Saturday, August 18, 2007
കറിവേപ്പിലയിലെ ഓണം
മാവേലിത്തമ്പുരാന്‍ വരാറായി. ഒക്കെ ഒരുങ്ങിയില്ലേ? പൂക്കളമിട്ട്, പുത്തനുടുപ്പിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട്, സമയംകുറേ ആയോ? സദ്യയൊരുക്കങ്ങളൊക്കെ ആയോ? ഓണത്തിന് ഒന്നും കുറയ്ക്കരുത്. ഇഡ്ഡലിയും, സാമ്പാറും തന്നെ ആയ്ക്കോട്ടെ, പ്രാതലിന്. ചട്ണിയില്ലെങ്കില്‍ സാരമില്ല. ചട്ണിപ്പൊടി
മതിയല്ലോ. അല്ലെങ്കില്‍ എന്തിനാ വേണ്ടെന്ന് വയ്ക്കുന്നത്? അല്‍പ്പം തേങ്ങ ചിരവിയെടുത്ത്, ചുവന്നമുളകും, ഉപ്പുമിട്ട്, നന്നായി അരച്ച്, വെള്ളം ചേര്‍ത്ത്, കടുകും, പൊട്ടിച്ച ചുവന്ന മുളകും, കറിവേപ്പിലയും വറുത്ത് ഇട്ടാല്‍, ചട്ണി ആയില്ലേ? നേന്ത്രപ്പഴം പുഴുങ്ങിയതും തയ്യാറാക്കി വെച്ചില്ലേ? നേന്ത്രപ്പഴം മുറിച്ച് പുഴുങ്ങുമ്പോള്‍, അതില്‍ അല്‍പ്പം ശര്‍ക്കര കൂടെ ഇട്ടു നോക്കൂ.
ഊണിനോ? സാമ്പാര്‍, രാവിലെ വെച്ചത് തന്നെ മതി. കൊത്തമല്ലിയും, ചുവന്നമുളകും, അല്‍പ്പം ഉലുവയും, അല്‍പ്പം കായവും വറുത്ത്,ചിരവിയ തേങ്ങയും, വറുത്തരച്ചുവെക്കുന്ന സാമ്പാര്‍ തന്നെ കേമന്‍. അത്രയ്ക്കൊന്നും ഇല്ലെങ്കിലും സാരമില്ലെന്നേ. കാളന്‍, തയ്യാറാക്കിവെച്ചിട്ടുണ്ടല്ലോ. പുളിയിഞ്ചിയില്‍ ശര്‍ക്കര ഇടാന്‍ മറക്കരുത്.
പച്ചടി,പൈനാപ്പിള്‍
തന്നെ ആയ്ക്കോട്ടെ. അതല്ലേ ഇപ്പോ ഫാഷന്‍? വേണ്ടെങ്കില്‍ വേണ്ട. വഴുതനങ്ങയോ, തക്കാളിയോ എടുത്ത്, പൈനാപ്പിളിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചാല്‍പ്പോരേ?
കൂട്ടുകറിയില്‍ വെള്ളം ഒട്ടുംവേണ്ട. വെറുതേ സ്വപ്നം കണ്ടുനിന്നാല്‍, അത് കരിഞ്ഞുപിടിക്കും. അതില്‍ത്തന്നെ ശ്രദ്ധിച്ച് നില്‍ക്കണം. മാങ്ങാക്കറികളൊക്കെ റെഡിയായില്ലേ? മാങ്ങാപ്പെരക്കിന്റെ ആവശ്യം ഇല്ല. എന്തിനാ വെറുതേ? പച്ചടി ഉണ്ടല്ലോ. ചട്ണിയും വേണ്ട. കൂട്ടുകറിയില്ലെങ്കില്‍
എരിശ്ശേരി ആയ്ക്കോട്ടെ. ചേനയും കായയും, കടലപ്പരിപ്പും ഇട്ട് വെക്കുന്നതാവും, ഓണസ്സദ്യയ്ക്ക് നല്ലത്.
ഓലന്‍, ചൂടോടെ തന്നെ ഇരുന്നോട്ടെ. വെള്ളരിക്കയും കുമ്പളങ്ങയും, മത്തനും അല്‍പ്പം, നീളവും വീതിയും വലുതാക്കി, പക്ഷെ കട്ടി, നന്നായി കുറച്ച്, മുറിയ്ക്കുക. ഉപ്പും, പച്ചമുളക്, ചീന്തിയിട്ടതും കൂടെ വേവിക്കുക. വന്‍പയര്‍ ആദ്യം തന്നെ വേവിച്ച് വയ്ക്കണം. വെന്താല്‍ വന്‍പയറും ഇട്ട്, അല്‍പ്പം വെളിച്ചണ്ണയും ഒഴിച്ച് എടുക്കുക. വെള്ളം അധികമാവാതെ നോക്കണം. ഇനി തേങ്ങാപ്പാല്‍ നിര്‍ബന്ധം ആണെങ്കില്‍ അതും ആവാം. തോരന്‍ വേണ്ടേ? കാബേജ് ആയ്ക്കോട്ടെ. വറവ് ചേര്‍ക്കുമ്പോള്‍, ഉഴുന്ന് പരിപ്പും ഇടണം. കടുകും, മുളകും, കറിവേപ്പിലയും ഇടുന്നതിനുമുമ്പ്. ഉള്ളിയൊന്നും വേണമെന്നില്ല.
അവിയല്‍ വേണം എന്തായാലും.
ശര്‍ക്കയുപ്പേരിയും, കായ വറുത്തതും, പപ്പടത്തിന്റെ കൂടെ വിളമ്പാന്‍ മറക്കരുത്. രസവും മറക്കരുത്. അല്‍പ്പം പുളിപിഴിഞ്ഞെടുത്ത വെള്ളത്തില്‍, തക്കാളി, ഉപ്പും, മഞ്ഞളും, ഇട്ട് വേവിച്ച്, ശര്‍ക്കരയും ഇട്ട്, രസം പൌഡറും ചേര്‍ത്താല്‍ രസം, രസമായില്ലേ? വേവിച്ച തുവരപ്പരിപ്പും വേണമെങ്കില്‍ ഇടാം. റെഡിമേയ്ഡ് പൊടികളില്‍ മഞ്ഞളും ഉണ്ടാവും. അതുകൊണ്ട് ചേര്‍ക്കുന്നതിനുമുമ്പ് നോക്കുക.
തുവരപ്പരിപ്പ് വേവിച്ച്, അത് വിളമ്പി, നെയ്യും വിളമ്പാന്‍ മറക്കരുത്. ചോറു വിളമ്പിയാല്‍ ഉടന്‍ വിളമ്പണം.
പായസമോ? കേമമായിക്കളയാം.ചക്കപ്രഥമന്‍ തന്നെ ആയ്ക്കോട്ടെ. പിന്നെ ഒരു ഓണം സ്പെഷലും ആയ്ക്കോട്ടെ ഇത്തവണ.
ഇടയ്ക്ക്, വിശക്കുമ്പോള്‍, ഇതും, പിന്നെ ഇതും,ഓണത്തിനുമുമ്പ് തയ്യാറാക്കിവെച്ചിരുന്നത് കഴിക്കാന്‍ മടിയ്ക്കരുത്.
ഇല വച്ചാല്‍, ആദ്യം കറികളൊക്കെ വിളമ്പണം. ചോറ്, ആദ്യം തന്നെ വിളമ്പിവയ്ക്കരുത്.
എല്ലാ മലയാളികള്‍ക്കും കറിവേപ്പിലയുടെ ഓണാശംസകള്‍. !
Subscribe to:
Post Comments (Atom)
13 comments:
കൊള്ളാം!
അവിയല്‍ ബ്ലോഗും ബ്ലോഗ് അവിയലുമാക്കിയ ഈ പോസ്റ്റിന് ശരിക്കും കറിവേപ്പിലയുടെ സുഗന്ധമുണ്ട്!
സുവിനും ചേട്ടനും ബന്ധുമിത്രാദികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
കറിവേപ്പിലയിലെ ഓണം ഇതസ്സലായി സുവെ ...
സ്നെഹം നിറഞ്ഞ ഓണാശംസകള്‍!
നല്ല ഒന്നാം ക്ലാസ്സ് ഐഡിയ. സ്വന്തം പോസ്റ്റുകളില്‍ നിന്ന് തന്നെ ഒരു ഉഗ്രന്‍ ഓണസദ്യ.
സൂവിനും കുടുംബത്തിനും ഓണാശംസകള്‍ (ഇക്കൊല്ലത്തെ ആശംസാ സീരീസ് ഇവിടെ ഉദ്‌ഘാടനം ചെയ്തിരിക്കുന്നു) :)
സൂ ചേച്ചി... ഓണസദ്യ കൊള്ളാട്ടോ...
"അകലേ ഓണം പുലരുമ്പോള്‍...
ആവണിപ്പൂവും വിരിയുമ്പോള്‍...
അരിയകിനാവേ കൊതിയാകുന്നു...
ചിറകു തരാമോ പോയിമടങ്ങാന്‍...
ഒന്നെന്‍ മണ്ണിന്‍ പൂക്കളം കാണാന്‍..."
ചേച്ചിക്കും കുടുംബത്തിനും ഈ അനിയന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
സൂ, ഈ സദ്യ നന്നായി.
ഊഞ്ഞാലൊക്കെ ആടി, ഓണക്കളിയും കണ്ട്, നല്ല സദ്യയുമുണ്ട്, നന്നായി ഓണം ആഘോഷിക്കൂ. ഇവിടെ പര്‍സല്‍ സദ്യ എവിടെകിട്ടും എന്നന്വേഷിക്കട്ടെ.
പൂക്കളം ഇട്ടുതുടങ്ങിയോ?
സ്വന്തം പോസ്റ്റുകള്‍ കൊണ്ട് തന്നെ ഒരു ഓണ സദ്യ ഉണ്ടാക്കിയല്ലെ..നന്നായിട്ടുണ്ട് ട്ടാ..
മനുഷ്യനെ കൊതിപ്പിച്ച് കൊല്ലും :(
ഏമ്പക്കം! ഈ ഓണസദ്യ കേമായിരിക്കണൂ.. :)
അപ്പോള്‍ സൂവിനും കുടുംബത്തിനും ഓണാശംസകള്‍ !!!
മൊഴി സ്കീം നമ്മളില്‍ വരുത്തുന്ന മാറ്റങ്ങളേ... Onasamsakal എന്നെഴുതിയിരുന്ന നമ്മള്‍ ഇപ്പോള്‍ OnAzamsakaL എന്നെഴുതുന്നു:)
സൂവേച്ചി...
ഓണത്തിനു വീടെത്തും മുന്‍പേ സദ്യയുടെ കാര്യം പറഞ്ഞ് കൊതിപ്പിക്കുന്നത് ഐ.പി.സി..... (ഐ.പി.സി??? അല്ലെങ്കില്‍ ബി പി സി [ബൂലോക പീനല്‍ കോഡ്)ആ, ഏതോ ഒരു വകുപ്പു പ്രകാരം കുറ്റകരമാണ്‍ കേട്ടോ...
സൂവേച്ചിയ്ക്കും എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും [:)] ഓണാശംസകള്‍
ഓണ സദ്യ കെങ്കേമമായി.
സുവിനും കുടുംബത്തിനും ഓണാശംസകള്‍.:)
സു, അടിപൊളി ഓണസദ്യ... ഓണം ഇത്തിരി വേഗം എത്തിയിരുന്നെങ്കില്‍ ...
സൂവേച്ചീ,
ഈപ്പറഞ്ഞ ഐറ്റംസ് ഒക്കെ പാഴ്സലായി അയച്ചു തരാന്‍ വല്ല പരിപാടീം ഉണ്ടേല്‍ നന്നായിരുന്നു.
ഇത്രയും ഒന്നും ഇല്ലേലും തീരെ ചെറുതായി ഒരു ഓണസദ്യ ഒരുക്കണം. പോരാത്ത ഐറ്റംസ് കറിവേപ്പിലയില്‍ കണ്ടാസ്വദിക്കാം.
എല്ലാവിധ ഓണാംശകളും
വിശ്വം ജി :) നന്ദി.
പ്രിയംവദ :)
വക്കാരീ :) ഇതൊക്കെയല്ലേ സദ്യ. തിരക്കായതുകൊണ്ട്, ഇത്രയും ചെയ്തുവെച്ചേക്കാം എന്നു തോന്നി.
ശാലിനീ :) പൂക്കളം ഇട്ടില്ല.
സഹയാത്രികന്‍ :)
മെലോഡിയസ് :)
ബിന്ദൂ :)
സന്തോഷ് :)
ശ്രീ :)
വേണു ജി :)
കുഞ്ഞന്‍സ് :)
ഉണ്ടാപ്രീ :)
ഓണം ആശംസിച്ച, കറിവേപ്പിലയിലെ ഓണം കാണാനെത്തിയ നിങ്ങള്‍ക്ക് നന്ദി.
Post a Comment