ചക്കകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന വിഭവങ്ങള്‍ ഏറെയുണ്ട്. അതിന്റെ തോലുപോലും ഉപയോഗിക്കുന്നുണ്ട്. ചക്കക്കുരു കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളില്പ്പെട്ടതാണ് ചക്കക്കുരു മെഴുക്കുപുരട്ടി, ചക്കക്കുരു ഉപ്പേരി എന്നിവ. പല രീതിയിലും ഉണ്ടാക്കാം. പൊടിച്ചിട്ടും, കഷണമായിട്ടും, വറവിട്ടും, തേങ്ങ മാത്രം കൂട്ടിയും, വെളിച്ചെണ്ണയൊഴിച്ചും ഒക്കെ.

ആരോ പറഞ്ഞ കഥയില്‍, പഴങ്ങളൊക്കെ തിന്നുന്നതിനിടയ്ക്ക് ഒരു സായിപ്പ്, ചക്കച്ചുള പൊളിച്ചുകളഞ്ഞ് കുരു മാത്രം തിന്നുവെന്നുണ്ട്. ചുളയെന്നാല് തോലാണെന്നാണ് സായിപ്പ് ധരിച്ചുവെച്ചിട്ടുള്ളതെന്ന്. ചക്കക്കുരുവിന്റെ തോലുകളയാന്‍ പലര്‍ക്കും മടിയുണ്ടാവും. ചക്കക്കുരു വിഭവം കഴിക്കാന്‍ ഇഷ്ടവും ഉണ്ടാവും. ഞാന്‍ എളുപ്പവിദ്യയില് തോലുകളയുന്നതെങ്ങനെയാണെന്നുവെച്ചാല്, ചക്കക്കുരു കഴുകി, ഒരു പാത്രത്തിലിട്ട് കുക്കറില്‍ ഇട്ട് ഒന്നു വേവിക്കും. എന്നിട്ട് തണുത്തുകഴിയുമ്പോള്‍ തോലുകളയാന്‍
എളുപ്പമാവും. അധികം വെന്തുചീഞ്ഞുപോകരുത്. പിന്നെ ഉപ്പും മുളകും മഞ്ഞളും ഒക്കെ പിടിക്കാനുള്ളതല്ലേ. അതൊക്കെയിട്ട് നന്നായി വേവിച്ചാല്‍ മതി.
തോലൊക്കെക്കളഞ്ഞ് ചക്കക്കുരു നീളത്തില്‍ നീളത്തില്‍ മുറിയ്ക്കണം. അതാണ് ഉപ്പേരി സ്റ്റൈല്‍. എന്നിട്ട് വറവിടുന്നുണ്ടെങ്കില് വറവൊക്കെയിട്ട്, ഉപ്പും മഞ്ഞള്‍പ്പൊടിയും, വേണമെങ്കില്‍ മുളകുപൊടിയും ഇട്ട്, വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. തോലുകളയാന്‍ ആദ്യം വേവിച്ചതാണെങ്കില്പ്പിന്നെ കുറച്ച് വെള്ളമേ ഒഴിക്കാവൂ. വെന്താല്‍ തേങ്ങ ചിരവിയിടുക. ഇനി മെഴുക്കുപുരട്ടിയാണെങ്കില് വെറുതെ വേവിച്ച് വെളിച്ചെണ്ണയൊഴിച്ച് എടുത്താലും മതി.

ഞാനിതില്‍ വറവിട്ടില്ല. വേവിച്ച് തേങ്ങ ചിരവിയിട്ടു. കുറച്ച് വെളിച്ചെണ്ണയും ഒഴിച്ചു.
3 comments:
ഹോ കൊതിപ്പിച്ചു !.............
ആമ്പല്‍ :) തരാന്‍ നിവൃത്തിയില്ലല്ലോ. അവിടെ ഉണ്ടാക്കിക്കഴിക്കൂ.
ശ്ശെടാ, ചക്കക്കുരുവിനൊക്കെ ഇത്ര ഗ്ലാമറോ?
:)
Post a Comment