Friday, April 11, 2008

ചേമ്പ് സാമ്പാര്‍

വലിയ ചേമ്പും ചെറിയ ചേമ്പും വാങ്ങാന്‍ കിട്ടും. പലതരം വിഭവങ്ങള്‍ ഉണ്ടാക്കാം. അതിലൊന്നാണ് ചേമ്പ് സാമ്പാറും.

ചേമ്പ്
തുവരപ്പരിപ്പ്
നെല്ലിക്കാവലുപ്പത്തിലും അല്‍പ്പം കൂടുതല്‍ പുളി വെള്ളത്തിലിട്ട്, കുറച്ചുനേരം കഴിഞ്ഞ് പുളി പിഴിഞ്ഞ് ആ വെള്ളം എടുക്കുക.
തേങ്ങ കരിയാതെ, ചുവക്കെ വറുത്തത്.
ചുവന്ന മുളക്.
മല്ലി/കൊത്തമല്ലി.
നാലഞ്ച് മണി ഉലുവ.
കായം - പൊടി.
ഉപ്പ്.
വറവിടാന്‍ കടുക്, മുളക്, കറിവേപ്പില ഇവയൊക്കെയാണ് വേണ്ടത്.
ഒരു വലിയ ചേമ്പ് മതി. തോലൊക്കെക്കളഞ്ഞ് ചെറുതാക്കി മുറിക്കുക. കഴുകുക. മൂന്ന് ടേബിള്‍ സ്പൂണ്‍ തുവരപ്പരിപ്പ് കഴുകിവൃത്തിയാക്കി എടുക്കുക. മഞ്ഞള്‍പ്പൊടിയും ഇട്ട്, പരിപ്പും, ചേമ്പും വേവിക്കുക. വേഗം വേവും ചേമ്പ്. ഒന്നൊന്നര ടേബിള്‍സ്പൂണ്‍ വറുത്തെടുത്ത തേങ്ങയും (വറുത്തെടുത്തതിനു ശേഷം ഒന്നര ടേബിള്‍സ്പൂണ്‍) വറുത്തെടുത്തിട്ടുള്ള, രണ്ട് ടീസ്പൂണ്‍ മല്ലിയും, രണ്ടോ മൂന്നോ ചുവന്ന മുളകും നന്നായരച്ചെടുക്കുക. മിനുസമായിട്ട് വേണം. നാലഞ്ച് മണി ഉലുവയും വറുത്തെടുത്ത് ഇതിനോടൊപ്പം അരയ്ക്കണം. മല്ലി നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമാണെങ്കില്‍ കൂടുതല്‍ എടുക്കാം. എന്നുവെച്ച് അധികമൊന്നും ആവരുത്.
വേവിച്ചത്, ഉപ്പും ഇട്ട്, പുളിവെള്ളവും ഒഴിച്ച് തിളപ്പിക്കുക. കായപ്പൊടി കുറച്ച് ഇടുക.
തേങ്ങ കൂട്ടുക. വെള്ളം വേണ്ടതുപോലെ കൂട്ടുക. ചേമ്പും പരിപ്പും കൊഴുത്തിരിക്കും. എന്നാലും കുറേ വെള്ളം ചേര്‍ക്കരുത്. പുളിവെള്ളം ഒഴിച്ചതിന്റെ കൂടെ ഒഴിച്ചാലും മതി.
വറവിടുക.

2 comments:

ശ്രീ said...

സാമ്പാറില്‍ ഉലുവ ഇടാമല്ലേ?
:)

തേങ്ങ അരച്ചു വച്ച സാമ്പാര്‍ കൂട്ടിയിട്ട് നാളു കുറേയായി.
:(

സു | Su said...

ശ്രീ :)
ഉലുവപ്പൊടി ഇടാം. അല്ലെങ്കില്‍ അരയ്ക്കുന്നതിന്റെ കൂടെ, അല്ലെങ്കില്‍ പൊടിച്ചുവയ്ക്കുന്നതിന്റെ കൂടെ ഒക്കെ ചേര്‍ക്കും.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]