിലുണ്ടാവുന്നതുതന്നെ, മാത്രമേ ഈ കറിയുണ്ടാക്കാൻ വേണ്ടൂ.

ആവശ്യമുള്ളത് :-




കോളിഫ്ലവർ - ചിത്രത്തിലുള്ളതുപോലെ ഒന്ന്.
വലിയ ഉള്ളി/ സവാള - രണ്ടെണ്ണം.
തക്കാളി - രണ്ടെണ്ണം - ചെറുത്.
വെളുത്തുള്ളി- ഇഞ്ചി അരച്ചത് - അര ടീസ്പൂൺ. റെഡിമെയ്ഡ് പേസ്റ്റ് ആയാലും മതി.
പച്ചമുളക് - രണ്ടെണ്ണം.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - അരടീസ്പൂൺ.
മുളകുപൊടി - കാൽ ടീസ്പൂൺ.
വെജിറ്റബിൾ മസാല - ഒരു ടീസ്പൂൺ.
മല്ലിയില - കുറച്ച്.
പാചകയെണ്ണ.
ഉപ്പ്.




കോളിഫ്ലവർ ഇതളുകൾ വേർതിരിച്ചെടുക്കുക. കുറച്ച് ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട്, അതിൽ കോളിഫ്ലവർ ഇതളുകൾ മുക്കിയിടുക. “പുയു” ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കാനാണിത്.




ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി മുറിച്ചുവയ്ക്കുക. ഒരു പാത്രത്തിൽ പാചകയെണ്ണ ചൂടാക്കി, അതിൽ ജീരകം ഇടുക. അതു മൊരിഞ്ഞാൽ, ഉള്ളിയും, പച്ചമുളകും ഇട്ട് നന്നായി വഴറ്റി വേവിക്കുക. ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ചേർക്കുക. അതിൽ തക്കാളി ഇടുക. അതും വഴറ്റി വെന്താൽ, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് വെച്ചുവേണം എല്ലാം ചെയ്യാൻ. അതിലേക്ക്, നന്നായി കഴുകിയെടുത്ത കോളിഫ്ലവർ ഇതളുകൾ ഇട്ട് ഇളക്കുക. ഉപ്പിടുക. അത്യാവശ്യം വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. അധികം വെള്ളമൊഴിച്ചാൽ കോളിഫ്ലവർ അധികം വെന്തുപോകും. വെള്ളം ആദ്യം ചേർത്ത്, അതൊന്ന് തിളച്ചശേഷം കോളിഫ്ലവർ ഇട്ടാലും മതി.





വെന്ത് വാങ്ങിവെച്ചാൽ അതിൽ മല്ലിയില അരിഞ്ഞത് ഇടണം.

വെജിറ്റബിൾ മസാല ഇല്ലെങ്കിൽ ഗരം മസാല ഇട്ടാലും മതി. എരിവിന്റെ പാകത്തിനേ ചേർക്കാവൂ. ഇവിടെ ഉണ്ടാക്കിയതിനു അധികം എരിവില്ല. വെജിറ്റബിൾ മസാലയേക്കാൾ എരിവ് ചിലപ്പോൾ ഗരം മസാലയ്ക്ക് ഉണ്ടാവും. എരിവ് നിങ്ങളുടെ പാകത്തിനു ചേർക്കുന്നതാവും നല്ലത്. മസാലക്കറിയുണ്ടാക്കുമ്പോൾ, വെളിച്ചെണ്ണയേക്കാൾ നല്ലത് വേറെ ഏതെങ്കിലും പാചകയെണ്ണയായിരിക്കും.



ചപ്പാത്തിയുടെ അല്ലെങ്കിൽ പൂരിയുടെ കൂടെ, അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കുക. ചോറിന്റെ കൂടെയാവുമ്പോൾ കുറച്ച് വെള്ളം ഉണ്ടായാലും കുഴപ്പമില്ല.

Tuesday, December 07, 2010

മധുരക്കിഴങ്ങ് പുഴുക്ക്

മധുരക്കിഴങ്ങ് ഇഷ്ടമാ‍ണോ? എന്നാൽ‌പ്പിന്നെ മധുരക്കിഴങ്ങുകൊണ്ടൊരു പുഴുക്ക് ആയിക്കോട്ടെ. സാധാരണ പുഴുക്കുകളിൽ കുറച്ചു വെള്ളമുണ്ടാകും. ഇതിൽ വെള്ളം ചേർത്തിട്ടില്ല. ചേർക്കാത്തതാണ് നല്ലത്. ദോശയ്ക്കൊപ്പം കഴിക്കാൻ നല്ലൊരു വിഭവമാണിത്.

ഇതിനു വേണ്ടത്, മധുരക്കിഴങ്ങ്, തേങ്ങ ചിരവിയത്, ഉപ്പ്, മഞ്ഞൾപ്പൊടി, പച്ചമുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, കടുക്, ചുവന്ന മുളക്, വെളിച്ചെണ്ണ, ചെറിയ ഉള്ളി എന്നിവയാണ്.




അഞ്ചോ ആറോ മധുരക്കിഴങ്ങ് കഴുകി വേവിക്കുക. വെന്ത് അലിഞ്ഞുപോകരുത്. തണുത്താൽ തോലുകളയുക. കഷണങ്ങളാക്കുക.

നാലു ടേബിൾസ്പൂൺ തേങ്ങ മൂന്നു പച്ചമുളകും ചേർത്ത് ഒന്ന് ചതച്ചെടുക്കുക. വെള്ളം ചേർക്കരുത്.

കുറച്ച് ചെറിയ ഉള്ളി, തോലുകളഞ്ഞ് ചെറുതായി അരിയുക.

പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക. ഉഴുന്നുപരിപ്പ് ഇടുക. ചുവക്കുമ്പോഴേക്കും കടുകും, രണ്ട് ചുവന്ന മുളക് പൊട്ടിച്ചതും ഇടുക. കടുക് പൊട്ടിത്തെറിച്ചാൽ, കറിവേപ്പില ഇടുക. കുഞ്ഞുള്ളി അരിഞ്ഞത് ഇടണം. അതു ചുവന്നാൽ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിഇടുക. അതിലേക്ക് വേവിച്ച മധുരക്കിഴങ്ങും, ആവശ്യത്തിനുപ്പും ഇടുക. ഇളക്കിയോജിപ്പിച്ച്, അതിലേക്ക് ചതച്ച തേങ്ങ ചേർക്കുക. നന്നായി യോജിപ്പിക്കുക. അഞ്ചുമിനുട്ട് അടച്ചുവെച്ച് വാങ്ങിവയ്ക്കുക.



എരിവ് വേണ്ടെങ്കിൽ പച്ചമുളക് ചേർക്കണ്ട. തേങ്ങ ചതയ്ക്കുമ്പോൾ കുറച്ച് ജീരകം ചേർക്കാം. ഇഷ്ടമാണെങ്കിൽ.




ദോശയ്ക്കൊപ്പം കഴിക്കാം.

Wednesday, December 01, 2010

കപ്പപ്പുട്ട്

കപ്പയെന്നു കേൾക്കുമ്പോൾത്തന്നെ സന്തോഷം തോന്നുന്നവരുണ്ട്. കപ്പ കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങളേറെ. വെറുതെ വേവിച്ച് തിന്നാനും കഴിയും. കപ്പ, പൂള, കിഴങ്ങ്, ഇങ്ങനെ കുറേ പേരുകളുമുണ്ട് കപ്പയ്ക്ക്. കപ്പ കൊണ്ട് പുട്ടുണ്ടാക്കിയാലോ? കപ്പപ്പൊടി, കടയിൽ കിട്ടും. പണ്ടൊക്കെ കപ്പ ഉണക്കിപ്പൊടിച്ചൊക്കെയാണ് പുട്ടുണ്ടാക്കിയിരുന്നതത്രേ. ഇപ്പോ, പൊടി വാങ്ങുന്നവർക്ക് എളുപ്പം കഴിയും.

ഈ പുട്ടുണ്ടാക്കാൻ, കപ്പപ്പൊടി, അരിപ്പൊടി, ഉപ്പ്, വെള്ളം, ചിരവിയ തേങ്ങ, പുട്ടുകുറ്റി എന്നിവ മതി.




കപ്പപ്പൊടിയും പുട്ടിനുണ്ടാക്കിയ, വെള്ളത്തിലിട്ട്, ഉണക്കി, പൊടിച്ച് വറുത്ത അരിപ്പൊടിയും സമാസമം എടുക്കുക.
അതിനാവശ്യമായ ഉപ്പ്, കുറച്ചു വെള്ളത്തിൽ അലിയിച്ച്, ആ വെള്ളം കൂട്ടി പൊടികൾ ഒരുമിച്ച് കുഴയ്ക്കുക. കട്ടയൊന്നും ഇല്ലാതെ കുഴയ്ക്കുക. കുഴച്ചശേഷം ഒന്ന് മിക്സിപ്പാത്രത്തിലിട്ട് മിക്സിയിൽ ഒന്നു തിരിച്ചാൽ കട്ടയൊക്കെ ഉണ്ടെങ്കിൽ പോകും.



കുറച്ച് തേങ്ങയും അതിലിട്ട് കുഴയ്ക്കുക. തേങ്ങ ആദ്യം ഇട്ടതുകൊണ്ട് ഞാൻ മിക്സിയിൽ തിരിച്ചില്ല.




പുട്ടുകുറ്റിയെടുത്ത്, അതിൽ ചില്ലിട്ട്, തേങ്ങയിട്ട്, പൊടിയിട്ട്, പിന്നേം തേങ്ങയിട്ട്, അടച്ച് ആവിയിൽ വേവിക്കുക.




വെന്ത് വാങ്ങിയിട്ട് അല്പം വെച്ചിട്ട്, പുട്ട് പാത്രത്തിലേക്കിടുക. എന്നാൽ കഷണങ്ങളായിപ്പോവില്ല.




കപ്പപ്പുട്ട് എളുപ്പത്തിൽ തയ്യാറായില്ലേ?



പുട്ടിനു കടലക്കറി എന്നാണു പറയുകയെങ്കിലും, വേറെ കറിയുണ്ടാക്കിയും കഴിക്കാം. പഴവും പഞ്ചസാരയും കൂട്ടിയും കഴിക്കാം.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]