Monday, December 17, 2007

ഓലന്‍

ഓലോലനൊന്നുമതിയെന്തിനു നൂറുകൂട്ടാന്‍, എന്നോ, നൂറുകൂട്ടം എന്നോ ആരോ പറഞ്ഞിട്ടുണ്ട്. ഓലന്‍ എന്നു പറയുന്നത് നല്ലൊരു വിഭവമാണെന്ന് കണക്കാക്കുക. അല്പം, കുമ്പളങ്ങ, അല്‍പ്പം വെള്ളരിക്ക, അല്‍പ്പം മത്തങ്ങ, അല്‍പ്പം മമ്പയര്‍. ഉപ്പ്, പച്ചമുളക്, വെളിച്ചെണ്ണ. ഓലനു വേണ്ടത് ആയി.

കുറച്ച് മമ്പയര്‍ തലേന്ന് വെള്ളത്തിലിട്ട് വെച്ചത്, ആദ്യം കുക്കറില്‍ വേവിച്ചെടുക്കുക.
വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്.

മമ്പയര്‍ വളരെക്കുറച്ച് മതി. കഷണങ്ങള്‍ കഴുകിയെടുത്ത്, രണ്ടോ മൂന്നോ പച്ചമുളകും ഇട്ട്, ഉപ്പിട്ട് വേവിച്ച്, മമ്പയറും ചേര്‍ത്ത് ഒന്നുകൂടെ വേവിച്ച് യോജിപ്പിക്കുക. വേവാന്‍, അതും വളരെക്കുറച്ച് മാത്രം വെള്ളമൊഴിക്കുക. (കുക്കറില്‍ വെച്ചാല്‍ വെന്ത് ചീഞ്ഞുപോകും.) വെന്താല്‍, അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് വാങ്ങുക.


അല്‍പ്പം വെള്ളമൊക്കെയുണ്ടാവും. ഫോട്ടോയില്‍ ഇല്ല.
വെന്തുടഞ്ഞതാണിഷ്ടമെങ്കില്‍ അങ്ങനേയും ഉണ്ടാക്കാം.
വഴുതനങ്ങയോ, നേന്ത്രക്കായയോ വട്ടത്തില്‍ മുറിച്ചും ഓലനില്‍ ഇടാം. വെള്ളരിക്ക ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പച്ചപ്പപ്പായയും ഇടാം. പച്ചപ്പയറും പൊട്ടിച്ചിടാം.
പിന്നെ, തേങ്ങാപ്പാലൊഴിച്ചും ഉണ്ടാക്കാം. പക്ഷെ ഒരു കാര്യം നിങ്ങളോര്‍ക്കണം. തേങ്ങയ്ക്കൊക്കെ ഇപ്പോ എന്താ വില!

6 comments:

അനിലൻ said...

ഇതാണ് നോക്കിയിരുന്നത്,

നന്ദി

യാരിദ്‌|~|Yarid said...

തേങ്ങക്കു വലിയ വിലയൊന്നുമില്ല ഇപ്പോ.. വീട്ടിലെക്കു വന്നാല്‍ കുറചു തേങ്ങ തന്നു വിടാം. ഓസു പരിപാടി ഇല്ല,. കാശു വേണം.. മാറ്‌ക്കറ്റു വിലയേക്കാളും കുറചു തന്നാല്‍ മതി..ഇങ്ങനെയെങ്കിലും പത്തു തേങ്ങാ വിറ്റു പോട്ടെ...

സു | Su said...

അനിലന്‍ :)

വഴിപോക്കന്‍ :) കാശുകൊടുത്തുവാങ്ങുന്നവരുടെ കാര്യമല്ലേ പറഞ്ഞത്. തെങ്ങുംതോപ്പുള്ള മുതലാളിമാരുടെ കാര്യമല്ല. എന്തായാലും തരാമെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് വന്നുനോക്കാം. അല്ലെങ്കിലും തേങ്ങ വില്‍ക്കേണ്ട. കൊപ്രയാക്കൂ, വെളിച്ചെണ്ണയാക്കൂ, ചട്ണിപ്പൊടിയുണ്ടാക്കൂ. എന്നിട്ട് വില്‍ക്കൂ. ലാഭം. ;)

യാരിദ്‌|~|Yarid said...

അമ്മച്ചിയാണെ ചേച്ചി ഞാന്‍ തേങ്ങാ മുതലാളിയൊന്നുമല്ല, തേങ്ങാക്കു വലിയ വിലായാനു പറഞ്ഞപ്പൊ പറമ്പില്‍ നില്‍ക്കുന്ന തെങ്ങുകളിന്നു കൂറചു തേങ്ങാ അടിച്ചു മാറ്റി തരാമെന്നു പറഞ്ഞെന്നെ ഉള്ളു,

ചട്ണിപൊടി ഉണ്ടാകി തരാമെങ്കില്‍ കുറച്ചു തേങ്ങാ ഫ്രീ ആയി തരാം,....ഡെയിലി ഹോട്ടല്‍ ഫുഡ് ആണു ചേച്ചി. വീട്ടില്‍ പോകണം വല്ലതും നേരെ ചൊവ്വെ കഴിക്കണമെങ്കില്‍!!!

സു | Su said...

വഴിപോക്കന്‍ :) ഹിഹിഹി. വേറെ ആരുടെയെങ്കിലും പറമ്പില്‍ നിന്നാവും അല്ലേ? എന്നിട്ടുവേണം എന്നെ പോലീസില്‍ചേര്‍ക്കാന്‍. ;)
പാചകം പഠിച്ചിട്ട് സ്വന്തമായി ഉണ്ടാക്കിക്കഴിക്കൂ. അതാവും നല്ലത്. രുചിയ്ക്കും, ആരോഗ്യത്തിനും. അതിനത്ര വിഷമമൊന്നുമില്ല.

Unknown said...

അടിപൊളി

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]