Saturday, August 23, 2008

ഉണ്ണിക്കണ്ണനു പാല്‍പ്പായസം

പൂർണ്ണേ ഗർഭേ
സമസ്തത്രിഭുവനശുഭകർ-
മ്മങ്ങളേകത്ര കൂടി
പൂർണ്ണാനന്ദം വിളങ്ങീടിന ഘനപടല-
ശ്യാമധാമാഭിരാമൻമംഗല്യേ സന്മുഹൂർത്തേ
മഹിതഗുണമിയന്നഷ്ടമീ രോഹിണീഭ്യാംസംഗേ
ഭംഗ്യാ ജനിച്ചാനഴകൊടു ജഗതീ-മൂലകന്ദം മുകുന്ദൻ.

എന്നുവെച്ചാൽ, അഷ്ടമിയും രോഹിണിയും കൂടിവന്ന സമയത്ത്, മംഗളകരമായ മുഹൂർത്തത്തിൽ കൃഷ്ണൻ ജനിച്ചൂന്ന് അർത്ഥം. ഇത് കുഞ്ചൻ‌നമ്പ്യാരുടെ കൃതിയായ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ ഉള്ളതാണ്. കംസന്റെ തടവറയിൽ, വസുദേവന്റേയും, ദേവകിയുടേയും പുത്രനായി ജനിക്കുകയും, കംസനെപ്പേടിച്ച്, കംസൻ കൊല്ലുന്നത് പേടിച്ച്, ജനിച്ചപ്പോൾത്തന്നെ കുഞ്ഞിനെയെടുത്ത്, വസുദേവർ അമ്പാടിയില്‍പ്പോയി, അവിടെ യശോദയുടെ അരികിൽ കിടത്തി, യശോദയുടെ പെൺ‌കുഞ്ഞിനെയുമെടുത്ത് ദേവകിയുടെ സമീപത്തേക്ക് തന്നെ വരുന്നു. കുഞ്ഞ് ജനിച്ചതറിഞ്ഞ് വരുന്ന കംസൻ, പെൺ‌കുഞ്ഞിനെ കാണുകയും, കുഞ്ഞായി വന്ന ദേവി, കംസന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് അരുളിച്ചെയ്യുകയും ചെയ്തു.
‘അരേ! ദുരാചാര! നൃശംസ! കംസാ!
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ.
തവാന്തകൻ ഭൂമിതലേ ജനിച്ചു
ജവേന സർവ്വത്ര തിരഞ്ഞുകൊൾക. എന്ന്. പിന്നെ കംസൻ ഒരു തിരച്ചിലായിരുന്നു.

അഷ്ടമിരോഹിണിയ്ക്ക് കൃഷ്ണന്റെ ജന്മനക്ഷത്രം ആയതുകൊണ്ട് പാല്‍പ്പായസം വെയ്ക്കുന്ന പതിവുണ്ട്. ഇത്തവണ വിചാരിച്ചു, പാല്‍പ്പായസം തന്നെ. പക്ഷെ സ്പെഷൽ ആയിക്കളയാം എന്ന്. ഉണ്ണിക്കണ്ണൻ വിചാരിക്കരുതല്ലോ എപ്പോഴും ഒന്നു തന്നെയെന്ന്. “ഫിർ വഹീ പുരാനാ പാല്‍പ്പായസം’ എന്ന് കണ്ണൻ ചോദിക്കരുതല്ലോ. (കണ്ണന്റെ മാതൃഭാഷ ഹിന്ദിയാണ്). അങ്ങനെയാണ് ഈ സ്പെഷൽ. ഓണത്തിനും നിങ്ങൾക്ക് പരീക്ഷിക്കാം. എനിക്ക് വല്യ ഇഷ്ടമുള്ള ഒന്നാണ്.

ചീട തിന്നിട്ടില്ലേ? എണ്ണയിൽ വറുത്തെടുക്കുന്നത്? ഉപ്പും എരിവും ഉള്ളത്? ഇത് മധുരച്ചീട. ശീടകപ്പായസം. ഉണ്ടപ്പായസം. ഉരുളപായസം.

ആദ്യം, അരി വെള്ളത്തിലിട്ട് അരയ്ക്കണം. അത് തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി കുറുക്കിയെടുത്ത് ഉരുട്ടണം. പഞ്ചസാരയും ഇടണം. കുഞ്ഞുകുഞ്ഞ് ഉരുളകളാക്കിയുരുട്ടണം. ഇനി അരിപ്പൊടിയാണുള്ളതെങ്കിലോ? അപ്പാടെ തിളയ്ക്കുന്ന വെള്ളത്തിലേക്കിടുക. പക്ഷെ, കട്ടയില്ലാതെ ഇളക്കാൻ കഴിയണം. കുറുക്കിവേവിച്ചടുത്ത് ഉരുട്ടുക. വളരെ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഉരുള ഉണ്ടാവില്ല. രണ്ടു കൈകൊണ്ടും, ഉരുട്ടുമ്പോൾ കൈയിൽ പറ്റിപ്പിടിക്കാതിരിക്കാൻ കുറച്ചുകുറച്ച് വെള്ളം തൊട്ട് കൈപ്പത്തിയുടെ മദ്ധ്യത്തിൽ വയ്ക്കുക.
പാലെടുത്ത് കുറച്ച് വെള്ളവുമൊഴിച്ച് ഉരുളിയിൽ അല്ലെങ്കിൽ വേറെ പാത്രത്തിൽ അടുപ്പത്ത് വെയ്ക്കുക. ഇരട്ടി ആയ്ക്കോട്ടെ. തിളച്ചാൽ ഈ ഉരുളകൾ അതിലേക്കിടണം. ഇളക്കരുത് അധികം. തീ കുറച്ച് വെച്ച് ചെയ്തില്ലെങ്കിൽ അവസാനം പാലും ഉരുളയും ഉണ്ടാകില്ല. ഉരുളിയേ ഉണ്ടാകൂ. പഞ്ചസാരയും ആദ്യം ചേർക്കാം. ഒക്കെ ഒന്നു യോജിച്ചാൽ വാങ്ങിവെച്ച് ഏലയ്ക്ക പൊടിച്ചിടുക. അണ്ടിപ്പരിപ്പും മുന്തിരിയും വറത്തിട്ടാലും കുഴപ്പമില്ല.
ഇനി ഇതുതന്നെ ശർക്കരയിലായാലോ? ഉരുളയൊക്കെ അതുപോലെ തന്നെ. കുറുക്കുക, ഉരുട്ടുക. അതുകഴിഞ്ഞ് ഉരുളിയിൽ ശർക്കരയിട്ട് വെളമൊഴിച്ച് പാവ് കാച്ചി, അതിലേക്ക് ഉരുളയിട്ട്, വെന്താൽ തേങ്ങാപ്പാലൊഴിച്ച്. അങ്ങനെ തന്നെ. ഉണ്ടപ്രഥമൻ തയ്യാർ.
ഞാനുണ്ടാക്കിയ കണക്കനുസരിച്ച് 3 ടേബിൾസ്പൂൺ പൊടിയെടുത്തു. രണ്ട് - രണ്ടര ഗ്ലാസ്സ് വെള്ളം തിളപ്പിച്ചു. പൊടി വേവണം. പൊടി അതിലേക്കിട്ട് വേഗം വേഗം ഇളക്കിയിളക്കി വേവിച്ച് കുറുക്കിയെടുത്തു. കുറുക്കുമ്പോൾ കുറച്ച് പഞ്ചസാരയും ഇട്ടു. എന്നാലേ ഉരുളയ്ക്ക് മധുരം പിടിക്കൂ.
എന്നിട്ട് തണുക്കാൻ വെച്ചു. ഉരുട്ടി. 60 ഉരുളയൊക്കെയുണ്ടാവും. അത്രേം മതി. അധികം വേണ്ട. പൊടി ബാക്കി ഉണ്ടെങ്കിലും.
എന്നിട്ട് മുക്കാൽ ലിറ്റർ പാല് അല്പം വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് ഒന്ന് കുറുക്കി. ഉരുളയിട്ടു. ഭയങ്കരമായിട്ട് തിളച്ചാൽ ഉരുളയൊക്കെ തവിടുപൊടിയാവും. പറഞ്ഞേക്കാം. തീ കുറച്ചു വയ്ക്കുക. എന്നിട്ട് പഞ്ചസാരയും ഇട്ടു. 7 ടേബിൾസ്പൂൺ. കുറച്ചുംകൂടെ വേണമെങ്കിൽ ഇടാം. പക്ഷെ പിന്നീട് നോക്കിത്തീർച്ചപ്പെടുത്തിയിട്ട് മതി. തിളച്ചോട്ടെ. ഒന്ന് യോജിച്ചാൽ ആയി. ചില ഉരുളകൾ പാലിൽ അലിഞ്ഞുചേരും. സാരമില്ല.
വാങ്ങിവെച്ച് ഏലക്ക പൊടിച്ചിടണം. മധുരം നോക്കി വീണ്ടും ഇടാം. ഒരുപ്രാവശ്യം നോക്കിയിട്ട് അളവൊക്കെ അടുത്തതവണത്തേക്ക് തീർച്ചപ്പെടുത്തുക. പാലിന്റേയും പഞ്ചസാരയുടേയും ഉരുളയുടേയും ഒക്കെ അളവ് നിങ്ങൾക്ക് വേണ്ടതുപോലെയാക്കുക. കൂട്ടുക അല്ലെങ്കിൽ കുറയ്ക്കുക.
ഈ അഷ്ടമിരോഹിണിനാളിൽ ഉണ്ണിക്കണ്ണന് കറിവേപ്പിലയുടെ പാല്‍പ്പായസം. പിച്ച നടന്നു വന്നോളൂ.

കറിവേപ്പിലയിൽ പോസ്റ്റ് ഇടുന്നത് എടുകുടുക്കേ ചോറും കറിയും എന്ന രീതിയിൽ അല്ല. അതുകൊണ്ട് ബഹുമാനിക്കാൻ പഠിക്കുക. പോസ്റ്റ് ഇടുന്ന ആളെയില്ലെങ്കിലും അതിനു വേണ്ടിവരുന്ന അദ്ധ്വാനത്തെ. ഇവിടെ പോസ്റ്റ് ചെയ്യുന്നത്, വീട്ടിലുണ്ടാക്കാൻ കഴിയുന്ന ഒരു വിഭവം, ബൂലോകകൂട്ടുകാരുടെ വീട്ടിലും ഉണ്ടാക്കിക്കോട്ടെ എന്നു കരുതിയാണ്. അല്ലാതെ വേറൊന്നും ഇല്ലെന്ന് എല്ലാവർക്കും ഊഹിച്ചാൽ അറിയാം. ഇല്ലെങ്കിൽ അറിയാൻ ശ്രമിക്കുക. സ്വന്തം നില അറിയുന്നവർ മറ്റുള്ളവരെ പരിഹസിക്കില്ലെന്ന് കേട്ടിട്ടുണ്ട്.

15 comments:

പ്രിയ said...

:)ഇതു കൊള്ളാലോ സുവേച്ചി. മ്മടെ അട പ്രഥമന്റ്റെ രസഗുള സ്റ്റൈല്‍.ആ കുഞ്ഞുരുളേനെ കോരിതിന്നാന് എന്ത് രസായിരിക്കും. (എന്തായാലും എന്റെ പത്തുനാള്‍ ഓണത്തിനുള്ള രണ്ടു പായസം ഓക്കേ ആയി :)

(ന്നാലും കണ്ണന്‍ അമ്മാവനെ പേടിച്ചു മുങ്ങി ല്ലേ? എന്നിട്ട് പെങ്ങള് വേണ്ടു വന്നു "പോടാ അമ്മാവാ" ന്നു പറയാന്‍ :P )

[അതെന്നാ സുവേച്ചി ആ അവസാനവരി. ഞാന്‍ ഒക്കെ കറിവേപ്പിലേല് വരുന്നത് ഹോം പേജിലെ ഐഗൂഗ്ലിലെ ഗൂഗിള്‍ റീഡരിന്നാ. ന്നു വച്ചാ സ്ഥിരം കുറ്റിയാന്ന്. ഇഷ്ടം ഇത്തിരി കൂടുതല്‍ ഉണ്ടേ]

പ്രിയ said...

പറയാന്‍ മറന്നു. ആ ഉണ്ണിക്കണ്ണന് പാല്‍പ്പായസം (ലാസ്റ്റ് ഫോട്ടോ) വച്ചു കൊടുത്ത സ്റ്റൈല്‍ സൂപ്പര്‍.(അതിന്റെ ഒരു വല്യ പടം കിട്ടാന്‍ ഉള്ള സാദ്ധ്യതകള്...? )

ജിജ സുബ്രഹ്മണ്യൻ said...

ഇതു നല്ലതാണല്ലോ സൂ ചേച്ചീ.പാല്പായസം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചതു ഉണക്കലരി കൊണ്ട് നമ്മള്‍ സാധാരണ ഉണ്ടാക്കുന്ന പായസത്തെ ആണു.ഇതു സ്പെഷ്യല്‍ ഉണ്ടപ്പായസം..ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാവുന്നു.ഇത്രയും പുതുമയുള്ള പാചക രീതികള്‍ ഒക്കെ ചേച്ചിയെ ആരാ പ്ഠിപ്പിച്ചെ.തിരുവനന്തപുരത്തു പ്രചാരത്തിലുള്ള പാചക വിധി ആണോ ഇത്..എന്തായാലും നന്നായി സൂ ചേച്ചി.

smitha adharsh said...

അമ്പടാ..ഇതു കൊള്ളാലോ..കലക്കി..ഇഷ്ടപ്പെട്ടു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ് ഇത് കൊള്ളാല്ലോ

Unknown said...

സു, ഏതോ ഒരു സൈറ്റില് നിന്നു കിട്ടിയ രസമലൈ ഉണ്ടാക്കാന് നോക്കി ഇതുപോലെ കുറേ ഉണ്ട വെള്ളത്തില് ഇട്ടു വേവിച്ച് അതെല്ലാം പേസ്റ്റ് ആയി, അനിച്ചവെള്ളത്തില് ചാടിയ മാര്ജ്ജാരന്റെ അവസ്ഥയില് ആണു ഞാന്.. ആ ഞെട്ടല് ഒന്ന് മാറിയിട്ട് ഇത് പരീക്ഷിക്കാം... ഓണത്തിനു തന്നെ ഉണ്ടാക്കി നോക്കാം..

ഓ.ടോ: സു, ആ അവസാനത്തെ വരി വേണ്ടായിരുന്നു.. ഈ പോസ്റ്റുകള്ക്കൊക്കെ വേണുന്ന അധ്വാനം ശരിക്കറിയാവുന്ന കുറേപേരെങ്കിലും ഇല്ലേ.. പിന്നെ കുറ്റം പറയാന് ചിലര് എപ്പോഴും ഉണ്ടാകും.. അത് ഇത്ര കാര്യമാക്കണോ?

ജയരാജന്‍ said...

ല്‍ല്‍ല്‍ശ്... പാല്‍പ്പായസം (athum special).. ഈ സൂവേച്ചി മനുഷ്യരെ കൊതിപ്പിച്ച് കൊല്ലും :)

siva // ശിവ said...

ഇങ്ങനെ പറഞ്ഞ് കൊതിപ്പിക്കാതെ ഇതൊക്കെ ഒന്ന് ഉണ്ടാക്കി തരൂ...

നന്ദു said...

പാൽ‌പ്പായസത്തിന്റെ പുതുമയുള്ള (ഞാൻ കണ്ടിട്ടില്ലാത്ത) ഒരു വെർഷൻ.
നന്നായി സൂ., :)

പ്രിയംവദ-priyamvada said...

ഇതിന്റെ വെറൊരു വെര്ഷന് , മത്തങ്ങയും ശര്ക്കരയും ചേര്ത്തതു ,കുട്ടികാലത്തു വൈകുന്നേര പലഹാരമായിരുന്നു...

കഴിഞ്ഞ ഓണത്തിനു ഞാന് ചക്കപ്രഥമന് ഉണ്ടാക്കിയതു സുവിന്റെ പോസ്റ്റില് നിന്നും പ്രചോദനം കൊണ്ടായിരുന്നു.....സാറാസിന്റെ പായ്ക്കറ്റില് കിട്ടുന്ന ചക്കവരട്ടി കൊണ്ടു.... നന്ദി (വൈകി...)
ഓണശംസകള് (മുന്കൂര്...)
:)

PIN said...

സംഗതി കൊള്ളാം...പക്ഷേ ഞാൻ ഉണ്ടാക്കി വരുമ്പോൾ അതുതന്നെ കിട്ടുമോ എന്നാതാണ്‌ സംശയം..

ശ്രീ said...

ശ്ശെടാ... ഇങ്ങനെയും ഉണ്ടാക്കാമല്ലേ പാല്‍പ്പായസം?
ഈ സ്പെഷല്‍ പായസം നന്നായി.
:)

Muneer said...

സുവേച്ചീ...
അവസാനത്തെ പാര ഒന്നും മനസ്സിലായില്ല. ആരൊക്കെയോ സുവേച്ചിയെ താറടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണോ പറഞ്ഞു വരുന്നതു?
പിന്നെ ഒരു നിര്‍ദേശം ഉണ്ട്. ബ്ലോഗില്‍ ഒരു RSS ഫീഡ് ഇടണം. (ലേ ഔട്ട് സെറ്റിങ്ങില്‍ ആഡ് പേജ് എലെമെന്റ്). എനിക്ക് എന്റെ ഗൂഗിള്‍ രീഡ്ര്‍് അക്കൌണ്ടില്‍ ചേര്‍ക്കാനാണ്. പുതിയ പോസ്റ്റ് വന്നാല്‍ അവിടെ എനിക്ക് അറിയിപ്പും ഉള്ളടക്കത്തിന്റെ ചുരുക്കവും ലഭിക്കും. പതിയെ പതിയെ സുവേച്ചിയുടെ ബ്ലോഗ് എന്റെ ഫേവരിറ്റ് ആയി വരുന്നുണ്ട്.. :)
"എട് കുടുക്കേ ചോറും കറിയും" പ്രയോഗം ഇഷ്ടപ്പെട്ടു..

സു | Su said...

പ്രിയ :) ബ്ലോഗിലെ ഫോട്ടോസ് ആർക്കും കൊടുക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.

കാന്താരിക്കുട്ടീ :) എനിക്കു തിരുവനന്തപുരം പരിചയമില്ല. ഇതൊക്കെ പഠിച്ചത് വീട്ടുകാരിൽ നിന്നു തന്നെ.

സ്മിത :) ചിത്രത്തിൽ ഉള്ളത് ഇഷ്ടപ്പെട്ടിട്ട് എന്തുകാര്യം?

പ്രിയ ഉണ്ണികൃഷ്ണൻ :) അതെയോ?

കുഞ്ഞൻസ് :) രസ്‌മലായ് എനിക്ക് ഇഷ്ടമാണ്. വാങ്ങാറാണ് പതിവ്.

ജയരാജൻ :) കൊതിക്കാതെ ഉണ്ടാക്കിക്കുടിക്കൂ.

ശിവ :) ങ്ങേ! അമ്മയുണ്ടാക്കിത്തരും എല്ലാം എന്നുപറഞ്ഞിട്ട് ഇപ്പോ ഇങ്ങനെ ആയോ?

നന്ദുവേട്ടൻ :) നന്ദി.

പ്രിയംവദ :) ഇപ്പോഴെങ്കിലും തോന്നിയല്ലോ. സമാധാനം.

പിൻ :) ശ്രമിച്ച് ശ്രമിച്ച് നോക്കിയാൽ ശരിയാവും.

ശ്രീ :) അങ്ങനെയാണെങ്കിൽ ഒന്ന് ശ്രമിക്കൂ.

മൂനീർ :) ബ്രൗസറിന്റെ, ഫീഡ് എന്നതിൽ ക്ലിക്ക് ചെയ്താൽ സബ്സ്ക്രൈബ് ചെയ്യാൻ കിട്ടുമല്ലോ. ഇനി പ്രത്യേകം വെക്കാൻ ആണോ പറയുന്നത്? ശ്രമിക്കാം.

Thushara said...

i am becoming a fan of you !!! :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]