Friday, April 24, 2009

പുളിച്ചോറ്

നിങ്ങൾ തിരക്കിലാകുന്ന സമയം. ഒരുപാട് വിഭവങ്ങളൊന്നും ഉണ്ടാക്കാൻ സമയമില്ല. അല്ലെങ്കിൽ ഒരു കൂട്ടാൻ വയ്ക്കാൻ പോലും സമയമില്ല. അപ്പോ ഈ പുളിച്ചോറ് ഉണ്ടാക്കാം. അല്ലെങ്കിൽ, ചോറ് വെച്ചതുണ്ട്. അതിഥികൾ ആരെങ്കിലും പെട്ടെന്ന് വന്നു. വെറും ചോറ് കൊടുക്കുന്നത് മോശമല്ലേ? അപ്പോ സൂത്രത്തിൽ ഈ ചോറുണ്ടാക്കി വിളമ്പാം.

പുളിച്ചോറിന്റെ പൊടി വാങ്ങാറുണ്ട്. ടമറിൻഡ് റൈസ് പൗഡർ എന്നും പറഞ്ഞ് കിട്ടും. പക്ഷേ, അതില്ലാത്ത ഒരുദിവസം അതില്ലാതെ സ്വന്തമായിട്ട് ഒന്നു തട്ടിക്കൂട്ടാംന്നു കരുതി. ഒന്നുമില്ല. തക്കാളിച്ചോറ്, തൈർസാദം ഒക്കെ ഉണ്ടാക്കുന്നതുപോലെ എളുപ്പത്തിൽ ഒന്നാണ് ഈ പുളിസാദവും.

ഒരു കപ്പ് പച്ചരി. ഇനി പുഴുങ്ങലരിയേ ഉള്ളൂ/ഇഷ്ടമുള്ളൂന്ന് വെച്ചാൽ അതും ആവാം. കഴുകിവയ്ക്കുക.
നിലക്കടല - അര ടേബിൾസ്പൂൺ
കടലപ്പരിപ്പ് - ഒരു ടീസ്പൂൺ
ഉഴുന്ന് - ഒരു ടീസ്പൂൺ
ചുവന്ന മുളക് - രണ്ട് (കഷണങ്ങളായി മുറിക്കുക)
കടുക് - അര ടീസ്പൂൺ
ജീരകം - കാൽ ടീസ്പൂൺ
മല്ലിപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - കാൽ ടീസ്പൂണിലും കുറവ്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണിലും കുറവ്.
പുളി - നെല്ലിക്കാവലുപ്പം. വെള്ളത്തിലിട്ട് കുതിരുമ്പോൾ പുളി പിഴിഞ്ഞ് വെള്ളം മാത്രം എടുക്കണം
ഉപ്പ് - ആവശ്യത്തിന്.
കായം - പൊടി - ലേശം.
എണ്ണ - സൂര്യകാന്തിയെണ്ണയാണ് ഞാനുപയോഗിച്ചത്.
കറിവെപ്പില - കുറച്ച്.
പരിപ്പുകളും, നിലക്കടലയുമൊന്നും ചോറ് തിന്നുമ്പോൾ വല്യ ഇഷ്ടമല്ലെങ്കിൽ കുറയ്ക്കാം. ഇല്ലാതിരിക്കരുത്. അത്രേ ഉള്ളൂ.
എണ്ണ ചൂടാക്കി, ആദ്യം ഉഴുന്നുപരിപ്പ്, അതു ചൂടാവുമ്പോൾ, കടുകും മുളകും, അതും പൊട്ടിക്കഴിയുമ്പോൾ ജീരകം, അതു ചൂടാവുമ്പോഴേക്കും നിലക്കടല, കറിവേപ്പില, അതും ചൂടായാൽ, മല്ലി, മുളക്, കായം, മഞ്ഞൾപ്പൊടികൾ, അതൊന്ന് ചൂടായാൽ, പുളിവെള്ളം. ഒക്കെയൊന്ന് യോജിച്ചാൽ, അരി വേവാൻ മാത്രം വേണ്ട വെള്ളവും ഉപ്പും. വെള്ളം തിളച്ചാൽ, കഴുകിവെച്ച അരിയെടുത്തിട്ട് ഇളക്കുക.
വെന്താൽ ആയി. ഒക്കെ തീ കുറച്ച് വെച്ച് ചെയ്യുക.പപ്പടവും, കൊണ്ടാട്ടമുളകും, കൊണ്ടാട്ടങ്ങളും കൂട്ടിക്കഴിക്കാം. പുളി ആയതുകൊണ്ട്, പുളിയില്ലാത്ത മോരുണ്ടെങ്കിൽ കൂട്ടിക്കഴിക്കാം.

ഇനി നിങ്ങൾക്ക് ഇങ്ങനെ ചോറു വേവേണ്ടെങ്കിൽ, വേറെ വേറെ നിൽക്കണമെങ്കിൽ, അരി ഉപ്പുമിട്ട് വേവിച്ചുവയ്ക്കുക. ഒക്കെ വറത്തിട്ട് കഴിയുമ്പോൾ അതിലേക്ക് ചോറിട്ടിളക്കുക.

ഒക്കെയൊന്ന് പരീക്ഷിച്ചിട്ട്, പിന്നീട് കൂട്ടലും കിഴിക്കലും നടത്തുക. കാരണം, മുളകും മല്ലിയും ഉപ്പുമൊന്നും എല്ലാവർക്കും ഒരേപോലെയാവില്ല അളവ്. അതൊക്കെ ഇടണം എന്നു പറയാൻ മാത്രമേ ആവൂ.

7 comments:

അനിലന്‍ said...

ഇതല്ലേ പുളിയോദര എന്നോ മറ്റോ പേരുള്ള സംഭവം?
ഇവിടെ പൊടികിട്ടും
ആദ്യമായി പരീക്ഷിക്കാന്‍ പോകുന്നു

smitha adharsh said...

ഇത് കലക്കി...പുതിയ ഐറ്റം ആണ് ഇത് എനിക്ക്..

സു | Su said...

അനിലൻ :) പുളിയോഗര, പുളിയോദര എന്നൊക്കെ കേട്ടിട്ടുണ്ട്. പൊടിയുണ്ടെങ്കിൽ, അത് എണ്ണയിൽ ഇട്ട് ഉപ്പും ഇട്ട് ചോറിട്ടിളക്കിയാൽ മതി. എല്ലാർക്കും ഇഷ്ടപ്പെടില്ലെന്ന് അനുഭവം.

സ്മിത :) സൗകര്യം കിട്ടുമ്പോൾ പരീക്ഷിക്കൂ. ഇഷ്ടപ്പെടുമോന്ന് നോക്കാലോ.

മേരിക്കുട്ടി(Marykutty) said...

വായില്‍ നിന്ന് വെള്ളം വരുന്നേ...

സു | Su said...

മേരിക്കുട്ടീ :) കഴിച്ചിട്ടുണ്ടാവും അല്ലേ?

ശ്രീ said...

ഇതു കഴിച്ചിട്ടില്ല. ലെമണ്‍ റൈസ് കഴിച്ചിട്ടുണ്ട്. ഇനി എന്നെങ്കിലും ഇതുമൊന്ന് നോക്കണം.

സു | Su said...

ശ്രീ :) പൊടി വാങ്ങിയാൽ എളുപ്പമാണ്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]