Thursday, November 22, 2007

നോമ്പ് പുഴുക്ക്

ദൈവത്തെ സോപ്പിടാന്‍ ആണ് വ്രതമെടുക്കുന്നതെന്ന് പലര്‍ക്കും ഒരു വിചാരമുണ്ട്. ദൈവത്തിനിപ്പോ നമ്മളെന്ത് കഴിച്ചാലും ഒന്നുമില്ല. ഉപവസിക്കുന്നത്, നമ്മുടെ ശരീരത്തിന് നല്ലതാണ്. വെട്ടിവിഴുങ്ങിയിരിക്കുമ്പോള്‍, ഇടയ്ക്കൊരു ബ്രേക്ക്. അമിതാഹാരത്തില്‍ നിന്ന് അല്‍പ്പാഹാരത്തിലേക്ക്. കഴിക്കാതിരിക്കുകയാണെങ്കില്‍ അതും നല്ലത്. അങ്ങനെയാണ് നോമ്പുകള്‍ എടുക്കേണ്ടത്. മനസ്സില്‍ നന്മ വിചാരിച്ച്, ശരീരത്തിനും നല്ലത് കൊടുത്ത് ഇരിക്കുക. നന്മ വിചാരിക്കുന്നതും ചെയ്യുന്നതും എന്നും ആവാം. പക്ഷെ, ഉപവാസം എന്നുമായാല്‍ പലര്‍ക്കും ശരിയാവില്ല.
ഏകാദശിയ്ക്ക് നോമ്പാണെന്ന് ഞാനും ഉറപ്പിച്ചു. ഒന്നും തിന്നാതെയൊന്നുമല്ലെന്ന് എനിക്കു പണ്ടേയറിയാം. അരിഭക്ഷണം കഴിക്കില്ല, അത്ര തന്നെ. ബാക്കിയൊക്കെ കഴിക്കും. പിന്നെ
മത്സ്യമാംസാഹാരങ്ങളും കഴിക്കില്ല. പഴങ്ങള്‍ കഴിക്കാം. കാപ്പി- ചായ കുടിക്കാം.
പുറമെനിന്ന് റെഡിമെയ്ഡ് ആയി കൊണ്ടുവരുന്നതൊന്നും കഴിക്കരുത്. (പഴങ്ങളുടെ
കാര്യമല്ല.)


അങ്ങനെ ഞാന്‍ പുഴുക്കുണ്ടാക്കി.

വേണ്ടത്, കായ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചെറുപയര്‍ എന്നിവയൊക്കെയാണ്.
ഒക്കെ മുറിച്ച്, ചെറുപയറിന്റെ കൂടെ, മഞ്ഞള്‍പ്പൊടിയിട്ട്, മുളകുപൊടിയിട്ട് വേവിക്കുക.
പച്ചമുളക് ഒന്നു രണ്ടെണ്ണം നീളത്തില്‍ ചീന്തിയിടാം.
വെന്താല്‍ ഉപ്പും ചേര്‍ക്കുക.
തേങ്ങ കുറച്ച് ചിരവിയെടുത്ത്, അരയ്ക്കുന്ന പാത്രത്തില്‍ ഇട്ട്, ഒറ്റത്തിരിക്കല്‍.
അതായത്, വെറുമൊരു ചതയ്ക്കല്‍. അരച്ചുമിനുസമായി വെണ്ണപോലെ വേണ്ട.
കഷണങ്ങള്‍ വേവിക്കുമ്പോള്‍ മുളകുപൊടി ഇടുന്നില്ലെങ്കില്‍, ചതയ്ക്കുമ്പോള്‍, പച്ചമുളകും
ചേക്കുക. എരിവിന്റെ ആവശ്യത്തിന്.
കഷണങ്ങള്‍, വെന്ത് ഉപ്പും ഇട്ടുകഴിഞ്ഞാല്‍, തേങ്ങയും ചേര്‍ത്ത്, ഒന്നുകൂടെ വേവിക്കുക.
എന്നിട്ട് വറവിടുക. കുറച്ച് വെളിച്ചെണ്ണയും ഒഴിക്കുക.
തേങ്ങ വെറുതെ ചിരവിയിട്ടാലും മതി പുഴുക്കിന്.
വന്‍പയര്‍, മറ്റു കിഴങ്ങുകള്‍, ഒക്കെയിട്ടും പുഴുക്കുണ്ടാക്കാം.
ഇത്, കായ, ചേമ്പ്, ചേനപ്പുഴുക്കാണ്.


പിന്നെ, എന്തു തിന്നും? ചോറു വേണ്ടേ, പുഴുക്കിന്റെ കൂടെ? ഗോതമ്പച്ചോറു വെയ്ക്കുക. ഗോതമ്പ് റവ, വെള്ളം തിളപ്പിച്ച്, അതിലിട്ട്, ചോറുപോലെ വയ്ക്കുക.

പച്ചടിയുണ്ടാക്കാം. തക്കാളിയോ, വഴുതനങ്ങയോ കൊണ്ട്. നോമ്പാണെന്ന് ഓര്‍മ്മവേണം. ;)
ഞാന്‍ നല്ല തേങ്ങാച്ചമ്മന്തിയും ഉണ്ടാക്കി. നല്ല ചുവന്ന മുളകിട്ട്, അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടിവയ്ക്കുന്നതുപോലെയുള്ള ചമ്മന്തി. ചിത്രത്തില്‍ കാണുന്നില്ലേ? :)

അങ്ങനെ ഏകാദശി നോറ്റു. എന്നിട്ട് ഒരു പാട്ടും പാടി.

“കോലക്കുഴല്‍ വിളി കേട്ടോ, രാധേ എന്‍ രാധേ,
കണ്ണനെന്നെ വിളിച്ചോ, രാവില്‍ ഈ രാവില്‍” എന്ന സിനിമാപ്പാട്ടല്ല. ;)

“എന്നാലും ഞാനറിയുന്നൂ, കണ്ണനെന്നെയാണെന്നെയാണിഷ്ടം” എന്ന പാട്ട്.

13 comments:

vadavosky said...

മുതിര ഇല്ലേ

ബാജി ഓടംവേലി said...

കൊള്ളാം
പരീക്ഷിക്കണം

ശ്രീ said...

സൂവേച്ചീ...

ശരി തന്നെ... നോമ്പ് പുഴുക്കൊക്കെ തന്നെ... എന്നാലും കൊതിപ്പിച്ചു. ആ ഫോട്ടോ കൂടിയായപ്പോള്‍‌ പൂര്‍‌ണ്ണമായി. വീട്ടില്‍‌ ഇടയ്ക്കൊക്കെ അമ്മ ഉണ്ടാക്കാറുള്ള ചില വിഭവങ്ങള്‍‌ ഓര്‍‌മ്മ വന്നു.

ഏ.ആര്‍. നജീം said...

ശൊ, കൊതിവന്നപ്പോ ആ പുഴുക്ക് അടിച്ചു മാറ്റാന്നുവച്ചപ്പോ ദേ വാട്ടര്‍ മാര്‍ക്ക് 'കരിവേപ്പില'.. എനിക്ക് വേണ്ടേ..

retarded said...

വി.കെ.എന്നിന്റെ ഒരു കഥ വായിച്ച സുഖം.

സന്തോഷമായി സൂവേച്ചീ...സന്തോഷമായി...

HOBBY CIRCUITS said...

ഇതുപൊലെ ചക്ക പ്പുഴുക്കുണ്ഡാക്കാമൊ

സു | Su said...

വഡവോസ്കി :) മുതിര ഇട്ടില്ല.

ബാജീ :) സന്തോഷം.

ശ്രീ :)

നജീം :) പുഴുക്ക് എടുക്കാം. ഫോട്ടോയ്ക്കല്ലേ അവകാശം പറയുന്നുള്ളൂ.

retarded :) പാചകക്കുറിപ്പ് വായിച്ചിട്ട് കഥപോലെയുണ്ടെന്നോ? ഹിഹി. കേള്‍ക്കാനൊരു രസമുണ്ട്.

ഹോബി :) ചക്കയുണ്ടാവുന്ന കാലത്ത് ചക്കപ്പുഴുക്കും ഉണ്ടാക്കാം. പക്ഷെ, അതില്‍, വെറും ചക്ക മതി.

അപര്‍ണ്ണ said...

കൊതിപ്പിക്കല്ലേ ഇങ്ങനെ. പിന്നെ, ഒന്നു കറ്റ്‌ലറ്റ്‌ ഉണ്ടാക്കുമൊ എനിക്കു വേണ്ടി.

retarded said...

സൂവേച്ചി വി.കെ.എന്നിന്റെ ഭക്ഷണപ്രധാനമായ കഥകളൊന്നും വായിച്ചിട്ടില്ലെന്നു ചുരുക്കം...
പയ്യന്‍ കഥകളിലും അമ്മൂമ്മക്കഥകളിലും നല്ല ഉഗ്രന്‍ ഭക്ഷണമുണ്ടാക്കുന്നതിന്റേം കഴിക്കുന്നതിന്റേം വിവരണമുണ്ട്.
അത് വായിച്ചാത്തന്നെ ഒരൂണുണ്ണുന്ന സുഖമാ....

വായിച്ചു നോക്കൂ..

സു | Su said...

അപര്‍ണ്ണ :) ഒരു കട്‌ലറ്റ് ഇവിടെയുണ്ട്. അതില്‍ നിന്ന് ഉലുവച്ചീര നീക്കം ചെയ്ത് അപര്‍ണ്ണയ്ക്ക് ഇഷ്ടമുള്ളത് വയ്ക്കുക. ഇലയല്ലെങ്കില്‍ ആദ്യം വേവിക്കുകയോ നന്നായി വഴറ്റുകയോ വേണം. നന്നായി ചെറുതായി അരിയുകയും വേണം.

http://kariveppila.blogspot.com/2006/08/blog-post_115669107135260126.html

retarded :)അക്കഥകളൊക്കെ ഞാന്‍ വായിച്ചു. ഇത്, അതുപോലെയുണ്ടെന്ന് പറഞ്ഞിട്ടാ എനിക്ക് കുറച്ചൊരു അതിശയം വന്നത്. എന്തായാലും നല്ല കാര്യം.

Geetha Geethikal said...

ഹൊ!പാത്രത്തില്‍ നിറച്ചുവച്ചിരിക്കുന്ന പുഴുക്കു കണ്ട് കൊതിയൂറുന്നു.....

Geetha Geethikal said...

retardedന്റെ comment കണ്ടപ്പോഴാണ് ഇതെഴുതണമെന്നു തോന്നിയത്.

അതായത് എന്റെ ചെറുപ്പകാലത്ത് (സ്കൂളില്‍ പഠിക്കുന്ന കാലം)മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലോമറ്റോ വായിച്ച ഒരു കഥ...
അതിലെ കഥാനായകന്‍ ദോശ തിന്നുന്നതോ അതിനെക്കുറിച്ച് ആലോചിക്കുന്നതോ ആണ്‍് സന്ദര്‍ഭം...

ആ കഥയിലെ വാചകം ഇങ്ങനെയാണ്...
“ നല്ല മൊരിഞ്ഞു ചുവന്ന ചൂടു ദോശ.. അതു നാലായി മടക്കി ചൂടു ചട്ണിയില്‍ മുക്കി ഒറ്റവായ്ക്ക് അകത്താക്കുന്നു.. “

ഞാനീകഥ എത്രവട്ടം വായിച്ചിട്ടുണ്ടന്ന് അറിയില്ല. വായിക്കുമ്പോഴൊക്കെ വായില്‍ വെള്ളമൂറും. ദേ, ഇപ്പോഴും വെള്ളമൂറുന്നു....

സു | Su said...

ഗീതാഗീതികള്‍ :)പരീക്ഷിക്കൂ. കഴിക്കൂ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]