Thursday, February 28, 2008

ചായയോ കാപ്പിയോ?

ആരുടെയെങ്കിലും വീട്ടില്‍ ചെല്ലുമ്പോഴും, ഹോട്ടലില്‍ ചെല്ലുമ്പോഴുമൊക്കെ ചോദ്യം കേള്‍ക്കും. ചായയോ കാപ്പിയോ എന്ന്. എനിക്കിഷ്ടം കാപ്പിയാണ്. പണ്ടുമുതല്‍ക്കേ രാവിലെ കാപ്പി, വൈകുന്നേരം ചായ എന്നൊരു ശീലമായിരുന്നു. അതങ്ങനെ തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു. ചായയും കാപ്പിയും കുടിക്കാത്തവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇഷ്ടമില്ലാത്തതും, ശീലമില്ലാത്തതും, ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടുമൊക്കെ ചായയും കാപ്പിയും വേണ്ടാന്ന് വെച്ചവര്‍.
കാപ്പിയേയും ചായയേയും കുറിച്ച് പലയിടത്തും വായിക്കാം. കഴിക്കരുതെന്ന് ചിലര്‍. ആരോഗ്യത്തിനു നല്ലതെന്ന് ചിലര്‍. ഇതൊന്നും ശ്രദ്ധിക്കാതെ കാപ്പിയും ചായയും കുടിക്കുന്നവര്‍ പലരും.
മഴക്കാലത്ത് ചൂടുകാപ്പിയും കുടിച്ച് ഇരിക്കാന്‍ എനിക്കിഷ്ടമാണ്.
ഇത് ചായ കാപ്പി പുരാണമൊന്നുമല്ല. ഇത് വെറും കരുപ്പട്ടിക്കഥയാണ്. കരുപ്പട്ടിയെക്കുറിച്ച് വിശദമായി ഒന്നും അറിയില്ല. കരുപ്പട്ടി കുറച്ചു കിട്ടി.അതുകൊണ്ട് അതിന്റെ കാപ്പി പരീക്ഷിച്ചുകളയാം എന്നു കരുതി. തിരയാനുള്ളിടത്തൊക്കെപ്പോയി തിരഞ്ഞു. കാര്യമായി ഒന്നും കിട്ടിയില്ല. ഇവിടെ കുറച്ച് വിവരം ഉണ്ട്.


ശര്‍ക്കരക്കാപ്പി പോലെയാണ് കരുപ്പട്ടിക്കാപ്പിയും. പാലൊഴിക്കാതെ. ഇനി പാലൊഴിച്ച് ഉണ്ടാക്കുമോയെന്തോ. അറിവുള്ളവര്‍ പറഞ്ഞുതരിക.

വെള്ളം വെച്ച് ഇത് ഒരു കഷണം പൊടിച്ചിട്ട്, തിളച്ചാല്‍ കാപ്പിപ്പൊടിയും ഇടുക. മധുരം ഇല്ലെങ്കില്‍ വീണ്ടും ഇടുക. എനിക്കിതിന്റെ സ്വാദ് അത്ര ഇഷ്ടമൊന്നുമായില്ല.

മസാലച്ചായ

ഏലയ്ക്കയിട്ട് ചായ ഉണ്ടാക്കാറുണ്ട്. ഇത് ഇഞ്ചിയും ഏലയ്ക്കായും ചതച്ചിട്ടാണ് ഉണ്ടാക്കിയത്. നല്ലതാണ്.
അരക്കപ്പ് വെള്ളം വയ്ക്കുക. ഒരു ചെറിയ കഷണം ഇഞ്ചിയും മൂന്നാലു തരി ഏലയ്ക്കായും കൂടെ ചതച്ച് ഇതിലിടുക. അരക്കപ്പ് പാലൊഴിക്കുക. ചായപ്പൊടിയും പഞ്ചസാരയും ഇടുക. നിങ്ങളുടെ അളവില്‍. കുറഞ്ഞുപോകരുത്. കുറച്ചുനേരം തിളച്ച് വറ്റിക്കുക. ഒക്കെ ചെറിയ തീയില്‍ ചെയ്യുക. മസാലച്ചായ റെഡി. നല്ല ചൂടോടെ കുടിക്കുക.

12 comments:

വഴി പോക്കന്‍.. said...
This comment has been removed by the author.
വഴി പോക്കന്‍.. said...

കായയൊ ചാപ്പിയൊ. സോറി ചായയൊ കാപ്പിയൊ??

പണ്ടു പനി വരുമ്പോഴൊക്കെ വീട്ടീല്‍ അമ്മ കരുപ്പട്ടി കാപ്പി ഉണ്ടാക്കി തരാറുണ്ടായിരുന്നു. ഇപ്പോഴും തരാറുണ്ട്...

കുഞ്ഞന്‍സ്‌ said...

സു, എന്റെ വീട്ടില് കരുപ്പട്ടി കാപ്പി പനി വരുമ്പോഴാണ്‌ അമ്മ ഉണ്ടാക്കി തരുക.. കാപ്പിപ്പൊടി ഇടാതെ കുറച്ച് ചുക്കും കുരുമുളകും തുളസിയിലയുമൊക്കെയിട്ടായിരുന്നു അതെന്നാണ്‌ ഓര്മ്മ... ( പനിയൊന്നുമില്ലെങ്കില് തുളസിയിലയും ചുക്കുമൊന്നും കാണില്ല.. പകരം ഒരു കുഞ്ഞു കഷണം നെയ് മുകളില് ഉണ്ടാവും :) )

സന്തോഷ് said...

ഇതു മാറ്റി എഴുതണോ?

:)

നന്ദു said...

ശരിയാ കരുപ്പട്ടി കാപ്പി കുഞ്ഞന്‍സ് പറഞ്ഞപോലെ ഇച്ചിരി നെയ്യിട്ട് കഴിക്കാന്‍ നല്ല രസമാ, പ്രത്യേകിച്ചും മഴക്കാലത്! പനിക്കും ചുമയ്ക്കും ഒക്കെ കുരുമുളകും തുളസിയും മല്ലിയും ഒക്കെയിട്ട് തിളപ്പിച്ച് കഴിക്കാറുള്ളത് ഓര്‍മ്മ വരുന്നു.
ഉത്സവപ്പറമ്പുകളില്‍ ചൂടുകാപ്പി പ്രചാരത്തിലുണ്ടായിരുന്നു ഇപ്പോഴെങ്ങനെയാവൊ?
സൂ നല്ല പോസ്റ്റ്, ഇത്തരം “മണ്മറഞ്ഞുപോയ” സംഗതികള്‍ പോരട്ടെ ഇനിയും!!!

ശ്രീ said...

കരുപ്പെട്ടി കാപ്പി കൊള്ളാം. എനിയ്ക്കിഷ്ടമാണ് അതിന്റെ രുചി. അതു പോലെ ഏലയ്ക്കാ ചായയും.
:)

ശ്രീ said...

സൂവേച്ചീ...
ചായയും കാപ്പിയുമല്ലാത്ത “ജാപ്പി” എന്നൊരു ഐറ്റത്തെ കുറിച്ച് എവിടേലും കേട്ടിട്ടുണ്ടോ?

ചായപ്പൊടി, കാപ്പിപ്പൊടി എന്നിവയ്ക്കു പകരം ഏലയ്ക്കാ, മല്ലി, കുരുമുളക് അങ്ങനെ എന്തൊക്കെയോ ചതച്ച് ഇട്ടിട്ട് ഉണ്ടാക്കുന്ന ഒന്നാണ് അത്. പ്രകൃതിജന്യമായ ഭക്ഷണ ശാ‍ലകളില്‍ കിട്ടും. കൊള്ളാവുന്ന ഒന്നാണ്.
:)

G.manu said...

പാപ്പീ പാപ്പീ വന്നാട്ടീ ഈ
കാപ്പി കുടിച്ചുരസിച്ചാട്ടെ.
പാപ്പാ പാപ്പ പോയാട്ടെ ഒരു
കോപ്പ ചായ കുടിച്ചാട്ടെ

ഹരിശ്രീ said...

എവിടെ നിന്നോ ഒരിക്കല്‍ കരുപ്പെട്ടിക്കാപ്പി കഴിച്ചതിന്റെ രുചി നാവില്‍ വന്നു...

ശാലിനി said...

സൂ എനിക്കെറ്റവും പ്രിയപ്പെട്ട കാപ്പിയാണിത്. വേറെ എന്തുകുടിച്ചാലും ഈ ചക്കരക്കാപ്പികുടിക്കുന്ന സുഖമില്ല.അല്പം കാച്ചിയ പാലൊഴിച്ചാല്‍ പാല്ക്കാപ്പിയായി.

വീട്ടിലിതായിരുന്നു പതിവ്. ഇപ്പോ ചക്കര കണ്ടിട്ടു തന്നെ വര്ഷങ്ങളായി.

സു | Su said...

വഴിപോക്കന്‍ :)

കുഞ്ഞന്‍സ് :) നെയ്‌ക്കാപ്പി. അല്ലേ?

സന്തോഷ്‌ജീ :) വേണ്ട. അതവിടെ കിടന്നോട്ടെ. ഓര്‍മ്മയ്ക്ക്. ;)

നന്ദു :) മണ്മറഞ്ഞതൊക്കെ ഉണ്ടോന്ന് നോക്കാം.

ശ്രീ :) ജാപ്പിയെന്നൊന്ന് കേട്ടു. കണ്ടുമില്ല, കുടിച്ചുമില്ല. നോക്കട്ടെ ആരെങ്കിലും കുടിച്ചോയെന്ന്.

മനൂ :) നല്ല പാട്ട്. കാപ്പിയും ചായയും കുടിക്കുമ്പോള്‍ പാടാം.

ഹരിശ്രീ :)

ശാലിനീ :) ഇനി നാട്ടില്‍ വരുമ്പോള്‍ വാങ്ങിക്കൊണ്ടുപോകൂ.

ആഷ | Asha said...

സു,

കരുപ്പട്ടികാപ്പിയിൽ പാലൊഴിച്ച് കുടിക്കാം. എനിക്ക് അത് ഒത്തിരി ഇഷ്ടമാണ്.
അത് മല്ലികാപ്പിപ്പൊടിയിട്ട് കാപ്പിയിലാണ് ഒഴിച്ച് കുടിച്ചിട്ടുള്ളത്. കാപ്പി ഉണ്ടാക്കി ഗ്ലാസിലൊഴിച്ചു കഴിഞ്ഞ് ലേശം പാൽ മുകളിലൊഴിച്ചാൽ മതി. പാൽ ചേർത്ത് തിളപ്പിക്കേണ്ട ആവശ്യമില്ല.

ഇഞ്ചിയിട്ട് ചായ എനിക്കും ഇഷ്ടമാണ്. :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]