Friday, January 04, 2008

മൈസൂര്‍പ്പാക്ക്

മധുരമിഷ്ടമില്ലാതിരുന്ന കുട്ടിക്കാലത്തുപോലും എനിക്കിഷ്ടമുണ്ടായിരുന്ന ഒരു മധുരമായിരുന്നു മൈസൂര്‍പ്പാക്ക്. ഇന്നും എന്തെങ്കിലും ആഘോഷാവസരങ്ങളില്‍ ഞാന്‍ പറയും, മൈസൂര്‍പ്പാക്ക് വാങ്ങണ്ടേ എന്ന്. ഇടയ്ക്കൊക്കെ ഏതെങ്കിലും കല്യാണത്തിന് മൈസൂര്‍പ്പാക്ക് ഉണ്ടാക്കിയിരുന്നു. അതൊക്കെ ഉണ്ടാക്കുന്നത് നോക്കിനില്‍ക്കും. ഇപ്പോ എല്ലാം റെഡിമെയ്ഡ് ആയതുകൊണ്ട് ആര്‍ക്കും അതിലൊന്നും താല്പര്യമില്ല. പുതുവര്‍ഷം വന്നപ്പോള്‍ ഞാന്‍ വിചാരിച്ചു മൈസൂര്‍പ്പാക്ക് ആയ്ക്കോട്ടെ എന്ന്. വെറുതേയിരുന്നു
തിന്നാന്‍ മനസ്സില്ലാത്തതുകൊണ്ടും ആദ്യത്തെത്തവണ സ്വന്തമായി ഉണ്ടാക്കുന്നതുകൊണ്ടും
വളരെക്കുറഞ്ഞ അളവില്‍ ഉണ്ടാക്കാമെന്നുവെച്ചു. പുതുവര്‍ഷത്തില്‍ത്തന്നെ പരീക്ഷണം നടത്തി അസുഖം ആവരുതല്ലോ. ;)

കടലപ്പൊടി അഥവാ കടലമാവ്,
അതിന്റെ ഇരട്ടി പഞ്ചസാര,
പൊടിയുടെ പകുതി നെയ്യ്,
ഏലയ്ക്കാപ്പൊടി കുറച്ച്.

കടലപ്പൊടി ആദ്യം നന്നായി വറുക്കുക. കരിഞ്ഞുപോകരുത്. കടലപ്പൊടി അഥവാ കടലമാവ്, അഥവാ ബേസന്‍ എടുക്കുന്നതിന്റെ ഇരട്ടി അളവില്‍ പഞ്ചസാര എടുക്കുക. കുറച്ച് ഏലയ്ക്കാ പൊടിച്ചെടുക്കുക. രണ്ട് കപ്പ് കടലമാവ് ആണെങ്കില്‍ ഒരു കപ്പ് നെയ്യും എടുക്കുക. ചേര്‍ക്കുമ്പോള്‍, അത് അധികം വെള്ളം പോലെയാവുമ്പോള്‍ നിര്‍ത്തുക. മുഴുവന്‍ വേണ്ടിവരില്ല. പഞ്ചസാരയില്‍ അല്പം വെള്ളമൊഴിച്ച് അടുപ്പത്ത് വെച്ച് പാനി തയ്യാറാക്കുക.


പാനി കുറുകി മുറുകി വരുമ്പോള്‍, നെയ്യും കടലപ്പൊടിയും ചേര്‍ത്ത് ഇളക്കുക. ഏലയ്ക്കാപ്പൊടിയും ഇടുക. പാത്രത്തിന്റെ സൈഡില്‍ നിന്ന് വിട്ടുപോരുന്നതുവരെ ഇളക്കുക. അതുകഴിയുമ്പോള്‍ ഉടനെതന്നെ ഒരു പ്ലേറ്റില്‍ നെയ് പുരട്ടി അതിലേക്കിട്ട് മുറിച്ച് വയ്ക്കുക.

അടുപ്പത്തുനിന്നു വാങ്ങിയിട്ട് വെറുതെ വയ്ക്കരുത്. ഉടനെതന്നെ പരത്തി മുറിക്കാന്‍ കഷണത്തിനുള്ള അടയാളം കത്തികൊണ്ട് ഇടേണം. തണുക്കുമ്പോള്‍ കഷണം വേറെ വേറെ ആയിട്ട് എടുക്കാം.
ചൂട് വിട്ടാല്‍ ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്താലും കുഴപ്പമില്ല. നെയ്യ് അധികമായാല്‍ കഷണം കഷണമായി കിട്ടില്ല. ഞാന്‍ പ്ലേറ്റില്‍ വെച്ച് നിരത്തി മുറിച്ചതുകൊണ്ടാണ് ചെറിയ കഷണമായത്. നല്ലപോലെ പ്രസ്സ് ചെയ്യാന്‍ പറ്റുമെങ്കില്‍ നല്ലത്. കടയില്‍ കിട്ടുന്നതുപോലെ കിട്ടാന്‍ വല്യ ട്രേയില്‍ വെച്ച് നിരത്തി മുറിച്ചെടുക്കണം. ഞാന്‍ കുറച്ച് പഞ്ചസാര മേമ്പൊടിയായിട്ട് തൂവിയിട്ടുണ്ട്. അതൊന്നും നിങ്ങള്‍ ചെയ്യരുത്. ;)

6 comments:

രാജന്‍ വെങ്ങര said...

ഇപ്പാക്കാക്കീട്ടെന്നെ കാര്യം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എനിക്കേറ്റവും ഇഷ്ടപ്പെട്ടതാ ഇത്‌.

ഉണ്ടക്കീട്ടു തന്നെ കാര്യം

ചേച്ചീ, നന്ദീ ട്ടൊ

Satheesh :: സതീഷ് said...

പണ്ട് വളരെ ഇഷ്ടമുണ്ടായിരുന്ന ഒരു സാധനമായിരുന്നു ഇത്! ഇടക്കെപ്പഴോ മടുത്തു! എന്തായാലും ഇനി ഒന്നു ട്രൈ ചെയ്ത് നോക്കിയിട്ട് പറയാം ഇഷ്ടമായോ എന്ന്..! :)

ശ്രീ said...

:)

അപര്‍ണ്ണ said...

എന്റെ favourite ആണ്‌ ഇത്‌. എന്താ സൂച്ചീടെ പാക്കിനു കടേലെ അത്ര ഭംഗി ഇല്ലാത്തെ? അത്‌ മുറിക്കുന്നതിന്റെ വ്യത്യാസം ആണൊ?

സു | Su said...

രാജന്‍ :) പരീക്ഷിക്കൂ.

പ്രിയ :) ഉണ്ടാക്കൂ.

സതീഷ് :) ശ്രമിക്കൂ.

ശ്രീ :)

അപര്‍ണ്ണ :) അതൊരു വല്യ കഥയാണ്. ചുരുക്കിപ്പറയാം. ഇവിടേ കടയിലെപ്പോലെ വല്യ ട്രേ ഇല്ല. അടുപ്പത്തുനിന്ന് വാങ്ങിയിട്ട് ആദ്യം ഒരു പ്ലേറ്റിലിട്ടു. അത് നിരത്തിയപ്പോ എനിക്കു ബോധിച്ചില്ല. വേറൊന്നിലിട്ടു. അപ്പോഴേക്കും ഇത് തണുത്തിരുന്നു. പിന്നെ ഞാന്‍ കുറച്ച് പഞ്ചസാര ഇട്ടിരുന്നു. അവസാനം. ഒക്കെക്കൂടെ ഇങ്ങനെ ആയി. കടയില്‍പ്പിന്നെ ഭംഗിയില്ലെങ്കില്‍ ആരെങ്കിലും വാങ്ങുമോ? വീട്ടിലാവുമ്പോള്‍ തിന്നാല്‍ മതിയല്ലോ. ;)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]