Sunday, May 11, 2008

ചക്കയട

അമ്മ, ഹൈസ്കൂളില്‍ കണക്ക് അദ്ധ്യാപിക ആയിരുന്നു. മക്കളൊക്കെ വലുതായി ഓരോവഴിക്കുപോയപ്പോള്‍ വളന്ററി റിട്ടയര്‍മെന്റ് എടുക്കുകയാണുണ്ടായത്. അതിരാവിലെ എണീറ്റ്, ചായപ്പലഹാരങ്ങളും, ഉച്ചയ്ക്കത്തേയ്ക്കുള്ള ചോറും കൂട്ടാനും ഉപ്പേരിയും ഒക്കെ തയ്യാറാക്കിയിട്ടാണ് സ്കൂളിലേക്ക് പോയിരുന്നത്. ഉച്ചഭക്ഷണം കൊണ്ടുപോവുകയും ചെയ്തിരുന്നു. ഒരു പാക്കറ്റ് ബ്രഡും തുറന്നുവെച്ച് കടിച്ചുതിന്നോന്ന് പറയാറില്ല അമ്മ. പനിക്കുമ്പോള്‍ തിന്നാനാണ് ബ്രഡ് എന്നാണ് അന്നും ഇന്നും സങ്കല്‍പ്പം. ;) എന്നും ജോലികഴിഞ്ഞുവന്ന്, അരച്ചും പൊടിച്ചും നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കിത്തന്നിരുന്നു. അങ്ങനെ, ഉദ്യോഗസ്ഥയായിരുന്ന അമ്മയെ സഹായിച്ചാണ് മക്കള്‍ നല്ല പാചകക്കാരായിത്തീര്‍ന്നത്. എല്ലാം ജോലിയും ചെയ്യാന്‍ പഠിക്കുന്നതില്‍ തെറ്റൊന്നുമില്ല, നിങ്ങള്‍ക്ക് പിന്നീട് ആവശ്യമില്ലെങ്കില്‍ എടുക്കേണ്ടെന്ന് വെച്ചാല്‍പ്പോരേന്നും പറഞ്ഞ് അമ്മ വീട്ടുജോലിയൊക്കെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ, കല്യാണം കഴിഞ്ഞപ്പോള്‍, ഒരു പാചകപുസ്തകവും പിടിച്ച് പാചകം ചെയ്യേണ്ട ഗതികേട് വന്നില്ല. പണ്ട് പാത്രം കഴുകാന്‍ മടിവരുമ്പോള്‍, ഇവിടെ കുറേ പാത്രം ഉണ്ട്, പിന്നീട് എന്റെ വീട്ടില്‍ ഒരു പ്ലേറ്റും, ഒരു പാത്രവും, ഒരു സ്പൂണും ഒരു ഗ്ലാസ്സും മാത്രേ ഉണ്ടാവൂ, അരിമാവുപോലും ഗ്ലാസ്സില്‍ വയ്ക്കുമെന്നൊക്കെപ്പറയുമായിരുന്നു ഞാന്‍. ;) അമ്മയ്ക്ക് പുറത്തെ ഭക്ഷണം അന്നും ഇന്നും ഇഷ്ടമല്ല. വല്ല ചിപ്സോ, മിക്സ്ചറോ കഴിച്ചാലായി. പിന്നെ പഴങ്ങളും. വീട്ടുഭക്ഷണം മാത്രമേ കഴിക്കൂ. ഞങ്ങളൊക്കെ പുറത്തുനിന്ന് ഇടയ്ക്ക് കഴിക്കുമ്പോള്‍, എന്തിനാ വെറുതെ, വീട്ടില്‍ വൃത്തിയില്‍ ഉണ്ടാക്കിക്കഴിച്ചൂടേന്ന് ചോദിക്കും. ഇന്ന് മാതൃദിനം ആണത്രേ. അമ്മയെ ഓര്‍മ്മിക്കാനും സ്നേഹിക്കാനും ഒന്നും ഒരു ദിനത്തിന്റെ ആവശ്യമില്ല. എന്നും മിണ്ടാറുണ്ട്. എന്നാലും ഇന്നത്തെ പാചകം അമ്മയ്ക്ക് വേണ്ടിയാവട്ടേന്ന് കരുതി. മക്കള്‍ തിന്നാലും മതിയല്ലോ അമ്മയ്ക്ക്.
അമ്മയുണ്ടാക്കുന്നതിന്റെ അയല്‍‌വക്കത്തൊന്നും വരില്ലെങ്കിലും ഞാനും അടയുണ്ടാക്കാന്‍ തീരുമാനിച്ചു. ചക്ക വരട്ടിത്തന്നത് അമ്മയാണ്. ഇക്കൊല്ലത്തേതല്ല, കഴിഞ്ഞ കൊല്ലത്തേതാണ് ചക്കപ്പേസ്റ്റ്. അമ്മയെ രാവിലെത്തന്നെ വിളിച്ച്, അടയുണ്ടാക്കുന്നുണ്ടെന്ന് അറിയിപ്പ് നടത്തുകയും ചെയ്തു.
ആദ്യം ശര്‍ക്കര പാവുകാച്ചി, അതിലേക്ക് ആവശ്യമുള്ള ചക്കപ്പേസ്റ്റും ഇട്ട് ഇളക്കണം. മധുരം നന്നായിട്ട് ഇഷ്ടമാണെങ്കില്‍, അടയുടെ എണ്ണത്തില്‍ ശര്‍ക്കര എടുക്കാം. പത്ത് അടയ്ക്ക്, ചക്കപ്പേസ്റ്റ് മൂന്ന് ടേബിള്‍സ്പൂണ്‍ മതിയാവും. അത് നന്നായി ഇളക്കിയിട്ട് വാങ്ങിവെച്ച്, ഏലക്കായ പൊടിച്ചതും, തേങ്ങ ചെറുതായി മുറിച്ചതും ഇടണം. മിനുസമായിട്ട് പൊടിച്ച അരിപ്പൊടിയും ഇടണം. പത്ത് ടേബിള്‍സ്പൂണ്‍ ഇട്ടുനോക്കുക. എന്നിട്ട് വെള്ളം പോലെയുണ്ടെങ്കില്‍ കുറച്ചും കൂടെ ഇടുക.

ഇല മുറിച്ച് കഴുകി വാട്ടിയെടുത്ത്, അതിലേക്ക് , അടയുടെ കൂട്ട് ഒഴിക്കുക.

സ്പൂണുകൊണ്ട് പരത്താം. ഇനി കൈകൊണ്ടാണെങ്കില്‍ അങ്ങനെ.

എല്ലാ ഇലക്കഷണത്തിലും ഇട്ട് പരത്തിക്കഴിഞ്ഞ്, ഒരു പാത്രമെടുത്ത്, അതിലേക്ക് മടക്കിമടയ്ക്കിവെയ്ക്കുക.
ഇവിടെ കുക്കറിന്റെ തട്ടില്‍ത്തന്നെ വെച്ചു.

നന്നായി വേവിച്ച് എടുക്കുക.

ഒന്ന് തണുത്തതിനുശേഷം ഇല നിവര്‍ത്തിനോക്കുക.

എന്നിട്ട് തിന്നുക.


ഇലയട ഇവിടെയുണ്ട്

7 comments:

ഉഗാണ്ട രണ്ടാമന്‍ said...

എനിയ്ക്ക് ഇപ്പോ വീട്ടിപ്പോണം...കൊതിയായിട്ട് വയ്യ...

വല്യമ്മായി said...

അമ്മയ്ക്ക് :)

അട കൊള്ളാം,ഈ മധുരത്തിനിടയിലും എനിക്ക് ഉപ്പ് രുചിച്ചു.:(

Inji Pennu said...

രണ്ടും കൊതിയുള്ള വിഭവങ്ങളാണ്.

നിരക്ഷരന്‍ said...

എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത്. ഞാനെന്ത് തെറ്റ് ചെയ്തിട്ടാ ?

സു | Su said...

ഉഗാണ്ട രണ്ടാമന്‍ :) വീട്ടില്‍പ്പോകാനോ? ഇപ്പോ ഉള്ള വീട്ടില്‍ നിന്ന് ഉണ്ടാക്കിക്കഴിക്കൂ.

വല്യമ്മായീ :) അങ്ങനെ ഉപ്പും മധുരവും ഒക്കെച്ചേര്‍ന്നതല്ലേ ജീവിത അട. ഉപ്പ് രുചിച്ചാലേ മധുരത്തിന്റെ രുചി ശരിക്കറിയൂ. ദൈവമല്ലേ ഉപ്പും മധുരവും ഇടുന്നത്.

ഇഞ്ചീ :)

നിരക്ഷരാ :) കൊതി പറഞ്ഞ് മടിപിടിച്ച് ഇരിക്കാതെ ഇതൊക്കെയൊന്ന് ഉണ്ടാക്കിനോക്കൂ. ഒക്കെ എളുപ്പത്തില്‍ കിട്ടുമല്ലോ കടയില്‍. ഇലയില്ലെങ്കില്‍ വെറുതെ ഒരു പാത്രത്തിലൊഴിച്ച് വെച്ചാല്‍ മതി.

rahim teekay said...

മധുരമുള്ള പോസ്റ്റ്.
വൈകിപ്പോയി, ഇവിടെയെത്താന്‍...

സത്യം പറഞ്ഞാല്‍, ഇത് കണ്ടപ്പോള്‍ തിന്നാനുളള കൊതിയെക്കാളേറെ
നാട്ടിലുള്ള ഉമ്മയെക്കാണാന്‍ കൊതിയാവുന്നു.

ഇതുകൂടാതെ ഇതുപോലൊന്ന് ഉമ്മയുണ്ടാക്കാറുണ്ട്.
നല്ല പഴുത്ത പഴച്ചക്കയില്‍(വരിക്കച്ചക്കയല്ല) ശര്‍ക്കരയും ജീരകവുയൊക്കെയിട്ട് വേവിച്ച്...
സ്പൂണുകൊണ്ടോ കൈകൊണ്ടോ കോരിക്കഴിക്കുന്ന...
'ചക്കപ്പായസം' എന്നുവിളിക്കും.

ശ്രീ said...

ഇതു ശരിയ്ക്കുമൊരു നാടന്‍ ഭക്ഷണം തന്നെ. അമ്മ ഉണ്ടാക്കി തരാറുണ്ട്. :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]