Wednesday, November 05, 2008

അപ്പം

അപ്പം ഞങ്ങളുടെ വീട്ടിലെ സ്ഥിരം പലഹാരമൊന്നുമല്ല. വല്ലപ്പോഴും ഒരിക്കൽ മാത്രം. അമ്മായിയാണ് ഇതിന്റെ പാചകം പറഞ്ഞുതന്നത്. എന്നാലും ഇടയ്ക്കൊക്കെ ഉണ്ടാക്കുമ്പോൾ വീണ്ടും ചോദിക്കും. എന്റെ കസിനെ വിളിച്ചും ഇടയ്ക്ക് ചോദിക്കും. അവൾ ഇടയ്ക്കൊക്കെ സുഹൃത്തുക്കളൊക്കെ പുതിയ പുതിയ രീതിയിൽ ചെയ്യുന്നത് പറഞ്ഞുതരും. ചോറ് ഞങ്ങൾ ചേർക്കാറൊന്നുമില്ല. കസിന്റെ കൂട്ടുകാരികളൊക്കെ ചോറ് ചേർത്തിട്ടാണ് അപ്പമുണ്ടാക്കുന്നതെന്ന് അവൾ പറഞ്ഞിരുന്നു. ഉണ്ടാക്കാൻ വിഷമമൊന്നുമില്ല. ഉണ്ടാക്കിക്കഴിഞ്ഞാൽ തിന്നാൻ ഒട്ടും വിഷമമില്ല. പഞ്ഞിപോലെ ഇരിക്കും. കൂട്ടൊക്കെ നന്നായാൽ.

അപ്പച്ചട്ടി നിർലെപ് ആണ് ഇവിടെയുള്ളത്.

പച്ചരി - സാധാരണ ഗ്ലാസ്സിന് (കാൽ ലിറ്റർ കൊള്ളുന്നതിന്) രണ്ട് ഗ്ലാസ്സ്.
തേങ്ങ - ഒരു വലിയ മുറി.
തേങ്ങവെള്ളം - രണ്ട് തേങ്ങയുടേതോ അല്ലെങ്കിൽ ഒരു ചെറിയ ഗ്ലാസ്സ് നിറച്ചും.
പഞ്ചസാര - രണ്ട്/ മൂന്ന് ടീസ്പൂൺ.
യീസ്റ്റ് - 3 മണി.
ഉപ്പ് - പാകത്തിനെടുക്കുക.

തേങ്ങവെള്ളം പഞ്ചസാരയിട്ടിളക്കി ഒരുദിവസം മുഴുവൻ പുളിപ്പിക്കാൻ വയ്ക്കണം. വേഗം പുളിച്ചാൽ ഭാഗ്യം. അതു കുടിച്ച് സ്വാദ് നോക്കി തീ ർക്കരുത്. ആകെ അത്രയേ ഉള്ളൂ.

തേങ്ങ കഷണങ്ങളൊന്നുമില്ലാതെ ചിരവിയെടുക്കണം. അടിഭാഗത്തെ കറുത്തുചുവന്നത് ഇടാതെ അത്രയും അളവിൽ വേറൊരു തേങ്ങയിൽ നിന്ന് നല്ല ഭാഗം ചിരവിച്ചേർത്താലും മതി.

പച്ചരി വെള്ളത്തിലിട്ട് ആറു മണിക്കൂർ കഴിയുമ്പോൾ ചിരവിയ തേങ്ങയും ഇട്ട്, പുളിപ്പിച്ച തേങ്ങവെള്ളം, യീസ്റ്റ്, ഉപ്പ് എന്നിവയിട്ട് വെള്ളവും ചേർത്ത് നല്ല മിനുസമായിട്ട് അരയ്ക്കണം. അരഞ്ഞുകഴിഞ്ഞാൽ വെണ്ണയേതാ അരച്ച മാവേതാന്ന് മനസ്സിലാവരുത്. ദോശമാവിനേക്കാളും വെള്ളം വേണം അരവ് കഴിഞ്ഞാൽ. എന്നുവെച്ച് കടൽ കയറ്റിയാൽ സ്ട്രോ വെച്ച് കുടിക്കേണ്ടിവരും. ;)
ഒരു ടേബിൾസ്പൂൺ റവ അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ, വളരെ മിനുസമായി പൊടിച്ച അരി അല്ലെങ്കിൽ അരച്ച മാവിൽ നിന്ന് അല്പം, അടുപ്പത്തു ചൂടുവെള്ളത്തിൽ കുറുക്കി മാവിലേക്ക് ചേർക്കണം. ഞാൻ അരിപ്പൊടിയാണ് ചേർത്തത്.

എന്നിട്ട് പുളിപ്പിക്കാൻ വയ്ക്കണം. രാവിലേ നേരത്തേ അരച്ചാൽ രാത്രി തയ്യാറാവും. വൈകുന്നേരം അരച്ചാൽ രാവിലെ ഉണ്ടാക്കാം. പുളിക്കണം ഏതായാലും.അപ്പച്ചട്ടി ചൂടാക്കി അതിൽ കുറച്ച് മാവൊഴിച്ച് പെട്ടെന്നുതന്നെ അപ്പച്ചട്ടിയെടുത്ത് കറക്കി മാവ് വട്ടത്തിൽ അപ്പച്ചട്ടി മുഴുവൻ പരത്തുക.അപ്പച്ചട്ടിയുടെ കാതിൽ പിടിച്ചാൽ മതി. സ്പൂണുകൊണ്ടൊന്നും പരത്തരുത്. എന്നിട്ട് അടച്ചുവെക്കുക. കുറച്ചുകഴിഞ്ഞുനോക്കുമ്പോൾ നടുഭാഗം പൊന്തിയിട്ടുണ്ടാവും. വെന്തിട്ടുണ്ടാവും. മറിച്ചിടാറില്ല. എടുത്തുവയ്ക്കുക. അടുത്തതിനു ഒഴിക്കുക. തീ കുറച്ചു വയ്ക്കണം. ഒന്നു വെന്താൽ. ആദ്യം തുറന്നുനോക്കിയാൽ മനസ്സിലാവും. എടുത്തുകഴിഞ്ഞാൽ തീ കുറച്ചാലും മതി. ഒഴിച്ച് വേഗം തന്നെ പരത്തണം. ഇല്ലെങ്കിൽ നടുവിൽ മാത്രം ആവും.ഇന്നുണ്ടാക്കിയത് വളരെ പതുപതുങ്ങനെ ആയി. പണ്ട് അലൂമിനിയം ചീനച്ചട്ടിയിലായിരുന്നു ഉണ്ടാക്കാറ്. അത് എടുത്തുകിട്ടാൻ പ്രയാസം ആയിരുന്നു. നോൺ - സ്റ്റിക്കിൽ നിന്ന് വേഗം എടുക്കാം. കൈകൊണ്ട് വലിച്ചാൽ മതി. കൈ പൊള്ളിയാൽ എന്നെ കുറ്റം പറയരുത്. ;)

സത്യത്തിൽ ഒരു ബ്ലോഗറെന്നല്ലാതെ എനിക്കു മേരിക്കുട്ടിയെ അറിയില്ല. പലരേയുംഅറിയുന്നതുപോലെത്തന്നെയേ അറിയൂ. മേരിക്കുട്ടി കാര്യമായിട്ടാണോ ചോദിച്ചത് എന്നും അറിയില്ല. പക്ഷേ, ചാവാൻ കിടക്കുമ്പോൾ മേരിക്കുട്ടിയാണ് അടുത്തുള്ളതെങ്കിൽ, നിങ്ങളോടന്ന് അപ്പം ചോദിച്ചിട്ട് ഉണ്ടാക്കിത്തന്നില്ലല്ലോ, ഒരിറ്റു വെള്ളം ഞാൻ തരില്ല എന്നെങ്ങാൻ മേരിക്കുട്ടി പറഞ്ഞാലോ? (സീരിയസ്).


എന്തായാലും അപ്പം ഉണ്ടാക്കി. ഇനി തിന്നേക്കാം. കൂട്ടിക്കഴിക്കാൻ കുറുമയാണുണ്ടാക്കിയത്.
ചോറു ചേർത്തും കള്ളുചേർത്തും തേങ്ങാപ്പാലൊഴിച്ചും ഒക്കെ ഉണ്ടാക്കുമെന്ന് കേട്ടിട്ടേയുള്ളൂ. അപ്പം ഞങ്ങളുണ്ടാക്കുന്നത് ഇങ്ങനെയാണ്. ഇത് നന്നായിട്ടുവരും. ശരിക്കും ചെയ്താൽ.

12 comments:

CasaBianca said...

:)

smitha adharsh said...

അരച്ച മാവില്‍ നിന്നു ടേബിള്‍ സ്പൂണ്‍ മാവെടുത്ത്‌ ഒരു ഗ്ലാസ് വെള്ളം ചേര്ത്തു കുറുക്കി ഇതില്‍ ചേര്ത്തു പുളിപ്പിച്ച് നോക്കൂ..സ്വാദ് കൂടും,ചോറ് അരച്ച് ചേര്‍ക്കുന്നത്,അതിന് തന്നെ എന്ന് തോന്നുന്നു.ചോറ് ഞാന്‍ ഇതു വരെ അരച്ച് ചേര്ത്തു നോക്കിയിട്ടില്ല.
മേരിക്കുട്ടി,എന്തായാലും വെള്ളം തരും..ഉറപ്പ്

സു | Su said...

കാസാ :)

സ്മിത :) എഴുതാൻ വിട്ടുപോയതാണ്. അരിപ്പൊടി കുറുക്കിച്ചേർത്തിരുന്നു. നന്ദി.

മേരിക്കുട്ടി(Marykutty) said...

സു ചേച്ചി...ഒത്തിരി ഒത്തിരി താന്ക്സേ..

പിന്നെ, ഞാന്‍ പണ്ടു പറഞ്ഞ പോലെ, കറിവേപ്പില സ്ഥിരം വായിക്കുമായിരുന്നു..ഗൃഹലക്ഷ്മിയില്‍ നിന്നാണ് ഈ ബ്ലോഗിന്റെ പേരു കിട്ടിയത്..ആ ഗൃഹലക്ഷ്മി കിട്ടാന്‍ കാരണം, ആ ലേഖനത്തില്‍ ഉള്ള മഞ്ജു(durga) എന്റെ സഹപ്രവര്ത്തകയായിരുന്നു, അന്ന്.

കറിവേപ്പിലയില്‍ കമന്റ് ഒന്നും ഇടാറുന്ണ്ടായിരുന്നില്ല..പിന്നെ ഒരിക്കല്‍ ബ്ലോഗ് ക്ഷണിക്കപെട്ടവര്‍ക്ക് മാത്രമാക്കി എന്ന് തോന്നി(ചേച്ചി പരീക്ഷിച്ചതായിരുന്നു)അന്നാണ്,കണ്ണിന്റെ വില അറിഞ്ഞത്.. അന്ന് മുതല്‍ ഇന്നു വരെ കമന്റ് ഇടുന്നു... എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ബ്ലോഗ്..

കല്യാണം കഴിഞ്ഞിട്ട് 6 മാസം ആകുന്നെ ഉള്ളു..കെട്ട്യോന് ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍ ഇഷ്ടമാണ്..നിറപറ അപ്പം മിക്സ് വാങ്ങി.. അത് എനിക്ക് ഇഷ്ടമായില്ല..എന്റെ വീട്ടില്‍ അപ്പം മിക്സ് വാങ്ങുകയാണ് ചെയ്യാറ്... അത് കൊണ്ടു ചേച്ചിയോട് ചോദിക്കാം ന്നു വച്ചു :). ഉണ്ടാക്കുന്നത്, ഇനിയും 2 ആഴ്ച കഴിയും, കാരണം ഭര്ത്താവ് കൊറിയയില്‍ ആണിപ്പോ..പിന്നെ, അപ്പം പരത്താന്‍, എനിക്ക് വശമില്ല..പുള്ളിക്ക് നല്ല വശമാണ് താനും.

കമന്റ് കഥ പോലെയായി...

ജെസ്സ് said...

സു

ഞങ്ങളിതിനു പാലപ്പം അഥവാ വെള്ളേപ്പം എന്നാണു പറയുക.

കൃസ്ത്യാനികളുടെ പ്രധാനപ്പെട്ട പ്രാതല്‍ വിഭവം ആണിത്.

പുളിച്ചു പൊങ്ങിയ മാവില്‍ പിറ്റേന്ന് രാവിലെ ഉണ്ടാക്കുന്നതിനു മുന്പ് അല്പം ഇളം ചൂടു പാലോ തേങ്ങാ പാലോ ചേര്‍ത്താല്‍ വളരെ നല്ലതാണ്. ( അത് കൊണ്ടാണ് ഇതിന് പാലപ്പം എന്ന പേരു )

Kiranz..!! said...

പണ്ട് പള്ളീല്‍പ്പോയി കിട്ടാത്ത അപ്പത്തിനു പ്രതികാരമാണോ സൂവേച്ച്യേ..?

ഉണ്ടാപ്രി said...

സൂവേച്ചീ,
മാവിത്തിരി കൂടി പുളിക്കാനുണ്ടെന്ന് തോന്നുന്നു.
പിന്നെ മേരിക്കുട്ടി മാഡം , ഞാന്‍ നിറപറ ഉഗ്രനാണു കേട്ടോ...
ഒന്നു കൂടീ ശരിയായി ശ്രമിച്ചു നോക്കൂ..എന്റെ ഒരു പരീക്ഷണം ഇവിടെ ഉണ്ട് കേട്ടാ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

: )

സു | Su said...

മേരിക്കുട്ടീ :) മേരിക്കുട്ടി വിശദമായി ഒന്നും പറയണമെന്നില്ല കേട്ടോ. എന്റെ ബ്ലോഗ് വായിക്കുന്നതിലും അഭിപ്രായം പറയുന്നതിലും സന്തോഷമേയുള്ളൂ. സമയം കിട്ടുന്നതുപോലെ ചെയ്യുക. അപ്പം ഉണ്ടാക്കിനോക്കുക.

ജെസ്സ് :) നന്ദി. ഇനി ഞാനും പാലൊഴിച്ച് നോക്കും. തേങ്ങാപ്പാൽ.

കിരൺസ് :)

ഉണ്ടാപ്രീ :) ഇനിയും പുളിക്കണമായിരുന്നോന്ന് അറിയില്ല. ഇതു പുളിച്ചിരുന്നു. എന്തായാലും വളരെ സോഫ്റ്റ് ആയിരുന്നു. ദോശേടെ ലിങ്ക് മാത്രം വയ്ക്കല്ലേ. ഹിഹി.

ബഷീറേ :)

lakshmy said...

മാവ് കുറുക്കി ചേർക്കുന്നതിനു പകരമായാണ് ഞങ്ങൾ ചോറരച്ചു ചേർക്കുന്നത്. പിന്നെ മുട്ട അടിച്ചു ചേർക്കുന്നതും നല്ലതാണത്രേ. അത് ഇവിടെ വന്നതിനു ശേഷം ചില ഫ്രന്റ്സ് പറഞ്ഞറിഞ്ഞതാ. ചെയ്തു നോക്കി, നന്നായിരുന്നു

സു | Su said...

ലക്ഷ്മി :) പറഞ്ഞതിനു നന്ദി. ശ്രമിച്ചുനോക്കാം അതും. മുട്ട കഴിക്കുന്ന ശീലമില്ല. അതുകൊണ്ട് പരീക്ഷിക്കാൻ വയ്യ.

entelokam said...

kollam

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]