മമ്പയര്‍ എന്നാണ് ഇതിനെ ഞങ്ങള്‍ പറയാറുള്ളത്. ഓലനിലാണ് മിക്കവാറും ഇടാറുള്ളതും. ചുവന്നതും വെളുത്തതും ഉണ്ട്. തേങ്ങയരച്ചുകൂട്ടിയും, അരച്ചുകൂട്ടാതേയും ചപ്പാത്തിയുടേയും, ചോറിന്റേയും കൂടെ മമ്പയര്‍ കറി വെച്ച് കൂട്ടാം.
ഇത് അധികനേരമൊന്നും വെള്ളത്തിലിട്ടില്ലെങ്കിലും, വേവും. പക്ഷെ രാവിലെ വയ്ക്കാന്‍ രാത്രിയില്‍ത്തന്നെ വെള്ളത്തിലിട്ടുവയ്ക്കുന്നതാണ് നല്ലത്. മൂന്നോ നാലോ ടേബിള്‍സ്പൂണ്‍ മമ്പയര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത്, കുക്കറിലിട്ട്, മഞ്ഞളും, അര ടീസ്പൂണ്‍ മുളകുപൊടിയും ഇട്ട് നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഉപ്പും ഇട്ട് ഒന്ന് ഉടച്ചുവയ്ക്കുക. ചപ്പാത്തിക്കറി ആണെങ്കില്‍ നല്ലപോലെ വേവുന്നതാണ് നല്ലത്. പാത്രമോ ഫ്രൈയിംഗ് പാനോ എടുത്ത് വെളിച്ചെണ്ണ/ പാചകയെണ്ണ ഒഴിക്കുക. ചൂടായാല്‍ അതില്‍ മമ്പയറിന് വേണ്ട കണക്കില്‍ കടുകും, ജീരകവും, കറിവേപ്പിലയും വറവിടുക. ഉഴുന്നിഷ്ടമാണെങ്കില്‍ അതും ഇടാം. വലിയ ഉള്ളി/ അഥവാ സവാള രണ്ടെണ്ണം ചെറുതായി അരിഞ്ഞതും ഇട്ട് നന്നായി ഇളക്കുക. അത് വെന്തതിനു ശേഷം, രണ്ടുമൂന്ന് വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക. വലുതാണെങ്കില്‍ മൂന്നല്ലി. ചെറിയ വെളുത്തുള്ളി ആണെങ്കില്‍ അഞ്ചാറെണ്ണം. കാല്‍ ടീസ്പൂണ്‍ ഗരം മസാലപ്പൊടി ഉണ്ടെങ്കില്‍ ഇടുക. ഗരം മസാല ഇല്ലെങ്കില്‍ ഏതെങ്കിലും വെജിറ്റബിള്‍ മസാലയോ മീറ്റ് മസാലയോ ഉണ്ടെങ്കില്‍ ഇടാം. പക്ഷെ മുളകുപൊടി ആദ്യം ഇട്ടത് ഓര്‍മ്മിച്ചിട്ട് ഇത് ഇടുക. അല്ലെങ്കില്‍ എല്ലാം കൂടെ ഒരു എരുപ്പരുവം ആവും. വെന്ത മമ്പയറും കൂടെ യോജിപ്പിച്ച് അല്‍പ്പം വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് അഞ്ചാറ് മിനുട്ട് വേവിക്കുക. ആദ്യം മമ്പയര്‍ വെന്തുകഴിഞ്ഞപ്പോള്‍, അതില്‍ വെള്ളം ഇല്ലെങ്കില്‍ വേറെ വെള്ളം ചേര്‍ത്താല്‍ മതി. അല്ലെങ്കില്‍ ആ വെള്ളം മതിയാവും. മല്ലിയില അരിഞ്ഞത് ഇടുക. മസാലയൊക്കെ ഉണ്ടെങ്കില്‍ മല്ലിയില ഇല്ലെങ്കിലും സാരമില്ല. തയ്യാറായി.
മുളകുപൊടി ഇല്ലെങ്കില്‍ പച്ചമുളക് ഇട്ടാലും മതി. ചതച്ചോ അല്ലെങ്കില്‍ ചെറുതായി അരിഞ്ഞോ. തേങ്ങ ഇടാന്‍ പറ്റുമെങ്കില്‍ വാങ്ങിവെച്ചതിനു ശേഷം ഇടാം. വെറുതെ ചിരവിയിട്ട്. ചപ്പാത്തിയുടെ കൂടെയോ, ചോറിന് തോരന്‍ പോലെയോ കഴിക്കുക.
Subscribe to:
Post Comments (Atom)
5 comments:
കഞ്ഞീം മമ്പയരും.. ഉയ്യെന്റമ്മേ ഒരു ചെമ്പ് കഞ്ഞി കുടിക്കും ഞാന്‍.
കഞ്ഞിക്ക് വെക്കുമ്പോ തേങ്ങയൊക്കെയിട്ട് കൊറച്ച് ഒടച്ച് വെക്കണം.
ഇത് വന്‍പയര്‍ അല്ലേ (പെരുമ്പയര്‍ എന്നും പറഞ്ഞ് കേള്‍ക്കാറുണ്ട്)
മമ്പയര്‍ എന്ന് ആദ്യമായികേള്‍ക്കുകയാണ്.ഒരു പക്ഷെ വന്‍പയര്‍ ലോപിച്ചാകാം
വന്‍പയര്‍ എന്നാണ് ഞങ്ങളും ഇതിനെ പറയാറ്.
കുറച്ചു തേങ്ങയെല്ലാം ഇട്ട് വച്ചാല്‍ അടിപൊളി.
സൂവേച്ചി,
എനിയ്ക് ഇഷ്ടപ്പെട്ട ഒരു ഐറ്റം ആണ് വന്‍പയര്‍.
ആ കറിയും, ചപ്പാത്തിയും കണ്ട് നാവില്‍ വെള്ളമൂറിപ്പോയിട്ടോ ...
വിഷുവിന്റെ സ്പെഷ്യല്‍ പാചകക്കുറിപ്പ് എന്താണോ എന്തോ ???
വിഷു ആശംസകള്‍...
ശ്രീലാല്‍ :) കഞ്ഞിയുടെ കൂടെ നോക്കിയില്ല ഞങ്ങള്‍. ഇനി നോക്കും തീര്‍ച്ചയായിട്ടും. ചോറിനാണെങ്കിലും നന്നായി വേവുന്നതുതന്നെ നല്ലത്.
രാധേയന്‍ :) വന്‍പയര്‍ തന്നെ. മമ്പയര്‍ എന്നു ഞങ്ങള്‍ പറയും എന്നെഴുതിയത് അതാണ്. വന്‍പയര്‍ പറഞ്ഞുപറഞ്ഞ് അങ്ങനെ ആയതാണ്.
ശ്രീ :) ചപ്പാത്തിയ്ക്ക് ആവുമ്പോള്‍ തേങ്ങയൊന്നും വേണ്ടെന്ന് കരുതി.
ഹരിശ്രീ :) വിഷുവിന് എന്തൊക്കെയാണോ ഉണ്ടാവുക. സദ്യയുണ്ട് എന്തായാലും. അതു തീരുമാനിച്ചു. തിരക്കാവും എന്തായാലും.
Post a Comment