Thursday, January 10, 2008

വഴുതനങ്ങക്കറി

വഴുതനങ്ങക്കറി എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നാണ്. ഈ ഉണ്ടവഴുതനങ്ങ കിട്ടിയില്ലെങ്കില്‍ മറ്റുള്ള വഴുതനങ്ങ ഉപയോഗിച്ചും കറി വയ്ക്കാം. പണ്ടും ഇപ്പോഴും വീട്ടില്‍ ഇടയ്ക്കൊക്കെക്കാണും വഴുതനങ്ങ പറിച്ചെടുക്കാന്‍ ഓരോന്നെങ്കിലും. ചിലപ്പോള്‍ പച്ച. ചിലപ്പോള്‍ വയലറ്റ്. ഇത് വാങ്ങിക്കൊണ്ടുവന്നതാണ്.

ഉണ്ടവഴുതനങ്ങ.
കൊട്ടത്തേങ്ങ
വെളുത്തുള്ളി
മല്ലിയില
ജീരകം
മുളക്, മഞ്ഞള്‍ പൊടികള്‍
കടലമാവ്/കടലപ്പൊടി
പുളി
ഉപ്പ്
എണ്ണ വറവിടാന്‍ ആവശ്യത്തിന്.
ശര്‍ക്കര


ഉണ്ടവഴുതനങ്ങ - അഞ്ചെണ്ണം എടുത്ത് കഴുകി, നാലാക്കി ചീന്തുക. വിട്ടുപോകരുത്. നല്ലതാണോയെന്ന് നോക്കുക.
ഒരു ചെറിയ കഷണം, കൊട്ടത്തേങ്ങയും, അഞ്ചാറ് അല്ലി വെളുത്തുള്ളിയും, അല്പം മല്ലിയിലയും, അര ടീസ്പൂണ്‍ ജീരകവും നന്നായി, ചതച്ച്, അല്ലെങ്കില്‍ അരച്ചെടുക്കുക.
ഒരു ചെറുനാരങ്ങവലുപ്പത്തില്‍ പുളി വെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കുക. പുളിവെള്ളം.
പാത്രം ചൂടാക്കി, ഉഴുന്നുപരിപ്പ്, കടുക്, കറിവേപ്പില എന്നിവ മൊരിച്ച്, അരച്ചുചതച്ചുവെച്ചത് ഇട്ട്, പുളിവെള്ളം ഒഴിച്ച്, അല്പം മഞ്ഞള്‍പ്പൊടിയും, അരടീസ്പൂണ്‍ മുളകുപൊടിയും ഇടുക. ഒരു ടേബിള്‍സ്പൂണ്‍ കടലപ്പൊടിയിടുക. ഉപ്പ് ഇടുക. മുറിച്ച് വെച്ച വഴുതനങ്ങ ഇടുക. ഒരു നെല്ലിക്ക വലുപ്പത്തില്‍ ശര്‍ക്കര ഇടുക. പുളിവെള്ളം പോരെങ്കില്‍, വേവാനായിട്ട് അല്പം പച്ചവെള്ളം കൂടെ ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. കുറച്ച് കുറുകിവന്നാല്‍ വാങ്ങിവയ്ക്കുക.
ചപ്പാത്തിക്കൊപ്പം കൂടുതല്‍ നന്നായിരിക്കും. നന്നായി കുറുക്കിയെടുത്താല്‍ മതി. വെള്ളമില്ലാതെ. പുളിവെള്ളം മാത്രം മതി വേവാന്‍ എന്നുവെച്ചാല്‍ മതി. തീ കുറച്ച് അടച്ചുവെച്ച് വേവിക്കുക.

6 comments:

ആഷ | Asha said...

ഇങ്ങനെ ഇതുവരെ വെച്ചിട്ടില്ല. മസാല ബേഗണുമായി വ്യത്യാസവുമുണ്ടല്ലോ.ഇത് ഉണ്ടാക്കി നോക്കണം.

സാരംഗി said...

വഴുതനങ്ങയും ബാക്കിയുള്ള ചേരുവകളും അടുക്കളേല്‍ ഉണ്ട്. പച്ചത്തേങ്ങ മതിയാകുമൊ? ഉണ്ടാക്കി നോക്കട്ടെ..

മന്‍സുര്‍ said...

ചേച്ചി...

വഴുതനങ്ങ കറി...ഹായ്‌
വായില്‍ വാട്ടര്‍ കവിഞ്ഞൊഴുക്കുന്നു
ഉമ്മ പണ്ട്‌ ഉണ്ടാക്കി തന്നിരുന്നു

ഇത്‌ വായിച്ചപ്പോല്‍ മനസ്സറിയാതെ
ഉമ്മയേ ഓര്‍ത്തു ഒരു നിമിഷം

നന്ദി

നന്‍മകള്‍ നേരുന്നു

ശ്രീ said...

ഓ... വഴുതനങ്ങ കൊണ്ട് ഇങ്ങനേം ഒരു കറി ഉണ്ടാക്കാമല്ലേ...

കഴിച്ചിട്ടില്ല :(

krish | കൃഷ് said...

പണ്ട് സാമ്പാറിലെ വഴുതിനങ്ങ വലിയ ഇഷ്ടമായിരുന്നു. ഇപ്പോള്‍ വളരെ കുറച്ചെ കഴിക്കാറുള്ളൂ. എല്ലാ ഡോക്ടര്‍മാരും പറയുന്നു, അലര്‍ജി ഉണ്ടാകുന്നതിന്റെ മുഖ്യ കാരണം‍ വഴുതിനങ്ങ കഴിക്കുന്നതുകൊണ്ടാണെന്ന്.

പിന്നെ ചിത്രത്തില്‍ കാണിച്ചതുപോലെയുള്ള ചെറിയ ഉണ്ട വഴുതിനങ്ങ ഇവിടെ കിട്ടാറില്ല. കിട്ടുന്നത് അര കിലോയേക്കാള്‍ ഭാരമുള്ള കടും വയലറ്റ് നിറമുള്ള ഉണ്ട വഴുതിനങ്ങയോ അല്ലെങ്കില്‍ നീളമുള്ള വഴുതിനങ്ങയോ ആണ്.
ഇതെല്ലാം ഒന്ന് രണ്ട് ദിവസം വെച്ചാല്‍ പെട്ടെന്ന് ചീത്തയായി പോകും.

സു | Su said...

ആഷ :) ഉണ്ടാക്കിനോക്കിയിട്ട് പറയൂ.

സാരംഗി :) ഉണ്ടാക്കിയോ?

മന്‍സൂര്‍ :)

കൃഷ് ജീ :) അതു ഒന്നു വാങ്ങൂ. എന്നിട്ട് അന്നുതന്നെ കറിവയ്ക്കൂ. അലര്‍ജിയാണെങ്കില്‍ വേണ്ട.

ശ്രീ :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]