Tuesday, January 08, 2008

മുളപ്പിച്ചതുകൊണ്ടൊരു കറി

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. മുളപ്പിച്ച് പച്ചയ്ക്ക് തിന്നുകയോ, വേവിച്ചു തിന്നുകയോ ആവാം. ചെറുപയര്‍ മുളപ്പിച്ച് പച്ചയ്ക്ക് തിന്നുന്നതാണ് നല്ലത്.

കൂടുതല്‍ വിവരം വിക്കിയില്‍ നിന്ന് സമ്പാദിക്കൂ.

ഇത് മുളപ്പിച്ച പയര്‍, കടല എന്നിവയൊക്കെയിട്ടിട്ടുള്ള ഒരു കറിയാണ്.

ചെറുപയര്‍ - 2 ടേബിള്‍സ്പൂണ്‍

ഗ്രീന്‍പീസ് - രണ്ട് ടേബിള്‍സ്പൂണ്‍

കടല - രണ്ട് ടേബിള്‍സ്പൂണ്‍

വെള്ളക്കടല/ ചന - രണ്ട് ടേബിള്‍സ്പൂണ്‍.

ഒക്കെ രാവിലെ നേരത്തെ വെള്ളത്തില്‍ വേറെവേറെയായി ഇട്ടുവയ്ക്കുക. ഒന്നിച്ചിട്ടാലും കുഴപ്പമൊന്നുമില്ല. മുങ്ങിക്കിടക്കാന്‍ വെള്ളം വേണം. ആദ്യം കഴുകിവൃത്തിയാക്കി വെള്ളത്തിലിടുന്നതാവും നല്ലത്. എട്ടുപത്തുമണിക്കൂര്‍ വെള്ളത്തില്‍ കിടക്കട്ടെ. അതുകഴിഞ്ഞ് വെള്ളം കളയുക.
ഒരു നല്ല തുണിയെടുത്ത്, (ഒരു ടൌവലോ, മുണ്ടിന്റെ കഷണമോ എന്തുമാവാം) അതിലേക്ക് ഇതൊക്കെയിട്ട് കെട്ടിപ്പൊതിഞ്ഞുവയ്ക്കുക.
അല്പം നനവ് വേണം. ഒരു പാത്രത്തില്‍ വയ്ക്കുക. ഒരു പ്ലേറ്റില്‍ അല്പം വെള്ളമൊഴിച്ച് ഇങ്ങനെ വെച്ചാലും മതി.

പിറ്റേന്ന് രാവിലെ നോക്കിയാല്‍ മുളച്ചിരിക്കും. അപ്പോത്തന്നെ കറിയൊന്നും വെക്കുന്നില്ലെങ്കില്‍ ഫ്രിഡ്ജിലേക്ക് വയ്ക്കുക.

ഞാന്‍ കറിവെച്ചത് ഇങ്ങനെ.

സവാള - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്. രണ്ട് ടേബിള്‍സ്പൂണ്‍ വീതം എടുത്ത്, മുളപ്പിച്ച പയര്‍, കടലയൊക്കെ മഞ്ഞള്‍ പാകത്തിനിട്ട് വേവിച്ചത്, (വെന്താല്‍, ആവശ്യത്തിന് ഉപ്പിട്ട് യോജിപ്പിച്ച് വയ്ക്കുക)

വെജിറ്റബിള്‍ മസാലപ്പൊടി - രണ്ട് ടീസ്പൂണ്‍

മുളകുപൊടി - കാല്‍ ടീസ്പൂണ്‍.

വെളുത്തുള്ളിയിഞ്ചിപ്പേസ്റ്റ് - കുറച്ച്.

സവാള എണ്ണയിലിട്ട് നന്നായി വേവുന്നതുവരെ വഴറ്റിയതിലേക്ക്, മുളകുപൊടി, മസാലപ്പൊടിയിട്ട്, വെളുത്തുള്ളിയിഞ്ചിപ്പേസ്റ്റ് ഇട്ട് അല്പം വെള്ളമൊഴിച്ച്, വേവിച്ചുവച്ചത് ഇട്ട് യോജിപ്പിച്ച്, കുറച്ചുനേരം, വളരെക്കുറച്ച് തീയില്‍ അടച്ചുവേവിക്കുക. വെള്ളവും, മസാലകളും യോജിക്കാനാണത്. വെള്ളം തീരെ
വേണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. വേണമെങ്കില്‍ അല്പം കഴിഞ്ഞ് വാങ്ങിവെച്ച്
മല്ലിയിലയരിഞ്ഞിടുക.


ചോറിന് ഉപ്പേരി പോലെ, കഞ്ഞിയ്ക്ക് പുഴുക്കുപോലെ, ചപ്പാത്തിയ്ക്ക് കറിപോലെ
ഒക്കെയെടുക്കാം. വെള്ളത്തിന്റേയും, മസാലയുടേയും അളവ് കഴിക്കുന്നവരുടെ ഇഷ്ടം
പോലെ. തേങ്ങയര‍ച്ചുകൂട്ടുകയോ, വേവിയ്ക്കാതെ വെറുതെ അല്പം ഉപ്പിട്ട്, ചെറുനാരങ്ങനീരൊഴിച്ച് തിന്നുകയോ എന്തുമാവാം. ഒക്കെ മുളപ്പിച്ചെടുത്ത് നിങ്ങളുടെ ഇഷ്ടം പോലെ കറിവയ്ക്കുക. ഒരു പ്രശ്നവുമില്ല. രാവിലെ വെള്ളത്തിലിടാനും രാത്രിയില്‍ വെള്ളം കളഞ്ഞ് കെട്ടിവയ്ക്കാനുമുള്ള ജോലിയേ അധികമായിട്ട് ഉള്ളൂ.

6 comments:

ശ്രീ said...

ഇതു പോലെ ആണോന്നറിയില്ല, ഇടയ്ക്ക് അമ്മ ഉണ്ടാക്കാറുണ്ട്.

:)

മന്‍സുര്‍ said...

ചേച്ചി

ഇതിന്റെ രുചി ഒന്ന്‌ വേറെ തന്നെ.....നന്ദി...തുടരുക ഈ പാച്ചക വാഗ്‌പയറ്റുകല്‍

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Satheesh said...

ഇവിടെ കടയില്‍ സ്ഥിരമായി കാണുന്ന ഒന്നാണ്‍ മുളപ്പിച്ച പയര്‍. എന്തു ചെയ്യും എന്നറിയാത്തത് കൊണ്ട് അതു വാങ്ങിച്ചിട്ടില്ല ഇതു വരെ. എന്തായാലും ഇങ്ങിനെ ഒരു പരീക്ഷണം നടത്തിനോക്കാം.

അപര്‍ണ്ണ said...

സൂച്ചി, ഇത്‌ പരീക്ഷിച്ചിട്ട്‌ തന്നെ ബാക്കി കാര്യം. എന്റെ കുറെ കൂട്ടുകാരികള്‍ക്ക്‌ ഞാന്‍ സൂച്ചിടെ കറിവേപ്പില അയച്ചു കൊടുത്തിട്ടുണ്ട്‌. എല്ലാരും cook ചെയ്തു തകര്‍ക്കട്ടെ. :)

സു | Su said...

ശ്രീ :)

മന്‍സൂര്‍ :) ഇതൊക്കെ ഉണ്ടാക്കിനോക്കിയിട്ട് രുചി പറയൂ.

സതീഷ് :) ഇനി ചെയ്തുനോക്കൂ.

അപര്‍ണ്ണ :) ബ്ലോഗ് കാണിച്ചുകൊടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷെ എന്റെ അഡ്രസ്സ് കൈയില്‍ കിട്ടിയാല്‍ കൊടുക്കരുത്. ഹിഹി.

അനിലൻ said...

മുളപ്പിച്ചു, നന്നായിരുന്നു

:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]