Monday, December 11, 2006

സ്വീറ്റ് സമോസ
ഇതെന്റെ സ്വന്തമായിട്ടുള്ള പരീക്ഷണം ആണ്. പാരമ്പര്യമായി കിട്ടിയ പാചകക്കുറിപ്പുകളോ, കൂട്ടുകാരുടെ അടുത്ത് നിന്ന് കിട്ടിയതോ, വേറെ എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ല. എന്റെ ഈ പരീക്ഷണം വിജയിച്ചു എന്ന് പറയാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അതിനാല്‍ ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ തുടരാനും, നന്നായാല്‍ ബ്ലോഗില്‍ ഇടാനും സാധ്യതയുണ്ട്.

പരീക്ഷിക്കുന്നവര്‍ സ്വന്തം റിസ്കില്‍ പരീക്ഷിക്കുക.

മൈദ - ഒരു കപ്പ് (100-150 ഗ്രാം വേണ്ടിവരും)

മധുരക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കിയത് - 2 (പുഴുങ്ങുക. കുഴഞ്ഞുപോവാതെ കഷണങ്ങള്‍ ആക്കാന്‍ പറ്റണം)

ഗ്രീന്‍പീസ് - 4 ടേബിള്‍‌സ്പൂണ്‍. (ഗ്രീന്‍പീസ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം വേവിച്ചെടുക്കുക)

പച്ചമുളക് ചെറുതായി അരിഞ്ഞത് - 4 എണ്ണം (എരിവ് അധികം വേണ്ടെങ്കില്‍ കുറയ്ക്കാം)

സവാള പൊടിയായി അരിഞ്ഞത് - 2 എണ്ണം

കാരറ്റ് ചെറുതായി അരിഞ്ഞത് - 1 വലുത്.

മല്ലിയിലയും, കറിവേപ്പിലയും ചെറുതായി അരിഞ്ഞത് കുറച്ച്.


മൈദ ആദ്യം തന്നെ കുറച്ച് ഉപ്പും, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും, കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത്, വെള്ളം ചേര്‍ത്ത് ചപ്പാത്തിമാവിന്റെ അയവില്‍, അതിലും കുറച്ചുകൂടെ കട്ടി ആയി, യോജിപ്പിച്ച് വയ്ക്കുക.

കുറച്ച് പാചകയെണ്ണയെടുത്ത് (ഞാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിച്ചത്) സവാളയും, കാരറ്റും, പച്ചമുളകും ഒരുമിച്ച് വഴറ്റുക.

കറിവേപ്പിലയും, മല്ലിയിലയും ഇട്ട് ഒന്നുകൂടെ യോജിപ്പിക്കുക.

ഉപ്പിട്ടശേഷം, ഗ്രീന്‍പീസ് വേവിച്ചതും, മധുരക്കിഴങ്ങ് വേവിച്ചതും ചേര്‍ക്കുക.

നന്നായി യോജിപ്പിച്ച് അടച്ച് വെച്ച് രണ്ട് മിനുട്ട് വെച്ച് വാങ്ങുക.

അടപ്പ് നീക്കി വയ്ക്കുക. അല്ലെങ്കില്‍ വെള്ളം ആവും.മൈദ ചെറിയ ഉരുളകള്‍ ആക്കി പരത്തിയെടുക്കുക. നടുവേ മുറിയ്ക്കുക.

ഓരോന്നിന്റേയും നടുവില്‍ കൂട്ട് വെച്ച് ത്രികോണാകൃതിയില്‍ മടക്കുക. എല്ലാ വശങ്ങളും യോജിപ്പിക്കുക. നന്നായി എണ്ണയിലിട്ട് വറുത്തെടുക്കുക. അഥവാ മൈദയോ കൂട്ടോ ബാക്കി വന്നാല്‍, അടുത്ത വി‍ഭവം കണ്ടുപിടിക്കുക. ;)

18 comments:

ബിന്ദു said...

തനിയെ ഉള്ള പരീക്ഷണം ആണെങ്കില്‍ എനിക്കാദ്യം ചേട്ടനോടൊന്നു ചോദിക്കണം.:)
പരീക്ഷിക്കണം. ഇനിയും ഇതു പോലെ പരീക്ഷണങ്ങള്‍ ആവാം.

സു | Su said...

ബിന്ദൂ :) പരീക്ഷണം ഫോട്ടോ ഉണ്ടെങ്കില്‍ മാത്രമേ ഇടൂ എന്ന് വെച്ചിട്ടാണ്. ചേട്ടന് വല്യ ഇഷ്ടം ആയി. ഇത്. ക്യാം ഞങ്ങളുടേതല്ല. പരീക്ഷിക്കൂ. നന്ദി.

പാര്‍വതി said...

കൊള്ളാല്ലോ സൂ, അഭിനന്ദനങ്ങള്‍..

-പാര്‍വതി.

rp said...

നന്നായിരിക്കുന്നു.
സ്വീറ്റ് സമോസാന്ന് പറഞ്ഞപ്പോ തേങ്ങയും ശര്‍ക്കരയുമൊക്കെ വെച്ച ഒരു ഫില്ലിങ് ആയിരിക്കുമെന്ന് വിചാരിച്ചു. ഇതൊരു പുതിയ തരം ഫില്ലിങ്ങാണല്ലോ. പരീക്ഷിച്ച് നോക്കണം. ഇനിയും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തൂ

സു | Su said...

ആര്‍ പീ :) നന്ദി. അവിടെ കിട്ടും അല്ലേ? മധുരക്കിഴങ്ങ്?

Reshma said...

അടുക്കളയിലേക്കുള്ള ഒരോ പ്രലോഭനങ്ങളേ!
മധുരക്കിഴ്ങ്ങും, മുളകും, ഉള്ളിയും കൂടെ ചേര്‍ന്നൊരു സ്വീറ്റ്-ഹോട്ട് സംഭവാരിക്കും ല്ലേ? വായിച്ചിട്ടും, കണ്ടിട്ടും (മോണിട്ടരില്‍ തൊട്ട് നോക്കീട്ടും) ഇത് ട്രൈ മാടിയേ തീരൂ.rp പറഞ്ഞ പോലെ തീങ്ങ/പരിപ്പ് ഒക്കെ നിറച്ച പല്ലടാന്ന് വിളിക്കുന്ന മധുര അടയാ എനിക്കാദ്യം ഓടിയത്, ഇത് പുത്തന്‍.

ഇവിടെ നല്ല പൊടിപൊടിയായി വെന്തു വരുന്ന മധുരക്കിഴങ്ങ് കിട്ടും ട്ടോ.

അതുല്യ said...

ഇങ്ങനെ പടം ഒന്നും ഇടല്ലെ എന്റെ സൂവേ.. കിട്ടിയാ ഇപ്പോ...പക്ഷെ മധുരകിഴങ്ങ്‌ !! ഒന്നാലോചിയ്കണം... എനിക്ക്‌ മധുരം ഇഷ്ടല്ലാ.. ഉ:കിഴങ്ങും നോ നോ... അപ്പോ കപ്പ ഒരു കൈ നോക്കീയാലോ?

പടം ഇട്ടത്‌ നന്നായി സൂ. ഇവിടെയൊക്കെ കടകളില്‍ സമോസ മേയ്കിംഗ്‌ ഷീറ്റ്‌ കിട്ടും. ഒരു ഇഫ്താര്‍ കാലത്താണു ഞാന്‍ അത്‌ കണ്ടത്‌. അത്‌ കൊണ്ട്‌ സമൂസ ഉണ്ടാക്കാന്‍ ഒട്ടും പാടില്ല. (ബാക്കി വന്ന അവിയലോ മെഴുക്കു വരട്ടിയോ തോരനോ ഒക്കെ പിറ്റേ ദിവസം വിരുന്ന് വരുന്നവരുടെ ഗതി കേടായി മാറാറാറുണ്ട്‌.. ഈ സമൂസാ ഷീറ്റ്‌ കാരണം, പുളിയിഞ്ചി/ഉള്ളി ചമന്തി ഒക്കെ സ്പ്രെഡ്‌ ചെയ്തും സമൂസ ഉണ്ടാക്കാറുണ്ട്‌ ഞാന്‍.)

സു | Su said...

പാര്‍വതി :) നന്ദി.

രേഷ് :) നന്ദി. നാട്ടിലേക്കില്ലല്ലോ ഇപ്പോഴെങ്ങും? ;)

അതുല്യേച്ചീ :) ക്യാമറ തല്‍ക്കാലത്തേക്ക് കിട്ടിയതാ. പടം എന്നും ഉണ്ടാവില്ല. സ്പെഷല്‍ വിഭവങ്ങള്‍ക്ക് മാത്രം. തക്കാളി‍ തൊക്ക് പരീക്ഷിക്കാം. സാവകാശം. എന്നാലും പരീക്ഷിക്കും.

rp said...

കിട്ടും. ഉള്ളില്‍ ഓറഞ്ച് നിറമുള്ള മധുരക്കിഴങ്ങ് ഇഷ്ടം പോലെ കിട്ടും. ഇവിടത്തുകാര്‍ ഒരുപാട് സാധനങ്ങളൊക്കെ ഉണ്ടാക്കും അതുകൊണ്ട്. വെറുതെ വേവിച്ചുടച്ചും പിന്നെ സ്വീറ്റ് പൊട്ടറ്റോ പൈ, സൂഫ്ലേ ഏതാണ്ടൊക്കെ ഉണ്ട്.

qw_er_ty

Anonymous said...

ഫോട്ടോ കണ്ടിട്ട്‌ കൊതിയാകുന്നു സൂ. ഈ ശനിയാഴ്ച്ച എന്തായാലും പരീക്ഷിച്ചിട്ട്‌ എഴുതാം ട്ടോ.

Peelikkutty!!!!! said...

ഫോട്ടോ കണ്ടിട്ട്‌ കൊതിയാകുന്നു !

സു | Su said...

ആര്‍ പി :)

സാരംഗീ :) പരീക്ഷിക്കൂ.

പീലിക്കുട്ട്യമ്മൂ :) അവിടെ ഒന്നു പരീക്ഷിച്ചുനോക്കൂ.

Anonymous said...

ആശ മനസ്സില്‍ വെച്ച്
കാശ് കീശയിലിട്ട്
മൂസ സൂവിന്‍റെ സമൂസ വാങ്ങാന്‍ പോയി
മൂസ സൂവിന്‍റെ സമൂസ കണ്ടപ്പോള്‍
സൂ സൂ സൂ ...

വിചാരം said...

സൂ വിന്‍റെ പരീക്ഷണം കൊള്ളാം
സമൂസ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി
സൂ വിന് വെയ്കാന്‍ മാത്രമല്ല വിളമ്പാനുമറിയാമെന്ന്
- പിഴുക്ക് നിറഞ്ഞ കൈക്കേ വിളമ്പി ഏവര്‍ക്കുമെത്തിക്കാനാവൂ-
എന്‍റെ സൂവെ .. ഇത്തിരികൂടുതല്‍ മസാല ഇടൂ എന്നാലെ സമൂസക്ക് ഇത്തിരി അരോഗ്യവും വയറിന് ഇത്തിരി ഇമ്പവും കമ്പവും ഉണ്ടാവൂ ... മസാല കുറക്കുന്നുവെങ്കില്‍ മാവ് കുറച്ചെടുത്ത് ചെറിയ ഉരുളയാക്കി പരത്തി മുറിച്ച് ചെറിയ സമൂസ ഉണ്ടാക്കുക .
ഞാനൊരു സ്വീറ്റ് സമൂസ ഉടനെ നളപാചകത്തില്‍ ഉണ്ടാക്കുന്നുണ്ട്

സു | Su said...

കുഞ്ഞുണ്ണിയ്ക്ക് സ്വാഗതം :)

വിചാരം :) ഓരോരുത്തര്‍ക്കും ഓരോ രീതിയല്ലേ.

സു | Su said...

വിചാരം, 85 വയസ്സുള്ള ഒരു ബ്ലോഗറെ കണ്ടതില്‍ സന്തോഷം.

ഫാറൂഖ്‌ ബക്കര്‍ പൊന്നാനി
Age: 85
Gender: male
Astrological Sign: Capricorn
Zodiac Year: Monkey

കുട്ടന്മേനൊന്‍::KM said...

ഇത് സ്വീറ്റ് ചട്നിയോടൊപ്പം നന്നായിരിക്കും. ഉം..നാട്ടില്‍ പോയി Try ചെയ്യണം

സു | Su said...

കുട്ടമ്മേനോന്‍ :) സന്ദര്‍ശനത്തിന് നന്ദി. നാട്ടിലേക്ക് വരുകയാണോ ഇപ്പോള്‍?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]