Wednesday, September 13, 2006

ഇലയട


അട ഏത് തരമായാലും കഴിക്കാന്‍ വല്യ രസമാവും. ഇലയടയുടെ സ്വാദ് ഒന്ന് വേറെ തന്നെ. അമ്മയുണ്ടാക്കുന്നത്ര രസത്തില്‍ ആവില്ലെങ്കിലും അടയുണ്ടാക്കിത്തിന്നാന്‍ കൊതിയാണ്. അമ്മയെ സഹായിച്ച് സഹായിച്ചാണ് പാചകം പഠിച്ചത്. മിനുസമായി പൊടിച്ചെടുത്ത അരിപ്പൊടി ഒരു തരി ഉപ്പും ഇട്ട് ചൂടുവെള്ളത്തില്‍ കുഴയ്ക്കുക. ചപ്പാത്തിമാവിനേക്കാളും അയവില്‍ ഉണ്ടാവണം. എന്നാല്‍ ദോശമാവിന്റെ അളവില്‍ ആകരുത് വെള്ളം.

ശര്‍ക്കര പൊടിച്ചത് ഏകദേശം ഒരു കപ്പ് എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് ( 50എം എല്‍) അടുപ്പത്ത് വെച്ച് പാവുകാച്ചുക.

നന്നായി തിളച്ച് വന്നാല്‍, വെള്ളം കുറുകിത്തുടങ്ങിയാല്‍ ഏകദേശം രണ്ട് കപ്പ് ചിരവിയ തേങ്ങ അതില്‍ ഇട്ട് ഇളക്കി യോജിപ്പിക്കുക. 5-6 ഏലയ്ക്കയും പൊടിച്ച് ഇടുക. തേങ്ങ ഇടുന്നതിനുമുമ്പ് ഏലയ്ക്കപ്പൊടി ഇട്ടിളക്കണം. തേങ്ങയും യോജിച്ച് പാവ് നല്ലപോലെ കുറുകിയാല്‍ അടുപ്പില്‍ നിന്നിറക്കുക.

ഇല വൃത്തിയാക്കി, തീയില്‍ വാട്ടി, ചെറിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. അതില്‍ സ്വല്പം വെളിച്ചെണ്ണ പുരട്ടുക. (നിര്‍ബ്ബന്ധമില്ല). തയ്യാറാക്കിവെച്ചിരിക്കുന്ന അരിമാവെടുത്ത് ഓരോ ഇലകളിലും കുറച്ച് വെച്ച് വട്ടത്തില്‍ പരത്തുക.

ഒരു സൈഡില്‍ ശര്‍ക്കര- തേങ്ങാക്കൂട്ട് വെക്കുക. ആദ്യം ഒന്ന് മടക്കി, പിന്നെ രണ്ട് സൈഡും മടക്കി ഒരു പാത്രത്തില്‍ വെക്കുക. കുക്കറില്‍ വെക്കാവുന്ന ഒരു പാത്രത്തില്‍. എല്ലാ ഇലകളിലും അരിമാവും , കൂട്ടും വെച്ച് മടക്കി പാത്രത്തില്‍ അടുക്കിവെക്കുക. കുക്കറില്‍ വെച്ച് വേവിക്കുക. കുറച്ച് നേരം വേണ്ടി വരും. 20-25 മിനുട്ട്.

നന്നായി വെന്തിട്ടുണ്ടെങ്കില്‍ കുക്കറില്‍ നിന്ന് എടുത്ത് അല്പനേരം വെച്ചിട്ട് , തണുത്തതിനു ശേഷം എടുത്താല്‍ ഇലയില്‍ നിന്ന് വിട്ട് പോരും.‍

21 comments:

Anonymous said...

Su,
Ela ada is my favorite item. Vayil vellam varunnu. I am defenitely going to try this.

Thanks,
Lekha

അനംഗാരി said...

ങും..ഇങ്ങനെ കൊതിപ്പിക്കാതെ സു. ഇലയട തിന്ന കാലം മറന്നു. എന്റെ പ്രിയപ്പെട്ട ആഹാരങ്ങളില്‍ ഒന്ന്.

ബിന്ദു said...

അട കാണിച്ച് കൊതിപ്പിച്ചാല്‍ അടയ്ക്കു വള്ളിയിട്ട് തരും.. :)ഒരു പ്ലേറ്റ് തരാന്‍ പറ്റുമോ?

ഖാദര്‍ said...

കൊതിപ്പിക്യാ?.....ആ ഇല വാടിയ ചൂരു മാത്രം മതിയേ!

പുള്ളി said...

അപ്പോം ചുട്ടൂ... അടേം ചുട്ടൂ എലേം വാട്ടി... പോതീം പൊതിഞ്ഞു... എന്നിട്ട്‌..... ബ്ലോഗിലേക്ക്‌ എന്നല്ലേ പറയാറ്‌...

Anonymous said...

സൂചേച്ചീ, ഇവിടെ ഇല കിട്ടാതെ പാര്‍ച്ചമെന്റ് പേപ്പറില്‍ വെച്ചാണ് ഞങ്ങളിതുണ്ടാക്കുന്നത്. ശരിയായ ഇലയിലുണ്ടാക്കിയ അട കഴിക്കാന്‍ കൊതിയാകുന്നു.

സു | Su said...

ലേഖ :) നന്ദി. ബ്ലോഗില്ലെങ്കില്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങൂ.

അനംഗാരീ :) എല്ലാര്‍ക്കും കൊടുക്കണം എന്നൊക്കെയുണ്ട്. പക്ഷെ സാധിക്കില്ലല്ലോ.

ബിന്ദൂ :) പ്ലേറ്റ് എത്ര വേണമെങ്കിലും തരാം. അടയില്ലാതെ. ഹി ഹി ഹി.

ഉപ്പന്‍ :) വേണ്ടാന്നുവെച്ചിട്ടാ.

പ്രയാണം :) പിന്നെ എന്താ ചെയ്യാ? തരാന്‍ പറ്റില്ലല്ലോ.

പുള്ളി :) അതെ.

ആര്‍. പി :) ഇല കിട്ടില്ലേ അവിടെ? ഇനി വന്നുപോകുമ്പോള്‍ കൊണ്ടുപോകൂ.

വാളൂരാന്‍ said...

ഈ ഓണത്തിനു ഞാനും ഒന്നു പയറ്റിനോക്കി കെട്ടൊ. ശര്‍ക്കര പാവുകാച്ചിയപ്പോള്‍ വെള്ളം അധികമായി പിന്നെ കുറെ ഊറ്റിക്കളയണ്ടി വന്നു. എന്നാലും അവസാനം വല്യ കുഴപ്പമില്ലാണ്ട്‌ ഒപ്പിച്ചു. നാട്ടിലായിരുന്നെങ്കില്‍ ശര്‍ക്കരവരട്ടിയുണ്ടാക്കുന്നതിന്റെ ബാക്കി പൊടിയാണ്‌ flavour ആയിട്ട്‌ ഉപയോഗിക്കുന്നത്‌.

ശാലിനി said...

ഞങ്ങള്‍ക്കും ഇല കിട്ടില്ല. ഞാന്‍ ഫൊയില്‍ പേപ്പറിലാണ് ഉണ്ടാക്കുന്നത്. ഗോതമ്പടയും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഗോതമ്പട വറചട്ടിയില്‍ ഇട്ട് ഉണ്ടാജ്ക്കിയെടുക്കുമ്പോള്‍ വരുന്ന ഇല കരിയുന്ന മണം ... ഇപ്പോഴും വായില്‍ വെള്ളം നിറയ്ക്കുന്നു.

കല്യാണി said...

സു: എല്ലാര്‍ക്കും കൊടുക്കണം എന്നൊക്കെയുണ്ട്. പക്ഷെ സാധിക്കില്ലല്ലോ

വിഷമിക്കണ്ടാന്നെ, ബാംഗളൂറ്ക്ക് വരുമ്പോള്‍ രണ്ടെണ്ണം പൊതിഞ്ഞെടുത്തോ :-)

സു | Su said...

മുരളീ :) സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. ഇനി വെള്ളം അധികമില്ലാതെ ഉണ്ടാക്കൂ.

ശാലിനി :) നന്ദി. അവിടേം ഇല കിട്ടില്ലേ?

കല്യാണീ :) ഹി ഹി ഹി രണ്ടെണ്ണം പൊതിഞ്ഞെടുത്താല്‍ അവിടെയെത്തുമ്പോഴേക്കും തീരും.

ചുള്ളിക്കാലെ ബാബു said...

എന്റെ ഇളയമ്മ നടത്തുന്ന ഹോട്ടലിലെ ഇലയട സ്പെഷ്യലിസ്റ്റ് ഞാനായിരുന്നു. (തിന്നുന്നതില്‍ മാത്രമല്ല) അക്കാലത്ത് രാവിലെ സ്കൂളില്‍ പോകുന്നതിന്നു മുന്‍പ് ഇതുണ്ടാക്കാനുള്ള സമയമില്ലാത്തതു കൊണ്ട് തലേന്ന് രാത്രി എല്ലാം റെഡിയാക്കി അടുപ്പത്ത് വെച്ച് ഉറങ്ങാന്‍ പോവും. രാവിലേക്ക് ഇലയട ഓ കെ യായിട്ടുണ്ടാവും.

വാഴയില കമ്മിയായാ‍ല്‍ ഞെട്ടുള്ള വട്ടയിലയും ഉപയോഗിക്കാറുണ്ട്.

ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ അട തിന്ന പ്രതീതി. വിവരണവും വളരെ നന്നായിട്ടുണ്ട്.

Rasheed Chalil said...

സൂ ചേച്ചീ കൊതിപ്പിക്കല്ലേ...

സു | Su said...

ബാബു :) വീട്ടിലും അട രാത്രിയുണ്ടാക്കി രാവിലെ എടുക്കുമായിരുന്നു. അപ്പച്ചെമ്പില്‍ അടുപ്പത്ത് വെച്ചുണ്ടാക്കുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ. ഇപ്പോ ഒക്കെ ഇന്‍സ്റ്റന്റ് ആയി. സ്വാദും പോയി.

ഇത്തിരിവെട്ടം :)

murivukal said...

thanks

ബയാന്‍ said...

സു ചേച്ചീ യുടെ.... ബ്ലോഗ്‌ വായിച്ചു . ഇല അടയുണ്ടാകാനിറങ്ങി, അബൂ ദാബി, മുസ്സഫ്ഫ ഒറിജിന്‍ വാഴ ഇല സങ്കടിപ്പിച്ചു, പ്രിന്റ്‌ ചെയ്ത ബ്ലോഗ്‌ വായിച്ചു കൊണ്ടു ഞങ്ങള്‍ അഭ്യാസം തുടങ്ങി, " ചപ്പാത്തി മാവിന്റെയും ദോശമാവിന്റെയും ഇടയിലുള്ള - ആ Proportion ആവാന്‍ വെള്ളവും മാവും മാറി മാറി പ്രയോഗിച്ചു...മാവിന്റെ quantity കൂടിയപ്പോള്‍, ബാക്കി മാവുകൊണ്ടു "പത്തല്‍" ഉണ്ടാക്കാം, എന്നു സമാധാനിച്ചു,... എവിടെ..... അവസാനം വെള്ളം ഒരു പണത്തൂക്കം മുന്നില്‍,,,, അരിപ്പൊടി കാലിയായി...പിന്നെ മാവു പരുവമായിക്കിട്ടാന്‍ മുണ്ടില്‍ കെട്ടി വെക്കാമെന്നു തീരുമാനിച്ചു,... തേങ്ങ, ശര്‍ക്കര, വാഴയില എല്ലാം കിച്ചനില്‍ പരന്നു കിടക്കുകയാണു, ...ക്ഷമ നശിച്ചു...വേഗം മാവു പരുവമാവാന്‍ വാഷിംഗ്‌ മെഷീനിലിട്ടു സ്പിന്‍ ചെയ്താല്‍ മതിയെന്നു കൂട്ടതിലുള്ള ബുദ്ധിജീവി....ഇല അടയും പ്രതീക്ഷിച്ചു ചാനല്‍ മാറ്റികൊണ്ടിരിക്കുന്ന അവന്റെ ഐഡിയ കൊള്ളാം.... കെട്ടിവെച്ച മാവെടുത്തു ഡ്രയറില്‍ ഇട്ടു ഓണ്‍ ചെയ്തു...ഇല അട റെഡി..ഇനി അയേണ്‍ ചെയ്യുകയാണെങ്കില്‍ ...സൂ പറഞ്ഞ പോലെ..."ചപ്പാത്തി മാവിനേക്കാളും അയവും കിട്ടും, എന്നാല്‍ ദോശ മാവു ആവുകയും ചെയ്യില്ല".

സു | Su said...

ബയന്‍ :) അടുത്ത തവണ നന്നാവും എന്ന് ഇനി പ്രതീക്ഷിക്കാമല്ലോ അല്ലേ? ഇനിയും ശ്രമിക്കൂ, സമയം കിട്ടുമ്പോള്‍. തീര്‍ച്ചയായും ശരിയാവും. ആദ്യമായിട്ടാവുമ്പോള്‍ അങ്ങനെയൊക്കെ പറ്റും.

qw_er_ty

ബയാന്‍ said...

ഇത്തരം അമളികള്‍ ഇവിടെ നിത്യ സംഭവമാ...കിച്ചനില്‍ കയറിയാല്‍ കിച്ചന്‍ പൂരപ്പറമ്പാവും എന്നല്ലാതെ...പാചക പരീക്ഷണങ്ങല്‍...ഒന്നു രുചിച്ചു നോക്കാന്‍ പോലും പറ്റില്ല...നല്ലപാതി...നാട്ടില്‍ പോയാല്‍.. ഇങ്ങനെയൊക്കെ തന്നെയാ.. അവള്‍ വരുന്നതിനു മുന്‍പു കിച്ചന്‍ പൂര്‍വസ്ഥിതിയില്‍ ആക്കണം...നോമ്പു പടിക്കലെത്തി....ഇനിയാ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുക...നല്ല നോമ്പുവിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു...

Manarcadan said...

ആ ഇലയടയുടെ പടം കണ്ടതേ വായില് കപ്പല് ഓടിക്കാന് വെള്ളം വന്നു. ഇതിപ്പം ഞാന് എങ്ങനെയാ ഒന്നു പരീക്ഷിച്ചു നോക്കുക?

അജി said...

കുക്കറില്‍ വെള്ളം വേണോ ?

ettukannan | എട്ടുകണ്ണന്‍ said...

ഇന്‌ഗ്രീഡിയന്‍സ്‌ ഒക്കെ കറക്ട്‌ ആണെങ്കിലും, ഞങ്ങള്‍ ഇലയട ഉണ്ടാക്കുന്നത്‌ ശര്‍ക്കര പാവിലേയ്ക്ക്‌ അരിപ്പൊടി ഇട്ട്‌ കുഴച്ചിട്ടാണ്‌.. അങ്ങനെയാവുമ്പോള്‍ പിന്നെ ഒരു പരത്തലിന്റെ ആവശ്യം ഇല്ല.. പിന്നെ വേവിച്ച്‌ അടയില്‍ നിന്നും ശര്‍ക്കരനീര്‌ ലീക്ക്‌ ആവുമെന്ന പേടിയും വേണ്ട, ഡ്രൈ ഫോം ആയതിനാല്‍ കൂടുതല്‍ ദിവസം കേടുകൂടാതെ ഉപയോഗിയ്ക്കാനും പറ്റും... :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]