Monday, January 07, 2008

ബ്യൂട്ടിഫുള്‍ ബിരിയാണി

ഈ ഭൂമിയില്‍ ബിരിയാണി എന്നുപറയുന്നത് പലതരത്തില്‍ ഉണ്ട്. ഈ ബിരിയാണി,
പച്ചക്കറിബിരിയാണിയാണ്. എന്നും തിന്നാനൊന്നും പറ്റില്ലെങ്കിലും ഇടയ്ക്കൊക്കെ ബിരിയാണി വേണ്ടേ? ഇതിന്റെ പേര്‍ ഞാനിട്ടു. കാണാന്‍ മാത്രം ഗുണമുണ്ടായിട്ട് കാര്യമൊന്നുമില്ല. വായിലേക്ക് വയ്ക്കാന്‍ കൊള്ളണം. ;) ഇത് അതു രണ്ടും ആണ്. (എന്നാരു പറയണം?) അതുകൊണ്ട് അങ്ങനെയൊരു പേര്.

ഇതിനാവശ്യമുള്ളത് ഇത്രേ ഉള്ളൂ.
പച്ചപ്പീസ് അപ്പാടെ, അല്ലെങ്കില്‍ ഉണങ്ങിയ പീസ് വെള്ളത്തിലിട്ട് കുതിര്‍ത്തത്- 2
ടേബിള്‍സ്പൂണ്‍.

കാരറ്റ് - ഒന്ന് വലുത്, വളരെച്ചെറുതാക്കി നല്ല ആകൃതിയില്‍ മുറിച്ചെടുക്കുക.

ബീറ്റ്‌റൂട്ട് - ഒന്നിന്റെ അഞ്ചിലൊന്ന് തോലുകളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.

സോയ ചംഗ്സ് - 10 എണ്ണം. അല്പനേരം വെള്ളത്തിലിട്ട് പിഴിഞ്ഞ് വയ്ക്കുക.

വെളുത്തുള്ളി 5 -6 അല്ലിയും, ഇഞ്ചി ഒരു ചെറിയ കഷണവും അരച്ച് വയ്ക്കുക.

ഒരു കഷണം കറുവാപ്പട്ടയും, അഞ്ചാറ് ഗ്രാമ്പൂവും, രണ്ട് ഏലയ്ക്കായും ഒന്നിച്ച് പൊടിയാക്കിവയ്ക്കുക. അല്ലെങ്കില്‍ ബിരിയാണിമസാല ഉണ്ടെങ്കില്‍ അതും മതി.

വലിയ ഉള്ളി അഥവാ സവാള- വലുത് മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞ് വയ്ക്കുക.

അണ്ടിപ്പരിപ്പും കിസ്മിസും കുറച്ച് നെയ്യില്‍ വറുത്ത് വയ്ക്കുക.

പിന്നെ നെയ്യ്.

മല്ലിയില.

ഒരു കപ്പ്, ഒരു ഗ്ലാസ്സ് അല്ലെങ്കില്‍ ഇരുനൂറ് ഗ്രാം ബസ്മതിയരി.

അരിയെടുത്ത് കഴുകിവൃത്തിയാക്കി, ഉപ്പുമിട്ട് ചോറ് വെച്ചെടുക്കുക. ഒന്നുകില്‍ അടുപ്പത്ത് വെച്ച് വാര്‍ത്തെടുക്കുക. അല്ലെങ്കില്‍ കുക്കറിലോ മൈക്രോവേവ് അവനിലോ വെച്ച് വേവിച്ചെടുക്കുക. നിങ്ങളുടെ ഇഷ്ടം. ബസ്മതി അരി ഇല്ലെങ്കില്‍ നല്ല ചെറിയ പച്ചരി ആയാലും മതി. നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ വേറെ പച്ചക്കറികളും ഉപയോഗിക്കാം. കോളിഫ്ലവര്‍, ബീന്‍സ് തുടങ്ങിയവ.
സോയ ചംഗ്സും, പീസും വേവിച്ചെടുക്കുക.

സവാള നെയ്യൊഴിച്ച് വഴറ്റുക. പകുതി കോരിയെടുത്ത് മാറ്റിവയ്ക്കുക.

അതിലേക്ക് കാരറ്റും, ബീറ്റ്‌റൂട്ടും ഇട്ട് വഴറ്റുക. വേവുന്നതുവരെ അല്ലെങ്കില്‍ പച്ചസ്വാദ് മാറുന്നതുവരെ വഴറ്റണം. നെയ്യ് ആവശ്യമുണ്ടെങ്കില്‍ വീണ്ടും ഒഴിക്കണം. അതൊരുവിധം പാകമായി എന്നുതോന്നുമ്പോള്‍, വേവിച്ച സോയചംഗ്സും, പീസും ഇട്ട് വഴറ്റുക. ഒരു നുള്ള് മഞ്ഞള്‍പ്പൊടി ഇടുക. വെള്ളുള്ളിയിഞ്ചിപ്പേസ്റ്റ് ഇട്ട് വഴറ്റുക. വാങ്ങിയ മസാലപ്പൊടി, അല്ലെങ്കില്‍ പൊടിച്ച മസാല ഇടുക. അല്പം ഉപ്പും ഇടാം.
ഒക്കെ നന്നായി യോജിപ്പിച്ചുകഴിഞ്ഞാല്‍, ചോറിട്ട് ഇളക്കുക. ഇളക്കിയിളക്കി യോജിപ്പിച്ച് രണ്ട് മൂന്നു മിനുട്ട് അടച്ചുവേവിച്ച് വാങ്ങിവയ്ക്കുക. എന്നിട്ട് വറുത്തുവെച്ച സവാളയും,
അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുവെച്ചത് മേലെയിടുക. മല്ലിയിലയും ഇടുക.


സാലഡും, പുതിനചമ്മന്തിയും അച്ചാറും പപ്പടവും കൂട്ടിക്കഴിക്കുക.
സാലഡിന്, തക്കാളി രണ്ടെണ്ണവും, സവാള രണ്ടെണ്ണവും അരിയുക. ഉപ്പിടുക. തൈരോ മോരോ ഒഴിക്കുക. ഇളക്കുക. ഒരു പച്ചമുളക് വട്ടത്തില്‍ അരിഞ്ഞിടുക.
പുതിനച്ചമ്മന്തിയ്ക്ക് പുതിനയിലയും മല്ലിയിലയും സമം, ഉപ്പ്, പച്ചമുളക് ആവശ്യത്തിന്. എല്ലാം കൂടെ അരയ്ക്കുക. നാരങ്ങനീര് വേണമെങ്കില്‍ ചേര്‍ക്കുക.

6 comments:

ശ്രീ said...

ഹായ്... ബിരിയാണി!

കണ്ടിട്ടു തന്നെ കൊതിയാകുന്നു.

:)

vadavosky said...

ബീറ്റ്‌റൂട്ട്‌ ഒഴിവാക്കിയാല്‍ വെളുത്ത ചോറിനിടക്ക്‌ പച്ച പീസ്‌, മഞ്ഞ കാരറ്റ്‌ എങ്ങനെ പലതിന്റെയും കളര്‍ ഇഫക്റ്റ്‌ ഉണ്ടാവുമെന്നു തോന്നുന്നു.
:)

Munnas said...

ബീറ്റ്റൂട്ട് ഒഴിവാക്കാമായിരുന്നു.ഇനി എന്താ അടുത്ത ഐറ്റം......

ഉപാസന | Upasana said...

:)
ithe Thanimalayalam theenne pokkiyathaa..
chitnha pora
:)
upaasana

മന്‍സുര്‍ said...

ചേച്ചി...

ബിരിയാണി കൊള്ളാം നനായിട്ടുണ്ട്‌....
വെജിയാണ്‌ എന്ന്‌ പറഞ്ഞിട്ട്‌
ദേ എന്റെ പ്ലേറ്റിലൊരു ഗുനിയ ലെഗ്ഗ്‌
ഇതാരോ എന്നെ പറ്റിക്കാന്‍ ഇട്ടതാണ്‌.....

ബിരിയാണിക്ക്‌ തങ്ക്‌സ്സ്‌..
സോറി ചേച്ചി ബിരിയാണി തന്നതിന്‌ തങ്ക്‌സ്സ്‌

പിന്നെ പതിവു പോലെ ഉപ്പ്‌ കുറവായിരുന്നു....

ബിരായാണികളര്‍ വൈറൈറ്റിയായി....ബീട്ട്‌റൂട്ട്‌ വെജ്‌ ബി അല്ലേ

നന്‍മകള്‍ നേരുന്നു

സു | Su said...

ശ്രീ :)

വഡവോസ്കി :) ബീറ്റ്‌റൂട്ട് അല്ലേ ഇതിലെ സ്പെഷല്‍.

മുന്നാസ് :) ഐറ്റങ്ങള്‍ പതുക്കെപ്പതുക്കെ വരും.

ഉപാസന :)

മന്‍സൂര്‍ :) ഉം...ഇതില്‍ ഒരു ലെഗ് ഉം ഉണ്ടാവില്ല.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]