മാങ്ങാക്കാലം വരുന്നു. മാങ്ങ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും.
പച്ചമാങ്ങ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അഞ്ച് വിഭവങ്ങള്‍ ആണ് ഈ തന്ത്രത്തില്‍.

1)മാങ്ങ അച്ചാര്‍- എളുപ്പത്തില്‍
പച്ചമാങ്ങ - 2
മുളകുപൊടി - 1 ടീസ്പൂണ്‍.
കായം, ഉപ്പ് പാകത്തിന്.
പച്ചമാങ്ങ തൊലി കളയാതെ ചെറിയ ചെറിയ (വളരെച്ചെറുത്) കഷണങ്ങളാക്കുക. ഉപ്പിട്ട് യോജിപ്പിച്ച്
അരമണിക്കൂര്‍ വെക്കുക. അതിനുശേഷം, കായവും, മുളകുപൊടിയും ഇട്ട് യോജിപ്പിക്കുക.
ഉപ്പിട്ട് വെച്ചാല്‍ വെള്ളം ഉണ്ടാവും അതില്‍. ചോറിനൊരു അച്ചാര്‍ ആയി എളുപ്പത്തില്‍.

2) മാങ്ങാപ്പെരക്ക്
പച്ചമാങ്ങ - 1
മുളകുപൊടി - 1 ടീസ്പൂണ്‍.
പച്ചമുളക് - 2
മോര് - 1/4 കപ്പ്
തേങ്ങ - 1/4 കപ്പ്
കടുക് - 1/4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്.
മാങ്ങ തൊലി കളഞ്ഞ് കുനുകുനെ അരിയുക. വളരെച്ചെറുതാവണം. മുളകുപൊടി ചേര്‍ക്കുക. ഉപ്പും.
പച്ചമുളകും ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.(നിര്‍ബന്ധമില്ല)
തേങ്ങ അരച്ച്, കടുക് ചേര്‍ത്ത് ഒന്നുകൂടെ അരച്ച്, മാങ്ങയില്‍ യോജിപ്പിക്കുക.
മോര് ചേര്‍ക്കുക.
(അരയ്ക്കുമ്പോള്‍ വെള്ളത്തിനുപകരം
മോരുംവെള്ളം ഒഴിക്കുക). തയ്യാര്‍.
3) മാങ്ങ അച്ചാര്‍.
പച്ചമാങ്ങ.
മുളകുപൊടി
കായം.
ഉപ്പ്.
പാചകയെണ്ണ.
കടുക്
ഉഴുന്നുപരിപ്പ്
മാങ്ങ തോലോടുകൂടെ ചെറിയ കഷണങ്ങളാക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍
കടുകും, ഉഴുന്നുപരിപ്പും ഇട്ട് മൊരിയ്ക്കുക. മുളകുപൊടി, ഇടുക. പെട്ടെന്ന് തന്നെ മാങ്ങ അരിഞ്ഞതും
ഇടുക. (മാങ്ങ അരിഞ്ഞത് എന്നു പറഞ്ഞാല്‍, കത്തിയല്ല, മുറിച്ച മാങ്ങ.;))
കായം, ഉപ്പ് എന്നിവയും ചേര്‍ക്കുക. നന്നായി, ഇളക്കുക.
മൂന്ന്- നാല് മിനുട്ടോളം.
വാങ്ങിവെക്കുക.
തണുത്താല്‍ ഉപയോഗിക്കാം. വല്യ തിരക്കുണ്ടെങ്കില്‍ അതിനുമുമ്പും
ഉപയോഗിക്കാം.
4) മാങ്ങ- വെള്ളരിക്കറി.
മാങ്ങ- 2 തൊലി കളഞ്ഞ് മുറിച്ചെടുത്തത്. അധികം ചെറുതാവരുത്.
ഒരു പകുതി വെള്ളരിക്ക. കഷണങ്ങളാക്കുക.
മുളകുപൊടി - 1 ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
തേങ്ങ - ഒരു കപ്പ്.
ജീരകം - 1ടീസ്പൂണ്‍.
തേങ്ങ ജീരകം ചേര്‍ത്ത് നന്നായി അരയ്ക്കുക.
വെള്ളരിക്ക ഉപ്പും, മഞ്ഞളും മുളകുപൊടിയും ഇട്ട് വേവിക്കുക.
വെന്ത് കഴിഞ്ഞാല്‍ മാങ്ങ ചേര്‍ക്കുക. മാങ്ങ വെന്താല്‍, തേങ്ങ അരച്ചത്
ചേര്‍ക്കുക. മാങ്ങയ്ക്ക് പുളിയില്ലെങ്കില്‍ മോരും ചേര്‍ക്കാം.
തിളച്ച് വാങ്ങിക്കഴിഞ്ഞാല്‍, കടുക്, വറ്റല്‍മുളക്, കറിവേപ്പില,
മൊരിച്ചിടുക.
5) മാങ്ങാ ചട്‌ണി.
വലിയ പച്ചമാങ്ങ - 1 ചെറിയ കഷണങ്ങള്‍ ആക്കിയത്.
ചിരവിയ തേങ്ങ - 1 കപ്പ്.
കറിവേപ്പില - 10 ഇലയെങ്കിലും
ഉപ്പ് - ആവശ്യത്തിന്
ചുവന്ന മുളക് ( വറ്റല്‍ മുളക്) - 4
ആദ്യം തേങ്ങയും, മുളകും, കറിവേപ്പിലയും, ഉപ്പും മിക്സിയില്‍ ഇട്ട് ചതച്ചെടുക്കുക. അതിന്റെ കൂടെ
മാങ്ങ ഇട്ട് അരയ്ക്കുക.വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല.
ഉപ്പും മഞ്ഞളും മുളകുപൊടിയുമൊക്കെ പാചകംചെയ്യുന്ന ആളുടെ, അല്ലെങ്കില്‍
കഴിക്കുന്ന ആളുടെ സൌകര്യത്തിനാണ്. ഒരിക്കലും വേറെ ആളുടെ അളവാകില്ല ഇതിനൊന്നും.
അതുകൊണ്ട്, അതൊക്കെ ആവശ്യമനുസരിച്ച് കൂട്ടുകയോ
കുറയ്ക്കുകയോ ചെയ്യുക.