Saturday, November 18, 2006

പച്ചമാങ്ങ പഞ്ചതന്ത്രം.

മാങ്ങാക്കാലം വരുന്നു. മാങ്ങ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും.
പച്ചമാങ്ങ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അഞ്ച് വിഭവങ്ങള്‍ ആണ് ഈ തന്ത്രത്തില്‍.


1)മാങ്ങ അച്ചാര്‍- എളുപ്പത്തില്‍

പച്ചമാങ്ങ - 2

മുളകുപൊടി - 1 ടീസ്പൂണ്‍.

കായം, ഉപ്പ് പാകത്തിന്.

പച്ചമാങ്ങ തൊലി കളയാതെ ചെറിയ ചെറിയ (വളരെച്ചെറുത്) കഷണങ്ങളാക്കുക. ഉപ്പിട്ട് യോജിപ്പിച്ച്
അരമണിക്കൂര്‍ വെക്കുക. അതിനുശേഷം, കായവും, മുളകുപൊടിയും ഇട്ട് യോജിപ്പിക്കുക.
ഉപ്പിട്ട് വെച്ചാല്‍ വെള്ളം ഉണ്ടാവും അതില്‍. ചോറിനൊരു അച്ചാര്‍ ആയി എളുപ്പത്തില്‍.


2) മാങ്ങാപ്പെരക്ക്

പച്ചമാങ്ങ - 1

മുളകുപൊടി - 1 ടീസ്പൂണ്‍.

പച്ചമുളക് - 2

മോര് - 1/4 കപ്പ്

തേങ്ങ - 1/4 കപ്പ്

കടുക് - 1/4 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്.

മാങ്ങ തൊലി കളഞ്ഞ് കുനുകുനെ അരിയുക. വളരെച്ചെറുതാവണം. മുളകുപൊടി ചേര്‍ക്കുക. ഉപ്പും.
പച്ചമുളകും ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.(നിര്‍ബന്ധമില്ല)

തേങ്ങ അരച്ച്, കടുക് ചേര്‍ത്ത് ഒന്നുകൂടെ അരച്ച്, മാങ്ങയില്‍ യോജിപ്പിക്കുക.
മോര് ചേര്‍ക്കുക.

(അരയ്ക്കുമ്പോള്‍ വെള്ളത്തിനുപകരം
മോരും‌വെള്ളം ഒഴിക്കുക). തയ്യാര്‍.


3) മാങ്ങ അച്ചാര്‍.

പച്ചമാങ്ങ.

മുളകുപൊടി

കായം.

ഉപ്പ്.

പാചകയെണ്ണ.

കടുക്

ഉഴുന്നുപരിപ്പ്

മാങ്ങ തോലോടുകൂടെ ചെറിയ കഷണങ്ങളാക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍
കടുകും, ഉഴുന്നുപരിപ്പും ഇട്ട് മൊരിയ്ക്കുക. മുളകുപൊടി, ഇടുക. പെട്ടെന്ന് തന്നെ മാങ്ങ അരിഞ്ഞതും
ഇടുക. (മാങ്ങ അരിഞ്ഞത് എന്നു പറഞ്ഞാല്‍, കത്തിയല്ല, മുറിച്ച മാങ്ങ.;))
കായം, ഉപ്പ് എന്നിവയും ചേര്‍ക്കുക. നന്നായി, ഇളക്കുക.
മൂന്ന്- നാല് മിനുട്ടോളം.

വാങ്ങിവെക്കുക.

തണുത്താല്‍ ഉപയോഗിക്കാം. വല്യ തിരക്കുണ്ടെങ്കില്‍ അതിനുമുമ്പും
ഉപയോഗിക്കാം.

4) മാങ്ങ- വെള്ളരിക്കറി.

മാങ്ങ- 2 തൊലി കളഞ്ഞ് മുറിച്ചെടുത്തത്. അധികം ചെറുതാവരുത്.

ഒരു പകുതി വെള്ളരിക്ക. കഷണങ്ങളാക്കുക.

മുളകുപൊടി - 1 ടീസ്പൂണ്‍.

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍

തേങ്ങ - ഒരു കപ്പ്.

ജീരകം - 1ടീസ്പൂണ്‍.

തേങ്ങ ജീരകം ചേര്‍ത്ത് നന്നായി അരയ്ക്കുക.
വെള്ളരിക്ക ഉപ്പും, മഞ്ഞളും മുളകുപൊടിയും ഇട്ട് വേവിക്കുക.
വെന്ത് കഴിഞ്ഞാല്‍ മാങ്ങ ചേര്‍ക്കുക. മാങ്ങ വെന്താല്‍, തേങ്ങ അരച്ചത്
ചേര്‍ക്കുക. മാങ്ങയ്ക്ക് പുളിയില്ലെങ്കില്‍ മോരും ചേര്‍ക്കാം.
തിളച്ച് വാങ്ങിക്കഴിഞ്ഞാല്‍, കടുക്, വറ്റല്‍മുളക്, കറിവേപ്പില,
മൊരിച്ചിടുക.
5) മാങ്ങാ ചട്‌ണി.

വലിയ പച്ചമാങ്ങ - 1 ചെറിയ കഷണങ്ങള്‍ ആക്കിയത്‌.

ചിരവിയ തേങ്ങ - 1 കപ്പ്‌.

കറിവേപ്പില - 10 ഇലയെങ്കിലും

ഉപ്പ്‌ - ആവശ്യത്തിന്

ചുവന്ന മുളക്‌ ( വറ്റല്‍ മുളക്‌) - 4

ആദ്യം തേങ്ങയും, മുളകും, കറിവേപ്പിലയും, ഉപ്പും മിക്സിയില്‍ ഇട്ട്‌ ചതച്ചെടുക്കുക. അതിന്റെ കൂടെ
മാങ്ങ ഇട്ട്‌ അരയ്ക്കുക.വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല.

ഉപ്പും മഞ്ഞളും മുളകുപൊടിയുമൊക്കെ പാചകംചെയ്യുന്ന ആളുടെ, അല്ലെങ്കില്‍
കഴിക്കുന്ന ആളുടെ സൌകര്യത്തിനാണ്. ഒരിക്കലും വേറെ ആളുടെ അളവാകില്ല ഇതിനൊന്നും.
അതുകൊണ്ട്, അതൊക്കെ ആവശ്യമനുസരിച്ച് കൂട്ടുകയോ
കുറയ്ക്കുകയോ ചെയ്യുക.

12 comments:

പട്ടേരി l Patteri said...

:)

പട്ടേരി l Patteri said...

ഹ ഹ ..എന്തിനാ മുക്കളിലത്തെ കമന്റ് എന്നായിരിക്കും
1.. ഇങ്ങ്നനെയുള്ള കമന്റുകള്‍ ഞാന്‍ ഈയിടെയായി കാണുന്നു.
2.. മൌനം വിദ്വാനു (മണ്ടനും ) ഭൂഷണം
3. വായിക്കുന്നവന്റെ മനോഗതിക്കനുസരിച്ചു ആ കമന്റ് വളച്ചൊടിക്കാം .

അച്ചാറൊക്കെ ഉണ്ടാക്കി വെച്ചോളൂ... എന്നിട്ടറിയിക്കു....
ഞാന്‍ അതിവിടെ എത്തിക്കേണ്ട വിദ്യ പറഞ്ഞു തരാം
qw_er_ty

sandoz said...

ഈ മാങ്ങപെരക്ക്‌ സു ഇട്ട പേരോ അതോ കണ്ണൂര്‍ സൈഡില്‍ ഈ സംഭവത്തിനു പറയുന്ന ഒറിജിനല്‍ പേരോ

Anonymous said...

മാങ്ങാപ്പെരുക്കു് എന്നാണു് എന്റെ നാട്ടില്‍, മാങ്ങാ അച്ചാറിനു മാങ്ങാക്കറിയെന്നും. നല്ല സ്വാദ്, പക്ഷെ കിട്ടാനില്ല.

Anonymous said...

ഈ പച്ചമാങ്ങാ എന്നു കേട്ടപ്പോ തന്നെ വായില്‍ വെള്ളം വന്നു.. ഇതെവിടെയാ കിട്ട്വാ.. :-)

Anonymous said...

സൂവേച്ചി
നാലമത്തേല്‍ വെള്ളരിക്ക ആദ്യം ഇട്ടാല്‍ കുറേ വെന്തു പോവില്ലെ? അതോ അങ്ങിനെയാണൊ? ഞാന്‍ ആ കറി കൂട്ടീട്ടേയില്ല.

rp said...

സൂവേച്ചീ, അധികം പഴുക്കാത്ത മാങ്ങ കൊണ്ട് എന്തൊക്കെ ഉണ്ടാക്കാന്‍ പറ്റും? ഇവിടെ ഞാന്‍ പച്ചമാങ്ങ വാങ്ങികൊണ്ടുവന്നു മുറിച്ചുനോക്കുമ്പഴെല്ലാം ഉള്ളില്‍ നേരിയ മഞ്ഞ കളര്‍ ആയിരിക്കും, കണ്ടാലോ നല്ല പച്ച മാങ്ങ പോലെ ഇരിക്കുകയും ചെയ്യും. മുറിച്ച സ്ഥിതിക്ക് പിന്നെ പഴുപ്പിക്കാനും പറ്റില്ല. സങ്കടം വരും. ദാ ഇപ്പഴും ഉണ്ട് ഫ്രിഡ്ജില്‍ രണ്ടെണ്ണം, ഇന്നലെ അച്ചാറിടാന്‍ വാങ്ങിയതാ, മുറിച്ചപ്പോള്‍ പഴുത്തു തുടങ്ങിയിരിക്കുന്നു, അങ്ങനെതന്നെ ഫ്രിഡ്ജിലേക്കുവെച്ചു. സൂവേച്ചി സഹായിച്ചാല്‍.....

ബിന്ദു said...

മാങ്ങയുടെ കാലം ആയൊ? വായില്‍ വെള്ളം വരുന്നു.:)

കുട്ടന്മേനൊന്‍::KM said...

ഒന്നും മൂന്നും പാചകവിധികളില്‍ കായത്തോടൊപ്പം ഉലുവയും ചേര്‍ക്കുമെന്ന് തോന്നുന്നു. ഒന്നാമത്തെ വിധിയില്‍ അല്പം വിനാഗിരിയും ചേര്‍ക്കില്ലേ ?
qw_er_ty

ചില നേരത്ത്.. said...

ബിന്ദുചേച്ചീ
മാങ്ങാകാലമോ? ഈ തുലാമഴ കാലം തെറ്റി വൃശ്ചികത്തിലും തകര്‍ത്ത് പെയ്യുന്ന കാലത്തോ? നല്ല കഥ!!

അഗ്രജന്‍ said...

മാങ്ങ - ഉപ്പ്...

എന്‍റെ വായിലിപ്പോള്‍ മുല്ലപ്പെരിയാറിന്‍റെ കപ്പാക്കിറ്റി തകര്‍ക്കാനുള്ള വെള്ളമുണ്ട്... നല്ല നീരൊഴുക്ക് :)

മാങ്ങാ തന്ത്രങ്ങള്‍ കലക്കീട്ടോ സൂ :)

നല്ല പുളിയുള്ള പച്ചമാങ്ങയുടെ ഒരു പീസ്, അമ്മിയുടെ മുകളില്‍ മലര്‍ത്തി വെക്കുക, ഇത്തിരി മുളകുപൊടിയും ഉപ്പും അതിന്‍റെ മോളില്‍ തൂവുക... അമ്മിക്കുഴയെടുത്ത് പതുക്കെ അതിന്‍റെ മോളിലൊന്നു ഇടിക്കുക...

വൌ... എന്നാ രുചി!

സു | Su said...

പട്ടേരി :) മുകളിലത്തെ കമന്റ് എന്തിനാണെന്ന് ഞാന്‍ ചോദിക്കില്ല. ഞാനും വെയ്ക്കാറുണ്ട് അത്തരം കമന്റുകള്‍. കണ്ടു, വായിച്ചു, യോജിക്കുന്നു, തല്‍ക്കാലം ഈയൊരു കമന്റിനേ നിവൃത്തിയുള്ളൂ എന്നൊക്കെയാവാം അര്‍ത്ഥം എന്ന് ഞാന്‍ വിചാരിക്കും.

സാന്‍ഡോസ് :) വീട്ടില്‍ അതിന് മാങ്ങാപ്പെരക്ക് എന്നാണ് പറയുന്നത്.

പെരിങ്ങോടന്‍ :) മാങ്ങാക്കറിക്ക്, മാങ്ങ അച്ചാര്‍ എന്ന് പറയാറില്ല, ഞങ്ങളും. പലരും അങ്ങനെ പറയുന്നു എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ഒരു പേരിട്ടത്. അല്ലെങ്കില്‍, മാങ്ങാക്കറി, നാരങ്ങാക്കറി, നെല്ലിക്കാക്കറി... ഇങ്ങനെയാണ്.


പുഴയോരം :) കടകളില്‍ കിട്ടുന്നുണ്ട്.

ഇഞ്ചിപ്പെണ്ണേ :) വീണ്ടും സ്വാഗതം. വെള്ളരിക്ക വേവിച്ചതിനു ശേഷമാണ് മാങ്ങ ഇടുക. മാങ്ങ, ചൂടാവുമ്പോഴേക്കും വേവും. സാമ്പാറില്‍ തക്കാളിയും അങ്ങനെ ഒടുവില്‍ ആണ് ചേര്‍ക്കുക.

ആര്‍.പി :) വെള്ളരിക്കയുടെ കൂടെ ഇടാം. വെറുതെ മാങ്ങ മാത്രം കറി വെക്കാം. അല്ലെങ്കില്‍ അച്ചാര്‍ തന്നെ ആക്കാം. അവിയലില്‍ ഇടാം.

ബിന്ദൂ :) വീടുകളിലൊന്നും മാങ്ങ ആയില്ല. കടകളില്‍ കിട്ടുന്നുണ്ട്. എനിക്ക് മാങ്ങ കണ്ടാല്‍പ്പിന്നെ വേറൊന്നും വേണ്ട. ക്യാമറ കേടായി. അതാ ഫോട്ടോ ഇല്ലാത്തത്.

ഇബ്രൂ :) വീട്ടിലെ മാവില്‍ അല്ലേ ഇല്ലാതുള്ളൂ.

കുട്ടമ്മേനോന്‍ :) ഉലുവപ്പൊടി ചേര്‍ക്കാറുണ്ട്. പക്ഷെ ഇതൊക്കെ എളുപ്പക്കറി ആയിട്ട് എഴുതിയതാണ്. വിനാഗിരിയും വെളുത്തുള്ളിയുമൊക്കെ ചേര്‍ക്കുന്നവരുണ്ട്. ഞങ്ങള്‍ ചേര്‍ക്കാറില്ല.


അഗ്രജാ :) അവിടെ കിട്ടാന്‍ തുടങ്ങിയില്ലേ? ഇവിടെ കടയിലൊക്കെ ഉണ്ട്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]